2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

സന്താനഗോപാലം രണ്ടാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, ബ്രാഹ്മണൻ(ഒന്നാംതരം മിനുക്കുവേഷം), അർജ്ജുനൻ

ശ്ലോകം-രാഗം:ഘണ്ടാരം
"ഇഷ്ടേനാഥ കിരീടിനാ ച ഭഗവാൻ തുഷ്ട്യാ വസിച്ചൂ പുരേ
 ശിഷ്ടന്നങ്ങൊരു ഭൂസുരന്നു മൃതരായെട്ടാണ്ടിലെട്ടുണ്ണികൾ
 കഷ്ടം സദ്വിജനൊൻപതാം ശിശുശവം പെട്ടന്നു കൈക്കൊണ്ടു വാ-
 വിട്ടുച്ചൈർവിലപിച്ചു വൃഷ്ണിസഭയിൽച്ചെന്നേവമൂചേ ശുചം"
{ഇപ്രകാരം സുഹൃത്തായ അർജ്ജുനനോടുകൂടി ഭഗവാൻ ദ്വാരകാപുരിയിൽ സസന്തോഷം വസിച്ചു. ഇകാലത്ത് അവിടെ വിശിഷ്ഠനായ ഒരു ബ്രാഹ്മണന് എട്ടുകൊല്ലങ്ങളിലായി എട്ടു പുത്രന്മാർ ജനിക്കുകയും, ജനിച്ച ഉടനെതന്നെ മരിക്കുകയും ചെയ്തിരുന്നു. ഒൻപതാമത് പിറന്ന ശിശുവും മരിച്ചപ്പോൾ ആ ബ്രാഹ്മണശ്രേഷ്ഠൻ വാവിട്ടുകരഞ്ഞുകൊണ്ട് ശിശുശവവുമേന്തി പെട്ടന്ന് വൃഷ്ണിസഭയിൽ ചെന്ന് ഇപ്രകാരം പറഞ്ഞു.}

വലതുഭാഗത്ത് മുന്നിലായി ശ്രീകൃഷ്ണനും പിന്നിലായി അർജ്ജുനനും പീഠങ്ങളിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി ശിശുശവമേന്തിക്കൊണ്ടും അസഹ്യമായ ദുഃഖത്താൽ മാറിലും ശിരസ്സിലും അടിച്ചുകൊണ്ടും പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണൻ തളർന്നുവീഴുന്നു.
ബ്രാഹ്മണൻ:(നിലത്തിരുന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട്)'അയ്യോ! ദൈവമേ, ഞാൻ അറിഞ്ഞുകൊണ്ട് യാതൊരു പാപവും ചെയ്തിട്ടില്ലല്ലൊ. എന്നിട്ടും എനിക്ക് ഇങ്ങിനെ വന്നുവല്ലോ?' (ശിശുശവവുമെടുത്തുകൊണ്ട് വീണ്ടും മുന്നോട്ടുവരവെ തളർന്ന് ഇരുന്നിട്ട്)'ഹാ! കഷ്ടം! എന്റെ ഈശ്വരസേവാഫലം ഇങ്ങിനെ വന്നുവല്ലൊ?' (എഴുന്നേറ്റുനിന്ന് പാരവശ്യത്തോടെ മാറിലും ശിരസ്സിലും മാറിമാറി അടിച്ചിട്ട്)'ആകട്ടെ, ഇനി യാദവസഭയിൽ പ്രവേശിച്ച് ഇതിനെ കൃഷ്ണന്റെ മുന്നിൽ കിടത്തി പോരുകതന്നെ'
ബ്രാഹ്മണൻ മുന്നോട്ടുനീങ്ങി സഭയിൽ എത്തിയതായി നടിച്ച് ചുറ്റും നോക്കിയശേഷം ഇടതുഭാഗത്ത് മുന്നിലായി ശിശുശരീരം കിടത്തിയിട്ട് അതിനരുകിലായി നിലത്തിരുന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു. അനുപല്ലവി മുതലുള്ളഭാഗം എഴുന്നേറ്റുനിന്ന് ചൊല്ലിയാടുന്ന ബ്രാഹ്മണൻ അനുപല്ലവിയുടേയും ചരണങ്ങളുടേയും ഒടുവിൽ ശിശുശവത്തിനരികിൽ വന്നിരുന്ന് ദുഃഖം പ്രകടിപ്പിക്കും.

ബ്രാഹ്മണന്റെ പദം-രാഗം:ഘണ്ടാരം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
"ഹാഹാ കരോമി കിമിഹാഹന്ത ദൈവമേ
 ഹാഹാ കമേമി ശരണം"

"ഹാഹാ കരോമി" (ശ്രീകൃഷ്ണൻ-കലാ:അരുൺ, അർജ്ജുനൻ-കലാനി:വിനോദ്, ബ്രാഹ്മണൻ-കലാ:വിജയൻ)
"കിമിഹാഹന്ത ദൈവമേ" (ബ്രാഹ്മണൻ-കലാ:ശ്രീകുമാർ)
അനുപല്ലവി:
"ലോകാന്തരങ്ങളിലും സുഖമില്ല നൂനമിഹ
 സുതരഹിതപുരുഷനഹോ ശിവശിവ"
ചരണം1:
"അർഭക നീയെന്തിങ്ങനെ സ്വല്പമപി കരയാത്തു
 അത്ഭുതവിലാസവദന അല്പേതരം പാപിയായ
 ത്വല്പിതാവിനത്ര വിധികല്പിതമിതോ നന്ദന ശിവശിവ"
ചരണം2:
"യാദവവീരന്മാരേ സാദരം കേൾപ്പിനിതു
 ഖേദമപി ദുസ്സഹം മേ ഭൂദേവനിഷിദ്ധകർമ്മം
 ചെയ്തവനല്ലേതും ഞാൻ പാതകമിതോ നന്ദന ശിവശിവ"
ചരണം3:
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ
 ദൃഷ്ടിമലച്ചേഷ ശേതേ; എട്ടു ബാലന്മാരീവണ്ണം
 പെട്ടുപോയി മമ മക്കൾ ദ്ദൃഷ്ടതരരാജദോഷാൽ^ ശിവശിവ"

"കഷ്ടമിതു കാണ്മിനെന്റെ" (ശ്രീകൃഷ്ണൻ-കലാ:കുട്ടികൃഷ്ണൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ)
ചരണം4:
"പതിനാറു സഹസ്രങ്ങളിലുമധികദാരങ്ങളേയും
 പരിചൊടവർമക്കളേയും ഹിതമറിഞ്ഞു ഭരിക്കെന്നുള്ളോ-
 രധികാരഭാരമേറും മധുവൈരിക്കീദ്വിജരക്ഷയ്ക്കോ
^ അവസരം ശിവശിവ"
{ഹാഹാ! കഷ്ടം! ദൈവമേ, ഞാൻ എന്തുചെയ്യേണ്ടൂ? ഹാഹാ! എനിക്കാരാണ് ആശ്രയം? ശിവശിവ! ഹോ! പുത്രരഹിതനായ പുരുഷന് പരലോകങ്ങളിൽ പോലും സുഖമില്ലായെന്ന് ഇവിടെ ഉറപ്പ്. ഉണ്ണീ, നീയെന്താണിങ്ങിനെ സ്വല്പംപോലും കരയാതിരിക്കുന്നത്? ശിവശിവ! അത്ഭുതകരമായി ശോഭിക്കുന്ന മുഖത്തോടുകൂടിയവനേ, മഹാപാപിയായ നിന്റെ അച്ഛന് ഇതാണോ വിധി? യാദവവീരന്മാരേ, ഇത് സാദരം കേട്ടാലും. എനിക്ക് ദുഃഖം സഹിക്കുവാനാകുന്നില്ല. ബ്രാഹ്മണർക്ക് നിഷിദ്ധമായ കർമ്മമൊന്നും ചെയ്തവനല്ല ഞാൻ. ശിവശിവ! ഇതാണോ എന്റെ ദുരിതത്തിനു കാരണം? കഷ്ടം! ഇത് കാണുവിൻ. എന്റെ പിഞ്ചുകുഞ്ഞ് ദൃഷ്ടിമലച്ച് ഇതാ ഇവിടെ കിടക്കുന്നു. ശിവശിവ! ദുഷിച്ച രാജവാഴ്ച്ചയുടെ ഫലമായി ഇതുപോലെ എന്റെ എട്ടുമക്കൾ മരിച്ചുപോയി. പതിനാറായിരത്തിലധികം ഭാര്യമാരേയും അവരുടെ മക്കളേയും വേണ്ടതുപോലെ ഹിതമറിഞ്ഞ് ഭരിക്കുക എന്ന കനത്ത ഭാരമുള്ള ശ്രീകൃഷ്ണന് ഈ ബ്രാഹ്മണനെ രക്ഷിക്കുവന്നുണ്ടോ സമയം? ശിവശിവ!}

[
^മൂന്നാം ചരണത്തിലെ 'ദ്ദൃഷ്ടതരരാജദോഷാൽ' എന്ന ഭാഗവും, നാലാം ചരണത്തിലെ 'മധുവൈരിക്കീദ്വിജരക്ഷയ്ക്കോ' എന്ന ഭാഗവും നാലാംകാലത്തിലേയ്ക്ക് ഉയർത്തിയാണ് ആലപിക്കുക.]

പദാഭിനയം അവസാനിക്കുന്നതോടെ ബ്രാഹ്മണൻ ശിശുശവത്തിനരുകിൽ ദുഃഖിച്ചിരിക്കുന്നു. ഗായകർ ശോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:ശങ്കരാഭരണം
"ശ്രുത്വാ വിപ്രവരസ്യ ദുഃഖവിവശസ്യൈവം വിലാപാന്മുഹു-
 ർദൈത്യാരിർഭുവനാവനൈകനിരതോ ദേവശ്ച സീരായുധഃ
 പ്രദ്യുമ്നപ്രമുഖാശ്ച യാദവവരാ നോ കിഞ്ചിദപ്യബ്രുവൻ;
 പാർത്ഥസ്തത്ര സമേത്യ വിപ്രസവിധേ വാണീമഭാണീദിമാം"
{ദുഃഖവിവശനായ ബ്രാഹ്മണശ്രേഷ്ഠന്റെ ഇപ്രകാരം വീണ്ടുംവീണ്ടുമുള്ള വിലാപത്തെ കേട്ടിട്ടും ലോകരക്ഷാതൽപ്പരനും അസുരശത്രുവുമായ ഭഗവാനോ ബലഭദ്രനോ പ്രദ്യുമ്നാദികളായ യാദവശ്രേഷ്ഠന്മാരോ ഒന്നുംതന്നെ പറഞ്ഞില്ല. അപ്പോൾ പാർത്ഥൻ ബ്രാഹ്മണന്റെ സമീപം ചെന്ന് ഈ വാക്കിനെ പറഞ്ഞു.}

[
^ശ്ലോകമാലപിക്കുന്നസമയത്ത് സഹതാപത്തോടെ ബ്രാഹ്മണനെ വീക്ഷിക്കുന്ന അർജ്ജുനൻ കൃഷ്ണാദിയാദവരെയൊക്കെ നോക്കിയിട്ട് ആരിലും ഒരു ഭാവഭേദവും കാണാഞ്ഞ് ചിന്താധീനനാവുകയും, തുടർന്ന് ആലോചിച്ചുറപ്പിച്ചുകൊണ്ട് 'പാർത്ഥസ്തത്ര സമേത്യ' എന്നാലപിക്കുന്നതിനൊപ്പം ബ്രാഹ്മണന്റെ സമീപം ചെന്നിരുന്ന് വന്ദിക്കുകയും ചെയ്യുന്നു. 'നോ കിഞ്ചിദപ്യബ്രുവൻ' എന്നാലപിക്കുന്നതോടെ എഴുന്നേന്നേൽക്കുന്ന ശ്രീകൃഷ്ണൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.]

അർജ്ജുനൻ:'അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ പറയുന്നത് ശ്രവിച്ചാലും'
അർജ്ജുനൻ പദം അഭിനയിക്കുന്നു.

പദം:-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
അർജ്ജുനൻ:
പല്ലവി:
"പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ"
അനുപല്ലവി:
"പരിചോടിനി ഉളവാം ബാലനെ-
 പരിപാലിച്ചു തവ തരുവൻ ഞാൻ"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
ചരണം1:
"ആർത്തിതീർത്തഖിലധാത്രീദേവകുലം
 നിത്യം കാത്തീടുക ക്ഷത്രിയധർമ്മം
 അത്തൽ കീഴിൽ കഴിഞ്ഞതത്ര ക്ഷമിക്ക ഭവാൻ
 പുത്രരിനി ജനിക്കിൽ കാത്തുതരുമിപ്പാർത്ഥൻ"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
{ബ്രാഹ്മണാ, സുമനസ്സേ, അങ്ങയുടെ വിലാപം മതിമതി. ഇനി അങ്ങേയ്ക്കുണ്ടാകുന്ന ബാലനെ ഞാൻ വഴിപോലെ രക്ഷിച്ചുതരുന്നുണ്ട്. ബ്രാഹ്മണകുലത്തേയാകെ ദുഃഖം തീർത്ത് എന്നും രക്ഷിക്കേണ്ടത് ക്ഷത്രിയരുടെ ധർമ്മമാണ്. ഇതിനുകീഴിൽ കഴിഞ്ഞ ദുഃഖമെല്ലാം ഭവാൻ ക്ഷമിച്ചാലും. ഇനി പുത്രന്മാർ ജനിക്കുകയാണെങ്കിൽ ഈ അർജ്ജുനൻ കാത്തുതരും.}

"പരിദേവിതം മതിമതി" (അർജ്ജുനൻ-കലാനി:വിനോദ്, ബ്രാഹ്മണൻ-കലാ:വിജയൻ)
ബ്രാഹ്മണൻ:
ചരണം2:
"വിഷ്ടപാധിപൻ ശിഷ്ടപാലകൻ
 വിഷ്ടരശ്രവസ്സെന്നുടെ ദുഃഖം
 കേട്ടിളകാഞ്ഞതെന്തെന്നൊട്ടും വിചാരിയാതെ
 പൊട്ട നീ ചാടിപ്പുറപ്പെട്ടതെത്രയും ചിത്രം"
പല്ലവി:
"അവിവേകി നീ ബത നിർണ്ണയം അർജ്ജുന വീര്യനിധേ"
{പൊട്ടാ, ലോകാധിപനും സത്ഗുണവാന്മാരെ പരിപാലിക്കുന്നവനുമായ ശ്രീകൃഷ്ണൻ എന്റെ ദുഃഖം കേട്ടിട്ട് ഇളകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഒട്ടും ആലോചിക്കാതെ നീ ചാടിപുറപ്പെട്ടത്ത് ഏറ്റവും വിചിത്രം തന്നെ. കഷ്ടം! അർജ്ജുനാ, വീര്യനിധേ, നീ തീർച്ചയായും ആലോചനയില്ലാത്തവൻ തന്നെ.}

അർജ്ജുനൻ:
ചരണം3:
"ഹന്ത ശോകഭാരാന്ധനാം ഭവാൻ
 ചൊന്നവാക്കിനില്ലപ്രിയമേതും
 സന്ദേഹം വേണ്ടാ തവ നന്ദനനുളവാകിൽ
 തന്നീലാ പാലിച്ചെങ്കിൽ ഇന്ദ്രാത്മജനല്ലഹം"
("പരിദേവിതം മതിമതി തവ ബ്രാഹ്മണ സാധുമതേ")
{കഷ്ടം! ദുഃഖഭാരത്താൽ വിവേകം നഷ്ടപ്പെട്ട് ഭവാൻ പറഞ്ഞ വാക്കുകളിൽ ഒട്ടും അപ്രിയമില്ല. എന്നാൽ സംശയം വേണ്ടാ, അങ്ങേയ്ക്ക് പുത്രൻ ഉണ്ടാവുകയാണേങ്കിൽ രക്ഷിച്ചുതന്നില്ലായെങ്കിൽ ഞാൻ ഇന്ദ്രപുത്രനല്ല.}

ബ്രാഹ്മണൻ:
ചരണം4:
"ഭക്തവത്സലൻ ദൈത്യവൈരിയും
 ശക്തരായ ബലഭദ്രാദികളും
 സാദ്ധ്യമല്ലെന്നുവച്ചിട്ടൊരുത്തരുമിളകാഞ്ഞു
 ശ്രദ്ധയില്ലെനിക്കിനി പുത്രവദനം കാണ്മാൻ"
("അവിവേകി നീ ബത നിർണ്ണയം അർജ്ജുന വീര്യനിധേ")
{സാദ്ധ്യമല്ലാ എന്നുകരുതി ഭക്തവത്സലനും അസുരശത്രുവുമായ ശ്രീകൃഷ്ണനും ശക്തരായ ബലഭദ്രാദികളും ഒരുത്തരുംതന്നെ ഇളകാതിരിക്കുന്നു. ഇനി പുത്രന്റെ മുഖം കാണാമെന്ന് എനിക്ക് വിശ്വാസമില്ല.}

ബ്രാഹ്മണൻ പദം കലാശിച്ചിട്ട് പുത്രശരീരത്തുനുസമീപം ദുഃഖിച്ച് ഇരിക്കുന്നു.
അർജ്ജുനൻ:'കഷ്ടം! സാധുബ്രാഹ്മണന് ഒട്ടും വിശ്വാസം വരുന്നില്ല. ഇനി എന്റെ യോഗ്യതകൾ ധരിപ്പിച്ച് ഇദ്ദേഹത്തിന് വിശ്വാസം വരുത്തുകതന്നെ'
അർജ്ജുനൻ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:വേകട, താളം:മുറിയടന്ത
പല്ലവി:
"സദ്ഗുണശീല ഹേ ദ്വിജേന്ദ്ര മൽഗിരം കേൾക്ക മുദാ"

"ദ്വിജേന്ദ്ര മൽഗിരം കേൾക്ക മുദാ" (അർജ്ജുനൻ-കലാ:ഗോപാലകൃഷ്ണൻ, ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ)
അനുപല്ലവി:
"സ്വർഗ്ഗവാസികൾക്കും സുഖവിതരണം ചെയ്യും
 ഫൽഗുനെക്കേട്ടറിയുന്നില്ലയോ ഭവാൻ"
ചരണം1:
"കൃഷ്ണനല്ലഹം ബലഭദ്രനല്ലറിക നീ
 വൃഷ്ണിവീരന്മാരിൽ ഏകനുമല്ലാ
 ജിഷ്ണു ഞാൻ ദിവ്യാസ്ത്രധൃഷ്ണു വിജയൻ വീരൻ
 ജിഷ്ണുതനയൻ ഭ്രാജിഷ്ണു സുനയൻ സദയൻ"
ചരണം2:
"അന്തകാന്തകനേയും ആഹവേ ജയിച്ചീടും
 ഇന്ദ്രനന്ദനന്തന്റെ ശരകൂടാസവിധേ
 അന്തകഭയലേശം ഭവിച്ചീടുമോ ബാലനെ
 ഹരിച്ചീടുമോ നാകം ഭരിച്ചീടും സുരേശ്വരനും"
ചരണം3:(ദ്രുതകാലം)
"ഇനിമേലിൽ ജനിക്കുന്ന തനയനെ പരിപാലി-
 ച്ചനപായം ഭവതേ ഞാൻ തന്നില്ലായെങ്കിൽ
 അനലകുണ്ഡംതന്നിൽ മടിച്ചീടാതെ ചാടി
 ദഹിച്ചീടുവൻ ദേഹം പതിച്ചീടുവൻ സത്യം"
{സദ്ഗുണശീലാ, ഹേ ബ്രാഹ്മണശ്രേഷ്ഠാ, സന്തോഷത്തോടുകൂടി എന്റെ വാക്കുകൾ കേൾക്കുക. സ്വർഗ്ഗവാസികൾക്കും സുഖത്തെ നൽകുന്ന അർജ്ജുനനെ ഭവാന് കേട്ടറിയുകയില്ലേ? കൃഷ്ണനല്ല ഞാൻ. ബലഭദ്രനുമല്ല. വേഷ്ണിവീരന്മാരിൽ ഒരാളും അല്ല എന്ന് അങ്ങ് അറിഞ്ഞാലും. ദിവ്യാസ്ത്രധാരിയും, വിജയനും, വീരനും, ഇന്ദ്രപുത്രനും, തേജസ്വിയും, നല്ല നയശാലിയും, ദയാലുവുമായ അർജ്ജുനനാണ് ഞാൻ. അന്തകാന്തകനായ ശിവനേയും യുദ്ധത്തിൽ ജയിച്ച ഈ ഇന്ദ്രപുത്രന്റെ ശരകൂടത്തിന്റെ മുന്നിൽ അല്പം പോലും അന്തകനെ ഭയക്കണമോ? സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻകൂടി കുട്ടിയെ അപഹരിക്കുമോ? ഇനിമേലിൽ ജനിക്കുന്ന പുത്രനെ ആപത്തുകൂടാതെ രക്ഷിച്ച് അങ്ങേയ്ക്ക് തന്നില്ലായെങ്കിൽ ഒട്ടും മടിക്കാതെ ഞാൻ തീയിൽ ചാടിവീണ് ദേഹം ദഹിപ്പിക്കുന്നുണ്ട്. സത്യം.}
  
ശേഷം ആട്ടം^-
അർജ്ജുനന്റെ സത്യം കേട്ടിട്ടും സംശയം ശമിക്കാത്ത ബ്രാഹ്മണന്റെ ആഗ്രഹപ്രകാരം ധർമ്മപുത്രരുടേയും ശ്രീകൃഷ്ണന്റേയും പാദങ്ങളെക്കൊണ്ട് വീണ്ടും ഓരോ സത്യങ്ങൾ ചെയ്തുനൽകി അർജ്ജുനൻ ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നു. അർജ്ജുനൻ താൻ പറഞ്ഞപ്രകാരം കൈയ്യിലടിച്ച് സത്യം വരിക്കുന്നതോടെ ബ്രാഹ്മണൻ സന്തോഷാധിക്യത്താൽ തുള്ളിച്ചാടുകയും അർജ്ജുനനെ പുണരുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
ബ്രാഹ്മണൻ:'ഇപ്പോൾ എനിക്ക് സംശയങ്ങളെല്ലാം നീങ്ങി. ഇനി ഞാൻ പോയ് വരട്ടെയോ?'
അർജ്ജുനൻ:'സന്തോഷത്തോടുകൂടി പോയ് വന്നാലും. ഞാൻ ഇവിടെത്തന്നെ ഉണ്ടാകും'
ബ്രാഹ്മണൻ:'എന്നാൽ ഞാൻ പത്നിയുടെ ഗർഭം പൂർത്തിയാകുന്ന സമയത്ത് ഇവിടേയ്ക്ക് വരാം'
അർജ്ജുനനെ അനുഗ്രഹിച്ചശേഷം കുട്ടിയുടെ ശവവും എടുത്തുകൊണ്ട് ദുഃഖഭാവത്തോടെ ബ്രാഹ്മണൻ നിഷ്ക്രമിക്കുന്നു. ബ്രാഹ്മണനെ വണങ്ങി യാത്രയാക്കിക്കൊണ്ട് അർജ്ജുനനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[
^കലാകാരന്മാരുടെ മനോധർമ്മാനുസ്സരണം ഈ ആട്ടം വിസ്തരിച്ച് അവതരിപ്പിക്കും.]

അഭിപ്രായങ്ങളൊന്നുമില്ല: