രംഗത്ത്- മാതലി, അര്‍ജ്ജുനന്‍(ആദ്യാവസാന പച്ചവേഷം)
ശ്ലോകം-രാഗം:ശങ്കരാഭരണം
“അമര്‍ത്ത്യവര്യസാരഥിര്‍മ്മരത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്തകാദുദിത്വരാസ്ത്രസഞ്ചയൈ-
ര്‍ന്നികൃത്തശത്രുമസ്തകം സ വക്തുമാദദേ വച:”
{സംസ്തനീതികള്‍ക്കും ഭാജനമായവനും താന്‍ കയ്യിലേന്തിയ വില്ലില്‍ നിന്ന് പൊഴിയുന്ന അസ്ത്രങ്ങള്‍ കൊണ്ട് ശത്രുക്കളുടെ മസ്തകം പിളര്‍ക്കുന്നവനുമായ ആ അര്‍ജ്ജുനന്റെ സമീപത്തുചെന്ന് ഇന്ദ്രസാരഥി, ഇന്ദ്രന്‍ പറഞ്ഞയച്ച കാര്യം ആദരവോടെ പറയുവാന്‍ തുടങ്ങി.}
ഇടതുവശത്തുകൂടി തേര്‍തെളിച്ചുകൊണ്ട് മാതലി പ്രവേശിക്കുന്നു. വലതുഭാഗത്ത് ആലവട്ട,മേലാപ്പുകളോടുകൂടി, ഇരുകൈകളിലുമായി അമ്പുംവില്ലും കുത്തിപിടിച്ച്, വീരഭാവത്തില്‍ ഞെളിഞ്ഞിരിക്കു അര്‍ജ്ജുനന്‍, ആകാശമാര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്ന രഥം കണ്ട് അത്ഭുതപ്പെടുന്നു. മാതലി രഥം നിലത്തിറക്കി നിര്‍ത്തി, ചമ്മട്ടി താഴെവെച്ച്, കൈകള്‍ കെട്ടി മുന്നോട്ടുവന്ന് അര്‍ജ്ജുനനെ നോക്കിക്കണ്ട്, പദാഭിനയം ആരംഭിക്കുന്നു.
 |
| മാതലി(നരിപ്പറ്റ നാരായണന്‍ നമ്പൂത്തിരി)അര്‍ജ്ജുനനെ(കലാ:ഗോപി) നോക്കി കണ്ട്, പദാഭിനയം ആരംഭിക്കുന്നു |
മാതലിയുടെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“വിജയ തേ ബാഹുവിക്രം വിജയതേ”
ചരണം1:
“പരമേശന്‍ തവ രണനൈപുണ്യം കണ്ടു
പരിതോഷമകതാരില്‍ കലര്‍ന്നുടനെ ബത
പരന്മാരാല്‍ സുദുര്‍ല്ലഭമായീടും പരമാസ്ത്രം
പരിചോടെ ലഭിച്ചതും പരമിഹ വിചാരിച്ചാല്‍”
ചരണം2:
“കുരുനൃപകുമാരന്മാര്‍ ഒക്കവേ പോരില്‍
മറുത്തുനില്‍ക്കരുതാഞ്ഞു വലഞ്ഞുടന്‍ നീയും
കരുത്തുള്ള ദ്രുപദനെ പടുത്വമോടെ ബന്ധിച്ചു
ഗുരുഭൂതനു ദക്ഷിണ കുതുകമോടെ ചെയ്തതും”
ചരണം3:
“കരബലമിയലുന്ന നൃപന്മാരാലതി
ദുരാരോപമായുള്ള ധനുസ്സിങ്കല്‍ നല്ല
ശരമഞ്ചും തൊടുത്തെയ്തു മുറിച്ചു ലാക്കിനെ ചാരു-
തരുണീമണിയെ പാണിഗ്രഹണം
^ ചെയ്തോരു വീരാ”
{വിജയാ, അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ. പരമേശ്വരന്‍ അങ്ങയുടെ രണനൈപുണ്യം കണ്ട് സന്തോഷിച്ച് മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ പ്രയാസമുള്ള ദിവ്യാസ്ത്രം അങ്ങയ്ക്ക് തന്നതും, കൌരവകുമാരന്മാര്‍ മറുത്തുനില്‍ക്കാനാവാതെ പോരില്‍ തളര്‍ന്നുപോയപ്പോള്‍ ഉടനെ അങ്ങ് കരുത്തനായ ദ്രുപദനെ സമര്‍ത്ഥമായി ബന്ധിച്ച് ഗുരുഭൂതന് സസന്തോഷം ദക്ഷിണചെയ്തതും വിചാരിച്ചാല്‍ അത്ഭുതം തന്നെ. കരബലം തികഞ്ഞ നൃപന്മാരാല്‍ കുലയ്ക്കുവാനാവാതിരുന്ന ധനുസ്സില്‍ ശരങ്ങളഞ്ചും ഒന്നിച്ചുതൊടുത്ത് ലാക്കിനെ മുറിച്ച് സുന്ദരീരത്നത്തെ പാണിഗ്രഹണം ചെയ്തൊരു വീരാ, അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ.}
[
^ വീരഭാവത്തിലിരിക്കുന്ന അര്‍ജ്ജുനന്‍ ‘പാണിഗ്രഹണം’ എന്നു കേള്‍ക്കുന്നതോടെ ഗൌരവം വിടാതെ കഴുത്തിളക്കി ലജ്ജനടിക്കുന്നു. ശേഷം മുന്‍ നിലയില്‍ ഇരിക്കുന്നു.]
 |
| “കരുത്തുള്ള ദ്രുപദനെ”(മാതലി-കലാ:പത്മനാഭന്‍ നായര്‍, അര്‍ജ്ജുനന്‍-കലാ:രാമന്‍കുട്ടിനായര്‍) |
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(ഒന്നാം കാലം)
ചരണം1:
“സലജ്ജോഹം തവ ചാടുവചനത്താലതി-
നലംഭാവം മനസി നീ വഹിച്ചാലും ഹന്ത
ചിലരിതു ശ്രവിക്കുമ്പോള്‍ ഞെളിഞ്ഞീടുന്നവര്‍ ഭൂവി
ജളന്മാരെന്നതു നൂനം ഛലമല്ല മഹാമതേ”
ചരണം2:
“ചാരുശോഭതടവീടുന്ന വരമാരുടെ രഥമിതെന്നും ഭവാന്‍
അരുണനോ കിമു വരുണനോ മനസി
കരുണയോടിവിടെ വന്ന കാരണവും നീ
ചൊല്‍കെടോ നീയാരെന്നു സത്യം”
{താങ്കളുടെ പ്രശംസകേട്ട് ഞാന്‍ ലജ്ജിക്കുന്നു. ഇനിയും പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം. കഷ്ടം! ചിലര്‍ ഇതുകേള്‍ക്കുമ്പോള്‍ ഞെളിയാറുണ്ട്. ഭൂവില്‍ അവര്‍ വിഢികളാണെന്നു തീര്‍ച്ച. മഹാമതേ, ഈ പറഞ്ഞത് കളവല്ല. സുന്ദരമായിശോഭിക്കുന്ന ഈ രഥം ആരുടെയാണ്? ഭവാന്‍ ആദിത്യസാരഥിയായ അരുണനാണോ? അതോ വരുണനോ? മനസ്സില്‍ കരുണയോടെ ഇവിടെ വന്നകാരണവും, താങ്കളാരെന്നുമുള്ള സത്യം പറയുക.}
 |
| "നലംഭാവം മനസി നീ വഹിച്ചാലും"(അര്‍ജ്ജുനന്‍:കലാ:കൃഷ്ണന്‍നായര്‍) |
ചരണം4:
രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
“ചന്ദ്രവംശ മൌലീരത്നമേ ഞാനും
ഇന്ദ്രസൂതനെന്നറിഞ്ഞാലും ഹൃദി
സാന്ദ്രമോദമോടരുള്‍ ചെയ്കയാലിവിടെ
വന്നതെന്നു കരുതീടുക സാമ്പ്രതം”
{ചന്ദ്രവംശത്തിന്റെ ശിരോരത്നമേ, ഞാന്‍ ഇന്ദ്രന്റെ സൂതനാണെന്നറിഞ്ഞാലും. അവിടുന്ന് മനസ്സില്‍ അതിയായ സന്തോഷത്തോടുകൂടി കല്പിച്ചതിനാലാണ് ഇവിടെ വന്നത്.}
 |
| “ജളന്മാരെന്നതു നൂനം”(അര്‍ജ്ജുനന്‍:കലാ:ഗോപി) |
മാതലി കൈകള്‍കെട്ടി ഇടതുവശത്ത് നില്‍ക്കുന്നു.
അര്‍ജ്ജുനന്‍:(മാതലിയുടെ കൈകളില്‍ പിടിച്ച്, ആപാദചൂടം വീക്ഷിച്ചിട്ട്, ആത്മഗതം) ‘ഇദ്ദേഹം ഏറ്റവും യോഗ്യന്‍ തന്നെ. ഇനി ഇദ്ദേഹത്തോട് ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുക തന്നെ’ (മാതലിയോട്) ‘ഹേ മാതലേ, ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും.’ (മേളം കാലം താഴുന്നു)
അര്‍ജ്ജുനന്‍:^‘യാഗഭുക്കുകളില്‍ നാഥനായും ശചീവല്ലഭനായും ഉള്ള എന്റെ അച്ഛന് സുഖം തന്നെയല്ലെ?’
മാതലി:‘സുഖം തന്നെയാണ് ’
അര്‍ജ്ജുനന്‍:‘അതെയോ? പിന്നെ പുലോമമഹര്‍ഷിയുടെ പുത്രിയായ അമ്മയ്ക്കും സുഖമല്ലെ?’
മാതലി:‘ദേവിക്കും സുഖം തന്നെ’
അര്‍ജ്ജുനന്‍:‘അതെയോ? പിന്നെ അവരുടെ പുത്രനായ ജയന്തന്‍ അവര്‍ക്കിരുവര്‍ക്കും സന്തോഷത്തെ ചെയ്യുന്നില്ലെ?’
മാതലി:‘ഉവ്വ് ’
അര്‍ജ്ജുനന്‍:‘ഉവ്വോ? എന്നാല്‍ അവര്‍ മൂവരേയും കാണുവാന്‍ മനസ്സ് ആഗ്രഹിക്കുന്നു. അതിനാല്‍ നമുക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയല്ലെ?’
മാതലി:‘അങ്ങിനെ തന്നെ’
അര്‍ജ്ജുനന്‍:‘ഹേ മാതലേ, സ്വര്‍ഗ്ഗത്തിലേക്ക് രഥം വഴിപോലെ തെളിച്ചാലും’ (മാതലിയുടെ കൈകോര്‍ത്തുപിടിച്ച് വട്ടംവെയ്ച്ചശേഷം കൈവിട്ട്) ‘നില്‍ക്കു’
അര്‍ജ്ജുനന്‍ രഥത്തെ കുമ്പിട്ട്, തൊട്ടുതലയില്‍ വെയ്ച്ച്, ധ്യാനിച്ചശേഷം മാതലിയോട് രണ്ടുതവണ കണ്ണുകള്‍ കൊണ്ടും, രണ്ടുതവണ കൈകൊണ്ടും ‘പോകാം’ എന്നു കാട്ടി, നാലാമിരട്ടിയെടുത്ത് മാതലിക്കൊപ്പം രഥത്തില്‍ ചാടിക്കയറുന്നു. വില്ലും അമ്പും ഇരുകൈകളിലായി പിടിച്ച് സന്തോഷാധിക്യത്തോടെ അര്‍ജ്ജുനനും, തേര്‍ തെളിച്ചുകൊണ്ട് മാതലിയും നിഷ്ക്രമിക്കുന്നു.
[
^ഈ ആട്ടം “താത: കിം കുശലീ മമ ക്രതുഭുജാംനാഥശ്ശചൈഇവല്ലഭോ
മാതാ കിംനു പുലോമജാകുശലിനീസൂനുര്‍ ജയന്തസ്തയോ:
പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്‍ക്കണ്ഠതേ
സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ” എന്ന ശ്ലോകത്തെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആട്ടാരംഭം പതിഞ്ഞ തൃപുടതാളത്തിലാണെങ്കിലും അത് ക്രമേണ കാലമുയര്‍ത്തികൊണ്ടുവരും.]
-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേതാരഗൌഡം
“നഗരീ തരസാ രഥിനാമപഹര്‍താ
കീര്‍ത്തിമാശു തരസാരഥിനാ
യുധിനാ മനസാദരിണാ ലംഘ്യാ
പ്രാപേര്‍ജ്ജുനേന മനസാദരിണാ”
{മഹാരഥന്മാരുടെ കീര്‍ത്തിയെ കവരുന്നവനും വേഗത്തില്‍ തേരോടിക്കുന്ന സാരഥിയോടു കൂടിയവനുമായ അര്‍ജ്ജുനന്‍ യുദ്ധഭീരുക്കള്‍ക്ക് ഒരിക്കലും ചെന്നെത്താനാവാത്ത അമരാവതീനഗരിയില്‍ ആദരവുറ്റ മനസ്സോടെ ചെന്നുചേര്‍ന്നു.}
രണ്ടാംരംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍
*മാതലിയുടെ പദാഭിനയം കഴിഞ്ഞ് അര്‍ജ്ജുനനും മാതലിയും കൈകോര്‍ത്തുപിടിച്ച് ഒരു വട്ടംവെയ്ച്ച്, ഇടതുവശത്തായി മാതലിയും വലതുവശത്തായി അര്‍ജ്ജുനനും പീഠത്തില്‍ ഇരുന്നും ഈ ആട്ടം ആടുക പതിവുണ്ട്.