2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

സന്താനഗോപാലം പത്താം രംഗം

രംഗത്ത്-മഹാവിഷ്ണു(കുട്ടിത്തരം പച്ചവേഷം), ലക്ഷ്മീദേവി(മുടിവെച്ച കുട്ടിത്തരം സ്ത്രീവേഷം), ഭൂദേവി(കുട്ടിത്തരം സത്രീവേഷം), ബ്രാഹ്മണബാലന്മാർ(മിനുക്ക്/ലോകധർമ്മി വേഷങ്ങൾ), ശ്രീകൃഷ്ണൻ, അർജ്ജുനൻ

ശ്ലോകം-രാഗം:ശങ്കരാഭരണം
"മാർത്താണ്ഡപ്രതിമാഭപൂണ്ടരിരഥസ്യാഗ്രേ നടന്നൂ ജവാൽ
 പ്രീത്യാ ദാരുകനും തെളിച്ചു വിരവോടോടിച്ചു തേരഞ്ജസാ
 നിത്യാനന്ദചിദാസ്പദം ച ഭുവനം കാണായി കൗതൂഹലാൽ
 ദൈത്യാരാതി സുരാധിനാഥ സുതനോടിത്യഹ ബദ്ധാദരം"
{സൂര്യതുല്യം പ്രഭ പരത്തിക്കൊണ്ട് സുദർശനം രഥത്തിനുമുന്നിൽ വേഗത്തിൽ നടന്നു. വഴി തെളിഞ്ഞുകണ്ടപ്പോൾ സന്തോഷത്തോടെ ദാരുകൻ പെട്ടന്ന് തേർ ഓടിച്ചു. നിത്യാനന്ദനും പരമാത്മാവുമായ വിഷ്ണുവിന്റെ ലോകം മുന്നിൽ കണ്ടപ്പോൾ സന്തോഷത്തോടുകൂടി ശ്രീകൃഷ്ണൻ അർജ്ജുനനോട് സാദരം പറഞ്ഞു.}

ഇവിടെ ഇതിനെ തുടർന്ന് വിഷ്ണുലോകം അർജ്ജുനന് കാട്ടിക്കൊടുത്തുകൊണ്ട് ശ്രീകൃഷ്ണന്റെ ഒരു പദം ഉണ്ട്. എന്നാൽ അത് സാധാരണയായി അവതരിപ്പിക്കുക പതിവില്ല. തുടർന്ന് ദണ്ഡകം ആലപിക്കുകയാണ് പതിവ്.

ദണ്ഡകം-
"ദൂരാലുടൻ കനകതേരീന്നിറങ്ങി
 നരനാരായണൗ നടതുടർന്നു‌--
 ധൃതി ഹൃദി വളർന്നു-- സ്തിമിതമഥ നിന്നു--
 തരളതര മണിനികരകിരണപടലികൾ വിലസു-
 മൊരു ഭുവനമതിലഥ കടന്നു"

"സർപ്പാധിരാജമണിതല്പേ നിഷണ്ണമതിചില്പുരുഷം കമലനാഭം
 അവനികമലാഭ്യാം-- അതിലസിതപാർശ്വം--
 നിത്യജനതതിവസതിദത്തഭരരുചിതര--
 ചിത്രമണിപത്തനമവാപ്തൗ"
{കനകമയമായ തേർ ദൂരെ നിർത്തി ഉടനെ നരനാരായണന്മാരായ കൃഷ്ണാർജ്ജുനന്മാർ നടന്നു. മനസ്സിൽ കൗതുകം വളർന്നു. കടൽക്കരയിൽ നിന്നു. പിന്നെ ഏറ്റവും ലോലമായ രത്നങ്ങളുടെ ശോഭയാൽ വിളങ്ങുന്നതായ ഒരു ലോകത്തിലേയ്ക്ക് കടന്നു. ചിരംജീവികൾ വസിക്കുന്നതും, തിളങ്ങുന്നതും, അത്ഭുതകരവുമായ മണിസൗധത്തിൽ സർപ്പരാജനാകുന്ന മണിശയനത്തിൽ ഇരിക്കുന്ന ചിത്പുരുഷനായ പത്മനാഭനേയും വശങ്ങളിലായി ഇരിക്കുന്ന ലക്ഷ്മീദേവിയേയും ഭൂമീദേവിയേയും കണ്ടു.}

രംഗമദ്ധ്യത്തിലായി മഹാവിഷ്ണുവും ഇടത്തും വലത്തുമായി ഭൂമീദേവിയും ലക്ഷ്മീദേവിയും പീഠങ്ങളിലും, മുന്നിൽ താഴെയായി ബ്രാഹ്മണബാലന്മാരും ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിച്ചുകൊണ്ട് പ്രവേശിക്കുന്നു.

കൃഷ്ണാർജ്ജുനന്മാരുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(മൂന്നാം കാലം)
അർജ്ജുനൻ:
പല്ലവി:
"ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ"
ചരണം:1
"അക്ഷീണഗുണകരുണാംബുധേ ലോകരക്ഷണൈകദക്ഷ ദാസ-
 രക്ഷകലസൽകടാക്ഷ രക്ഷ രക്ഷ മോദാക്ഷയയൗവന
 ഭിക്ഷു സേവ്യ പക്ഷിവര്യവാഹന വരദ ദുരിതഹരചരിത
 ചരണജിതകമല വിമലമണിസദന കദനവിരഹിത"
{ലക്ഷ്മീപതേ, ജയിച്ചാലും. ലക്ഷ്മീപതേ, ജയിച്ചാലും. ക്ഷീണമില്ലാത്ത ഗുണത്തിന്റേയും കരുണയുടേയും സമുദ്രമായുള്ളവനേ, ലോകത്തെ രക്ഷിക്കുവാൻ കഴിവുള്ളവനേ, ദാസരെ രക്ഷിക്കുന്നവനേ, കുറയാത്ത സന്തോഷത്തോടും യൗവനത്തോടും കൂടിയവനേ, മഹർഷിമാരാൽ സേവിക്കപ്പെടുന്നവനേ, പക്ഷിശ്രേഷ്ഠൻ വാഹനമായുള്ളവനേ, വരങ്ങൾ നൽകുന്നവനേ, ദുരിതങ്ങളെ നശിപ്പിക്കുന്നതായ ചരിത്രത്തോടുകൂടിയവനേ, താമരയെ ജയിക്കുന്നതായ ചരണങ്ങളോടുകൂടിയവനേ, നിർമ്മലവും ദുഃഖരഹിതവും രത്നമയവുമായ ഗൃഹത്തിൽ വസിക്കുന്നവനേ, കടാക്ഷത്താൽ രക്ഷിച്ചാലും, രക്ഷിച്ചാലും.}

"ലക്ഷ്മീജാനേ ജയ ജയ ലക്ഷ്മീജാനേ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
കൃഷ്ണാർജ്ജുനന്മാർ പദം കലാശിപ്പിക്കുന്നതോടെ മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

മഹാവിഷ്ണുവിന്റെ പദം-രാഗം:മലഹരി, താളം:അടന്ത
പല്ലവി:
"വത്സ കേശവ വത്സ പാണ്ഡവ
 സരസമന്തികേവന്നു തരുവൻ പരിരംഭണം"
ചരണം1:
"പരമപാവനശീലന്മാരേ പെരികെകാലമായി ഞാൻ
 കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ"
{വത്സാ, കേശവാ, വത്സാ, പാണ്ഡവാ, രസമായി അരുകിൽ വന്ന് ആലിംഗനം തരുന്നുണ്ട്. പരമവും പാവനവുമായ ശീലങ്ങളോടുകൂടിയവരേ, സുന്ദരശരീരന്മാരേ, വളരെക്കാലമായി ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.}

"കാണ്മാനാഗ്രഹിക്കുന്നു സുരുചിരകളേബരന്മാരേ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
 പദാഭിനയം കഴിഞ്ഞ് മഹാവിഷ്ണു കൃഷ്ണാർജ്ജുനന്മാരെ അരുകിൽ വിളിച്ച് ആലിംഗനം ചെയ്യുകയും ശ്രീകൃഷ്ണന് അർത്ഥാസനം നൽകി ഇരുത്തുകയും ചെയ്യുന്നു. തുടർന്ന് കൃഷ്ണാർജ്ജുനന്മാർ പദം അഭിനയിക്കുന്നു.

പദം-രാഗം:മോഹനം, താളം:ചെമ്പട
കൃഷ്ണാർജ്ജുനന്മാർ:
പല്ലവി:
"ആനന്ദമൂർത്തേ വന്ദേ വന്ദേ
 നൂനം തവ ദർശനേന ജനനമയി സഫലമായി"
{ആനന്ദമൂർത്തേ, വന്ദനം, വന്ദനം. അങ്ങയുടെ ദർശനത്താൽ എന്റെ ജന്മം തീർച്ചയായും സഫലമായി.}

"ആനന്ദമൂർത്തേ വന്ദേ"(ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, ശ്രീകൃഷ്ണൻ-കലാ:ഗോപി, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
 മഹാവിഷ്ണു:
ചരണം1:
"നിങ്ങളിങ്ങരികത്തു വരുവാൻതന്നെ വിപ്ര-
 പുംഗവശിശുക്കളെ മോദാൽ
 ഇങ്ങുകൊണ്ടുപോന്നു ഞാൻ കണ്ടാലും കുമാരകം
 സംഗതക്രമമൃത്യുഭേദം"
{നിങ്ങളിങ്ങ് അരുകിൽ വരുവാനായിത്തന്നെയാണ് ബ്രാഹ്മണശ്രേഷ്ഠന്റെ ശിശുക്കളെ സന്തോഷത്തോടുകൂടി ഞാൻ ഇങ്ങുകൊണ്ടുപോന്നത്. ക്രമേണ മരണാവസ്ഥയെ പ്രാപിച്ച കുമാരകന്മാരെ കണ്ടാലും.}

കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടായി പദം അഭിനയിക്കുന്നു.

പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ

കൃഷ്ണാർജ്ജുനന്മാർ:
ചരണം1:
"വന്നാലുമുണ്ണികളേ വന്നാലും മോദാൽ
 നിങ്ങളുടെ ജനനിയും മംഗലാത്മാവാം താതനും
 നിങ്ങളെക്കാണാഞ്ഞധികം സന്താപം തേടുന്നു
 ഞങ്ങളോടുകൂടവേ പോന്നവരെക്കണ്ടകമേ
 തിങ്ങും താപം തീർത്തീടുവിൻ പുണ്യശീലന്മാരേ"
{പ്രീയപ്പെട്ട ഉണ്ണികളേ, സന്തോഷത്തോടെ വന്നാലും. നിങ്ങളുടെ അമ്മയും പുണ്യാത്മാവായ അച്ഛനും നിങ്ങളെ കാണാഞ്ഞ് ഏറെ ദു:ഖിക്കുന്നു. പുണ്യശീലന്മാരേ, ഞങ്ങളുടെകൂടെ പോന്ന് അവരെ കണ്ട് അവരുടെ ഉള്ളിൽ തിങ്ങുന്ന ദുഃഖം തീർത്താലും.}

ബ്രാഹ്മണബാലന്മാർ:
ചരണം2:
"പോരുന്നില്ല ഞങ്ങളെങ്ങും പോയാലും നിങ്ങൾ
 പെറ്റമ്മയിതല്ലോ ഞങ്ങൾക്കുറ്റപിതാവേഷനാഥൻ
 ചിറ്റമ്മയിതല്ലോ കാൺക ചിന്തിതാർത്ഥം ധാത്രിയിൽ
 മറ്റെങ്ങുമേ പോയാൽ ഞങ്ങൾ പറ്റുകയില്ലിതുപോലെ
 ചെറ്റുമില്ല പോന്നീടുവൻ ശ്രദ്ധ ധൂർത്തന്മാരേ"
{ഞങ്ങൾ എങ്ങോട്ടും പോരുന്നില്ല. നിങ്ങൾ പോയാലും. പെറ്റമ്മ ഈ ലക്ഷ്മീദേവിയാണ്. ഞങ്ങൾക്ക് ലോകനാഥനായ വിഷ്ണുവാണ് പിതാവ്. ചിറ്റമ്മയാണ് ഭൂദേവി, കണ്ടാലും. ലോകത്തിൽ മറ്റെങ്ങുംതന്നെ പോയാൽ ഞങ്ങൾക്ക് ഇതുപോലെ പറ്റുകയില്ല. വിവേകമില്ലാത്തവരേ, പോരുന്നതിന് ഒട്ടും താൽപ്പര്യമില്ല.}

മഹാവിഷ്ണു:
ചരണം3:
"ഓമലുണ്ണികളേ, നിങ്ങൾ വാമഭാവം തേടീടാതെ
 ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ ഭൂമൗ
 പാർത്താനന്ദസൗഖ്യഭൂമാവോടും വാണു പിന്നെ
 സാമോദമെന്നരികത്തു വന്നിഹ വാണീടാം"
പല്ലവി:
"പ്രീത്യാ വിപ്രപുത്രന്മാരെ പത്തും വാങ്ങിക്കൊൾക
 കൃഷ്ണാർജ്ജുനന്മാരെ നിങ്ങൾക്കനിശം സംഭവമതു മംഗളം"
{പ്രീയപ്പെട്ട ഉണ്ണികളേ, നിങ്ങൾ പ്രതികൂലഭാവം കാട്ടാതെ ശ്രീകൃഷ്ണനോടുകൂടി പോയാലും. ഭൂമിയിൽ ആനന്ദത്തോടെയും സുഖത്തോടെയും ബ്രാഹ്മണനോടുകൂടി വസിച്ചിട്ട് പിന്നെ നിങ്ങൾക്ക് സന്തോഷത്തോടുകൂടി എന്റെ അരികത്തുവന്ന് വസിച്ചീടാം. കൃഷ്ണാർജ്ജുനന്മാരേ, ബ്രാഹ്മണപുത്രന്മാരെ പത്തുപേരേയും പ്രീതിയോടെ വാങ്ങിക്കൊള്ളുക. നിങ്ങൾക്കിനി മംഗളം ഭവിക്കും.}

"ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ" (ലക്ഷ്മീദേവി-കലാ:അരുൺ വാര്യർ, മഹാവിഷ്ണു-കലാ:ബാലസുബ്രഹ്മണ്യൻ, ഭൂദേവി-കലാ:ശുചീന്ദ്രൻ, ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
ശേഷം ആട്ടം-
മഹാവിഷ്ണു കുട്ടികളെയെല്ലാം കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനേയും ശ്രീദേവിഭൂദേവിമാരേയും വണങ്ങി കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടൊപ്പം സന്തോഷത്തോടുകൂടി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: