2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദക്ഷയാഗം മൂന്നാംരംഗം

രംഗത്ത്-സതി(ഒന്നാംതരം മിനുക്കു-സ്ത്രീ-വേഷം)

ശ്ലോകം-രാഗം:നീലാംബരി
“സാനന്ദം പിതൃജനപോഷിതാ സതീതി
 ഖ്യാതാഖ്യാ സകലകലാവിചക്ഷണാ സാ
 ആബാല്യാത് പശുപതിമേവ ഭർത്തൃഭാവേ
 വാഞ്ഛന്തീ തദനുഗുണം തപശ്ചചാര”
{ആനന്ദത്തോടുകൂടി അച്ഛനമ്മമാരാൽ വളർത്തപ്പെട്ടവളും സതി എന്നപേരിൽ പ്രസിദ്ധയായവളും സകല കലകളിലും സമർദ്ധയുമായ അവൾ ബാല്യം മുതൽക്കുതന്നെ ശിവനെ ഭർത്തൃഭാവത്തിൽ ആഗ്രഹിച്ചു. അതിനായി അവൾ വേണ്ടവിധം തപസ്സനുഷ്ഠിച്ചു.}

സതി രംഗമദ്ധ്യത്തിലെ പീഠത്തിൽ തപോമുദ്രയോടെ കണ്ണടച്ച് ഇരിക്കുന്നു. തുടർന്ന് ഗായകർ പദം ആലപിക്കുന്നു. ഈ തപസ്സ് പദത്തിന് മുദ്രകാട്ടികൊണ്ടും അല്ലാതെയും അഭിനയിക്കുക പതിവുണ്ട്.

സതിയുടെ തപസ്സ്പദം-രാഗം:നീലാംബരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“ശ്രീനീലകണ്ഠ ഗുണസിന്ധോപര-
 മാനന്ദരൂപ ജയ ഹര ദീനബന്ധോ”
ചരണം1:
“ചെഞ്ചിടയുമമൃതകരകലയും പൂർണ്ണ-
 ശീതാംശുബിബരുചി ചേർന്നതനുരുചിയും
 പുഞ്ചിരികലർന്ന മുഖമതിയും കാണ്മാൻ
 ഭൂയോപി വളരുന്നു പാരമഭിരുചിയും”
ചരണം2:
“കരിമുകിൽ തൊഴുന്ന രുചിതടവും നല്ല
 കണ്ഠമോടു ബാഹുക്കൾ വിതത മാറിടവും
 കരിചർമ്മശോഭി കടിതടവും ഇന്നു
 കാണുമാറാകണം തവ ചരണവടിവും”
ചരണം3:
“പരനൊരുവനില്ല മമ ശരണം നാഥ
 പരമകരുണാലയ ഭജാമി തവ ചരണം
 വിരവിനൊടു മുന്നിലിഹ വരണം വന്നു
 വിശ്വൈകനാഥ മമ വരമാശു തരണം”
{ശ്രീനീലകണ്ഠാ, ഗുണസമുദ്രമേ, പരമാനന്ദസ്വരൂപാ, ജയിച്ചാലും. ഹരാ, ദീനബന്ധോ, ചെമ്പിച്ച ജടയും, ചന്ദ്രക്കലയും, പൂർണ്ണചന്ദ്രന്റെ ശോഭയ്ക്കുതുല്യമായ ശരീരകാന്തിയും, പുഞ്ചിരിയോടുകൂടിയ മുഖചന്ദ്രനും കാണുവാനുള്ള ആഗ്രഹം ഏറ്റവും വളരുന്നു. കാർമേഘത്തെ വെല്ലുന്ന കാന്തിയോടുകൂടിയ കണ്ഠവും, കൈകളും, വിരിഞ്ഞ മാറിടവും, ആനത്തോലണിഞ്ഞ് ശോഭിക്കുന്ന അരക്കെട്ടും, അവിടുത്തെ വടിവൊത്ത ചരണങ്ങളും ഇന്ന് കാണുമാറാകണം. എനിക്ക് ശരണമായി മറ്റൊരുവനില്ല. നാഥാ, അളവറ്റ കരുണയ്ക്ക് ഇരിപ്പിടമായവനേ, അങ്ങയുടെ ചരണത്തെ ഞാൻ ഭജിക്കുന്നേൻ. അങ്ങ് പെട്ടന്ന് എന്റെമുന്നിൽ വരേണമേ. ലോകനാഥാ, പ്രത്യക്ഷനായി വന്ന് എനിക്ക് പെട്ടന്ന് വരം നൽകേണമേ.}

തുടർന്നും സതി തപോമുദ്രയോടെ കണ്ണടച്ച് ഇരിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: