2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

സന്താനഗോപാലം ഏഴാം രംഗം

രംഗത്ത്-ഇന്ദ്രൻ(കുട്ടിത്തരം പച്ചവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:പന്തുവരാളി
"കാർത്താന്തീം താമാത്തചിന്തോഥ വാണീം
 ശ്രുത്വാ ഗത്വാ വേഗതോ നാകലോകം
 തത്രാസീനം ദേവരാജം സഭായാം
 നത്വാ പാർത്ഥസ്സാദരം വാചമൂചേ"
{ധർമ്മരാജാവിന്റെ ഇപ്രകാരമുള്ള വാക്കുകൾ കേട്ടിട്ട് അർജ്ജുനൻ വേഗത്തിൽ സ്വർഗ്ഗലോകത്തിൽ ചെന്ന് സഭയിലിരിക്കുന്ന ദേവരാജനെ നമസ്ക്കരിച്ച് സാദരം പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദേവേന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു.
ഇന്ദ്രൻ:(അനുഗ്രഹിച്ചിട്ട് അമ്പരപ്പോടെ)'എന്താണിത്? നീ കോപിച്ചുവന്നിരിക്കുന്നത് എന്തിനാണ്?'
അർജ്ജുനൻ:'എല്ലാം ഞാൻ ഉണർത്തിക്കാം. വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:പന്തുവരാളി, താളം:മുറിയടന്ത
പല്ലവി:
"ഭഗവൻ പാകാരാതേ തവ പാദയുഗളം വന്ദേ"
അനുപല്ലവി:
"വിഗത സംശയം വൃഷ്ണിപുരിയിൽനിന്നു നീതരാം
 മഹിതവിപ്രബാലരെ തരിക മേ തരസൈവ"
{ഭഗവാനേ, പാകശാസനാ, അങ്ങയുടെ കാലിണ വന്ദിക്കുന്നേൻ. സംശയമില്ലാതെ ദ്വാരകാപുരിയിൽനിന്നും കൊണ്ടുപോരപ്പെട്ട ബ്രാഹ്മണബാലന്മാരെ ഉടനെ എനിക്കു് തരിക.}

ദേവേന്ദ്രന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ"
അനുപല്ലവി:
"ആരണബാലരേവരാരാൽ എങ്ങു നീതരായി ഹന്ത
 ബോധിച്ചില്ല ഞാൻ പുതിയൊരു കഥ കുതുകപ്രദമിതു മമ"
("ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ")
{നന്മയുടെ സമുദ്രമേ, പുത്രാ, സന്മനസ്സേ, ഇപ്രകാരം കോപിക്കുന്നത് എന്തിനെന്ന് പറഞ്ഞാലും. ഹോ! ഏതു ബ്രാഹ്മണബാലർ? ആരാൽ എവിടേയ്ക്ക് കൊണ്ടുവരപ്പെട്ടു? ഞാൻ അറിഞ്ഞില്ല. ഇത് രസകരമായ ഒരു പുതിയ കഥയാണല്ലോ!}

അർജ്ജുനൻ:
ചരണം:1
"ദ്വാരവതിയാം പുരിയിൽ മരുവുന്ന
 ആരണനൊൻപതു മക്കൾ മുന്നം
 ചാരുതയോടെ ജനിച്ചവരൊൻപതും
 പാരാതെ നീതരായ് നാകലോകം"
ചരണം2:
"ദശമനുണ്ണിയുമിന്നു
 വിശിഖകുടിയതിൽനിന്നു സഹസാ
 നീതനായി നിഗൂഢമിച്ചതി
 ചെയ്തതെന്നോടു യോഗ്യമോ ബത"
{ദ്വാരവതീപുരിയിൽ വസിക്കുന്ന ബ്രാഹ്മണന്റെ ഒൻപതു മക്കളേയും ജനിച്ച ഉടനെ സ്വർഗ്ഗലോകത്തിലേയ്ക്ക് കൊണ്ടുവരപ്പെട്ടു. പത്താമത്തെ ഉണ്ണിയേയും ഇന്ന് എന്റെ ശരകൂടത്തിൽനിന്നും ആരും അറിയാതെ പെട്ടന്ന് തട്ടിക്കൊണ്ടുപോരപ്പെട്ടിരിക്കുന്നു. എന്നോട് ഈ ചതി ചെയ്തത് യോഗ്യമാണോ?}

ഇന്ദ്രൻ:
ചരണം1:
"ത്രൈലോക്യൈകനായകൻ ത്രിവിക്രമൻ മമാനുജൻ
 ലീലാമാനുഷൻ ഗോവിന്ദൻ ഭൂതലംതന്നിൽ
 കാലേ ജനിച്ചതിൽ പിന്നെ
 ബാലകഹരണം ചെയ്തില്ലാ ഭൂതലാലഹം
 കാലാരികഴലാണ സത്യമിദം മദ്വചനം കുരുവര"
("ബന്ധുരഗുണവാരിധേ കോപമെന്തേവം നന്ദന വദ സുമതേ")
{മൂന്നുലോകങ്ങൾക്കും ഏകനാഥനും ത്രിവിക്രമനുമായ മഹാവിഷ്ണു എന്റെ അനുജനായി മാനുഷവേഷത്തിൽ ഭൂതലത്തിൽ ജനിച്ചതിൽ പിന്നെ ഞാൻ ഭൂമിയിൽ നിന്നും ബാലന്മാരെ കൊണ്ടുപോന്നിട്ടില്ല. കുരുശ്രേഷ്ഠാ, ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങളാണെ ഞാൻ പറയുന്നത് സത്യമാണ്.}

അർജ്ജുനൻ:
ചരണം3:
"പത്താമനുണ്ണിയെക്കാത്തുതരാമെന്നു
 പൃഥ്വീസുരനോടു സത്യംചെയ്തു
 സത്യത്രാണാർത്ഥം പിണങ്ങും ഹരിയോടു
 പാർത്ഥനില്ലേതും സന്ദേഹമുള്ളിൽ
 ശമനപത്തനത്തിലാത്ത ജവമോടദ്യ തിരഞ്ഞു ബാലക-
 രസരസാർത്ഥപുരത്തിലത്ര തദർത്ഥമേവ മദാഗമമിതു"
{പത്താമത്തെ ഉണ്ണിയെ കാത്തുതരാമെന്ന് ബ്രാഹ്മണനോട് ഞാൻ സത്യം ചെയ്തു. സത്യപരിപാലനത്തിനായി കൃഷ്ണനോടുപോലും ഈ പാർത്ഥൻ പിണങ്ങും, ഉള്ളിൽ സംശയമില്ല. ഞാനിപ്പോൾ യമപുരിയിലും പോയി കുട്ടികളെ തിരഞ്ഞു. ബാലരെ തിരയാനായിട്ടാണ് ഞാൻ ഇവിടെയും വന്നത്.}

ഇന്ദ്രൻ:
ചരണം2:
"വിശ്വൈകധനുർദ്ധര വിജയ മാമകവാചാ
 വിശ്വാസംവന്നില്ലെന്നാകിൽ
 നിർജ്ജരലോകം നിശ്ശേഷം തിരഞ്ഞഞ്ജസാ
 അച്യുതാന്തികേ ചെന്നന്വേഷിക്കണം ബാലകം
 വിശ്വേശൻ ഗോവിന്ദന്റെ മറിമായങ്ങളറിവാനരുതാർക്കും
 ഗമിക്ക മാധവസവിധേ ഫൽഗുണവീര ലഭിക്കും ബ്രാഹ്മണസുതരെ"
{ലോകത്തിലെ ഏകവില്ലാളിവീരനായ വിജയാ, എന്റെ വാക്കുകളാൽ വിശ്വാസം വന്നില്ലായെങ്കിൽ ദേവലോകം മുഴുവൻ തിരഞ്ഞുകൊള്ളു. അതിനുശേഷം ശ്രീകൃഷ്ണസമീപം ചെന്ന് ബാലരെ അന്വേഷിക്കണം. ലോകേശ്വരനായ ഗോവിന്ദന്റെ മറിമായങ്ങൾ ആരാലും അറിയാനാവുന്നതല്ല. ഫൽഗുണവീരാ, ശ്രീകൃഷ്ണസമീപം പോവുക. ബ്രാഹ്മണപുത്രന്മാരെ ലഭിക്കും.}

ശേഷം ആട്ടം-
അർജ്ജുനൻ:(വന്ദിച്ചിട്ട്)'അല്ലയോ പിതാവേ, എന്നാൽ ഞാനിനി മറ്റുലോകങ്ങളിലും അന്വേഷിക്കുവാനായി പോകുന്നു. അവിടെനിന്നും ബ്രാഹ്മണബാലരെ ലഭിച്ചില്ലായെങ്കിൽ ഞാൻ അഗ്നിയിൽ ചാടി ദഹിക്കും, തീർച്ച.'
ഇന്ദ്രൻ:'നിന്റെ സുഹൃത്തായ ശ്രീകൃഷ്ണൻ നിന്നെ കൈവെടിയില്ല. സമാധാനത്തോടെ പോയാലും'
ഇന്ദ്രനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട്  ഇന്ദ്രനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: