2009, ജനുവരി 20, ചൊവ്വാഴ്ച

കാലകേയവധം പുറപ്പാട്

രംഗത്ത്- ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം)

കാലകേയവധം കഥക്ക് പ്രത്യേകമായി ഒരു പുറപ്പാട് 
രചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ‘സുഭദ്രാഹരണം’ ആട്ടകഥയുടെ പുറപ്പാടിന്റെ
“കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ
 ഝംകാരപൂരിത സുവര്‍ണ്ണലതാനിശാന്തേ
 സന്താനപല്ലവസുമാവലികേളിതല്പേ
 സന്തോഷിതസ്സുരപതി സ്സതുജാതരേമേ”‍ എന്ന ശ്ലോകം ചൊല്ലിയശേഷം, ‘രാവണോത്ഭവം’ ആട്ടകഥയിലെ പുറപ്പാട് പദത്തോടെയാണ് സാധാരണയായി പുറപ്പാട് അവതരിപ്പിക്കുക.

5 അഭിപ്രായങ്ങൾ:

ചെറിയനാടൻ പറഞ്ഞു...

വളരെ പ്രയോജനപ്രദമായ വിവരങ്ങൾ. ആദ്യമായാണീവഴി. പക്ഷേ പലരും ഇതുവഴി കടന്നു വരാറില്ലെന്നു തോന്നുന്നു. മുഖ്യധാരയിലേക്ക് കടന്നു വരിക, കൂടുതൽ ആട്ടക്കഥകളേയും കഥാകാരന്മാരേയും പറ്റി എഴുതുക.

പലയിടത്തും ആക്ഷരത്തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ദയവായി ഒന്നു കൂടി പരിശോധിച്ച് തിരുത്തുക.

വീണ്ടും വരുന്നതാണ്.

ആശംസകളോടേ....

മണി,വാതുക്കോടം. പറഞ്ഞു...

നന്ദി ചെറിയനാടന്‍. അക്ഷരത്തെറ്റുകള്‍ പരിശോധിക്കാം.....

Haree | ഹരീ പറഞ്ഞു...

അര്‍ജ്ജുനനെ ഉണര്‍ത്തി വീര്യം പകരുന്നതുവരെയേ നന്ദിക്ക് റോളുള്ളോ, അതോ നന്ദിയാണോ തുടര്‍ന്ന് കാലകേയനുമായി യുദ്ധം ചെയ്യുന്നത്? ഇവിടെ നിശാഗന്ധി ഉത്സവത്തോട് അനുബന്ധിച്ച് ഈ ആട്ടക്കഥ ആടിക്കണ്ടപ്പോള്‍, കാലകേയനുമായി യുദ്ധം ചെയ്ത് ഒടുവില്‍ നന്ദികേശ്വരന്‍, അര്‍ജ്ജുനന് അസ്ത്രമയയ്ക്കുവാന്‍ പാകത്തില്‍ കാലകേയനെ പിടിച്ചു കൊടുക്കുന്നതായാണ് ആടിയത്. അങ്ങിനെയാണോ? എന്തുകൊണ്ടോ അങ്ങിനെയാകുവാന്‍ ഒരു സാധ്യതയും കാണുന്നില്ല. അങ്ങിനെയൊരാള്‍ പിടിച്ചു കൊടുത്തിരിക്കൂന്ന ആളെ അസ്ത്രമയയ്ക്കുന്നവനാവില്ലല്ലോ അര്‍ജ്ജുനന്‍! ആ ഭാഗത്തിന്റെ അവതരണം കുറച്ചു കൂടി വ്യക്തമാക്കിയാല്‍ നന്ന്. ഭീരുവിന്റെ സാന്നിധ്യത്തെക്കുറിച്ചും ഇവിടെ പ്രതിപാദിച്ചു കണ്ടില്ല.

മറ്റൊരു സംശയം. ഉര്‍വ്വശി തന്റെ മുതുമുതു...മുത്തച്ഛന്റെ ഭാര്യയായി ഭൂമിയില്‍ വസിച്ചവള്‍, പിതാവായ ഇന്ദ്രന്റെ ഭാര്യ എന്നീ കാരണങ്ങള്‍ പറഞ്ഞാണല്ലോ അര്‍ജ്ജുനന്‍ സ്വീകരിക്കാതെയിരിക്കുന്നത്. അങ്ങിനെ ബഹുമാനം നല്‍കുന്ന ഒരു സ്ത്രീയാണെങ്കില്‍, വലതുഭാഗം നല്‍കേണ്ടതല്ലേ? എന്തുകൊണ്ട് അങ്ങിനെ വരുന്നില്ല? (ഉര്‍വ്വശി വരുമ്പോള്‍ വലതുഭാഗം കാട്ടിക്കൊടുക്കുകയെങ്കിലും അര്‍ജ്ജുനന്‍ ചെയ്യേണ്ടതല്ലേ? ഉര്‍വ്വശിയുടെ മനോനില അപ്രകാരം അല്ലാത്തതിനാല്‍ സ്വീകരിക്കാതെയിരിക്കാം.) ഇതിപ്പോള്‍, അര്‍ജ്ജുനന്‍ വലതുഭാഗത്ത് കേമനായി ഇരിക്കുകയും; അര്‍ജ്ജുനന്‍ മാതാവായി കാണുന്ന ഉര്‍വ്വശി ഇടതുവശത്ത് നിന്ന് പദമാടുകയും ചെയ്യുന്നോ... ഇവിടെ എന്തോ ഒരു യോജിപ്പു കുറവ് തോന്നിക്കുന്നു.

മൂലകഥയില്‍ അര്‍ജ്ജുനന്റെ നോട്ടം ഉര്‍വ്വശിയിലേക്ക് പോവുന്നതു കണ്ട ഇന്ദ്രന്‍ എന്ന രീതിയിലാണെന്ന് പോസ്റ്റില്‍ കാണുന്നു. അപ്പോള്‍ അര്‍ജ്ജുനന് യഥാര്‍ത്ഥത്തില്‍ ഉര്‍വ്വശിയില്‍ താത്പര്യം ഉണ്ടായിരുന്നോ? ഉര്‍വ്വശിയെ ഒഴിവാക്കുവാന്‍ അര്‍ജ്ജുനന്‍ എന്തൊക്കെ കാരണങ്ങളാണ് മൂലകഥയില്‍ പറഞ്ഞിരിക്കുന്നത്?
--

മണി,വാതുക്കോടം. പറഞ്ഞു...

@ ഹരീ,
പന്ദ്രണ്ടാം രംഗത്തിലാണല്ലൊ ആദ്യമായി കാലകേയന്‍ വന്ന് അര്‍ജ്ജുനനെ നേരിടുന്നത്. ഈ സമയത്ത് ഭീരു കാലകേയനൊപ്പമുണ്ടാവും. യുദ്ധം തുടങ്ങുന്നതോടെ ശൌര്യം നടിച്ച് യുദ്ധത്തിനുചെല്ലുന്ന ഭീരുവിനെ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് അടിച്ച് ഓടിക്കുന്നു. ഇവിടെ ഭീരു നിഷ്ക്രമിക്കുന്നു. പിന്നീട് ഭീരു രംഗത്തുവരുന്നില്ല.

അര്‍ജ്ജുനന് വീര്യം പകരുകമാത്രമല്ല നന്ദിചെയ്യുന്നത്. തുടര്‍ന്ന് കാലകേയനെ പോരിനുവിളിക്കുകയും, അര്‍ജ്ജുനനൊപ്പം കാലകേയനോട് യുദ്ധചെയ്യുകയും ചെയ്യുന്നുണ്ട്.
യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ നന്ദികേശ്വരന്‍ കാലകേയന്റെ കൈകള്‍ പിന്നിലാക്കി പിടിച്ചുകൊടുക്കുകയും, ഈ സമയം അര്‍ജ്ജുനന്‍ അവന്റെ മാറിലേക്ക് അസ്ത്രമയച്ച് അവനെ വധിക്കുകയും ചെയ്യുന്നതായി തന്നെയാണ് കാണാറ്. ഈ ഭാഗങ്ങളോന്നും മൂലകഥയില്‍ ഇല്ലാത്തതാണ്. ഒരു വെള്ളത്താടിവേഷത്തിനെ പ്രവേശിപ്പിച്ച് വേഷവൈവിധ്യം ഉണ്ടാക്കുകയും, കഥാന്ത്യം കൊഴുപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തമ്പുരാന്‍ വരുത്തിയ ഈ വെതിയാനം മൂലം കഥാന്ത്യത്തില്‍ കഥാനായകന്‍ കുറച്ചൊന്നു നിര്‍വീര്യനായിതീര്‍ന്നു എന്നു പറയാതെ തരമില്ല.

കാര്യം അര്‍ജ്ജുനന്‍ ഉര്‍വ്വശിയെ ഈ രീതിയില്‍ ബഹുമാന്യയായിതന്നെയാണ് ആദ്യം കണക്കാക്കുന്നത്. എന്നാല്‍ ഈ രംഗത്തില്‍ ഉര്‍വ്വശിയെ ദര്‍ശ്ശിച്ച അര്‍ജ്ജുനന്‍ ഒന്ന് എഴുന്നേല്‍ക്കുന്നതായിപോലും കാണാറില്ല. ഇതിന്റെ കാരണം എനിക്കും അറിവില്ല.

ഉര്‍വ്വശിയെ ഒഴിവാക്കുന്നതിനു ഇതേകാരണങ്ങള്‍ തന്നെയാണ് മൂലകഥയിലും പറയുന്നത്. അര്‍ജ്ജുനന്റെ നോട്ടം ഉര്‍വ്വശിയിലേക്ക് പോവുന്നതു കണ്ട ഇന്ദ്രന്‍, അര്‍ജ്ജുനന് ഉര്‍വ്വശിയില്‍ താത്പര്യം ജനിച്ചിരിക്കാം എന്ന് തെറ്റിധരിക്കുന്നു. എന്നാല്‍ അര്‍ജ്ജുനന്‍ ഈ രീതിയിലല്ല ഉര്‍വ്വശിയെ നോക്കിയത്. തന്റെ മുതുമുത്തശ്ശി എന്നനിലയില്‍ ബഹുമാന്യയായി കണക്കാക്കിയാണ് അര്‍ജ്ജുനന്‍ ഉര്‍വ്വശിയെ ശ്രദ്ധിച്ചത്.

വികടശിരോമണി പറഞ്ഞു...

ഹരീ,
നന്ദികേശ്വരന്റെ കാര്യത്തിൽ,മണി പറഞ്ഞതുതന്നെ കാര്യം.കൂടുതലായി പറയാനുള്ളത്,സത്യത്തിൽ,കാലകേയവധത്തിലെ അവസാനയുദ്ധത്തിൽ പ്രാധാന്യം നന്ദികേശ്വരനും കാലകേയനും തമ്മിലാണ് എന്നതാണ്. “ദൈത്യേന്ദ്രാ,പോരിനായേഹി”എന്ന നന്ദികേശ്വരന്റെ പോരിനുവിളിപ്പദം മുതൽ,അവർ തമ്മിലാണ് പ്രധാനയുദ്ധം നടക്കുന്നത്.ഇരുകൈകളും പിറകിലേക്കുപിടിച്ച് അർജ്ജുനാസ്ത്രത്തിനു സൌകര്യമൊരുക്കലല്ല,ഒരുകൈകളും പിറകിലേക്കുപിടിച്ച്,ഗദകൊണ്ട് നെഞ്ചിൽ ആഞ്ഞടിക്കുകയാണ് നന്ദികേശ്വരൻ ചെയ്യേണ്ടത്.ഒപ്പം അർജ്ജുനൻ അസ്ത്രമയക്കുന്നു.എന്തായാലും മണി പറഞ്ഞപോലെ,നായകത്വത്തിലേൽക്കുന്ന പ്രഹരം തന്നെയാണത്.വ്യക്തിപരമായി പറഞ്ഞാൽ,ഒരു രംഗവും വിടാതെ കണ്ടാൽ ആസ്വാദ്യകരമായി എനിക്കു തോന്നിയ ഏക കോട്ടയം കഥ,കിർമീരവധമാണ്.
ഇടത്-വലത് പ്രശ്നം കുറേക്കുടി ഗൌരവമുള്ളതാണ്.വലതിന്റെ മാന്യസ്ഥാനപദവി,മറ്റു പലയിടങ്ങളിലും കഥകളി ധിക്കരിക്കുന്നതു കാണാം.(ഉദാ:ദക്ഷൻ+ദധീചി)പെരുമാറ്റനിയമങ്ങൾ ആന്തരയുക്തികൾക്ക് വഴങ്ങണം എന്നതാണു കഥകളിസമ്പ്രദായം എന്നു തോന്നുന്നു.ഉർവ്വശിയുടെ മേൽ അർജ്ജുനൻ നേടുന്ന വിജയത്തിന് സാമാന്യത്തെക്കവിഞ്ഞ അർത്ഥതലമുണ്ട്.ഇത് തിരിച്ചറിഞ്ഞെഴുതിക്കണ്ടിട്ടുള്ളത് വേണുമാഷാണ്(ചൊല്ലിയാട്ടം-അവതാരിക)
അത്യന്തം വൈരുധ്യങ്ങൾ നിറഞ്ഞ (വശീകൃതാപി വിവശീകൃതാ)ഉർവ്വശിയുടെ അഭിസരണത്തിന് മൂലത്തിലെ രൂപമേയല്ലല്ലോ.ഇന്ദ്രനിർദേശപ്രകാരം അനുസരണത്തിനെത്തിയവളല്ല,തമ്പുരാന്റെ ഉർവ്വശി-മന്മഥവിവശയായി അഭിസരണത്തിനെത്തിയവളാണ്.നീചത്വമാണ് അവളിൽ മുഴച്ചുനിൽക്കുന്നത്.അർജ്ജുനനോ,ജിതേന്ദ്രിയനാണപ്പോൾ.മാന്യസ്ഥാനത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചിന്തിക്കാം.
പണ്ടത്തെ കളരിവഴിയിൽ,“പാണ്ഡവന്റെ രൂപം” പതിഞ്ഞകിടതകിതാമും,“സ്മരസായകദൂനാം”64മാത്ര കിടതകിതാമും ആയിരുന്നു എന്ന് ആശാന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്.ഈ ഇടതുവശപ്രവേശം പണ്ടേയുണ്ടെന്നു വ്യക്തം.
ഉർവ്വശിയോടു ബഹുമാനം-അങ്ങനെയൊരു രീതി കാലകേയവധത്തിലെ അർജ്ജുനന് അത്രയ്ക്കുണ്ടോ എന്നതും ചിന്താർഹമാണ്.

സ്നേഹപൂർവ്വം,വി.ശി.