2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ദക്ഷയാഗം രണ്ടാംരംഗം

രംഗത്ത്-ദക്ഷൻ, വേദവല്ലി

ശ്ലോകം-രാഗം:കല്യാണി

“യമിനാം പ്രവരഃകദാപി പുണ്യാം
 യമുനാം സ്സാതുമനാഗതപ്രഭാതേ
 അമനാക്കമനീയതാന്തദീയം
 പ്രമനാ വീക്ഷ്യ സവിസ്മയം ജഗാഹേ”
{ഒരിക്കൽ ഒരു പ്രഭാതത്തിൽ ആ യോഗിവര്യനായ ദക്ഷൻ പുണ്യനദിയായ യമുനയിൽ സ്നാനം ചെയ്യുവാനായി പോയി. അപ്പോൾ ആ നദിയുടെ അളവുറ്റ അഴകുകണ്ട് അദ്ദേഹം വിസ്മയാധീനനായി.}

ഇടംകൈകൊണ്ട് വേദവല്ലിയുടെകരം കോർത്തുപിടിച്ചുകൊണ്ട് ‘കിടതകധിം,താം’മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ദക്ഷൻ പതുക്കെ  മുന്നോട്ടുവന്ന് വേദവല്ലിയെ ഇടത്തുവശത്തേയ്ക്കു നിർത്തിയിട്ട് കാളിന്ദീനദിയെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ദക്ഷന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കണ്ണിണയ്ക്കാനന്ദം നൽകീടുന്നു പാരം
 കാളിന്ദീനദി സാമ്പ്രതം”
അനുപല്ലവി:
“എണ്ണമറ്റുള്ള നല്ലോരേതൽ ഗുണങ്ങളെല്ലാം
 വർണ്ണിപ്പാനാവതല്ല കുണ്ഡലീശനുപോലും”
(“കണ്ണിണയ്ക്കാനന്ദം...........................സാമ്പ്രതം”)
ചരണം1:
“ഞാനെന്നുടലിലഭിമാനം വെടിഞ്ഞു പര-
 മാനന്ദാകാരപൂർണ്ണമാനസന്മാർ
 നാനാ മുനികൾ വന്നു സ്നാനവും ചെയ്തു ചെമ്മെ
 ധ്യാനം പൂണ്ടിഹ തീരകാനനേ വാഴുന്നഹോ”
(“കണ്ണിണയ്ക്കാനന്ദം...........................സാമ്പ്രതം”)
ചരണം2:
“നളിനങ്ങളളിവൃന്ദമിളിതങ്ങൾ കാന്തമാർതൻ
 അളകാഞ്ചിതാസ്യങ്ങൾപോൽ വിളങ്ങീടുന്നു
 പുളിനങ്ങൾതന്നിൽ നല്ല കളഹംസലീല കണ്ടു
 കളിയല്ലേ മനതാരിൽ വളരുന്നു പരിതോഷം”
(“കണ്ണിണയ്ക്കാനന്ദം...........................സാമ്പ്രതം”)
ചരണം3:
“ശരദിന്ദുകാന്തികോലും വരകംബുമണിയൊന്നു
 അരവിന്ദപത്രന്തന്നിൽ മരുവീടുന്നു
 പരമിന്നിതിനെക്കണ്ടു പെരുകുന്നു കൌതൂഹലം
 വിരവോടിതിനെയിപ്പോൾ കരഗതമാക്കീടുവൻ”
(“കണ്ണിണയ്ക്കാനന്ദം...........................സാമ്പ്രതം”)
{ഇപ്പോൾ ഈ കാളിന്ദീനദി കണ്ണിണകൾക്ക് ഏറ്റവും ആനന്ദം നൽകുന്നു. ഇതിന്റെ എണ്ണമറ്റ സത്ഗുണങ്ങൾ മുഴുവനായി വർണ്ണിക്കുവാൻ അനന്തനുപോലും ആവില്ല. ഹോ! ‘ഞാൻ’ എന്ന കേവലാഭിമാനം വെടിഞ്ഞ് പരമാനന്ദസ്വരൂപം നിറഞ്ഞ മനസ്സുള്ളവരായ പല മഹർഷിമാരും വന്ന് ഇതിൽ സ്നാനം ചെയ്തിട്ട് വിധിപോലെ ധ്യാനം ചെയ്തുകൊണ്ട് തീരത്തുള്ള കാനനത്തിൽ വാഴുന്നു. വണ്ടിൻ‌ചാർത്തോടുകൂടിയ താമരപ്പൂക്കൾ, കുറുനിരയോടുകൂടിയ സുന്ദരിമാരുടെ മുഖങ്ങൾ എന്നപോലെ വിളങ്ങുന്നു. മണൽതിട്ടകളിൽ മനോഹരങ്ങളായ കളഹംസങ്ങളുടെ കളികണ്ടിട്ട് മനസ്സിൽ സന്തോഷം വളരുന്നു, കളിയല്ല. ശരത്കാലചന്ദ്രന്റെ കാന്തിയുള്ള വിശിഷ്ടമായ ഒരു ശംഖ് താമരയിലയിൽ ഇരിക്കുന്നു. ഇന്ന് അതിനെ കണ്ടിട്ട് കൌതുകം ഏറ്റവും വളരുന്നു. ഇതിനെ ഇപ്പോൾത്തന്നെ കൈക്കലാക്കുന്നുണ്ട്.}

“പുളിനങ്ങൾതന്നിൽ നല്ല കളഹംസലീല കണ്ടു“(ദക്ഷൻ-കലാ:ഗോപി, വേദവല്ലി-കലാ:ഷണ്മുഖൻ)
ശ്ലോകം^-രാഗം:നവരസം
“പങ്കം പോക്കുന്ന കാളിന്ദിയിൽ മുഴുകി മുദാ പത്മപത്രേ വിളങ്ങും
 ശംഖം തൻ കയ്യിലാക്കുന്നളവിലതുമഹോ കന്യകാരത്നമായീ
 ശങ്കിച്ചു ശങ്കരസ്യപ്രണയിനി മകളായ്‌വന്നു ഭാഗ്യാലെനിക്കെ-
 ന്നങ്കേ ചേർത്തിട്ടു പത്ന്യാഃ പ്രണയപരവശൻ ദക്ഷനിത്ഥം ബഭാഷേ”
{പാപം പോക്കുന്ന കാളിന്ദിയിൽ മുങ്ങിച്ചെന്ന് താമരയിലയിൽ വിളങ്ങുന്ന ശംഖ് സസന്തോഷം കൈയ്യിലാക്കിയ സമയത്ത്, ഹോ! അതൊരു കന്യകാരത്നമായിത്തീർന്നു. ഭാഗ്യാതിരേകത്താലിന്ന് ശങ്കരന്റെ പ്രണയിനി തന്റെ മകളായി വന്നിരിക്കുകയാണോ എന്നുശങ്കിച്ച് ആ ശിശുവിനെ പത്നിയുടെ മടിയിൽ കിടത്തിയിട്ട് പ്രണയപരവശനായ ദക്ഷൻ ഇങ്ങിനെ പറഞ്ഞു.}

[
^ശ്ലോകാരംഭത്തോടെ ദക്ഷൻ പത്നിയുടെ കൈകോർത്തുപിടിച്ച് നദിയിലേയ്ക്ക് ഇറങ്ങുന്നതായും, ‘മുഴുകി’ എന്നാലപിക്കുന്നപ്പം മുങ്ങുന്നതായും തുടർന്ന് പത്നിയെ വിട്ട് നദിയിൽ നീന്തി മിന്നോട്ടുവരുന്നതായും നടിക്കുന്നു. ‘ശംഖം തൻ കൈയ്യിൽ’ എന്നതിനൊപ്പം ശംഖ് കൈയ്യിലെടുത്ത് പിന്നിലേയ്ക്കു തിരിയുന്ന ദക്ഷൻ ‘കന്യകാരത്നമായി’ എന്നതോടെ വീണ്ടും മുന്നിലേയ്ക്കു തിരിഞ്ഞുവന്ന് കൈയ്യിലുള്ള പെൺകിടാവിനെ കണ്ട് അത്യന്തം ആശ്ചര്യം നടിക്കുന്നു. ‘ശങ്കിച്ചു’ എന്നാലപിക്കുന്നതിനൊപ്പം ആലോചനയിലാവുന്ന ദക്ഷൻ ‘ഭാഗ്യാതിരേകാൽ’ എന്നതോടെ കാര്യംഗ്രഹിച്ച് തന്റെ ഭാഗ്യത്തെയോർത്ത് സന്തോഷവാനാകുന്നു. തുടർന്ന് വാത്സല്യാതിരേകത്തോടെ കുട്ടിയെ മാറോടണച്ച് താരാട്ടിയശേഷം പത്നിയെ കാട്ടികൊടുക്കുന്ന ദക്ഷൻ ശ്ലോകം അവസാനിക്കുന്നതോടെ കുട്ടിയെ പത്നിയുടെ കയ്യിൽ നൽകിയിട്ട് പദം അഭിനയിക്കുന്നു.]

പദം-രാഗം:നവരസം, താളം:ചെമ്പട(രണ്ടാം കാലം)
ദക്ഷൻ:
പല്ലവി:
“അനന്തജന്മാർജ്ജിതമാമസ്മൽ പുണ്യ ഫലം
 അനവദ്യ കന്യരൂപം കാൺക നീ”
അനുപല്ലവി:
“മനം തന്നിൽ കൃപയില്ലേ സ്തനമെന്തേ നൽകിടാത്തു
മഹിളാമാന്യേ അതിധന്യേ”
ചരണം1:
“വിധിതന്ന നിധിയാമീ നന്ദിനി മേലിൽ
 വിവിധ കാമം തരുവൻ നന്ദിനി
 വിധിവിലാസം നമുക്കു നന്ദിനിയിവൾ
 വിധുമുഖി സർവ്വലോകാനന്ദിനി ഹേ ജായേ”
(“അനന്തജന്മാർജ്ജിതമാ.................കാൺക നീ”)
{അനവധി ജന്മങ്ങളാൽ നാം ആർജ്ജിച്ച പുണ്യങ്ങളുടെ ഫലമായി വന്നുചേർന്ന ഈ ദിവ്യകന്യകാരൂപത്തെ നീ കാണുക. മഹിളാമാന്യേ, അതിധന്യേ, മനസ്സിൽ കൃപയില്ലെ? എന്താണ് മുലകൊടുക്കാത്തത്? വിധിതന്ന നിധിയായ ഈ പുത്രി മേലിൽ വിവിധ ആഗ്രഹങ്ങൾ സാധിച്ചുതരുന്നതിൽ കാമധേനുപുത്രിയായ നന്ദിനിയെപ്പോലെയാണ്. ഈശ്വരാനുഗ്രഹം നമുക്കു് നന്നായുണ്ട്. ഹേ പ്രിയേ, ഈ ചന്ദ്രമുഖി സർവ്വലോകത്തേയും ആനന്ദിപ്പിക്കുന്നവളാണ്.}

“അനന്തജന്മാർജ്ജിതമാമസ്മൽ”(ദക്ഷൻ-കലാ:ബാലസുബ്രഹ്മണ്യൻ, വേദവല്ലി-കോട്ട:സി.എം.ഉണ്ണികൃഷ്ണൻ)
പദാഭിനയം കഴിഞ്ഞ് വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ദക്ഷന്റെ കൈകളിലേയ്ക്ക് കുട്ടിയെ നൽകിയശേഷം വേദവല്ലി ചരണമാടുന്നു.

വേദവല്ലി:
ചരണം2:^-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
“വളരെ പുത്രിമാരുണ്ടെന്നാകിലും മമ
 വാത്സല്യമിത്ര തോന്നീലാരിലും
 വളരുന്നു മോദം മനതാരിലും ഇന്നു
 മാന്യയായ് വന്നേൻ മൂന്നുപാരിലും”
{എനിക്ക് വളരെ പുത്രിമാരുണ്ടെങ്കിലും ഇത്ര വാത്സല്യം മറ്റാരിലും തോന്നിയിട്ടില്ല. മനസ്സിൽ സന്തോഷം വളരുന്നു. ഇന്ന് ഞാൻ മൂന്നുലോകത്തിലും മാന്യയായിത്തീർന്നു.}

[
^ഈ ചരണം ദക്ഷൻ തന്നെ പറയുന്നതായാണ് കവി എഴുതിയിട്ടുള്ളതെങ്കിലും വേദവല്ലി അഭിനയിക്കുന്നതായാണ് അരങ്ങുനടപ്പ്.]
“വളരെ പുത്രിമാരുണ്ടെന്നാകിലും”(ദക്ഷൻ-സദനം കൃഷ്ണൻ‌കുട്ടി, വേദവല്ലി-കലാ:ഷണ്മുഖൻ)
ശേഷം ആട്ടം-
കുട്ടിയെ കൈയ്യിൽ വെച്ചുലാളിക്കുകയും ചുമ്പിക്കുകയും ചെയ്യുന്ന ദക്ഷൻ പദാഭിനയം കഴിഞ്ഞ് തന്നെ സമീപിക്കുന്ന വേദവല്ലിയുടെ കൈകളിൽ കുട്ടിയെ നൽകുന്നു.
ദക്ഷൻ:‘അല്ലയോ പ്രിയേ, നമുക്ക് ഈ ഓമൽക്കിടാവിനെ വഴിപോലെ പരിപാലിച്ച് വളർത്തണം. എന്നാൽ നമുക്കിനി ഗൃഹത്തിലേയ്ക്ക് മടങ്ങുകയല്ലേ?’
വേദവല്ലി:‘അങ്ങിനെതന്നെ’
ദക്ഷൻ പത്നിയുടെ കൈകൾ കോർത്തുപിടിച്ചുകൊണ്ടും വേദവല്ലി ശിശുവിനെ മാറോടുചേർത്തുകൊണ്ടും സാവധാനം പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.

 -----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: