2008, ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പതിമൂന്ന്,പതിനാല്, പതിനഞ്ച്, പതിനാറ് രം‌ഗങ്ങള്‍.

പതിമൂന്നാംരംഗം
രംഗത്ത്-ബാലി(ഒന്നാതരം ചുവപ്പതാടി), സുഗ്രീവന്‍, രാമന്‍, ലക്ഷ്മണന്‍, താര, അംഗദന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-
 രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും
 ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:
 ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ”
{പോരിനുവിളികേട്ട് കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്, ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.}

ബാലിയുടെ രൌദ്രപൂര്‍ണ്ണമായ തിരനോട്ടം-
തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍ പീഠത്തില്‍നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്നു.
ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്) ‘ചെവിപൊട്ടുമാറുച്ചത്തില്‍ എന്നെ പോരിനു വിളിച്ചതാര്?’
ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ ‍(സദസ്യരുടെ ഇടയില്‍ നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.
ബാലിയെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) കണ്ട് സുഗ്രീവന്‍(കോട്ട:ദേവദാസ്) ഭയന്നോടുന്നു.
ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’
സുഗ്രീവന്‍:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’
ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’
സുഗ്രീവന്‍:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’
ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട് വാ’
സുഗ്രീവന്‍ പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി’ കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു കാണിക്കുന്നു.
ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍ ഞാനൊറ്റക്ക് പാലാഴി കടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലം കൂടി എനിക്ക് ലഭിക്കുമെന്ന അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?, ആ,വാ,വാ’
സുഗ്രീവന്‍:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’
സുഗ്രീവന്‍ മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസിനിടയിലൂടെ ഓടി തിരികെ രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു(തിരശ്ശീലമാറ്റുന്നു)
ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട് നോക്കിക്കൊ’
‘പര്‍വ്വതം ചുറ്റല്‍’ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും.
നാലാമിരട്ടിയെടുത്തിട്ട് ബാലി പദം അഭിനയിക്കുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പ(കലാശങ്ങള്‍ പഞ്ചാരിതാളത്തില്‍)
പല്ലവി:
“മത്തനാമെന്നോടടര്‍ പൊരുതുപാരം
 ആര്‍ത്തനായോടിയ മര്‍ക്കടമൂഢ”
ചരണം1:
“പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍
 മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം
 കഠിനതര കലഹമൊടു ഘനതരകരത്താല്‍
 ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍”
ചരണം2:
“സാഹസമോടു നിന്^ മസ്തകം ഭിത്വാ
 ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍
 ലോഹിതാശ്വന്തന്നിലിട്ട ത്യണമിവ
 ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍”
{മദം മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ, വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട പുല്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.}

[^‘സാഹസമോടു നിന്‍‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ടനായ രാക്ഷസന്‍ രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍ എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി, കലാശമെടുത്തിട്ട് ചരണം ആടുന്നു.]

സുഗ്രീവന്റെ മറുപടി പദം-രഗം:ഘണ്ടാരം, താളം:ചെമ്പ
.ചരണം1:
“സോദരബാലിന്‍ പദാബുജം നിന്റെ
 സാദരം നൌമി മാം പാലയദീനം”
ചരണം2:
“തവസഹജനമിതബല^ പിഴകളും പൊറുത്തു
 യുവനൃപത മമ തരിക മഹിതഗുണ കീര്‍ത്തേ”
{അമിതബലവാനായ ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും}

[^‘തവസഹജനമിതബല’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
“സോദരബാലിന്‍“ബാലി-കലാ:രാമചന്ദന്‍‌ഉണ്ണിത്താന്‍,സുഗ്രീവന്‍-കോട്ട:ദേവദാസ്.
ബാലി:
ചരണം3:
“യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^
 ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
 യുവനൃപത തരണമിതി പറവതിനുഝടിതി
 തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍”
{മുന്‍പ് നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ച് ഓടി. ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍ കാലുകള്‍ ‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍‌പോകുന്നത്.}

[^‘യുദ്ധത്തിനെന്നെ വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’ എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]

‘അരുതേ, അരുതേ’ എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി മറിക്കുന്നു. മറിഞ്ഞുവീണ സുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.

സുഗ്രീവന്‍:
ചരണം3:
“കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
 കൃതജ്ഞനാകിയ ,മര്‍ക്കടവീര
 കുടിലതരഹൃദയമതു കളക സഹജാനീ
 ദൃഢതയൊടു പടപൊരുതുവതിന്നിഹ യാഹി”
{വിവെകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച് കരളുറപ്പോടെ യുദ്ധത്തിനു വരിക.}

ശേഷം യുദ്ധം-
ഇരുവരും ക്രമത്തിൽ പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി നലാമിരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.
(മേളം നിലക്കുന്നു)
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക, കൊഞ്ഞണംകുത്തുക, മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു. അതിനുശേഷം ‘കിടന്നു ചവിട്ടല്‍’
(നേരിയതോതില്‍ മേളം തുടങ്ങുന്നു)
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ് ‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം
(മേളം മുറുകുന്നു)
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന്‘പുലിയങ്കം’ എന്നപേര്‍ വന്നത്. ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ രംഗത്ത് പ്രവേശിക്കുന്നു#. രാമന്‍ ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റബാലി (സദസ്യര്‍ക്കിടയില്‍ നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്,ബാലിയുടെ ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലെക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
 ബാലിസുഗ്രീവയുദ്ധം-ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും
[# ഇവിടെ വെച്ച് പതിമൂന്നാം‌രംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു. ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച്, രംഗങ്ങൾ അപൂവ്വമായെ അവതരിപ്പിക്കപ്പെടാറുള്ളു. സാധാരണയായി പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും. പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട് രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ സംയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു. ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു. ഇങ്ങിനെ പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.]

ബാലിയുടെ പദം-രാഗം:തോടി, താളം:മുറിയടന്ത
പല്ലവി:
“രാഘവ നരപതേ ശൃണു മമ വചനം”
ചരണം1:
“എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി
 നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ”
ചരണം2:
“വാനരമാംസം ഭുജിപ്പതിനു യോഗ്യമോ
 മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ”
ചരണം3:
“കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍
 നൂനമൊരപരാധം ചെയ്തവനല്ലാ”
{രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തവനല്ല.}

രാമന്റെ മറുപടി പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പ
പല്ലവി:
“ശാഖാമൃഗപുഗവ മാ കുരുശോകത്തെ
 സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍”
ചരണം1:
“സകലദിക്കുകളിലും നരപതിതതികളെ
 സുമുഖനയച്ചവരില്‍ രാമനഹമേകന്‍
 ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
 നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍“
ചരണം2:
“പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
 പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
 വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
 വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.”
{വാനരപുഗവ,ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി ധമ്മത്തെ രക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും അനുജരും തുല്യമാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ. ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍ വധിച്ചതെന്ന് അറിയുക.}

താരയുടെ വിലാപ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
പല്ലവി:
“ഹാ ഹാ നാഥ നായക
 സത്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ” 
(“ഹാ ഹാ നാഥ നായക”)
ചരണം1:(രാമനോട്)
“ത്വത്ഭാര്യാ വിയോഗത്താല്‍ മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ
 എന്നാലിവനോടുകൂടി എന്നെയുമയക്ക ഭവാന്‍”
(“ഹാ ഹാ നാഥ നായക”)
{ഹാ! കഷ്ടം! സത്ഗുണസമ്പനനായ ഭര്‍ത്താവേ, സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവൊ? പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നല്ലൊ? എദ്ദേഹത്തിനൊപ്പം എന്നേയും അയക്കുക.}

ഇടശ്ലോകം-രാഗം:ഘണ്ടാരം
“താരയാം വാനരസ്ത്രീയേവമങ്ങേകുമപ്പോള്‍
 ഘോരമാം സായകത്താല്‍ ദീനനായ് ബാലിതാനും
 ചാരുവാം വില്ലുമായ് മുന്നില്‍നില്‍ക്കുന്ന രാമം
 വീരനാമിന്ദ്രസൂനു ചൊല്ലിനാന്‍ മോദമോടെ”
{വാനരസ്ത്രീയായ താര ഈവിധം വിലപിക്കുമ്പോള്‍ ഘോരമായ അസ്ത്രമേറ്റ് ദൈന്യാവസ്തയില്‍‌പെട്ട ബാലി, മനോഹരമായ വില്ലുമേന്തി തന്റെ മുന്നില്‍നില്‍ക്കുന്ന ശ്രീരാമചന്ദനോട് മോദത്തോടെ ഇങ്ങിനെ പറഞ്ഞു.}

ബാലി മുന്നില്‍നില്‍ക്കുന്ന ശ്രീരാമനില്‍ വിഷ്ണുരൂപം ദര്‍ശ്ശിച്ച്, അത്ഭുതാദരങ്ങളോടെ അടിമുടിനോക്കി, ഭക്തിയോടേ സമസ്ക്കരിച്ചിട്ട് പദമാടുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:(രാമനോട്)
“ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
 അയി മമ മൊഴി കേള്‍ക്ക”
ചരണം2:
“കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
 കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ”
ചരണം3:
“അംഗദനും താരതാനും നിരാരാധരരായി
 നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര”
ചരണം4:(സുഗ്രീവനോട് )^
“കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
 കിഞ്ചന ചിരം ജീവാ”
ചരണം5:(രാമനോട്)
“ഒരുമൊഴി പറവാനും പണിയായി മേ
 കരുണാവാരിധേ രാമാ രാമാ”
ചരണം6:-രാ‍ഗം:ഭൂപാളം
“ശ്രീവത്സവത്സരാമ ശ്രീനാരായണ
 ഗോവിന്ദ മുക്തിം ദേഹി”
{അല്ലയൊ ശ്രീരാമചന്ദ്ര, അവിടുത്തെ മ്പാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും. കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെവേണം. ഈ സുവര്‍ണ്ണഹാരം അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ, എനിക്ക് ഒരു വാക്ക് ഉച്ചരിക്കാനും കൂടി കഴിയാതെയായി. ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.}

[^“കാഞ്ചനമാലയെ ധരിക്ക” എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]

ശേഷം ആട്ടം-
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട് പറിച്ചെടുക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം പറിച്ചെടുക്കുന്നു.(ലക്ഷമണന്‍-കലാ:ശുചീന്ദ്രനാഥ്,രാമന്‍-കലാ:പ്രദീപ്,താര-കലാ:അരുണ്‍ വാര്യര്‍,ബാലി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,)
ശ്രീരാമന്‍ ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍ പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന് ശ്രീരാമനെ വന്ദിക്കുന്നു.
രാമന്‍:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്) ‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്യൂഷണത്തിനായി വാനരസേനയോടു കൂടി വന്നാലും’
സുഗ്രീവന്‍:‘കല്‍പ്പനപോലെ’
സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Dear Moni:

Nayyayittundu.... Akshara pisasukal chilathuntu...rajasekharan...etc...

Ardham ezhuthiyathilum sgalithangal undu...
Avayellam samayam pole thiruththumallo!

Regards

Rajasekhar.P

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ രാജശേഖര്‍,
നന്ദി, തെറ്റുകള്‍ തിരുത്താം......