2009, ജനുവരി 18, ഞായറാഴ്‌ച

കാലകേയവധം ഒന്നാംരംഗം

രംഗത്ത്- ഇന്ദ്രന്‍‍(രണ്ടാംതരം പച്ചവേഷം), മാതലി(കുട്ടിത്തരം ദൂത[മിനുക്ക്]വേഷം‍‍)

ശ്ലോകം-രാഗം:സുരുട്ടി
“ലബ്ധാസ്ത്രമീശാദ്വിജയം വിദിത്വാ
 വൃദ്ധശ്രവാസ്തസ്യ ദിദ്ദൃക്ഷയാ സൌ
 അദ്ധാ തമാനേതുരഭീപ്സമാനോ
 ബദ്ധാഞ്ജലീം മാതലിമേവമൂചേ”
{അജ്ജുനന് ശ്രീപരമേശ്വരനില്‍നിന്ന് പാശുപതാ‍സ്ത്രം ലഭിച്ചതറിഞ്ഞ് അവനെ കാണുവാന്‍ ആഗ്രഹിച്ച ഇന്ദ്രന്‍ പുത്രനെ കൂട്ടികൊണ്ടുവരുവാനായി, കൂപ്പുകൈകളോടെ നില്‍ക്കുന്ന മാതലിയോട് ഇപ്രകാരം പറഞ്ഞു.}

ഇടതുവശത്തുകൂടി ‘കിടധികിതാ’മോടേ പ്രവേശിക്കുന്ന മാതലി വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, കൈകൂപ്പി നില്‍ക്കുന്നു. ഇന്ദ്രന്‍ അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:സുരുട്ടി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“മാതലേ നിശമയ മാമക വചനം”
അനുപല്ലവി:
“പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
 പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍”
ചരണം1:
“ധന്യശീലനായീടും മന്നവനതിധീരന്‍
 എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും”
ചരണം2:
“ഇത്ര ശൌര്യവാനായിട്ടിത്രിഭുവനത്തിങ്കല്‍
 കുത്രാപി നഹി കശ്ചില്‍ ഓര്‍ത്തുകാണുന്നേരം”
ചരണ3:
“വെണ്മതികുലരത്നമായീടുമവന്‍ തന്നെ
 കാണ്മാനേറ്റവുമുള്ളില്‍ കാംക്ഷ വളര്‍ന്നീടുന്നു”‍
ചരണം4:
“വലുതായ സുരകാര്യം പലതുമുണ്ടിഹ പാര്‍ത്ഥ-
 ബലവീര്യേണ സാധിപ്പാന്‍ അലസനല്ലവനൊട്ടും”
ചരണം5:
“കുണ്ഠതവെടിഞ്ഞു നീ പാണ്ഡവന്‍ തന്നെ ഇങ്ങു
 കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ല താമസം”
(“മാതലേ നിശമയ മാമക വചനം”)
{മാതലേ, എന്റെ വാക്ക് കേട്ടാലും. പാര്‍വ്വതീശനില്‍നിന്ന് പാശുപതാസ്ത്രം ലഭിച്ച് പാര്‍ത്ഥന്‍ വാഴുന്നുവത്രേ. ധന്യശീലനും അതിധീരനുമായ ആ രാജാവ് എന്റെ സുതനാണെന്ന് ധരിച്ചാലും. ആലോചിച്ചാല്‍ ഇത്ര ശൌര്യവാനായി ഒരാള്‍ ത്രിഭുവനങ്ങളിലെവിടെയും ഇല്ല. ചന്ദ്രവംശത്തിലെ രത്നമാകുന്ന അവനെ കാണുവാന്‍ ഉള്ളില്‍ അതിയായ ആഗ്രഹം വളരുന്നു. വലുതായ ദേവകാര്യങ്ങള്‍ പലതും പാര്‍ത്ഥന്റെ ബലവീര്യത്താല്‍ സാധിപ്പാനുണ്ട്. ഒട്ടും അലസനല്ല അവന്‍. മടികളഞ്ഞ് നീ പാണ്ഡവനെ ഇങ്ങുകൊണ്ടുപോന്നീടുവാന്‍ ഒട്ടും താമസമുണ്ടാകരുത്.}
“ധന്യശീലനായീടും മന്നവനതിധീരന്‍“ (ഇന്ദ്രന്‍- ഏറ്റുമാനൂര്‍ കണ്ണന്‍, മാതലി- നരിപ്പറ്റ നാരായണന്‍ നമ്പൂതിരി )
മാതലിയുടെ മറുപടിപദം-രാഗം:സാവേരി, താളം:അടന്ത(രണ്ടാം കാലം)
ചരണം1:
“ഭവദീയനിയോഗം ഞാന്‍ അവതീര്യ ഭുവി പാര്‍ത്ഥ-
 സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ചിതങ്ങളെല്ലാം”
പല്ലവി:
“വിടകൊള്ളാമടിയനും വിജയസമീപേ”
{ഭവാന്റെ കല്പനപോലെ അടിയന്‍ ഭൂമിയില്‍ ഇറങ്ങി പാര്‍ത്ഥന്റെ സവിധത്തില്‍ ചെന്ന് ഇവുടുത്തെ ആഗ്രഹങ്ങളെല്ലാം അറിയിച്ചുകൊള്ളാം. വിജയന്റെ സമീപത്തേക്ക് അടിയന്‍ വിടകൊള്ളാം‍.}
“ഭവദീയനിയോഗം“ (മാതലി- ഡോ: ഇ.എന്‍.നാരായണന്‍, ഇന്ദ്രന്‍- കലാനിലയം അരവിന്ദ്)
ശേഷം ആട്ടം-
മാതലി പദാഭിനയശേഷം, ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്, തൊഴുതു നില്‍ക്കുന്നു.
ഇന്ദ്രന്‍:‘അല്ലയോ മാതലേ, എന്നാലിനി നീ എന്റെ രഥംതന്നെ കൊണ്ടുപോയി അര്‍ജ്ജുനനെ വേഗം കൂട്ടികൊണ്ടുവന്നാലും’
മാതലി:‘കല്‍പ്പനപോലെ’
മാതലി വീണ്ടും കുമ്പിട്ട് ഇന്ദ്രസമീപത്തുനിന്നും മാറി തിരിയുന്നു. അനുഗ്രഹിച്ച്, മാതലിയെ യാത്രയാക്കിക്കൊണ്ട് ഇന്ദ്രന്‍ നിഷ്ക്രമിക്കുന്നു. മാതലി തിരിഞ്ഞ് വീണ്ടും രംഗത്തേക്ക് വരുന്നു.
മാതലി:‘ഇനി വേഗം തേര് കൂട്ടികെട്ടുകതന്നെ’
തുടര്‍ന്ന് തേരുകൂട്ടികെട്ടുന്ന ആട്ടം-
‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് രഥം കണ്ട്, ഇടത്തേക്കുനീങ്ങി തേര് ഉലച്ചുവിടുന്നു. പിന്നെ ഇരുഭാത്തുമായി നാലു ചക്രങ്ങളും മീതെ പലകയും ഘടിപ്പിച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. പിന്നീട് നാലുകോണുകളിലും തൂണുകള്‍ നാട്ടി, നാലുപുറവും ഉത്തരങ്ങള്‍ നിരത്തി, അവകളും ഉറപ്പിക്കുന്നു. തുടര്‍ന്ന് നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു.
മാതലി:(രഥം പിടിച്ചിളക്കി നോക്കിയശേഷം) ‘ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ’
മാതലി ചാട്ടവാര്‍ ഇളക്കിക്കൊണ്ട് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് കുതിരകളെ കൊണ്ടുവന്ന് തേരില്‍ ബന്ധിക്കുന്നു.
മാതലി:(കടിഞ്ഞാണുകള്‍ എടുത്ത് കൂട്ടിപിടിച്ചിട്ട്) ‘എല്ലാം ആയി. ഇനി വേഗം അര്‍ജ്ജുനന്റെ സമീപത്തേക്ക് പോവുകതന്നെ’
മാതലി നാലാമിരട്ടികലാശിക്കുന്നതോടെ രഥത്തില്‍ ചാടികയറി, തേര്‍തെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
മാതലി(കലാ:പത്മനാഭന്‍ നായര്‍) തേര്‍തെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു
ഇടശ്ലോകം-രാഗം:കേതാരഗൌഡം
“ഭര്‍ത്തുസ്തദാജ്ജാം പരിഗൃഹൃ മൂര്‍ധ്നാ
 ധനഞ്ജയം പ്രാപ സുരേന്ദ്രസുത:
 സ്വസ്വാമിഭക്തിര്‍ഹി ജനസ്യ ലോകേ
 സമസ്തസമ്പദ്വിജയാപ്തിഹേതു:”
{യജമാനന്റെ ആജ്ഞ ശിരസാവഹിച്ച് ആ ഇന്ദ്രസൂതന്‍ ധനഞ്ജയന്റെ സമീപത്തുചെന്നു. ലോകത്തില്‍ ജനങ്ങള്‍ക്ക് സകലസമ്പത്തിന്റേയും വിജയത്തിന്റേയും കാരണം അവര്‍ക്കുള്ള സ്വാമിഭക്തിയാണല്ലോ.}

അഭിപ്രായങ്ങളൊന്നുമില്ല: