2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

സന്താനഗോപാലം ആറാം രംഗം


രംഗത്ത്-യമധർമ്മൻ(കുട്ടിത്തരം കറുത്തകത്തിവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:കാമോദരി
"നിശമ്യ ഭൂദേവഗിരം സ പാണ്ഡവ-
 സ്തമുത്തരം കിഞ്ചന നോക്തവാനസൗ
 കൃതാന്തഗേഹം സമവാപ്യ ച ക്ഷണാത്
 രുഷാരുണാക്ഷസ്തമുവാച ഭാസ്ക്കരീം"
{ബ്രാഹ്മണൻ പറഞ്ഞതുകേട്ട് ഉത്തരമൊന്നും പറയാനാവതെ അർജ്ജുനൻ കോപംകൊണ്ട് ചുവന്ന കണ്ണുകളോടുകൂടിയവനായിട്ട് പെട്ടന്ന് നേരെ യമപുരിയിൽ ചെന്ന് യമധർമ്മനോട് പറഞ്ഞു.}

യമധർമ്മന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ ഇടത്തുഭാഗത്തുകൂടി ഓടിക്കൊണ്ട് പ്രവേശിക്കുന്ന അർജ്ജുനൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നില്ക്കുന്നതോടെ വലതുവശത്തായി പീഠത്തിലിരിക്കുന്ന ധർമ്മരാജാവിനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ധർമ്മരാജാവ് അനുഗ്രഹിക്കുന്നു.
അർജ്ജുനൻ:'പ്രഭോ, ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പദാഭിനയം ആരംഭിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"ധർമ്മരാജ വിഭോ ഭവല്പദസരസീരുഹയുഗളം
 ധർമ്മജാനുജനേഷ വന്ദേ"
അനുപല്ലവി:
"ധർമ്മമോ പിതൃനാഥ വഞ്ചനകർമ്മ-
 മെന്നൊടു ചെയ്തതു നീ ബത"
{ധർമ്മരാജാ, പ്രഭോ, ധർമ്മപുത്രന്റെ അനുജനായ ഞാനിതാ ഭവാന്റെ പാദത്താമരകളെ വന്ദിക്കുന്നേൻ. പിതൃനാഥാ, കഷ്ടം! അങ്ങ് എന്നോട് ഈ വഞ്ചനചെയ്തത് ധർമ്മമാണോ?}

യമധർമ്മന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
"എന്തു ചെയ്തേനഹിതം ഇന്ദ്രസൂനോ
 ഹന്ത നീ രുഷാന്ധനായി വന്നതിപരുഷമപി വദസി"
{ഇന്ദ്രപുത്രാ, ഹോ! നീ കോപാന്ധനായി വന്ന് പരുഷമായി ഇങ്ങിനെ പറയുന്നതിന് ഞാനെന്താണ് അഹിതമായി ചെയ്തത്?}

അർജ്ജുനൻ:
ചരണം1:
"മഹിഷവാഹന ഭവാനഹിതഭാവം തുടർന്നാൽ
 മഹിതമാഹാത്മ്യം ചിന്തിപ്പനോ സഹസൈവ നിന്നാൽ
 വിഹിതം കൈതവം സഹിപ്പനോ നഹി സംശയം തേ
 മന്ദിരം ദഹിപ്പതിന്നോരന്തരം വിനൈവ നേരെ-
 നിന്നരനാഴികയെന്നോടു പൊരുതുക
 തന്നീടുക ദ്വിജസുതമഥ നീ"
{മഹിഷവാഹനാ, ഭവാൻ അഹിതഭാവം തുടർന്നാൽ അങ്ങയുടെ മഹത്വത്തെപറ്റിയൊന്നും ഞാൻ ചിന്തിക്കുകയില്ല. അങ്ങു ചെയ്ത ചതി ഞാൻ സഹിക്കുമോ? സംശയിക്കേണ്ട, അങ്ങയുടെ മന്ദിരം ദഹിപ്പിക്കുന്നതിന് ഒരു തടസവുമില്ല. എന്നോട് നേരിട്ടുനിന്ന് അരനാഴികനേരം  പൊരുതുക. അല്ലെങ്കിൽ ബ്രാഹ്മണപുത്രനെ അങ്ങ് തരിക.}

യമധർമ്മൻ:
ചരണം:1
"പരുഷവചനങ്ങൾ മതി പറക പരമാർത്ഥം പര-
 പുരുഷപ്രിയസഖനു പാർക്കിലില്ലസാദ്ധ്യമൊന്നും"
ചരണം2:
"പഴുതേയെന്തേ കലഹിച്ചുവിളിച്ചു സമരാർത്ഥം
 പരിചിനൊടു തരുവൻ തവ പറഞ്ഞുകൊൾക വേണ്ടുന്നവ"
ചരണം3:
"ഏതൊരു ഭൂദേവതനയനേതൊരു ദേശം നീതനായി
 നൂനമെന്നാലഹം ജാനേ ദൂതരുമേവം ചെയ്യാ താനേ"
{പരുഷവചനങ്ങൾ മതി. സത്യം പറയുക. ആലോചിച്ചാൽ കൃഷ്ണന്റെ പ്രിയസുഹൃത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. വെറുതെ എന്തിനാണ് കലഹിച്ച് പോരിനുവിളിക്കുന്നത്? വേണ്ടത് പറഞ്ഞുകൊൾക. വഴിപോലെ തരാം. ഏതൊരു ബ്രാഹ്മണപുത്രൻ? ഏതൊരു ദേശത്തുനിന്ന്? പുതുതായി കൊണ്ടുവന്നതാണെങ്കിൽ ഞാൻ അറിയാതിരിക്കുകയില്ല. ദൂതന്മാരും തന്നിഷ്ടപ്രകാരം അങ്ങിനെ ചെയ്യുകയില്ല.}

അർജ്ജുനൻ:
ചരണം2:
"പുരുഷോത്തമൻ കൃഷ്ണന്റെ പുരിയിൽ മരുവീടുന്ന
 ധരണീസുരനൊൻപതു മക്കൾ ജനിച്ചപ്പോഴേ
 തരസാ നീതരായി നിന്നാൽ കേൾക്ക പത്താമനിപ്പോൾ
 ഉത്ഭവിച്ചോരർഭകനെ പിതൃപ്രഭോ നീ മമശരകൂടാൽ
 കപടവശാലിന്നപഹൃതനായി തന്നീടുകിദാനീം വിരവൊടു"
{പുരുഷോത്തമനായ ശ്രീകൃഷ്ണന്റെ പുരിയിൽ വസിക്കുന്ന ഒരു ബ്രാഹ്മണന്റെ ഒൻപതു പുത്രന്മാർ ജനിച്ചപ്പോൾ ഉടനെതന്നെ അങ്ങയാൽ കൊണ്ടുവരപ്പെട്ടു. പിതൃദേവാ, കേൾക്കുക. പത്താമതായി ഉണ്ടായ പുത്രനെ ഇപ്പോൾ അങ്ങ് എന്റെ ശരകൂടത്തിനുള്ളിൽ നിന്നും കപടത്താൽ അപഹരിച്ചു. കുട്ടികളെ വഴിപോലെ ഉടനെ വിട്ടുതരണം.}

യമധർമ്മൻ:
ചരണം3:
"ദ്വാരകയിൽ വന്നിത്തൊഴിൽ ആരംഭിപ്പാനാരിതോർത്താൽ
 പൗരുഷമെനിക്കെന്നല്ല പാർക്കിലില്ലസാദ്ധ്യമൊന്നും
 തീരുന്നില്ല ശങ്കയെങ്കിൽ തിരക ചിത്രഗുപതനൊടും
 പോരും പരിഭവമെന്നോടു പുരുകുലമണിദീപ
 ഉത്തമപുരുഷചരിതം എത്രയുമോർത്തോളം വിചിത്രം
 ത്വൽപ്രിയസഖനാരാഞ്ഞാലെത്തും വിപ്രനുടെ സുതന്മാർ പത്തും"
{ചിന്തിച്ചാൽ, ദ്വാരകയിൽ വന്ന് ഇങ്ങിനെ ചെയ്യുവാൻ പൗരുഷമുള്ള ആരാണുള്ളത്? വിചാരിച്ചാൽ, എനിക്കെന്നല്ല ആർക്കും ഇതൊന്നും സാധ്യമല്ല. സംശയം തീരുന്നില്ലെങ്കിൽ ചിത്രഗുപതനോടുകൂടി ചോദിച്ചുകൊള്ളുക. പുരുഷന്മാരിലെ മണിവിളക്കേ, എന്നോട് പരിഭവിച്ചത് മതി. ഉത്തമപുരുഷനായ ശ്രീകൃഷ്ണന്റെ ചരിത്രം ഓർത്താൽ എത്രയും അത്ഭുതകരമാണ്. നിന്റെ സുഹൃത്ത് തിരഞ്ഞാൽ ബ്രാഹ്മണന്റെ പത്തുപുത്രന്മാരേയും ലഭിക്കും.}

ശേഷം ആട്ടം-
അർജ്ജുനൻ:
(വന്ദിച്ചിട്ട്)'അല്ലയോ പിതൃദേവാ, ഞാൻ സങ്കടംകൊണ്ട് പറഞ്ഞതെല്ലാം അങ്ങ് ക്ഷമിക്കേണമേ. ഞാനിനിയും ബ്രാഹ്മണബാലന്മാരെ തിരയുവാനായി പോകുന്നു. എന്നെ അനുഗ്രഹിച്ചാലും.'
യമധർമ്മൻ:'നിന്റെ ആഗ്രഹം ഉടനെ സാധിക്കട്ടെ'
യമധർമ്മനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് യമധർമ്മനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: