2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ദക്ഷയാഗം പുറപ്പാട്

രംഗത്ത്-ദക്ഷൻ(കുട്ടിത്തരം പച്ചവേഷം), വേദവല്ലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“അംഭോജാസനനന്ദന സ്സുരജനൈർജ്ജംഭാരിമുഖ്യൈസ്സദാ
 സംഭാവ്യസ്സുകൃതീ കൃതി ശ്വശൂരതാം ശംഭോരിഹ പ്രാപ്തവാൻ
 ദക്ഷോ നാമ പുരാ കിലാഖിലകലാദക്ഷ പ്രജാനാം പതിർ-
 ല്ലക്ഷ്മീശാഭിമതോ ഗുണൈരനുപമൈരാസീദസീമദ്യുതിഃ”
{ബ്രഹ്മപുത്രനും ഇന്ദ്രാദികളായ സുരജനങ്ങളാൽ ബഹുമാനിക്കപ്പെടുന്നവനും സുകൃതിയും പണ്ഡിതനും ശംഭുവിന്റെ ഭാര്യാപിതാവെന്ന പദവി ലഭിച്ചവനും സകലകലാനിപുണനും അനുപമമായ ഗുണങ്ങളാൽ ലക്ഷ്മീശനുപോലും അഭിമതനും അതിരുറ്റ കാന്തിയോടുകൂടിയവും ദക്ഷനെന്നു നാമമുള്ളവനുമായ പ്രജാപതി പണ്ട് ഉണ്ടായിരുന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“ഭാഗധേയവാരിരാശി ഭാസുരശരീരൻ
 യോഗമാർഗ്ഗവിശാരദൻ യോഗശാലിവീരൻ
 സാധുലോകചിന്താമണി ചാരുതരശീലൻ
 ബാധിതവിരോധിജാലൻ ബന്ധുജനപാലൻ
 ധർമ്മകർമ്മപരായണൻ താപസമാനിതൻ
 നിർമ്മലമാനസനവൻ നീതിമാൻ വിനീതൻ
 വേദശാസ്ത്രാദികോവിന്ദൻ വേദവല്ലീജാനി
 മേദുരകല്യാണം വാണു മോദമോടു മാനി”
{ഭാഗ്യസമുദ്രവും സുന്ദരനും യോഗമാർഗ്ഗവിശാരദനും യോഗശാലിയും വീരനും സാധുജനങ്ങൾക്ക് അഭീഷ്ടദായിയായ രത്നത്തിനുസമാനനും സുശീലനും ശത്രുവിജയിയും ബന്ധുജനങ്ങളെ പാലിക്കുന്നവനും ധർമ്മകർമ്മനിഷ്ഠനും താപസന്മാരാൽ ബഹുമാനിക്കപ്പെടുന്നവനും പരിശുദ്ധമാനസനും നീതിമാനും വിനീതനും വേദശാസ്ത്രാദികളിൽ പണ്ഡിതനും വേദവല്ലീവല്ലഭനും അഭിമാനിയുമായ ആ ദക്ഷപ്രജാപതി സർവ്വമംഗളങ്ങളോടുംകൂടി മോദത്തോടെ വസിച്ചു.}

 -----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: