2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ദക്ഷയാഗം ഒന്നാംരംഗം

രംഗത്ത്-ദക്ഷൻ(ആദ്യാവസാന പച്ചവേഷം), വേദവല്ലി(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി

“ശ്യാമാം സോമാഭിരാമദ്യുതിമുഖലസിതാം ഹാരതാരാതിരമ്യാം
 കാമോല്ലാസാനുകൂലാം കുവലയബഹളാമോദ സൌഭാഗ്യദാത്രിം
 ശ്രീമാനാലോക്യ ദക്ഷസ്സരസമുപഗതാമേകദാ ജാതരാഗ
 പ്രേമാനന്ദാകുലാത്മാ പ്രഹസിതവദനാം പ്രേയസിം വ്യാജഹാര”
{ഒരിക്കൽ യൌവനയുക്തയും ചന്ദ്രസമാനം മനോഹരകാന്തിയെഴുന്ന മുഖത്തോടുകൂടിയവളും നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്ന 27മുത്തുകൾ കൊണ്ടുള്ള മാലയണിഞ്ഞ് മനോഹാരിണിയായവളും കാമോലാസത്തിന് അനുകൂലയായവളും കരിംങ്കൂവളപ്പൂക്കളുടെ സൌരഭ്യം പരത്തുന്നവളും ഭൂമണ്ഡലത്തിനുമുഴുവൻ ആമോദവും സൌഭാഗ്യവും പ്രദാനം ചെയ്യുന്നവളും മന്ദഹാസത്തോടെ അരികിലണഞ്ഞവളുമായ പ്രേയസിയെ കണ്ടിട്ടുണ്ടായ പ്രേമാനന്ദാതിരേകത്താൽ ശ്രീ‍മാനായ ദക്ഷൻ ഇപ്രകാരം പറഞ്ഞു.}

വേദവല്ലിയെ ആലിംഗനം ചെയ്തുകൊണ്ട് പതിഞ്ഞ‘കിടതകധിം,താം’മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ദക്ഷൻ സാവധാനം മുന്നോട്ടുവന്ന് മേളാവസാനത്തോടെ വേദവല്ലിയെ ഇടത്തുവശത്തേയ്ക്കു നിർത്തി നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ദക്ഷന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പൂന്തേൻ‌വാണീ ശൃണു മമ വാണീ
 പൂവണി ഘനവേണീ
^
അനുപല്ലവി:
“കാന്തേ സമയമഹോ രമണീയം
 കനിവൊടു വിലസുന്നൂ രജനീയം”
ചരണം1:
“കണ്ടാലും ശശിബിംബമുദാരം
 കണ്ഠേകാള ജടാലംകാരം
 തണ്ടാർബാണമഹോത്സവദീപം
 തരുണി നിരാകൃതതിമിരാടോപം”
ചരണം2:
“കാമോദീപനകാരണരൂപേ
 കാമിനീ നീ മമ വരിക സമീപേ
 സാമോദം മധുരാധരമയി തേ
 സാമജഗാമിനി തരിക മേ ദയിതേ”
{പൂന്തേൻ‌വാണീ, പൂക്കളണിഞ്ഞ തഴച്ചമുടിയോടുകൂടിയവളേ, എന്റെ വാക്കു കേൾക്കു. കാന്തേ, ഹോ! ഈ സമയം വളരെ മനോഹരമായിരിക്കുന്നു. ഈ രാത്രി നമ്മളിൽ ദയയോടുകൂടി വിലസുന്നു. തരുണീ, നീലകണ്ഠന്റെ ജടാലങ്കാരവും കാമമഹോത്സവത്തിന് ദീപവും, ഇരുളിന്റെ ഗർവ്വിനെ ശമിപ്പിക്കുന്നതുമായ ചന്ദ്രബിംബം തെളിഞ്ഞുകണ്ടാലും. കാമോദീപനത്തിന് കാരണമായുള്ള രൂപത്തോടുകൂടിയവളേ, കാമിനീ, നീ എന്റെ സമീപത്തിൽ വരിക. ഗജഗാമിനീ, ദയിതേ, മോദത്തോടുകൂടി നിന്റെ മധുരാധരത്തെ എനിക്ക് തരിക.}

“പൂന്തേൻ‌വാണീ”(ദക്ഷൻ-കലാ:ബാലസുബ്രഹ്മണ്യൻ, വേദവല്ലി-കോട്ട:സി.എം.ഉണ്ണികൃഷ്ണൻ)
[^പല്ലവി കഴിഞ്ഞാല്‍ കലാശത്തിനുവട്ടംതട്ടി, വേദവല്ലിയുടെ തലമുടി നോക്കിക്കണ്ട്,  ‘ഹൊ! ഇവളുടെ തലമുടി എറ്റവും കാന്തിയെഴുന്നതുതന്നെ’ എന്നുകാട്ടി വട്ടംവെച്ചു കലാശമെടുക്കുന്നു.]


വേദവല്ലിയുടെ മറുപടിപ്പദം-രാഗം:നീലാമ്പരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“സന്തോഷം തേ മനതാരിൽ സാദരം ചെയ്‌വതിനല്ലോ
 സന്തതം ഞാൻ വാഞ്ചിക്കുന്നു ചാരുമൂർത്തേ കാന്ത”
ചരണം2:
“ഭർത്തൃപാദസേവയല്ലോ പത്നിമാർക്കു പരം ധർമ്മം
 അത്ര നിന്റെ ആജ്ഞ കേൾപ്പാൻ ആസ്ഥയാ വാഴുന്നേൻ”
ചരണം3:
“കാമുകമുഖേന്ദു കണ്ടാൽ കാമിനി ചകോരിയിങ്ങു
 താമസിച്ചു നിന്നീടുമോ താമരസനേത്ര”
{സുന്ദരശരീരാ, കാന്താ, അങ്ങയുടെ മനസ്സിൽ സന്തോഷമുണ്ടാക്കുവാനാണല്ലോ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. ഭർത്തൃപാദസേവയാണല്ലോ പത്നിമാർക്കു് ഉത്തമമായ ധർമ്മം. ഇവിടെ നിന്റെ ആജ്ഞ കേൾക്കാൻ ആഗ്രത്തോടെ വസിക്കുന്നു. താമരക്കണ്ണാ, കാമുകന്റെ മുഖമാകുന്ന ചന്ദ്രനെക്കണ്ടാൽ കാമിനിയാകുന്ന ചകോരി മടിച്ചുനിൽക്കുമോ?}

ശേഷം ആട്ടം-
ദക്ഷൻ:
(പത്നിയുടെ മുഖഭംഗി നോക്കി നടിച്ചിട്ട്) ‘^പ്രിയേ, ഭവതിയുടെ മുഖശോഭ പൂർണ്ണചന്ദ്രനേയും ജയിക്കുന്നതാണ്. അതിന്റെ കാരണം പറയാം. ബ്രഹ്മാവ് ഭവതിയുടെ മുഖം പോലെ ശോഭയുള്ള ചന്ദ്രനെ സൃഷ്ടിക്കണം എന്നുവിചാരിച്ച് സൃഷ്ടികർമ്മം ആരംഭിച്ചു. ആ സമയത്ത് ചന്ദ്രകിരണമേറ്റ് ബ്രഹ്മദേവൻ ഇരിക്കുന്ന താമര കൂമ്പിപ്പോയി. താമരയ്ക്കുള്ളിലകപ്പെട്ട ബ്രഹ്മാവ് സൃഷ്ടിവേല പകുതിൽ ഉപേക്ഷിച്ചു. അതിനാൽ ചന്ദ്രബിംബത്തിനുപോലും ഭവതിയുടെ മുഖത്തിന്റേതുപോലെ ശോഭ ലഭിച്ചില്ല. അങ്ങിനെയുള്ള ഭവതിയെ പത്നിയായി ലഭിച്ചത് എന്റെ ഭാഗ്യംതന്നെ.’ (ചുറ്റും വീക്ഷിച്ചിട്ട്) ‘താരഹാരാദികളാൽ മനോഹരമായ ഈ രാത്രിയും ഭവതിയേപ്പോലെ സുന്ദരിയായിരിക്കുന്നു.’ (സൌരഭ്യമേറ്റതായി നടിച്ചിട്ട്) ‘നമ്മുടെ ഉദ്യാനത്തിൽ നിന്ന് പൂക്കളുടെ സൌരഭ്യത്തോടുകൂടിയ മന്ദമാരുതൻ വരുന്നു. ഇനി നമുക്ക് അന്തപ്പുരത്തിലേയ്ക്ക് പോവുകയല്ലെ?’
വേദവല്ലിയുടെ അനുസരണകേട്ട് അവളെ ആലിംഗനം ചെയ്തുകൊണ്ട് പതുക്കെ പിന്നിലേയ്ക്കുമാറിത്തിരിഞ്ഞ് ഇരുവരും നിഷ്ക്രമിക്കുന്നു.

 -----(തിരശ്ശീല)-----

[
^ദക്ഷന്റെ പതിഞ്ഞപദത്തിലെതന്നെ “പനിമതിബിംബ മുഖസമമിഹ തേ
                                                        പണിതുടരുമ്പോളംശു മുകുളി തേ
                                                        വനജേ ദുസ്തിതനാം വിധി നൂനം
                                                        മതിയാക്കീ ബത ശില്പവിധാനം” എന്ന രണ്ടാം ചരണത്തെ(ഈ ചരണം സാധാരണയായി രംഗത്ത് ചൊല്ലിയാടാറില്ല) അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് ഈ ആ‍ട്ടം. ഇതിനു പകരമായി താഴെക്കാണുന്ന ശ്ലോകങ്ങളുടെ സാരവും ഈ ഭാഗത്ത് ആടാറുണ്ട്.
1.
“അസ്യഃ കചാനാം ശിഖിനശ്ച മന്യേ
 വിധിം കലാപൌ വിമതേരഗാതാം
 തേനായ മേഭിഃ കിമപൂജിപുഷ്പൈ
 രഭത്സിദത്വാ സകിമർധചന്ദ്രഃ”
2.
“അഭിലഷസി യദീന്ദോ വക്ത്രലക്ഷീം മൃഗാക്ഷ്യാഃ
 പുനരപി സകൃദബ്ധൌ മജ്ജ സംക്ഷാളയാങ്കം
 സുവിമലമഥ ബിംബം പാരിജാതപ്രസ്ത്രനൈഃ
 സുരഭയ വദനോചേൽ ത്വം ക്വ തസ്യാ മുഖം ക്വ”
{അല്ലയോ ചന്ദ്രാ, മൃഗാക്ഷിയായ ഇവളുടെ മുഖശോഭയെ നീ ആഗ്രഹിക്കുന്നുവോ? എങ്കിൽ നീ ഒന്നുകൂടി സമുദ്രസ്നാനം ചെയ്തിട്ട് നിന്റെ കളങ്കത്തെ വഴിപോലെ തേച്ചുകളഞ്ഞാലും. പിന്നെ നിർമ്മലമായ നിന്റെ ബിംബത്തിനുമേൽ പാരിജാതപുഷ്പങ്ങളെ കൊണ്ട് സൌരഭ്യത്തെ ചേർത്താലും. പറയൂ, ഇതൊക്കെ ചെയ്യാഞ്ഞാൽ പിന്നെ നീ എവിടെ? ഇവളുടെ മുഖം എവിടെ?}

അഭിപ്രായങ്ങളൊന്നുമില്ല: