2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ബാലിവധം രണ്ടാം‌രംഗം

രംഗത്ത്-രാവണന്‍, മാരീചൻ‍(ചുട്ടിക്കുതാഴെ കറുത്തതാടികെട്ടിയ നെടുങ്കത്തി)

ശ്ലോകം-രാഗം:പാടി
“വീരസ്തദാനിം രജനീചരന്ദ്രന്‍
 ശ്രീരാമദാരാഹരണം വിധാതും
 മാരീചഗേഹേ സമവാപ്യവേഗാല്‍
 മാരീചമൂചേ യമചോദിതോസൌ”
{അപ്പോള്‍ വീരനായ രാക്ഷസേന്ദ്രന്‍ അന്തകന്റെ പ്രേരണയാല്‍ ശ്രീരാമപത്നിയെ അപഹരിക്കുവാനായി വേഗത്തില്‍ മാരീചസമീപം ചെന്ന് പറഞ്ഞു.}

ഇടതുഭാഗത്തുകൂടി രാവണന്‍ ‘കിടതകധിം,താ’ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന മാരീചനെ കണ്ട്, വന്ദിക്കുന്നു. മാരീചന്‍ രാക്ഷസരാജനെ കണ്ട്, എഴുന്നേറ്റ് രാവണനോട് ആസനസ്തനാവാന്‍ പറയുന്നു. രാവണന്‍ ആദരവോടെ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട
പല്ലവി:
“മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍
 പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം”
“അധുനാ നീയിതുകേള്‍ക്കണം”
(രാവണന്‍-മടവൂര്‍ വാസുദേവന്‍ നായർ)
ചരണം1:
“ദശരഥസുതനാകിയ രാമന്‍
 അനുജനുമായ്‌വിപിനേവന്നു.
 ആശരവര മത്സോദരിയാം
 ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍”
ചരണം2:
“ക്യത്തശ്രുതി നാസികയാക്കി
 ഖരദൂഷണരെ ബത രാമന്‍
 യുദ്ധാങ്കണമതില്‍ ഹതരാക്കി
 സ്വൈരം വാഴുന്നവരവിടിടെ”
ചരണം3:
“തത്ഭാര്യയെ കൊണ്ടിഹവരുവാ-
 നിപ്പോള്‍ ഞാനിഹ പോകുന്നു
 അല്പേതരവിക്രമനാം നീ
 പോരണമെന്നോടിതിനായ്”
{രാക്ഷസശ്രേഷ്ടനായ മാരീചാ,മാതുല, എന്റെ മനസ്സില്‍ ഒരു ദു:ഖം വല്ലാതെ വര്‍ദ്ധിക്കുന്നു. അതുകേട്ടാലും. ദശരഥസുതനായ രാമന്‍ അനുജനുമായ് കാട്ടില്‍ വന്നു. ലക്ഷ്മണനെന്നവന്‍ എന്റെ സോദരിയായ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു. കഷ്ടം! രാമന്‍ ഖരദൂഷണാദികളെ യുദ്ധത്തില്‍ കൊന്നു. അവര്‍ സസുഖം ഇവിടെ വാഴുന്നു. അവന്റെ ഭാര്യയെ കൊണ്ടുപോരുവാന്‍ ഞാനിപ്പോള്‍ത്തന്നെ പോകുന്നു. അതിപരാക്രമിയായ അങ്ങ് ഇതിന് എന്റെകൂടെ വരണം.}
"ആശരവര മത്സോ....." (രാവണന്‍-കലാ:വാസുപ്പിഷാരോടി)
മാരീചന്റെ മറുപടി പദം-രാഗം:പാടി, താളം:ചെമ്പട
പല്ലവി:
“രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക
 ഘനബലരിപുകുലരാവണാ”
അനുപല്ലവി:
“രഘുവീരനോടൊന്നിനും പോകരു-
 തെന്നിഹ കരുതുന്നേന്‍”
{കരുത്തേറിയ ശത്രുസമൂഹത്തെ ശബ്ദംകൊണ്ട് വിറപ്പിക്കുന്ന രാവണാ, രാമനെതിരായി ഒന്നും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം}

രാവണന്‍:‘കാരണമെന്ത്?’

മാരീചന്‍:
ചരണം1:
“മുന്നമഹോ കൌശികയാഗം
 നന്നായി മുടക്കുവതിനായി
 ചെന്നൊരുന്നാള്‍ മന്നവവീരന്‍
 പാവനമാമസ്ത്രമയച്ചു”
ചരണം2:
“മാമപിസാഗരമതിലാക്കി
 ബഹുകാലം വാണവിടെ ഞാന്‍
 രാമനുടന്‍ കൊന്നു സുബാഹുവെ
 അളവില്ലാത്താശരരേയും”
{അമ്പോ! മുന്‍പ് വിശ്വാമിത്രയാഗം മുടക്കുവാനായി ചെന്ന ഒരു ദിവസം ആരാജവീരന്‍ വയവ്യാസ്ത്രമെയ്ത് എന്നെ സമുദ്രത്തില്‍ വീഴ്ത്തി. വളരെ കാലം ഞാനവിടെ കഴിഞ്ഞുകുടി. സുബാഹുവിനേയും എണ്ണമറ്റ രാക്ഷസരേയും രാമന്‍ വേഗത്തില്‍ കൊന്നൊടുക്കി.}

രാവണന്‍:‘എന്തായാലും അവനൊരു മനുഷ്യന്‍ തന്നെയല്ലെ?’

മാരീചന്‍:
ചരണം3:
“രാമനഹോ മാനുഷനല്ല
 നാരായണനായതു നൂനം+
 രാമനോടു വിരോധം ചെയ്‌വതു
 നേരല്ല നിനക്കിതു നിയതം”
{അഹോ! രാമന്‍ മാനുഷനല്ല, മഹാവിഷ്ണു തന്നെയാണ്. രാമനോട് എതിരിടുന്നത് നിനക്ക് നല്തതല്ല}

രാവണന്‍:
ചരണം4:(മുറുകിയകാലത്തില്‍)
“ഏവംനീയെന്നോടോരോ-
 ന്നുരചെയ്യാതാശുവരേണം
 കേവലമൊരു മാനുഷനെന്നൊടു
 പോരിനു ബത നില്പതിനാളോ”
{ഈവിധമോരോന്ന് എന്നോട് പറയാതെ നീ ഉടനെ വരേണം. വെറും ഒരു മനുഷ്യന്‍ എന്നോടുയുദ്ധംചെയ്യാന്‍ ആളാകുമൊ?}

മാരീചന്‍:(ആത്മഗതം)‘ഇവനെ അനുസരിച്ചില്ലെങ്കില്‍ ഇവന്‍ എന്നെ കൊല്ലും, നിശ്ചയം. എനിക്കു മരണം ആസന്നമായിരിക്കുന്നു. അത് രാമബാണത്താലായാല്‍ മോക്ഷം ലഭിക്കും. ആയതിനാല്‍ ഇവനെ അനുസരിക്കുകതന്നെ.'
മാരീചന്‍:(രാവണനോട്)
ചരണം4:
“പോരുന്നെന്‍ ഞാന്‍ നിന്നോടു കൂടവേ
 അതിനാല്‍ നിശിചരരുടെ വംശം
 വേരോടേ നശിച്ചീടുമല്ലോ
 നിശിചരവര നൂനമിദാനിം”
{ഞാന്‍ നിന്നോടുകൂടെ പോരുന്നു. രാക്ഷസവര, നിന്റെ ഈ പ്രവൃത്തിയാല്‍ നമ്മുടെ വംശം വേരോടേ നശിക്കുമെന്നുറപ്പാണ്.}
“പോരുന്നെന്‍ ഞാന്‍.........” മാരീചനും(നന്ദകുമാരന്‍) രാവണനും(കലാ:ക്യഷ്ണന്‍ നായര്‍)
ശേഷം ആട്ടം-

രാവണന്‍:(ഇരിക്കുന്ന മാരീചനെ തൊഴുതിട്ട്) ‘അല്ലയൊ മാതുലാ,അങ്ങ് ഉടനെ മായയാല്‍ അതിമനോഹരമായ ഒരു പൊന്‍‌മാനിന്റെ രൂപംധരിച്ച് ചെന്ന്, തുള്ളിക്കളിച്ച് സീതയുടെ മനസ്സില്‍ ആഗ്രഹം ജനിപ്പിച്ചാലും. അപ്പോള്‍ രാമലക്ഷ്മണന്മാര്‍ മാനിനെ പിടിക്കാനയിവരും. അങ്ങ് സൂത്രത്തില്‍ അവരെ ദൂരേക്ക് അകറ്റികൊണ്ടുപോകണം. ആ സമയത്ത് ഞാന്‍ ഒരു സന്ന്യാസിവേഷത്തില്‍ ചെന്ന് നല്ലവാക്കുകള്‍ പറഞ്ഞ് സീതയെ കൊണ്ടുപോന്നുകൊളളാം. അങ്ങിനെ ചെയ്യുകയല്ലെ?’
മാരീചന്‍:‘അതെ, അങ്ങു പറഞ്ഞതുപോലെ എല്ലാം ഞാന്‍ ചെയ്തുകൊള്ളാം’
മാരീചന്‍ നിഷ്ക്രമിക്കുന്നു.+ രാവണന്‍ വീണ്ടും വന്ദിച്ച് മാരീചനെ യാത്രയാക്കിയിട്ട് വീണ്ടും തിരിഞ്ഞ് രംഗത്തേക്ക് വരുന്നു.
രാവണന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇനി വേഗം പഞ്ചവടിയിലേക്ക് പുറപ്പെടുക തന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സൂതനോട്) ‘എടോ സൂതാ, വേഗം രഥം കൂട്ടിക്കൊണ്ടുവന്നാലും’ (സൂതനെ അയച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കൊണ്ടുവന്നുവൊ?’ (രഥം നോക്കികണ്ട് തൃപ്തിപ്പെട്ടിട്ട്) ‘ഇനി രഥം പഞ്ചവടിയിലേക്ക് വഴിപോലെ തെളിച്ചാലും’.
നാലാമിരട്ടിയെടുത്ത് രാവണന്‍ തേരില്‍ചാടിക്കയറി പിന്നിലേക്ക് തിരിയുന്നു. വിണ്ടും ഓടിക്കൊണ്ട് പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.
രാവണൻ:(ഇടത്തുചവുട്ടി വലത്തോട്ട് നോക്കി, സൂതനെന്ന നിലയില്‍ വന്ദിച്ചിട്ട്) ‘അല്ലയൊ സ്വാമിന്‍ രഥം പഞ്ചവടിയിലെത്തിയിരിക്കുന്നു’ (വലതുമാറി രാവണനായി കേട്ടിട്ട്) ‘ഉവ്വോ? എന്നാലിനി സീതയുടെ വാസസ്ഥലം തിരഞ്ഞുകണ്ടാലും’. (ഇടതുമാറി സൂതനായി കേട്ട്, വണങ്ങി, തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സീതയെ കണ്ട്, വലത്തേക്ക്നോക്കി വന്ദിച്ച്) ‘അല്ലയൊ രാക്ഷസരാജ, സീത ഇതാ ഇരിക്കുന്നു. വഴിപോലെ കണ്ടാലും‘. (ഇടതുമാറി രാവണനായി കേട്ടിട്ട് ‘ഉവ്വോ?’.
രാവണന്‍ ഉത്തരീയത്തോടേ കൈകള്‍ കെട്ടിനിന്ന് സീതയെ കാണുന്നു. കാണുമ്പോള്‍ ഹര്‍ഷം, അത്ഭുതം, കാമപീഡയാലുള്ള വിഷാദം, സുഖം ഇങ്ങിനെ വിവിധഭാവങ്ങള്‍ രാവണനിലുണ്ടാകുന്നു.
രാവണന്‍:^‘ഞാന്‍ ഇന്ദ്രാണിയേയും മറ്റുള്ള അപ്സരസ്ത്രീകളേയും ഓരോന്നായി കണക്കാക്കി കാരാഗ്രഹത്തിലടച്ചു. പിന്നെ പത്തുദിക്കുകളും ജയിച്ച് അവിടെയുള്ള സുന്ദരിമാരേമുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റി കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് പാര്‍വ്വതിയേയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൌന്ദര്യം കണ്ടില്ല. അഹോ! വളരെകാലമായിട്ട് ഇന്ന് എന്റെ കണ്ണുകള്‍ക്ക് സാഫല്യം കൈവന്നു.‘

[^ഈ ആട്ടം ‘ആശ്ചര്യചൂടാമണി’യിലെ
“ഇന്ദ്രാണീമഹമപ്സരോഭിരനയം കാരാഗൃഹേ ഗണ്യതാം
 സംഹാരോജയതാ ദിശോദശമയ സ്ത്രീണാം കൃത പുഷ്പകേ,
 കൈലാസോദ്ധരണേപി വേപഥുമതി മദ്രാക്ഷമദ്രേസുതാം
 ദൃഷ്ടുംതാസുനരൂപമീ ദൃശമഹോ! ചക്ഷുശ്ചിരാത് സാര്‍ഥകം” എന്ന ശ്ലോകത്തെ അടിസ്താനമാക്കിയാണ് ചിട്ടപ്പെടുത്തിയിക്കുന്നത്.]

രാവണന്‍:(ദൂരെ കണ്ടിട്ട്)'അതാ ഒരു പൊന്മാനിന്റെ രൂപം ധരിച്ച മാരീചൻ സീതയുടെ മനസ്സിൽ ആഗ്രഹം ജനിക്കുമാറ് തുള്ളിക്കളികുന്നു. മാനിനെ പിടിക്കുവാനായി അതാ ശ്രീരാമൻ പുറപ്പെടുന്നു. (ആലോചിച്ചിട്ട്) ‘ആകട്ടെ,ഇനി വേഗത്തില്‍ ഒരു സന്ന്യാസിവേഷം ധരിച്ച് അവളുടെ അടുത്തുചെന്ന് നല്ലവാക്കുകളും എന്റെ വൈഭവവും പറഞ്ഞ്,ഇവളെ സ്വാധീനമാക്കി കൊണ്ടുപോരികതന്നെ’.
രാവണന്‍ നാലാമിരട്ടിയെടുത്ത് സന്ന്യാസിവേഷം ധരിച്ചതായി നടിച്ച്, കപടഭക്തിയില്‍ നാമംജപിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

രണ്ടാം‌രംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
[+മാരീചന്‍ ‘നാരായണനായതു നൂനം’ എന്നുപറയുന്നതുകേട്ട് രാവണന്‍ കോപിച്ച്, മാരീചനെ പിടലിക്കുപിടിച്ച് ഇടത്തേക്ക് മാറ്റിയിട്ട് ‘ഏവം നിയെന്നോടോരോ’ എന്ന ചരണമാടുകയും, പിന്നെ മാരീചന്‍ ‘പോരുന്നേന്‍ ഞാന്‍’ എന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ രാവണന്‍ മാരീചനെ മുന്നേപ്പോലെ വലതുവശത്തേക്ക് ഇരുത്തുന്നതുമായ ഒരു സമ്പൃദായം പണ്ട് ഉണ്ടായിരുന്നു. ഇന്ന് അത് കാണുന്നില്ല. എന്നാല്‍ തെക്കന്‍ ചിട്ടയില്‍ ഇത് ഇന്നും നടപ്പിലുണ്ട്.]

[+മാരീചനോടുകൂടിതന്നെ രാവണന്‍ പഞ്ചവടിക്ക് പുറപ്പെടുകയും, ആശ്രമപരിസരത്തെത്തി സീതയെ കണുമ്പോള്‍ ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകം മാരീചനോടായി ആടുകയും ചെയ്യുന്ന രീതിയും പണ്ടുണ്ടായിരുന്നു.]

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

ബാലിവധം കഥകളി കാണാന്‍ പോകുന്നവര്‍ മണിയുടെ ബ്ലോഗ്‌ നോക്കിയിട്ട് പോകൂ എന്ന് പറയുന്ന കാലം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.