2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

സന്താനഗോപാലം എട്ടാം രംഗം

രംഗത്ത്-അർജ്ജുനൻ, ശ്രീകൃഷ്ണൻ

ശ്ലോകം-രാഗം:മുഖാരി
"ജംഭാരേർമൊഴി കേട്ടു പോന്നു വിജയൻ സമ്പ്രാപ്യ നാകാൽസവൈ
 സമ്പൂർണ്ണം ഭുവനം ച തത്ര ലഭിയാഞ്ഞുർവീസുരാപത്യകം
 അംഭോജാക്ഷപരീക്ഷനിർണ്ണയമിതെന്നൻപോടു കണ്ടാശയേ
 കമ്പം തീർന്നനലേഥ ചാടുവതിനായ് വമ്പൻ മുതിർന്നീടിനാൻ"
{ദേവേന്ദ്രന്റെ വാക്കുകൾ കേട്ട് സ്വർലോകത്തുനിന്നും പോന്ന അർജ്ജുനൻ ലോകത്തിൽ എല്ലായിടത്തും തിരഞ്ഞിട്ടും ബ്രാഹ്മണകുമാരന്മാരെ ലഭിക്കായ്കയാൽ. 'നിശ്ചയമായും ഇത് ശ്രീകൃഷ്ണന്റെ പരീക്ഷണമാണ്' എന്നുകരുതി സംശയമില്ലാതെ തീയിൽചാടുവാനായി മുതിർന്നു.}

രംഗമദ്ധ്യത്തിലെ പീഠത്തിൽ നിരാശാഭാവത്തിൽ ഇരിക്കുന്ന അർജ്ജുനൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ വിചാരപ്പദം-രാഗം:മുഖാരി, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"വിധികൃതവിലാസമിതു വിസ്മയം വിസ്മയം"
ചരണം:1
"കാലനറിയാതെയായ് ബാലമൃതിപോലും
 കാലമിതു വിജയനുടെ കാലദോഷം"
ചരണം2:
"ഇന്നി മമ ചെയ്‌വതു വഹ്നിയതിൽ മുഴുകി ഞാൻ
 ധന്യനായീടുവൻ നന്ദസൂനോ പാഹി മാം"
{ഇത് വിധി ചെയ്യുന്ന ലീലയാണ്. അത്ഭുതം! അത്ഭുതം! കാലൻ അറിയാതെയായി ബാലമരണം പോലും. ഈ കാലം വിജയനായ എന്റെ ദോഷകാലമാണ്. ഇനി ഞാൻ ചെയ്‌വതെന്ത്? തീയിൽ ചാടി ഞാൻ ധന്യനാകുന്നുണ്ട്. നന്ദപുത്രാ, എന്നെ രക്ഷിച്ചാലും.}

"കാലമിതു വിജയനുടെ"(അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ)
ശേഷം ആട്ടം-
(താളം:ചെമ്പട)
അർജ്ജുനൻ:(പെട്ടന്ന് എഴുന്നേറ്റിട്ട്)'ഇനി വേഗം തീക്കുണ്ഡം ഒരുക്കുകതന്നെ'
അർജ്ജുനൻ അസ്ത്രമയച്ച് ഭൂമിയിൽ വിസ്തൃതമായ ഒരു കുഴിയുണ്ടാക്കുകയും, അതിൽ ആഗ്നേയാസ്ത്രം പ്രയോഗിക്കുകയും ചെയ്യുന്നു.
(താളം:തൃപുട-നാലാം കാലം)
അർജ്ജുനൻ 'പരുന്തുകാൽ' ചവുട്ടിക്കൊണ്ട് അഗ്നിജ്വലിപ്പിക്കുന്നു.
(താളം:ചെമ്പട)
അർജ്ജുനൻ:'ഇനി വേഗം ഇതിൽ ചാടി സത്യം പാലിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുജൻ ചാപബാണങ്ങൾ ഇരുകൈകളിലുമായി ശിരസ്സിനുമുകളിൽ ഉയർത്തിപിടിച്ചുകൊണ്ട് നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:മോഹനം
"തീക്കുണ്ഡം വിപുലം കുഴിച്ചു വിശിഖൈരഗ്നിം ജ്വലിപ്പിച്ചുടൻ
 ശീഘ്രം പാണ്ഡുസുതൻ കുതിച്ചു ധനുഷാ ചാടുംവിധൗ വഹ്നിയിൽ
 വായ്ക്കുന്നോരു കൃപാതരംഗിതമനാസ്സമ്പ്രാപ്യ നന്ദാത്മജൻ
 തൃകൈകൊണ്ടു പിടിച്ചുനിർത്തി വിജയം വാക്യം തമാഖ്യാതവാൻ"
{ശരം കൊണ്ട് വലിയൊരു തീക്കുണ്ഡം കുഴിച്ച് ഉടനെ അഗ്നിയും ജ്വലിപ്പിച്ചിട്ട് പാണ്ഡവൻ വില്ലോടുകൂടി പെട്ടന്ന് അഗ്നിയിലേയ്ക്ക് കുതിച്ചുചാടുമ്പോൾ വർദ്ധിച്ച കൃപാതരംഗിതമായ മനസ്സോടുകൂടി അവിടെ വന്ന ശ്രീകൃഷ്ണൻ തൃകൈകൊണ്ട് അർജ്ജുനനെ പിടിച്ചുനിർത്തി അദ്ദേഹത്തോട് പറഞ്ഞു.}

[
^ശ്ലോകാരംഭത്തോടെ അഗ്നികുണ്ഡത്തിന് പ്രദക്ഷിണം ആരംഭിക്കുന്ന അർജ്ജുനൻ മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയിട്ട് 'തൃകൈകൊണ്ടുപിടിച്ചു' എന്നാലപിക്കുന്നതിനൊപ്പം അഗ്നിയിലേയ്ക്ക് ചാടുവാനായി കുതിക്കുന്നു. ഈ സമയത്ത് പെട്ടന്ന് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ അർജ്ജുനനെ കടന്നുപിടിച്ച് ബലാൽക്കാരേണ പിന്നോക്കം നിർത്തുന്നു. ഈ സമയത്ത് വലന്തലമേളം മുഴക്കുന്നു.]
"നന്ദാത്മജൻ തൃകൈകൊണ്ടു പിടിച്ചുനിർത്തി വിജയം" (അർജ്ജുനൻ-കലാ:മനോജ്)
ശ്രീകൃഷ്ണൻ അർജ്ജുനനെ നോക്കി പുഞ്ചിരിതൂകുന്നു. അർജ്ജുനൻ കോപതാപങ്ങളോടെ തലതാഴ്ത്തി നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

പദം^-രാഗം:മോഹനം, താളം:മുറിയടന്ത(ദ്രുതകാലം)
ശ്രീകൃഷ്ണൻ:
ചരണം1:
"മാകുരുസാഹസം മാകുരുസാഹസം
 മാധവൻ ഞാനില്ലയോ നിന-
 ക്കാകുലമില്ലൊരു കാര്യത്തിനുമെന്നു
 ലോകപ്രസിദ്ധമല്ലോ"
ചരണം2:
"മുന്നം ഞാൻ ചെയ്ത സഹായങ്ങളൊക്കെയും
 ധന്യ മറന്നിതോ നീ പുന-
 രെന്നെയുംകൂടെ മറപ്പതിനേഷ ഞാ-
 നെന്തൊന്നു ചെയ്തു സഖേ"
{സാഹസം പ്രവർത്തിക്കരുതേ, സാഹസം പ്രവർത്തിക്കരുതേ. മാധവനായ ഞാനില്ലയോ? നിനക്ക് ഒരു കാര്യത്തിനും വിഷമമില്ല എന്ന് ലോകപ്രസിദ്ധമാണല്ലൊ. ധന്യാ, മുൻപ് ഞാൻ ചെയ്ത സഹായങ്ങളൊക്കെയും നീ മറന്നുവോ? സഖാവേ, പിന്നെ എന്നെയും കൂടി മറക്കുവാൻ തക്കവണ്ണം ഞാൻ എന്താണ് ചെയ്തത്?}

അർജ്ജുനൻ:
ചരണം3:
"പോരും നീ ചൊന്നതും പോരായ്മ വന്നതും
 പോരുമെനിക്കിനിമേൽ നിന്റെ
 പേരും പറഞ്ഞു ഞെളിഞ്ഞു നടന്നതും
 പോരുമെന്നതുറച്ചു"
ചരണം4:
"പുത്രദുഃഖം സഹിയാഞ്ഞൊരു ഭൂസുരൻ
 എത്ര ദുഷിച്ചു നിന്നെ അതി-
 നുത്തരമൊന്നുമൊരുത്തരും ചൊല്ലാഞ്ഞ-
 തെത്ര ലഘുത്വമഹോ"
ചരണം5:
"ഭർത്തുരവമാനവും വിപ്രദുഃഖവും
 കണ്ടിരിക്കുന്നതിലും ഭുവി
 ക്ഷത്രിയവംശേ ജനിച്ച പുരുഷനു
 മൃത്യുഭവിക്കനല്ലൂ"
ചരണം6:
"ഇത്ഥം നിരൂപിച്ചു ത്വൽ പ്രസാദത്താൽ ഞാൻ
 സത്യം ചെയ്തീടുന്നതും കണ്ടു
 സ്വസ്ഥനായ് നിന്നുരമിച്ച നീയെന്തിപ്പോൾ
 മിത്രത ഭാവിക്കുന്നു"
{മതി നീ പറഞ്ഞത്. മാനഭംഗം വന്നതും ഇനിമേൽ മതി. നിന്റെ പേരും പറഞ്ഞ് ഞെളിഞ്ഞുനടന്നതും മതിയെന്ന് ഉറപ്പിച്ചു. പുത്രദുഃഖം സഹിക്കാനാവാഞ്ഞ് ഒരു ബ്രാഹ്മണൻ നിന്നെ എത്ര ദുഷിച്ചു. ഹോ! അതിന് ഒരുത്തരും ഒരു മറുപടി നൽകാതിരുന്നത് എത്ര കുറച്ചിലായിപ്പോയി? ഭൂമിയിൽ ക്ഷത്രിയകുലത്തിൽ ജനിച്ച പുരുഷന് പ്രജകളുടെ അപമാനവും ബ്രാഹ്മണരുടെ ദുഃഖവും കണ്ടിരിക്കുന്നതിലും നല്ലത് മരണമാണ്. ഇങ്ങിനെ വിചാരിച്ച് അങ്ങയുടെ പ്രസാദത്താൽ ഞാൻ സത്യം ചെയ്യുന്നതും കണ്ട് സ്വസ്ഥനായിനിന്ന് രമിച്ച നീ എന്തേ ഇപ്പോൾ മിത്രത ഭാവിക്കുന്നു?}

"ഇത്ഥം നിരൂപിച്ചു ത്വൽ പ്രസാദത്താൽ ഞാൻ" (ശ്രീകൃഷ്ണൻ-കലാ:അരുൺ കുമാർ, അർജ്ജുനൻ-കലാനി:വിനോദ്)
ശ്രീകൃഷ്ണൻ:
ചരണം7:
"പാർത്ഥ മമ സഖേ കോപിക്കരുതേ
 കിമർത്ഥം മരിക്കുന്നു നീ നിന്റെ
 ചിത്തേ നിരൂപിച്ച കാര്യമതൊക്കെയും
 ഹസ്തേവരുത്തുവൻ ഞാൻ"
ചരണം8:
"കുണ്ഠതവേണ്ട കുമാരന്മാരൊക്കെയും
 ഉണ്ടതിപുണ്യവാന്മാർ ഒരു
 കുണ്ഠതകൂടാത്ത ദിക്കിലിരിക്കുന്നു
 കൊണ്ടുപോരാമവരെ"
{പാർത്ഥാ, എന്റെ സഖാവേ, കോപിക്കരുതേ. കാര്യമില്ലാതെയാണ് നീ മരിക്കുന്നത്. നിന്റെ മനസ്സിൽ വിചാരിച്ച കാര്യമൊക്കെയും ഞാൻ സാധിപ്പിക്കുന്നുണ്ട്. മൗഢ്യം വേണ്ട. ഏറ്റവും പുണ്യവാന്മാരായ കുമാരന്മാരൊക്കെയും ഒരു ദുഃഖവും ബാധിക്കാത്ത ഒരിടത്തുണ്ട്. നമുക്ക് അവരെ കൊണ്ടുപോരാം.}

 
[^ഈ പദം പ്രക്ഷിപ്തമാണ്. "സാധുവത്സല വിജയ സഖേ" എന്നുതുടങ്ങുന്ന ഒരു പദമാണ് ആട്ടകഥാകാരൻ ഇവിടെ എഴുതിയിട്ടുള്ളത്. എന്നാൽ അരങ്ങിൽ ഇത് പതിവില്ല.]
 

ശേഷം ആട്ടം-
അർജ്ജുനൻ ശ്രീകൃഷ്ണന്റെ കാൽക്കൽ നമസ്ക്കരിക്കുന്നു.
ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ച്, അർജ്ജുനനെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയിട്ട്)'ഇപ്പോൾ സമാധാനമായില്ലെ?'
അർജ്ജുനൻ:'സ്വാമിൻ, ദുഃഖത്താൽ അന്ധനായിതീർന്ന ഞാൻ പലതും പറഞ്ഞുപോയി. എല്ലാം ക്ഷമിക്കേണമേ'
ശ്രീകൃഷ്ണൻ:'സാരമില്ല. നിന്റെ മനോഗതം എനിക്കറിയില്ലെ? ഇതാ എന്റെ രഥം കൊണ്ടുവന്നിരിക്കുന്നു. വരൂ, നമുക്ക് അതിൽ കയറി വൈകുണ്ഡത്തിലേയ്ക്ക് പോകാം'
അർജ്ജുനൻ:'പ്രഭോ, എല്ലാം അവിടുത്തെ കാരുണ്യം പോലെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൃഷ്ണാർജ്ജുനന്മാർ കൈകോർത്തുപിടിച്ചുകൊണ്ട് ഒരുമിച്ച് രഥത്തിൽ കയറുന്നതായി ഭാവിച്ചിട്ട്, ഇരുവരും സഞ്ചരിക്കുന്നതായി നടിച്ചുകൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: