2009, ജനുവരി 4, ഞായറാഴ്‌ച

കാലകേയവധം മൂന്നാംരംഗം

രംഗത്ത്- ഇന്ദ്രന്‍‍, മാതലി, അര്‍ജ്ജുനന്‍

ശ്ലോകം-രാഗം:തോടി
“സഭാം പ്രവേശ്യാഥ സഭാജിതോമരൈ
 സ്വനാമ സങ്കീര്‍ത്ത്യ നനാമ വജ്രിണം
 മുദാ തദാശ്ലേഷ സുനിര്‍വൃതോര്‍ജ്ജുനോ
 ജഗാദ വാചം ജഗതാമധീശ്വരം”
{പിന്നീട് ദേവസഭയില്‍ ചെന്ന് ദേവകളാല്‍ ആദരിക്കപ്പെട്ട അര്‍ജ്ജുനന്‍, തന്റെ നാമം പറഞ്ഞ് ഇന്ദ്രനെ നമസ്ക്കരിച്ചു. അപ്പോള്‍ ജഗതധീശന്റെ ആശ്ലേഷത്താല്‍ സുനിര്‍വൃതി ലഭിച്ച അര്‍ജ്ജുനന്‍ സസന്തോഷം പറഞ്ഞു.}

ഇടതുവശത്തുകൂടി ‘കിടതകധീം,താ’മോടേ പ്രവേശിക്കുന്ന മാതലി വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ട്, ‘അര്‍ജ്ജുനന്‍ ഇതാ’ എന്നുകാട്ടി, മാറി നിഷ്ക്രമിക്കുന്നു. പതിഞ്ഞ ‘കിടതകധീം,താ’മിനൊപ്പം ഇടതുഭാഗത്തുകൂടി ഭക്തിരസത്തോടെ, ചാപബാണധാരിയായ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. ദേവസഭയില്‍ ഒരുഭാഗത്ത് ദേവന്മാരെ കണ്ട് അത്ഭുതഭക്തിയോടേയും, മറുഭാഗത്ത് ഋഷികളെ കണ്ട് ഭയഭക്തിയോടെയും, വെവ്വേറേ കണ്ണുകള്‍കൊണ്ട് അവരോട് അനുവാദം ചോദിച്ച് മുന്നോട്ട് നീങ്ങുന്ന അര്‍ജ്ജുനന്‍, തനിക്കു ലബദ്ധമായ മഹാഭാഗ്യത്തെ ഓര്‍ത്ത് അത്ഭുതപ്പെടുന്നു. വീണ്ടും മുന്നോട്ട് നീങ്ങുന്ന അര്‍ജ്ജുനന്‍ വലതുവശത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കുമ്പിട്ടിട്ട്, പദാഭിനയം ആരംഭിക്കുന്നു.
അര്‍ജ്ജുനന്‍(കലാ:രാമന്‍‌കുട്ടിനായര്‍) ഇന്ദ്രനെ കുമ്പിട്ട് അനുഗ്രഹം വാങ്ങുന്നു
അര്‍ജ്ജുനന്റെ പദം-രാഗം:തോടി, താളം:അടന്ത(ഒന്നാം കാലം)
പല്ലവി:
“ജനക തവ ദര്‍ശ്ശനാലിന്നു മമ ജനനം സഫലമായ്‌വന്നു”
“ജനക തവ“ (അര്‍ജ്ജുനന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ചരണം1:^
“കുടിലതയകതാരില്‍ തടവീടും അരി-
 പടലങ്ങളെയൊക്കവെ ഒടുക്കുവാനായ്
 അടിമലര്‍ തൊഴുതീടും അടിയനെ വിരവോടു
 പടുതയുണ്ടാവാന്‍ അനുഗ്രഹിച്ചീടേണം”
(“ജനക തവ ദര്‍ശ്ശനാലിന്നു ...............”)
{ജനകാ, അങ്ങയെ ദര്‍ശ്ശിച്ചതിനാല്‍ ഇന്ന് എന്റെ ജന്മം സഫലമായിതീര്‍ന്നു. മനസ്സില്‍ കുടിലത നിറഞ്ഞ ശത്രുസമൂഹത്തെ ഒക്കവെ ഒടുക്കുവാനുള്ള കെല്‍പ്പുണ്ടാകനായി അടിമലര്‍ തൊഴുതീടുന്ന അടിയനെ വേണ്ടവണ്ണം ഒന്നനുഗ്രഹിക്കേണമേ.}
“അരിപടലങ്ങളെയൊക്കവെ ഒടുക്കുവാനായ്‘ (അര്‍ജ്ജുനന്‍-കലാ;ഗോപി)
[^ആദ്യചരണത്തിലെ ആദ്യരണ്ടുവരികള്‍ രണ്ടാംകാലത്തിലേക്ക് കയറ്റിയാണ് എടുക്കുക.]


“ഒന്നനുഗ്രഹിച്ചീടേണം”(അര്‍ജ്ജുനന്‍:കലാ:കൃഷ്ണന്‍‌നായര്‍)
ശ്ലോകം^-രാഗം:ശങ്കരാഭരണം
“പാര്‍ശ്ശ്വവര്‍ത്തിനമതീവ ജയന്തം
 സേര്‍ഷ്യമാശു കലയന്‍ വിജയന്തം
 ആസനാര്‍ധമധിരോപ്യ മുദാ തം
 പ്രശ്രയാവനതമാഹ മഹേന്ദ്ര:”
{പാര്‍ശ്വത്തില്‍ വര്‍ത്തിക്കുന്ന ജയന്തന് അസൂയജനിക്കുമാറ് ഇന്ദ്രന്‍ വിജയന് തന്റെ അര്‍ധാസനം നല്‍കി. വിനയം കൊണ്ട് തലകുനിഞ്ഞവനായ് അര്‍ജ്ജുനനോട് സസന്തോഷം ഇന്ദ്രന്‍ പറഞ്ഞു.}

[^ശ്ലോകം ചൊല്ലിതുടങ്ങുമ്പോള്‍ ഇന്ദ്രന്‍ എഴുന്നേറ്റ് അര്‍ജ്ജുനനെ വാത്സല്യപൂര്‍വ്വം കടാക്ഷിച്ച്, ആലിംഗനം ചെയ്ത് കൊണ്ടുവന്ന് അര്‍ധാസനം നല്‍കി ഇരുത്തുന്നു. ശ്ലോകം അവസാനിച്ചാല്‍ അര്‍ജ്ജുനന്‍ എഴുന്നേറ്റ് സിംഹാസനത്തില്‍ തൊട്ടുവന്ദിച്ച്, പൂര്‍വ്വസ്തിതിയില്‍ നില്‍ക്കുന്നു.]
ഇന്ദ്രന്‍ വിജയനന്‍(കലാ:പ്രദീപ്) തന്റെ അര്‍ധാസനം നല്‍കുന്നു
ഇന്ദ്രന്റെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“തനയ ധനഞ്ജയ ജീവ ചിരകാലം
 വിനയാദിഗുണഗണനിലയ നീ”
{തനയാ, ധനഞ്ജയാ, വിനയാദിഗുണഗണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, നീ ചിരകാലം ജീവിച്ചാലും.}

ശേഷം ആട്ടം-*
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിദ്ധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’
ഇന്ദ്രന്‍‍:‘വേഗത്തില്‍ ചെന്ന് കണ്ടുകൊള്‍ക’
അര്‍ജ്ജുനന്‍ വീണ്ടും ഇന്ദ്രനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ഇന്ദ്രനും അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേതാരഗൌഡം
“കൃതഭനുജ്ഞോ ജനകേന മോദാല്‍
 കൃതാര്‍ത്ഥതാം പ്രാപ്യ പൃഥാതനൂജ:
 കരേ ഗൃഹീത്വാ സ തു വൈജയന്തം
 സമാരൂരോഹാപ്യഥ വൈജയന്തം”
{ജനകനില്‍നിന്നും അനുവാദം ലഭിച്ചപ്പോള്‍ സന്തോഷവാനും കൃതാര്‍ത്ഥനുമായിതീര്‍ന്ന കുന്തീപുത്രന്‍ ജയന്തന്റെ കരംഗ്രഹിച്ചുകൊണ്ട് വൈജയന്തത്തിലേക്ക്(ഇന്ദ്രന്റെ കൊട്ടാരം) കയറി‍.}

മൂന്നാംരംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വെത്യാസങ്ങള്‍

*രംഗാന്ത്യത്തിലെ ആട്ടം ഇങ്ങിനെയാണ്-
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’
ഇന്ദ്രന്‍:‘അല്ലയോ അര്‍ജ്ജുനാ, നിന്നെകൊണ്ട് ദേവലോകത്ത് പലകാര്യങ്ങള്‍ സാധിക്കേണ്ടതായുണ്ട്. അതിനാല്‍ കുറച്ചുകാലം ഇവിടെ വസിക്കുക.‘ (ജയന്തനോട്) ‘എടോ പുത്രാ, ഇവനെ അമ്മയുടെ വസതിയിലേക്ക് കൂട്ടികൊണ്ടുപോയാലും.’
ഇന്ദ്രന്‍ അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. അര്‍ജ്ജുനന്‍ തിരിഞ്ഞ് ജയന്തനെ കണ്ട്, തൊഴുത്, കൈകോര്‍ത്തുപിടിച്ച് വട്ടംവെച്ച്, വൈജയന്തം കണ്ടതായി നടിച്ച് നിഷ്ക്രമിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: