2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

സന്താനഗോപാലം ഒന്നാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), അർജ്ജുനൻ(ഒന്നാംന്തരം പച്ചവേഷം)

ശ്ലോകം-രാഗം:സാവേരി
"പരമപുരുഷനേവം പാരിടം കാത്തശേഷം
 പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം
 സരസിജനയനം തം ദ്രഷ്ടുകാമസ്സ പാർത്ഥോ
 ഗുരുതരഭുജവീര്യഃ പ്രാപ്തവാനാത്തമോദം"
{പരമപുരുഷനായ ശ്രീകൃഷ്ണൻ ഇപ്രകാരം ലോകത്തെയെല്ലാം കാത്തുകൊണ്ട് ദ്വാരകാപുരിയിൽ വസിക്കുന്നകാലത്ത്, താമരക്കണ്ണനായ ഭഗവാനെ കാണുവാനാഗ്രഹിച്ചുകൊണ്ട് ഏറെ കരബലമുള്ളവനായ അർജ്ജുനൻ സന്തോഷത്തോടുകൂടി അവിടെ വന്നു.}

ഇടതുവശത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ചാപബാണധാരിയായി പ്രവേശിക്കുന്ന അർജ്ജുനൻ, സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ കണ്ട്, അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:സാവേരി, താളം:ചെമ്പട(രണ്ടാം കാലം)
ശ്രീകൃഷ്ണൻ:
പല്ലവി:
"ശ്രീമൻ സഖേ വിജയ ധീമൻ സകലഗുണ-
 ധാമൻ സ്വാഗതമോ സുധാമൻ"
അനുപല്ലവി:
"സോമൻ ത്രിജഗദഭിരാമൻ വണങ്ങീടും നിന്മുഖപങ്കജമിഹ
 കണ്ടതിനാലതിസുഖസംഗതസുദിനം ദിനമിതു മമ"
("ശ്രീമൻ സഖേ.......................................സുധാമൻ")
ചരണം1:
"ധീരൻ സുകൃതിജനഹീരൻ നയവിനയാധാരൻ ധർമ്മജനത്യുദാരൻ
 വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ സഹജാവപി
 സഹജാമലഗുണഗണമഹിതാ തവ ദയിതാപി ച കുരുവര"
("ശ്രീമൻ സഖേ.......................................സുധാമൻ")
{ശ്രീമാനായ സുഹൃത്തേ, ബുദ്ധിമാനും സകലഗുണസമ്പന്നനും തേജസ്വിയുമായ അർജ്ജുനാ, സൗഖ്യംതന്നെയല്ലെ? ത്രിലോകകങ്ങളേയും മോഹിപ്പിക്കുന്നവനായ ചന്ദ്രൻകൂടി വണങ്ങുന്നതായ നിന്റെ മുഖത്താമരയെ ഇവിടെ കണ്ടതിനാൽ ഏറ്റവും സുഖത്തോടുകൂടിയ ഈദിനം എനിക്ക് സുദിനമാണ്. ധീരനും സുകൃതികളായ ജനങ്ങളിൽ ശ്രേഷ്ഠനും നയവിനയാദിഗുണങ്ങൾക്ക് ഇരിപ്പിടമായുള്ളവനും മഹാദാനശീലനുമായ ധർമ്മപുത്രനും, വീരനായ ഭീമസേനനും സുഖമായി വസിക്കുന്നില്ലേ? കുരുവംശശ്രേഷ്ഠാ, അനുജന്മാരായ നകുലസഹദേവന്മാർക്കും പരിശുദ്ധഗുണങ്ങൾക്ക് ഇരിപ്പിടമായ താങ്കളുടെ പത്നിക്കും സുഖമല്ലേ?}

"ശ്രീമൻ സഖേ വിജയ" (ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടി നായർ)
["ശ്രീമൻ സഖേ വിജയ"എന്ന പദഭാഗം കലാ:നീലകണ്ഠൻ നമ്പീശനും കലാ:ഹൈദർ അലിയും ചേർന്ന് ആലപിച്ചത് ഇവിടെ ശ്രവിക്കാം]

അർജ്ജുനൻ:
ചരണം2:
"നാഥ ഭവച്ചരണദാസരാമിജ്ജനാനാമേതാകിലും വരുമോ ബാധ
 വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു
 ശരണാഗതഭരണാവഹിതം തവ കരുണാമൃതമരുണാബുജലോചന"
പല്ലവി:
"വന്ദേ ഭവല്പാദാരവിന്ദേ സതതം സുരവൃന്ദേശ ഗിരീശാദിവന്ദ്യ"
{നഥാ, ഇവിടുത്തെ പാദദാസരായ ഈ ജനങ്ങൾക്ക് എന്തെങ്കിലും സങ്കടം വരുമോ? യാതൊരാശങ്കയും കൂടാതെ എല്ലാവരും സന്തോഷത്തോടുകൂടി വസിക്കുന്നു. ചെന്താമരക്കണ്ണാ, ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധമാണല്ലോ അങ്ങയുടെ കാരുണ്യാമൃതം. ദേവേന്ദ്രൻ, ശ്രീപരമേശ്വരൻ ആദിയായവരാലും വന്ദിക്കപ്പെടുന്നവനേ, അങ്ങയുടെ പാദാരവിന്ദത്തിൽ ഞാൻ വന്ദിക്കുന്നു.}

"നാഥ ഭവച്ചരണദാസരാമിജ്ജനാനാ..." (ശ്രീകൃഷ്ണൻ-കലാ:അരുൺ, അർജ്ജുനൻ-കലാനി:വിനോദ്)
ശ്രീകൃഷ്ണൻ:
ചരണം3:
"കുരുക്കളുടെമകുടേ സ്ഫുരിക്കുംരത്നമേ നീയിഹവസിക്ക ചിരമെന്നൊടുകൂടെ രമിക്ക
 ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലവിന്ദുപോലെ
 വിലസുന്നൊരു നരജന്മനി നല്ലൊരു സുഖമെന്നതു സുഹൃദാ സഹ മരുവുക"
{കുരുവംശത്തിന്റെ കിരീടത്തിൽ ശോഭിക്കുന്ന രത്നമേ, കുറച്ചുകാലം എന്റെകൂടെ സുഖമായി വസിച്ചാലും. ചലിക്കുന്ന താമരദളത്തിന്റെ നടുവിൽ ശോഭിക്കുന്ന വെള്ളത്തുള്ളിപോലെയുള്ളതായ ഈ മനുഷ്യജന്മത്തിൽ സുഖം എന്നത് സുഹൃത്തുക്കളോടുള്ള സഹവാസം മാത്രമാണ്.}

ശേഷം ആട്ടം-
പദം കലാശിപ്പിച്ച് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിട്ടശേഷം അർജ്ജുനൻ വണങ്ങി നിൽക്കുന്നു. ശ്രീകൃഷ്ണൻ അനുഗ്രഹിക്കുന്നു.
അർജ്ജുനൻ:'അല്ലയോ ലോകനാഥനായ ശ്രീകൃഷ്ണാ, അവിടുന്ന് ഓരോരോകാലത്ത് ഓരോരോ വേഷം ധരിച്ച് അവതരിച്ച് ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള അവിടുത്തെ ആശ്രിതനായത് എന്റെ ഭാഗ്യം. അങ്ങയെ കണ്ടുവന്ദിക്കുവാനായി വളരെ നാളുകളായി ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്നുമാത്രമെ അത് സാദ്ധ്യമായുള്ളു.'
ശ്രീകൃഷ്ണൻ:'ഞാനും നിന്നെ കാണുവാനായി ആഗ്രഹിച്ച് വസിക്കുകയായിരുന്നു. ഇന്ന് കണ്ടതിനാൽ വളരെ സന്തോഷമായി. ഇനി നീ കുറച്ചുകാലം എന്റെകൂടെ ഇവിടെ വസിച്ചാലും.'
അർജ്ജുനൻ:'അവിടുത്തെ കല്പനപോലെ'
കൃഷ്ണനെ വീണ്ടും വണങ്ങിയിട്ട് അർജ്ജുനൻ ശ്രീകൃഷ്ണസമീപം വില്ലുകുത്തിപ്പിടിച്ച് നിൽക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: