ബാലിവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബാലിവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ബാലിവധം

കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്
ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡ കഥയുമാണ് ഇതിന്റെ ഇതിവൃത്തം.
കഥാസംഗ്രഹം
സോദരിയായ ശൂര്‍പ്പണഘയെ ലക്ഷ്മണന്‍ വിരൂപയാക്കിയ
വിവരം അകമ്പനന്‍ എന്ന രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്നതാണ് ആദ്യരംഗം. ഖരദൂഷണത്രിശിരാക്കളേയും സന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും, രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ ധരിപ്പിക്കുന്നു. ഇവകള്‍ ‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം വീട്ടുമെന്ന് പറയുന്നു. ക്രമേണ സീതയുടെ സൌന്ദര്യത്തെ ചിന്തിച്ച് മാരപീഡിതനായ രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു. രണ്ടാം രംഗത്തില്‍, രാവണന്‍ സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രാവണന്‍ കൂടെ കൊണ്ടുപോകുന്നു. രാവണ നിര്‍ദ്ദേശമനുസ്സരിച്ച് മാരീചന്‍ മായാവിദ്യയാല്‍ ഒരു പൊന്‍‌മാനിന്റെ രൂപം ധരിച്ച് സീതയില്‍ മോഹമുണര്‍ത്തുന്നു. ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം, സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ചിട്ട് പൊന്‍‌മാനിനെ പിടിക്കുവാന്‍ പോകുന്നു രംഗം 3ൽ. മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത് രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു. രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച് ദീനാലാപം നടത്തി. രംഗം 4ൽ, ഈ മായാവിലാപം കേട്ട് രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നു. ഇതു സത്യമല്ല, രാക്ഷസമായയാണ് എന്നു പറഞ്ഞ് പോകുവാന്‍ വിസമ്മതിച്ച ലക്ഷ്മണനോട് സീത പരുഷമായ വാക്കുകള്‍ പറയുന്നു. ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു. അഞ്ചാംരംഗത്തില്‍, ഈ ത്തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന് രാവണന്‍ സീതയെ അപഹരിച്ച് കൊണ്ടുപോകുന്നു.  വഴിക്കുതടഞ്ഞ ജടായുവെന്ന പക്ഷിശ്രേഷ്ടന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയിട്ട് രാവണന്‍ യാത്ര തുടരുന്നു. സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് രംഗം 6ല്‍. ഏഴാം‌രംഗത്തില്‍ സീതയെതേടിയെത്തുന്ന രാമലക്ഷ്മണന്മാരോട് ജടായു സീതയെ രാവണന്‍ കൊണ്ടുപോയ വ്യത്താന്തം അറിയിക്കുന്നു. അനന്തരം പിതൃസുഹൃത്തുകൂടിയായ ജടായുവിന് രാമദേവന്‍ മോക്ഷം നല്‍കുന്നു. കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തി അയക്കുന്നു രംഗം 8ൽ. ഒന്‍പതാംരംഗത്തില്‍, കാമമ്പാണബാധയാല്‍ പമ്പാതടത്തിലിരുന്ന് പരിതപിക്കുന്ന ശ്രീരാമനെ ലക്ഷ്മണന്‍ ആശ്വസിപ്പിക്കുന്നു.  ഋഷ്യമൂകാചലത്തിനടുത്തെത്തിയ രാമലക്ഷ്മണന്മാരെ കണ്ട് അവിടെ വസിക്കുന്ന സുഗ്രീവന്‍, തന്റെ മന്ത്രിമാരോട് ആലോചിച്ചശേഷം അവരുടെ വൃത്താന്തമറിഞ്ഞുവരുവാന്‍ ഹനൂമാനെ നിയോഗിക്കുന്നു രംഗം 10ൽ. പതിനൊന്നാംരംഗത്തില്‍ വടുവേഷത്തില്‍ രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്, സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. രാമ-സുഗ്രീവസഖ്യമാണ് രംഗം 12ൽ. ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്യൂഷിച്ച് കണ്ടുപിടിച്ച് തരാമെന്ന് സുഗ്രീവനും സത്യം ചെയ്യുന്നു. തുടര്‍ന്ന് ദുന്ദുഭിയുടെ കായവിക്ഷേപവും സപ്തസാലഭേദവും ചെയ്ത രാമനില്‍ വിശ്വാസം വന്ന സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. പതിമൂന്നാം രംഗത്തിൽ ബാലിയെത്തി സുഗ്രീവനുമായി പൊരാടുന്നു. യുദ്ധത്തില്‍ പരാജയപ്പെട്ട സുഗ്രീവന്‍, ബാലിയെ വധിക്കാമെന്നേററ്റിട്ട് അതുചെയ്യാത്തതില്‍ ക്രുദ്ധിച്ച് രാമനെ ചെന്നു കണുന്നു രംഗം 14ൽ. ‘യുദ്ധത്തിനിടയില്‍ ജേഷ്ടാനുജന്മാരായ നിങ്ങളെ തിരിച്ചറിയായ്കകൊണ്ടാണ് ഞാന്‍ അമ്പെയ്യാഞ്ഞത്‘ എന്നു പറഞ്ഞ് രാമന്‍, സുഗ്രീവന് ഒരു ഹാരംനല്‍കി വീണ്ടും പോരിനയക്കുന്നു. സുഗ്രീവന്‍ ബാലിയെ വീണ്ടും പോരിനുവിളിക്കുന്നു. പതിനഞ്ചാംരംഗത്തിൽ, ഇതുകേട്ട് പോരിനുപുറപ്പെടുന്ന ബാലിയെ, ‘ഒരിക്കല്‍ തോറ്റോടിയ സുഗ്രീവന്‍ വീണ്ടും പോരിനു വിളിക്കുന്നതിനു കാരണം അവന്റെ പിന്നില്‍ രാമനുണ്ടെന്നുള്ളതാണ് ‘ എന്നു പറഞ്ഞ് താര തടയുന്നു‍. ‘പണ്ട് പലാഴികടഞ്ഞുകൊടുത്ത് ദേവകളെ സന്തോഷിപ്പിച്ചിട്ടുള്ള എന്നെ രാമന്‍ ചതിക്കയില്ല’ എന്നുപറഞ്ഞ് ബാലി പോരിനു പോകുന്നു. സുഗ്രീവനുമയി യുദ്ധംചെയ്തുകൊണ്ടിരിക്കുന്ന ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തുവീഴ്ത്തുന്നു അന്ത്യരംഗത്തില്‍. ബാലി വിഷ്ണുധ്യാനത്തോടെ മോക്ഷം പ്രാപിക്കുന്നു. രാമന്‍ സുഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുന്നതോടെ കഥ അവസാനിക്കുന്നു.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനം

1.ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ് രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.

2.രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല. ഈ കഥാപാത്രം ആട്ടകഥാകാരന്റെ ശൃഷ്ടിയാണ്.

അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും
കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് ബാലിവധത്തിലെ രാവണന്‍. തോരണയുദ്ധം, രാവണോത്ഭവം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, ബാലിവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍. രാവണനെ കൂടാതെ ബാലിയും ഒന്നാംതരക്കാർക്ക് സാധ്യതയുള്ള വേഷമാണ്. ചുവന്നതാടിയാണെങ്കിൽ കൂടി ആദ്യാവസാനക്കാർക്ക് കോപ്പുള്ള ഒരു വേഷമാണ് ബാലി. ഒരു നടൻ ബാലികൂടി കെട്ടി വിജയിപ്പിക്കാറായാലെ ഒന്നാംതരക്കാരനായി പണ്ട് കണക്കാക്കുമായിരുന്നുള്ളു. ഒരു രണ്ടാം തരം താടിയ്ക്കും(സുഗ്രീവൻ) പച്ച, കത്തി, മിനുക്ക് കുട്ടിത്തരം വേഷങ്ങൾക്കും സാധ്യത നൽകുന്ന ഒരു കഥയാണ് ബാലിവധം.

1.ആദ്യരംഗത്തിലെ അകമ്പൻ നല്ലൊരു കുട്ടിത്തരം കത്തിക്ക് സാധ്യത നൽകുന്നതാണ്.

2.ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ആദ്യരംഗത്തിലെ ‘എന്നണപോക നീ മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെ കൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി സവിശേഷമായതാണ്.

3.ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യം വരേ തുടര്‍ച്ചയായി പാടിരാഗം ഉപയോഗിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

4.രണ്ടാം രംഗത്തിലെ ‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും, എന്നിവയെല്ലാം ചിട്ടപ്പെട്ടതും മനോഹരമായവയുമാണ്.

5.മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായു യുദ്ധം, പതിനൊന്നാം രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലിവട്ടം തട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പൃദായം, ആ രംഗത്തിലെ തന്നെ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍ ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം പ്രത്യേകതയുള്ളവയാണ്.

ഇപ്പോള്‍ നടപ്പിലുള്ള അവതരണരീതി

*അഞ്ചാം രംഗത്തിലെ രാവണ-ജടായു യുദ്ധത്തിനിടയിലുള്ള ശ്ലോകവും ഇരുവരുടേയുമായി തുടർന്നു വരുന്ന അദ്യത്തെ 5ചരണങ്ങളും ഇപ്പോൾ സ്സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ആദ്യയുദ്ധവട്ടം കലാശിക്കുന്നതോടെ രാവണൻ നേരെ രണ്ടാം യുദ്ധപ്പദത്തിലെ ആറാം ചരണം ആടുകയാണ് പതിവ്

*ഏഴാംരംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ്.

*ആറ്,എട്ട്,ഒന്‍പത് രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല. ഇതു കൂടാതെ പലരംഗങ്ങളിലേയും പദങ്ങളും, ചരണങ്ങളും ചില ഇടശ്ലോകങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

*പത്ത്,പന്ത്രണ്ട് രംഗങ്ങളില്‍ ഹനുമാന്‍‌വേഷം ഉണ്ടാകാറില്ല. പത്താം‌രംഗത്തില്‍ ഹനുമാന്‍ ഉണ്ടെന്നുള്ള സങ്കല്‍പ്പത്തില്‍ സുഗ്രീവന്‍ ആടുകയാണ് പതിവ്.

*പതിനൊന്നാം രംഗവും പതിവില്ല. പകരം പത്താം‌രംഗത്തിന്റെ അവസാനത്തില്‍ ഹനുമാന്‍ വടുവേഷധാരിയായി പോയി രാമലക്ഷമണന്മാരെ കൂട്ടിക്കൊണ്ട് വരുന്നത് കാണുന്നതായി സുഗ്രീവന്‍ ആടുകയാണ് പതിവ്.

*പന്ത്രണ്ടാംരംഗത്തിലെ, ഹനൂമാന്‍ രാമലക്ഷ്മണരെ കൂട്ടിക്കൊണ്ടുവന്ന് സുഗ്രീവനെ പരിചയപ്പെടുത്തുന്ന ഭാഗവും നടപ്പിലില്ല. രാമനും സുഗ്രീവനും അവരവരുടെ പൂര്‍വ്വകഥകള്‍ പറയുന്നതും, സീത ആകാശത്തില്‍നിന്നും താഴേക്കിട്ടതും സുഗ്രീവന്‍ എടുത്തുസൂക്ഷിച്ചുള്ളതുമായ അംഗവസ്ത്രവും ആഭരണങ്ങളും രാമനുനല്‍കുന്നതും, ഇരുവരും സഖ്യത്തിലേര്‍പ്പെടുന്നതും, രാമന്‍ ദുന്ദുഭിയുടെ കായവിക്ഷേപണം നടത്തുന്നതും അടങ്ങുന്നഭാഗങ്ങള്‍ (പന്ത്രണ്ടാംരംഗത്തിലെതന്നെ) പദങ്ങളോഴിവാക്കി ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നു കാണുന്നത്.

*വളരെ കാലമായി പതിനാല്, പതിനഞ്ച്, അപൂവ്വമായെ അവതരിപ്പിക്കപ്പെടാറുള്ളു.
സാധാരണയായി പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും. പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട് രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ സംയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു. ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു.ഇങ്ങിനെ പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.

ആട്ടകഥാകാരന്‍

കൊട്ടാരക്കര തമ്പുരാന്‍
ആട്ടകഥ പ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ
ഇദ്ദേഹത്തിന്റെ പേരും ജീവിതകാലഘട്ടവും ഇന്നും വിവാദവിഷയങ്ങളാണ്. പേര് വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലൊ അതിനുശേഷമൊ ആണെന്നും ചില ചരിത്രകാര്‍ന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍ സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍ ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത് അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈ രംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’ എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത് സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി പ്രചാരം. ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവുമാണ് കളരിയില്‍ ചൊല്ലിയാടിക്കുന്ന ചിട്ടപ്രധാനമായ കഥകള്‍.

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

ബാലിവധം ഒന്നാം രംഗം

രംഗത്ത്-രാവണൻ‍(ഒന്നാംതരം കത്തിവേഷം), അകമ്പനൻ‍(നെടുംകത്തിവേഷം), മണ്ഡോദരി(രണ്ടാംതരം സ്ത്രിവേഷം)

ശ്ലോകം-രാഗം:ഘണ്ടാരം
“ശ്രീരാമചന്ദ്രന്‍ ഖരദൂഷണദീന്
‍ പോരാളിവീരന്‍ കൊലചെയ്തശേഷം
 ആരാദവാപ്യഥനിശാചരേന്ദ്രം
 നരശന: കശ്ചിദുവാച വൃത്തം”
{യുദ്ധവീരനായ ശ്രീരാമചന്ദ്രന്‍ ഖരദൂഷ്ണാദികളെയെല്ലാം കൊലചെയ്തു. അതിനുശേഷം ഒരു രാക്ഷസന്‍, രാക്ഷസചക്രവര്‍ത്തിയുടെ അരികില്‍ വന്ന് പറഞ്ഞു.}

രാവണന്റെ ആലവട്ടമേലാപ്പാദി രാജസപ്രൌഡികളോടുകൂടിയുള്ള  തിരനോട്ടം-
അകമ്പനന്റെ ഇടമട്ടിലുള്ള തിരനോട്ടം-
രാവണന്റെ തന്റേടാട്ടം-
തിരനോട്ടങ്ങൾക്കുശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന രാവണൻ ഉത്തരീയം വീശി ഇരിക്കുന്നു. 

രാവണന്‍:(എഴുന്നേറ്റ് രംഗവംന്ദനം ചെയ്തിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിന്നിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖംഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം സമ്പാദിച്ചു. അതുകൊണ്ട് ഏറ്റവും സുഖംഭവിച്ചു. പിന്നെ ഞാന്‍ വൈശ്രവണനെ ജയിച്ച് പുഷ്പകവിമാനം നേടി. കൈലാസമെടുത്ത് അമ്മാനമാടി. അതുകണ്ട് സന്തോഷിച്ച് ശിവന്‍ ചന്ദ്രഹാസം തന്നു. അങ്ങിനെ എന്റെ കീര്‍ത്തി മൂന്നുലോകങ്ങളിലും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (ദൂരെനിന്നും ആരോ വരുന്നതു കണ്ടിട്ട്) ‘ദൂരേനിന്നും വരുന്നത് ആര്? ഒരു ദൂതന്‍ ആണോ?’ (ശ്രദ്ധിച്ചു നോക്കിയിട്ട്) ‘അതെ,ഒരു രാക്ഷസദൂതന്‍ തന്നെ. ആകട്ടെ ഇനി അവന്‍ വന്നകാര്യം എന്തെന്നറിയുകതന്നെ.’
രാവണന്‍ നാലാമിരട്ടിയെടുത്തിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ ഇടതുഭാഗത്തുകൂടി അകമ്പനന്‍ ‘കിടതകധിം,താം’ ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന രാവണനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.

അകമ്പനന്റെ പദം-രാഗം:ഘണ്ടാരം, താളം:ചമ്പ
പല്ലവി:
“രാത്രിഞ്ചരപുംഗവ മഹാരാജരാജ
 വൃത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍”
{രാക്ഷസശ്രേഷ്ട! രാജാധിരാജ, ദേവേന്ദ്രന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന പരാക്രമത്തോടുകൂടിയവനേ,മഹാത്മാവേ}
“വ്യത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍”
രാവണനും(കലാ:പത്മനാഭന്‍ നായര്‍)‍ അകമ്പനനും(സദനം സദാന്ദന്‍)
രാവണന്‍:‘നീ വന്നകാര്യം എന്ത്?

അകമ്പനന്‍:
അനുപല്ലവി:
“കൃത്താരിചക്ര തവ സോദരിയെ വിപിനേ
 യെത്രയും വികൃതയായി ചെയ്തിതൊരുമനുജന്‍”
{ശത്രുസമൂഹത്തെ അരിഞ്ഞൊടുക്കിയവനേ, അങ്ങയുടെ സോദരിയെ കാട്ടില്‍വച്ച് ഒരു മനുഷ്യന്‍ വിരൂപയാക്കിയിരിക്കുന്നു.}

രാവണന്‍:‘ഏ? എന്റെ സോദരിയേയോ? അവന്റെ പേരെന്ത്?’

അകമ്പനന്‍:
ചരണം1:
“ലക്ഷ്മണനെന്നല്ലൊ പേരവനുവീര
 ലക്ഷ്മണാഗ്രജനായ രാമനതിധീരന്‍”
{ലക്ഷ്മണനെന്നാണന്റെ പേര്‍. ലക്ഷ്മണന്റെ ജേഷ്ടനായ രാമന്‍ മഹാധീരനാണ്.}

രാവണന്‍:‘അങ്ങിനെയൊ?’

അകമ്പനന്‍:
ചരണം2:
“ഇക്ഷുകാര്‍മുകനിങ്ങു രതിയോടിവരാമന്‍
 ഇക്ഷിതിയില്‍ മേവുന്നു സീതയോടും താനും”
{കാമദേവന്‍ രതിയോടെന്നപോലെ ഇവിടെ ഭുമിയില്‍ രാമന്‍ സീതയോടോത്ത് വാഴുന്നു.}

രാവണന്‍:‘അങ്ങിനെയൊ?’

അകമ്പനന്‍:
ചരണം3:
“നാരിയവള്‍തന്നുടെയ രൂപഗുണമോര്‍ത്താല്‍
 ആര്യ തവയോഗ്യയായുള്ളവള്‍ നികാമം”
{ആ നാരിയുടെ രൂപഗുണം വിചാരിച്ചാല്‍,സ്വാമിന്‍, അവിടുത്തേക്ക് തികച്ചും യോഗ്യയായുള്ളവളാണ് അവള്‍}

രാവണന്റെ മറുപടി പദം-രാഗം:ഘണ്ടാരം, താളം:ചമ്പ
ചരണം1:
“എന്നുടയ സോദരിയെ വികൃതയായിചെയ്തവന്
‍ തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാന്‍”
ചരണം2:
“മന്നിലൊരു നാരികളും^ ഏവമില്ലല്ലോ
 നന്ദികലരും ദേവനഗരിയിലുമില്ലല്ലോ”
{എന്റെ സോദരിയെ വിക്യതയാക്കിയവന്റെ പത്നിയെ ഞാന്‍ കൊണ്ടുവരും. ഭൂമിയില്‍ ഇത്തരത്തിലുള്ള സ്ത്രീകള്‍ വേറേയില്ലല്ലൊ. വിശേഷപ്പെട്ട ദേവലോകത്തുമില്ല.}

[^‘മന്നിലൊരു നാരികളും’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ രാവണന്‍ അകമ്പനനോട് സീതയുടെ സൌന്ദര്യഗുണങ്ങളെപറ്റി ചോദിച്ചറിയുന്നു. അകമ്പനന്‍ സീതയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്നു. ശേഷം കലാശം ചവുട്ടിയിട്ട് ചരണമാടുന്നു.]

അകമ്പനന്‍:
ചരണം4:
“സോദരിയെ വികൃതയായി ചെയ്തതിനു പകരം
 സാധുമന്യേ രാമദാരഹരണം തേ”
{സോദരിയെ വിക്യതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ അപഹരിക്കുന്നത് ഉചിതംതന്നെ എന്നുതോന്നുന്നു.}

അകമ്പനന്‍ വീണ്ടും കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍ അകമ്പനനെയാത്രയാക്കി തിരിഞ്ഞിട്ട് ആത്മഗതമായി അടുത്തചരണം അഭിനയിക്കുന്നു.

രാവണന്‍:
ചരണം3:
“സുന്ദരിമണിയായ സീതതന്‍ വൃത്തം
 കന്ദര്‍പ്പബാധ ചെയ്യുന്നെനിക്കോ”
{സുന്ദരീരത്നമായ സീതയുടെ കഥകള്‍ എന്നില്‍ കാമപീഡയുളവാക്കുന്നു.}

കാമപീഡിതനായി രാവണന്‍ പീഠത്തിലിരിക്കുന്ന ഈ സമയത്ത് ഇടത്തുഭാഗത്തുകൂടി ‘കിടതകധിംതാ‘മോടെ മണ്ഡോദരി പ്രവേശിച്ച് രാവണനെ കണ്ട്, വന്ദിച്ചിട്ട് പദം അഭിനയിക്കുന്നു.

മണ്ഡോദരിയുടെ പദം-രാഗം:നാഥനാമക്രിയ, താളം:ചമ്പതാളം
പല്ലവി:
“തണ്ടാരില്‍മാതു കുടികൊണ്ടോരു വീര
 തണ്ടാര്‍ശരനു സമനായ സുകുമാര”
അനുപല്ലവി:
“വണ്ടാര്‍കുഴലിയാം സീതയെയിങ്ങു
 കൊണ്ടുപോരുവാന്‍ നീ ഉരച്ചതു ചേരാ”
ചരണം1:
“ശക്തിയുണ്ടേങ്കില്‍ നീ രാമനെപ്പോരില്‍
 കൃത്തനാക്കീടണം പത്രികള്‍കൊണ്ടു
 അല്ലാതെയവളെ നീ കൊണ്ടുപോന്നാലോ
 വല്ലാതെ വംശമിതു നഷ്ടമാമല്ലൊ”
{ലക്ഷമീദേവിക്കിരിപ്പിടമായവനെ,വീരാ,കാമസുന്ദരാ, സീതെയെ ഇങ്ങുകൊണ്ടുവരണം എന്നു ഭവാന്‍ പറഞ്ഞതു ശരിയായില്ല. ശക്തിയുണ്ടെങ്കില്‍ രാമനെ യുദ്ധത്തില്‍ അസ്ത്രങ്ങളാല്‍ നിഗ്രഹിക്കുക. അല്ലാതെ, അവിടുന്ന് അവളെ കൊണ്ടുപോന്നാല്‍ അത് ഈ വംശത്തിന്റെ നാശത്തിനതുകാരണമാകും, തീര്‍ച്ച.}

രാവണന്‍:
ചരണം4:-രാഗം:പാടി
“ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍
 നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ
 പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍
 എന്നാണ പോക നീ മാനിനിമൌലേ”
{ധന്യേ, അന്ത:പുരത്തില്‍‌പോയ് വസിക്കുക. നിന്നോടിതിനേക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ലല്ലൊ. ഇനിയും ഈവിധം പറയരുത്. അഭിമാനികളില്‍ ശ്രേഷ്ടയായവളെ, ഞാനാണെസത്യം നീ പോയാലും.}

ചരണാന്ത്യത്തില്‍ രാവണന്‍ മണ്ഡോദരിയെ ആലിഗനംചെയ്തുകൊണ്ട് ഇരട്ടിയെടുത്തിട്ട് മണ്ഡോദരിയെ അയക്കുന്നു. മണ്ഡോദരി നിഷ്ക്രമിച്ചശേഷം രാവണന്‍ തിരിഞ്ഞ് വീണ്ടും മുന്നോട്ട് വരുന്നു.
“എന്നാണ പോക നീ......” രാവണനും(പത്മനാഭന്‍ നായര്‍) മണ്ഡോദരിയും(കലാ:അരുണ്‍ വാര്യര്‍)
ശേഷം ആട്ടം-
രാവണന്‍:‘സീതയുടെ സൌന്ദര്യാദിഗുണങ്ങള്‍ കേട്ടതിനാല്‍ കാമദേവന്‍ എന്നെ വല്ലാതെ പീഡിപ്പിക്കുന്നു. അവളെ ലഭിക്കുവാന്‍ വഴിയെന്ത്? സീതയുടെ സമീപത്തുചെന്ന് എന്റെ മഹിമകള്‍ പറഞ്ഞാല്‍ അവള്‍ എനിക്ക് സ്വാധീനമാകും. എന്നാല്‍ അവളോരു മനുഷ്യസ്ത്രിയല്ലെ, എന്റെ ഈ ആകാരം കണ്ടാല്‍ ഭയപ്പെട്ട് ഒളിക്കുകയില്ലെ? ആ, വേഷം മാറിയിട്ടുവേണം ചെല്ലുവാന്‍. ഒരു സന്ന്യാസിവേഷം ധരിക്കുകതന്നെ. ആ രാമലക്ഷ്മണന്മാര്‍ ഖരദൂഷണാദികളെയെല്ലാം കൊന്നു. ലക്ഷ്മണനാകട്ടെ എന്റെ സോദരിയുടെ അംഗച്ഛേദവും ചെയ്തു. അതിനാല്‍ അവര്‍ ശത്രുക്കള്‍ തന്നെ. ഛീ, മാനുഷകീടങ്ങളോട് യുദ്ധംചെയ്യുന്നത് എനിക്ക് തീര്‍ച്ചയായും അപമാനകരമാണ്. സീതയെകൊണ്ടുപോന്നുതന്നെ അവരോട് പകരംവീട്ടണം. രാമലക്ഷ്മണന്മാരെ ദൂരേക്ക് അകറ്റിയിട്ടുവേണം സീതയുടെ അടുത്തുചെല്ലുവാന്‍. അതിനു് ഉപായം എന്ത്?‘ (ആലോചിച്ചിട്ട്) ‘ആകട്ടെ മായാപ്രയോഗത്തില്‍ വിദഗ്ദ്ധനായ അമ്മാവനെകണ്ട് വിവരം പറയുകതന്നെ.’
രാവണന്‍ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ബാലിവധം രണ്ടാം‌രംഗം

രംഗത്ത്-രാവണന്‍, മാരീചൻ‍(ചുട്ടിക്കുതാഴെ കറുത്തതാടികെട്ടിയ നെടുങ്കത്തി)

ശ്ലോകം-രാഗം:പാടി
“വീരസ്തദാനിം രജനീചരന്ദ്രന്‍
 ശ്രീരാമദാരാഹരണം വിധാതും
 മാരീചഗേഹേ സമവാപ്യവേഗാല്‍
 മാരീചമൂചേ യമചോദിതോസൌ”
{അപ്പോള്‍ വീരനായ രാക്ഷസേന്ദ്രന്‍ അന്തകന്റെ പ്രേരണയാല്‍ ശ്രീരാമപത്നിയെ അപഹരിക്കുവാനായി വേഗത്തില്‍ മാരീചസമീപം ചെന്ന് പറഞ്ഞു.}

ഇടതുഭാഗത്തുകൂടി രാവണന്‍ ‘കിടതകധിം,താ’ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന മാരീചനെ കണ്ട്, വന്ദിക്കുന്നു. മാരീചന്‍ രാക്ഷസരാജനെ കണ്ട്, എഴുന്നേറ്റ് രാവണനോട് ആസനസ്തനാവാന്‍ പറയുന്നു. രാവണന്‍ ആദരവോടെ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട
പല്ലവി:
“മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍
 പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം”
“അധുനാ നീയിതുകേള്‍ക്കണം”
(രാവണന്‍-മടവൂര്‍ വാസുദേവന്‍ നായർ)
ചരണം1:
“ദശരഥസുതനാകിയ രാമന്‍
 അനുജനുമായ്‌വിപിനേവന്നു.
 ആശരവര മത്സോദരിയാം
 ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍”
ചരണം2:
“ക്യത്തശ്രുതി നാസികയാക്കി
 ഖരദൂഷണരെ ബത രാമന്‍
 യുദ്ധാങ്കണമതില്‍ ഹതരാക്കി
 സ്വൈരം വാഴുന്നവരവിടിടെ”
ചരണം3:
“തത്ഭാര്യയെ കൊണ്ടിഹവരുവാ-
 നിപ്പോള്‍ ഞാനിഹ പോകുന്നു
 അല്പേതരവിക്രമനാം നീ
 പോരണമെന്നോടിതിനായ്”
{രാക്ഷസശ്രേഷ്ടനായ മാരീചാ,മാതുല, എന്റെ മനസ്സില്‍ ഒരു ദു:ഖം വല്ലാതെ വര്‍ദ്ധിക്കുന്നു. അതുകേട്ടാലും. ദശരഥസുതനായ രാമന്‍ അനുജനുമായ് കാട്ടില്‍ വന്നു. ലക്ഷ്മണനെന്നവന്‍ എന്റെ സോദരിയായ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു. കഷ്ടം! രാമന്‍ ഖരദൂഷണാദികളെ യുദ്ധത്തില്‍ കൊന്നു. അവര്‍ സസുഖം ഇവിടെ വാഴുന്നു. അവന്റെ ഭാര്യയെ കൊണ്ടുപോരുവാന്‍ ഞാനിപ്പോള്‍ത്തന്നെ പോകുന്നു. അതിപരാക്രമിയായ അങ്ങ് ഇതിന് എന്റെകൂടെ വരണം.}
"ആശരവര മത്സോ....." (രാവണന്‍-കലാ:വാസുപ്പിഷാരോടി)
മാരീചന്റെ മറുപടി പദം-രാഗം:പാടി, താളം:ചെമ്പട
പല്ലവി:
“രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക
 ഘനബലരിപുകുലരാവണാ”
അനുപല്ലവി:
“രഘുവീരനോടൊന്നിനും പോകരു-
 തെന്നിഹ കരുതുന്നേന്‍”
{കരുത്തേറിയ ശത്രുസമൂഹത്തെ ശബ്ദംകൊണ്ട് വിറപ്പിക്കുന്ന രാവണാ, രാമനെതിരായി ഒന്നും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം}

രാവണന്‍:‘കാരണമെന്ത്?’

മാരീചന്‍:
ചരണം1:
“മുന്നമഹോ കൌശികയാഗം
 നന്നായി മുടക്കുവതിനായി
 ചെന്നൊരുന്നാള്‍ മന്നവവീരന്‍
 പാവനമാമസ്ത്രമയച്ചു”
ചരണം2:
“മാമപിസാഗരമതിലാക്കി
 ബഹുകാലം വാണവിടെ ഞാന്‍
 രാമനുടന്‍ കൊന്നു സുബാഹുവെ
 അളവില്ലാത്താശരരേയും”
{അമ്പോ! മുന്‍പ് വിശ്വാമിത്രയാഗം മുടക്കുവാനായി ചെന്ന ഒരു ദിവസം ആരാജവീരന്‍ വയവ്യാസ്ത്രമെയ്ത് എന്നെ സമുദ്രത്തില്‍ വീഴ്ത്തി. വളരെ കാലം ഞാനവിടെ കഴിഞ്ഞുകുടി. സുബാഹുവിനേയും എണ്ണമറ്റ രാക്ഷസരേയും രാമന്‍ വേഗത്തില്‍ കൊന്നൊടുക്കി.}

രാവണന്‍:‘എന്തായാലും അവനൊരു മനുഷ്യന്‍ തന്നെയല്ലെ?’

മാരീചന്‍:
ചരണം3:
“രാമനഹോ മാനുഷനല്ല
 നാരായണനായതു നൂനം+
 രാമനോടു വിരോധം ചെയ്‌വതു
 നേരല്ല നിനക്കിതു നിയതം”
{അഹോ! രാമന്‍ മാനുഷനല്ല, മഹാവിഷ്ണു തന്നെയാണ്. രാമനോട് എതിരിടുന്നത് നിനക്ക് നല്തതല്ല}

രാവണന്‍:
ചരണം4:(മുറുകിയകാലത്തില്‍)
“ഏവംനീയെന്നോടോരോ-
 ന്നുരചെയ്യാതാശുവരേണം
 കേവലമൊരു മാനുഷനെന്നൊടു
 പോരിനു ബത നില്പതിനാളോ”
{ഈവിധമോരോന്ന് എന്നോട് പറയാതെ നീ ഉടനെ വരേണം. വെറും ഒരു മനുഷ്യന്‍ എന്നോടുയുദ്ധംചെയ്യാന്‍ ആളാകുമൊ?}

മാരീചന്‍:(ആത്മഗതം)‘ഇവനെ അനുസരിച്ചില്ലെങ്കില്‍ ഇവന്‍ എന്നെ കൊല്ലും, നിശ്ചയം. എനിക്കു മരണം ആസന്നമായിരിക്കുന്നു. അത് രാമബാണത്താലായാല്‍ മോക്ഷം ലഭിക്കും. ആയതിനാല്‍ ഇവനെ അനുസരിക്കുകതന്നെ.'
മാരീചന്‍:(രാവണനോട്)
ചരണം4:
“പോരുന്നെന്‍ ഞാന്‍ നിന്നോടു കൂടവേ
 അതിനാല്‍ നിശിചരരുടെ വംശം
 വേരോടേ നശിച്ചീടുമല്ലോ
 നിശിചരവര നൂനമിദാനിം”
{ഞാന്‍ നിന്നോടുകൂടെ പോരുന്നു. രാക്ഷസവര, നിന്റെ ഈ പ്രവൃത്തിയാല്‍ നമ്മുടെ വംശം വേരോടേ നശിക്കുമെന്നുറപ്പാണ്.}
“പോരുന്നെന്‍ ഞാന്‍.........” മാരീചനും(നന്ദകുമാരന്‍) രാവണനും(കലാ:ക്യഷ്ണന്‍ നായര്‍)
ശേഷം ആട്ടം-

രാവണന്‍:(ഇരിക്കുന്ന മാരീചനെ തൊഴുതിട്ട്) ‘അല്ലയൊ മാതുലാ,അങ്ങ് ഉടനെ മായയാല്‍ അതിമനോഹരമായ ഒരു പൊന്‍‌മാനിന്റെ രൂപംധരിച്ച് ചെന്ന്, തുള്ളിക്കളിച്ച് സീതയുടെ മനസ്സില്‍ ആഗ്രഹം ജനിപ്പിച്ചാലും. അപ്പോള്‍ രാമലക്ഷ്മണന്മാര്‍ മാനിനെ പിടിക്കാനയിവരും. അങ്ങ് സൂത്രത്തില്‍ അവരെ ദൂരേക്ക് അകറ്റികൊണ്ടുപോകണം. ആ സമയത്ത് ഞാന്‍ ഒരു സന്ന്യാസിവേഷത്തില്‍ ചെന്ന് നല്ലവാക്കുകള്‍ പറഞ്ഞ് സീതയെ കൊണ്ടുപോന്നുകൊളളാം. അങ്ങിനെ ചെയ്യുകയല്ലെ?’
മാരീചന്‍:‘അതെ, അങ്ങു പറഞ്ഞതുപോലെ എല്ലാം ഞാന്‍ ചെയ്തുകൊള്ളാം’
മാരീചന്‍ നിഷ്ക്രമിക്കുന്നു.+ രാവണന്‍ വീണ്ടും വന്ദിച്ച് മാരീചനെ യാത്രയാക്കിയിട്ട് വീണ്ടും തിരിഞ്ഞ് രംഗത്തേക്ക് വരുന്നു.
രാവണന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇനി വേഗം പഞ്ചവടിയിലേക്ക് പുറപ്പെടുക തന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സൂതനോട്) ‘എടോ സൂതാ, വേഗം രഥം കൂട്ടിക്കൊണ്ടുവന്നാലും’ (സൂതനെ അയച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കൊണ്ടുവന്നുവൊ?’ (രഥം നോക്കികണ്ട് തൃപ്തിപ്പെട്ടിട്ട്) ‘ഇനി രഥം പഞ്ചവടിയിലേക്ക് വഴിപോലെ തെളിച്ചാലും’.
നാലാമിരട്ടിയെടുത്ത് രാവണന്‍ തേരില്‍ചാടിക്കയറി പിന്നിലേക്ക് തിരിയുന്നു. വിണ്ടും ഓടിക്കൊണ്ട് പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.
രാവണൻ:(ഇടത്തുചവുട്ടി വലത്തോട്ട് നോക്കി, സൂതനെന്ന നിലയില്‍ വന്ദിച്ചിട്ട്) ‘അല്ലയൊ സ്വാമിന്‍ രഥം പഞ്ചവടിയിലെത്തിയിരിക്കുന്നു’ (വലതുമാറി രാവണനായി കേട്ടിട്ട്) ‘ഉവ്വോ? എന്നാലിനി സീതയുടെ വാസസ്ഥലം തിരഞ്ഞുകണ്ടാലും’. (ഇടതുമാറി സൂതനായി കേട്ട്, വണങ്ങി, തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സീതയെ കണ്ട്, വലത്തേക്ക്നോക്കി വന്ദിച്ച്) ‘അല്ലയൊ രാക്ഷസരാജ, സീത ഇതാ ഇരിക്കുന്നു. വഴിപോലെ കണ്ടാലും‘. (ഇടതുമാറി രാവണനായി കേട്ടിട്ട് ‘ഉവ്വോ?’.
രാവണന്‍ ഉത്തരീയത്തോടേ കൈകള്‍ കെട്ടിനിന്ന് സീതയെ കാണുന്നു. കാണുമ്പോള്‍ ഹര്‍ഷം, അത്ഭുതം, കാമപീഡയാലുള്ള വിഷാദം, സുഖം ഇങ്ങിനെ വിവിധഭാവങ്ങള്‍ രാവണനിലുണ്ടാകുന്നു.
രാവണന്‍:^‘ഞാന്‍ ഇന്ദ്രാണിയേയും മറ്റുള്ള അപ്സരസ്ത്രീകളേയും ഓരോന്നായി കണക്കാക്കി കാരാഗ്രഹത്തിലടച്ചു. പിന്നെ പത്തുദിക്കുകളും ജയിച്ച് അവിടെയുള്ള സുന്ദരിമാരേമുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റി കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് പാര്‍വ്വതിയേയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൌന്ദര്യം കണ്ടില്ല. അഹോ! വളരെകാലമായിട്ട് ഇന്ന് എന്റെ കണ്ണുകള്‍ക്ക് സാഫല്യം കൈവന്നു.‘

[^ഈ ആട്ടം ‘ആശ്ചര്യചൂടാമണി’യിലെ
“ഇന്ദ്രാണീമഹമപ്സരോഭിരനയം കാരാഗൃഹേ ഗണ്യതാം
 സംഹാരോജയതാ ദിശോദശമയ സ്ത്രീണാം കൃത പുഷ്പകേ,
 കൈലാസോദ്ധരണേപി വേപഥുമതി മദ്രാക്ഷമദ്രേസുതാം
 ദൃഷ്ടുംതാസുനരൂപമീ ദൃശമഹോ! ചക്ഷുശ്ചിരാത് സാര്‍ഥകം” എന്ന ശ്ലോകത്തെ അടിസ്താനമാക്കിയാണ് ചിട്ടപ്പെടുത്തിയിക്കുന്നത്.]

രാവണന്‍:(ദൂരെ കണ്ടിട്ട്)'അതാ ഒരു പൊന്മാനിന്റെ രൂപം ധരിച്ച മാരീചൻ സീതയുടെ മനസ്സിൽ ആഗ്രഹം ജനിക്കുമാറ് തുള്ളിക്കളികുന്നു. മാനിനെ പിടിക്കുവാനായി അതാ ശ്രീരാമൻ പുറപ്പെടുന്നു. (ആലോചിച്ചിട്ട്) ‘ആകട്ടെ,ഇനി വേഗത്തില്‍ ഒരു സന്ന്യാസിവേഷം ധരിച്ച് അവളുടെ അടുത്തുചെന്ന് നല്ലവാക്കുകളും എന്റെ വൈഭവവും പറഞ്ഞ്,ഇവളെ സ്വാധീനമാക്കി കൊണ്ടുപോരികതന്നെ’.
രാവണന്‍ നാലാമിരട്ടിയെടുത്ത് സന്ന്യാസിവേഷം ധരിച്ചതായി നടിച്ച്, കപടഭക്തിയില്‍ നാമംജപിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

രണ്ടാം‌രംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
[+മാരീചന്‍ ‘നാരായണനായതു നൂനം’ എന്നുപറയുന്നതുകേട്ട് രാവണന്‍ കോപിച്ച്, മാരീചനെ പിടലിക്കുപിടിച്ച് ഇടത്തേക്ക് മാറ്റിയിട്ട് ‘ഏവം നിയെന്നോടോരോ’ എന്ന ചരണമാടുകയും, പിന്നെ മാരീചന്‍ ‘പോരുന്നേന്‍ ഞാന്‍’ എന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ രാവണന്‍ മാരീചനെ മുന്നേപ്പോലെ വലതുവശത്തേക്ക് ഇരുത്തുന്നതുമായ ഒരു സമ്പൃദായം പണ്ട് ഉണ്ടായിരുന്നു. ഇന്ന് അത് കാണുന്നില്ല. എന്നാല്‍ തെക്കന്‍ ചിട്ടയില്‍ ഇത് ഇന്നും നടപ്പിലുണ്ട്.]

[+മാരീചനോടുകൂടിതന്നെ രാവണന്‍ പഞ്ചവടിക്ക് പുറപ്പെടുകയും, ആശ്രമപരിസരത്തെത്തി സീതയെ കണുമ്പോള്‍ ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകം മാരീചനോടായി ആടുകയും ചെയ്യുന്ന രീതിയും പണ്ടുണ്ടായിരുന്നു.]

2008 ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം മൂന്നാം‌രംഗം

രംഗത്ത്- ശ്രീരാമന്‍, ലക്ഷ്മണൻ‍(മുടിവെച്ച പച്ചവേഷങ്ങള്‍), സീത(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാത
 സ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
 ശുദ്ധം പൊന്‍‌മൃഗമായി കളിച്ചു വിപിനേ മായാവി മാരീചനും
 ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ”
{രാവണന്‍ മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി മാരീചനാകട്ടെ പൊന്‍‌മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു. അതുകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.}

രാമന്‍‌ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി പ്രവേശിക്കുന്നു. മാനിനെ കണുന്നതായി നടിച്ചിട്ട് രാമന്‍ പദം അഭിനയിക്കുന്നു.

രാമന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
പല്ലവി:
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ”
അനുപല്ലവി:
“കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍”
ചരണം1:
“കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
 ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.”
(“വണ്ടാര്‍കുഴലിബാലേ.......)
{വണ്ടിന്‍‌നിറമുള്ള നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും മതിവരാത്തൊരു പൊന്‍‌മാന്‍! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍ മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.}
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ” (ശ്രീരാമന്‍-കലാ:ഗോപി, സീത-കലാ:രാജശേഘരന്‍)
സീതയുടെ മറുപടിപദം-രാഗം;ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
“എന്നാര്യപുത്ര മരതകമയം
 കണ്ഠംനന്ദികലരും ശൃഗം ശൃഗാരങ്ങളല്ലൊ”
ചരണം1:
“വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ
 ദേഹംതുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു”
ചരണം2:
“കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
 പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍”
{എന്റെ ആര്യപുതാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളം‌പുല്ലുകളും തിന്ന് തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത ആഗ്രഹത്തെ ജനിപ്പിക്കുന്നു.}

ശ്രീരാമന്‍:
ചരണം2:-രാഗം:കല്യാണി
“ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്
‍ കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ”
{സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു തരുന്നുണ്ട്}
കല്യാണി കൊണ്ടുവന്നു.......”
ശ്രീരാമനും(എഫ്.എ.സി.റ്റി.പത്മനാഭന്‍)സീതയും(കുടമാളൂര്‍ മുരളീക്യഷ്ണന്‍)
ചരണം3:(ലക്ഷ്മണനോട്)
“അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
 നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍”
{ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ നില്‍ക്കുക.}

ശേഷം ആട്ടം-
ശ്രീരാമന്‍:(ലക്ഷ്മണനോട്) ‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും’
സീതയേയും ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന് മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന് താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍ ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ ചെല്ലുന്നു.
‘മാന്‍പിടുത്തം-രണ്ടാം താളവട്ടം (ശ്രീരാമന്‍-കലാ:ഗോപി)
രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍ ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ 
പറിച്ചുകാട്ടിക്കൊണ്ട് മാനിനെ സമീപിക്കുന്നു. 
മാന്‍പിടുത്തം-മൂന്നാംതാളവട്ടം (ശ്രീരാമന്‍-കലാ:പ്രദീപ്)
മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.

ശ്രീരാമന്‍:‘ഇങ്ങിനെവരുവാന്‍ കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ,അറിയാം’ (വില്ലെടുത്ത് ഞാണ് മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’
രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു.+ ഉടനെ ഗായകര്‍ ശ്ലോകം ചൊല്ലുന്നു. ശ്രീരാമന്‍ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.

[+പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്തും ഒരു ഇടശ്ലോകം പതിവുണ്ട്.] 

ഇടശ്ലോകം-രാഗം:ഘണ്ടാരം
“അയ്യയ്യോ ജനകതനയേകനകമൃഗമായിവന്നു കൌണപന്‍ കാടതില്
‍ ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
 അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
 ജാനകി മല്‍‌പ്രിയേ നീയും വെടിഞ്ഞിതോ”
{അയ്യയ്യൊ,ജനകപുത്രി കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ? പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?}

രാമന്‍:( രാക്ഷസരോദനംകേട്ടിട്ട്) ‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ’.
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം നാലാം രംഗം

രംഗത്ത്-സിത, ലക്ഷ്മണന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
 ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
 താവജ്ജഗാദ രഘുവീരസഹോദരന്തം
 രാത്രിഞ്ചരാര്‍ത്ത ഹൃദയം പതിമേവമത്വ”
{പൊന്‍‌മാനായിവന്ന മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ ഭര്‍തൃസഹോദരനോട് പറഞ്ഞു.}

സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു. രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.

സീതയുടെ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
ചരണം1:
“ദേവരബാല സൌമിത്രേ കേള്‍ക്ക
 രോദതി കാന്തന്‍ വനഭൂമൌ
 കേവലമാശരര്‍ മായയിനാലങ്ങു
 പോയറിയേണം നീ വൈകാതെ”
പല്ലവി:
“ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
 ഹാ ഹാ കിമുകരവൈ”
{ഭര്‍ത്യസഹോദരനായ ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട് ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം! കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാന്‍?}
“ദേവരബാല....”കുടമാളൂര്‍ മുരളീക്യഷ്ണന്‍ സീതയായി
ലക്ഷ്മണന്റെ മറുപടിപദം-രാഗം:സാവേരി, താളം:ചെമ്പട
ചരണം1:
“ആര്യരാഘവനൊരു ദീനവുമില്ല
 കാര്യം ന വിഷാദം ദേവി
 ശരപീഡിതരായി നിശിചരരുതന്നെ
 കരയുന്നു നൂനം വൈദേഹി”
പല്ലവി:
“പരിതാപം അരുതേ ഇതിനു ചിത്തേ
 പരിതാപം അരുതേ”
{ജേഷ്ഠനായ രാമചന്ദ്രന് ഒരു ആപത്തും ഇല്ല. ദേവീ,വിഷമിക്കേണ്ടകാര്യമൊന്നുമില്ല. വൈദേഹി,അമ്പേറ്റ രാക്ഷസര്‍ തന്നെയാണ് കരയുന്നതെന്നുറപ്പാണ്. ഇതിനു മനസ്സില്‍ ദു:ഖിക്കരുതേ.
“ആര്യരാഘവനൊരു ദീനവുമില്ല” സീതയും(കലാ:രാജശേഘരന്‍) ലക്ഷ്മണനും(കലാ:ബാലസുബ്രഹ്മണ്യന്‍)
സീത:
ചരണം2:
“നിശിചരരല്ല കരയുന്നു നൂനം
 ദാശരഥിരാമന്‍ തന്നെയഹോ
 ആശു നീ ചെല്ലുക തത്സവിധേ
 വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{കരയുന്നതു തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.}

ലക്ഷ്മണന്‍:
ചരണം2:
“മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍
 മനസിജവൈരിമുഖൈരഭിവന്ദ്യന്‍
 ജനകനരപതിതനയേ മാകുരു
 മനസി വിഷാദം കല്യാണി“
(“പരിതാപം അരുതേ...........”)
{ശത്രുക്കള്‍ക്ക് ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ് ശ്രീപരമേശ്വരന്‍ മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി, വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.}

സീത:
ചരണം3:
“കഠിനകഠോരാശയ ദുഷ്ട കാന്തന്‍
 പീഡിച്ചു കരകയിലും ചിത്തേ അടല്‍
 നിനയ്ക്കാതെ നിന്നതു നീ കഷ്ടം
 കഠിനഹൃദയനെന്നതിഹ കരുതുന്നേന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.}

ലക്ഷ്മണന്‍:
ചരണം3:
“കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
 ഒട്ടുമഹം വഞ്ചകനല്ല.
 ദുഷ്ടകൌണപരിഹ ഹതരായതു
 ഞെട്ടരുതേ അവര്‍മായയിനാലേ”
(“പരിതാപം അരുതേ...........”)
{കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത് ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.}

സീത:
ചരണം4:
“കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
 സന്തതം എന്നോടു മരുവീടാമെന്നു
 ചിന്തയിലെന്തിനു കരുതീടുന്നു നീ
 ഹന്ത മരിച്ചീടുകയേയുള്ളു ഞാന്‍
(“ഹാ ഹാ കിമുകരവൈ.........”)
{കാന്തനെ അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.}

ലക്ഷ്മണന്‍:
ചരണം4:
“ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
 ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
 അത്ര കഠോരേ കൈകേയീ നീ
 ധാത്രീം രക്ഷതു നിന്നെയിദാനീം”
അനുപല്ലവി:
“പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ”
{കഷ്ടം! കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍ രാമസമീപത്തെക്ക് പോകുന്നു.}

പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം അഞ്ചാം ‌രംഗം

രംഗത്ത്-സീത, സന്യാസിരാവണൻ‍(രണ്ടാം‌തരം മിനുക്ക്), രാവണന്‍, ജടായു(കറുത്തപക്ഷിവേഷം)

ശ്ലോകം‌‌‌-രാഗം:കാപ്പി
“ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
 താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
 സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
 സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍”
{ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍ സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.}

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച് നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ടിട്ട് രാവണന്‍ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:കാപ്പി, താളം:മുറിയടന്ത
പല്ലവി:
“നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
 വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?“
അനുപല്ലവി:
“ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
 അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ”
{സ്ത്രീരത്നങ്ങളില്‍ ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍ വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?}

സീതയുടെ മറുപടിപദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
പല്ലവി:
“സന്ന്യാസിവര നിന്റെ നന്ദികലരും പാദം
 നന്നായി വണങ്ങുന്നേനനുദിനം ഹൃദയേ ഞാന്‍”
അനുപല്ലവി:
“കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
 വല്ലഭയാകുന്നു ഞാനെന്നറികനുദിനം”
ചരണം1:
“കൌണപനിഹവന്നു കനകമൃഗമായിത്തന്നെ
 മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
 കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
 ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ”
{സന്ന്യാസിവര്യ! മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു. പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാന്‍. ഒരു രാക്ഷസന്‍ പൊന്‍‌മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം ഉടനെയിങ്ങെത്തും}
“നല്ലാരില്‍മണിമൌലേ.......” സന്ന്യാസിരാവണനും(നന്ദകുമാരന്‍) സീതയും(കലാ:രാജശേഘരന്‍)
“അവനാകുന്നതു ഞാനെന്നറിക^ കോമളാഗി
 നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ“
{സ്ത്രീരത്നമേ, ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു. മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുന്‍പനാണദ്ദേഹം. അദ്ദേഹമാണ് ഞാന്‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.}

[^‘അവനാകുന്നതു ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട് വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]

ശേഷം ആട്ടം-
രാവണന്‍:^‘അല്ലയൊ മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍ ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍ സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു. ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല. അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും. അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്) ‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്) ‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’ (വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’

[^ഈ ആട്ടം ആശ്ചര്യചൂടാമണിയിലെ
“നാഹം ബന്ധുരഗാത്രി! ഭീതിവിഷയ കിംവാമുധാ ഖിദ്യസെ
 ത്രാതും ത്വാം സസുരാസുരേ ത്രിഭുവനേ കേ വാമന കുര്‍വതേ
 മയ്യസ്മിന്‍ പരിപന്ഥിനി പ്രകടിത ക്രോധാന്ധ ദിഗ്വാരണ-
 സ്ഥൂല തവ്യായത ദന്തകോടി കുലിശവ്യാലീഡ വക്ഷസ്ഥലേ” എന്ന ശ്ലോകത്തെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

രാവണന്‍ നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി കൊണ്ടുപോകുന്നു (സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു, രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.) തുടർന്ന് ഗായകർ ശ്ലോകമാലപിക്കുന്നു.
രാവണന്‍(കലാ:ക്യഷ്ണന്‍‌നായര്‍)സീതയെ(കലാ:രാജശേഘരന്‍) തേരിലേറ്റി കൊണ്ടുപോകുന്നു.
ശ്ലോകം-രാഗം:ഘണ്ടാരം
“ദശാസ്യനങ്ങേവമുരച്ചു വേഗാൽ
 എടുത്തു സീതാം ബത തേരിലാക്കി
 നടന്നനേരം പരിതാപഖിന്നാ
 ദശാസ്യമാലോക്യ രുരോദതാരം”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ഉടനെ സീതയെ തേരിലാക്കി യാത്രയായി. ആ സമയത്ത് ഭയപ്പെട്ട സീത ഉച്ചത്തിൽ നിലവിളിച്ചു.}

അനന്തരം സീത പീഠത്തിൽ നിന്നുകൊണ്ടുതന്നെ വിലാപപദം ആടുന്നു.

സീതയുടെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:
“ഹാ! ഹാ! കാന്ത ജീവനാഥ പാഹിപാഹി ദീനാമേനാം
 ഹാ! ഹാ! ബാല ലക്ഷ്മണ മാമ്പാഹിപാഹി ദീനാമേനാം
 രാക്ഷസവഞ്ചിതയായി ഞാൻ
 ഹാ! ഹാ!യെന്നെകാത്തുകൊൾക”
{കഷ്ടം! കഷ്ടം! കാന്താ, ജീവനാഥാ, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. കഷ്ടം! കഷ്ടം! ബാലാ, ലക്ഷ്മണകുമാരാ‍, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. രാക്ഷസനാൽ വഞ്ചിതയായി ഞാൻ. എന്നെ കാത്തുകൊണ്ടാലും.}

തുടർന്ന് ഗായകർ ശ്ലോകം ചൊല്ലുന്നു.

ഇടശ്ലോകം-രാഗം:കാമ്പോജി
“ഇത്ഥം രുദന്ത്യാ ജനകാത്മജായാ
 പുനഃ പുനർഭിതമതേർവ്വിലാപം
 നിശമ്യ ചാഗത്യ നിരുദ്ധ്യമാർഗ്ഗം
 നിശാചരേന്ദ്രം സ ജടായുരൂചേ“
{ഇങ്ങിനെ ഭയപ്പെട്ട സീതയുടെ വിലാപം കേട്ടുവന്ന ജടായു വഴിതടഞ്ഞ് രാക്ഷസേന്ദ്രനോട് പറഞ്ഞു.}

ശ്ലോകശേഷം ‘അഡ്ഡിഗിഡ്ഡിഗിഡ്ഡി’ മേളത്തിഒപ്പം ചിറകുകൾ വിടർത്തിക്കൊണ്ട് പ്രവേശിക്കുന്ന ജടായു ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന് നിന്ന് സീതയെഅപഹരിച്ചുകൊണ്ടുപോകുന്ന രാവണനെ കാണുന്നതോടെ ചിറകുകൾ കൊണ്ട് പ്രഹരിക്കുന്നു. രാവണൻ വാളുകൊണ്ട് തടുക്കുന്നു. അനന്തരം ജടായു ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി എടുത്തുകലാശിപ്പിച്ചിട്ട് പദാഭിനം ആരംഭിക്കുന്നു.

യുദ്ധപദം-രാഗം:കാബോജി, താളം:മുറിയടന്ത
ജടായു:
ചരണം1:
“ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു ഞാന്‍
 നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ“
ചരണം2:
“ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
 പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം”
{ദശരഥന്റെ സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാന്‍. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം! രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.}
“ഹന്ത രാമദാരങ്ങളെ.....” സീതയെ(കുടമാളൂര്‍ മുരളീക്യഷ്ണന്‍) കൊണ്ടുപോകുന്ന രാവണനെ(മടവൂര്‍ വാസുദേവന്‍ നായര്‍) ജടായു തടുക്കുന്നു.
രാവണന്‍:
ചരണം3:
“ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
 ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ”
{ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ പറയുന്നത് നല്ലതിനല്ല.}

ജടായു:
ചരണം4:
“ചാരുതരമെന്നതോർത്തു പാരമേവം ചൊല്ലും നിന്റെ
 തേരടിച്ചുടയ്ക്കുന്നുണ്ടു ചെറ്റുവൈകാതെ”
{വളരെ നല്ലതാണെന്ന ഭാവത്തിൽ എന്നോട് ഏറെ പറയുന്ന നിന്റെ തേര് ഒട്ടും വൈകാതെ അടിച്ചുടയ്ക്കുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ജടായു രാവണന്റെ രഥം തകർത്തുകളയുന്നു.തുടർന്ന് ഗായകർ അടുത്ത ശ്ലോകം ആലപികുന്നു.

ഇടശ്ലോകം+-രാഗം:സൌരാഷ്ട്രം
“ഇത്ഥം തിമർത്തു വചനങ്ങളുരച്ച ഥോ തൌ
 പക്ഷീന്ദ്രരാക്ഷസവരൌ കലഹങ്ങൾ ചെയ്തു
 ഗൃദ്ധേന്ദ്രനാശു ദശകണ്ഠരഥം മുറിച്ചു
 ചിത്തേ നിതാന്തകുപിതസ്സജഗാതചൈവം”
{ഈവിധം തിമർത്തു പലതും പറഞ്ഞുകൊണ്ട് പക്ഷീന്ദ്രനും രാക്ഷസവരനും യുദ്ധം ചെയ്തു. ജടായു രാവണന്റെ രഥം മുറിച്ചിട്ട് ഉള്ളിൽ കാളുന്ന കോപത്തോടെ പറഞ്ഞു.}

യുദ്ധപ്പദം 2-രാഗം:സൌരാഷ്ട്രം, താളം:മുറിയടന്ത
ജടായു:
ചരണം1+:
‘ഇന്നു നീ സീതയെ കൈവിടു രാവണ
 പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”
{രാവണാ, നീ സീതയെ വിടുക. എന്നാൽ ഞാൻ നിന്നെ കൊല്ലുകയില്ല.}

രാവണൻ:
ചരണം2+:
“ഗർവ്വമോടേവം ചൊല്ലുന്ന നിന്റെ
 മാറിൽ ബാണത്തെ താടിക്കുന്നുണ്ടു”
{ഗർവ്വമോടെ ഇങ്ങിനെ പറയുന്ന നിന്റെ മാറിൽ ബാണമേൽ‌പ്പിക്കുന്നുണ്ട്.}

ജടായു:
ചരണം3+:
“വില്ലു കൊത്തിമുറിച്ചെറിവൻ ഞാൻ
 നല്ല ബാണവും തൂണിയുമെല്ലാം”
{വില്ലുമാത്രമല്ല ബാണവും ആവനാഴിയുംകൂടി ഞാൻ കൊത്തിമുറിച്ചേറിയും.}

നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി അമ്പെയ്യുന്ന രാവണന്റെ വില്ല് ജടായു കെട്ടിച്ചാടിച്ചെന്ന് കൊത്തിമുറിക്കുന്നു. അനന്തരം രാവണൻ പദം അഭിനയിക്കുന്നു.

രാവണൻ:
ചരണം4+:
“വില്ലുകൊത്തിമുറിച്ചൊരു നിന്നെ
 കൊല്ലുവേനിന്നു ശൂലത്തിനാലെ”
{വില്ലുകൊത്തിമുറിച്ച നിന്നെയിന്ന് ശൂലത്താൽ കൊല്ലുന്നുണ്ട്.}

ജടായു:
ചരണം5+:
“രാക്ഷസാ നീയെടുത്തോരു ശൂലത്തെ
 പക്ഷത്താലടിച്ചാശു മുറിപ്പൻ”
{രാക്ഷസാ, നീ എടുത്ത ശൂലത്തെ ഉടനെ ചിറകുകൊണ്ട് അടിച്ച് മുറിക്കും}

ശേഷം യുദ്ധം-+
ശൂലത്തോടെ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി കുത്തുന്ന രാവണന്റെ ശൂലം ജടായു ചിറകുകൊണ്ട് അടിച്ചുമുറിക്കുന്നു. തുടർന്ന് രാവണൻ തന്റെ വാളെടുത്ത് ജടായുവിനെ എതിരിടുന്നു. യുദ്ധാവസാനം നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് രാവണൻ പദം അഭിനയിക്കുന്നു.

[+രാവണ-ജടായു യുദ്ധത്തിനിടയിലുള്ള ശ്ലോകവും ഇരുവരുടേയുമായി തുടർന്നു വരുന്ന അദ്യത്തെ 5ചരണങ്ങളും ഇപ്പോൾ സ്സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ആദ്യയുദ്ധവട്ടം കലാശിക്കുന്നതോടെ രാവണൻ രണ്ടാം യുദ്ധപ്പദത്തിലെ ആറാം ചരണം ആടുകയാണ് പതിവ്.]

രാവണന്‍:
ചരണം6:
“നില്ക്ക നില്ക്ക വിഹം‌ഗമവീര
 മര്‍മ്മമേകിയടല്‍ പൊരുതേണം”
ചരണം7:
“ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ
 പക്ഷിവര്യാ പറഞ്ഞീടവേണം“
{വീരനായ പക്ഷീ, നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ പെരുവിരളാണ് എന്റെ മര്‍മ്മം. പക്ഷിശ്രേഷ്ഠാ, പറഞ്ഞീടണം.}

ജടായു:
ചരണം8:
“രാക്ഷസാധമ എന്നുടെ മര്‍മ്മം
 പക്ഷമാകുന്നു ദക്ഷിണമല്ലൊ”
{രാക്ഷസാധമാ, എന്റെ മര്‍മ്മം വലത്തെചിറകാകുന്നു.}

രാവണന്‍:
ചരണം9:
“ചന്ദ്രഹാസമെടുത്തിഹ സംബ്രതി
 നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു”
{നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാന്ത്യത്തിൽ  നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണൻ വലംകാൽ ഉയർത്തി അതിലേയ്ക്ക് വിരൽ ചൂണ്ടിക്കാട്ടുന്നു. കെട്ടിച്ചാടിച്ചെന്ന് കാലിൽ കൊത്താൻ ശ്രമിക്കുന്ന ജടായുവിന്റെ വലതുചിറകിൽ രാവണൻ ചന്ദ്രഹാസത്താൽ വെട്ടുന്നു. ജടായു കറങ്ങി നിലമ്പതിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം;കേദാരഗൌഡം
“ഇത്ഥം പറഞ്ഞു വിരവോടു ജടായുപക്ഷം
 വിച്ഛേദ ദക്ഷിണമവൻ സ പപാത ഭൂമൌ
 താപം നിരീക്ഷ്യ വരമേകി നരേന്ദ്ര ജായാ
 ലബ്ധാർഥനായ് ദശമുഖൻ പുരമാപ വേഗാൽ”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ജാടായുവിന്റെ വലത്തുചിറക് ച്ഛേദിച്ചു. ജടായു ഭൂമിയിൽ പതിച്ചു. ഈ ദുഃഖാവസ്ഥകണ്ട് ‘മോക്ഷപ്രാപ്തിക്കുമുൻപായി രാമദേവനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കൻ ഇടവരട്ടെ’ എന്ന് സീത ജടായുവിന് വരം നൽകി. രാവണൻ വേഗം കൃതാർത്ഥതയോടെ സ്വന്തം പുരത്തിലേയ്ക്കു പോയി.}

ബാലിവധം ആറാംരംഗം

സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ 
വിലപിക്കുന്നതായ ഈ രംഗം വളരെക്കാലമായി അവതരിപ്പിക്കുക പതിവില്ല.

ബാലിവധം ഏഴാംരംഗം

രംഗത്ത്-രാമന്‍, ലക്ഷ്മണന്‍, ജടായു

ശ്ലോകം-രാഗം:നാഥനാമക്രിയ
“ശ്രീരാമനും തമ്പിയുമായ് പ്രിയാംന്താ-
 മനേഷണംചെയ്തു നടക്കുമപ്പോള്‍
 വീരം മഹാന്തം പതിതം ശയാനം
 ജടായുഷം വീക്ഷ്യ ജഗാദരാമ:“
{ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.}

വലതുഭാഗത്തുനിന്നും കുണ്ഠിതരായി പ്രവേശിക്കുന്ന രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകിടക്കുന്ന ജടായുവിനെ കണ്ട്, സമീപം ചെന്നിരുന്ന് വീക്ഷിക്കുന്നു. അച്ഛന്റെ സുഹൃത്തായ പക്ഷിശ്രേഷ്ഠനായ ജടായുവാണ് എന്ന് മനസ്സിലാക്കിശേഷം ശ്രീരാമൻ പദാഭിനയം ആരംഭിക്കുന്നു.

പദം#-രാഗം:നാഥനാമക്രിയ, താളം:അടന്ത
ശ്രീരാമൻ:
പല്ലവി:
“പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
 കൃതസുകൃതകാരുണ്യ വന്ദേ”
ചരണം1:
“കൃതശല്യമഹോ തവഗാത്രം കേതഹേതുനാ
 വദ വദ മഹാപക്ഷിരാജൻ”
{അച്ഛന്റെ സുഹൃത്തായിട്ടുള്ളവനേ, മഹാബലവാനായ പക്ഷിശ്രേഷ്ഠാ, പാവനമായ കാരുണ്യം കിട്ടിയവനേ, വന്ദിക്കുന്നേൻ. പക്ഷിരാജൻ, അങ്ങയുടെ ശരീരത്തിന് പരിക്കേൽക്കുവാൻ കാരണമെന്തെന്ന് പറയൂ, പറയൂ.}

ജടായൂ:
പല്ലവി:
“രാഘവ മഹാബാഹോ
 രാജീവലോചന രാജരാജ”
ചരണം2:
“രാവണൻ മഹാവീരൻ രാമ സീതയെയിന്നു
 രഭസമോടു കൊണ്ടുപോയി”
ചരണം3:
“വിരവിനൊടടുത്തു ഞാൻ പെരുവഴി തടുത്തേൻ
 പെരുകിന പോർ ചെയ്തനേരം”
ചരണം4:
“ഭൂപനന്ദന എന്നെ കപടംകൊണ്ടു വഞ്ചിച്ചു
 സപദി ചന്ദ്രഹാസത്താൽ വെട്ടി”
ചരണം5:
“ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
 തൽക്ഷണം ധരണിയിൽ വീണേൻ”
ചരണം6:
“അരുളിനാൻ തദാ ദേവി സരസമാം തവജായ
 ശ്രീരാമനെക്കണ്ടിതെല്ലാം”
ചരണം7:
“ഉരചെയ്‌വോളവും നീ മരണം വരരുതെന്നു
 ത്വൽഗതമാനസസാക്ഷി”
ചരണം9:
“അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ
 ഇനി മമ ദശരഥസമീപേ”
{രാഘവാ, മഹാബാഹോ, താമരക്കണ്ണാ, രാജരാജാ, വീരനായ രാവണൻ ഇന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി. പെട്ടന്ന് ഞാൻ പെരുവഴിയിൽ തടുത്തു. വളരെ യുദ്ധം ചെയ്തസമയം രാജകുമാരാ, ചതിയിൽ അവനെന്നെ ചന്ദ്രഹാസത്താൽ വെട്ടി. വലതുചിറകറ്റ് ക്ഷീതിനായി ഞാൻ നിലമ്പതിച്ചു. ആ സമയത്ത് അങ്ങയുടെ പത്നി, ‘രാമചന്ദ്രനെകണ്ട് ഇതെല്ലാം പറയുവോളം അങ്ങേയ്ക്ക് മരണം വരുകയില്ല’ എന്ന് എന്നെ അനുഗ്രഹിച്ചു. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. ഞാനിപ്പോൾ എന്റെ ദശരഥന്റെ സമീപത്തേയ്ക്ക് പോകുന്നു.}

[#ഈ രംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ് ]

ശേഷം ആട്ടം-
ശ്രീരാമനിർദ്ദേശനുസ്സരണം ലക്ഷ്മണൻ അസ്ത്രം തൊടുത്ത് ഭൂമിയിൽ നിന്നും ജലം വരുത്തി ജടായുവിനു നൽകുന്നു. ശ്രീരാമൻ ജടായുവിനെ മടിയിൽ കിടത്തി അനുഗ്രഹിച്ച്, തലോടിക്കൊണ്ടിരിക്കെ ജടായു ജീവൻ വെടിയുന്നു. രാമനിദ്ദേശാനുസ്സരണം ലക്ഷ്മണൻ ജടായുവിന്റെ ജഡം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് യാത്രതുടർന്നമട്ടിൽ നിഷ്ക്രമിക്കുന്നു.
രാമന്‍(സദനം ക്യഷ്ണന്‍‌കുട്ടി) ജടായുവിന്(എഫ്.എ.സി.റ്റി ഭാസ്കരന്‍) സത്ഗതി നല്‍കുന്നു

-----(തിരശ്ശീല)-----

ബാലിവധം എട്ടാംരംഗം

സീതയെ അന്യൂഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന 
രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ് എട്ടാം‌രംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.

ബാലിവധം ഒൻപതാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
“തദനുസ രഘുവര്യൻ പമ്പയാകും സരസ്സിൻ
 തടമതനുജനോടും കോമളൻ പുക്കുസാകം
 മദനവിശിഖഖിന്നൻ മാനസേ താപമോടും
 മഗധമഹിപപുത്രീപുത്രനോടേവമൂചേ”
{പിന്നീട് ശ്രീരാമൻ അനുജനോടുകൂടി പമ്പാസരസ്സിന്റെ തീരത്തെത്തി. ദുഃഖിതനായ രാമൻ സുമിത്രാപുത്രനോട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമൻ ദുഃഖിച്ച് വലതുഭാഗത്ത് പീഠത്തിലിരികുന്നു. ലക്ഷ്മണൻ ഇടത്തുവശത്ത് നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദാഭിനയം ആരംഭിക്കുന്നു.

ശ്രീരാന്റെ പദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“സഹജസൌമിത്രേ മഹിരനഞ്ജസാ
 ദഹനരശ്മിയാല്‍ ഗഗനേ കാണുന്നു”
ചരണം2:
“ഉടലിലേറെയും ചൂടു തോന്നുന്നു
 വിടപിമൂലത്തില്‍ ഝടിതിപോനാം”
{അനുജാ, ലക്ഷ്മണാ, ഇതാ ആകാശത്തില്‍ ചുട്ടുപഴുത്ത രശ്മികളോടുകൂടിയ സൂര്യനെ കാണുന്നു. ഉടലില്‍ വല്ലാത്ത ചൂടുതോന്നുന്നു. നമുക്കുടനെ മരച്ചുവട്ടിലേയ്ക്കു പോകാം.}

ലക്ഷ്മണന്റെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“രഘുപതേ വിഭോ രജനിയിലഹോ
 രവിയുദിക്കുമോ രുചിരഭാഷണ
 ഇന്ദ്രസന്നിഭ സുന്ദരാനന
 ഇന്ദിരാലയ ചന്ദ്രനാകുന്നു”
{രഘുവംശശ്രേഷ്ഠാ, രാത്രിയില്‍ സൂര്യനുദിക്കുമോ? ശ്രീഭഗവതിക്കിരിപ്പിടമായവനേ, ചന്ദ്രനാണിത്.}

ശ്രീരാമന്‍:
ചരണം3:(കാലം വലിച്ച്)
“സഹജസൌമിത്രേ പോക നീയിനി
 സഹജനാകിയ ഭരതസന്നിധൌ
 വാരിജാക്ഷിയാം സീതയെവിനാ
 പോരുന്നില്ലഞാന്‍ ഇനി അയോദ്ധ്യയില്‍”
{അനുജാ, ലക്ഷ്മണാ, നീയിനി സോദരനായ ഭരതന്റെ സന്നിധിയിലേയ്ക്ക് പോയ്ക്കൊള്ളു. സീതയെക്കൂടാതെ ഞാനിനി അയോദ്ധ്യക്കില്ല.}

ലക്ഷ്മണന്‍:
ചരണം2:
“രാഘവ കോമളാകൃതേ
 കാമരൂപ നീ ഖേദിച്ചീടൊല്ല
 ജനകകന്യകാ ജാനകി സതീ
 മാനവേശ്വര മന്നിലെങ്കിലും”
ചരണം3:
“വാനവര്‍പുരം തന്നിലെങ്കിലും
 കൌണവര്‍പുരം തന്നിലെങ്കിലും
 ജലനിധി തന്നിലെങ്കിലും മറ്റു
 ശൈലങ്ങളിലെന്നാകിലും വിഭോ”
ചരണം4:(കാലം തള്ളി)
“കൊണ്ടുവന്നീടുന്നുണ്ടു നിര്‍ണ്ണയം
 കുണ്ഡലീസമചണ്ഡസായക
 അജാത്മജാത്മജാ അതി-
 ശോകത്തെ ചിന്മയാകൃതേ മുഞ്ച മുഞ്ച നീ”
{രാമാ, രാഘവാ, സുന്ദരാകൃതേ, കാമരൂപാ, അവിടുന്ന് ദുഃഖിക്കരുതേ. പ്രഭോ, പതിവ്രതയായ ജനകകന്യക ജാനകി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ രാക്ഷസപുരിയിലോ പര്‍വ്വതങ്ങളിലോ എവിടെയായാലുംശരി തീര്‍ച്ചയായും ഞാന്‍ കൊണ്ടുവരും. സര്‍പ്പസമം ക്രൂരങ്ങളായ അസ്ത്രങ്ങളോടുകൂടിയവനേ, ദശരഥപുത്രാ, ചിന്മയാകൃതേ, അങ്ങ് അതിയായ ദുഃഅഖത്തെ കൈവിടുക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ ഇരിക്കുന്ന ശ്രീരാമനെ കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീരാമൻ:(അനുഗ്രഹിച്ചശേഷം) ‘നീ പറഞ്ഞതുകേട്ട് എനിക്ക് ഏറ്റവും സമാധാനം കൈവന്നു. എന്നാല്‍ നമുക്കിനിയും യാത്ര തുടരുകയല്ലേ?’
ലക്ഷ്മണന്‍:‘അങ്ങിനെതന്നെ’
ഇരുവരും ചേര്‍ന്ന് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2008 ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പത്താംരംഗം

രംഗത്ത്-സുഗ്രീവൻ‍(രണ്ടാംതരം ചുവന്നതാടി), ഹനുമാന്‍[കുട്ടി](കുട്ടിത്തരം വെള്ളത്താടിവേഷം),

ശ്ലോകം-രാഗം:ഘണ്ടാരം
“ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
 കല്യാണാലയമൃശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
 ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
 താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി:“
{ഇപ്രകാരം ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമന്‍,നടന്ന് ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.}

സുഗ്രീവന്റെ തിരനോട്ടം-
കുട്ടിഹനുമാന്റെ തിരനോട്ടം-
സുഗ്രീവന്റെ ഇരുന്നാട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് സുഗ്രീവൻ തിരതാഴ്ത്തുന്നു.
സുഗ്രീവന്‍:‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിതെറിച്ച് മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളും ഭക്ഷിച്ച് കഴിയുമ്പോള്‍ എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്) ‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവല്‍കലധാരികളാണ്. താപസരാണോ?. എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? # എനി എന്താണ് ചെയ്യേണ്ടത്? ആകട്ടെ, ഇനി ഉടനെ മന്ത്രിമാരുമായി ആലോചിച്ചുറപ്പിക്കുകതന്നെ’
സുഗ്രീവന്‍ നാലാമിരട്ടിയെറ്റുത്ത് കലാശിക്കുന്നതോടെ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

[# സുഗ്രീവന്‍ മന്ത്രിമാരുമായി കൂടിയാലോചിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല. സുഗ്രീവന്റെ ആട്ടത്തെതുടര്‍ന്ന് പതിനൊന്നാം രംഗമാണ് അവതരിപ്പിക്കുക പതിവ്. അങ്ങിനെയാകുമ്പോള്‍ താഴെപ്പറയുന്നവിധമാകും സുഗ്രീവന്‍ ആട്ടം അവസാനിപ്പിക്കുക.
സുഗ്രീവന്‍:(തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാന്‍, ആ വരുന്നവര്‍ ആരെന്ന് വേഗം പോയ്അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു. ദാ ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു. ആകട്ടെ ഇനി അവരെ കണ്ട് വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ’]

വീണ്ടും തിരനീക്കുമ്പോള്‍ ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കുട്ടിഹനുമാന്‍ തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട’വെച്ച് മുന്നോട്ടുവന്ന് വലതുവശത്ത് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് ഭവ്യതയോടെ തൊഴുതുനില്‍ക്കുന്നു.
സുഗ്രീവന്‍:(അനുഗ്രഹിച്ചശേഷം എഴുന്നേറ്റിട്ട്) ‘അല്ലയോ മന്ത്രിവര്യന്മാരേ, ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
സുഗ്രീവന്‍:
ചരണം1:
“കോടിസൂര്യശോഭയോടും
 ഈ വനമതില്‍ ആടലന്യൈ
 സഞ്ചാരം ഞാന്‍ കണ്ടു ഭീതോഹം”
പല്ലവി:
“ശൃണുത നിങ്ങള്‍ സചിവവരരേ വച്മി കിഞ്ചന”
ചരണം2:
“താപസാകൃതികളായി
 സഞ്ചരിക്കയും ചാപമേന്തി
 ചര്‍മ്മവും ധരിച്ചതെന്തഹോ”
{കോടിസൂര്യശോഭയോടുകൂടി ഈ വനത്തില്‍ കൂസലില്ലാതെ ഇവര്‍ സഞ്ചരിക്കുന്നതുകണ്ട് ഞാന്‍ ഭയപ്പെടുന്നു. മന്ത്രിവര്യന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ പെട്ടന്ന് ശ്രവിക്കുക. താപസവേഷത്തില്‍ മരവുരിയുമുടുത്ത് വില്ലുമേന്തി സഞ്ചരിക്കുന്നതെന്ത്?}

ഹനുമാന്‍:
ചരണം3:(മൂന്നാം കാലം)
“വാ‍നരേന്ദ്രാ നില്‍ക്ക ഇവിടെ മാമകം വാക്യം
 മാനസം തെളിഞ്ഞു കേള്‍ക്ക ഭാനുനന്ദന”
ചരണം4:
“മലയമായ ശൈലശിഖരം ഇവിടമാകുന്നു
 ബാലിഭീതി ഇവിടെയില്ലെന്നോര്‍ത്തുകാണ്‍കെടോ”
പല്ലവി:
“കളക സംഭ്രമം കപീന്ദ്ര വാച്മി കിഞ്ചന”
{വാനരേന്ദ്രാ, സൂര്യനന്ദനാ, ഇവിടെ നില്‍ക്കു. എന്റെ വാക്യം ശ്രദ്ധയോടെ കേള്‍ക്കുക. ഇത് മലയപര്‍വ്വതത്തിന്റെ കൊടുമുടിയാണ്. ഇവിടെ ബാലിയെ ഭയപ്പെടേണ്ടതില്ലെന്ന് മനസ്സിലാക്കുക. കപീന്ദ്രാ, സംഭ്രമം കളഞ്ഞ് വാക്കുകള്‍ ശ്രവിച്ചാലും.}

സുഗ്രീവന്‍:
ചരണം5:
“ഭൂമിപാലമിത്രരായി പലരുമുണ്ടഹോ
 അമിതബലരെ അതിനാല്‍ ബാലി ചോദിതൌ ശങ്കേ”
ചരണം6:
“വായുതനയ വൈകിടാതെ പോയവിടെ നീ
 ന്യായമോടവര്‍കളേവരെന്നറിഞ്ഞു വരികെടോ”
{രാജാവിന്റെ മിത്രങ്ങളായി പലരുമുണ്ട്. അതിനാല്‍ അതിബലവാന്മാരായ ഇവരെ ബാലി അയച്ചതായിരിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു. വായുപുത്രാ, നീ വൈകാതെ പോയി അവര്‍ ആരെന്ന് വിശദമായി അറിഞ്ഞുവരിക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കുമ്പിട്ടിട്ട് ഹനുമാന്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു.
സുഗ്രീവൻ:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ വേഗം പോയി വിവരങ്ങള്‍ അറിഞ്ഞുവന്നാലും’
ഹനുമാന്‍:‘അങ്ങിനെതന്നെ’
സുഗ്രീവനെ വീണ്ടും കുമ്പിട്ടിട്ട് ഹനുമാന്‍ നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചിട്ട് സുഗ്രീവന്‍ പീഠത്തില്‍ ഇരിക്കുന്നു. 
-----(തിരശ്ശീല)-----

ബാലിവധം പതിനൊന്നാംരംഗം

രംഗത്ത്-ശ്രീരാമന്‍, ലക്ഷ്മണന്‍, വടു(കുട്ടിത്തരം മിനുക്കുവേഷം), ഹനുമാന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“സുഗ്രീവനേവമുരചെയ്തതു കേട്ടു വീരന്‍
 സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി
 അഗ്രേസരം ക്ഷിതിഭുജാം സമുപേത്യ നത്വാ
 ശക്രോപമം രഘുവരം ജഗദേ ഹനുമാന്‍”
{സുഗ്രീവന്‍ ഇപ്രകാരം പറഞ്ഞതുകേട്ട് വീരനായ ഹനുമാന്‍ സന്തോഷത്തോടുകൂടി ഒരു ബ്രഹ്മചാരിരൂപം കൈക്കൊണ്ട് ഇന്ദ്രസമനും രാജശ്രേഷ്ഠനുമായ ശ്രീരാമന്റെ സമീപത്തുചെന്ന് നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമന്‍ വലതുവശത്തായി പീഠത്തിലിരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി വില്ലുകുത്തിപ്പിടിച്ച് ലക്ഷ്മണന്‍ നില്‍ക്കുന്നു. ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന വടു രാമലക്ഷ്മണന്മാരെ കണ്ട്, വന്ദിച്ചിട്ട് ഉയര്‍ത്തിപ്പിടിച്ച കൂപ്പുകൈകളോടെ പദത്തിന് ചുവടുവെയ്ക്കുന്നു. (സാധാരണയായി ഈപദത്തിന് മുദ്രാഭിനയം പതിവില്ല)

ഹനുമാന്റെ പദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“ജ്യാഘാതചിഹ്നകരൌ സുകുമാരൌ
 ജ്യാവരതനയൌ നമാമി യുവാം”
ചരണം2:
“രൂപശാലികളായുളോര്‍ നിങ്ങള്‍ വനേ
 താപസവേഷത്തെ പൂണ്ടിട്ടുതന്നെ”
ചരണം3:
“ചാപപാണികളായി നടപ്പാനെന്തു
 ഭൂപതനയരെ കാരണം ചൊല്‍‌വിന്‍”
ചരണം4:
“സുഗ്രീവനെന്നു മഹാത്മാവായിട്ടൊരു
 വിക്രമിയാകിയ വാനരരാജന്‍”
ചരണം5:
“ഋഷ്യമൂകത്തില്‍ വസിക്കുന്നു നിങ്ങടെ
 സഖ്യത്തെ വാഞ്ച്ഛിച്ചീടുന്നനുവേലം”
ചരണം6:
“തത്സചിവനെന്നറിഞ്ഞീടണമെന്നെ
 വായുതനയന്‍ ഹനുമാനെന്നുപേര്‍”
{തഴമ്പുള്ള കൈകളോടുകൂടിയവരും കോമളരൂപന്മാരും രാജകുമാരന്മാരുമായ നിങ്ങളെ നമിക്കുന്നു. സുന്ദരന്മാരായ നിങ്ങള്‍ താപസവേഷം ധരിച്ച് ചാപപാണികളായി വനത്തില്‍ നടക്കുവാന്‍ കാരണമെന്ത്? രാജപുത്രന്മാരേ, പറയുവിന്‍. മഹാത്മാവും പരാക്രമിയുമായ സുഗ്രീവന്‍ എന്നൊരു വാനരരാജാവ് ഋഷ്യമൂകപര്‍വ്വതത്തില്‍ വസിക്കുന്നുണ്ട്. അദ്ദേഹം നിങ്ങളുടെ സഖ്യത്തെ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രിയായ ഞാന്‍ വായുപുത്രനായ ഹനുമാനാണന്ന് അറിഞ്ഞാലും.}

പദം കലാശിക്കുന്നതോടുകൂടി വടു പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുകയും കുട്ടിഹനുമാന്‍ പ്രവേശിച്ച് ആ സ്ഥാനത്ത് തൊഴുതുനില്‍ക്കുകയും ചെയ്യുന്നു. ശ്രീരാമന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ പദം-രാഗം:കല്യാണി(കാനക്കുറിഞ്ഞിയിലും പതിവുണ്ട്), താളം:അടന്ത(മുന്നാം കാലം)
ചരണം1:
“സൌമിത്രേ സോദര മാരുതി ഏവം
 ഉരച്ചതിനുത്തരം സദൃശം ചൊല്ക”
ചരണം2:
“സാമനിധേ സരസീരുഹലോചന
 സ്വാമികാര്യോത്സാഹിയല്ലോ ഹനുമാന്‍”
{അനുജാ, ലക്ഷ്മണാ, ഹനുമാന്‍ ഇപ്രകാരം പറഞ്ഞതനുസ്സരിച്ച് ഉത്തരം പറയുക. താമരക്കണ്ണാ, യജമാനന്റെ കാര്യത്തില്‍ ഉത്സാഹമുള്ളയാളാണ് ഹനുമാന്‍.}

പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ലക്ഷ്മണന്‍ പദം അഭിനയിക്കുന്നു.

ലക്ഷ്മണന്റെ പദം-രാഗം:സാവേരി, താളം:മുറിയടന്ത
പല്ലവി:
“ഹേ പവനാത്മജ ധീരവര കേള്‍ക്ക
  ഭൂപമണി രാമചന്ദ്രന്‍ ചരിതം”
ചരണം1:
“മംഗല സാകേതവാസി മഹീപതി
 തുംഗപരാക്രമനാകും ദശരഥന്‍
 തന്നുടെ സൂനുവാമാര്യന്‍ രഘൂത്തമന്‍
 പിന്നെ ഭരതനിളയോന്‍ ഞാന്‍”
ചരണം2:
“മിത്രകുലാനന്ദിയാകിയ ബാലകന്‍
 ശത്രുഘ്നനെന്നവന്‍ തമ്പിയെനിക്കൊ
 വീതഖേദം വാഴുംകാലം മഹീപതി
 താതവാക്കുകേട്ടു കാനനേ വന്നു”
ചരണം3:
“പഞ്ചവടിയില്‍ വസിക്കുന്ന കാലം
 മഞ്ജുളാംഗീം ആര്യന്റെ ജായാം സീതാം
 രാത്രിഞ്ചരനായ രാവണന്‍ കൊണ്ടുപോയി
 അത്ര വന്നന്വേഷിപ്പാനായി ഞങ്ങള്‍”
ചരണം4:(മുറുകിയകാലം)
“മുന്നം ദനു ചൊല്ലിക്കേട്ടു നിന്നുടയ
 മന്നവന്‍ സുഗ്രീവന്റെ വൃത്താന്തമെല്ലാം”
{ധീരാഗ്രേസരനായ ഹേ വായുപുത്രാ, രാജരത്നമായ ശ്രീരാമചന്ദ്രന്റെ ചരിതം കേള്‍ക്കുക. നന്മനിറഞ്ഞ അയോദ്ധ്യയിലെ രാജാവും മഹാപരാക്രമിയുമായ ദശരഥന്റെ പുത്രനാണ് എന്റെ ജേഷ്ഠനായ ഈ രഘുവംശശ്രേഷ്ഠന്‍. അദ്ദേഹത്തിന്റെ അനുജന്‍ ഭരതന്‍. ഭരതന്റെ അനുജനാണ് ഞാന്‍. സൂര്യവംശത്തെ ആ‍നന്ദിപ്പിക്കുന്ന ബാലകനായ ശത്രുഘ്നന്‍ എന്റെ അനുജനാണ്. ദുഃഖമില്ലാതെ വാഴുന്നകാലത്ത് രാജാവ് അച്ഛന്റെ വാക്കുനുസ്സരിച്ച് കാനനത്തില്‍ വന്നു. പഞ്ചവടിയില്‍ താമസിക്കുന്ന കാലത്ത് ജേഷ്ഠന്റെ പത്നിയും സുന്ദരിയുമായ സീതാദേവിയെ രാക്ഷസനായ രാവണന്‍ കൊണ്ടുപോയി. അന്വേഷിക്കാനായി വന്നതാണ് ഞങ്ങള്‍. മുന്‍പ് ദനു എന്ന ഗന്ധര്‍വ്വന്‍ പറഞ്ഞ് നിന്റെ രാജാവാ‍യ സുഗ്രീവന്റെ കഥയെല്ലാം ഞങ്ങള്‍ കേട്ടിട്ടുണ്ട്.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ രാമന്റെ വലതുഭാഗത്തേക്കുവന്നു നില്‍ക്കുന്നു.
ഹനുമാൻ:(കുമ്പിട്ടിട്ട്) ‘എന്നാല്‍ നമുക്കിനി വേഗം സുഗ്രീവസമീപത്തേയ്ക്ക് പോവുകയല്ലെ?’
ശ്രീരാമന്‍:‘അങ്ങിനെതന്നെ’
ഹനുമാന്‍:‘ഭവാന്മാരെ ഞാന്‍ ചുമലിലെടുത്ത് കൊണ്ടുപോകാം’
വീണ്ടും വന്ദിച്ച് ഹനുമാന്‍ രാമലക്ഷ്മണന്മാരെ വലം ഇടം കൈകളില്‍ കോര്‍ത്തുപിടിച്ച്(ചുമലിലേറ്റിയഭാവത്തില്‍) പിന്നിലേയ്ക്കു കാല്‍കുത്തിമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു. 
-----(തിരശ്ശീല)-----

ബാലിവധം പന്ത്രണ്ടാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സുഗ്രീവൻ

ശ്ലോകം-രാഗം:കാമോദരി
“ലക്ഷ്മണൻ ചൊന്ന വാക്യം കേട്ടുതൻ രൂപമോടെ
 ലക്ഷ്മണഞ്ചാപിരാമം കണ്ഠഭാഗേ വഹിച്ചു
 തൽക്ഷണം ശൈലവര്യം പുക്കു തൻ സ്വാമി മുന്നിൽ
 ദക്ഷനാകും ഹനുമാൻ ചൊല്ലിനാൻ സൂര്യസൂനും”
{ലക്ഷ്മണൻ പറഞ്ഞ വാക്യം കേട്ട് സമർത്ഥനായ ഹനുമാൻ തന്റെ സ്വന്തം രൂപം ധരിച്ച് രാമലക്ഷ്മണന്മാരെ ചുമലിലേറ്റ്ക്കൊണ്ട് ഉടനെ മലമുകളിൽ ചെന്ന് തന്റെ സ്വാമിയായ സൂര്യപുത്രന്റെ മുന്നിൽ ഇപ്രകാരം പറഞ്ഞു.}

മുൻ രംഗാന്ത്യത്തിലേതുപോലെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തോടൊപ്പം ഹനുമാനും രാമലക്ഷ്മണന്മാരും പ്രവേശിക്കുന്നു. രാമലക്ഷ്മണന്മാരെ ഇടതുവശത്ത് നിർത്തി മുന്നോട്ടുവരുന്ന ഹനുമാൻ വലതുഭാഗത്തായി പീഠത്തിലിരിക്കുന്ന സുഗ്രീവനെ വന്ദിക്കുന്നു. സുഗ്രീവൻ ഹനുമാനെ അനുഗ്രഹിക്കുകയും രാമലക്ഷ്മണന്മാരെ കണ്ട് എഴുന്നേറ്റ് ആദരവോടെ നിൽകുകയും ചെയ്യുന്നു. കുട്ടിഹനുമാൻ പദാഭിനയം ആരംഭികുന്നു.

കുട്ടിഹനുമാന്റെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“സ്വാമിൻ മഹമതേ സാകേതവാസൻ
 ദശരഥഭൂമിപന്റെ സുതരാമിവർ
 കാനനേ വന്നു പിതാവിൻ
 നിയോഗം നിമിത്തമായി”
ചരണം2:
“പഞ്ചവടിയിൽ വസിക്കുന്ന കാലം
 ഖരനാദി കൌണപരെയെല്ലാം
 പഞ്ചതയേ നയിപ്പിച്ചു വസിക്കുമ്പോൾ
 രാമജായാം വൈദേഹിം”
ചരണം3:
“പങ്തികണ്ഠൻ വഞ്ചിച്ചു കൊണ്ടുപോയ
 തന്വേഷിച്ചിവിടെ വന്നു
 പമ്പയാം സരസ്സിന്നന്തികാലിവരെയിങ്ങു
 കൊണ്ടുപോന്നേൻ വീരൌ ഞാൻ”
ചരണം4:
“ഇക്ഷ്വാകുവംശമണികൾ മഹീപാലൻ
 പൂജ്യരല്ലോ ഭവതാസമം^
 ഇക്ഷുശരാസനതുല്യ നിന്നോടുള്ള
 സഖ്യത്തെ വാഞ്ചിക്കുന്നു”
{സ്വാമിൻ, മഹാമതേ, അയോദ്ധ്യാധിപതിയായ ദശരഥരാജന്റെ പുത്രരായ ഇവർ പിതാവിന്റെ നിയോഗം നിമിത്തം കാനനത്തിൽ വന്നവരാണ്. ഖരൻ ആദിയായ രാക്ഷസരെയെല്ലാം വധിച്ച് പഞ്ചവടിയിൽ വസിക്കുന്നകാലത്ത് രാമപത്നിയായ സീതയെ രാവണൻ വഞ്ചിച്ചു കൊണ്ടുപോയി. അന്വേഷിച്ച് പമ്പാനദീതീരത്ത് എത്തിയ ഈ വീരന്മാരെ ഞാൻ ഇങ്ങു കൊണ്ടുപോന്നു. ഇക്ഷ്വാവംശരത്നങ്ങളായ ഈ രാജാക്കന്മാർ പൂജ്യരല്ലോ. കാമദേവതുല്യാ, ഇവർ അങ്ങയോട് സഖ്യം ചെയ്യാൻ ആഗ്രഹിക്കുന്നു.}

[^‘ഭവതാസമം’ എന്നുകേൾക്കുന്നതോടെ സുഗ്രീവൻ രാമലക്ഷ്മണന്മാരെ നമസ്ക്കരിക്കുന്നു. അവരുടെ അനുഗ്രഹം ഏറ്റുവാങ്ങിക്കൊണ്ട് സുഗ്രീവൻ ആദരവോടെ അവരെ മാന്യസ്ഥാനത്തേയ്ക്ക്(വലതുഭാഗത്തേയ്ക്ക്) ആനയിക്കുന്നു. ശ്രീരാമൻ വലത്തുഭാഗത്തേയ്ക്കുവന്ന് പീഠത്തിലിരിക്കുന്നു. ലക്ഷ്മണൻ രാമന്റെ വലതുവശത്തായി നിൽക്കുന്നു.]

പദാഭിനയം കലാശിക്കുന്നതോടെ ഹനുമാൻ എല്ലാവരേയും വണങ്ങി പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചശേഷം സുഗ്രീവൻ പദം അഭിനയിക്കുന്നു.

സുഗ്രീവന്റെ പദം-രാഗം:കമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“ബാലിഭയം കൊണ്ടിവിടെ ഹതദാര-
 നായ്‌വസിക്കുന്നേൻ ഞാൻ
 ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ
 വാഞ്ചിക്കുന്നേനധികം”
ചരണം2:
“മത്തമതംഗജയാന ദശരഥ-
 നന്ദന എനിക്കിപ്പോൾ
 ഹസ്തം തന്നെന്നോടു സഖ്യം ചെയ്തീടേണം
 അഗ്നിസാക്ഷിയായിട്ടു”
{പത്നി അപഹരിക്കപ്പെട്ടവനായ ഞാനും ബാലിയെ ഭയപ്പെട്ട് ഇവിടെ വസിക്കുന്നു. രാജാക്കന്മാരുടെ ശിരോരത്നമേ, നിന്റെ സഖ്യത്തെ ഞാൻ അധികമായി ആഗ്രഹികുന്നു. മദയാനയുടെ നടയുള്ളവനേ, ദശരഥപുത്രാ, എനിക്കിപ്പോൾ ഹസ്തം തരിക. അഗ്നിസാക്ഷിയായിട്ട് എന്നോട് സഖ്യം ചെയ്തീടേണം.}

ശ്രീരാമന്റെ പദം-രാഗം:കമോദരി, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“അസ്തു തഥാ തവ പാണിയെത്തന്നു ഞാൻ
 സഖ്യത്തെ ചെയ്തീടുന്നേൻ
 നിൻ കളത്രാപഹാരി ബാലിയെക്കൊന്നിട്ടു
 രാജ്യവും നൽകീടുന്നേൻ^
 ചരണം2:
“ദർപ്പമിയലുമമോഘങ്ങളാമെന്റെ
 ബാണങ്ങളെ കാൺകെടോ ജീവ-
 ദർപ്പഹാരികൾ രിപുകുലത്തിന്നിവ
 സുഗ്രീവ സൂര്യസുത”
{അങ്ങിനെയാകട്ടെ, കൈ തന്ന് ഞാൻ സഖ്യം ചെയ്യുന്നു. നിന്റെ പത്നിയെ അപഹരിച്ച ബാലിയെ കൊന്ന് താങ്കൾക്ക് രാജ്യവും നൽകുന്നുണ്ട്. സുഗ്രീവാ, സൂര്യപുത്രാ, മൂശ്ചയുള്ളവയും ഒരിക്കലും ലക്ഷ്യം പിഴയ്ക്കാത്തവയും ശത്രുക്കൂട്ടത്തിന്റെ അഹങ്കാരം ഹരിക്കുന്നവയുമായ എന്റെ ബാണങ്ങൾ കാണുക.}

[
^‘നൽകീടുന്നേൻ’ എന്ന് ആടുന്നതിനെ തുടർന്ന് ശ്രീരാമൻ കലാശത്തിനൊപ്പം അഗ്നിയെ സങ്കൽ‌പ്പിച്ച് സത്യമുദ്രയോടെ സുഗ്രീവന്റെ കയ്യിലടിച്ച് സത്യം ചെയ്യുന്നു.]

സുഗ്രീവൻ:
ചരണം4:
“രാവണൻ സീതയെ കൊണ്ടുപോകുന്ന നേരം
 രാമേതി സാ രുദതീ
 ശോഭയേറും ഭൂഷ്ണങ്ങളും മഞ്ജുള-
 മുത്തരീയമെന്നിവ”
ചരണം5:
“ഇട്ടുംകളഞ്ഞു നടന്നതു ഞാനി-
 ങ്ങെടുത്തുവെച്ചിട്ടുണ്ടഹോ തവയാ’
 ദ്രഷ്ടവ്യങ്ങൾതന്നെ രാഘവ രാമേതി
 ദിവ്യാഭൂഷണങ്ങൾ”
{രാവണൻ സീതയെ കൊണ്ടുപോകുന്ന നേരത്ത് ദേവി ‘രാമാ, രാമാ’ എന്നു വിലപിച്ചുകൊണ്ട് ശോഭയേറിയ ആഭരണങ്ങളും മനോഹരമായ അംഗവസ്ത്രവും താഴേയ്ക്കിട്ടു. ഞാൻ അത് എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രാഘവാ, രാമാ, അവ അങ്ങ് കാണേണ്ടവതന്നെയാണ്.}

പദം കലാശിക്കുന്നതോടെ സുഗ്രീവൻ നിഷ്ക്രമിക്കുന്നു. തുടർന്ന് ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:ഘണ്ടാരം
“ഇത്ഥം പറഞ്ഞു രഘുവീരകരേ ഹരീന്ദ്രൻ
 ചിത്രാണിഭൂഷണകുലാനി കൊടുത്തശേഷം
 അത്തൽ മുഴുത്തു വിലലാപനരേന്ദ്രനപ്പോൾ
 ഹസ്തീന്ദ്രമത്തഗമനാ വിരഹാർത്തിയാലേ”
{ഇങ്ങിനെ പറഞ്ഞ് വാനരേന്ദ്രൻ വിചിത്രങ്ങളായ കുറേ ആഭരണങ്ങൾ ശ്രീരാമന്റെ കയ്യിൽ കൊടുത്തു. അപ്പോൾ മത്തനായ ഗജേന്ദ്രനെപ്പോലെ നടക്കുന്നവളുടെ(സീതയുടെ) വിരഹതാപത്താൽ ദുഃഖം മുഴുത്ത് നരേന്ദ്രൻ വിലപിച്ചു.}

[
^ശ്ലോകമാരംഭിക്കുന്നതോടെ പട്ടിൽ പൊതിഞ്ഞ ആഭരണങ്ങളുമായി സുഗ്രീവൻ വീണ്ടും പ്രവേശിക്കുന്നു. ശ്രീരാമൻ എഴുന്നേറ്റ് ജിജ്ഞാസയോടെ ഇരുകൈകളും നീട്ടികാണിക്കുന്നു. ‘ഭൂഷണകുലാനി കൊടുത്ത’ എന്നാലപിക്കുന്നതിനൊപ്പം സുഗ്രീവൻ ആഭരണപ്പൊതി രാമന്റെ കൈയ്യിൽ നൽകുന്നു. ആഭരണങ്ങൾ കണ്ട് സങ്കടം വർദ്ധിക്കുന്ന ശ്രീരാമൻ രംഗമദ്ധ്യത്തിലേയ്ക്കുവന്ന് നിലത്തിരുന്ന് ആഭരണപ്പൊതി മുന്നിൽ വെച്ചിട്ട് വിലപിക്കുന്നു.]

വലതുവശത്തായി വില്ലുകുത്തിപിടിച്ച് ലക്ഷ്മണനും ഇടത്തുവശത്തായി സുഗ്രീവനും വിഷമത്തോടെ നോക്കി നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“പ്രേയസി മമ ജാനകി സീതേ
 മായാവികളാം നിശിചരരാൽ
 ജായേ ബത പീഡിതയായി
 മേവുകയോ ബാലേ”
ചരണം2:
“ഉള്ളിൽമുദാ നിന്നുടെ വചസാ
 കള്ളമൃഗത്തിൻ പിറകേ നട-
 കൊള്ളുമുടൻ നിശിചരനെന്നുടെ-
 യുള്ളിലഴൽ ചേർത്തു”
{എന്റെ പ്രിയേ, ജാനകീ, സീതേ, കുട്ടീ, കഷ്ടം! മായാവികളായ രാക്ഷസരാൽ ഭവതി പീഡിതയായി കഴിയുകയണോ? നിന്റെ വാക്കുകേട്ട് ഉള്ളിൽ സന്തോഷത്തോടെ ആ കള്ളമൃഗത്തിന്റെ പിറകെ ചെന്നപ്പോൾ പെട്ടന്ന് രാക്ഷസൻ എനിക്ക് ദു:ഖം ഉണ്ടാക്കിവെച്ചു.}

ലക്ഷ്മണന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“രാമവിഭോ പീഡിക്കരുതേ
 ഭീമപരാക്രമനാകിയ നീ
 ഭൂമീപതിതിലക മഹാത്മൻ
 കാമസമാകാര”
{രാമപ്രഭോ, രാജശ്രേഷ്ഠാ, മഹാത്മാവേ, കാമതുല്ല്യാ, ഭീമപരാക്രമനാകിയ അങ്ങ് ദു:ഖിക്കരുതേ.}

ശ്രീരാമൻ:
ചരണം3:
“തരുണിമണികുചകലശോപരി
 തിരളുന്നൊരു ഹരമിതല്ലോ
 അരികിലഹോ കാൺക^ സഹോ-
 ദര ഹാ ഹാ കിമുകരവൈ”
{സുന്ദരീരത്നത്തിന്റെ കുചകുംഭങ്ങൾക്കുമീതെ ശോഭിച്ചിരുന്ന മാലതന്നെയാണിത്. അനുജാ, അരികിൽ വന്നു നോക്കു. ഹാ! ഹാ! കഷ്ടം! ഞാൻ എന്തുചെയ്യട്ടെ?}

[
^‘കാൺക’ എന്നാടുമ്പോൾ ലക്ഷ്മണൻ രാമന്റെ സമീപം ചെന്നിരുന്ന് ആഭരണങ്ങൾ വീക്ഷിച്ച്ച്ചിട്ട് ‘കഷ്ടം!‘ എന്നു കാട്ടുന്നു.]

സുഗ്രീവന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“രഘുവീര മഹാരഥദേവ സകലേശ്വര പീഡിക്കരുതേ
 അഘരഹിത മഹാത്മൻ ദശരഥസുകുമാരകുമാര
 പോരാളികളാകിയ കൌണപർ പാരാളും രാവണഹതയേ
 നീരാളും മുകിലൊളികുഴലിയെക്കണ്ടു വരുന്നുണ്ടു”
{രഘുവീരാ, മഹാരഥപുത്രാ, സകലേശ്വരാ, നിർദ്ദോഷനും മഹാത്മാവുമായ ദശരഥന്റെ സുന്ദരനായ പുത്രാ, ദുഃഖിക്കരുതേ. പോരാളികളാകിയ രാക്ഷസരുടെ രാജ്യം ഭരിക്കുന്ന രാവണനാൽ അഹരിക്കപ്പെട്ട നീലകാർവേണിയാളെ കണ്ടുവരുന്നുണ്ട്.}

സുഗ്രീവൻ പദം അഭിനയിക്കുന്നതോടെ ശ്രീരാമൻ തെല്ലു സമാധാനപ്പെട്ട് എഴുന്നേറ്റ് നിൽക്കുന്നു. സുഗ്രീവൻ പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ കൈയ്യിലടിച്ച് സത്യംചെയ്യുന്നു. ശ്രീരാമൻ ആഭരണങ്ങൾ സുഗ്രീവനെ ഏൽ‌പ്പിക്കുന്നു. ശ്രീരാമൻ സന്തോഷവാനാകുന്നു.
സുഗ്രീവൻ(പെരിയാനമ്പറ്റ ദിവാകരൻ) പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ(കലാ:പ്രദീപ്) കൈയ്യിലടിച്ച് സത്യംചെയ്യുന്നു
ശേഷം ആട്ടം-
സുഗ്രീവൻ:‘ബാലി അതിബലവാനാണ്. അവനു തുല്യം ശക്തിയുള്ളവരായി ആരും ഇല്ല. അവൻ പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭി എന്ന അസുരനെ ചുഴറ്റി ദൂരേയ്ക്ക് എറിഞ്ഞുകൊന്നു. അവന്റെ അസ്ഥികൂടം അതാ കിടക്കുന്നു. അവിടത്തേയ്ക്ക് അത് എടുത്തെറിയുവാൻ സാധിക്കുകയില്ലെ?’
ശ്രീരാമൻ:‘ഓഹോ, ഒട്ടും പ്രയാസമില്ല. വഴിപോലെ കണ്ടാലും.’
ശ്രീരാമൻ നാലാമിരട്ടിയെടുത്ത് കലശിക്കുന്നതിനൊപ്പം വലംകാലിന്റെ പെരുവിരൾകൊണ്ട് അസ്ഥികൂടം പൊക്കി എറിയുന്നതായി നടിക്കുന്നു. സുഗ്രീവൻ അത്ഭുതപ്പെട്ടു നിൽക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.


ശ്ലോകം#-രാഗം:കേദാരഗൌളം
“ഏവം സുഗ്രീവവാക്യപ്രമുദിതഹൃദയൌ രാഘവോ ദുന്ദുഭേസ്തം
  പാദാംഗുഷ്ഠേന കായം ഗുരുതരതരസൈവാക്ഷിപാന്നസ്ഥിശേഷം
  താവല്‍ ശാഖാമൃഗണാം മനസി സമജനി പ്രത്യയഃ കിഞ്ചനാര്‍ത്ഥം
  സുഗ്രീവോ സൌ കപീന്ദ്രാന്‍ സഖിബലമറിവാന്‍ സംശയാലേവമൂചേ||”
{ഇപ്രകാരം സുഗ്രീവന്റെ വാക്കിനാല്‍ ഉള്ളില്‍ സന്തോഷവാനായ ശ്രീരാമന്‍ ദുന്ദുഭിയുടെ അസ്ഥിമാത്രമായ ശരീരം കാല്പെരുവിരല്‍കൊണ്ട് എടുത്തെറിഞ്ഞപ്പോള്‍ വാനരന്മാര്‍ക്ക് മനസ്സില്‍ അല്പം വിശ്വാസം തോന്നിയെങ്കിലും സംശയം മുഴുവന്‍ തീരാത്ത സുഗ്രീവന്‍ ശ്രീരാമബലം അറിവാനായി വീണ്ടും ഇങ്ങിനെ പറഞ്ഞു.}


[#ഈ രംഗത്തിൽ സാധാരാണയായി ഈ ശ്ലോകം മുതലുള്ള ഭാഗങ്ങൾ മാത്രമെ ചൊല്ലിയാ‍ടാറുള്ളു. ഇതുവരെയുള്ള ഭാഗങ്ങൾ ആട്ടത്തിൽ കഴിക്കുകയാണ് പതിവ്. അങ്ങിനെയാകുമ്പോൾ കുട്ടിഹനുമാൻ രംഗത്ത് ഉണ്ടാവുകയുമില്ല.] 

സുഗ്രീവന്‍:‘അങ്ങ് നിഷ്പ്രയാസം ദുന്ദുഭിയുടെ കായവിക്ഷേപം നടത്തി. എങ്കിലും എനിക്കൊരു സംശയമുണ്ട്. സഖേ, ഞാന്‍ പറയുന്നത് കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം അഭിനയിക്കുന്നു.

പദം-രാഗം:കേതാരഗൌള, താളം:ചമ്പ
സുഗ്രീവന്‍:
പല്ലവി:
“രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ”
ചരണം1:
“ദുന്ദുഭി തന്നുടെ കായവിക്ഷേപണം
 അന്നുഖിന്നോപിചെയ്തല്ലൊ ബാലി”
ചരണം2:
“മന്നവ നീയതിനെ മോദേനചെയ്തതിനു
 ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ”
ചരണം3:
“ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍
 ബലമിയലും കയ്യൂക്കു കട്ടുവതിനായ്”
ചരണം4:
“സാലന്തികം പുക്കു താഡനം ചെയ്തുടന്‍
 കൈത്തരിപ്പടക്കീടും സാലമിതല്ലൊ”
ചരണം5:
“ഉന്നതശാഖങ്ങളായ സാലങ്ങളില്‍
 ഒന്നിനെ ഭേദിക്കവേണം ഭവാന്‍”
ചരണം6:
“എന്നാലതിനു മടികൂടാതെ ചെയ്‌വതി-
 നുന്നിശ്ശരത്തെ നീ യാത്രയാക്കേണം”
{സുഹൃത്തേ രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന് അവിടുന്നും അതുചെയ്തു. എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന് താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍ ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം. എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍ അങ്ങ് ബാണത്തെ അയക്കണം.}
.
രാമന്‍:
ചരണം7:
“സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു
 അഗ്രേ നീ കാണവേ സാലങ്ങളെ”
ചരണം8:
“ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം
 വിക്രമം നീയതിനെയറിക കപിവീര”
പല്ലവി:
“സാദരമയേ വാക്കു കേള്‍ക്ക മമ വീരാ”
{സുഗ്രീവാ, താങ്കള്‍ക്ക് ഉറപ്പുവരാന്‍, നിന്റെ മുന്നില്‍‌വെച്ച്തന്നെ ഉഗ്രമായ ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍ അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.}

രാമന്‍ വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്, കെട്ടിച്ചാടി അസ്ത്രമയക്കുന്നു. 

(വലന്തലമേളം)
സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു വീഴുന്നതുകണ്ട് സുഗ്രീവന്‍ വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.
സപ്തസാലഭേദനം (ശ്രീരാമന്‍-കലാ:രാജീവ്, ലക്ഷ്മണന്‍-ആര്‍.എല്‍.വി.സുനില്‍, സുഗ്രീവന്‍-കോട്ട:ദേവദാസ്)
ശേഷം ആട്ടം-
സുഗ്രീവന്‍:‘അല്ലയോ രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.
രാമന്‍:‘അതു ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍ സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും’
സുഗ്രീവന്‍:‘ശരി. അവിടുത്തെ കല്‍പ്പനപോലെ’
രാമന്‍:‘നിങ്ങള്‍ യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്’
(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും’
ലക്ഷ്മണന്‍ വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു. സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.

സുഗ്രീവന്‍+:(തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു വിളിക്കുകതന്നെ’

[+പഴയചിട്ടയനുസ്സരിച്ച് രാമലക്ഷ്മണന്മാര്‍ നിഷ്ക്രമിച്ചാല്‍ തിരശ്ശീലപിടിച്ച് ഒരു ശ്ലോകം ചെല്ലിയതിനുശേഷം സുഗ്രീവന്‍ പ്രവേശിച്ചിട്ടാണ് പോരിനുവിളിച്ചിരുന്നത്.]

സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.

സുഗ്രീവപദം-ആഹരിരാഗം,ചെമ്പടതാളം.
ചരണം1:
“വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
 അഗ്രജ വൈകാതെ യാഹി ശക്രജ വാ പോരിനായി”
പല്ലവി:
“പോരിനായേഹി സോദരാ”
ചരണം2:
“നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
 നിന്നോടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ്”
(“പോരിനായേഹി സോദരാ”)
ചരണം3:
“കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര
 കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍”
(“പോരിനായേഹി സോദരാ”)
{പരാക്രമിയായ അങ്ങയുടെ അനുജന്‍ സുഗ്രീവന്‍ അങ്ങയെ പോരിനുവിളിക്കുന്നു. ഇന്ദ്രപുത്രനായ ജേഷ്ഠാ, താമസിയാതെ പോരിനുവരിക. യുദ്ധത്തിനായി വരൂ സോദരാ. അങ്ങയോട് തെറ്റുചെയ്യാത്തവനാണെന്ന്‍ ഓര്‍ക്കാതെ എന്നെ രാജ്യത്തുനിന്നും ഓടിച്ചുവല്ലൊ. ഇന്നു ഞാന്‍ പോരിനായി വന്നിരിക്കുകയാണ്. കരബലത്താല്‍ കൈടഭതുല്യന്മാരായ ശൂരന്മാരെ ജയിച്ചവനെ, ചന്ദ്രാനന, തൊഴുകയ്യോടേ ഞാന്‍ യുദ്ധത്തിനു വിളിക്കുന്നു.}

ശേഷം 'നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിചവുട്ടി സുഗ്രീവന്‍ പലതവണ പോരിനുവിളിച്ചിട്ട്,’ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം പതിമൂന്ന്,പതിനാല്, പതിനഞ്ച്, പതിനാറ് രം‌ഗങ്ങള്‍.

പതിമൂന്നാംരംഗം
രംഗത്ത്-ബാലി(ഒന്നാതരം ചുവപ്പതാടി), സുഗ്രീവന്‍, രാമന്‍, ലക്ഷ്മണന്‍, താര, അംഗദന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-
 രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും
 ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:
 ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ”
{പോരിനുവിളികേട്ട് കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്, ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.}

ബാലിയുടെ രൌദ്രപൂര്‍ണ്ണമായ തിരനോട്ടം-
തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍ പീഠത്തില്‍നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്നു.
ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്) ‘ചെവിപൊട്ടുമാറുച്ചത്തില്‍ എന്നെ പോരിനു വിളിച്ചതാര്?’
ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ ‍(സദസ്യരുടെ ഇടയില്‍ നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.
ബാലിയെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) കണ്ട് സുഗ്രീവന്‍(കോട്ട:ദേവദാസ്) ഭയന്നോടുന്നു.
ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’
സുഗ്രീവന്‍:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’
ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’
സുഗ്രീവന്‍:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’
ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട് വാ’
സുഗ്രീവന്‍ പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി’ കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു കാണിക്കുന്നു.
ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍ ഞാനൊറ്റക്ക് പാലാഴി കടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലം കൂടി എനിക്ക് ലഭിക്കുമെന്ന അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?, ആ,വാ,വാ’
സുഗ്രീവന്‍:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’
സുഗ്രീവന്‍ മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസിനിടയിലൂടെ ഓടി തിരികെ രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു(തിരശ്ശീലമാറ്റുന്നു)
ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട് നോക്കിക്കൊ’
‘പര്‍വ്വതം ചുറ്റല്‍’ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും.
നാലാമിരട്ടിയെടുത്തിട്ട് ബാലി പദം അഭിനയിക്കുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പ(കലാശങ്ങള്‍ പഞ്ചാരിതാളത്തില്‍)
പല്ലവി:
“മത്തനാമെന്നോടടര്‍ പൊരുതുപാരം
 ആര്‍ത്തനായോടിയ മര്‍ക്കടമൂഢ”
ചരണം1:
“പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍
 മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം
 കഠിനതര കലഹമൊടു ഘനതരകരത്താല്‍
 ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍”
ചരണം2:
“സാഹസമോടു നിന്^ മസ്തകം ഭിത്വാ
 ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍
 ലോഹിതാശ്വന്തന്നിലിട്ട ത്യണമിവ
 ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍”
{മദം മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ, വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട പുല്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.}

[^‘സാഹസമോടു നിന്‍‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ടനായ രാക്ഷസന്‍ രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍ എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി, കലാശമെടുത്തിട്ട് ചരണം ആടുന്നു.]

സുഗ്രീവന്റെ മറുപടി പദം-രഗം:ഘണ്ടാരം, താളം:ചെമ്പ
.ചരണം1:
“സോദരബാലിന്‍ പദാബുജം നിന്റെ
 സാദരം നൌമി മാം പാലയദീനം”
ചരണം2:
“തവസഹജനമിതബല^ പിഴകളും പൊറുത്തു
 യുവനൃപത മമ തരിക മഹിതഗുണ കീര്‍ത്തേ”
{അമിതബലവാനായ ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും}

[^‘തവസഹജനമിതബല’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
“സോദരബാലിന്‍“ബാലി-കലാ:രാമചന്ദന്‍‌ഉണ്ണിത്താന്‍,സുഗ്രീവന്‍-കോട്ട:ദേവദാസ്.
ബാലി:
ചരണം3:
“യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^
 ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
 യുവനൃപത തരണമിതി പറവതിനുഝടിതി
 തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍”
{മുന്‍പ് നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ച് ഓടി. ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍ കാലുകള്‍ ‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍‌പോകുന്നത്.}

[^‘യുദ്ധത്തിനെന്നെ വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’ എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]

‘അരുതേ, അരുതേ’ എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി മറിക്കുന്നു. മറിഞ്ഞുവീണ സുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.

സുഗ്രീവന്‍:
ചരണം3:
“കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
 കൃതജ്ഞനാകിയ ,മര്‍ക്കടവീര
 കുടിലതരഹൃദയമതു കളക സഹജാനീ
 ദൃഢതയൊടു പടപൊരുതുവതിന്നിഹ യാഹി”
{വിവെകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച് കരളുറപ്പോടെ യുദ്ധത്തിനു വരിക.}

ശേഷം യുദ്ധം-
ഇരുവരും ക്രമത്തിൽ പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി നലാമിരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.
(മേളം നിലക്കുന്നു)
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക, കൊഞ്ഞണംകുത്തുക, മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു. അതിനുശേഷം ‘കിടന്നു ചവിട്ടല്‍’
(നേരിയതോതില്‍ മേളം തുടങ്ങുന്നു)
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ് ‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം
(മേളം മുറുകുന്നു)
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന്‘പുലിയങ്കം’ എന്നപേര്‍ വന്നത്. ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ രംഗത്ത് പ്രവേശിക്കുന്നു#. രാമന്‍ ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റബാലി (സദസ്യര്‍ക്കിടയില്‍ നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്,ബാലിയുടെ ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലെക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
 ബാലിസുഗ്രീവയുദ്ധം-ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും
[# ഇവിടെ വെച്ച് പതിമൂന്നാം‌രംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു. ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച്, രംഗങ്ങൾ അപൂവ്വമായെ അവതരിപ്പിക്കപ്പെടാറുള്ളു. സാധാരണയായി പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും. പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട് രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ സംയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു. ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു. ഇങ്ങിനെ പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.]

ബാലിയുടെ പദം-രാഗം:തോടി, താളം:മുറിയടന്ത
പല്ലവി:
“രാഘവ നരപതേ ശൃണു മമ വചനം”
ചരണം1:
“എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി
 നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ”
ചരണം2:
“വാനരമാംസം ഭുജിപ്പതിനു യോഗ്യമോ
 മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ”
ചരണം3:
“കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍
 നൂനമൊരപരാധം ചെയ്തവനല്ലാ”
{രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തവനല്ല.}

രാമന്റെ മറുപടി പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പ
പല്ലവി:
“ശാഖാമൃഗപുഗവ മാ കുരുശോകത്തെ
 സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍”
ചരണം1:
“സകലദിക്കുകളിലും നരപതിതതികളെ
 സുമുഖനയച്ചവരില്‍ രാമനഹമേകന്‍
 ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
 നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍“
ചരണം2:
“പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
 പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
 വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
 വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.”
{വാനരപുഗവ,ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി ധമ്മത്തെ രക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും അനുജരും തുല്യമാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ. ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍ വധിച്ചതെന്ന് അറിയുക.}

താരയുടെ വിലാപ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
പല്ലവി:
“ഹാ ഹാ നാഥ നായക
 സത്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ” 
(“ഹാ ഹാ നാഥ നായക”)
ചരണം1:(രാമനോട്)
“ത്വത്ഭാര്യാ വിയോഗത്താല്‍ മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ
 എന്നാലിവനോടുകൂടി എന്നെയുമയക്ക ഭവാന്‍”
(“ഹാ ഹാ നാഥ നായക”)
{ഹാ! കഷ്ടം! സത്ഗുണസമ്പനനായ ഭര്‍ത്താവേ, സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവൊ? പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നല്ലൊ? എദ്ദേഹത്തിനൊപ്പം എന്നേയും അയക്കുക.}

ഇടശ്ലോകം-രാഗം:ഘണ്ടാരം
“താരയാം വാനരസ്ത്രീയേവമങ്ങേകുമപ്പോള്‍
 ഘോരമാം സായകത്താല്‍ ദീനനായ് ബാലിതാനും
 ചാരുവാം വില്ലുമായ് മുന്നില്‍നില്‍ക്കുന്ന രാമം
 വീരനാമിന്ദ്രസൂനു ചൊല്ലിനാന്‍ മോദമോടെ”
{വാനരസ്ത്രീയായ താര ഈവിധം വിലപിക്കുമ്പോള്‍ ഘോരമായ അസ്ത്രമേറ്റ് ദൈന്യാവസ്തയില്‍‌പെട്ട ബാലി, മനോഹരമായ വില്ലുമേന്തി തന്റെ മുന്നില്‍നില്‍ക്കുന്ന ശ്രീരാമചന്ദനോട് മോദത്തോടെ ഇങ്ങിനെ പറഞ്ഞു.}

ബാലി മുന്നില്‍നില്‍ക്കുന്ന ശ്രീരാമനില്‍ വിഷ്ണുരൂപം ദര്‍ശ്ശിച്ച്, അത്ഭുതാദരങ്ങളോടെ അടിമുടിനോക്കി, ഭക്തിയോടേ സമസ്ക്കരിച്ചിട്ട് പദമാടുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:(രാമനോട്)
“ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
 അയി മമ മൊഴി കേള്‍ക്ക”
ചരണം2:
“കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
 കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ”
ചരണം3:
“അംഗദനും താരതാനും നിരാരാധരരായി
 നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര”
ചരണം4:(സുഗ്രീവനോട് )^
“കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
 കിഞ്ചന ചിരം ജീവാ”
ചരണം5:(രാമനോട്)
“ഒരുമൊഴി പറവാനും പണിയായി മേ
 കരുണാവാരിധേ രാമാ രാമാ”
ചരണം6:-രാ‍ഗം:ഭൂപാളം
“ശ്രീവത്സവത്സരാമ ശ്രീനാരായണ
 ഗോവിന്ദ മുക്തിം ദേഹി”
{അല്ലയൊ ശ്രീരാമചന്ദ്ര, അവിടുത്തെ മ്പാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും. കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെവേണം. ഈ സുവര്‍ണ്ണഹാരം അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ, എനിക്ക് ഒരു വാക്ക് ഉച്ചരിക്കാനും കൂടി കഴിയാതെയായി. ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.}

[^“കാഞ്ചനമാലയെ ധരിക്ക” എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]

ശേഷം ആട്ടം-
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട് പറിച്ചെടുക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം പറിച്ചെടുക്കുന്നു.(ലക്ഷമണന്‍-കലാ:ശുചീന്ദ്രനാഥ്,രാമന്‍-കലാ:പ്രദീപ്,താര-കലാ:അരുണ്‍ വാര്യര്‍,ബാലി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,)
ശ്രീരാമന്‍ ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍ പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന് ശ്രീരാമനെ വന്ദിക്കുന്നു.
രാമന്‍:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്) ‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്യൂഷണത്തിനായി വാനരസേനയോടു കൂടി വന്നാലും’
സുഗ്രീവന്‍:‘കല്‍പ്പനപോലെ’
സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----