2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സന്താനഗോപാലം അഞ്ചാം രംഗം


രംഗത്ത്-അർജ്ജുനൻ, ബ്രാഹ്മണൻ, ബ്രാഹ്മണപത്നി

ശ്ലോകം-രാഗം:മദ്ധ്യമാവതി
"വൈവശ്യഭാരാലസലോചനാം താ-
 മേവം സമാശ്വാസ്യ മഹീസുരോസൗ
 ഗോവിന്ദഗേഹം സമവാപ്യ വേഗാത്
 ദേവേന്ദ്രസൂനും തമുവാച ധീരം"
{ക്ഷീണാധിക്യത്താൽ മയങ്ങിയ കണ്ണുകളോടുകൂടിയ പത്നിയെ ഇപ്രകാരം ആശ്വസിപ്പിച്ചിട്ട് ഈ ബ്രാഹ്മണൻ വേഗത്തിൽ ശ്രീകൃഷ്ണന്റെ കൊട്ടാരത്തിൽ ചെന്ന് ഇന്ദ്രപുത്രനോട് ധൈര്യത്തോടെ പറഞ്ഞു.}

ഇടതുവശത്തുകൂടി പരിഭ്രമത്തോടെ അർജ്ജുനനെ തിരഞ്ഞുകൊണ്ട് 'കിടതകധീം,താം' മേളത്തിനൊപ്പം ബ്രാഹ്മണൻ പ്രവേശിക്കുന്നു. വലത്തുഭാഗത്തായി വില്ലുകുത്തിപ്പിടിച്ച് പീഠത്തിലിരിക്കുന്ന അർജ്ജുനൻ ബ്രാഹ്മണനെ കാണുന്നതോടെ അദ്ദേഹത്തെ വലതുവശത്തേയ്ക്ക് ആനയിച്ചിട്ട് വന്ദിക്കുന്നു. വലതുഭാഗത്തേയ്ക്കുവന്ന് അർജ്ജുനനെ അനുഗ്രഹിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(മൂന്നാം കാലം)
ബ്രാഹ്മണൻ:
പല്ലവി:
"ധീരധീരവീരഹീര ഹേ പാണ്ഡവ കൂടെ-
 പ്പോരിക പാരാതെ മൽഗൃഹേ"
അനുപല്ലവി:
"ക്ഷീരപൂരഗൗരകീർത്തേ നീരജാസ്ത്രചാരുമൂർത്തേ
 ദൂരിതരിപുകൃതാർത്തേ പൂരുവംശപുണ്യകീർത്തേ"
ചരണം1:
"മുന്നമിവിടെ നിന്നല്ലയോ കണ്ടതു തമ്മിൽ
 സുന്ദരാംഗാ തോന്നുന്നില്ലയോ
 ധന്യശീല മമ പത്നി പിന്നെയും ധരിച്ചു ഗർഭം
 ഉന്നതകൗതൂഹലമാസന്നമായി സൂതികാലം"
("ധീരധീരവീരഹീര ഹേ............................മൽഗൃഹേ")
ചരണം2:
"അത്ഭുതവിക്രമാ തെല്ലുമേ മാന്ദ്യമരുതേ
 നില്പതിന്നു ധൈര്യമില്ല മേ
 ചിൽപുരുഷനെ വന്ദിക്ക സ്വർപ്പതിയേയും നമിക്ക
 കെല്പെഴും ചാപമെടുക്ക ക്ഷിപ്രമേവം നാം നടക്ക"
("ധീരധീരവീരഹീര ഹേ............................മൽഗൃഹേ")
{ധീരനിൽ ധീരനും വീരനുമായ ഹേ പാണ്ഡവാ, ഒട്ടും താമസിയാതെ എന്റെ കൂടെ ഗൃഹത്തിലേയ്ക്ക് പോരുക. ഒഴുകുന്ന പാൽ പോലെ വെളുത്ത കീർത്തിയുള്ളവനേ, കാമസമാനാകാരാ, ശത്രുബാധയെ അകറ്റിയവനേ, പൂരുവംശത്തിന്റെ പുണ്യകീർത്തിയായുള്ളവനേ, മുൻപ് ഇവിടെവെച്ചല്ലെ തമ്മിൽ കണ്ടത്? സുന്ദരശരീരാ, ഓർക്കുന്നില്ലയോ? ധന്യശീലാ, എന്റെ പത്നി പിന്നെയും ഗർഭംധരിച്ചു. എറ്റവും സന്തോഷപ്രദമായ പ്രസവകാലവും ആസന്നമായി. അത്ഭുതപരാക്രമാ, ഒട്ടും താമസിക്കരുതേ. എനിക്ക് നിൽക്കുവാൻകൂടി ധൈര്യമില്ല. സർവ്വേശ്വരനെ വന്ദിക്കു. ദേവേന്ദ്രനേയും നമിക്കു. കരുത്തുറ്റ ചാപം എടുക്കു. നമുക്ക് വേഗം നടക്കാം.}
"മമ പത്നി പിന്നെയും ധരിച്ചു ഗർഭം" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
അർജ്ജുനൻ:-രാഗം:അഠാണ, താളം:ചെമ്പട(രണ്ടാം കാലം)
ചരണം3:
"ബ്രാഹ്മണേന്ദ്ര കൂടെപ്പോരുന്നേൻ ത്വൽപ്രിയ പെറും
 ആത്മജനെക്കാത്തുതരുന്നേൻ
 കാർമുകമിതല്ലോ കാൺക ആത്മജരക്ഷാസഹായം
 ധർമ്മരാജാദികളിന്നു മന്മതത്തെ ലംഘിക്കുമോ"
പല്ലവി:
"വ്യാകുലത്വമേതുമരുതേ ഭൂസുരമൗലേ
 പോക നാമെങ്കിലോ വൈകാതേ"
{ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ കൂടെ പോരുന്നുണ്ട്. അങ്ങയുടെ പ്രിയതമ പ്രസവിക്കുന്ന പുത്രനെ കാത്തുതരുന്നുമുണ്ട്. പുത്രരക്ഷയ്ക്ക് സഹായമായി വില്ല് ഇതാ കാണുക. ധർമ്മരാജാവ് ആദിയായവരും ഇന്ന് എന്റെ ഹിതത്തെ ലംഘിക്കുമോ? ബ്രാഹ്മണശ്രേഷ്ഠാ, ഒട്ടും പരിഭമം അരുതേ. എങ്കിൽ നമുക്ക് വൈകാതെ പോകാം.}
"ആത്മജനെക്കാത്തുതരുന്നേൻ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'എന്നാൽ പുറപ്പെടുകയല്ലേ?'
അർജ്ജുനൻ:'അങ്ങിനെ തന്നെ'
ചാപബാണധാരിയായ അർജ്ജുനനും ബ്രാഹ്മണനും കൈകോർത്തുപിടിച്ച് പിന്നിലേയ്ക്കുമാറി തിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ബ്രാഹ്മണഗൃഹത്തിൽ എത്തിയതായി ഭാവിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ നിർദ്ദേശിക്കുന്ന ഉത്തമമായ സ്ഥാനത്ത് വഴിപോലെ ഞാൺ മുറുക്കി അസ്ത്രങ്ങൾ തൊടുത്ത് അർജ്ജുനൻ ഒരു ശരകൂടം നിർമ്മിക്കുന്നു. ബ്രാഹ്മണൻ ശരകൂടം കണ്ട് ബോദ്ധ്യപ്പെടുന്നു. ഈ സമയത്ത് പിന്നിലായി തിരശ്ശീല പിടിക്കുന്നു. തുടർന്ന് ബ്രാഹ്മണൻ ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്നതായി ഭാവിച്ച്  തിരശ്ശീലയുടെ വലതുഭാഗത്തുകൂടി പിന്നിലേയ്ക്ക് കടക്കുന്നു. അനന്തരം സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ കൂട്ടിക്കൊണ്ട് തിരശ്ശീലയുടെ ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ബ്രാഹ്മണൻ സഖിയാൽ അനുഗമിക്കപ്പെടുന്ന പത്നിയെ ഈറ്റില്ലത്തിലേയ്ക്ക് എന്നഭാവത്തിൽ വലതുഭാഗത്തുകൂടി തിരശ്ശീലയ്ക്കുള്ളിലേയ്ക്ക് അയയ്ക്കുന്നു. അർജ്ജുനൻ വീരഭാവത്തിൽ ചാപബാണധാരിയായി ഇടതുഭാഗത്തായി നിൽക്കുന്നു. ബ്രാഹ്മണൻ നാമം ജപിച്ചുകൊണ്ട് വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:പുന്നാഗവരാളി
"ഏണാങ്കപ്രതിമാഭിരാമവദനാ ബാലാ സുശീലാ തദാ
 വീണാഭാഷിണി വിപ്രപത്നിയുമുടൻ പെറ്റാളസൗ കൗതുകാൽ
 പാണൗ തം ച വഹിപ്പതിന്നു സഖിയും ഭാവിച്ചു തസ്മിൻ മുദാ
 കാണാഞ്ഞാത്മജമാത്തശോകവിവശാ സാദ്ധ്വീ രുരോദാഞ്ജസാ"
{ചന്ദ്രസമാനം സുന്ദരമായ മുഖത്തോടുകൂടിയവളും സുശീലയായ ബാലികയും മധുരഭാഷിണിയുമായ ആ ബ്രാഹ്മണപത്നി ഉടനെ ആശയോടെ പ്രസവിച്ചു. സഖി സന്തോഷത്തോടെ കുട്ടിയെ കൈയ്യിലെടുക്കുവാൻ ഭാവിച്ചു. അപ്പോൾ പുത്രനെ കാണാഞ്ഞ് ദുഃഖവിവശയായിതീർന്ന ബ്രാഹ്മണപത്നി വിലപിക്കുവാൻ തുടങ്ങി.}

ശ്ലോകം കൊട്ടിക്കലാശിച്ചാൽ ഗായകർ പദം ആലപിക്കുന്നു. നാമം ജപിച്ച് ഇരിക്കുന്ന ബ്രാഹ്മണൻ ഈ സമയത്ത് അസ്വസ്തനായി ഇടയ്ക്കിടെ എഴുന്നേറ്റ് പരിഭ്രമിച്ച് അങ്ങുമിങ്ങും നടക്കുകയും, കാവൽനിൽക്കുന്ന അർജ്ജുനനെ കണ്ട് സമാധാനപ്പെട്ട് പൂർവ്വസ്ഥിതിയിൽ ഇരിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ബ്രാഹ്മണൻ ഈറ്റില്ലത്തിൽനിന്നും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ചെവിയോർക്കുകയും, അടി അളന്ന് സമയം തിട്ടപ്പെടുത്തുകയും ചെയ്യുന്നു.

ബ്രാഹ്മണപത്നിയുടെ വിലാപപദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
"കരുണാവാരിധേ കൃഷ്ണാ നരനേയും ചതിച്ചായോ
 ശരണരഹിതരാമിജ്ജനങ്ങൾ മൂലം
 പരമപൂരുഷ തവ ഭഗിനി ബാലികയ്ക്കയ്യോ
 പെരിയെ വൈധവ്യദുഃഖം വരുവതു ചിതമോ തേ"
ചരണം2:
"ജ്വലിച്ചകാന്തിയോടാശു ജനിച്ച ബാലകൻ ഭൂമൗ
 പതിച്ചീടുന്നതിന്മുൻപേ മറച്ചു ദൈവം
 ലഭിച്ചീലാ ശവമ്പോലും ഫലിച്ചീലർജ്ജുനയത്നം
 വരച്ച രേഖയെ മൂർദ്ധനി മറച്ചുവെച്ചുകൂടുമോ"
ചരണം3:(ദ്രുതകാലം)
"പരമാധിവിവശനാം ഹരിപാദസ്മൃതിയോടും
 പുരവാതല്ക്കൽ നല്ക്കുന്ന പ്രിയന്തന്നോടും
 പുരുഹൂതാത്മജനോടും ചരിതങ്ങളിവയെല്ലാം
 ഉരചെയ്തീടുവിൻ ചെന്നു വിരവോടു സഖിമാരേ"
{കരുണാസമുദ്രമേ, കൃഷ്ണാ, ശരണരഹിതരായ ഈ ജനങ്ങൾ കാരണം അർജ്ജുനനേയും ചതിച്ചുവോ? പരമപൂരുഷാ, അയ്യോ! അങ്ങയുടെ സഹോദരീബാലികയ്ക്ക് കടുത്ത വൈധവ്യദുഃഖം വരുന്നത് അങ്ങേയ്ക്ക് ഇഷ്ടമാണോ? അതിയായ തേജസ്സോടെ ജനിച്ച ബാലകനെ നിലംതൊടുന്നതിനുമുൻപേ പെട്ടന്ന് ദൈവം മറച്ചുകളഞ്ഞു. ശവം പോലും ലഭിച്ചില്ല. അർജ്ജുനന്റെ പ്രയത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ മാറ്റാൻ കഴിയുമോ? സഖിമാരേ, പരിഭ്രമിച്ചുകൊണ്ടും ശ്രീകൃഷ്ണപാദങ്ങളെ സ്മരിച്ചുകൊണ്ടും പുരവാതിൽക്കൽ നിൽക്കുന്ന പ്രിയനോടും അർജ്ജുനനോടും ഈ വർത്തമാനമെല്ലാം വേഗം ചെന്ന് പറയുവിൻ.}
"കരുണാവാരിധേ കൃഷ്ണാ" (ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ)
പദം കലാശിച്ചാൽ ഗായകർ അടുത്ത ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ബലഹരി
"ഈറ്റില്ലത്തിനകത്തുനിന്നുടനെഴും രോദാകുലാം ഭാരതീം
 ഏറ്റം ദുഃഖമൊടും നിശമ്യ സഹസാ മൂർച്ഛിച്ചുവീണൂ ദ്വിജൻ
 കാറ്റേശും ദഹനാഭപൂണ്ടു സഹസാ കോപാന്ധനായിട്ടവൻ
 ചുറ്റും ഹന്തവെടിഞ്ഞു നിഷ്ഠുരമധിക്ഷേപിച്ചു ശക്രാത്മജം"
{ഈറ്റില്ലത്തിനകത്തുനിന്നും ഉടനെ പുറപ്പെട്ട കരച്ചിൽ കലർന്ന വാക്കുകൾ കേട്ട് ബ്രാഹ്മണൻ ഏറ്റവും ദുഃഖത്തോടെ ഉടനെ മോഹാലസ്യപ്പെട്ട് വീണു. കാറ്റേറ്റ് ആളികത്തുന്ന തീ എന്നപോലെ ജ്വലിച്ചുകൊണ്ട് കോപാന്ധനായി തീർന്ന ബ്രാഹ്മണൻ പെട്ടന്നുതന്നെ സ്നേഹബന്ധം കൈവിട്ട് അർജ്ജുനനെ നിശിതമായി അധിക്ഷേപിച്ചു.}

ശ്ലോകാരംഭത്തോടെ എഴുന്നേറ്റ് പിന്നിലായി പിടിച്ചിരിക്കുന്ന തരശ്ശീലയ്ക്കുസമീപം വരുന്ന ബ്രാഹ്മണൻ ദാസിയിൽനിന്നും അപ്പോൾ ജനിച്ച കുട്ടിയെ കാണ്മാനില്ല എന്ന വിവരം അറിഞ്ഞ് ഏറ്റവും ദുഃഖിച്ച് 'മൂർച്ഛിച്ചുവീണൂ' എന്ന് ആലപിക്കുന്നതിനൊപ്പം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടർന്ന് ശ്ലോകത്തിൽ 'കോപാന്ധനായിട്ടവൻ' എന്ന് ആലപിക്കുന്നതോടെ ചാടി എഴുന്നേൽക്കുന്ന ബ്രാഹ്മണൻ വർദ്ധിച്ച കോപത്തോടെ അർജ്ജുനന്റെ നേരെ പാഞ്ഞടുക്കുന്നു. തന്റെ പരിശ്രമം ഫലിച്ചില്ല എന്ന് മനസ്സിലാക്കിയ അർജ്ജുനൻ ഇതികർത്തവ്യതാമൂഢനായി തലതാഴ്ത്തി നിൽക്കുന്നു. ഈ സമയത്ത് പിന്നിൽ പിടിച്ചിരിക്കുന്ന തിരശ്ശീല നീക്കം ചെയ്യുന്നു.
ബ്രാഹ്മണൻ:'ഹോ! ഹോ! ഛീ! എടാ, നിന്റെ പുത്രപരിപാലനം വിശേഷമായി. കണ്ടുകൊൾക'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:ബലഹരി, താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
"മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം"
അനുപല്ലവി:
"രൂഢാധിക മോടിയെഴും ശരകൂടംകൊണ്ടെന്തുഫലം ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
ചരണം1:
"വീണ്ടും വീണ്ടും മുന്നം വേണ്ടും പ്രകാരത്തിൽ
 പാണ്ഡവ നിന്നോടു ഞാൻ ഇതു വേണ്ട
 ദുർമ്മോഹം തുടങ്ങേണ്ടാ നീയെന്നു
 ഖണ്ഡിച്ചുചൊന്നതെല്ലാം അപ്പോൾ
 കൊണ്ടില്ല നിന്നുള്ളിലാണ്ടോരഹംഭാവം
 മേന്മേൽ വളരുകയാലിപ്പോ-
 ളുണ്ടായ ബാലകൻ തന്റെ ശവമ്പോലും
 കണ്ടീല നിൻവൈഭവാൽ ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
ചരണം2:
"കുക്ഷിയിൽ കൈവച്ചു ദിക്ഷുവിവശനായ്
 നോക്കുന്നതെന്തു ഭവാൻ ആശു-
 ശുക്ഷണിയിങ്കൽ പതിച്ചാലും ബാലനെ
 രക്ഷിക്ക സാധിക്കുമോ
 രൂക്ഷസഹായമുപേക്ഷിച്ചു നീ സഹ-
 സ്രാക്ഷാത്മജ പോകെടോ വേഗാ-
 ലക്ഷീണാനന്ദം പത്മാക്ഷപുരേ പുക്കു
 ഭക്ഷിച്ചു വാണുകൊൾക ജളപ്രഭോ"
("മൂഢ അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം")
{മൂഢാ, നിന്റെ ഏറ്റവും ശക്തമായ സാമർത്ഥ്യം എവിടെപ്പോയി? കേമത്തം നടിക്കുന്നവനേ, ഏറ്റവും ശക്തവും മോടിയുള്ളതുമായ ശരകൂടം കൊണ്ട് എന്തുഫലം? പാണ്ഡവാ, ഇതുവേണ്ടാ, ദുർമ്മോഹം തുടങ്ങേണ്ടാ എന്ന് നിന്നോട് ഞാൻ മുൻപുതന്നെ വീണ്ടും വീണ്ടും വേണ്ടപ്രകാരത്തിൽ തറപ്പിച്ചുപറഞ്ഞു. അതൊന്നും കണക്കാക്കാതെ അപ്പോൾ നിന്റെയുള്ളിൽ ആണ്ടിറങ്ങിയ അഹങ്കാരം മേൽക്കുമേൽ വളരുകയായിരുന്നു. കേമത്തം നടിക്കുന്നവനേ, നിന്റെ കേമത്തംകൊണ്ട് ഇപ്പോൾ ഉണ്ടായ ബാലന്റെ ശവമ്പോലും കണ്ടില്ല. വളരെ വിവശനായി വയറ്റത്ത് കൈവെച്ചുനിന്ന് നോക്കുന്നതെന്ത്? ഭവാൻ പെട്ടന്ന് അഗ്നിയിൽ പതിച്ചാലും. ബാലനെ രക്ഷിക്കുവാൻ സാധിക്കുമോ? ആയിരം കണ്ണുകളുള്ളവനായ ദേവേന്ദ്രന്റെ പുത്രാ, കേമത്തം നടിക്കുന്നവനേ, എടാ, നീ ക്രൂരമായ സഹായം ഉപേക്ഷിച്ച് വേഗത്തിൽ പോയി ദ്വാരകാപുരിയിൽ ചെന്ന് ഭക്ഷണം കഴിച്ച് ക്ഷീണമകറ്റി ആനന്ദത്തോടെ വസിച്ചുകൊള്ളുക.}
"മൂഢ അതിപ്രൗഢമാം നിന്നുടെ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, അർജ്ജുനൻ-കലാനി:വിനോദ്)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'എടാ, ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ ഇങ്ങിനെ നിൽക്കുന്നതെന്തേ? ഛീ! കടന്നുപോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ബ്രാഹ്മണൻ ദുഃഖാർത്തനായി വലതുവശത്തായി പീഠത്തിൽ ഇരിക്കുന്നു. കോപം, താപം, ജാള്യത ഇത്യാദി വികാരങ്ങളുടെ സമ്മർദ്ദത്താൽ വീർപ്പുമുട്ടിയ അർജ്ജുനൻ ആലോചിച്ചുറപ്പിച്ച് പെട്ടന്ന് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: