സന്താനഗോപാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സന്താനഗോപാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സന്താനഗോപാലം

മണ്ടവപ്പിള്ളി ഇട്ടിരാരിച്ചമേനോൻ രചിച്ച പ്രസിദ്ധമായ ഒരു ആട്ടക്കഥയാണ് 
സന്താനഗോപാലം. ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ എൺപത്തൊൻപതാം അദ്ധ്യായത്തെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
ശ്രീകൃഷ്ണൻ ബ്രലരാമാദികളോടൊത്ത് ദ്വാരകാപുരിയിൽ വാഴുന്നകാലത്ത് 
ഒരുദിവസം അർജ്ജുനൻ അവിടെയെത്തി ഭഗവാനെ കാണുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. കുറച്ചുകാലം തന്റെകൂടെ വസിക്കുവാനുള്ള ശ്രീകൃഷ്ണന്റെ നിർദ്ദേശം മാനിച്ച് അർജ്ജുനൻ ദ്വാരകയിൽ കഴിയുന്നു. അക്കാലത്ത് ദ്വാരകാവാസിയായ ഒരു ബ്രാഹ്മണന് എട്ടുവർഷങ്ങളിലായി എട്ടുപുത്രന്മാർ ജനിക്കുകയും, ജനിച്ച ഉടനെതന്നെ മരിച്ചുപോവുകയും ചെയ്തിരുന്നു. ഓരോ കുട്ടികളും മരണപ്പെടുമ്പോൾ ബ്രാഹ്മണൻ ആ ശിശുശവവുമേന്തി രാജകൊട്ടാരത്തിലെത്തി വിലപിക്കുക പതിവായിരുന്നു. അങ്ങിനെ ഒൻപതാമതായി പിറന്ന കുട്ടിയും മരിച്ചപ്പോൾ, അവന്റെ ശവവുമായി യാദവസഭയിലെത്തി ബ്രാഹ്മണൻ വിലപിക്കുകയും കൃഷ്ണനെ ദുഷിക്കുകയും ചെയ്യുന്നു രണ്ടാം രംഗത്തിൽ. കൃഷ്ണാദികളായ യാദവരൊന്നുംതന്നെ ഇത് ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ അർജ്ജുനൻ ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുകയും, ഇനി ഒരു പുത്രൻ ജനിക്കുകയാണെങ്കിൽ അവനെ താൻ രക്ഷിച്ചുതരുമെന്നും, അത് സാധിക്കാത്തപക്ഷം അഗ്നിപ്രവേശം ചെയ്യുമെന്ന് സത്യംവരിക്കുയും ചെയ്യുന്നു. അർജ്ജുനന്റെ സത്യത്തിൽ വിശ്വസിച്ച് ഉത്സാഹത്തോടെ തന്റെ ഗൃഹത്തിൽ മടങ്ങിയെത്തുന്ന ബ്രാഹ്മണൻ നടന്ന സംഭവങ്ങളെല്ലാം പത്നിയെ അറിയിക്കുന്നു രംഗം മൂന്നിൽ. അനന്തരം ദൈവപ്രാർത്ഥനതല്പരരായി വസിക്കവെ ബ്രാഹ്മണപത്നി വീണ്ടും ഗർഭംധരിച്ചു. നലാം രംഗത്തിൽ, പ്രസവനാൾ അടുത്തു എന്ന് പത്നി ബ്രാഹ്മണനെ അറിയിക്കുന്നു. ഉടനെ ബ്രാഹ്മണൻ അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാനായി പുറപ്പെടുന്നു. അഞ്ചാം രംഗത്തിൽ ബ്രാഹ്മണൻ വന്ന് അറിയിച്ചതനുസരിച്ച് ബ്രാഹ്മണനൊപ്പം പുറപ്പെട്ട് ബ്രാഹ്മണഗൃഹത്തിലെത്തുന്ന അർജ്ജുനൻ സൂതികാലയമായി ഒരു ശരകൂടം നിർമ്മിച്ചുനൽകി അതിന് കാവൽ നിൽക്കുന്നു. ബ്രാഹ്മണപത്നി ഒരു ഉണ്ണിയെ പ്രസവിച്ചു എങ്കിലും പത്താമനായ ആ ഉണ്ണിയേയും ദൈവം മറച്ചുകളഞ്ഞു. ഉണ്ടായ ബാലകന്റെ ശവംകൂടി കാണാനില്ല എന്ന് അറിഞ്ഞ് കോപാന്ധനായിതീരുന്ന ബ്രാഹ്മണൻ അർജ്ജുനനെ അധിക്ഷേപിക്കുന്നു. ബ്രാഹ്മണന്റെ ശകാരം കേട്ട് അവിടെനിന്നും പോന്ന അർജ്ജുനൻ കുട്ടിയെ അന്യൂഷിച്ച് യമപുരിയിലെത്തുന്നു രംഗം ആറിൽ. യമപുരിയിൽ ബാലന്മാരില്ല എന്ന് ബോധ്യപ്പെട്ട അർജ്ജുനൻ കുട്ടികളെത്തേടി സ്വർഗ്ഗത്തിലെത്തുന്നു രംഗം ഏഴിൽ. കുട്ടികളുടെ തിരോധാനത്തെപ്പറ്റി ഇന്ദ്രനും അറിവില്ല എന്നു മനസ്സിലാക്കിയ അർജ്ജുനൻ തുടർന്ന് മറ്റുലോകങ്ങളിലും അന്യൂഷിക്കുന്നുവെങ്കിലും എങ്ങും ബ്രാഹ്മണബാലരെ കണ്ടെത്താനാവുന്നില്ല. ഒടുവിൽ നിരാശനായി ദ്വാരകയിൽ മടങ്ങിയെത്തുന്ന അർജ്ജുനൻ അഗ്നികുണ്ഡം ജ്വലിപ്പിച്ച് അതിൽ ചാടി സത്യം പാലിക്കുവാനായി ഒരുങ്ങുന്നു രംഗം എട്ടിൽ. അപ്പോൾ പെട്ടന്ന് അവിടെയെത്തുന്ന ശ്രീകൃഷ്ണൻ പാർത്ഥനെ തടഞ്ഞിട്ട്, കുട്ടികൾ വസിക്കുന്ന സ്ഥലം തനിക്കറിയാമെന്നും, ഉടനെതന്നെ പോയി അവരെ കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞ് അർജ്ജുനനേയും കൂട്ടിക്കൊണ്ട് രഥത്തിലേറി പുറപ്പെടുന്നു. ഒൻപതാം രംഗത്തിൽ, ലോകാലോകങ്ങളും കടന്ന് കനത്ത അന്ധകാരത്തിലേയ്ക്ക് രഥം പ്രവേശിച്ചപ്പോൾ ശ്രീകൃഷ്ണൻ തന്റെ ചക്രായുധത്തെ വരുത്തി, അതിന്റെ പ്രകാശത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നു. അങ്ങിനെ സഞ്ചരിച്ച് കൃഷ്ണാർജ്ജുനന്മാർ ക്ഷീരസാഗരതീരത്തിലെത്തുന്നു പത്താം രംഗത്തിൽ. പതിനൊന്നാം രംഗത്തിൽ, കൃഷ്ണാർജ്ജുനന്മാർ വൈകുണ്ഡത്തിലെത്തി അനന്തശായിയായ മഹാവിഷ്ണുവിനെ കാണുന്നു   നരനാരായണന്മാരായ നിങ്ങളെ ഇരുവരേയും ഒരുമിച്ച് കാണുവാനായിട്ടാണ് താൻ ഈ ലീലയാടിയത് എന്നുപറഞ്ഞ് മഹാവിഷ്ണു ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനെ സ്തുതിച്ച് വൈകുണ്ഡത്തിൽനിന്നും പോന്ന കൃഷ്ണാർജ്ജുനന്മാർ ബ്രാഹ്മണഗേഹത്തിലെത്തി കുട്ടികളെയെല്ലാം ബ്രാഹ്മണശ്രേഷ്ഠനു് നൽകുന്നു അന്ത്യ രംഗത്തിൽ. സന്തുഷ്ടനായ ബ്രാഹ്മണൻ കൃഷ്ണാർജ്ജുനന്മാരെ സ്തുതിക്കുന്നതോടെ സന്താനഗോപാലം ആട്ടക്കഥ പൂർണ്ണമാകുന്നു.
മൂലകഥയിൽ നിന്നുള്ള വെതിയാനങ്ങൾ

1.ശിശുശരീരവുമായിവന്ന് ബ്രാഹ്മണൻ വിലപിക്കുന്നത് ഗോപുരദ്വാരത്തിങ്കലാണ് എന്നാണ് ഭാഗവതത്തിൽ കാണുന്നത്. എന്നാൽ യാദവസഭയിൽ വന്ന് വിലപിക്കുന്നതായാണ് ആട്ടക്കഥയിൽ.

2.ബ്രാഹ്മണൻ അർജ്ജുനനെക്കൊണ്ട് ഒന്നിലധികം സത്യങ്ങൾ ചെയ്യിക്കുന്നതായി മൂലത്തിൽ പ്രസ്ഥാവിക്കുന്നില്ല. എന്നാൽ ആട്ടക്കഥയുടെ അവതരണത്തിൽ ഇത് പതിവുണ്ട്. അഭിനയിക്കുവാനുള്ള വകയ്ക്കുവേണ്ടി നടന്മാർ വരുത്തുന്ന മാറ്റമാണിത്.

നിലവിലുള്ള അവതരണരീതി

*പത്താം രംഗം തീരെ അവതരിപ്പിക്കുക പതിവില്ല.
*6, 7, 9, 10 രംഗങ്ങൾ അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.*1മുതൽ 5വരെയുള്ള രംഗങ്ങളും 8,12 രംഗങ്ങളുമാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്.

ആട്ടക്കഥാകാരൻ


മണ്ടവപ്പിള്ളി ഇട്ടിരാരിച്ചമേനോൻ

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

സന്താനഗോപാലം പുറപ്പാട്

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച കിട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാൻ ഭക്തവാത്സല്യശലീ
 ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായാവതീർണ്ണഃ
 ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സർവ്വലോകൈകനാഥഃ
 ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേത:"
{ആനന്ദമയനും ഭക്തവത്സലനും സർവ്വലോകത്തിനും നാഥനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ലോകരക്ഷയ്ക്കായി ദേവകീപുത്രനായി ഭൂമിയിൽ അവതരിച്ച് ബലഭദ്രനോടുകൂടി യുദ്ധത്തിൽ ചാണൂരാദി മല്ലന്മാരേയും കംസനേയും നിഗ്രഹിച്ചിട്ട് പത്നിമാരോടുകൂടി ദ്വാരവതീപുരിയിൽ സസുഖം വസിച്ചു.}

പദം^-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
"ദേവദേവൻ വാസുദേവൻ ദേവകീതനയൻ
 സേവചെയ്യും ജനങ്ങളെ കേവലം പാലിപ്പാൻ
 രേവതി രമണനാകും രാമനോടുംകൂടി
 ഉത്തമബുദ്ധിമാൻ പുരുഷോത്തമഭക്തരിൽ
 ഉത്തമോത്തമനാകും ഉദ്ധവരോടുംകൂടി
 വാരിജലോചനമാരാം നാരിമാരുമായി
 വാരിധിയിൽ വിലസീടും ദ്വാരകയിൽ വാണു"
{ദേവന്മാർക്കും ദേവനും, ദേവകീപുത്രനുമായ വാസുദേവൻ സേവിക്കുന്ന ജനങ്ങളെ പരിപാലിച്ചുകൊണ്ട് രേവതീകാന്തനായ ബലരാമനോടും, ഉത്തമബുദ്ധിമാനും വിഷ്ണുഭക്തരിൽ അഗ്രഗണ്യനുമായ ഉദ്ധവനോടും, താമരമിഴിമാരായ പത്നിമാരോടും കൂടി സമുദ്രമദ്ധ്യത്തിൽ ശോഭിക്കുന്നതായ ദ്വാരകാപുരിയിൽ വസിച്ചു.}

നിലപ്പദം
^-
"രാമ പാലയമാം ഹരേ സീതാരാമ പാലയമാം
 രാമ രവികുലസോമ ജഗതഭിരാമ നീരദശ്യാമ
 ദശരഥരാമ ശാരദശശിവദന സാധുജനാവന"
{രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.}

[
^ഈ പുറപ്പാട് പദങ്ങൾ പ്രക്ഷിപ്തങ്ങളാണ്. ഇവയുടെ കർത്താവ് ആരെന്ന് അറിയുകയില്ല.]

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

സന്താനഗോപാലം ഒന്നാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), അർജ്ജുനൻ(ഒന്നാംന്തരം പച്ചവേഷം)

ശ്ലോകം-രാഗം:സാവേരി
"പരമപുരുഷനേവം പാരിടം കാത്തശേഷം
 പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം
 സരസിജനയനം തം ദ്രഷ്ടുകാമസ്സ പാർത്ഥോ
 ഗുരുതരഭുജവീര്യഃ പ്രാപ്തവാനാത്തമോദം"
{പരമപുരുഷനായ ശ്രീകൃഷ്ണൻ ഇപ്രകാരം ലോകത്തെയെല്ലാം കാത്തുകൊണ്ട് ദ്വാരകാപുരിയിൽ വസിക്കുന്നകാലത്ത്, താമരക്കണ്ണനായ ഭഗവാനെ കാണുവാനാഗ്രഹിച്ചുകൊണ്ട് ഏറെ കരബലമുള്ളവനായ അർജ്ജുനൻ സന്തോഷത്തോടുകൂടി അവിടെ വന്നു.}

ഇടതുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ചാപബാണധാരിയായി പ്രവേശിക്കുന്ന അർജ്ജുനൻ, സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ കണ്ട്, അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:സാവേരി, താളം:ചെമ്പട(രണ്ടാം കാലം)
ശ്രീകൃഷ്ണൻ:
പല്ലവി:
"ശ്രീമൻ സഖേ വിജയ ധീമൻ സകലഗുണ-
 ധാമൻ സ്വാഗതമോ സുധാമൻ"
അനുപല്ലവി:
"സോമൻ ത്രിജഗദഭിരാമൻ വണങ്ങീടും നിന്മുഖപങ്കജമിഹ
 കണ്ടതിനാലതിസുഖസംഗതസുദിനം ദിനമിതു മമ"
("ശ്രീമൻ സഖേ.......................................സുധാമൻ")
ചരണം1:
"ധീരൻ സുകൃതിജനഹീരൻ നയവിനയാധാരൻ ധർമ്മജനത്യുദാരൻ
 വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ സഹജാവപി
 സഹജാമലഗുണഗണമഹിതാ തവ ദയിതാപി ച കുരുവര"
("ശ്രീമൻ സഖേ.......................................സുധാമൻ")
{ശ്രീമാനായ സുഹൃത്തേ, ബുദ്ധിമാനും സകലഗുണസമ്പന്നനും തേജസ്വിയുമായ അർജ്ജുനാ, സൗഖ്യംതന്നെയല്ലെ? ത്രിലോകകങ്ങളേയും മോഹിപ്പിക്കുന്നവനായ ചന്ദ്രൻകൂടി വണങ്ങുന്നതായ നിന്റെ മുഖത്താമരയെ ഇവിടെ കണ്ടതിനാൽ ഏറ്റവും സുഖത്തോടുകൂടിയ ഈദിനം എനിക്ക് സുദിനമാണ്. ധീരനും സുകൃതികളായ ജനങ്ങളിൽ ശ്രേഷ്ഠനും നയവിനയാദിഗുണങ്ങൾക്ക് ഇരിപ്പിടമായുള്ളവനും മഹാദാനശീലനുമായ ധർമ്മപുത്രനും, വീരനായ ഭീമസേനനും സുഖമായി വസിക്കുന്നില്ലേ? കുരുവംശശ്രേഷ്ഠാ, അനുജന്മാരായ നകുലസഹദേവന്മാർക്കും പരിശുദ്ധഗുണങ്ങൾക്ക് ഇരിപ്പിടമായ താങ്കളുടെ പത്നിക്കും സുഖമല്ലേ?}

"ശ്രീമൻ സഖേ വിജയ" (ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടി നായർ)
["ശ്രീമൻ സഖേ വിജയ"എന്ന പദഭാഗം കലാ:നീലകണ്ഠൻ നമ്പീശനും കലാ:ഹൈദർ അലിയും ചേർന്ന് ആലപിച്ചത് ഇവിടെ ശ്രവിക്കാം]

അർജ്ജുനൻ:
ചരണം2:
"നാഥ ഭവച്ചരണദാസരാമിജ്ജനാനാമേതാകിലും വരുമോ ബാധ
 വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു
 ശരണാഗതഭരണാവഹിതം തവ കരുണാമൃതമരുണാബുജലോചന"
പല്ലവി:
"വന്ദേ ഭവല്പാദാരവിന്ദേ സതതം സുരവൃന്ദേശ ഗിരീശാദിവന്ദ്യ"
{നഥാ, ഇവിടുത്തെ പാദദാസരായ ഈ ജനങ്ങൾക്ക് എന്തെങ്കിലും സങ്കടം വരുമോ? യാതൊരാശങ്കയും കൂടാതെ എല്ലാവരും സന്തോഷത്തോടുകൂടി വസിക്കുന്നു. ചെന്താമരക്കണ്ണാ, ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധമാണല്ലോ അങ്ങയുടെ കാരുണ്യാമൃതം. ദേവേന്ദ്രൻ, ശ്രീപരമേശ്വരൻ ആദിയായവരാലും വന്ദിക്കപ്പെടുന്നവനേ, അങ്ങയുടെ പാദാരവിന്ദത്തിൽ ഞാൻ വന്ദിക്കുന്നു.}

"നാഥ ഭവച്ചരണദാസരാമിജ്ജനാനാ..." (ശ്രീകൃഷ്ണൻ-കലാ:അരുൺ, അർജ്ജുനൻ-കലാനി:വിനോദ്)
ശ്രീകൃഷ്ണൻ:
ചരണം3:
"കുരുക്കളുടെമകുടേ സ്ഫുരിക്കുംരത്നമേ നീയിഹവസിക്ക ചിരമെന്നൊടുകൂടെ രമിക്ക
 ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലവിന്ദുപോലെ
 വിലസുന്നൊരു നരജന്മനി നല്ലൊരു സുഖമെന്നതു സുഹൃദാ സഹ മരുവുക"
{കുരുവംശത്തിന്റെ കിരീടത്തിൽ ശോഭിക്കുന്ന രത്നമേ, കുറച്ചുകാലം എന്റെകൂടെ സുഖമായി വസിച്ചാലും. ചലിക്കുന്ന താമരദളത്തിന്റെ നടുവിൽ ശോഭിക്കുന്ന വെള്ളത്തുള്ളിപോലെയുള്ളതായ ഈ മനുഷ്യജന്മത്തിൽ സുഖം എന്നത് സുഹൃത്തുക്കളോടുള്ള സഹവാസം മാത്രമാണ്.}

ശേഷം ആട്ടം-
പദം കലാശിപ്പിച്ച് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിട്ടശേഷം അർജ്ജുനൻ വണങ്ങി നിൽക്കുന്നു. ശ്രീകൃഷ്ണൻ അനുഗ്രഹിക്കുന്നു.
അർജ്ജുനൻ:'അല്ലയോ ലോകനാഥനായ ശ്രീകൃഷ്ണാ, അവിടുന്ന് ഓരോരോകാലത്ത് ഓരോരോ വേഷം ധരിച്ച് അവതരിച്ച് ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള അവിടുത്തെ ആശ്രിതനായത് എന്റെ ഭാഗ്യം. അങ്ങയെ കണ്ടുവന്ദിക്കുവാനായി വളരെ നാളുകളായി ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്നുമാത്രമെ അത് സാദ്ധ്യമായുള്ളു.'
ശ്രീകൃഷ്ണൻ:'ഞാനും നിന്നെ കാണുവാനായി ആഗ്രഹിച്ച് വസിക്കുകയായിരുന്നു. ഇന്ന് കണ്ടതിനാൽ വളരെ സന്തോഷമായി. ഇനി നീ കുറച്ചുകാലം എന്റെകൂടെ ഇവിടെ വസിച്ചാലും.'
അർജ്ജുനൻ:'അവിടുത്തെ കല്പനപോലെ'
കൃഷ്ണനെ വീണ്ടും വണങ്ങിയിട്ട് അർജ്ജുനൻ ശ്രീകൃഷ്ണസമീപം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു.

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 24, ശനിയാഴ്‌ച

സന്താനഗോപാലം രണ്ടാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബ്രാഹ്മണൻ(ഒന്നാംതരം മിനുക്കുവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:ഘണ്ടാരം
"ഇഷ്ടേനാഥ കിരീടിനാ ച ഭഗവാൻ തുഷ്ട്യാ വസിച്ചൂ പുരേ
 ശിഷ്ടന്നങ്ങൊരു ഭൂസുരന്നു മൃതരായെട്ടാണ്ടിലെട്ടുണ്ണികൾ
 കഷ്ടം സദ്വിജനൊൻപതാം ശിശുശവം പെട്ടന്നു കൈക്കൊണ്ടു വാ-
 വിട്ടുച്ചൈർവിലപിച്ചു വൃഷ്ണിസഭയിൽച്ചെന്നേവമൂചേ ശുചം"
{ഇപ്രകാരം സുഹൃത്തായ അർജ്ജുനനോടുകൂടി ഭഗവാൻ ദ്വാരകാപുരിയിൽ സസന്തോഷം വസിച്ചു. ഇകാലത്ത് അവിടെ വിശിഷ്ഠനായ ഒരു ബ്രാഹ്മണന് എട്ടുകൊല്ലങ്ങളിലായി എട്ടു പുത്രന്മാർ ജനിക്കുകയും, ജനിച്ച ഉടനെതന്നെ മരിക്കുകയും ചെയ്തിരുന്നു. ഒൻപതാമത് പിറന്ന ശിശുവും മരിച്ചപ്പോൾ ആ ബ്രാഹ്മണശ്രേഷ്ഠൻ വാവിട്ടുകരഞ്ഞുകൊണ്ട് ശിശുശവവുമേന്തി പെട്ടന്ന് വൃഷ്ണിസഭയിൽ ചെന്ന് ഇപ്രകാരം പറഞ്ഞു.}

വലതുഭാഗത്ത് മുന്നിലായി ശ്രീകൃഷ്ണനും പിന്നിലായി അർജ്ജുനനും പീഠങ്ങളിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി ശിശുശവമേന്തിക്കൊണ്ടും അസഹ്യമായ ദുഃഖത്താൽ മാറിലും ശിരസ്സിലും അടിച്ചുകൊണ്ടും പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണൻ തളർന്നുവീഴുന്നു.
ബ്രാഹ്മണൻ:(നിലത്തിരുന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട്)'അയ്യോ! ദൈവമേ, ഞാൻ അറിഞ്ഞുകൊണ്ട് യാതൊരു പാപവും ചെയ്തിട്ടില്ലല്ലൊ. എന്നിട്ടും എനിക്ക് ഇങ്ങിനെ വന്നുവല്ലോ?' (ശിശുശവവുമെടുത്തുകൊണ്ട് വീണ്ടും മുന്നോട്ടുവരവെ തളർന്ന് ഇരുന്നിട്ട്)'ഹാ! കഷ്ടം! എന്റെ ഈശ്വരസേവാഫലം ഇങ്ങിനെ വന്നുവല്ലൊ?' (എഴുന്നേറ്റുനിന്ന് പാരവശ്യത്തോടെ മാറിലും ശിരസ്സിലും മാറിമാറി അടിച്ചിട്ട്)'ആകട്ടെ, ഇനി യാദവസഭയിൽ പ്രവേശിച്ച് ഇതിനെ കൃഷ്ണന്റെ മുന്നിൽ കിടത്തി പോരുകതന്നെ'
ബ്രാഹ്മണൻ മുന്നോട്ടുനീങ്ങി സഭയിൽ എത്തിയതായി നടിച്ച് ചുറ്റും നോക്കിയശേഷം ഇടതുഭാഗത്ത് മുന്നിലായി ശിശുശരീരം കിടത്തിയിട്ട് അതിനരുകിലായി നിലത്തിരുന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു. അനുപല്ലവി മുതലുള്ളഭാഗം എഴുന്നേറ്റുനിന്ന് ചൊല്ലിയാടുന്ന ബ്രാഹ്മണൻ അനുപല്ലവിയുടേയും ചരണങ്ങളുടേയും ഒടുവിൽ ശിശുശവത്തിനരികിൽ വന്നിരുന്ന് ദുഃഖം പ്രകടിപ്പിക്കും.

ബ്രാഹ്മണന്റെ പദം-രാഗം:ഘണ്ടാരം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
"ഹാഹാ കരോമി കിമിഹാഹന്ത ദൈവമേ
 ഹാഹാ കമേമി ശരണം"

"ഹാഹാ കരോമി" (ശ്രീകൃഷ്ണൻ-കലാ:അരുൺ, അർജ്ജുനൻ-കലാനി:വിനോദ്, ബ്രാഹ്മണൻ-കലാ:വിജയൻ)
"കിമിഹാഹന്ത ദൈവമേ" (ബ്രാഹ്മണൻ-കലാ:ശ്രീകുമാർ)
അനുപല്ലവി:
"ലോകാന്തരങ്ങളിലും സുഖമില്ല നൂനമിഹ
 സുതരഹിതപുരുഷനഹോ ശിവശിവ"
ചരണം1:
"അർഭക നീയെന്തിങ്ങനെ സ്വല്പമപി കരയാത്തു
 അത്ഭുതവിലാസവദന അല്പേതരം പാപിയായ
 ത്വല്പിതാവിനത്ര വിധികല്പിതമിതോ നന്ദന ശിവശിവ"
ചരണം2:
"യാദവവീരന്മാരേ സാദരം കേൾപ്പിനിതു
 ഖേദമപി ദുസ്സഹം മേ ഭൂദേവനിഷിദ്ധകർമ്മം
 ചെയ്തവനല്ലേതും ഞാൻ പാതകമിതോ നന്ദന ശിവശിവ"
ചരണം3:
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ
 ദൃഷ്ടിമലച്ചേഷ ശേതേ; എട്ടു ബാലന്മാരീവണ്ണം
 പെട്ടുപോയി മമ മക്കൾ ദ്ദൃഷ്ടതരരാജദോഷാൽ^ ശിവശിവ"

"കഷ്ടമിതു കാണ്മിനെന്റെ" (ശ്രീകൃഷ്ണൻ-കലാ:കുട്ടികൃഷ്ണൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ)
ചരണം4:
"പതിനാറു സഹസ്രങ്ങളിലുമധികദാരങ്ങളേയും
 പരിചൊടവർമക്കളേയും ഹിതമറിഞ്ഞു ഭരിക്കെന്നുള്ളോ-
 രധികാരഭാരമേറും മധുവൈരിക്കീദ്വിജരക്ഷയ്ക്കോ
^ അവസരം ശിവശിവ"
{ഹാഹാ! കഷ്ടം! ദൈവമേ, ഞാൻ എന്തുചെയ്യേണ്ടൂ? ഹാഹാ! എനിക്കാരാണ് ആശ്രയം? ശിവശിവ! ഹോ! പുത്രരഹിതനായ പുരുഷന് പരലോകങ്ങളിൽ പോലും സുഖമില്ലായെന്ന് ഇവിടെ ഉറപ്പ്. ഉണ്ണീ, നീയെന്താണിങ്ങിനെ സ്വല്പംപോലും കരയാതിരിക്കുന്നത്? ശിവശിവ! അത്ഭുതകരമായി ശോഭിക്കുന്ന മുഖത്തോടുകൂടിയവനേ, മഹാപാപിയായ നിന്റെ അച്ഛന് ഇതാണോ വിധി? യാദവവീരന്മാരേ, ഇത് സാദരം കേട്ടാലും. എനിക്ക് ദുഃഖം സഹിക്കുവാനാകുന്നില്ല. ബ്രാഹ്മണർക്ക് നിഷിദ്ധമായ കർമ്മമൊന്നും ചെയ്തവനല്ല ഞാൻ. ശിവശിവ! ഇതാണോ എന്റെ ദുരിതത്തിനു കാരണം? കഷ്ടം! ഇത് കാണുവിൻ. എന്റെ പിഞ്ചുകുഞ്ഞ് ദൃഷ്ടിമലച്ച് ഇതാ ഇവിടെ കിടക്കുന്നു. ശിവശിവ! ദുഷിച്ച രാജവാഴ്ച്ചയുടെ ഫലമായി ഇതുപോലെ എന്റെ എട്ടുമക്കൾ മരിച്ചുപോയി. പതിനാറായിരത്തിലധികം ഭാര്യമാരേയും അവരുടെ മക്കളേയും വേണ്ടതുപോലെ ഹിതമറിഞ്ഞ് ഭരിക്കുക എന്ന കനത്ത ഭാരമുള്ള ശ്രീകൃഷ്ണന് ഈ ബ്രാഹ്മണനെ രക്ഷിക്കുവന്നുണ്ടോ സമയം? ശിവശിവ!}

[
^മൂന്നാം ചരണത്തിലെ 'ദ്ദൃഷ്ടതരരാജദോഷാൽ' എന്ന ഭാഗവും, നാലാം ചരണത്തിലെ 'മധുവൈരിക്കീദ്വിജരക്ഷയ്ക്കോ' എന്ന ഭാഗവും നാലാംകാലത്തിലേയ്ക്ക് ഉയർത്തിയാണ് ആലപിക്കുക.]

പദാഭിനയം അവസാനിക്കുന്നതോടെ ബ്രാഹ്മണൻ ശിശുശവത്തിനരുകിൽ ദുഃഖിച്ചിരിക്കുന്നു. ഗായകർ ശോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:ശങ്കരാഭരണം
"ശ്രുത്വാ വിപ്രവരസ്യ ദുഃഖവിവശസ്യൈവം വിലാപാന്മുഹു-
 ർദൈത്യാരിർഭുവനാവനൈകനിരതോ ദേവശ്ച സീരായുധഃ
 പ്രദ്യുമ്നപ്രമുഖാശ്ച യാദവവരാ നോ കിഞ്ചിദപ്യബ്രുവൻ;
 പാർത്ഥസ്തത്ര സമേത്യ വിപ്രസവിധേ വാണീമഭാണീദിമാം"
{ദുഃഖവിവശനായ ബ്രാഹ്മണശ്രേഷ്ഠന്റെ ഇപ്രകാരം വീണ്ടുംവീണ്ടുമുള്ള വിലാപത്തെ കേട്ടിട്ടും ലോകരക്ഷാതൽപ്പരനും അസുരശത്രുവുമായ ഭഗവാനോ ബലഭദ്രനോ പ്രദ്യുമ്നാദികളായ യാദവശ്രേഷ്ഠന്മാരോ ഒന്നുംതന്നെ പറഞ്ഞില്ല. അപ്പോൾ പാർത്ഥൻ ബ്രാഹ്മണന്റെ സമീപം ചെന്ന് ഈ വാക്കിനെ പറഞ്ഞു.}

[
^ശ്ലോകമാലപിക്കുന്നസമയത്ത് സഹതാപത്തോടെ ബ്രാഹ്മണനെ വീക്ഷിക്കുന്ന അർജ്ജുനൻ കൃഷ്ണാദിയാദവരെയൊക്കെ നോക്കിയിട്ട് ആരിലും ഒരു ഭാവഭേദവും കാണാഞ്ഞ് ചിന്താധീനനാവുകയും, തുടർന്ന് ആലോചിച്ചുറപ്പിച്ചുകൊണ്ട് 'പാർത്ഥസ്തത്ര സമേത്യ' എന്നാലപിക്കുന്നതിനൊപ്പം ബ്രാഹ്മണന്റെ സമീപം ചെന്നിരുന്ന് വന്ദിക്കുകയും ചെയ്യുന്നു. 'നോ കിഞ്ചിദപ്യബ്രുവൻ' എന്നാലപിക്കുന്നതോടെ എഴുന്നേന്നേൽക്കുന്ന ശ്രീകൃഷ്ണൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.]

അർജ്ജുനൻ:'അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ പറയുന്നത് ശ്രവിച്ചാലും'
അർജ്ജുനൻ പദം അഭിനയിക്കുന്നു.

പദം:-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
അർജ്ജുനൻ:
പല്ലവി:
"പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ"
അനുപല്ലവി:
"പരിചോടിനി ഉളവാം ബാലനെ-
 പരിപാലിച്ചു തവ തരുവൻ ഞാൻ"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
ചരണം1:
"ആർത്തിതീർത്തഖിലധാത്രീദേവകുലം
 നിത്യം കാത്തീടുക ക്ഷത്രിയധർമ്മം
 അത്തൽ കീഴിൽ കഴിഞ്ഞതത്ര ക്ഷമിക്ക ഭവാൻ
 പുത്രരിനി ജനിക്കിൽ കാത്തുതരുമിപ്പാർത്ഥൻ"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
{ബ്രാഹ്മണാ, സുമനസ്സേ, അങ്ങയുടെ വിലാപം മതിമതി. ഇനി അങ്ങേയ്ക്കുണ്ടാകുന്ന ബാലനെ ഞാൻ വഴിപോലെ രക്ഷിച്ചുതരുന്നുണ്ട്. ബ്രാഹ്മണകുലത്തേയാകെ ദുഃഖം തീർത്ത് എന്നും രക്ഷിക്കേണ്ടത് ക്ഷത്രിയരുടെ ധർമ്മമാണ്. ഇതിനുകീഴിൽ കഴിഞ്ഞ ദുഃഖമെല്ലാം ഭവാൻ ക്ഷമിച്ചാലും. ഇനി പുത്രന്മാർ ജനിക്കുകയാണെങ്കിൽ ഈ അർജ്ജുനൻ കാത്തുതരും.}

"പരിദേവിതം മതിമതി" (അർജ്ജുനൻ-കലാനി:വിനോദ്, ബ്രാഹ്മണൻ-കലാ:വിജയൻ)
ബ്രാഹ്മണൻ:
ചരണം2:
"വിഷ്ടപാധിപൻ ശിഷ്ടപാലകൻ
 വിഷ്ടരശ്രവസ്സെന്നുടെ ദുഃഖം
 കേട്ടിളകാഞ്ഞതെന്തെന്നൊട്ടും വിചാരിയാതെ
 പൊട്ട നീ ചാടിപ്പുറപ്പെട്ടതെത്രയും ചിത്രം"
പല്ലവി:
"അവിവേകി നീ ബത നിർണ്ണയം അർജ്ജുന വീര്യനിധേ"
{പൊട്ടാ, ലോകാധിപനും സത്ഗുണവാന്മാരെ പരിപാലിക്കുന്നവനുമായ ശ്രീകൃഷ്ണൻ എന്റെ ദുഃഖം കേട്ടിട്ട് ഇളകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഒട്ടും ആലോചിക്കാതെ നീ ചാടിപുറപ്പെട്ടത്ത് ഏറ്റവും വിചിത്രം തന്നെ. കഷ്ടം! അർജ്ജുനാ, വീര്യനിധേ, നീ തീർച്ചയായും ആലോചനയില്ലാത്തവൻ തന്നെ.}

അർജ്ജുനൻ:
ചരണം3:
"ഹന്ത ശോകഭാരാന്ധനാം ഭവാൻ
 ചൊന്നവാക്കിനില്ലപ്രിയമേതും
 സന്ദേഹം വേണ്ടാ തവ നന്ദനനുളവാകിൽ
 തന്നീലാ പാലിച്ചെങ്കിൽ ഇന്ദ്രാത്മജനല്ലഹം"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
{കഷ്ടം! ദുഃഖഭാരത്താൽ വിവേകം നഷ്ടപ്പെട്ട് ഭവാൻ പറഞ്ഞ വാക്കുകളിൽ ഒട്ടും അപ്രിയമില്ല. എന്നാൽ സംശയം വേണ്ടാ, അങ്ങേയ്ക്ക് പുത്രൻ ഉണ്ടാവുകയാണേങ്കിൽ രക്ഷിച്ചുതന്നില്ലായെങ്കിൽ ഞാൻ ഇന്ദ്രപുത്രനല്ല.}

ബ്രാഹ്മണൻ:
ചരണം4:
"ഭക്തവത്സലൻ ദൈത്യവൈരിയും
 ശക്തരായ ബലഭദ്രാദികളും
 സാദ്ധ്യമല്ലെന്നുവച്ചിട്ടൊരുത്തരുമിളകാഞ്ഞു
 ശ്രദ്ധയില്ലെനിക്കിനി പുത്രവദനം കാണ്മാൻ"
("അവിവേകി നീ ബത നിർണ്ണയം അർജ്ജുന വീര്യനിധേ")
{സാദ്ധ്യമല്ലാ എന്നുകരുതി ഭക്തവത്സലനും അസുരശത്രുവുമായ ശ്രീകൃഷ്ണനും ശക്തരായ ബലഭദ്രാദികളും ഒരുത്തരുംതന്നെ ഇളകാതിരിക്കുന്നു. ഇനി പുത്രന്റെ മുഖം കാണാമെന്ന് എനിക്ക് വിശ്വാസമില്ല.}

ബ്രാഹ്മണൻ പദം കലാശിച്ചിട്ട് പുത്രശരീരത്തുനുസമീപം ദുഃഖിച്ച് ഇരിക്കുന്നു.
അർജ്ജുനൻ:'കഷ്ടം! സാധുബ്രാഹ്മണന് ഒട്ടും വിശ്വാസം വരുന്നില്ല. ഇനി എന്റെ യോഗ്യതകൾ ധരിപ്പിച്ച് ഇദ്ദേഹത്തിന് വിശ്വാസം വരുത്തുകതന്നെ'
അർജ്ജുനൻ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:വേകട, താളം:മുറിയടന്ത
പല്ലവി:
"സദ്ഗുണശീല ഹേ ദ്വിജേന്ദ്ര മൽഗിരം കേൾക്ക മുദാ"

"ദ്വിജേന്ദ്ര മൽഗിരം കേൾക്ക മുദാ" (അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ)
അനുപല്ലവി:
"സ്വർഗ്ഗവാസികൾക്കും സുഖവിതരണം ചെയ്യും
 ഫൽഗുനെക്കേട്ടറിയുന്നില്ലയോ ഭവാൻ"
ചരണം1:
"കൃഷ്ണനല്ലഹം ബലഭദ്രനല്ലറിക നീ
 വൃഷ്ണിവീരന്മാരിൽ ഏകനുമല്ലാ
 ജിഷ്ണു ഞാൻ ദിവ്യാസ്ത്രധൃഷ്ണു വിജയൻ വീരൻ
 ജിഷ്ണുതനയൻ ഭ്രാജിഷ്ണു സുനയൻ സദയൻ"
ചരണം2:
"അന്തകാന്തകനേയും ആഹവേ ജയിച്ചീടും
 ഇന്ദ്രനന്ദനന്തന്റെ ശരകൂടാസവിധേ
 അന്തകഭയലേശം ഭവിച്ചീടുമോ ബാലനെ
 ഹരിച്ചീടുമോ നാകം ഭരിച്ചീടും സുരേശ്വരനും"
ചരണം3:(ദ്രുതകാലം)
"ഇനിമേലിൽ ജനിക്കുന്ന തനയനെ പരിപാലി-
 ച്ചനപായം ഭവതേ ഞാൻ തന്നില്ലായെങ്കിൽ
 അനലകുണ്ഡംതന്നിൽ മടിച്ചീടാതെ ചാടി
 ദഹിച്ചീടുവൻ ദേഹം പതിച്ചീടുവൻ സത്യം"
{സദ്ഗുണശീലാ, ഹേ ബ്രാഹ്മണശ്രേഷ്ഠാ, സന്തോഷത്തോടുകൂടി എന്റെ വാക്കുകൾ കേൾക്കുക. സ്വർഗ്ഗവാസികൾക്കും സുഖത്തെ നൽകുന്ന അർജ്ജുനനെ ഭവാന് കേട്ടറിയുകയില്ലേ? കൃഷ്ണനല്ല ഞാൻ. ബലഭദ്രനുമല്ല. വേഷ്ണിവീരന്മാരിൽ ഒരാളും അല്ല എന്ന് അങ്ങ് അറിഞ്ഞാലും. ദിവ്യാസ്ത്രധാരിയും, വിജയനും, വീരനും, ഇന്ദ്രപുത്രനും, തേജസ്വിയും, നല്ല നയശാലിയും, ദയാലുവുമായ അർജ്ജുനനാണ് ഞാൻ. അന്തകാന്തകനായ ശിവനേയും യുദ്ധത്തിൽ ജയിച്ച ഈ ഇന്ദ്രപുത്രന്റെ ശരകൂടത്തിന്റെ മുന്നിൽ അല്പം പോലും അന്തകനെ ഭയക്കണമോ? സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻകൂടി കുട്ടിയെ അപഹരിക്കുമോ? ഇനിമേലിൽ ജനിക്കുന്ന പുത്രനെ ആപത്തുകൂടാതെ രക്ഷിച്ച് അങ്ങേയ്ക്ക് തന്നില്ലായെങ്കിൽ ഒട്ടും മടിക്കാതെ ഞാൻ തീയിൽ ചാടിവീണ് ദേഹം ദഹിപ്പിക്കുന്നുണ്ട്. സത്യം.}
  
ശേഷം ആട്ടം^-
അർജ്ജുനന്റെ സത്യം കേട്ടിട്ടും സംശയം ശമിക്കാത്ത ബ്രാഹ്മണന്റെ ആഗ്രഹപ്രകാരം ധർമ്മപുത്രരുടേയും ശ്രീകൃഷ്ണന്റേയും പാദങ്ങളെക്കൊണ്ട് വീണ്ടും ഓരോ സത്യങ്ങൾ ചെയ്തുനൽകി അർജ്ജുനൻ ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നു. അർജ്ജുനൻ താൻ പറഞ്ഞപ്രകാരം കൈയ്യിലടിച്ച് സത്യം വരിക്കുന്നതോടെ ബ്രാഹ്മണൻ സന്തോഷാധിക്യത്താൽ തുള്ളിച്ചാടുകയും അർജ്ജുനനെ പുണരുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
ബ്രാഹ്മണൻ:'ഇപ്പോൾ എനിക്ക് സംശയങ്ങളെല്ലാം നീങ്ങി. ഇനി ഞാൻ പോയ് വരട്ടെയോ?'
അർജ്ജുനൻ:'സന്തോഷത്തോടുകൂടി പോയ് വന്നാലും. ഞാൻ ഇവിടെത്തന്നെ ഉണ്ടാകും'
ബ്രാഹ്മണൻ:'എന്നാൽ ഞാൻ പത്നിയുടെ ഗർഭം പൂർത്തിയാകുന്ന സമയത്ത് ഇവിടേയ്ക്ക് വരാം'
അർജ്ജുനനെ അനുഗ്രഹിച്ചശേഷം കുട്ടിയുടെ ശവവും എടുത്തുകൊണ്ട് ദുഃഖഭാവത്തോടെ ബ്രാഹ്മണൻ നിഷ്ക്രമിക്കുന്നു. ബ്രാഹ്മണനെ വണങ്ങി യാത്രയാക്കിക്കൊണ്ട് അർജ്ജുനനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[
^കലാകാരന്മാരുടെ മനോധർമ്മാനുസ്സരണം ഈ ആട്ടം വിസ്തരിച്ച് അവതരിപ്പിക്കും.]

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

സന്താനഗോപാലം മൂന്നാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി

"ഇത്ഥം പാർത്ഥപ്രതിജ്ഞാം കലിതധൃതിസമാകർണ്യ പൂർണ്ണേ തു ഗർഭേ
 യാസ്യാമീത്ഥം പ്രതിയായാ ദ്രുതമിതിസുരലോകേശസൂനും തമുക്ത്വാ
 വിപ്രസ്സമ്പ്രാപ്യ ഗേഹം ഗുരുതരപരിതാപാധിതാന്താം സ്വകാന്താം
 സ്വാദ്ധ്വീം മാദ്ധ്വീപ്രവാഹാധികമധുരഗിരം സാന്ത്വയന്നേവമൂചേ"
{ഇപ്രകാരം ധൈര്യത്തോടുകൂടിയുള്ള അർജ്ജുനന്റെ പ്രതിജ്ഞകേട്ട് ബ്രാഹ്മണൻ 'പത്നിയുടെ ഗർഭം പൂർണ്ണമായാൽ വന്നുകൊള്ളാം' എന്ന് അർജ്ജുനനോട് പറഞ്ഞിട്ട് സ്വഗൃഹത്തിലെത്തി, വലുതായ ദുഃഖത്താൽ പീഡിതയും പതിവ്രതയുമായ തന്റെ പത്നിയെ ഒഴുകുന്ന തേനിനേക്കാൾ മധുരമായ വാക്കുകളെക്കൊണ്ട് സാന്ത്വനപ്പെടുത്തി ഇങ്ങിനെ പറഞ്ഞു.}

പ്രസന്നവദനനായി വലതുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണനെ കണ്ട് ഇടത്തുഭാഗത്തായി ദുഃഖഭാവത്തിൽ പീഠത്തിൽ ഇരിക്കുന്ന ബ്രാഹ്മണപത്നി എഴുന്നേറ്റ് കൈകൂപ്പിവന്ദിക്കുന്നു. പത്നിയെ അനുഗ്രഹിച്ച് ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:കാമോദരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
"കോമളസരോജമുഖി മാമകഗിരം കേൾക്ക
 എന്നോമൽ കരയായ്ക ബാലേ"
അനുപല്ലവി:
"പോമഴലിതാശു മേലിൽ ആമോദകാരണമാം
 കാമിതവും വന്നുകൂടും വല്ലഭേ"
ചരണം1:
"പുത്രശവവുംകൊണ്ടു ഞാൻ തത്ര യാദവസഭയിൽ
 സത്വരം ചെന്നിദാനീം ആർത്തനായ്‌വിലാപിക്കുമ്പോ-
 ളത്തലകറ്റീടുമൊരു വാർത്തയുണ്ടായതു കേൾക്ക നീ വല്ലഭേ"
ചരണം2:
"ഭുവനപതി മാധവന്റെ ഭഗിനിയുടെ പതിയായ
 ഭുവനൈകവീരൻ പാർത്ഥൻ ഭവതിയിനി പെറും ഉണ്ണിയെ
 അവനംചെയ്തുതരാമെന്നു സവിധമേത്യ സമയംചെയ്തു വല്ലഭേ"
{മൃദുലമായ താമരപ്പൂവിനൊത്ത മുഖത്തോടുകൂടിയവളേ, എന്റെ വാക്കുകൾ കേൾക്കുക. എന്റെ ഓമലാളേ, ബാലികേ, കരയരുത്. വല്ലഭേ, ദുഃഖമെല്ലാം ഉടനെ പോകും. മേലിൽ സന്തോഷകാരണമായ നമ്മുടെ അഗ്രഹവും സാധിക്കും. വല്ലഭേ, പുത്രശവവുംകൊണ്ട് ഞാൻ അവിടെ യാദവസഭയിൽ പെട്ടന്നുചെന്ന് ദുഃഖിതനായി വിലപിക്കുമ്പോൾ ദുഃഖമകറ്റുന്ന ഒരു സംഭവമുണ്ടായത് കേൾക്കു. വല്ലഭേ, ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരിയുടെ ഭർത്താവും, ലോകൈകവീരനുമായ അർജ്ജുനൻ ഭവതി ഇനി പ്രസവിക്കുന്ന ഉണ്ണിയെ രക്ഷിച്ചുതാരാമെന്ന് എന്റെ മുന്നിൽ വന്ന് സത്യംചെയ്തു.}


ബ്രാഹ്മണപത്നിയുടെ പദം:-രാഗം:ഗൗളിപന്ത്, താളം:മുറിയടന്ത
പല്ലവി:
"വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാർക്കും"
അനുപല്ലവി:
"അധിഗതമായതെല്ലാം അതിഖേദമോദജാലം
 മതിഭേദംകൂടാതെകണ്ടനുഭവിക്കയല്ലാതെ"
ചരണം1:
"അഞ്ചാറുബാലരല്ലധികം ചാഞ്ചല്യമെന്നിയേ
 അഞ്ചാ വിരിഞ്ചനികൃതിയാൽ
 പഞ്ചാഗ്നിതൃണം പോലെ പഞ്ചത്വം ചരിച്ചല്ലോ
 തഞ്ചും വിധിമതത്തിനന്തരം വന്നീടുമോ"
{വിദഗ്ദ്ധന്മാർക്കും വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ഏറ്റവും ദുഃഖമായാലും സുഖമായാലും വന്നുകൂടുന്നതെല്ലാം മനമ്മാറ്റം കൂടാതെകണ്ട് അനുഭവിക്കയല്ലാതെ വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ക്രൂരമായ ദൈവവിധിയാൽ പഞ്ചാഗ്നിയിൽ വീണ പുൽക്കൊടിപോലെ അഞ്ചോ ആറോ അല്ല, അതിലധികം ബാലന്മാരാണ് ഇതുപോലെ മരിച്ചുപോയത്. ഉണ്ടായ വിധികല്പനയ്ക്ക് മാറ്റം വരുമോ?}

"വിധിമതം നിരസിച്ചീടാമോ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ബ്രാഹ്മണൻ:
ചരണം3:
"അത്തലിതൊഴിച്ചില്ലെങ്കിൽ സത്വരം ഞാനന്നുതന്നെ
 ചിത്രഭാനുകുണ്ഡത്തിൽ ചാടി ചത്തീടുവേനെന്നു പാർത്ഥൻ
 സത്യംചെയ്ത പാണ്ഡവനെ ദൈത്യവൈരിയുപേക്ഷിക്കുമോ വല്ലഭേ"
{ഈ ദുഃഖം തീർത്തുതന്നില്ലെങ്കിൽ ഞാൻ അന്നുതന്നെ ഉടനെ അഗ്നികുണ്ഡത്തിൽ ചാടി ചത്തീടും എന്ന് പാർത്ഥൻ. വല്ലഭേ, സത്യം ചെയ്ത പാണ്ഡവനെ ശ്രീകൃഷ്ണൻ ഉപേക്ഷിക്കുമോ?}

"സത്യംചെയ്ത പാണ്ഡവനെ" (ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, ബ്രാഹ്മണപത്നി-വെള്ളിനേഴി ഹരിദാസൻ)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'അല്ലയോ പ്രിയേ, സഹോദരിയുടെ ഭർത്താവായ അർജ്ജുനൻ തീയിൽ ചാടുന്നതുകണ്ട് ഭഗവാൻ അനങ്ങാതെ ഇരിക്കുമോ? ഒരിക്കലും ഇല്ല. ശ്രീകൃഷ്ണന്റെ സഹായത്തോടെ അർജ്ജുനൻ നമ്മുടെ ഉണ്ണിയെ രക്ഷിച്ചുതരും. അതുകൊണ്ട് സമാധാനിക്കു. ഇനി ഈശ്വരവിചാരത്തോടുകൂടി വസിച്ചാലും.'
ബ്രാഹ്മണൻ പത്നിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചുകൊണ്ട് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സന്താനഗോപാലം നാലാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി

"ഏവം ഭാവിതനൂജലാഭകഥനേനാശ്വസയൻ ഭാമനീം
 ദൈവപ്രാർത്ഥനതല്പരേണ മനസാ വാണൂ ദ്വിജൻ മന്ദിരേ
 സാ വിപ്രാഗനയും ധരിച്ചു തരസാ ഗർഭം ച തസ്മിൻ മുദാ
 പൂർണ്ണേ പൂർണ്ണശശാങ്കസുന്ദരമുഖീ കാന്തം ബഭാഷേ ഗിരം"
{ഇപ്രകാരം ഭാവിയിലുണ്ടാകുന്ന പുത്രനെ ജീവനോടെ കിട്ടുമെന്നു പറഞ്ഞ് പത്നിയെ ആശ്വസിപ്പിച്ച് ദൈവപ്രാർത്ഥന തൽപ്പരനായി ബ്രാഹ്മണൻ തന്റെ ഗൃഹത്തിൽ വസിച്ചു. ആ ബ്രാഹ്മണസ്ത്രി താമസിയാതെ ഗർഭംധരിച്ചു. ഗർഭം പൂർണ്ണമായപ്പോൾ പൂർണ്ണചന്ദ്രമുഖിയായ അവൾ സന്തോഷത്തോടുകൂടി കാന്തനോട് ഇപ്രകാരം പറഞ്ഞു.}

രംഗമദ്ധ്യത്തിലായി പൂർണ്ണഗർഭിണിയായ ബ്രാഹ്മണസ്ത്രീയും പത്നിയെ തലോടി ആശ്വസിപ്പിച്ചുകൊണ്ട് സമീപത്ത് വലതുഭാഗത്തായി ബ്രാഹ്മണനും പീഠങ്ങളിൽ ഇരിക്കുന്നു. ബ്രാഹ്മണപത്നി ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

പദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാം കാലം)
ബ്രാഹ്മണപത്നി:
പല്ലവി:
"ജീവിതനായക വന്ദേ താവകപാദേ
 സാവധാനമെന്മൊഴി കേവലം ശ്രവിച്ചാലും"
ചരണം1:
"പൂർണ്ണമായിതു ഗർഭം പ്രസവമാസന്നകാലം
 മൂന്നുനാളിനിപ്പുറമെന്നേവ മന്യേ;
 കർണ്ണവൈരിയായൊരു ഗാണ്ഡീവധന്വാവിനെ
 പുണ്യവാരിധേ ചെന്നു വരുത്തുക വൈകാതെ"
{ജീവിതനായകാ, അങ്ങയുടെ പാദങ്ങളിൽ വന്ദിക്കുന്നേൻ. സാവധാനത്തിൽ എന്റെ വാക്കുകളെല്ലാം കേട്ടാലും. ഈ ഗർഭം പൂർണ്ണമായിരിക്കുന്നു. പ്രസവകാലം അടുത്തിരിക്കുന്നു. മൂന്നുനാളിനുള്ളിൽത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു. പുണ്യസമുദ്രമേ, കർണ്ണശത്രുവും ഗാണ്ഡീവധാരിയുമായ അർജ്ജുനനെ വൈകാതെ ചെന്ന് കൂട്ടിക്കൊണ്ടുവന്നാലും.}

"പൂർണ്ണമായിതു ഗർഭം" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ബ്രാഹ്മണൻ:-രാഗം:സാവേരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം2:
"കല്യാണാലയേ ചെറ്റും അല്ലൽ കരുതീടായ്ക
 മല്ലാക്ഷി പീഡിപ്പിക്കൊല്ല നീ എന്നെയും
 വിലാളി വിജയനെ വിരവിൽ വരുത്തുവാനായ്
 വല്ലഭേ ഗമിക്കുന്നേൻ വരുവൻ വൈകാതെ ഞാൻ"
പല്ലവി:
"കലയ ധൈര്യമോമലേ കമനീയശീലേ"
{നന്മയ്ക്ക് ഇരിപ്പിടമായുള്ളവളേ, ഒട്ടും ദുഃഖം വിചാരിക്കരുത്. സുന്ദരീ, നീ എന്നേയുംകൂടി പരിഭ്രമിപ്പിക്കരുതേ. വില്ലാളിയായ വിജയനെ വരുത്തുവാനായി ഉടനെ പോകുന്നു. വല്ലഭേ, ഞാൻ വൈകാതെതന്നെ വരും. ഓമലേ, മനോഹരമായ ശീലങ്ങളോടുകൂടിയവളേ, ധൈര്യമായിരിക്കു.}

"കലയ ധൈര്യമോമലേ കമനീയശീലേ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ശേഷം ആട്ടം-
ബ്രാഹ്മണൻ:(ദാസിയെ വിളിച്ചുവരുത്തി പത്നിയെ പരിചരിക്കുവാൻ ഏർപ്പാടാക്കിയശേഷം പത്നിയോടായി)'ഒട്ടും പരിഭ്രമിക്കേണ്ടാ. ഞാൻ ഉടനെതന്നെ മടങ്ങിയെത്താം'
പത്നിയെ ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പെട്ടന്ന് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

സന്താനഗോപാലം അഞ്ചാം രംഗം


രംഗത്ത്-അർജ്ജുനൻ, ബ്രാഹ്മണൻ, ബ്രാഹ്മണപത്നി

ശ്ലോകം-രാഗം:മദ്ധ്യമാവതി
"വൈവശ്യഭാരാലസലോചനാം താ-
 മേവം സമാശ്വാസ്യ മഹീസുരോസൗ
 ഗോവിന്ദഗേഹം സമവാപ്യ വേഗാത്
 ദേവേന്ദ്രസൂനും തമുവാച ധീരം"
{ക്ഷീണാധിക്യത്താൽ മയങ്ങിയ കണ്ണുകളോടുകൂടിയ പത്നിയെ ഇപ്രകാരം ആശ്വസിപ്പിച്ചിട്ട് ഈ ബ്രാഹ്മണൻ വേഗത്തിൽ ശ്രീകൃഷ്ണന്റെ കൊട്ടാരത്തിൽ ചെന്ന് ഇന്ദ്രപുത്രനോട് ധൈര്യത്തോടെ പറഞ്ഞു.}

ഇടതുവശത്തുകൂടി പരിഭ്രമത്തോടെ അർജ്ജുനനെ തിരഞ്ഞുകൊണ്ട് 'കിടതകധീം,താം' മേളത്തിനൊപ്പം ബ്രാഹ്മണൻ പ്രവേശിക്കുന്നു. വലത്തുഭാഗത്തായി വില്ലുകുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്ന അർജ്ജുനൻ ബ്രാഹ്മണനെ കാണുന്നതോടെ അദ്ദേഹത്തെ വലതുവശത്തേയ്ക്ക് ആനയിച്ചിട്ട് വന്ദിക്കുന്നു. വലതുഭാഗത്തേയ്ക്കുവന്ന് അർജ്ജുനനെ അനുഗ്രഹിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(മൂന്നാം കാലം)
ബ്രാഹ്മണൻ:
പല്ലവി:
"ധീരധീരവീരഹീര ഹേ പാണ്ഡവ കൂടെ-
 പ്പോരിക പാരാതെ മൽഗൃഹേ"
അനുപല്ലവി:
"ക്ഷീരപൂരഗൗരകീർത്തേ നീരജാസ്ത്രചാരുമൂർത്തേ
 ദൂരിതരിപുകൃതാർത്തേ പൂരുവംശപുണ്യകീർത്തേ"
ചരണം1:
"മുന്നമിവിടെ നിന്നല്ലയോ കണ്ടതു തമ്മിൽ
 സുന്ദരാംഗാ തോന്നുന്നില്ലയോ
 ധന്യശീല മമ പത്നി പിന്നെയും ധരിച്ചു ഗർഭം
 ഉന്നതകൗതൂഹലമാസന്നമായി സൂതികാലം"
("ധീരധീരവീരഹീര ഹേ............................മൽഗൃഹേ")
ചരണം2:
"അത്ഭുതവിക്രമാ തെല്ലുമേ മാന്ദ്യമരുതേ
 നില്പതിന്നു ധൈര്യമില്ല മേ
 ചിൽപുരുഷനെ വന്ദിക്ക സ്വർപ്പതിയേയും നമിക്ക
 കെല്പെഴും ചാപമെടുക്ക ക്ഷിപ്രമേവം നാം നടക്ക"
("ധീരധീരവീരഹീര ഹേ............................മൽഗൃഹേ")
{ധീരനിൽ ധീരനും വീരനുമായ ഹേ പാണ്ഡവാ, ഒട്ടും താമസിയാതെ എന്റെ കൂടെ ഗൃഹത്തിലേയ്ക്ക് പോരുക. ഒഴുകുന്ന പാൽ പോലെ വെളുത്ത കീർത്തിയുള്ളവനേ, കാമസമാനാകാരാ, ശത്രുബാധയെ അകറ്റിയവനേ, പൂരുവംശത്തിന്റെ പുണ്യകീർത്തിയായുള്ളവനേ, മുൻപ് ഇവിടെവെച്ചല്ലെ തമ്മിൽ കണ്ടത്? സുന്ദരശരീരാ, ഓർക്കുന്നില്ലയോ? ധന്യശീലാ, എന്റെ പത്നി പിന്നെയും ഗർഭംധരിച്ചു. എറ്റവും സന്തോഷപ്രദമായ പ്രസവകാലവും ആസന്നമായി. അത്ഭുതപരാക്രമാ, ഒട്ടും താമസിക്കരുതേ. എനിക്ക് നിൽക്കുവാൻകൂടി ധൈര്യമില്ല. സർവ്വേശ്വരനെ വന്ദിക്കു. ദേവേന്ദ്രനേയും നമിക്കു. കരുത്തുറ്റ ചാപം എടുക്കു. നമുക്ക് വേഗം നടക്കാം.}
"മമ പത്നി പിന്നെയും ധരിച്ചു ഗർഭം" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
അർജ്ജുനൻ:-രാഗം:അഠാണ, താളം:ചെമ്പട(രണ്ടാം കാലം)
ചരണം3:
"ബ്രാഹ്മണേന്ദ്ര കൂടെപ്പോരുന്നേൻ ത്വൽപ്രിയ പെറും
 ആത്മജനെക്കാത്തുതരുന്നേൻ
 കാർമുകമിതല്ലോ കാൺക ആത്മജരക്ഷാസഹായം
 ധർമ്മരാജാദികളിന്നു മന്മതത്തെ ലംഘിക്കുമോ"
പല്ലവി:
"വ്യാകുലത്വമേതുമരുതേ ഭൂസുരമൗലേ
 പോക നാമെങ്കിലോ വൈകാതേ"
{ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ കൂടെ പോരുന്നുണ്ട്. അങ്ങയുടെ പ്രിയതമ പ്രസവിക്കുന്ന പുത്രനെ കാത്തുതരുന്നുമുണ്ട്. പുത്രരക്ഷയ്ക്ക് സഹായമായി വില്ല് ഇതാ കാണുക. ധർമ്മരാജാവ് ആദിയായവരും ഇന്ന് എന്റെ ഹിതത്തെ ലംഘിക്കുമോ? ബ്രാഹ്മണശ്രേഷ്ഠാ, ഒട്ടും പരിഭമം അരുതേ. എങ്കിൽ നമുക്ക് വൈകാതെ പോകാം.}
"ആത്മജനെക്കാത്തുതരുന്നേൻ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'എന്നാൽ പുറപ്പെടുകയല്ലേ?'
അർജ്ജുനൻ:'അങ്ങിനെ തന്നെ'
ചാപബാണധാരിയായ അർജ്ജുനനും ബ്രാഹ്മണനും കൈകോർത്തുപിടിച്ച് പിന്നിലേയ്ക്കുമാറി തിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ബ്രാഹ്മണഗൃഹത്തിൽ എത്തിയതായി ഭാവിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ നിർദ്ദേശിക്കുന്ന ഉത്തമമായ സ്ഥാനത്ത് വഴിപോലെ ഞാൺ മുറുക്കി അസ്ത്രങ്ങൾ തൊടുത്ത് അർജ്ജുനൻ ഒരു ശരകൂടം നിർമ്മിക്കുന്നു. ബ്രാഹ്മണൻ ശരകൂടം കണ്ട് ബോദ്ധ്യപ്പെടുന്നു. ഈ സമയത്ത് പിന്നിലായി തിരശ്ശീല പിടിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്നതായി ഭാവിച്ച്  തിരശ്ശീലയുടെ വലതുഭാഗത്തുകൂടി പിന്നിലേയ്ക്ക് കടക്കുന്നു. അനന്തരം സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ കൂട്ടിക്കൊണ്ട് തിരശ്ശീലയുടെ ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ബ്രാഹ്മണൻ സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ ഈറ്റില്ലത്തിലേയ്ക്ക് എന്നഭാവത്തിൽ വലതുഭാഗത്തുകൂടി തിരശ്ശീലയ്ക്കുള്ളിലേയ്ക്ക് അയയ്ക്കുന്നു. അർജ്ജുനൻ വീരഭാവത്തിൽ ചാപബാണധാരിയായി ഇടതുഭാഗത്തായി നിൽക്കുന്നു. ബ്രാഹ്മണൻ നാമം ജപിച്ചുകൊണ്ട് വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:പുന്നാഗവരാളി
"ഏണാങ്കപ്രതിമാഭിരാമവദനാ ബാലാ സുശീലാ തദാ
 വീണാഭാഷിണി വിപ്രപത്നിയുമുടൻ പെറ്റാളസൗ കൗതുകാൽ
 പാണൗ തം ച വഹിപ്പതിന്നു സഖിയും ഭാവിച്ചു തസ്മിൻ മുദാ
 കാണാഞ്ഞാത്മജമാത്തശോകവിവശാ സാദ്ധ്വീ രുരോദാഞ്ജസാ"
{ചന്ദ്രസമാനം സുന്ദരമായ മുഖത്തോടുകൂടിയവളും സുശീലയായ ബാലികയും മധുരഭാഷിണിയുമായ ആ ബ്രാഹ്മണപത്നി ഉടനെ ആശയോടെ പ്രസവിച്ചു. സഖി സന്തോഷത്തോടെ കുട്ടിയെ കൈയ്യിലെടുക്കുവാൻ ഭാവിച്ചു. അപ്പോൾ പുത്രനെ കാണാഞ്ഞ് ദുഃഖവിവശയായിതീർന്ന ബ്രാഹ്മണപത്നി വിലപിക്കുവാൻ തുടങ്ങി.}

ശ്ലോകം കൊട്ടിക്കലാശിച്ചാൽ ഗായകർ പദം ആലപിക്കുന്നു. നാമം ജപിച്ച് ഇരിക്കുന്ന ബ്രാഹ്മണൻ ഈ സമയത്ത് അസ്വസ്തനായി ഇടയ്ക്കിടെ എഴുന്നേറ്റ് പരിഭ്രമിച്ച് അങ്ങുമിങ്ങും നടക്കുകയും, കാവൽനിൽക്കുന്ന അർജ്ജുനനെ കണ്ട് സമാധാനപ്പെട്ട് പൂർവ്വസ്ഥിതിയിൽ ഇരിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ബ്രാഹ്മണൻ ഈറ്റില്ലത്തിൽനിന്നും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ചെവിയോർക്കുകയും, അടി അളന്ന് സമയം തിട്ടപ്പെടുത്തുകയും ചെയ്യുന്നു.

ബ്രാഹ്മണപത്നിയുടെ വിലാപപദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
"കരുണാവാരിധേ കൃഷ്ണാ നരനേയും ചതിച്ചായോ
 ശരണരഹിതരാമിജ്ജനങ്ങൾ മൂലം
 പരമപൂരുഷ തവ ഭഗിനി ബാലികയ്ക്കയ്യോ
 പെരിയെ വൈധവ്യദുഃഖം വരുവതു ചിതമോ തേ"
ചരണം2:
"ജ്വലിച്ചകാന്തിയോടാശു ജനിച്ച ബാലകൻ ഭൂമൗ
 പതിച്ചീടുന്നതിന്മുൻപേ മറച്ചു ദൈവം
 ലഭിച്ചീലാ ശവമ്പോലും ഫലിച്ചീലർജ്ജുനയത്നം
 വരച്ച രേഖയെ മൂർദ്ധനി മറച്ചുവെച്ചുകൂടുമോ"
ചരണം3:(ദ്രുതകാലം)
"പരമാധിവിവശനാം ഹരിപാദസ്മൃതിയോടും
 പുരവാതല്ക്കൽ നല്ക്കുന്ന പ്രിയന്തന്നോടും
 പുരുഹൂതാത്മജനോടും ചരിതങ്ങളിവയെല്ലാം
 ഉരചെയ്തീടുവിൻ ചെന്നു വിരവോടു സഖിമാരേ"
{കരുണാസമുദ്രമേ, കൃഷ്ണാ, ശരണരഹിതരായ ഈ ജനങ്ങൾ കാരണം അർജ്ജുനനേയും ചതിച്ചുവോ? പരമപൂരുഷാ, അയ്യോ! അങ്ങയുടെ സഹോദരീബാലികയ്ക്ക് കടുത്ത വൈധവ്യദുഃഖം വരുന്നത് അങ്ങേയ്ക്ക് ഇഷ്ടമാണോ? അതിയായ തേജസ്സോടെ ജനിച്ച ബാലകനെ നിലംതൊടുന്നതിനുമുൻപേ പെട്ടന്ന് ദൈവം മറച്ചുകളഞ്ഞു. ശവം പോലും ലഭിച്ചില്ല. അർജ്ജുനന്റെ പ്രയത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ മാറ്റാൻ കഴിയുമോ? സഖിമാരേ, പരിഭ്രമിച്ചുകൊണ്ടും ശ്രീകൃഷ്ണപാദങ്ങളെ സ്മരിച്ചുകൊണ്ടും പുരവാതിൽക്കൽ നിൽക്കുന്ന പ്രിയനോടും അർജ്ജുനനോടും ഈ വർത്തമാനമെല്ലാം വേഗം ചെന്ന് പറയുവിൻ.}
"കരുണാവാരിധേ കൃഷ്ണാ" (ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ)
പദം കലാശിച്ചാൽ ഗായകർ അടുത്ത ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ബലഹരി
"ഈറ്റില്ലത്തിനകത്തുനിന്നുടനെഴും രോദാകുലാം ഭാരതീം
 ഏറ്റം ദുഃഖമൊടും നിശമ്യ സഹസാ മൂർച്ഛിച്ചുവീണൂ ദ്വിജൻ
 കാറ്റേശും ദഹനാഭപൂണ്ടു സഹസാ കോപാന്ധനായിട്ടവൻ
 ചുറ്റും ഹന്തവെടിഞ്ഞു നിഷ്ഠുരമധിക്ഷേപിച്ചു ശക്രാത്മജം"
{ഈറ്റില്ലത്തിനകത്തുനിന്നും ഉടനെ പുറപ്പെട്ട കരച്ചിൽ കലർന്ന വാക്കുകൾ കേട്ട് ബ്രാഹ്മണൻ ഏറ്റവും ദുഃഖത്തോടെ ഉടനെ മോഹാലസ്യപ്പെട്ട് വീണു. കാറ്റേറ്റ് ആളികത്തുന്ന തീ എന്നപോലെ ജ്വലിച്ചുകൊണ്ട് കോപാന്ധനായി തീർന്ന ബ്രാഹ്മണൻ പെട്ടന്നുതന്നെ സ്നേഹബന്ധം കൈവിട്ട് അർജ്ജുനനെ നിശിതമായി അധിക്ഷേപിച്ചു.}

ശ്ലോകാരംഭത്തോടെ എഴുന്നേറ്റ് പിന്നിലായി പിടിച്ചിരിക്കുന്ന തരശ്ശീലയ്ക്കുസമീപം വരുന്ന ബ്രാഹ്മണൻ ദാസിയിൽനിന്നും അപ്പോൾ ജനിച്ച കുട്ടിയെ കാണ്മാനില്ല എന്ന വിവരം അറിഞ്ഞ് ഏറ്റവും ദുഃഖിച്ച് 'മൂർച്ഛിച്ചുവീണൂ' എന്ന് ആലപിക്കുന്നതിനൊപ്പം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടർന്ന് ശ്ലോകത്തിൽ 'കോപാന്ധനായിട്ടവൻ' എന്ന് ആലപിക്കുന്നതോടെ ചാടി എഴുന്നേൽക്കുന്ന ബ്രാഹ്മണൻ വർദ്ധിച്ച കോപത്തോടെ അർജ്ജുനന്റെ നേരെ പാഞ്ഞടുക്കുന്നു. തന്റെ പരിശ്രമം ഫലിച്ചില്ല എന്ന് മനസ്സിലാക്കിയ അർജ്ജുനൻ ഇതികർത്തവ്യതാമൂഢനായി തലതാഴ്ത്തി നിൽക്കുന്നു. ഈ സമയത്ത് പിന്നിൽ പിടിച്ചിരിക്കുന്ന തിരശ്ശീല നീക്കം ചെയ്യുന്നു.
ബ്രാഹ്മണൻ:'ഹോ! ഹോ! ഛീ! എടാ, നിന്റെ പുത്രപരിപാലനം വിശേഷമായി. കണ്ടുകൊൾക'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:ബലഹരി, താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
"മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം"
അനുപല്ലവി:
"രൂഢാധിക മോടിയെഴും ശരകൂടംകൊണ്ടെന്തുഫലം ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
ചരണം1:
"വീണ്ടും വീണ്ടും മുന്നം വേണ്ടും പ്രകാരത്തിൽ
 പാണ്ഡവ നിന്നോടു ഞാൻ ഇതു വേണ്ട
 ദുർമ്മോഹം തുടങ്ങേണ്ടാ നീയെന്നു
 ഖണ്ഡിച്ചുചൊന്നതെല്ലാം അപ്പോൾ
 കൊണ്ടില്ല നിന്നുള്ളിലാണ്ടോരഹംഭാവം
 മേന്മേൽ വളരുകയാലിപ്പോ-
 ളുണ്ടായ ബാലകൻ തന്റെ ശവമ്പോലും
 കണ്ടീല നിൻവൈഭവാൽ ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
ചരണം2:
"കുക്ഷിയിൽ കൈവച്ചു ദിക്ഷുവിവശനായ്
 നോക്കുന്നതെന്തു ഭവാൻ ആശു-
 ശുക്ഷണിയിങ്കൽ പതിച്ചാലും ബാലനെ
 രക്ഷിക്ക സാധിക്കുമോ
 രൂക്ഷസഹായമുപേക്ഷിച്ചു നീ സഹ-
 സ്രാക്ഷാത്മജ പോകെടോ വേഗാ-
 ലക്ഷീണാനന്ദം പത്മാക്ഷപുരേ പുക്കു
 ഭക്ഷിച്ചു വാണുകൊൾക ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
{മൂഢാ, നിന്റെ ഏറ്റവും ശക്തമായ സാമർത്ഥ്യം എവിടെപ്പോയി? കേമത്തം നടിക്കുന്നവനേ, ഏറ്റവും ശക്തവും മോടിയുള്ളതുമായ ശരകൂടം കൊണ്ട് എന്തുഫലം? പാണ്ഡവാ, ഇതുവേണ്ടാ, ദുർമ്മോഹം തുടങ്ങേണ്ടാ എന്ന് നിന്നോട് ഞാൻ മുൻപുതന്നെ വീണ്ടും വീണ്ടും വേണ്ടപ്രകാരത്തിൽ തറപ്പിച്ചുപറഞ്ഞു. അതൊന്നും കണക്കാക്കാതെ അപ്പോൾ നിന്റെയുള്ളിൽ ആണ്ടിറങ്ങിയ അഹങ്കാരം മേൽക്കുമേൽ വളരുകയായിരുന്നു. കേമത്തം നടിക്കുന്നവനേ, നിന്റെ കേമത്തംകൊണ്ട് ഇപ്പോൾ ഉണ്ടായ ബാലന്റെ ശവമ്പോലും കണ്ടില്ല. വളരെ വിവശനായി വയറ്റത്ത് കൈവെച്ചുനിന്ന് നോക്കുന്നതെന്ത്? ഭവാൻ പെട്ടന്ന് അഗ്നിയിൽ പതിച്ചാലും. ബാലനെ രക്ഷിക്കുവാൻ സാധിക്കുമോ? ആയിരം കണ്ണുകളുള്ളവനായ ദേവേന്ദ്രന്റെ പുത്രാ, കേമത്തം നടിക്കുന്നവനേ, എടാ, നീ ക്രൂരമായ സഹായം ഉപേക്ഷിച്ച് വേഗത്തിൽ പോയി ദ്വാരകാപുരിയിൽ ചെന്ന് ഭക്ഷണം കഴിച്ച് ക്ഷീണമകറ്റി ആനന്ദത്തോടെ വസിച്ചുകൊള്ളുക.}
"മൂഢ അതിപ്രൗഢമാം നിന്നുടെ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'എടാ, ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ ഇങ്ങിനെ നിൽക്കുന്നതെന്തേ? ഛീ! കടന്നുപോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ ദുഃഖാർത്തനായി വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. കോപം, താപം, ജാള്യത ഇത്യാദി വികാരങ്ങളുടെ സമ്മർദ്ദത്താൽ വീർപ്പുമുട്ടിയ അർജ്ജുനൻ ആലോചിച്ചുറപ്പിച്ച് പെട്ടന്ന് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

സന്താനഗോപാലം ആറാം രംഗം


രംഗത്ത്-യമധർമ്മൻ(കുട്ടിത്തരം കറുത്തകത്തിവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:കാമോദരി
"നിശമ്യ ഭൂദേവഗിരം സ പാണ്ഡവ-
 സ്തമുത്തരം കിഞ്ചന നോക്തവാനസൗ
 കൃതാന്തഗേഹം സമവാപ്യ ച ക്ഷണാത്
 രുഷാരുണാക്ഷസ്തമുവാച ഭാസ്ക്കരീം"
{ബ്രാഹ്മണൻ പറഞ്ഞതുകേട്ട് ഉത്തരമൊന്നും പറയാനാവതെ അർജ്ജുനൻ കോപംകൊണ്ട് ചുവന്ന കണ്ണുകളോടുകൂടിയവനായിട്ട് പെട്ടന്ന് നേരെ യമപുരിയിൽ ചെന്ന് യമധർമ്മനോട് പറഞ്ഞു.}

യമധർമ്മന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ധർമ്മരാജാവിനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ധർമ്മരാജാവ് അനുഗ്രഹിക്കുന്നു.
അർജ്ജുനൻ:'പ്രഭോ, ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"ധർമ്മരാജ വിഭോ ഭവല്പദസരസീരുഹയുഗളം
 ധർമ്മജാനുജനേഷ വന്ദേ"
അനുപല്ലവി:
"ധർമ്മമോ പിതൃനാഥ വഞ്ചനകർമ്മ-
 മെന്നൊടു ചെയ്തതു നീ ബത"
{ധർമ്മരാജാ, പ്രഭോ, ധർമ്മപുത്രന്റെ അനുജനായ ഞാനിതാ ഭവാന്റെ പാദത്താമരകളെ വന്ദിക്കുന്നേൻ. പിതൃനാഥാ, കഷ്ടം! അങ്ങ് എന്നോട് ഈ വഞ്ചനചെയ്തത് ധർമ്മമാണോ?}

യമധർമ്മന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
"എന്തു ചെയ്തേനഹിതം ഇന്ദ്രസൂനോ
 ഹന്ത നീ രുഷാന്ധനായി വന്നതിപരുഷമപി വദസി"
{ഇന്ദ്രപുത്രാ, ഹോ! നീ കോപാന്ധനായി വന്ന് പരുഷമായി ഇങ്ങിനെ പറയുന്നതിന് ഞാനെന്താണ് അഹിതമായി ചെയ്തത്?}

അർജ്ജുനൻ:
ചരണം1:
"മഹിഷവാഹന ഭവാനഹിതഭാവം തുടർന്നാൽ
 മഹിതമാഹാത്മ്യം ചിന്തിപ്പനോ സഹസൈവ നിന്നാൽ
 വിഹിതം കൈതവം സഹിപ്പനോ നഹി സംശയം തേ
 മന്ദിരം ദഹിപ്പതിന്നോരന്തരം വിനൈവ നേരെ-
 നിന്നരനാഴികയെന്നോടു പൊരുതുക
 തന്നീടുക ദ്വിജസുതമഥ നീ"
{മഹിഷവാഹനാ, ഭവാൻ അഹിതഭാവം തുടർന്നാൽ അങ്ങയുടെ മഹത്വത്തെപറ്റിയൊന്നും ഞാൻ ചിന്തിക്കുകയില്ല. അങ്ങു ചെയ്ത ചതി ഞാൻ സഹിക്കുമോ? സംശയിക്കേണ്ട, അങ്ങയുടെ മന്ദിരം ദഹിപ്പിക്കുന്നതിന് ഒരു തടസവുമില്ല. എന്നോട് നേരിട്ടുനിന്ന് അരനാഴികനേരം  പൊരുതുക. അല്ലെങ്കിൽ ബ്രാഹ്മണപുത്രനെ അങ്ങ് തരിക.}

യമധർമ്മൻ:
ചരണം:1
"പരുഷവചനങ്ങൾ മതി പറക പരമാർത്ഥം പര-
 പുരുഷപ്രിയസഖനു പാർക്കിലില്ലസാദ്ധ്യമൊന്നും"
ചരണം2:
"പഴുതേയെന്തേ കലഹിച്ചുവിളിച്ചു സമരാർത്ഥം
 പരിചിനൊടു തരുവൻ തവ പറഞ്ഞുകൊൾക വേണ്ടുന്നവ"
ചരണം3:
"ഏതൊരു ഭൂദേവതനയനേതൊരു ദേശം നീതനായി
 നൂനമെന്നാലഹം ജാനേ ദൂതരുമേവം ചെയ്യാ താനേ"
{പരുഷവചനങ്ങൾ മതി. സത്യം പറയുക. ആലോചിച്ചാൽ കൃഷ്ണന്റെ പ്രിയസുഹൃത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. വെറുതെ എന്തിനാണ് കലഹിച്ച് പോരിനുവിളിക്കുന്നത്? വേണ്ടത് പറഞ്ഞുകൊൾക. വഴിപോലെ തരാം. ഏതൊരു ബ്രാഹ്മണപുത്രൻ? ഏതൊരു ദേശത്തുനിന്ന്? പുതുതായി കൊണ്ടുവന്നതാണെങ്കിൽ ഞാൻ അറിയാതിരിക്കുകയില്ല. ദൂതന്മാരും തന്നിഷ്ടപ്രകാരം അങ്ങിനെ ചെയ്യുകയില്ല.}

അർജ്ജുനൻ:
ചരണം2:
"പുരുഷോത്തമൻ കൃഷ്ണന്റെ പുരിയിൽ മരുവീടുന്ന
 ധരണീസുരനൊൻപതു മക്കൾ ജനിച്ചപ്പോഴേ
 തരസാ നീതരായി നിന്നാൽ കേൾക്ക പത്താമനിപ്പോൾ
 ഉത്ഭവിച്ചോരർഭകനെ പിതൃപ്രഭോ നീ മമശരകൂടാൽ
 കപടവശാലിന്നപഹൃതനായി തന്നീടുകിദാനീം വിരവൊടു"
{പുരുഷോത്തമനായ ശ്രീകൃഷ്ണന്റെ പുരിയിൽ വസിക്കുന്ന ഒരു ബ്രാഹ്മണന്റെ ഒൻപതു പുത്രന്മാർ ജനിച്ചപ്പോൾ ഉടനെതന്നെ അങ്ങയാൽ കൊണ്ടുവരപ്പെട്ടു. പിതൃദേവാ, കേൾക്കുക. പത്താമതായി ഉണ്ടായ പുത്രനെ ഇപ്പോൾ അങ്ങ് എന്റെ ശരകൂടത്തിനുള്ളിൽ നിന്നും കപടത്താൽ അപഹരിച്ചു. കുട്ടികളെ വഴിപോലെ ഉടനെ വിട്ടുതരണം.}

യമധർമ്മൻ:
ചരണം3:
"ദ്വാരകയിൽ വന്നിത്തൊഴിൽ ആരംഭിപ്പാനാരിതോർത്താൽ
 പൗരുഷമെനിക്കെന്നല്ല പാർക്കിലില്ലസാദ്ധ്യമൊന്നും
 തീരുന്നില്ല ശങ്കയെങ്കിൽ തിരക ചിത്രഗുപതനൊടും
 പോരും പരിഭവമെന്നോടു പുരുകുലമണിദീപ
 ഉത്തമപുരുഷചരിതം എത്രയുമോർത്തോളം വിചിത്രം
 ത്വൽപ്രിയസഖനാരാഞ്ഞാലെത്തും വിപ്രനുടെ സുതന്മാർ പത്തും"
{ചിന്തിച്ചാൽ, ദ്വാരകയിൽ വന്ന് ഇങ്ങിനെ ചെയ്യുവാൻ പൗരുഷമുള്ള ആരാണുള്ളത്? വിചാരിച്ചാൽ, എനിക്കെന്നല്ല ആർക്കും ഇതൊന്നും സാധ്യമല്ല. സംശയം തീരുന്നില്ലെങ്കിൽ ചിത്രഗുപതനോടുകൂടി ചോദിച്ചുകൊള്ളുക. പുരുഷന്മാരിലെ മണിവിളക്കേ, എന്നോട് പരിഭവിച്ചത് മതി. ഉത്തമപുരുഷനായ ശ്രീകൃഷ്ണന്റെ ചരിത്രം ഓർത്താൽ എത്രയും അത്ഭുതകരമാണ്. നിന്റെ സുഹൃത്ത് തിരഞ്ഞാൽ ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും ലഭിക്കും.}

ശേഷം ആട്ടം-
അർജ്ജുനൻ:
(വന്ദിച്ചിട്ട്)'അല്ലയോ പിതൃദേവാ, ഞാൻ സങ്കടംകൊണ്ട് പറഞ്ഞതെല്ലാം അങ്ങ് ക്ഷമിക്കേണമേ. ഞാനിനിയും ബ്രാഹ്മണബാലന്മാരെ തിരയുവാനായി പോകുന്നു. എന്നെ അനുഗ്രഹിച്ചാലും.'
യമധർമ്മൻ:'നിന്റെ ആഗ്രഹം ഉടനെ സാധിക്കട്ടെ'
യമധർമ്മനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് യമധർമ്മനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

സന്താനഗോപാലം ഏഴാം രംഗം

രംഗത്ത്-ഇന്ദ്രൻ(കുട്ടിത്തരം പച്ചവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:പന്തുവരാളി
"കാർത്താന്തീം താമാത്തചിന്തോഥ വാണീം
 ശ്രുത്വാ ഗത്വാ വേഗതോ നാകലോകം
 തത്രാസീനം ദേവരാജം സഭായാം
 നത്വാ പാർത്ഥസ്സാദരം വാചമൂചേ"
{ധർമ്മരാജാവിന്റെ ഇപ്രകാരമുള്ള വാക്കുകൾ കേട്ടിട്ട് അർജ്ജുനൻ വേഗത്തിൽ സ്വർഗ്ഗലോകത്തിൽ ചെന്ന് സഭയിലിരിക്കുന്ന ദേവരാജനെ നമസ്ക്കരിച്ച് സാദരം പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദേവേന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു.
ഇന്ദ്രൻ:(അനുഗ്രഹിച്ചിട്ട് അമ്പരപ്പോടെ)'എന്താണിത്? നീ കോപിച്ചുവന്നിരിക്കുന്നത് എന്തിനാണ്?'
അർജ്ജുനൻ:'എല്ലാം ഞാൻ ഉണർത്തിക്കാം. വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:പന്തുവരാളി, താളം:മുറിയടന്ത
പല്ലവി:
"ഭഗവൻ പാകാരാതേ തവ പാദയുഗളം വന്ദേ"
അനുപല്ലവി:
"വിഗത സംശയം വൃഷ്ണിപുരിയിൽനിന്നു നീതരാം
 മഹിതവിപ്രബാലരെ തരിക മേ തരസൈവ"
{ഭഗവാനേ, പാകശാസനാ, അങ്ങയുടെ കാലിണ വന്ദിക്കുന്നേൻ. സംശയമില്ലാതെ ദ്വാരകാപുരിയിൽനിന്നും കൊണ്ടുപോരപ്പെട്ട ബ്രാഹ്മണബാലന്മാരെ ഉടനെ എനിക്കു് തരിക.}

ദേവേന്ദ്രന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ"
അനുപല്ലവി:
"ആരണബാലരേവരാരാൽ എങ്ങു നീതരായി ഹന്ത
 ബോധിച്ചില്ല ഞാൻ പുതിയൊരു കഥ കുതുകപ്രദമിതു മമ"
("ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ")
{നന്മയുടെ സമുദ്രമേ, പുത്രാ, സന്മനസ്സേ, ഇപ്രകാരം കോപിക്കുന്നത് എന്തിനെന്ന് പറഞ്ഞാലും. ഹോ! ഏതു ബ്രാഹ്മണബാലർ? ആരാൽ എവിടേയ്ക്ക് കൊണ്ടുവരപ്പെട്ടു? ഞാൻ അറിഞ്ഞില്ല. ഇത് രസകരമായ ഒരു പുതിയ കഥയാണല്ലോ!}

അർജ്ജുനൻ:
ചരണം:1
"ദ്വാരവതിയാം പുരിയിൽ മരുവുന്ന
 ആരണനൊൻപതു മക്കൾ മുന്നം
 ചാരുതയോടെ ജനിച്ചവരൊൻപതും
 പാരാതെ നീതരായ് നാകലോകം"
ചരണം2:
"ദശമനുണ്ണിയുമിന്നു
 വിശിഖകുടിയതിൽനിന്നു സഹസാ
 നീതനായി നിഗൂഢമിച്ചതി
 ചെയ്തതെന്നോടു യോഗ്യമോ ബത"
{ദ്വാരവതീപുരിയിൽ വസിക്കുന്ന ബ്രാഹ്മണന്റെ ഒൻപതു മക്കളേയും ജനിച്ച ഉടനെ സ്വർഗ്ഗലോകത്തിലേയ്ക്ക് കൊണ്ടുവരപ്പെട്ടു. പത്താമത്തെ ഉണ്ണിയേയും ഇന്ന് എന്റെ ശരകൂടത്തിൽനിന്നും ആരും അറിയാതെ പെട്ടന്ന് തട്ടിക്കൊണ്ടുപോരപ്പെട്ടിരിക്കുന്നു. എന്നോട് ഈ ചതി ചെയ്തത് യോഗ്യമാണോ?}

ഇന്ദ്രൻ:
ചരണം1:
"ത്രൈലോക്യൈകനായകൻ ത്രിവിക്രമൻ മമാനുജൻ
 ലീലാമാനുഷൻ ഗോവിന്ദൻ ഭൂതലംതന്നിൽ
 കാലേ ജനിച്ചതിൽ പിന്നെ
 ബാലകഹരണം ചെയ്തില്ലാ ഭൂതലാലഹം
 കാലാരികഴലാണ സത്യമിദം മദ്വചനം കുരുവര"
("ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ")
{മൂന്നുലോകങ്ങൾക്കും ഏകനാഥനും ത്രിവിക്രമനുമായ മഹാവിഷ്ണു എന്റെ അനുജനായി മാനുഷവേഷത്തിൽ ഭൂതലത്തിൽ ജനിച്ചതിൽ പിന്നെ ഞാൻ ഭൂമിയിൽ നിന്നും ബാലന്മാരെ കൊണ്ടുപോന്നിട്ടില്ല. കുരുശ്രേഷ്ഠാ, ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങളാണെ ഞാൻ പറയുന്നത് സത്യമാണ്.}

അർജ്ജുനൻ:
ചരണം3:
"പത്താമനുണ്ണിയെക്കാത്തുതരാമെന്നു
 പൃഥ്വീസുരനോടു സത്യംചെയ്തു
 സത്യത്രാണാർത്ഥം പിണങ്ങും ഹരിയോടു
 പാർത്ഥനില്ലേതും സന്ദേഹമുള്ളിൽ
 ശമനപത്തനത്തിലാത്ത ജവമോടദ്യ തിരഞ്ഞു ബാലക-
 രസരസാർത്ഥപുരത്തിലത്ര തദർത്ഥമേവ മദാഗമമിതു"
{പത്താമത്തെ ഉണ്ണിയെ കാത്തുതരാമെന്ന് ബ്രാഹ്മണനോട് ഞാൻ സത്യം ചെയ്തു. സത്യപരിപാലനത്തിനായി കൃഷ്ണനോടുപോലും ഈ പാർത്ഥൻ പിണങ്ങും, ഉള്ളിൽ സംശയമില്ല. ഞാനിപ്പോൾ യമപുരിയിലും പോയി കുട്ടികളെ തിരഞ്ഞു. ബാലരെ തിരയാനായിട്ടാണ് ഞാൻ ഇവിടെയും വന്നത്.}

ഇന്ദ്രൻ:
ചരണം2:
"വിശ്വൈകധനുർദ്ധര വിജയ മാമകവാചാ
 വിശ്വാസംവന്നില്ലെന്നാകിൽ
 നിർജ്ജരലോകം നിശ്ശേഷം തിരഞ്ഞഞ്ജസാ
 അച്യുതാന്തികേ ചെന്നന്വേഷിക്കണം ബാലകം
 വിശ്വേശൻ ഗോവിന്ദന്റെ മറിമായങ്ങളറിവാനരുതാർക്കും
 ഗമിക്ക മാധവസവിധേ ഫൽഗുണവീര ലഭിക്കും ബ്രാഹ്മണസുതരെ"
{ലോകത്തിലെ ഏകവില്ലാളിവീരനായ വിജയാ, എന്റെ വാക്കുകളാൽ വിശ്വാസം വന്നില്ലായെങ്കിൽ ദേവലോകം മുഴുവൻ തിരഞ്ഞുകൊള്ളു. അതിനുശേഷം ശ്രീകൃഷ്ണസമീപം ചെന്ന് ബാലരെ അന്വേഷിക്കണം. ലോകേശ്വരനായ ഗോവിന്ദന്റെ മറിമായങ്ങൾ ആരാലും അറിയാനാവുന്നതല്ല. ഫൽഗുണവീരാ, ശ്രീകൃഷ്ണസമീപം പോവുക. ബ്രാഹ്മണപുത്രന്മാരെ ലഭിക്കും.}

ശേഷം ആട്ടം-
അർജ്ജുനൻ:(വന്ദിച്ചിട്ട്)'അല്ലയോ പിതാവേ, എന്നാൽ ഞാനിനി മറ്റുലോകങ്ങളിലും അന്വേഷിക്കുവാനായി പോകുന്നു. അവിടെനിന്നും ബ്രാഹ്മണബാലരെ ലഭിച്ചില്ലായെങ്കിൽ ഞാൻ അഗ്നിയിൽ ചാടി ദഹിക്കും, തീർച്ച.'
ഇന്ദ്രൻ:'നിന്റെ സുഹൃത്തായ ശ്രീകൃഷ്ണൻ നിന്നെ കൈവെടിയില്ല. സമാധാനത്തോടെ പോയാലും'
ഇന്ദ്രനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട്  ഇന്ദ്രനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

സന്താനഗോപാലം എട്ടാം രംഗം

രംഗത്ത്-അർജ്ജുനൻ, ശ്രീകൃഷ്ണൻ

ശ്ലോകം-രാഗം:മുഖാരി
"ജംഭാരേർമൊഴി കേട്ടു പോന്നു വിജയൻ സമ്പ്രാപ്യ നാകാൽസവൈ
 സമ്പൂർണ്ണം ഭുവനം ച തത്ര ലഭിയാഞ്ഞുർവീസുരാപത്യകം
 അംഭോജാക്ഷപരീക്ഷനിർണ്ണയമിതെന്നൻപോടു കണ്ടാശയേ
 കമ്പം തീർന്നനലേഥ ചാടുവതിനായ് വമ്പൻ മുതിർന്നീടിനാൻ"
{ദേവേന്ദ്രന്റെ വാക്കുകൾ കേട്ട് സ്വർലോകത്തുനിന്നും പോന്ന അർജ്ജുനൻ ലോകത്തിൽ എല്ലായിടത്തും തിരഞ്ഞിട്ടും ബ്രാഹ്മണകുമാരന്മാരെ ലഭിക്കായ്കയാൽ. 'നിശ്ചയമായും ഇത് ശ്രീകൃഷ്ണന്റെ പരീക്ഷണമാണ്' എന്നുകരുതി സംശയമില്ലാതെ തീയിൽചാടുവാനായി മുതിർന്നു.}

രംഗമദ്ധ്യത്തിലെ പീഠത്തിൽ നിരാശാഭാവത്തിൽ ഇരിക്കുന്ന അർജ്ജുനൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ വിചാരപ്പദം-രാഗം:മുഖാരി, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"വിധികൃതവിലാസമിതു വിസ്മയം വിസ്മയം"
ചരണം:1
"കാലനറിയാതെയായ് ബാലമൃതിപോലും
 കാലമിതു വിജയനുടെ കാലദോഷം"
ചരണം2:
"ഇന്നി മമ ചെയ്‌വതു വഹ്നിയതിൽ മുഴുകി ഞാൻ
 ധന്യനായീടുവൻ നന്ദസൂനോ പാഹി മാം"
{ഇത് വിധി ചെയ്യുന്ന ലീലയാണ്. അത്ഭുതം! അത്ഭുതം! കാലൻ അറിയാതെയായി ബാലമരണം പോലും. ഈ കാലം വിജയനായ എന്റെ ദോഷകാലമാണ്. ഇനി ഞാൻ ചെയ്‌വതെന്ത്? തീയിൽ ചാടി ഞാൻ ധന്യനാകുന്നുണ്ട്. നന്ദപുത്രാ, എന്നെ രക്ഷിച്ചാലും.}

"കാലമിതു വിജയനുടെ"(അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ)
ശേഷം ആട്ടം-
(താളം:ചെമ്പട)
അർജ്ജുനൻ:(പെട്ടന്ന് എഴുന്നേറ്റിട്ട്)'ഇനി വേഗം തീക്കുണ്ഡം ഒരുക്കുകതന്നെ'
അർജ്ജുനൻ അസ്ത്രമയച്ച് ഭൂമിയിൽ വിസ്തൃതമായ ഒരു കുഴിയുണ്ടാക്കുകയും, അതിൽ ആഗ്നേയാസ്ത്രം പ്രയോഗിക്കുകയും ചെയ്യുന്നു.
(താളം:തൃപുട-നാലാം കാലം)
അർജ്ജുനൻ 'പരുന്തുകാൽ' ചവുട്ടിക്കൊണ്ട് അഗ്നിജ്വലിപ്പിക്കുന്നു.
(താളം:ചെമ്പട)
അർജ്ജുനൻ:'ഇനി വേഗം ഇതിൽ ചാടി സത്യം പാലിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുജൻ ചാപബാണങ്ങൾ ഇരുകൈകളിലുമായി ശിരസ്സിനുമുകളിൽ ഉയർത്തിപിടിച്ചുകൊണ്ട് നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:മോഹനം
"തീക്കുണ്ഡം വിപുലം കുഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
 ശീഘ്രം പാണ്ഡുസുതൻ കുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ
 വായ്ക്കുന്നോരു കൃപാതരംഗിതമനാസ്സമ്പ്രാപ്യ നന്ദാത്മജൻ
 തൃകൈകൊണ്ടു പിടിച്ചുനിർത്തി വിജയം വാക്യം തമാഖ്യാതവാൻ"
{ശരം കൊണ്ട് വലിയൊരു തീക്കുണ്ഡം കുഴിച്ച് ഉടനെ അഗ്നിയും ജ്വലിപ്പിച്ചിട്ട് പാണ്ഡവൻ വില്ലോടുകൂടി പെട്ടന്ന് അഗ്നിയിലേയ്ക്ക് കുതിച്ചുചാടുമ്പോൾ വർദ്ധിച്ച കൃപാതരംഗിതമായ മനസ്സോടുകൂടി അവിടെ വന്ന ശ്രീകൃഷ്ണൻ തൃകൈകൊണ്ട് അർജ്ജുനനെ പിടിച്ചുനിർത്തി അദ്ദേഹത്തോട് പറഞ്ഞു.}

[
^ശ്ലോകാരംഭത്തോടെ അഗ്നികുണ്ഡത്തിന് പ്രദക്ഷിണം ആരംഭിക്കുന്ന അർജ്ജുനൻ മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയിട്ട് 'തൃകൈകൊണ്ടുപിടിച്ചു' എന്നാലപിക്കുന്നതിനൊപ്പം അഗ്നിയിലേയ്ക്ക് ചാടുവാനായി കുതിക്കുന്നു. ഈ സമയത്ത് പെട്ടന്ന് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ അർജ്ജുനനെ കടന്നുപിടിച്ച് ബലാൽക്കാരേണ പിന്നോക്കം നിർത്തുന്നു. ഈ സമയത്ത് വലന്തലമേളം മുഴക്കുന്നു.]
"നന്ദാത്മജൻ തൃകൈകൊണ്ടു പിടിച്ചുനിർത്തി വിജയം" (അർജ്ജുനൻ-കലാ:മനോജ്)
ശ്രീകൃഷ്ണൻ അർജ്ജുനനെ നോക്കി പുഞ്ചിരിതൂകുന്നു. അർജ്ജുനൻ കോപതാപങ്ങളോടെ തലതാഴ്ത്തി നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

പദം^-രാഗം:മോഹനം, താളം:മുറിയടന്ത(ദ്രുതകാലം)
ശ്രീകൃഷ്ണൻ:
ചരണം1:
"മാകുരുസാഹസം മാകുരുസാഹസം
 മാധവൻ ഞാനില്ലയോ നിന-
 ക്കാകുലമില്ലൊരു കാര്യത്തിനുമെന്നു
 ലോകപ്രസിദ്ധമല്ലോ"
ചരണം2:
"മുന്നം ഞാൻ ചെയ്ത സഹായങ്ങളൊക്കെയും
 ധന്യ മറന്നിതോ നീ പുന-
 രെന്നെയുംകൂടെ മറപ്പതിനേഷ ഞാ-
 നെന്തൊന്നു ചെയ്തു സഖേ"
{സാഹസം പ്രവർത്തിക്കരുതേ, സാഹസം പ്രവർത്തിക്കരുതേ. മാധവനായ ഞാനില്ലയോ? നിനക്ക് ഒരു കാര്യത്തിനും വിഷമമില്ല എന്ന് ലോകപ്രസിദ്ധമാണല്ലൊ. ധന്യാ, മുൻപ് ഞാൻ ചെയ്ത സഹായങ്ങളൊക്കെയും നീ മറന്നുവോ? സഖാവേ, പിന്നെ എന്നെയും കൂടി മറക്കുവാൻ തക്കവണ്ണം ഞാൻ എന്താണ് ചെയ്തത്?}

അർജ്ജുനൻ:
ചരണം3:
"പോരും നീ ചൊന്നതും പോരായ്മ വന്നതും
 പോരുമെനിക്കിനിമേൽ നിന്റെ
 പേരും പറഞ്ഞു ഞെളിഞ്ഞു നടന്നതും
 പോരുമെന്നതുറച്ചു"
ചരണം4:
"പുത്രദുഃഖം സഹിയാഞ്ഞൊരു ഭൂസുരൻ
 എത്ര ദുഷിച്ചു നിന്നെ അതി-
 നുത്തരമൊന്നുമൊരുത്തരും ചൊല്ലാഞ്ഞ-
 തെത്ര ലഘുത്വമഹോ"
ചരണം5:
"ഭർത്തുരവമാനവും വിപ്രദുഃഖവും
 കണ്ടിരിക്കുന്നതിലും ഭുവി
 ക്ഷത്രിയവംശേ ജനിച്ച പുരുഷനു
 മൃത്യുഭവിക്കനല്ലൂ"
ചരണം6:
"ഇത്ഥം നിരൂപിച്ചു ത്വൽ പ്രസാദത്താൽ ഞാൻ
 സത്യം ചെയ്തീടുന്നതും കണ്ടു
 സ്വസ്ഥനായ് നിന്നുരമിച്ച നീയെന്തിപ്പോൾ
 മിത്രത ഭാവിക്കുന്നു"
{മതി നീ പറഞ്ഞത്. മാനഭംഗം വന്നതും ഇനിമേൽ മതി. നിന്റെ പേരും പറഞ്ഞ് ഞെളിഞ്ഞുനടന്നതും മതിയെന്ന് ഉറപ്പിച്ചു. പുത്രദുഃഖം സഹിക്കാനാവാഞ്ഞ് ഒരു ബ്രാഹ്മണൻ നിന്നെ എത്ര ദുഷിച്ചു. ഹോ! അതിന് ഒരുത്തരും ഒരു മറുപടി നൽകാതിരുന്നത് എത്ര കുറച്ചിലായിപ്പോയി? ഭൂമിയിൽ ക്ഷത്രിയകുലത്തിൽ ജനിച്ച പുരുഷന് പ്രജകളുടെ അപമാനവും ബ്രാഹ്മണരുടെ ദുഃഖവും കണ്ടിരിക്കുന്നതിലും നല്ലത് മരണമാണ്. ഇങ്ങിനെ വിചാരിച്ച് അങ്ങയുടെ പ്രസാദത്താൽ ഞാൻ സത്യം ചെയ്യുന്നതും കണ്ട് സ്വസ്ഥനായിനിന്ന് രമിച്ച നീ എന്തേ ഇപ്പോൾ മിത്രത ഭാവിക്കുന്നു?}

"ഇത്ഥം നിരൂപിച്ചു ത്വൽ പ്രസാദത്താൽ ഞാൻ" (ശ്രീകൃഷ്ണൻ-കലാ:അരുൺ കുമാർ, അർജ്ജുനൻ-കലാനി:വിനോദ്)
ശ്രീകൃഷ്ണൻ:
ചരണം7:
"പാർത്ഥ മമ സഖേ കോപിക്കരുതേ
 കിമർത്ഥം മരിക്കുന്നു നീ നിന്റെ
 ചിത്തേ നിരൂപിച്ച കാര്യമതൊക്കെയും
 ഹസ്തേവരുത്തുവൻ ഞാൻ"
ചരണം8:
"കുണ്ഠതവേണ്ട കുമാരന്മാരൊക്കെയും
 ഉണ്ടതിപുണ്യവാന്മാർ ഒരു
 കുണ്ഠതകൂടാത്ത ദിക്കിലിരിക്കുന്നു
 കൊണ്ടുപോരാമവരെ"
{പാർത്ഥാ, എന്റെ സഖാവേ, കോപിക്കരുതേ. കാര്യമില്ലാതെയാണ് നീ മരിക്കുന്നത്. നിന്റെ മനസ്സിൽ വിചാരിച്ച കാര്യമൊക്കെയും ഞാൻ സാധിപ്പിക്കുന്നുണ്ട്. മൗഢ്യം വേണ്ട. ഏറ്റവും പുണ്യവാന്മാരായ കുമാരന്മാരൊക്കെയും ഒരു ദുഃഖവും ബാധിക്കാത്ത ഒരിടത്തുണ്ട്. നമുക്ക് അവരെ കൊണ്ടുപോരാം.}

 
[^ഈ പദം പ്രക്ഷിപ്തമാണ്. "സാധുവത്സല വിജയ സഖേ" എന്നുതുടങ്ങുന്ന ഒരു പദമാണ് ആട്ടകഥാകാരൻ ഇവിടെ എഴുതിയിട്ടുള്ളത്. എന്നാൽ അരങ്ങിൽ ഇത് പതിവില്ല.]
 

ശേഷം ആട്ടം-
അർജ്ജുനൻ ശ്രീകൃഷ്ണന്റെ കാൽക്കൽ നമസ്ക്കരിക്കുന്നു.
ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ച്, അർജ്ജുനനെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയിട്ട്)'ഇപ്പോൾ സമാധാനമായില്ലെ?'
അർജ്ജുനൻ:'സ്വാമിൻ, ദുഃഖത്താൽ അന്ധനായിതീർന്ന ഞാൻ പലതും പറഞ്ഞുപോയി. എല്ലാം ക്ഷമിക്കേണമേ'
ശ്രീകൃഷ്ണൻ:'സാരമില്ല. നിന്റെ മനോഗതം എനിക്കറിയില്ലെ? ഇതാ എന്റെ രഥം കൊണ്ടുവന്നിരിക്കുന്നു. വരൂ, നമുക്ക് അതിൽ കയറി വൈകുണ്ഡത്തിലേയ്ക്ക് പോകാം'
അർജ്ജുനൻ:'പ്രഭോ, എല്ലാം അവിടുത്തെ കാരുണ്യം പോലെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൃഷ്ണാർജ്ജുനന്മാർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് രഥത്തിൽ കയറുന്നതായി ഭാവിച്ചിട്ട്, ഇരുവരും സഞ്ചരിക്കുന്നതായി നടിച്ചുകൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

സന്താനഗോപാലം ഒൻപതാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, അർജ്ജുനൻ, സുദർശനം(രണ്ടാംതരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:നവരസം
"ലോകാനന്ദനനേവമർജ്ജുനനൊടും സാകം കരേറി രഥേ
 വേഗാൽ പശ്ചിമദിക്കിലേക്കഥ വിയന്മാർഗ്ഗേണ പോയാന്മുദാ
 ലോകാലോകമുടൻ കടന്നൊരളവിൽ ഘോരാന്ധകാരാകുലം
 പാകാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം"
{ഇപ്രകാരം അർജ്ജുനനോടുകൂടി വേഗം രഥത്തിലേറി ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ആകാശമാർഗ്ഗത്തിലൂടെ പടിഞ്ഞാറുദിക്കിലേയ്ക്ക് പോയി. പെട്ടന്ന് ലോകാലോകങ്ങളും കടന്നപ്പോൾ ചുറ്റും വ്യാപിച്ച ഘോരമായ ഇരുട്ടിനാൽ ദുഃഖിതനായ ഇന്ദ്രപുത്രനായ അർജ്ജുനനോട് ശ്രീകൃഷ്ണൻ സാദരം ഇങ്ങിനെ പറഞ്ഞു.}

രഥത്തിൽ സഞ്ചരിക്കുന്ന ഭാവത്തിൽ കൃഷ്ണാർജ്ജുനന്മാർ രംഗമദ്ധ്യത്തിൽ നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:നവരസം, താളം:ചെമ്പട
ശ്രീകൃഷ്ണൻ:
പല്ലവി:
"പുരന്ദരനന്ദന പൂരുകുലതിലക പുരുഷരത്നമേ മൗനമെന്തെടോ"
അനുപല്ലവി:
"നിരന്തരമായുള്ള നിറഞ്ഞെങ്ങും തിമിരമായി
 പരന്നൊരന്ധകാരംകൊണ്ടാകുലനാകയോ നീ"
ചരണം:1
"പാർത്ഥ നമ്മുടെ ദേശംതന്നിൽനിന്നിപ്പോൾ
 എത്രദൂരം പോന്നു നാം ചൊൽകെടോ
 അത്ര ദേശമേതെന്നും വർത്മനി നീ പര-
 മാർത്ഥം ബോധിച്ചിതോ നിന്നാത്മനി മോദാൽ"
{ഇന്ദ്രപുത്രാ, പുരുഷശ്രേഷ്ഠാ, പുരുഷരത്നമേ, മൗനം എന്തെടോ? കാഴ്ച്ചകിട്ടാത്തരീതിയിൽ തുടർച്ചയായി എല്ലായിടവും നിറഞ്ഞുപരന്ന ഇരുട്ടുകൊണ്ട് ദുഃഖിതനായോ നീ? പാർത്ഥാ, നമ്മുടെ ദേശത്തുനിന്നും ഇപ്പോൾ എത്രദൂരം നമ്മൾ പോന്നു എന്നും, ഇത് ഏതുദേശത്തേയ്ക്കുള്ള വഴിയാണെന്നും പറയെടോ. നിന്റെ മനസ്സിൽ സന്തോഷത്തോടെ നീ പരമാർത്ഥം മനസ്സിലാക്കിയോ?}

"പുരന്ദരനന്ദന പൂരുകുലതിലക"(ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
അർജ്ജുനൻ:
ചരണം2:
"അന്ധകാരംകൊണ്ടത്ര ദേശവുംദിക്കും
 ഹന്ത വചിക്കാവല്ലേ ലേശവും
 ബന്ധുരമൂർത്തേ തവ രൂപവും കാണാഞ്ഞി-
 ട്ടെന്തഹോ വചിക്കാവൂ താപവും"
പല്ലവി:
"നാഥ മുകുന്ദ മുരാന്തക എങ്ങു ഭവാനുടെ
 മുടിയെങ്ങു പാദമെങ്ങു എങ്ങു നീ"
{ഹോ! ഇവിടെ ഇരുട്ടുകൊണ്ട് ദേശവും ദിക്കും ഒട്ടും പറയാനാകുന്നില്ല. സുന്ദരശരീരാ, ഹോ! അങ്ങയുടെ രുപം കാണാഞ്ഞിട്ടുള്ള ദുഃഖവും പറയാവതല്ല. നാഥാ, മുകുന്ദാ, മുരാന്തകാ, എവിടെ? ഭവാന്റെ ശിരസ്സ് എവിടെ? പാദം എവിടെ? അങ്ങ് എവിടെ?}

ശ്രീകൃഷ്ണൻ:
ചരണം3:
"ലോകാലോകപർവ്വതംതന്നുടെ പശ്ചിമമാം
 ഭാഗമിവിടം കേൾക്ക നിന്നുടെ
 ശോകത്തെത്തീർപ്പാൻ  മമ ചക്രവും വേഗാ-
 ലാഗമിച്ചീടുമ്പോൾ പോം വ്യഗ്രവും പാർത്ഥാ"
{ലോകാലോകപർവ്വതത്തിന്റെ പടിഞ്ഞാറുഭാഗമാണ് ഇവിടം. പാർത്ഥാ, കേൾക്കുക. നിന്റെ ദുഃഖത്തെ തീർക്കുവാനായി എന്റെ ചക്രം വേഗത്തിൽ വരും. അപ്പോൾ വ്യഗ്രത പോകും.}

പദാഭിനയം കലാശിച്ചാൽ ശ്രീകൃഷ്ണൻ സുദർശനത്തെ സ്മരിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
"ദാമോദരൻ പാർത്ഥനൊടേവ മോരോ-
 ന്നാമോദമുൾക്കൊണ്ടരുളും ദശായാം
 പൂമാനിനീവല്ലഭചക്രമുഗ്ര-
 ധാമാഞ്ജസാ തത്ര മുദാവിരാസീത്"
{ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ഇപ്രകാരം പാർത്ഥനോട് പറയുന്ന സമയത്ത് ലക്ഷ്മീവല്ലഭനായ വിഷ്ണുവിന്റെ ഉഗ്രമായ സുദർശനചക്രം അവിടെ സന്തോഷത്തോടുകൂടി ആവിർഭവിച്ചു.}

ശ്ലോകം അവസാനിക്കുന്നതോടെ ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന സുദർശനം ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദത്തിന് ചുവടുവെയ്ക്കുന്നു.

സുദർശനത്തിന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:അടന്ത
പല്ലവി:
"ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ"
ചരണം1:
"എഴുന്നള്ളാമിഹ മേ നേരേ
 തിരുവുള്ളപ്പെരുവെള്ളത്തിരതള്ളും
 വിരുതുള്ള നരനുള്ളിലലമല്ല-
 ലെഴുമല്ലലിതിനില്ല
 ഫുല്ലസരസിജതുല്യമിഴിമുന തെല്ലലങ്കുരു കല്യ മയി തവ
 മല്ലരുചിഭരകല്യ ജിതമല്ല മഞ്ജുതരമല്ല"
("ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ")
ചരണം2:
"ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ
 ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം
 സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ
 പഞ്ജരേ മറച്ചു ഞാനമിത്രനാശനം നിരന്തരേ
 മീനകമഠവരാഹനരഹരിവടുഭൃഗുത്തമരൂപ
 രഘുവരകലിതഹലബല കൃഷ്ണ ശുഭശീല മ്ലേച്ഛകുലകാല"
("ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ")
{കംസശത്രുവായ ഭഗവാനേ, ഇരുട്ടെല്ലാം ദൂരെയകന്നു. ഇവിടെ എന്റെ നേരെ എഴുന്നള്ളിയാലും. തിരുവുള്ളത്തിലെ കരുണയ്ക്ക് പാത്രവും, യോഗ്യനുമായ അർജ്ജുനന്റെ ഉള്ളിൽ ഇരുട്ടിനാൽ ഇനി ഒട്ടും ദുഃഖമുണ്ടാവുകയില്ല. വിടർന്ന താമരയ്ക്കുതുല്യമായ കണ്ണുകളാൽ ദർശ്ശിച്ചാലും. യോഗ്യനായവനേ, മല്ലനെ ജയിച്ച മനോഹരനായ മല്ലാ, ഞാൻ അങ്ങയുടെ ആജ്ഞാനുവർത്തിയാണ്. സ്വാമീ, മുൻപ് ജയദ്രഥനെ വധിക്കുവാനായി യുദ്ധംചെയ്തപ്പോൾ ശത്രുവിന്റെ നാശംവരെ ത്രിലോകവാസികളേയും ഭയപ്പെടുത്തിക്കൊണ്ട് സൂര്യരശ്മികളെ ഞാൻ ശരീരംകൊണ്ട് മറച്ച് ഇരുട്ടുപരത്തി. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, ഭൃഗുരാമ രൂപങ്ങൾ ധരിച്ചവനേ, രഘുരാമാ, ബലശാലിയായ ബലഭദ്രാ, ശ്രീകൃഷ്ണാ, മംഗളശീലാ, ദുഷ്ടന്മാരുടെ കാലനായുള്ളവനേ.}

"ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ" (അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ, ശ്രീകൃഷ്ണൻ-കലാ:ഗോപി)
ശേഷം ആട്ടം-
പദം കലാശിച്ചിട്ട് സുദർശനം ശ്രീകൃഷ്ണനെ കുമ്പിടുന്നു.
ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ചിട്ട്)'നീ വൈകുണ്ഡത്തിലേയ്ക്ക് പോകുവാനായി വഴികാട്ടിക്കൊണ്ട് മുന്നിൽ ഗമിച്ചാലും'
സുദർശനം അനുസരിച്ച്, മുന്നിൽ നിന്ന് വഴികാട്ടുന്നു. കൃഷ്ണാർജ്ജുനന്മാർ യാത്രതുടരുന്നു.

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

സന്താനഗോപാലം പത്താം രംഗം

രംഗത്ത്-മഹാവിഷ്ണു(കുട്ടിത്തരം പച്ചവേഷം), ലക്ഷ്മീദേവി(മുടിവെച്ച കുട്ടിത്തരം സ്ത്രീവേഷം), ഭൂദേവി(കുട്ടിത്തരം സത്രീവേഷം), ബ്രാഹ്മണബാലന്മാർ(മിനുക്ക്/ലോകധർമ്മി വേഷങ്ങൾ), ശ്രീകൃഷ്ണൻ, അർജ്ജുനൻ

ശ്ലോകം-രാഗം:ശങ്കരാഭരണം
"മാർത്താണ്ഡപ്രതിമാഭപൂണ്ടരിരഥസ്യാഗ്രേ നടന്നൂ ജവാൽ
 പ്രീത്യാ ദാരുകനും തെളിച്ചു വിരവോടോടിച്ചു തേരഞ്ജസാ
 നിത്യാനന്ദചിദാസ്പദം ച ഭുവനം കാണായി കൗതൂഹലാൽ
 ദൈത്യാരാതി സുരാധിനാഥ സുതനോടിത്യഹ ബദ്ധാദരം"
{സൂര്യതുല്യം പ്രഭ പരത്തിക്കൊണ്ട് സുദർശനം രഥത്തിനുമുന്നിൽ വേഗത്തിൽ നടന്നു. വഴി തെളിഞ്ഞുകണ്ടപ്പോൾ സന്തോഷത്തോടെ ദാരുകൻ പെട്ടന്ന് തേർ ഓടിച്ചു. നിത്യാനന്ദനും പരമാത്മാവുമായ വിഷ്ണുവിന്റെ ലോകം മുന്നിൽ കണ്ടപ്പോൾ സന്തോഷത്തോടുകൂടി ശ്രീകൃഷ്ണൻ അർജ്ജുനനോട് സാദരം പറഞ്ഞു.}

ഇവിടെ ഇതിനെ തുടർന്ന് വിഷ്ണുലോകം അർജ്ജുനന് കാട്ടിക്കൊടുത്തുകൊണ്ട് ശ്രീകൃഷ്ണന്റെ ഒരു പദം ഉണ്ട്. എന്നാൽ അത് സാധാരണയായി അവതരിപ്പിക്കുക പതിവില്ല. തുടർന്ന് ദണ്ഡകം ആലപിക്കുകയാണ് പതിവ്.

ദണ്ഡകം-
"ദൂരാലുടൻ കനകതേരീന്നിറങ്ങി
 നരനാരായണൗ നടതുടർന്നു‌--
 ധൃതി ഹൃദി വളർന്നു-- സ്തിമിതമഥ നിന്നു--
 തരളതര മണിനികരകിരണപടലികൾ വിലസു-
 മൊരു ഭുവനമതിലഥ കടന്നു"

"സർപ്പാധിരാജമണിതല്പേ നിഷണ്ണമതിചില്പുരുഷം കമലനാഭം
 അവനികമലാഭ്യാം-- അതിലസിതപാർശ്വം--
 നിത്യജനതതിവസതിദത്തഭരരുചിതര--
 ചിത്രമണിപത്തനമവാപ്തൗ"
{കനകമയമായ തേർ ദൂരെ നിർത്തി ഉടനെ നരനാരായണന്മാരായ കൃഷ്ണാർജ്ജുനന്മാർ നടന്നു. മനസ്സിൽ കൗതുകം വളർന്നു. കടൽക്കരയിൽ നിന്നു. പിന്നെ ഏറ്റവും ലോലമായ രത്നങ്ങളുടെ ശോഭയാൽ വിളങ്ങുന്നതായ ഒരു ലോകത്തിലേയ്ക്ക് കടന്നു. ചിരംജീവികൾ വസിക്കുന്നതും, തിളങ്ങുന്നതും, അത്ഭുതകരവുമായ മണിസൗധത്തിൽ സർപ്പരാജനാകുന്ന മണിശയനത്തിൽ ഇരിക്കുന്ന ചിത്പുരുഷനായ പത്മനാഭനേയും വശങ്ങളിലായി ഇരിക്കുന്ന ലക്ഷ്മീദേവിയേയും ഭൂമീദേവിയേയും കണ്ടു.}

രംഗമദ്ധ്യത്തിലായി മഹാവിഷ്ണുവും ഇടത്തും വലത്തുമായി ഭൂമീദേവിയും ലക്ഷ്മീദേവിയും പീഠങ്ങളിലും, മുന്നിൽ താഴെയായി ബ്രാഹ്മണബാലന്മാരും ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിച്ചുകൊണ്ട് പ്രവേശിക്കുന്നു.

കൃഷ്ണാർജ്ജുനന്മാരുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(മൂന്നാം കാലം)
അർജ്ജുനൻ:
പല്ലവി:
"ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ"
ചരണം:1
"അക്ഷീണഗുണകരുണാംബുധേ ലോകരക്ഷണൈകദക്ഷ ദാസ-
 രക്ഷകലസൽകടാക്ഷ രക്ഷ രക്ഷ മോദാക്ഷയയൗവന
 ഭിക്ഷു സേവ്യ പക്ഷിവര്യവാഹന വരദ ദുരിതഹരചരിത
 ചരണജിതകമല വിമലമണിസദന കദനവിരഹിത"
{ലക്ഷ്മീപതേ, ജയിച്ചാലും. ലക്ഷ്മീപതേ, ജയിച്ചാലും. ക്ഷീണമില്ലാത്ത ഗുണത്തിന്റേയും കരുണയുടേയും സമുദ്രമായുള്ളവനേ, ലോകത്തെ രക്ഷിക്കുവാൻ കഴിവുള്ളവനേ, ദാസരെ രക്ഷിക്കുന്നവനേ, കുറയാത്ത സന്തോഷത്തോടും യൗവനത്തോടും കൂടിയവനേ, മഹർഷിമാരാൽ സേവിക്കപ്പെടുന്നവനേ, പക്ഷിശ്രേഷ്ഠൻ വാഹനമായുള്ളവനേ, വരങ്ങൾ നൽകുന്നവനേ, ദുരിതങ്ങളെ നശിപ്പിക്കുന്നതായ ചരിത്രത്തോടുകൂടിയവനേ, താമരയെ ജയിക്കുന്നതായ ചരണങ്ങളോടുകൂടിയവനേ, നിർമ്മലവും ദുഃഖരഹിതവും രത്നമയവുമായ ഗൃഹത്തിൽ വസിക്കുന്നവനേ, കടാക്ഷത്താൽ രക്ഷിച്ചാലും, രക്ഷിച്ചാലും.}

"ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
കൃഷ്ണാർജ്ജുനന്മാർ പദം കലാശിപ്പിക്കുന്നതോടെ മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

മഹാവിഷ്ണുവിന്റെ പദം-രാഗം:മലഹരി, താളം:അടന്ത
പല്ലവി:
"വത്സ കേശവ വത്സ പാണ്ഡവ
 സരസമന്തികേവന്നു തരുവൻ പരിരംഭണം"
ചരണം1:
"പരമപാവനശീലന്മാരേ പെരികെകാലമായി ഞാൻ
 കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ"
{വത്സാ, കേശവാ, വത്സാ, പാണ്ഡവാ, രസമായി അരുകിൽ വന്ന് ആലിംഗനം തരുന്നുണ്ട്. പരമവും പാവനവുമായ ശീലങ്ങളോടുകൂടിയവരേ, സുന്ദരശരീരന്മാരേ, വളരെക്കാലമായി ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.}

"കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
 പദാഭിനയം കഴിഞ്ഞ് മഹാവിഷ്ണു കൃഷ്ണാർജ്ജുനന്മാരെ അരുകിൽ വിളിച്ച് ആലിംഗനം ചെയ്യുകയും ശ്രീകൃഷ്ണന് അർത്ഥാസനം നൽകി ഇരുത്തുകയും ചെയ്യുന്നു. തുടർന്ന് കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിക്കുന്നു.

പദം-രാഗം:മോഹനം, താളം:ചെമ്പട
കൃഷ്ണാർജ്ജുനന്മാർ:
പല്ലവി:
"ആനന്ദമൂർത്തേ വന്ദേ വന്ദേ
 നൂനം തവ ദർശനേന ജനനമയി സഫലമായി"
{ആനന്ദമൂർത്തേ, വന്ദനം, വന്ദനം. അങ്ങയുടെ ദർശനത്താൽ എന്റെ ജന്മം തീർച്ചയായും സഫലമായി.}

"ആനന്ദമൂർത്തേ വന്ദേ"(ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, ശ്രീകൃഷ്ണൻ-കലാ:ഗോപി, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
 മഹാവിഷ്ണു:
ചരണം1:
"നിങ്ങളിങ്ങരികത്തു വരുവാൻതന്നെ വിപ്ര-
 പുംഗവശിശുക്കളെ മോദാൽ
 ഇങ്ങുകൊണ്ടുപോന്നു ഞാൻ കണ്ടാലും കുമാരകം
 സംഗതക്രമമൃത്യുഭേദം"
{നിങ്ങളിങ്ങ് അരുകിൽ വരുവാനായിത്തന്നെയാണ് ബ്രാഹ്മണശ്രേഷ്ഠന്റെ ശിശുക്കളെ സന്തോഷത്തോടുകൂടി ഞാൻ ഇങ്ങുകൊണ്ടുപോന്നത്. ക്രമേണ മരണാവസ്ഥയെ പ്രാപിച്ച കുമാരകന്മാരെ കണ്ടാലും.}

കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടായി പദം അഭിനയിക്കുന്നു.

പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ

കൃഷ്ണാർജ്ജുനന്മാർ:
ചരണം1:
"വന്നാലുമുണ്ണികളേ വന്നാലും മോദാൽ
 നിങ്ങളുടെ ജനനിയും മംഗലാത്മാവാം താതനും
 നിങ്ങളെക്കാണാഞ്ഞധികം സന്താപം തേടുന്നു
 ഞങ്ങളോടുകൂടവേ പോന്നവരെക്കണ്ടകമേ
 തിങ്ങും താപം തീർത്തീടുവിൻ പുണ്യശീലന്മാരേ"
{പ്രീയപ്പെട്ട ഉണ്ണികളേ, സന്തോഷത്തോടെ വന്നാലും. നിങ്ങളുടെ അമ്മയും പുണ്യാത്മാവായ അച്ഛനും നിങ്ങളെ കാണാഞ്ഞ് ഏറെ ദു:ഖിക്കുന്നു. പുണ്യശീലന്മാരേ, ഞങ്ങളുടെകൂടെ പോന്ന് അവരെ കണ്ട് അവരുടെ ഉള്ളിൽ തിങ്ങുന്ന ദുഃഖം തീർത്താലും.}

ബ്രാഹ്മണബാലന്മാർ:
ചരണം2:
"പോരുന്നില്ല ഞങ്ങളെങ്ങും പോയാലും നിങ്ങൾ
 പെറ്റമ്മയിതല്ലോ ഞങ്ങൾക്കുറ്റപിതാവേഷനാഥൻ
 ചിറ്റമ്മയിതല്ലോ കാൺക ചിന്തിതാർത്ഥം ധാത്രിയിൽ
 മറ്റെങ്ങുമേ പോയാൽ ഞങ്ങൾ പറ്റുകയില്ലിതുപോലെ
 ചെറ്റുമില്ല പോന്നീടുവൻ ശ്രദ്ധ ധൂർത്തന്മാരേ"
{ഞങ്ങൾ എങ്ങോട്ടും പോരുന്നില്ല. നിങ്ങൾ പോയാലും. പെറ്റമ്മ ഈ ലക്ഷ്മീദേവിയാണ്. ഞങ്ങൾക്ക് ലോകനാഥനായ വിഷ്ണുവാണ് പിതാവ്. ചിറ്റമ്മയാണ് ഭൂദേവി, കണ്ടാലും. ലോകത്തിൽ മറ്റെങ്ങുംതന്നെ പോയാൽ ഞങ്ങൾക്ക് ഇതുപോലെ പറ്റുകയില്ല. വിവേകമില്ലാത്തവരേ, പോരുന്നതിന് ഒട്ടും താൽപ്പര്യമില്ല.}

മഹാവിഷ്ണു:
ചരണം3:
"ഓമലുണ്ണികളേ, നിങ്ങൾ വാമഭാവം തേടീടാതെ
 ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ ഭൂമൗ
 പാർത്താനന്ദസൗഖ്യഭൂമാവോടും വാണു പിന്നെ
 സാമോദമെന്നരികത്തു വന്നിഹ വാണീടാം"
പല്ലവി:
"പ്രീത്യാ വിപ്രപുത്രന്മാരെ പത്തും വാങ്ങിക്കൊൾക
 കൃഷ്ണാർജ്ജുനന്മാരെ നിങ്ങൾക്കനിശം സംഭവമതു മംഗളം"
{പ്രീയപ്പെട്ട ഉണ്ണികളേ, നിങ്ങൾ പ്രതികൂലഭാവം കാട്ടാതെ ശ്രീകൃഷ്ണനോടുകൂടി പോയാലും. ഭൂമിയിൽ ആനന്ദത്തോടെയും സുഖത്തോടെയും ബ്രാഹ്മണനോടുകൂടി വസിച്ചിട്ട് പിന്നെ നിങ്ങൾക്ക് സന്തോഷത്തോടുകൂടി എന്റെ അരികത്തുവന്ന് വസിച്ചീടാം. കൃഷ്ണാർജ്ജുനന്മാരേ, ബ്രാഹ്മണപുത്രന്മാരെ പത്തുപേരേയും പ്രീതിയോടെ വാങ്ങിക്കൊള്ളുക. നിങ്ങൾക്കിനി മംഗളം ഭവിക്കും.}

"ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
ശേഷം ആട്ടം-
മഹാവിഷ്ണു കുട്ടികളെയെല്ലാം കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനേയും ശ്രീദേവിഭൂദേവിമാരേയും വണങ്ങി കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടൊപ്പം സന്തോഷത്തോടുകൂടി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 14, ബുധനാഴ്‌ച

സന്താനഗോപാലം പതിനൊന്നാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി, ബ്രാഹ്മണബാലന്മാർ, ശ്രീകൃഷ്ണൻ, അർജ്ജുനൻ

ശ്ലോകം-രാഗം:പുറനീര
"ധൃത്വാ വിപ്രകുമാരകാനഥ ഹരീം നത്വാ ദയാവാരിധിം
 ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ
 പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
 ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലി:"
{അനന്തരം ദയാസമുദ്രമായ മഹാവിഷ്ണുവിനെ നമസ്ക്കരിച്ച് ബ്രാഹ്മണകുമാരന്മാരേയും വാങ്ങി ശ്രീകൃഷ്ണനോടുകൂടി രഥത്തിലേറി ഭൂമിയിൽ തിരിച്ചെത്തിയ അർജ്ജുനൻ കൃതാർത്ഥതയോടെ ബ്രാഹ്മണശ്രേഷ്ഠന്റെ ഭവനത്തിൽ ചെന്ന് വിനത്തോടെ കൈകൂപ്പിക്കൊണ്ട് ഇങ്ങിനെ പറഞ്ഞ് അദ്ദേഹത്തിന് പുത്രന്മാരെ നിൽകി.}

ഇടത്തുഭാഗത്തുകൂടി ശ്രീകൃഷ്ണനോടും ബ്രാഹ്മണബാലരോടും കൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന അർജ്ജുനൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദുഃഖിതരായ ബ്രാഹ്മണനേയും പത്നിയേയും കണ്ട്, കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:പുറനീര, താളം:ചെമ്പട(രണ്ടാം കാലം)
അർജ്ജുനൻ:
പല്ലവി:
"നമസ്തേ ഭൂസുരമൗലേ ക്ഷമസ്വാപരാധം
 സമസ്തേശ്വര കൃപയാൽ ലഭിച്ചു നിൻപുത്രന്മാരെ"
ചരണം:1
"പുത്രശോകാർത്തനായോരത്ര ഭവാന്റെ വാക്യ-
 ശസ്ത്രങ്ങൾ കൊണ്ടു മർമ്മവിദ്ധനായഹം പിന്നെ
 സത്വരം പിതൃപതിപത്തനസ്വർഗ്ഗങ്ങളിൽ
 ആസ്ഥയാ തിരഞ്ഞു കണ്ടെത്തീലാ ബാലന്മാരെ"
ചരണം2:
"ത്രിഭുവനങ്ങളിലെങ്ങും ലഭിയാഞ്ഞു ബാലന്മാരെ
 വിഭയമഗ്നിയിൽച്ചാടി ദഹിപ്പാൻ തുടങ്ങുന്നേരം
 കപടമാനുഷൻ കൃഷ്ണൻ കൃപയോടേ വന്നരികിൽ
 സപദി സാർദ്ധമെന്നോടും പ്രാപിച്ചു വിഷ്ണുലോകം"
ചരണം3:
"പരമപൂരുഷൻതന്റെ പരിസരഫണിതല്പേ
 പരിചിൽ വിളങ്ങും ബാലന്മാരെ വാങ്ങി മോദാൽ
 തരസാ പോന്നിതു ഞങ്ങളുരുതരപുണ്യരാശേ
 പരിതോഷേണ കണ്ടാലും സഹധർമ്മ പത്നിയോടും"
ചരണം4:
"അഗ്രജനിതുരണ്ടാമൻ സദ്ഗുണവാൻ തൃതീയൻ
 നിഷ്ക്കളങ്കൻ ചതുർത്ഥൻ അഞ്ചാമനേഷബാലൻ
 ഭാഗ്യവാരിധേ തവ പുത്രന്മാർ പത്തിനേയും
 വ്യഗ്രത തീർത്തു പരിഗ്രഹിച്ചാലും തന്നീടുന്നേൻ"
{ബ്രാഹ്മണശ്രേഷ്ഠാ, നമസ്ക്കാരം. അപരാധം ക്ഷമിച്ചാലും. സർവ്വേശ്വരന്റെ കൃപയാൽ അങ്ങയുടെ പുത്രന്മാരെ ലഭിച്ചു. പുത്രശോകാർത്തനായ ഭവാന്റെ വാക്ശരങ്ങളേറ്റ് മർമ്മം പിളർന്നവനായ ഞാൻ ഇവിടെനിന്നും പെട്ടന്ന് പോയിട്ട് പിന്നെ യമപുരിയിലും സ്വർഗ്ഗത്തിലും ബാലന്മാരെ നന്നായി തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. മൂന്നുലോകങ്ങളിലെങ്ങും ബാലന്മാരെ ലഭിക്കായ്കൽ ഞാൻ നിർഭയം അഗ്നിയിൽ ചാടി ദഹിക്കുവാൻ തുടങ്ങുമ്പോൾ കപടമാനുഷനായ ശ്രീകൃഷ്ണൻ കൃപയോടെ അരുകിൽ വന്ന് എന്നേയും കൂട്ടി വിഷ്ണുലോകത്തെ പ്രാപിച്ചു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ സമീപത്ത് സർപ്പമെത്തയിൽ വിളങ്ങുന്ന ബാലന്മാരെ സാദരം വാങ്ങി സന്തോഷത്തോടുകൂടി ഞങ്ങൾ പെട്ടന്ന് ഇവിടെ വന്നു. പുണ്യത്തിന്റെ അപാരമായ സമുദ്രമേ, സഹധർമ്മപത്നിയോടുകൂടി സന്തോഷത്തോടെ കണ്ടാലും. ഇതാ ജേഷ്ഠപുത്രൻ, ഇത് രണ്ടാമൻ, ഇത് സദ്ഗുണവാനായ മൂന്നാമൻ, ഇത് നിഷ്ക്കളങ്കനായ നാലാമൻ, ഇതാ അഞ്ചാമത്തെ ബാലൻ. ഭാഗ്യസമുദ്രമേ, അങ്ങയുടെ പുത്രന്മാർ പത്തിനേയും തന്നീടുന്നു. വ്യഗ്രത തീർത്ത് ഏറ്റുവാങ്ങിയാലും.}

"നമസ്തേ ഭൂസുരമൗലേ"(ബ്രാഹ്മണപത്നി-വെള്ളിനേഴി ഹരിദാസൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ, ശ്രീകൃഷ്ണൻ-കലാ:കുട്ടികൃഷ്ണൻ)
കുട്ടികളെയെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങി പത്നിയെ ഏൽപ്പിച്ചശേഷം ബ്രാഹ്മണൻ പദം അഭിനയിക്കുന്നു.

ബ്രാഹ്മണൻ:
ചരണം5:-രാഗം:ഭൂപാളം, താളം:ചെമ്പട(രണ്ടാം കാലം)
"ജയിക്ക ജയിക്ക കൃഷ്ണ ജയിക്ക ഫൽഗുന വീര
 കനക്കും ശോകത്താൽ മുന്നം അധിക്ഷേപിച്ചതിലൊന്നും
 നിനയ്കൊല്ലാ മനക്കാമ്പിൽ അനർഗ്ഗളഭുജവീര്യ
 നിനയ്കുന്നവർക്കും നിന്നെ ഭവിക്കും ഭ്രൂരിമംഗളം"
{കൃഷ്ണാ, ജയിച്ചാലും, ജയിച്ചാലും. വീരനായ അർജ്ജുനാ, ജയിച്ചാലും. കനത്ത ദുഃഖത്താൽ മുൻപ് അധിക്ഷേപിച്ചതുകൊണ്ട് മനസ്സിൽ ഒന്നും വിചാരിക്കരുതേ. തടവില്ലാത്ത കരവീര്യത്തോടുകൂടിയവനേ, മഹാഭാഗ്യത്തിന്റെ സമുദ്രമേ, അങ്ങയെ സ്മരിക്കുന്നവർക്കുപോലും മുകുന്ദന്റെ അനുഗ്രഹത്താൽ മേൽക്കുമേൽ മഗളം ഭവിക്കും.}

"ജയിക്ക ഫൽഗുന വീര" (ബ്രാഹ്മണപത്നി-കലാ:അരുൺ, ബ്രാഹ്മണൻ-കലാ:വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്, ശ്രീകൃഷ്ണൻ-കലാ:അരുൺ കുമാർ)
"നിനയ്കുന്നവർക്കും നിന്നെ" (ബ്രാഹ്മണപത്നി-കോട്ട:ശിവരാമൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ, ശ്രീകൃഷ്ണൻ-കലാ:ഗോപി)
ശേഷം ആട്ടം-
ബ്രാഹ്മണൻ:
'അറിയാതെ ചെയ്ത തെറ്റുകൾക്ക് എന്നോട് ക്ഷമിക്കുകയില്ലെ? മനസ്സിൽ ഒന്നും വിചാരിക്കരുതേ'
കൃഷ്ണാർജ്ജുനന്മാർ:'ഒന്നും വിചാരിക്കുകയില്ല.'
ബ്രാഹ്മണൺ:'ആ വിഷ്ണുഭഗവാൻ എന്തിണാവോ എന്റെ കുട്ടികളെ എല്ലാം ഒളിച്ചുവെച്ചത്? ഞാൻ വല്ല മഹാപാപവും ചെയ്തിരിക്കുമോ?'
ശ്രീകൃഷ്ണൻ:'ഇല്ല, അതല്ല. ഞങ്ങളെ ഇരുവരേയും ഒരുമിച്ച് കാണുവാനായി അവിടുന്നുചെയ്ത ഒരു സൂത്രമായിരുന്നു ഇത്'
ബ്രാഹ്മണൻ:'ഹോ! അപ്രകാരമാണോ. പുണ്യപുരുഷന്മാരേ, ദുഃഖസാഗരത്തിൽ പെട്ട് നീന്തിക്കുഴഞ്ഞ എന്നെ ഇപ്പോൾ ഭവാന്മാർ പിടിച്ചുകയറ്റി സന്തോഷസാഗരത്തിലേയ്ക്ക് തള്ളിയിരിക്കുന്നു. ഇതിനുപകരമായി ഞാൻ എന്താണ് ചെയ്യുക?'
അർജ്ജുനൻ:'ഒന്നും വേണ്ട. അങ്ങയുടെ അനുഗ്രഹം മാത്രം മതി'
ബ്രാഹ്മണൻ:'നിങ്ങളുടെ കീർത്തി സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ലോകത്തിൽ വിലസട്ടെ' (ഇരുവരേയും അനുഗ്രഹിച്ചിട്ട് കൃഷ്ണനോടായി)'ഞങ്ങളിൽ എന്നും കരുണയുണ്ടാകേണമേ'
ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ'
ബ്രാഹ്മണൻ:(വന്ദിച്ച് പോകാൻ ഒരുങ്ങുന്ന ശ്രീകൃഷ്ണനെ തടുത്തിട്ട്)'നിൽക്കൂ, നിൽക്കൂ, അല്ലയോ കൃഷ്ണാ, ഈ കുട്ടികളെയെല്ലാം ഇവിടെ കൊണ്ടുവന്നുവിട്ടിട്ട് പൊയ്ക്കളയരുതേ. എല്ലാവരേയും വേണ്ടതുപോലെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അതിനുള്ള ഭാരം എനിക്കല്ല, അങ്ങേയ്ക്ക് തന്നെയാണ്.'
ശ്രീകൃഷ്ണൻ:'അപ്രകാരം തന്നെ. എന്നും എന്റെ കൃപാകടാക്ഷം നിങ്ങളിൽ ഉണ്ടാകും'
ശ്രീകൃഷ്ണനും അർജ്ജുനനും വന്ദിക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിക്കുകയും കുട്ടികളെക്കൊണ്ട് അനുഗ്രഹിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണാർജ്ജുനന്മാരും അവരെ യാത്രയാക്കിക്കൊണ്ട് ബ്രാഹ്മണകുടുംബവും നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----