2009, ജനുവരി 1, വ്യാഴാഴ്‌ച

കാലകേയവധം ആറാം രംഗം

രംഗത്ത്- ഉര്‍വ്വശി‍(ഒന്നാംതരം സ്ത്രീവേഷം) ‍,സഖി(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“സ്വര്‍വ്വധൂജനമണിഞ്ഞിടുന്ന മണിമൌലിയില്‍ ഖചിതരത്നമാ-
 മുര്‍വ്വശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
 ശര്‍വ്വരീശകലഭൂഷണം യുവതിമോഹനം ധവളവാഹനം
 പാര്‍വ്വണേന്ദുമുഖി പാണ്ഡുസൂനു മഭിവീക്ഷ്യ ചൈവമവദത്സഖീം‍‌”
{സ്വര്‍ലോകസുന്ദരിമാരണിയുന്ന രത്നകിരീടത്തിലെ രത്നവും പൂര്‍ണ്ണേന്ദുമുഖിയുമായ ഉര്‍വ്വശി, ചന്ദ്രവംശത്തിന് അലങ്കാരമായുള്ളവനും യുവതികളുടെ മനം‌മയക്കുന്നവനുമായ പാണ്ഡുസുതനെ കണ്ടശേഷം, കാമപാരവശ്യത്തോടെ സഖിയോട് ഇങ്ങിനെ പറഞ്ഞു.}

ഇടതുവശത്ത് സഖി നില്‍ക്കുന്നു. ഉര്‍വ്വശി വലത്തുഭാഗത്തുകൂടി പതിഞ്ഞ ‘കിടതകധീം,താ’മോടെ പ്രവേശിച്ച്, അര്‍ജ്ജുനന്റെ സ്വരൂപം ആത്മദൃഷ്ടിയാല്‍ നോക്കികണ്ട്, അത്ഭുതം നടിച്ചുകൊണ്ട് സഖിയോടായി പദാഭിനയം ആരംഭിക്കുന്നു.

ഉര്‍വ്വശിയുടെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പാണ്ഡവന്റെ രൂപം കണ്ടാല്‍ അഹോ”
അനുപല്ലവി:
“പുണ്ഡരീകഭവസൃഷ്ടികൌശലമ-
 ഖണ്ഡമായി വിലസുന്നവങ്കലിതി ശങ്കേ ഞാന്‍”
ചരണം1:
“പണ്ടുകാമനെ നീല-
 കണ്ഠന്‍ ദഹിപ്പീച്ചീടുകമൂലം
 തണ്ടാര്‍ബാണ തുല്യനായ്
 നിര്‍മ്മിതനിവന്‍ വിധിയാലും‍‍”
ചരണം2:(ഇരട്ടിനൃത്തം)
“തൊണ്ടി പവിഴമിവ മണ്ടുമധരമിതു
 കണ്ടിടുന്നളവില്‍ ഇണ്ടല്‍‌പൂണ്ടു ബത
 കൊണ്ടലണികുഴലി കോമളവദനേ
 അയിസഖി ബത”
{പാണ്ഡവന്റെ രൂപം കണ്ടാല്‍ ആശ്ചര്യം തന്നെ. ബ്രഹ്മാവിന്റെ സൃഷ്ടികൌശലം സമഗ്രമായി ഇവനില്‍ വിലസുന്നുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പണ്ട് കാമനെ നീലകണ്ഠന്‍ ദഹിപ്പിച്ചതുമൂലം കാമനുതുല്യനായി നിര്‍മ്മിക്കപ്പെട്ടവനാണിവന്‍. എടോ സഖി, കാര്‍കുഴലീ, കോമളവദനേ, ഹോ! ഇദ്ദേഹത്തിന്റെ അധരം കണ്ടാല്‍ തൊണ്ടിപഴം, പവിഴം എന്നിവകൂടി സങ്കടപ്പെട്ട് ഓടിപോകും.}
“പാണ്ഡവന്റെ രൂപം....”(ഉര്‍വ്വശി-ഫാക്റ്റ്:പതമനാഭന്‍, സഖി:ആര്‍.എല്‍.വി.പ്രമോദ്)
ശ്ലോകം-രാഗം:കാമോദരി
“സ്വര്‍വ്വാരനാരീ ഗണനാഗ്രഗണ്യയാ
 ഗീര്‍വ്വാണരാജാത്മജസക്തചിത്തയാ
 ഉക്താം നിശമ്യാത്മസഖീ ഗിരം തയാ
 പ്രത്യാബഭാഷേ ച സഖീമഥോര്‍വ്വശീം‍”
{സ്വര്‍ലോകത്തെ ദേവനാരികളില്‍ ശ്രേഷ്ഠയും അര്‍ജ്ജുനനില്‍ ആഗ്രഹമുള്ളവളുമായ ഉര്‍വ്വശി പറഞ്ഞതു കേട്ടിട്ട് സഖി മറുപടിയായി പറഞ്ഞു.}

സഖിയുടെ മറുപടിപദം-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“അയിസഖി ശൃണു മമ വാണീമിഹ
 മഹിതതമേ കല്യാണീ”
അനുപല്ലവി:
“സത്തമനവനതിധീരന്‍
 പുരുഷോത്തമസദൃശന്‍ ഉദാരന്‍”
ചരണം1:
“എത്തുകിലവനോടുയോഗം തവ
 യുക്തമവനില്‍ അനുരാഗം‍”
ചരണം2:
“ചിത്തമറിഞ്ഞിടാതെ മദ-
 നാര്‍ത്തി തുടങ്ങിടാതെ”
ചരണം3:
“നിയമവിഘാതത്തിന്നായി ചെന്നു
 വയം അസമര്‍ത്ഥരായ്‌വന്നു”
{അല്ലയോ സഖീ, ഏറ്റവും മഹിതയായുള്ളവളേ, മംഗളവതീ, എന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രവിച്ചാലും. സത്തമനും, അതിധീരനും, വിഷ്ണുതുല്യനും, ഉദാരനുമായ അദ്ദേഹത്തോട് ചേരുവാന്‍ സാധിക്കില്‍ ഭവതിയുടെ അനുരാഗം യുക്തം തന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സറിയാതെ മദനാര്‍ത്തി തുടങ്ങരുത്. തപസ്സിളക്കുവാനായി പോയിട്ട് നാം പരാജയപ്പെട്ട് പോന്നത് ഓര്‍ക്കുക.‍}

ഉര്‍വ്വശി:
ചരണം3:രാഗം:എരിക്കലകാമോദരി, താളം:അടന്ത(മൂന്നാം കാലം)
“നിരുപമനയഗുണശീലേ മയി
 കരുണ കലര്‍ന്നീടു ബാലേ”
ചരണം4:
“എന്നാലതിനൊരുപായം വദ
 വന്നീടരുതൊരു അപായം”
{ഉപമയില്ലാത്ത നയഗുണശീലമുള്ളവളേ, എന്നില്‍ കരുണ കാണിച്ചാലും. എന്നാലതിന് ഒരപായവും വന്നീടാത്ത ഒരു ഉപായം പറയൂ.‍}

സഖി:
ചരണം4:-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
“രഹസിതദികേ നീ ചെല്ലൂ നിജ-
 പരവശമവനൊടു ചൊല്ലൂ”
ചരണം5:
“മന്ദഹസിതമധു തൂകുന്നേരം
 സുന്ദരി തവ വശനാകും”
{ഒറ്റക്കിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് തന്റെ ആഗ്രഹം അറിയിക്കു. മന്ദഹാസമാകുന്ന തേന്‍ തൂകുമ്പോള്‍ അദ്ദേഹം സുന്ദരിയായ നിനക്ക് വശനാകും.‍}

ശേഷം ആട്ടം-
ഉര്‍വ്വശി‍:‘എന്നാല്‍ ഞാന്‍ നീ പറഞ്ഞതുപോലെ തന്നെ ചെയാം.’
സഖി‍:‘അങ്ങിനെ തന്നെ’
ഉര്‍വ്വശി സഖിയുടെ കൈ കോര്‍ത്തുപിടിച്ച് ‘കിടതകധീം,താം’ ചവുട്ടി നിഷ്ക്രമിക്കുന്നു.
ഉര്‍വ്വശിയും(മാര്‍ഗ്ഗി വിജയകുമാര്‍) സഖിയും(സദനം വിജയന്‍) നിഷ്ക്രമിക്കുന്നു
-----(തിരശ്ശീല)-----

ഇടശ്ലോകം‍-രാഗം:കേതാരഗൌഡം
“സുലളിത പദന്യാസാ
 രുചിരാലംകാരശാലിനീ മധുരാ
 മൃദുലാപി ഗഹനഭാവാ
 സൂക്തിരിവാവാപ സോര്‍വശീ വിജയം”
{ഏറ്റവും ലളിതമായ പദവിന്യാസത്തോടുകൂടിയവളും, മനോഹരമായ അലങ്കാരങ്ങള്‍ കൊണ്ട് ശോഭിക്കുന്നവളും, മാധുര്യഗുണശീലയും, കണ്ടാല്‍ മാര്‍ദ്ദവമുള്ളവളെങ്കിലും ഉള്ളില്‍ കടുപ്പമുള്ളവളുമായ ഉര്‍വ്വശി സുന്ദരമായ കവിതയെന്നപോലെ വിജയസമീപം ചെന്നു.}

3 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

“സുലളിതപദന്യാസാ” എന്നു പറഞ്ഞിട്ട് “സ്മരസായകദൂനാ”യിലാകെ സങ്കീർണ്ണമായ ‘ചുവടുവെപ്പുകളാ’ണ് വരുന്നത് എന്നതാണു തമാശ:)

RAMAMOORTHY പറഞ്ഞു...

Hi

I tried to get ATTAKATHA books from various books stalls in Trivandrum, for eg., DC books etc. However, only 'Nalacharitham' and 'Irayimman Thampiyude Attakadhakal' are available in book form.

I, for one, usually likes to go to see Kathakali with the book in hand, or rather having read it well.

Can you help me, Can you suggest some books with names of publishers/books shops etc. to get other Attakathas in book form

regards

ramamoorthy

ramamoorthyh@gmail.com

മണി,വാതുക്കോടം. പറഞ്ഞു...

എല്ലാ ആട്ടകഥകളും അടങ്ങിയ പുസ്തകം എന്നോന്നുള്ളത് ‘നൂറ്റൊന്ന് ആട്ടകഥകള്‍’(2വോ‍ള്യങ്ങള്‍) ആണ്. ഇത് നാഷണല്‍ ബുക്ക്സ്റ്റാള്‍ ആണ് ഇറക്കിയിരിക്കുന്നതെന്നു തോന്നുന്നു.
പ്രധാന ആട്ടകഥകളും ആസ്വാദകന് പ്രയോജനക്കരമായ രീതിയില്‍ അവയുടെ അവതരണരീതികളും ആട്ടങ്ങളും വിവരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് ദര്‍പ്പണ,ഹൊദ്രബാദ് പ്രസിധപ്പെടുത്തിയ ശ്രീ കെ.പി.എസ്സ്. മേനോന്റെ ‘കഥകളിയാട്ടപ്രകാരം’(3വോള്യങ്ങള്‍.)
കലാ:പത്മനാഭന്‍ നായരുടെ ‘വേഷം’(2വോള്യം.കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്.) എന്ന പുസ്കത്തില്‍ തോടയം പുറ്പ്പാട് എന്നിവയുടെയും 2കഥകളുടെയും സാങ്കേതികവിവരങ്ങള്‍ ഉള്‍പ്പെടെ ഉണ്ട്.
എന്നാല്‍ ഇവയൊന്നും ഇപ്പോള്‍ ലഭ്യമല്ലാ എന്നുള്ളതാണ് ഖേദകരമായ വസ്തുത.
ലഭ്യമായ ഒരെണ്ണം കലാ:പതമനാഭന്‍‌നായരുടെ ‘ചൊല്ലിയാട്ടം’
എന്നതാണ്. കളരിചിട്ടയുള്ള ആട്ടകഥകളൂം അവതരണരീതികളും വിശദമായി ഇതില്‍ ഉണ്ട്. ഇത് കേരളകലാമണ്ഡലം പ്രസിദ്ധീകരണമാണ്.