2008, ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പതിനൊന്നാംരംഗം

രംഗത്ത്-ശ്രീരാമന്‍, ലക്ഷ്മണന്‍, വടു(കുട്ടിത്തരം മിനുക്കുവേഷം), ഹനുമാന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“സുഗ്രീവനേവമുരചെയ്തതു കേട്ടു വീരന്‍
 സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി
 അഗ്രേസരം ക്ഷിതിഭുജാം സമുപേത്യ നത്വാ
 ശക്രോപമം രഘുവരം ജഗദേ ഹനുമാന്‍”
{സുഗ്രീവന്‍ ഇപ്രകാരം പറഞ്ഞതുകേട്ട് വീരനായ ഹനുമാന്‍ സന്തോഷത്തോടുകൂടി ഒരു ബ്രഹ്മചാരിരൂപം കൈക്കൊണ്ട് ഇന്ദ്രസമനും രാജശ്രേഷ്ഠനുമായ ശ്രീരാമന്റെ സമീപത്തുചെന്ന് നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമന്‍ വലതുവശത്തായി പീഠത്തിലിരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി വില്ലുകുത്തിപ്പിടിച്ച് ലക്ഷ്മണന്‍ നില്‍ക്കുന്നു. ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന വടു രാമലക്ഷ്മണന്മാരെ കണ്ട്, വന്ദിച്ചിട്ട് ഉയര്‍ത്തിപ്പിടിച്ച കൂപ്പുകൈകളോടെ പദത്തിന് ചുവടുവെയ്ക്കുന്നു. (സാധാരണയായി ഈപദത്തിന് മുദ്രാഭിനയം പതിവില്ല)

ഹനുമാന്റെ പദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“ജ്യാഘാതചിഹ്നകരൌ സുകുമാരൌ
 ജ്യാവരതനയൌ നമാമി യുവാം”
ചരണം2:
“രൂപശാലികളായുളോര്‍ നിങ്ങള്‍ വനേ
 താപസവേഷത്തെ പൂണ്ടിട്ടുതന്നെ”
ചരണം3:
“ചാപപാണികളായി നടപ്പാനെന്തു
 ഭൂപതനയരെ കാരണം ചൊല്‍‌വിന്‍”
ചരണം4:
“സുഗ്രീവനെന്നു മഹാത്മാവായിട്ടൊരു
 വിക്രമിയാകിയ വാനരരാജന്‍”
ചരണം5:
“ഋഷ്യമൂകത്തില്‍ വസിക്കുന്നു നിങ്ങടെ
 സഖ്യത്തെ വാഞ്ച്ഛിച്ചീടുന്നനുവേലം”
ചരണം6:
“തത്സചിവനെന്നറിഞ്ഞീടണമെന്നെ
 വായുതനയന്‍ ഹനുമാനെന്നുപേര്‍”
{തഴമ്പുള്ള കൈകളോടുകൂടിയവരും കോമളരൂപന്മാരും രാജകുമാരന്മാരുമായ നിങ്ങളെ നമിക്കുന്നു. സുന്ദരന്മാരായ നിങ്ങള്‍ താപസവേഷം ധരിച്ച് ചാപപാണികളായി വനത്തില്‍ നടക്കുവാന്‍ കാരണമെന്ത്? രാജപുത്രന്മാരേ, പറയുവിന്‍. മഹാത്മാവും പരാക്രമിയുമായ സുഗ്രീവന്‍ എന്നൊരു വാനരരാജാവ് ഋഷ്യമൂകപര്‍വ്വതത്തില്‍ വസിക്കുന്നുണ്ട്. അദ്ദേഹം നിങ്ങളുടെ സഖ്യത്തെ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രിയായ ഞാന്‍ വായുപുത്രനായ ഹനുമാനാണന്ന് അറിഞ്ഞാലും.}

പദം കലാശിക്കുന്നതോടുകൂടി വടു പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുകയും കുട്ടിഹനുമാന്‍ പ്രവേശിച്ച് ആ സ്ഥാനത്ത് തൊഴുതുനില്‍ക്കുകയും ചെയ്യുന്നു. ശ്രീരാമന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ പദം-രാഗം:കല്യാണി(കാനക്കുറിഞ്ഞിയിലും പതിവുണ്ട്), താളം:അടന്ത(മുന്നാം കാലം)
ചരണം1:
“സൌമിത്രേ സോദര മാരുതി ഏവം
 ഉരച്ചതിനുത്തരം സദൃശം ചൊല്ക”
ചരണം2:
“സാമനിധേ സരസീരുഹലോചന
 സ്വാമികാര്യോത്സാഹിയല്ലോ ഹനുമാന്‍”
{അനുജാ, ലക്ഷ്മണാ, ഹനുമാന്‍ ഇപ്രകാരം പറഞ്ഞതനുസ്സരിച്ച് ഉത്തരം പറയുക. താമരക്കണ്ണാ, യജമാനന്റെ കാര്യത്തില്‍ ഉത്സാഹമുള്ളയാളാണ് ഹനുമാന്‍.}

പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ലക്ഷ്മണന്‍ പദം അഭിനയിക്കുന്നു.

ലക്ഷ്മണന്റെ പദം-രാഗം:സാവേരി, താളം:മുറിയടന്ത
പല്ലവി:
“ഹേ പവനാത്മജ ധീരവര കേള്‍ക്ക
  ഭൂപമണി രാമചന്ദ്രന്‍ ചരിതം”
ചരണം1:
“മംഗല സാകേതവാസി മഹീപതി
 തുംഗപരാക്രമനാകും ദശരഥന്‍
 തന്നുടെ സൂനുവാമാര്യന്‍ രഘൂത്തമന്‍
 പിന്നെ ഭരതനിളയോന്‍ ഞാന്‍”
ചരണം2:
“മിത്രകുലാനന്ദിയാകിയ ബാലകന്‍
 ശത്രുഘ്നനെന്നവന്‍ തമ്പിയെനിക്കൊ
 വീതഖേദം വാഴുംകാലം മഹീപതി
 താതവാക്കുകേട്ടു കാനനേ വന്നു”
ചരണം3:
“പഞ്ചവടിയില്‍ വസിക്കുന്ന കാലം
 മഞ്ജുളാംഗീം ആര്യന്റെ ജായാം സീതാം
 രാത്രിഞ്ചരനായ രാവണന്‍ കൊണ്ടുപോയി
 അത്ര വന്നന്വേഷിപ്പാനായി ഞങ്ങള്‍”
ചരണം4:(മുറുകിയകാലം)
“മുന്നം ദനു ചൊല്ലിക്കേട്ടു നിന്നുടയ
 മന്നവന്‍ സുഗ്രീവന്റെ വൃത്താന്തമെല്ലാം”
{ധീരാഗ്രേസരനായ ഹേ വായുപുത്രാ, രാജരത്നമായ ശ്രീരാമചന്ദ്രന്റെ ചരിതം കേള്‍ക്കുക. നന്മനിറഞ്ഞ അയോദ്ധ്യയിലെ രാജാവും മഹാപരാക്രമിയുമായ ദശരഥന്റെ പുത്രനാണ് എന്റെ ജേഷ്ഠനായ ഈ രഘുവംശശ്രേഷ്ഠന്‍. അദ്ദേഹത്തിന്റെ അനുജന്‍ ഭരതന്‍. ഭരതന്റെ അനുജനാണ് ഞാന്‍. സൂര്യവംശത്തെ ആ‍നന്ദിപ്പിക്കുന്ന ബാലകനായ ശത്രുഘ്നന്‍ എന്റെ അനുജനാണ്. ദുഃഖമില്ലാതെ വാഴുന്നകാലത്ത് രാജാവ് അച്ഛന്റെ വാക്കുനുസ്സരിച്ച് കാനനത്തില്‍ വന്നു. പഞ്ചവടിയില്‍ താമസിക്കുന്ന കാലത്ത് ജേഷ്ഠന്റെ പത്നിയും സുന്ദരിയുമായ സീതാദേവിയെ രാക്ഷസനായ രാവണന്‍ കൊണ്ടുപോയി. അന്വേഷിക്കാനായി വന്നതാണ് ഞങ്ങള്‍. മുന്‍പ് ദനു എന്ന ഗന്ധര്‍വ്വന്‍ പറഞ്ഞ് നിന്റെ രാജാവാ‍യ സുഗ്രീവന്റെ കഥയെല്ലാം ഞങ്ങള്‍ കേട്ടിട്ടുണ്ട്.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ രാമന്റെ വലതുഭാഗത്തേക്കുവന്നു നില്‍ക്കുന്നു.
ഹനുമാൻ:(കുമ്പിട്ടിട്ട്) ‘എന്നാല്‍ നമുക്കിനി വേഗം സുഗ്രീവസമീപത്തേയ്ക്ക് പോവുകയല്ലെ?’
ശ്രീരാമന്‍:‘അങ്ങിനെതന്നെ’
ഹനുമാന്‍:‘ഭവാന്മാരെ ഞാന്‍ ചുമലിലെടുത്ത് കൊണ്ടുപോകാം’
വീണ്ടും വന്ദിച്ച് ഹനുമാന്‍ രാമലക്ഷ്മണന്മാരെ വലം ഇടം കൈകളില്‍ കോര്‍ത്തുപിടിച്ച്(ചുമലിലേറ്റിയഭാവത്തില്‍) പിന്നിലേയ്ക്കു കാല്‍കുത്തിമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു. 
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: