2009, ജനുവരി 4, ഞായറാഴ്‌ച

കാലകേയവധം അഞ്ചാംരംഗം

രംഗത്ത്-അര്‍ജ്ജുനന്‍, വജ്രകേതു(ഇടത്തരം ചുവന്നതാടി വേഷം), വജ്രബാഹു(ഇടത്തരം നേടുംകത്തിവേഷം)

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
“വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹുസഹിതോ ജവാല്‍
 നിര്‍ജ്ജരാധിപരിപൂര്‍ജ്ജഹാരപരമുര്‍വ്വശീമുഖസുരാംഗനാ:
 അര്‍ജ്ജുനോപി സമുപേത്യ വാഗ്ഭിരിതിതര്‍ജ്ജയന്നമരസഞ്ചയൈര്‍-
 ദുര്‍ജ്ജയൌ വരബലേന തൌ ന്യരുണദൂര്‍ജ്ജിതൈശ്ശിതശിലീമുഖൈഃ”‍
{ആ സമയത്ത് വജ്രകേതു എന്നു വിശ്രുതനായ അസുരന്‍ വജ്രബാഹു എന്ന അനുജനോടുകൂടി വന്ന് ഉര്‍വ്വശി മുതലായ സുരാംഗനമാരെ പിടിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. ഉടനെ അര്‍ജ്ജുനനെത്തി വരബലത്താല്‍ ദേവസമൂഹത്തിന് ജയിക്കുവാന്‍ പ്രയാസമുള്ളവരായ അവരെ തടുക്കുകയും ആക്ഷേപിക്കുകയും ശക്തിയും മൂര്‍ച്ചയുമുള്ള ശരങ്ങളെക്കൊണ്ട് നേരിടുകയും ചെയ്തു.}

വജ്രകേതുവിന്റെ തിരനോട്ടം-
വജ്രബാഹുവിന്റെ തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോള്‍ വജ്രകേതുവും വജ്രബാഹുവും രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്നു.
വജ്രകേതു:‘നോക്കു, ദേവന്മാരെല്ലാം നമ്മളോട് തോറ്റ് ഓടിപ്പോയി. ഇനി ഈ സുന്ദരിമാരെയെല്ലാം പിടിച്ചുകൊണ്ട് നമുക്ക് വേഗം പോകാം.’
വജ്രബാഹു:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അതാ ഒരു മനുഷ്യന്‍ നമ്മുടെ നേര്‍ക്ക് വരുന്നു. യുദ്ധത്തിനാണന്ന് തോന്നുന്നു.’
വജ്രകേതു:(വീക്ഷിച്ചിട്ട്) ‘വരട്ടെ. ക്ഷണത്തില്‍ അവനെ നശിപ്പിച്ചുകളയാം’
വലത്തുഭാഗത്തുകൂടി ഇടുത്തുകലാശം ചവുട്ടി അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(മുന്നോട്ടുവന്ന് അസുരന്മാരെ കണ്ട് പുച്ഛിച്ച്) ‘ഈ സ്ത്രീകളെ കൊണ്ടുപോകുന്നതിന്‍ മുന്‍പ് കരുത്തുണ്ടെങ്കില്‍ യുദ്ധത്തില്‍ എന്നെ ജയിക്കുവിന്‍. നോക്കിക്കോ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

യുദ്ധപ്പദം-രാഗം:കാനക്കുറിഞ്ഞി,താളം:പഞ്ചാരി(മൂന്നാം കാലം)
അര്‍ജ്ജുനന്‍:
പല്ലവി:
“ആരെടാ സുരാധിനാഥനെ ഭയപ്പെടാതെ വന്നു
 നേരുകേടു ചെയ്തിടുന്നതധികവീരരേ”
ചരണം1
“ആരുമേ ധരിച്ചിടാതെ നാരിമാര്‍കളെ ഹരിച്ച
 ശൂരരായ നിങ്ങളാരഹോ പറഞ്ഞാലും”
(“ആരെടാ സുരാധിനാഥനെ.............ചെയ്തിടുന്നതധികവീരരേ”)
{ദേവനാഥനെ ഭയപ്പെടാതെ വന്ന് നേരുകേട് ചെയ്തിടുന്ന അധികവീരരേ, നിങ്ങള്‍ ആരെടാ? ഹോ! ആരും അറിയാതെ വന്ന് സ്ത്രീകളെ അപഹരിച്ച ധൈര്യശാലികളായ നിങ്ങള്‍ ആരെന്നു പറഞ്ഞാലും.}

വജ്രകേതു:
ചരണം2:(നാലാം കാലം)
“വജ്രകേതുവെന്നെനിക്കു നാമമെന്റെ അനുജനിവനു
 വജ്രബാഹുവെന്നു നാമം ലോകവിശ്രുതം‍”
{വജ്രകേതു എന്ന് എന്റെ നാമം. എന്റെ അനുജനായ ഇവന് വജ്രബാഹു എന്ന് നാമം. ഞങ്ങള്‍ ലോകപ്രസിദ്ധരാണ്.}

വജ്രബാഹു:
ചരണം3:
“വജ്രപാണി തന്നെയിങ്ങെതിര്‍ത്തുപൊരുവതിനുവരികി-
 ലിജ്ജനത്തൊടേറ്റു തോറ്റു പോയിടും ദൃഢം‍‍”
{ദേവേന്ദ്രന്‍തന്നെ എതിര്‍ത്ത് പൊരുതുവാന്‍ വന്നാലും ഞങ്ങളോടേറ്റ് തോറ്റുപോയിടും, തീര്‍ച്ച.}

അര്‍ജ്ജുനന്‍:
ചരണം4:
“പാകശാസനന്റെ തനയനായിടുന്ന ഞാന്‍ രണത്തി-
 ലാകവേ ഹനിച്ചിടുന്നതുണ്ടു നിര്‍ണ്ണയം”
ചരണം5:
“നാകലോകനാരിമാര്‍കളെ ഹരിപ്പതിനായിവിടെ
 വേഗമോടു വന്ന നിങ്ങള്‍ വരിക പോരിനായ്”
{ദേവേന്ദ്രന്റെ തനയനായിടുന്ന ഞാന്‍ രണത്തില്‍ നിങ്ങളെ നശിപ്പിക്കുന്നുണ്ട്, തീര്‍ച്ച. ദേവലോകനാരിമാരെ അപഹരിക്കുവാനായി ഇവിടെ പെട്ടന്നുവന്ന നിങ്ങള്‍ യുദ്ധത്തിനു വരിക.‍}

വജ്രകേതു:
ചരണം6:
“പാകശാസനാത്മജാദ്യ ചാകവേണ്ട നീ വൃഥൈവ
 പോക പോക വൈകിടാതെ പൊരുതിടേണ്ട നീ”
{ഇന്ദ്രാത്മജാ, നീ വെറുതേ ചാകണ്ട. വൈകിടാതെ പോവുക, പോവുക. നീ പൊരുതിടേണ്ട.}

വജ്രബാഹു:
“ഏകനായി രണാങ്കണത്തിലാകവേ ഹനിയ്ക്കിലിന്നു
 സൈകതേന സാഗരേ ചിറ തടുക്കലാം”
{ഏകനായി യുദ്ധഭൂമിയില്‍ എതിരിടുന്നത് സമുദ്രത്തില്‍ മണലുകൊണ്ട് ചിറകെട്ടുന്നതുപോലെയാകും.}

ശേഷം യുദ്ധവട്ടം-
ക്രമത്തില്‍ പോരുവിളിച്ച് അര്‍ജ്ജുനനും വജ്രകേതു വജ്രബാഹുമാരും അസ്ത്രമയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ അര്‍ജ്ജുനന്‍ ഇരുവരേയും അസ്ത്രങ്ങളാല്‍ വധിക്കുന്നു.
-----(തിരശ്ശീല)-----
അര്‍ജ്ജുനന്‍:(തിരശ്ശീലയ്ക്കു മുന്നിലേയ്ക്കു വന്ന്)‘അസുരന്മാരെല്ലാം ഒടുങ്ങി. ദേവന്മാര്‍ക്കുവന്ന ആപത്ത് ഇല്ലാതെയാക്കുവാന്‍ കഴിഞ്ഞല്ലൊ. ഇനി വേഗം പിതാവിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകതന്നെ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: