2008, ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം അഞ്ചാം ‌രംഗം

രംഗത്ത്-സീത, സന്യാസിരാവണൻ‍(രണ്ടാം‌തരം മിനുക്ക്), രാവണന്‍, ജടായു(കറുത്തപക്ഷിവേഷം)

ശ്ലോകം‌‌‌-രാഗം:കാപ്പി
“ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
 താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
 സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
 സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍”
{ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍ സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.}

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച് നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ടിട്ട് രാവണന്‍ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:കാപ്പി, താളം:മുറിയടന്ത
പല്ലവി:
“നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
 വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?“
അനുപല്ലവി:
“ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
 അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ”
{സ്ത്രീരത്നങ്ങളില്‍ ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍ വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?}

സീതയുടെ മറുപടിപദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
പല്ലവി:
“സന്ന്യാസിവര നിന്റെ നന്ദികലരും പാദം
 നന്നായി വണങ്ങുന്നേനനുദിനം ഹൃദയേ ഞാന്‍”
അനുപല്ലവി:
“കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
 വല്ലഭയാകുന്നു ഞാനെന്നറികനുദിനം”
ചരണം1:
“കൌണപനിഹവന്നു കനകമൃഗമായിത്തന്നെ
 മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
 കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
 ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ”
{സന്ന്യാസിവര്യ! മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു. പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാന്‍. ഒരു രാക്ഷസന്‍ പൊന്‍‌മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം ഉടനെയിങ്ങെത്തും}
“നല്ലാരില്‍മണിമൌലേ.......” സന്ന്യാസിരാവണനും(നന്ദകുമാരന്‍) സീതയും(കലാ:രാജശേഘരന്‍)
“അവനാകുന്നതു ഞാനെന്നറിക^ കോമളാഗി
 നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ“
{സ്ത്രീരത്നമേ, ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു. മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുന്‍പനാണദ്ദേഹം. അദ്ദേഹമാണ് ഞാന്‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.}

[^‘അവനാകുന്നതു ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട് വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]

ശേഷം ആട്ടം-
രാവണന്‍:^‘അല്ലയൊ മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍ ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍ സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു. ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല. അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും. അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്) ‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്) ‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’ (വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’

[^ഈ ആട്ടം ആശ്ചര്യചൂടാമണിയിലെ
“നാഹം ബന്ധുരഗാത്രി! ഭീതിവിഷയ കിംവാമുധാ ഖിദ്യസെ
 ത്രാതും ത്വാം സസുരാസുരേ ത്രിഭുവനേ കേ വാമന കുര്‍വതേ
 മയ്യസ്മിന്‍ പരിപന്ഥിനി പ്രകടിത ക്രോധാന്ധ ദിഗ്വാരണ-
 സ്ഥൂല തവ്യായത ദന്തകോടി കുലിശവ്യാലീഡ വക്ഷസ്ഥലേ” എന്ന ശ്ലോകത്തെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

രാവണന്‍ നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി കൊണ്ടുപോകുന്നു (സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു, രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.) തുടർന്ന് ഗായകർ ശ്ലോകമാലപിക്കുന്നു.
രാവണന്‍(കലാ:ക്യഷ്ണന്‍‌നായര്‍)സീതയെ(കലാ:രാജശേഘരന്‍) തേരിലേറ്റി കൊണ്ടുപോകുന്നു.
ശ്ലോകം-രാഗം:ഘണ്ടാരം
“ദശാസ്യനങ്ങേവമുരച്ചു വേഗാൽ
 എടുത്തു സീതാം ബത തേരിലാക്കി
 നടന്നനേരം പരിതാപഖിന്നാ
 ദശാസ്യമാലോക്യ രുരോദതാരം”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ഉടനെ സീതയെ തേരിലാക്കി യാത്രയായി. ആ സമയത്ത് ഭയപ്പെട്ട സീത ഉച്ചത്തിൽ നിലവിളിച്ചു.}

അനന്തരം സീത പീഠത്തിൽ നിന്നുകൊണ്ടുതന്നെ വിലാപപദം ആടുന്നു.

സീതയുടെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:
“ഹാ! ഹാ! കാന്ത ജീവനാഥ പാഹിപാഹി ദീനാമേനാം
 ഹാ! ഹാ! ബാല ലക്ഷ്മണ മാമ്പാഹിപാഹി ദീനാമേനാം
 രാക്ഷസവഞ്ചിതയായി ഞാൻ
 ഹാ! ഹാ!യെന്നെകാത്തുകൊൾക”
{കഷ്ടം! കഷ്ടം! കാന്താ, ജീവനാഥാ, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. കഷ്ടം! കഷ്ടം! ബാലാ, ലക്ഷ്മണകുമാരാ‍, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. രാക്ഷസനാൽ വഞ്ചിതയായി ഞാൻ. എന്നെ കാത്തുകൊണ്ടാലും.}

തുടർന്ന് ഗായകർ ശ്ലോകം ചൊല്ലുന്നു.

ഇടശ്ലോകം-രാഗം:കാമ്പോജി
“ഇത്ഥം രുദന്ത്യാ ജനകാത്മജായാ
 പുനഃ പുനർഭിതമതേർവ്വിലാപം
 നിശമ്യ ചാഗത്യ നിരുദ്ധ്യമാർഗ്ഗം
 നിശാചരേന്ദ്രം സ ജടായുരൂചേ“
{ഇങ്ങിനെ ഭയപ്പെട്ട സീതയുടെ വിലാപം കേട്ടുവന്ന ജടായു വഴിതടഞ്ഞ് രാക്ഷസേന്ദ്രനോട് പറഞ്ഞു.}

ശ്ലോകശേഷം ‘അഡ്ഡിഗിഡ്ഡിഗിഡ്ഡി’ മേളത്തിഒപ്പം ചിറകുകൾ വിടർത്തിക്കൊണ്ട് പ്രവേശിക്കുന്ന ജടായു ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന് നിന്ന് സീതയെഅപഹരിച്ചുകൊണ്ടുപോകുന്ന രാവണനെ കാണുന്നതോടെ ചിറകുകൾ കൊണ്ട് പ്രഹരിക്കുന്നു. രാവണൻ വാളുകൊണ്ട് തടുക്കുന്നു. അനന്തരം ജടായു ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി എടുത്തുകലാശിപ്പിച്ചിട്ട് പദാഭിനം ആരംഭിക്കുന്നു.

യുദ്ധപദം-രാഗം:കാബോജി, താളം:മുറിയടന്ത
ജടായു:
ചരണം1:
“ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു ഞാന്‍
 നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ“
ചരണം2:
“ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
 പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം”
{ദശരഥന്റെ സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാന്‍. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം! രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.}
“ഹന്ത രാമദാരങ്ങളെ.....” സീതയെ(കുടമാളൂര്‍ മുരളീക്യഷ്ണന്‍) കൊണ്ടുപോകുന്ന രാവണനെ(മടവൂര്‍ വാസുദേവന്‍ നായര്‍) ജടായു തടുക്കുന്നു.
രാവണന്‍:
ചരണം3:
“ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
 ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ”
{ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ പറയുന്നത് നല്ലതിനല്ല.}

ജടായു:
ചരണം4:
“ചാരുതരമെന്നതോർത്തു പാരമേവം ചൊല്ലും നിന്റെ
 തേരടിച്ചുടയ്ക്കുന്നുണ്ടു ചെറ്റുവൈകാതെ”
{വളരെ നല്ലതാണെന്ന ഭാവത്തിൽ എന്നോട് ഏറെ പറയുന്ന നിന്റെ തേര് ഒട്ടും വൈകാതെ അടിച്ചുടയ്ക്കുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ജടായു രാവണന്റെ രഥം തകർത്തുകളയുന്നു.തുടർന്ന് ഗായകർ അടുത്ത ശ്ലോകം ആലപികുന്നു.

ഇടശ്ലോകം+-രാഗം:സൌരാഷ്ട്രം
“ഇത്ഥം തിമർത്തു വചനങ്ങളുരച്ച ഥോ തൌ
 പക്ഷീന്ദ്രരാക്ഷസവരൌ കലഹങ്ങൾ ചെയ്തു
 ഗൃദ്ധേന്ദ്രനാശു ദശകണ്ഠരഥം മുറിച്ചു
 ചിത്തേ നിതാന്തകുപിതസ്സജഗാതചൈവം”
{ഈവിധം തിമർത്തു പലതും പറഞ്ഞുകൊണ്ട് പക്ഷീന്ദ്രനും രാക്ഷസവരനും യുദ്ധം ചെയ്തു. ജടായു രാവണന്റെ രഥം മുറിച്ചിട്ട് ഉള്ളിൽ കാളുന്ന കോപത്തോടെ പറഞ്ഞു.}

യുദ്ധപ്പദം 2-രാഗം:സൌരാഷ്ട്രം, താളം:മുറിയടന്ത
ജടായു:
ചരണം1+:
‘ഇന്നു നീ സീതയെ കൈവിടു രാവണ
 പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”
{രാവണാ, നീ സീതയെ വിടുക. എന്നാൽ ഞാൻ നിന്നെ കൊല്ലുകയില്ല.}

രാവണൻ:
ചരണം2+:
“ഗർവ്വമോടേവം ചൊല്ലുന്ന നിന്റെ
 മാറിൽ ബാണത്തെ താടിക്കുന്നുണ്ടു”
{ഗർവ്വമോടെ ഇങ്ങിനെ പറയുന്ന നിന്റെ മാറിൽ ബാണമേൽ‌പ്പിക്കുന്നുണ്ട്.}

ജടായു:
ചരണം3+:
“വില്ലു കൊത്തിമുറിച്ചെറിവൻ ഞാൻ
 നല്ല ബാണവും തൂണിയുമെല്ലാം”
{വില്ലുമാത്രമല്ല ബാണവും ആവനാഴിയുംകൂടി ഞാൻ കൊത്തിമുറിച്ചേറിയും.}

നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി അമ്പെയ്യുന്ന രാവണന്റെ വില്ല് ജടായു കെട്ടിച്ചാടിച്ചെന്ന് കൊത്തിമുറിക്കുന്നു. അനന്തരം രാവണൻ പദം അഭിനയിക്കുന്നു.

രാവണൻ:
ചരണം4+:
“വില്ലുകൊത്തിമുറിച്ചൊരു നിന്നെ
 കൊല്ലുവേനിന്നു ശൂലത്തിനാലെ”
{വില്ലുകൊത്തിമുറിച്ച നിന്നെയിന്ന് ശൂലത്താൽ കൊല്ലുന്നുണ്ട്.}

ജടായു:
ചരണം5+:
“രാക്ഷസാ നീയെടുത്തോരു ശൂലത്തെ
 പക്ഷത്താലടിച്ചാശു മുറിപ്പൻ”
{രാക്ഷസാ, നീ എടുത്ത ശൂലത്തെ ഉടനെ ചിറകുകൊണ്ട് അടിച്ച് മുറിക്കും}

ശേഷം യുദ്ധം-+
ശൂലത്തോടെ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി കുത്തുന്ന രാവണന്റെ ശൂലം ജടായു ചിറകുകൊണ്ട് അടിച്ചുമുറിക്കുന്നു. തുടർന്ന് രാവണൻ തന്റെ വാളെടുത്ത് ജടായുവിനെ എതിരിടുന്നു. യുദ്ധാവസാനം നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് രാവണൻ പദം അഭിനയിക്കുന്നു.

[+രാവണ-ജടായു യുദ്ധത്തിനിടയിലുള്ള ശ്ലോകവും ഇരുവരുടേയുമായി തുടർന്നു വരുന്ന അദ്യത്തെ 5ചരണങ്ങളും ഇപ്പോൾ സ്സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ആദ്യയുദ്ധവട്ടം കലാശിക്കുന്നതോടെ രാവണൻ രണ്ടാം യുദ്ധപ്പദത്തിലെ ആറാം ചരണം ആടുകയാണ് പതിവ്.]

രാവണന്‍:
ചരണം6:
“നില്ക്ക നില്ക്ക വിഹം‌ഗമവീര
 മര്‍മ്മമേകിയടല്‍ പൊരുതേണം”
ചരണം7:
“ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ
 പക്ഷിവര്യാ പറഞ്ഞീടവേണം“
{വീരനായ പക്ഷീ, നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ പെരുവിരളാണ് എന്റെ മര്‍മ്മം. പക്ഷിശ്രേഷ്ഠാ, പറഞ്ഞീടണം.}

ജടായു:
ചരണം8:
“രാക്ഷസാധമ എന്നുടെ മര്‍മ്മം
 പക്ഷമാകുന്നു ദക്ഷിണമല്ലൊ”
{രാക്ഷസാധമാ, എന്റെ മര്‍മ്മം വലത്തെചിറകാകുന്നു.}

രാവണന്‍:
ചരണം9:
“ചന്ദ്രഹാസമെടുത്തിഹ സംബ്രതി
 നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു”
{നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാന്ത്യത്തിൽ  നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണൻ വലംകാൽ ഉയർത്തി അതിലേയ്ക്ക് വിരൽ ചൂണ്ടിക്കാട്ടുന്നു. കെട്ടിച്ചാടിച്ചെന്ന് കാലിൽ കൊത്താൻ ശ്രമിക്കുന്ന ജടായുവിന്റെ വലതുചിറകിൽ രാവണൻ ചന്ദ്രഹാസത്താൽ വെട്ടുന്നു. ജടായു കറങ്ങി നിലമ്പതിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം;കേദാരഗൌഡം
“ഇത്ഥം പറഞ്ഞു വിരവോടു ജടായുപക്ഷം
 വിച്ഛേദ ദക്ഷിണമവൻ സ പപാത ഭൂമൌ
 താപം നിരീക്ഷ്യ വരമേകി നരേന്ദ്ര ജായാ
 ലബ്ധാർഥനായ് ദശമുഖൻ പുരമാപ വേഗാൽ”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ജാടായുവിന്റെ വലത്തുചിറക് ച്ഛേദിച്ചു. ജടായു ഭൂമിയിൽ പതിച്ചു. ഈ ദുഃഖാവസ്ഥകണ്ട് ‘മോക്ഷപ്രാപ്തിക്കുമുൻപായി രാമദേവനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കൻ ഇടവരട്ടെ’ എന്ന് സീത ജടായുവിന് വരം നൽകി. രാവണൻ വേഗം കൃതാർത്ഥതയോടെ സ്വന്തം പുരത്തിലേയ്ക്കു പോയി.}

അഭിപ്രായങ്ങളൊന്നുമില്ല: