2008, ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പന്ത്രണ്ടാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സുഗ്രീവൻ

ശ്ലോകം-രാഗം:കാമോദരി
“ലക്ഷ്മണൻ ചൊന്ന വാക്യം കേട്ടുതൻ രൂപമോടെ
 ലക്ഷ്മണഞ്ചാപിരാമം കണ്ഠഭാഗേ വഹിച്ചു
 തൽക്ഷണം ശൈലവര്യം പുക്കു തൻ സ്വാമി മുന്നിൽ
 ദക്ഷനാകും ഹനുമാൻ ചൊല്ലിനാൻ സൂര്യസൂനും”
{ലക്ഷ്മണൻ പറഞ്ഞ വാക്യം കേട്ട് സമർത്ഥനായ ഹനുമാൻ തന്റെ സ്വന്തം രൂപം ധരിച്ച് രാമലക്ഷ്മണന്മാരെ ചുമലിലേറ്റ്ക്കൊണ്ട് ഉടനെ മലമുകളിൽ ചെന്ന് തന്റെ സ്വാമിയായ സൂര്യപുത്രന്റെ മുന്നിൽ ഇപ്രകാരം പറഞ്ഞു.}

മുൻ രംഗാന്ത്യത്തിലേതുപോലെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തോടൊപ്പം ഹനുമാനും രാമലക്ഷ്മണന്മാരും പ്രവേശിക്കുന്നു. രാമലക്ഷ്മണന്മാരെ ഇടതുവശത്ത് നിർത്തി മുന്നോട്ടുവരുന്ന ഹനുമാൻ വലതുഭാഗത്തായി പീഠത്തിലിരിക്കുന്ന സുഗ്രീവനെ വന്ദിക്കുന്നു. സുഗ്രീവൻ ഹനുമാനെ അനുഗ്രഹിക്കുകയും രാമലക്ഷ്മണന്മാരെ കണ്ട് എഴുന്നേറ്റ് ആദരവോടെ നിൽകുകയും ചെയ്യുന്നു. കുട്ടിഹനുമാൻ പദാഭിനയം ആരംഭികുന്നു.

കുട്ടിഹനുമാന്റെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“സ്വാമിൻ മഹമതേ സാകേതവാസൻ
 ദശരഥഭൂമിപന്റെ സുതരാമിവർ
 കാനനേ വന്നു പിതാവിൻ
 നിയോഗം നിമിത്തമായി”
ചരണം2:
“പഞ്ചവടിയിൽ വസിക്കുന്ന കാലം
 ഖരനാദി കൌണപരെയെല്ലാം
 പഞ്ചതയേ നയിപ്പിച്ചു വസിക്കുമ്പോൾ
 രാമജായാം വൈദേഹിം”
ചരണം3:
“പങ്തികണ്ഠൻ വഞ്ചിച്ചു കൊണ്ടുപോയ
 തന്വേഷിച്ചിവിടെ വന്നു
 പമ്പയാം സരസ്സിന്നന്തികാലിവരെയിങ്ങു
 കൊണ്ടുപോന്നേൻ വീരൌ ഞാൻ”
ചരണം4:
“ഇക്ഷ്വാകുവംശമണികൾ മഹീപാലൻ
 പൂജ്യരല്ലോ ഭവതാസമം^
 ഇക്ഷുശരാസനതുല്യ നിന്നോടുള്ള
 സഖ്യത്തെ വാഞ്ചിക്കുന്നു”
{സ്വാമിൻ, മഹാമതേ, അയോദ്ധ്യാധിപതിയായ ദശരഥരാജന്റെ പുത്രരായ ഇവർ പിതാവിന്റെ നിയോഗം നിമിത്തം കാനനത്തിൽ വന്നവരാണ്. ഖരൻ ആദിയായ രാക്ഷസരെയെല്ലാം വധിച്ച് പഞ്ചവടിയിൽ വസിക്കുന്നകാലത്ത് രാമപത്നിയായ സീതയെ രാവണൻ വഞ്ചിച്ചു കൊണ്ടുപോയി. അന്വേഷിച്ച് പമ്പാനദീതീരത്ത് എത്തിയ ഈ വീരന്മാരെ ഞാൻ ഇങ്ങു കൊണ്ടുപോന്നു. ഇക്ഷ്വാവംശരത്നങ്ങളായ ഈ രാജാക്കന്മാർ പൂജ്യരല്ലോ. കാമദേവതുല്യാ, ഇവർ അങ്ങയോട് സഖ്യം ചെയ്യാൻ ആഗ്രഹിക്കുന്നു.}

[^‘ഭവതാസമം’ എന്നുകേൾക്കുന്നതോടെ സുഗ്രീവൻ രാമലക്ഷ്മണന്മാരെ നമസ്ക്കരിക്കുന്നു. അവരുടെ അനുഗ്രഹം ഏറ്റുവാങ്ങിക്കൊണ്ട് സുഗ്രീവൻ ആദരവോടെ അവരെ മാന്യസ്ഥാനത്തേയ്ക്ക്(വലതുഭാഗത്തേയ്ക്ക്) ആനയിക്കുന്നു. ശ്രീരാമൻ വലത്തുഭാഗത്തേയ്ക്കുവന്ന് പീഠത്തിലിരിക്കുന്നു. ലക്ഷ്മണൻ രാമന്റെ വലതുവശത്തായി നിൽക്കുന്നു.]

പദാഭിനയം കലാശിക്കുന്നതോടെ ഹനുമാൻ എല്ലാവരേയും വണങ്ങി പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചശേഷം സുഗ്രീവൻ പദം അഭിനയിക്കുന്നു.

സുഗ്രീവന്റെ പദം-രാഗം:കമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“ബാലിഭയം കൊണ്ടിവിടെ ഹതദാര-
 നായ്‌വസിക്കുന്നേൻ ഞാൻ
 ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ
 വാഞ്ചിക്കുന്നേനധികം”
ചരണം2:
“മത്തമതംഗജയാന ദശരഥ-
 നന്ദന എനിക്കിപ്പോൾ
 ഹസ്തം തന്നെന്നോടു സഖ്യം ചെയ്തീടേണം
 അഗ്നിസാക്ഷിയായിട്ടു”
{പത്നി അപഹരിക്കപ്പെട്ടവനായ ഞാനും ബാലിയെ ഭയപ്പെട്ട് ഇവിടെ വസിക്കുന്നു. രാജാക്കന്മാരുടെ ശിരോരത്നമേ, നിന്റെ സഖ്യത്തെ ഞാൻ അധികമായി ആഗ്രഹികുന്നു. മദയാനയുടെ നടയുള്ളവനേ, ദശരഥപുത്രാ, എനിക്കിപ്പോൾ ഹസ്തം തരിക. അഗ്നിസാക്ഷിയായിട്ട് എന്നോട് സഖ്യം ചെയ്തീടേണം.}

ശ്രീരാമന്റെ പദം-രാഗം:കമോദരി, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“അസ്തു തഥാ തവ പാണിയെത്തന്നു ഞാൻ
 സഖ്യത്തെ ചെയ്തീടുന്നേൻ
 നിൻ കളത്രാപഹാരി ബാലിയെക്കൊന്നിട്ടു
 രാജ്യവും നൽകീടുന്നേൻ^
 ചരണം2:
“ദർപ്പമിയലുമമോഘങ്ങളാമെന്റെ
 ബാണങ്ങളെ കാൺകെടോ ജീവ-
 ദർപ്പഹാരികൾ രിപുകുലത്തിന്നിവ
 സുഗ്രീവ സൂര്യസുത”
{അങ്ങിനെയാകട്ടെ, കൈ തന്ന് ഞാൻ സഖ്യം ചെയ്യുന്നു. നിന്റെ പത്നിയെ അപഹരിച്ച ബാലിയെ കൊന്ന് താങ്കൾക്ക് രാജ്യവും നൽകുന്നുണ്ട്. സുഗ്രീവാ, സൂര്യപുത്രാ, മൂശ്ചയുള്ളവയും ഒരിക്കലും ലക്ഷ്യം പിഴയ്ക്കാത്തവയും ശത്രുക്കൂട്ടത്തിന്റെ അഹങ്കാരം ഹരിക്കുന്നവയുമായ എന്റെ ബാണങ്ങൾ കാണുക.}

[
^‘നൽകീടുന്നേൻ’ എന്ന് ആടുന്നതിനെ തുടർന്ന് ശ്രീരാമൻ കലാശത്തിനൊപ്പം അഗ്നിയെ സങ്കൽ‌പ്പിച്ച് സത്യമുദ്രയോടെ സുഗ്രീവന്റെ കയ്യിലടിച്ച് സത്യം ചെയ്യുന്നു.]

സുഗ്രീവൻ:
ചരണം4:
“രാവണൻ സീതയെ കൊണ്ടുപോകുന്ന നേരം
 രാമേതി സാ രുദതീ
 ശോഭയേറും ഭൂഷ്ണങ്ങളും മഞ്ജുള-
 മുത്തരീയമെന്നിവ”
ചരണം5:
“ഇട്ടുംകളഞ്ഞു നടന്നതു ഞാനി-
 ങ്ങെടുത്തുവെച്ചിട്ടുണ്ടഹോ തവയാ’
 ദ്രഷ്ടവ്യങ്ങൾതന്നെ രാഘവ രാമേതി
 ദിവ്യാഭൂഷണങ്ങൾ”
{രാവണൻ സീതയെ കൊണ്ടുപോകുന്ന നേരത്ത് ദേവി ‘രാമാ, രാമാ’ എന്നു വിലപിച്ചുകൊണ്ട് ശോഭയേറിയ ആഭരണങ്ങളും മനോഹരമായ അംഗവസ്ത്രവും താഴേയ്ക്കിട്ടു. ഞാൻ അത് എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രാഘവാ, രാമാ, അവ അങ്ങ് കാണേണ്ടവതന്നെയാണ്.}

പദം കലാശിക്കുന്നതോടെ സുഗ്രീവൻ നിഷ്ക്രമിക്കുന്നു. തുടർന്ന് ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:ഘണ്ടാരം
“ഇത്ഥം പറഞ്ഞു രഘുവീരകരേ ഹരീന്ദ്രൻ
 ചിത്രാണിഭൂഷണകുലാനി കൊടുത്തശേഷം
 അത്തൽ മുഴുത്തു വിലലാപനരേന്ദ്രനപ്പോൾ
 ഹസ്തീന്ദ്രമത്തഗമനാ വിരഹാർത്തിയാലേ”
{ഇങ്ങിനെ പറഞ്ഞ് വാനരേന്ദ്രൻ വിചിത്രങ്ങളായ കുറേ ആഭരണങ്ങൾ ശ്രീരാമന്റെ കയ്യിൽ കൊടുത്തു. അപ്പോൾ മത്തനായ ഗജേന്ദ്രനെപ്പോലെ നടക്കുന്നവളുടെ(സീതയുടെ) വിരഹതാപത്താൽ ദുഃഖം മുഴുത്ത് നരേന്ദ്രൻ വിലപിച്ചു.}

[
^ശ്ലോകമാരംഭിക്കുന്നതോടെ പട്ടിൽ പൊതിഞ്ഞ ആഭരണങ്ങളുമായി സുഗ്രീവൻ വീണ്ടും പ്രവേശിക്കുന്നു. ശ്രീരാമൻ എഴുന്നേറ്റ് ജിജ്ഞാസയോടെ ഇരുകൈകളും നീട്ടികാണിക്കുന്നു. ‘ഭൂഷണകുലാനി കൊടുത്ത’ എന്നാലപിക്കുന്നതിനൊപ്പം സുഗ്രീവൻ ആഭരണപ്പൊതി രാമന്റെ കൈയ്യിൽ നൽകുന്നു. ആഭരണങ്ങൾ കണ്ട് സങ്കടം വർദ്ധിക്കുന്ന ശ്രീരാമൻ രംഗമദ്ധ്യത്തിലേയ്ക്കുവന്ന് നിലത്തിരുന്ന് ആഭരണപ്പൊതി മുന്നിൽ വെച്ചിട്ട് വിലപിക്കുന്നു.]

വലതുവശത്തായി വില്ലുകുത്തിപിടിച്ച് ലക്ഷ്മണനും ഇടത്തുവശത്തായി സുഗ്രീവനും വിഷമത്തോടെ നോക്കി നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“പ്രേയസി മമ ജാനകി സീതേ
 മായാവികളാം നിശിചരരാൽ
 ജായേ ബത പീഡിതയായി
 മേവുകയോ ബാലേ”
ചരണം2:
“ഉള്ളിൽമുദാ നിന്നുടെ വചസാ
 കള്ളമൃഗത്തിൻ പിറകേ നട-
 കൊള്ളുമുടൻ നിശിചരനെന്നുടെ-
 യുള്ളിലഴൽ ചേർത്തു”
{എന്റെ പ്രിയേ, ജാനകീ, സീതേ, കുട്ടീ, കഷ്ടം! മായാവികളായ രാക്ഷസരാൽ ഭവതി പീഡിതയായി കഴിയുകയണോ? നിന്റെ വാക്കുകേട്ട് ഉള്ളിൽ സന്തോഷത്തോടെ ആ കള്ളമൃഗത്തിന്റെ പിറകെ ചെന്നപ്പോൾ പെട്ടന്ന് രാക്ഷസൻ എനിക്ക് ദു:ഖം ഉണ്ടാക്കിവെച്ചു.}

ലക്ഷ്മണന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“രാമവിഭോ പീഡിക്കരുതേ
 ഭീമപരാക്രമനാകിയ നീ
 ഭൂമീപതിതിലക മഹാത്മൻ
 കാമസമാകാര”
{രാമപ്രഭോ, രാജശ്രേഷ്ഠാ, മഹാത്മാവേ, കാമതുല്ല്യാ, ഭീമപരാക്രമനാകിയ അങ്ങ് ദു:ഖിക്കരുതേ.}

ശ്രീരാമൻ:
ചരണം3:
“തരുണിമണികുചകലശോപരി
 തിരളുന്നൊരു ഹരമിതല്ലോ
 അരികിലഹോ കാൺക^ സഹോ-
 ദര ഹാ ഹാ കിമുകരവൈ”
{സുന്ദരീരത്നത്തിന്റെ കുചകുംഭങ്ങൾക്കുമീതെ ശോഭിച്ചിരുന്ന മാലതന്നെയാണിത്. അനുജാ, അരികിൽ വന്നു നോക്കു. ഹാ! ഹാ! കഷ്ടം! ഞാൻ എന്തുചെയ്യട്ടെ?}

[
^‘കാൺക’ എന്നാടുമ്പോൾ ലക്ഷ്മണൻ രാമന്റെ സമീപം ചെന്നിരുന്ന് ആഭരണങ്ങൾ വീക്ഷിച്ച്ച്ചിട്ട് ‘കഷ്ടം!‘ എന്നു കാട്ടുന്നു.]

സുഗ്രീവന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“രഘുവീര മഹാരഥദേവ സകലേശ്വര പീഡിക്കരുതേ
 അഘരഹിത മഹാത്മൻ ദശരഥസുകുമാരകുമാര
 പോരാളികളാകിയ കൌണപർ പാരാളും രാവണഹതയേ
 നീരാളും മുകിലൊളികുഴലിയെക്കണ്ടു വരുന്നുണ്ടു”
{രഘുവീരാ, മഹാരഥപുത്രാ, സകലേശ്വരാ, നിർദ്ദോഷനും മഹാത്മാവുമായ ദശരഥന്റെ സുന്ദരനായ പുത്രാ, ദുഃഖിക്കരുതേ. പോരാളികളാകിയ രാക്ഷസരുടെ രാജ്യം ഭരിക്കുന്ന രാവണനാൽ അഹരിക്കപ്പെട്ട നീലകാർവേണിയാളെ കണ്ടുവരുന്നുണ്ട്.}

സുഗ്രീവൻ പദം അഭിനയിക്കുന്നതോടെ ശ്രീരാമൻ തെല്ലു സമാധാനപ്പെട്ട് എഴുന്നേറ്റ് നിൽക്കുന്നു. സുഗ്രീവൻ പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ കൈയ്യിലടിച്ച് സത്യംചെയ്യുന്നു. ശ്രീരാമൻ ആഭരണങ്ങൾ സുഗ്രീവനെ ഏൽ‌പ്പിക്കുന്നു. ശ്രീരാമൻ സന്തോഷവാനാകുന്നു.
സുഗ്രീവൻ(പെരിയാനമ്പറ്റ ദിവാകരൻ) പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ(കലാ:പ്രദീപ്) കൈയ്യിലടിച്ച് സത്യംചെയ്യുന്നു
ശേഷം ആട്ടം-
സുഗ്രീവൻ:‘ബാലി അതിബലവാനാണ്. അവനു തുല്യം ശക്തിയുള്ളവരായി ആരും ഇല്ല. അവൻ പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭി എന്ന അസുരനെ ചുഴറ്റി ദൂരേയ്ക്ക് എറിഞ്ഞുകൊന്നു. അവന്റെ അസ്ഥികൂടം അതാ കിടക്കുന്നു. അവിടത്തേയ്ക്ക് അത് എടുത്തെറിയുവാൻ സാധിക്കുകയില്ലെ?’
ശ്രീരാമൻ:‘ഓഹോ, ഒട്ടും പ്രയാസമില്ല. വഴിപോലെ കണ്ടാലും.’
ശ്രീരാമൻ നാലാമിരട്ടിയെടുത്ത് കലശിക്കുന്നതിനൊപ്പം വലംകാലിന്റെ പെരുവിരൾകൊണ്ട് അസ്ഥികൂടം പൊക്കി എറിയുന്നതായി നടിക്കുന്നു. സുഗ്രീവൻ അത്ഭുതപ്പെട്ടു നിൽക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.


ശ്ലോകം#-രാഗം:കേദാരഗൌളം
“ഏവം സുഗ്രീവവാക്യപ്രമുദിതഹൃദയൌ രാഘവോ ദുന്ദുഭേസ്തം
  പാദാംഗുഷ്ഠേന കായം ഗുരുതരതരസൈവാക്ഷിപാന്നസ്ഥിശേഷം
  താവല്‍ ശാഖാമൃഗണാം മനസി സമജനി പ്രത്യയഃ കിഞ്ചനാര്‍ത്ഥം
  സുഗ്രീവോ സൌ കപീന്ദ്രാന്‍ സഖിബലമറിവാന്‍ സംശയാലേവമൂചേ||”
{ഇപ്രകാരം സുഗ്രീവന്റെ വാക്കിനാല്‍ ഉള്ളില്‍ സന്തോഷവാനായ ശ്രീരാമന്‍ ദുന്ദുഭിയുടെ അസ്ഥിമാത്രമായ ശരീരം കാല്പെരുവിരല്‍കൊണ്ട് എടുത്തെറിഞ്ഞപ്പോള്‍ വാനരന്മാര്‍ക്ക് മനസ്സില്‍ അല്പം വിശ്വാസം തോന്നിയെങ്കിലും സംശയം മുഴുവന്‍ തീരാത്ത സുഗ്രീവന്‍ ശ്രീരാമബലം അറിവാനായി വീണ്ടും ഇങ്ങിനെ പറഞ്ഞു.}


[#ഈ രംഗത്തിൽ സാധാരാണയായി ഈ ശ്ലോകം മുതലുള്ള ഭാഗങ്ങൾ മാത്രമെ ചൊല്ലിയാ‍ടാറുള്ളു. ഇതുവരെയുള്ള ഭാഗങ്ങൾ ആട്ടത്തിൽ കഴിക്കുകയാണ് പതിവ്. അങ്ങിനെയാകുമ്പോൾ കുട്ടിഹനുമാൻ രംഗത്ത് ഉണ്ടാവുകയുമില്ല.] 

സുഗ്രീവന്‍:‘അങ്ങ് നിഷ്പ്രയാസം ദുന്ദുഭിയുടെ കായവിക്ഷേപം നടത്തി. എങ്കിലും എനിക്കൊരു സംശയമുണ്ട്. സഖേ, ഞാന്‍ പറയുന്നത് കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം അഭിനയിക്കുന്നു.

പദം-രാഗം:കേതാരഗൌള, താളം:ചമ്പ
സുഗ്രീവന്‍:
പല്ലവി:
“രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ”
ചരണം1:
“ദുന്ദുഭി തന്നുടെ കായവിക്ഷേപണം
 അന്നുഖിന്നോപിചെയ്തല്ലൊ ബാലി”
ചരണം2:
“മന്നവ നീയതിനെ മോദേനചെയ്തതിനു
 ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ”
ചരണം3:
“ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍
 ബലമിയലും കയ്യൂക്കു കട്ടുവതിനായ്”
ചരണം4:
“സാലന്തികം പുക്കു താഡനം ചെയ്തുടന്‍
 കൈത്തരിപ്പടക്കീടും സാലമിതല്ലൊ”
ചരണം5:
“ഉന്നതശാഖങ്ങളായ സാലങ്ങളില്‍
 ഒന്നിനെ ഭേദിക്കവേണം ഭവാന്‍”
ചരണം6:
“എന്നാലതിനു മടികൂടാതെ ചെയ്‌വതി-
 നുന്നിശ്ശരത്തെ നീ യാത്രയാക്കേണം”
{സുഹൃത്തേ രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന് അവിടുന്നും അതുചെയ്തു. എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന് താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍ ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം. എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍ അങ്ങ് ബാണത്തെ അയക്കണം.}
.
രാമന്‍:
ചരണം7:
“സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു
 അഗ്രേ നീ കാണവേ സാലങ്ങളെ”
ചരണം8:
“ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം
 വിക്രമം നീയതിനെയറിക കപിവീര”
പല്ലവി:
“സാദരമയേ വാക്കു കേള്‍ക്ക മമ വീരാ”
{സുഗ്രീവാ, താങ്കള്‍ക്ക് ഉറപ്പുവരാന്‍, നിന്റെ മുന്നില്‍‌വെച്ച്തന്നെ ഉഗ്രമായ ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍ അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.}

രാമന്‍ വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്, കെട്ടിച്ചാടി അസ്ത്രമയക്കുന്നു. 

(വലന്തലമേളം)
സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു വീഴുന്നതുകണ്ട് സുഗ്രീവന്‍ വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.
സപ്തസാലഭേദനം (ശ്രീരാമന്‍-കലാ:രാജീവ്, ലക്ഷ്മണന്‍-ആര്‍.എല്‍.വി.സുനില്‍, സുഗ്രീവന്‍-കോട്ട:ദേവദാസ്)
ശേഷം ആട്ടം-
സുഗ്രീവന്‍:‘അല്ലയോ രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.
രാമന്‍:‘അതു ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍ സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും’
സുഗ്രീവന്‍:‘ശരി. അവിടുത്തെ കല്‍പ്പനപോലെ’
രാമന്‍:‘നിങ്ങള്‍ യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്’
(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും’
ലക്ഷ്മണന്‍ വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു. സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.

സുഗ്രീവന്‍+:(തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു വിളിക്കുകതന്നെ’

[+പഴയചിട്ടയനുസ്സരിച്ച് രാമലക്ഷ്മണന്മാര്‍ നിഷ്ക്രമിച്ചാല്‍ തിരശ്ശീലപിടിച്ച് ഒരു ശ്ലോകം ചെല്ലിയതിനുശേഷം സുഗ്രീവന്‍ പ്രവേശിച്ചിട്ടാണ് പോരിനുവിളിച്ചിരുന്നത്.]

സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.

സുഗ്രീവപദം-ആഹരിരാഗം,ചെമ്പടതാളം.
ചരണം1:
“വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
 അഗ്രജ വൈകാതെ യാഹി ശക്രജ വാ പോരിനായി”
പല്ലവി:
“പോരിനായേഹി സോദരാ”
ചരണം2:
“നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
 നിന്നോടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ്”
(“പോരിനായേഹി സോദരാ”)
ചരണം3:
“കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര
 കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍”
(“പോരിനായേഹി സോദരാ”)
{പരാക്രമിയായ അങ്ങയുടെ അനുജന്‍ സുഗ്രീവന്‍ അങ്ങയെ പോരിനുവിളിക്കുന്നു. ഇന്ദ്രപുത്രനായ ജേഷ്ഠാ, താമസിയാതെ പോരിനുവരിക. യുദ്ധത്തിനായി വരൂ സോദരാ. അങ്ങയോട് തെറ്റുചെയ്യാത്തവനാണെന്ന്‍ ഓര്‍ക്കാതെ എന്നെ രാജ്യത്തുനിന്നും ഓടിച്ചുവല്ലൊ. ഇന്നു ഞാന്‍ പോരിനായി വന്നിരിക്കുകയാണ്. കരബലത്താല്‍ കൈടഭതുല്യന്മാരായ ശൂരന്മാരെ ജയിച്ചവനെ, ചന്ദ്രാനന, തൊഴുകയ്യോടേ ഞാന്‍ യുദ്ധത്തിനു വിളിക്കുന്നു.}

ശേഷം 'നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിചവുട്ടി സുഗ്രീവന്‍ പലതവണ പോരിനുവിളിച്ചിട്ട്,’ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: