2009, മാർച്ച് 3, ചൊവ്വാഴ്ച

സീതാസ്വയംവരം 12മുതല്‍ 15വരെയുള്ള രംഗങ്ങള്‍

പന്ത്രണ്ട്,പതിമൂന്ന്,പതിനാല് രംഗങ്ങള്‍

ഈ രംഗങ്ങള്‍ സാധാരണയായി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്നില്ല.

രംഗം പതിനഞ്ച്

രംഗത്ത്-ദശരഥന്‍‍(പച്ചവേഷം), ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, പരശുരാമന്‍‍(കറുത്ത താടി കെട്ടിയ ഒന്നാം‌തരം മഹര്‍ഷിവേഷം^)

[^പണ്ട് തേച്ചവേഷം തന്നെയായിരുന്നു പരശുരാമന്റേതും. ബലരാമന്റേതുപോലെയുള്ള വേഷം കെട്ടി, ചുട്ടിക്കുതാഴെ നീണ്ട് ചുവന്നതാടി കെട്ടിയ രീതിയിലായിരുന്നു ഇത്. എന്നാല്‍ പാളത്താറുപോലെയുള്ള ഉടുത്തുകെട്ടും നീണ്ട കറുത്തതാടിയും കെട്ടിയ മഹര്‍ഷി(മിനുക്ക്) വേഷമായാണ് ഇന്നുകാണുന്നത്. രാജാരവിവര്‍മ്മയുടെ ആലേഖ്യത്തിലെ വേഷത്തെ അടിസ്ഥാനമാക്കി പത്മഭൂഷണ്‍ രാമന്‍‌കുട്ടിനായരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തില്‍ ചിട്ടപ്പെടുത്തിയതാണ് പുതിയ ഈ പുതിയവേഷം. പിന്നീട് പത്മശ്രീ വാഴേങ്കിട കുഞ്ചുനായര്‍ കോട്ടക്കല്‍ കളരിയിലും ഈ പുതിയ വേഷവിധാനം നടപ്പിലാക്കി.]

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഇത്ഥം കൃത്വാ വിവാഹം സുതരൊടു ജരഠന്‍ ഭൂമിപന്‍ പോകുമപ്പോള്‍
 മദ്ധ്യേമാര്‍ഗ്ഗം മഹീയാന്‍ ഭൃഗുപതിരധികം ക്രുദ്ധനായ് തത്രവന്നു
 രുദ്ധ്വാരാമം സതാതം പുരമഥനധനുര്‍ ഭംഗവും ചെയ്തുനീയി
 ന്നദ്ധാ പോകുന്നതില്ലെന്നുരുതരപരുഷം പൂണ്ടു ചൊന്നാനിവണ്ണം”
{ഈവിധം വിവാഹിതരായ സുതരോടുകൂടി വൃദ്ധനായ ഭൂമിപന്‍ പോകുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ ഭൃഗുപതി അതീവക്രുദ്ധനായി വന്നെത്തി. രാമനേയും താതനേയും തടഞ്ഞ്, ‘പുരമഥനന്റെ ധനുസ്സ് മുറിച്ച നീ സൈര്യമായി പോവില്ല’ എന്ന് ദേഷ്യത്തോടെ പറഞ്ഞു.}

ഇടതുവശത്തുനിന്നും ദശരഥനും രാമനും സീതയും ലക്ഷ്മണനും ‘കിടതകധിം,താ’മോടെ പ്രവേശിച്ച്, രംഗമദ്ധ്യത്തിലേക്ക് നീങ്ങുന്നു. പെട്ടന്ന് വലതുഭാഗത്തുകൂടി മഴുവും വൈഷ്ണവചാപവും ധരിച്ചുകൊണ്ട് ക്രുദ്ധനായ പരശുരാമന്‍ ചാടിക്കൊണ്ട് പ്രവേശിച്ച്, രാമനെ തടയുന്നു. ദശരഥാദികള്‍ ഭാര്‍ഗ്ഗവരാമനെ വണങ്ങുന്നു.
പരശുരാമന്‍:‘എടാ, എടാ, മൂഢാ, എന്റെ ഗുരുവായ ശിവന്റെ ചാപം മുറിച്ചതെന്തിന്? ഞാന്‍ ഇന്ന് ക്ഷത്രിയരായ നിങ്ങളെയെല്ലാം നശിപ്പിക്കുന്നുണ്ട്, നോക്കിക്കോ.’
പരശുരാമന്‍ നാലാമിരട്ടിചവുട്ടിയിട്ട് പദം ആടുന്നു.

പരശുരാമന്‍(കോട്ട:നന്ദകുമാര്‍) പ്രവേശിച്ച് രാമനെ(സദനം ഭാസി)‌ തടയുന്നു

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
“ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ
 വീരനെങ്കിലെന്നെ നീ ജയിച്ചു പോകവേണം”
ചരണം1:
“ഘോരമായ ശൈവം വില്ലിനെ മുറിച്ചെന്നു നീ
 പാരം മദഞ്ചിത്തതാരില്‍ കരുതീടവേണ്ടാ”
ചരണം2:
“വിഷ്ണുതന്റെ ഹുങ്കാരത്താല്‍ ഭഗ്നമായ ചാപം
 ദുഷ്ട നീ മുറിച്ചതിന്നു ശൌര്യംകൊണ്ടല്ലേതും”
ചരണം3:
“ഉത്തമദശരഥന്റെ പുത്രനെങ്കിലും തേ
 ചിത്രം ചിത്രം ദുര്‍മ്മദമുണ്ടേറെനല്ലതല്ല”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{ആരെടാ നടന്നീടുന്നു? മൂഢനായ രാമനോ? നീ വീരനാണേങ്കില്‍ എന്നെ ജയിച്ച് പോകണം. ഘോരമായ ശൈവചാപം മുറിച്ചെന്ന് നീ മനസ്സില്‍ വളരെ അഹങ്കരിക്കരുത്. വിഷ്ണുവിന്റെ ഹുങ്കാരത്താല്‍ മടങ്ങിയ ചാപം ദുഷ്ടനായ നീ ഇന്ന് മുറിച്ചത് ശൌര്യം കൊണ്ടല്ല. ഉത്തമനായ ദശരഥന്റെ പുത്രനെങ്കിലും നിന്റെ ഈ അത്ഭുതകരമാ‍യ ദുര്‍മ്മദം ഒട്ടും നല്ലതല്ല.}
“ആരെടാ നടന്നീടുന്നു” പരശുരാമന്‍-കോട്ട:നന്ദകുമാര്‍, ശ്രീരാമന്‍- സദനം ഭാസി
ശ്രീരാമന്‍:
ചരണം5:
“ഭാര്‍ഗ്ഗവ മുനിതിലക പോവതിന്നെനിക്കു
 മാര്‍ഗ്ഗന്നീ തരേണമല്ലോ മാമുനികുലേശ”
{മാമുനികളുടെ കൂട്ടത്തിന് ഈശ്വരനായുള്ളവനേ, ഭാര്‍ഗ്ഗവാ, മുനിതിലകാ, എനിക്ക് പോവതിനായി മാര്‍ഗ്ഗത്തെ നീ തരേണമേ}
“മാര്‍ഗ്ഗന്നീ തരേണമല്ലോ” പരശുരാമന്‍-കോട്ട:നന്ദകുമാര്‍, ശ്രീരാമന്‍- സദനം ഭാസി
പരശുരാമന്‍:
ചരണം6:
“അല്പനായ രാജന്യകുമാരാ നീയെവിടെ ഇപ്പോള്‍
 പോവതിനായിമാര്‍ഗ്ഗം ചോദിച്ചതു ചൊല്‍ക”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{നിസ്സാരനായ രാജകുമാരാ, നീ ഇപ്പോള്‍ എവിടെ പോകാനുള്ള മാര്‍ഗ്ഗമാണ് ചോദിച്ചത്? പറയുക}

ശ്രീരാമന്‍:
ചരണം7:
“മുന്നമെങ്ങുനിന്നു ഞാനിങ്ങു പോയെന്നാലങ്ങുതന്നെ
 പോകുന്നതിനു ഞാന്‍ മര്‍ഗ്ഗത്തെത്തരിക”
{ഞാന്‍ മുന്‍പ് എങ്ങുനിന്ന് പോന്നുവോ അങ്ങോട്ടുതന്നെ പോകുന്നതിന് എനിക്ക് മാര്‍ഗ്ഗത്തെ തന്നാലും}
“മുന്നമെങ്ങുനിന്നു ഞാന്‍” പരശുരാമന്‍-കോട്ട:ദേവദാസ്‍, ശ്രീരാമന്‍- പള്ളിപ്പുറം സുനില്‍
പരശുരാമന്‍:
ചരണം8:
“ഉത്തരമെന്നോടിദാനീമിത്ഥമുരയ്ക്കാതെ
 യുദ്ധം തന്നീടുക മമചെറ്റും വൈകിടാതെ”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{ഈ വിധം എന്നോട് ഉത്തരം പറയാതെ ഒട്ടും വൈകാതെ എനിക്ക് യുദ്ധം തന്നീടുക}

ശ്രീരാമന്‍:
ചരണം9:
“ഹേതുവൊന്നും കൂടാതെകണ്ടിപ്പോള്‍ യുദ്ധംചെയ്‌വാന്‍
 ഏതൊരുവന്‍ മോഹിപ്പതു ചേതോഹരശീല”
{മനോഹരമായ ശീലത്തോടുകൂടിയവനേ, കാരണമൊന്നും കൂടാതെ ഇപ്പോള്‍ യുദ്ധംചെയ്യാന്‍ ഏതൊരുവന്‍ മോഹിക്കും?}

പരശുരാമന്‍:
ചരണം10:
“ദാശരഥിയായ രാമനെങ്കിലും ഭൂമിയില്‍
 ഭാര്‍ഗ്ഗവരാമനെങ്കിലും രണ്ടിലൊന്നേയാവൂ”
{ദാശരഥിയായ രാമനൊ ഭാര്‍ഗ്ഗവരാമനോ രണ്ടിലൊന്നുമതി ഇനി ഭൂമിയില്‍}

ദശരഥന്റെ പദം-രാഗം:തോടി, താളം:ചെമ്പട
പല്ലവി:
“ഭൃഗുപതേ ഭാര്‍ഗ്ഗവ ദീനപരിപാലക
 സുഖമരുള്‍ക മേ വിഭോ മഹിതചരിത”
ചരണം1:
“ബാലരാമെന്നുടയ തനയരിലഹോ മുനേ
 നലമരുള്‍ക മുനിവര കോപമരുതേ”
ചരണം2:
“അടിമലരിലടിമപെടു മടിയനുടെ തനയരില്‍
 അരുതരുതു കോപമതു കളക കളക”
ചരണം3:
“ദീനനാമെന്നുടെ തനയ വധമതില്‍നിന്നു
 പരമമുനിപുംഗവ വിരമ വിരമ”
{ഭൃഗുസുതനായ ഭാര്‍ഗ്ഗവാ, ദീനപരിപാലകാ, വിഭോ, മഹിതമായ ചരിതത്തോടുകൂടിയവനേ, എനിക്ക് സുഖത്തെ അരുളിയാലും. ബാലരായ എന്റെ തനയരില്‍ കോപം അരുതേ. അവരെ അനുഗ്രഹിക്കേണമേ. അങ്ങയുടെ അടിമലരില്‍ അടിമപ്പെടുന്ന അടിയന്റെ തനയരില്‍ കോപം അരുതരുതേ. പരമമുനിപുംഗവാ, ദീനനായ എന്റെ തനയന്റെ വധോദ്യമത്തില്‍നിന്നും അങ്ങ് പിന്മാറിയാലും.}
“അരുതരുതു കോപമതു കളക”

ഇടശ്ലോകം-രാഗം:കേദാരഗൌഡം
“ഏവം പറഞ്ഞു പദമാശു നമിച്ച ഭൂപം^
 പാദേന തട്ടിയുടനേ ബഹുകോപമോടും
 നീലാബുദാഭതനുഭാസുരമാശു രാമം
 കമ്പിച്ചു ദേഹമതിഘോരമിവണ്ണമൂചേ”
{ഇങ്ങിനെ പറഞ്ഞ് പെട്ടന്ന് പാദത്തില്‍ നമസ്ക്കരിച്ച രാജാവിനെ വലുതായ കോപത്തോടെ ഉടനെ കാല്‍കൊണ്ട് തട്ടിമാറ്റിയശേഷം പരശുരാമന്‍ നീലമേഘശ്യാമളനായ രാമനോട് ദേഹം വിറപ്പിച്ചുകൊണ്ട് ഘോരതരമായി ഈവണ്ണം പറഞ്ഞു.}

[^ശ്ലോകം ചൊല്ലുമ്പോള്‍ ദശരഥന്‍ പരശുരാമന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു. പരശുരാമന്‍ ദശരഥനെ ചവുട്ടിമാറ്റുന്നു. ശ്രീരാമന്‍ ദശരഥനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു.]

പദം-പരശുരാമന്‍:-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാംകാലം)
ചരണം1:
“രാജകുലാധമ നിന്നുടെ ചരിതം
 രാജസമധിക മനോജ്ഞം”
പല്ലവി:
“രേ രേ രാഘവ രാമാ”
{എടാ, എടാ, രാഘവരാമാ, രാജകുലാധമാ, നിന്റെ ചരിതം രാജസവും അധിക മനോഹരവും തന്നെ.}

ശ്രീരാമന്‍:-രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാംകാലം)
ചരണം2:
“ശസ്ത്രവുമേന്തിയണഞ്ഞതു കണ്ടിട്ടത്ര നിനചേന്‍ മുനിവരനെന്നും”
പല്ലവി:
“ഭാര്‍ഗ്ഗവമുനിവര രാമ”
{മുനിവരനായ ഭാര്‍ഗ്ഗവരാമാ, ശസ്ത്രവുമായി വരുന്നതുകണ്ടപ്പോള്‍ മുനിവരനാണെന്ന് കരുതി. }

പരശുരാമന്‍:

ചരണം3:
“വൃദ്ധതരാമൊരു നിശിചരിയേ നീ
 തത്ര ഹനിച്ചതു യുക്തമഹോ”
(“രേ രേ രാഘവ രാമാ”)
{ഹോ! ഏറ്റവും വൃദ്ധയായൊരു നിശിചരിയെ നീ കൊന്നത് വളരെ യുക്തം തന്നെ} 
“തത്ര ഹനിച്ചതു യുക്തമഹോ” ശ്രീരാമന്‍-കോട്ട:കേശവന്‍
പരശുരാമന്‍-കോട്ട:ഹരിദാസന്‍
ശ്രീരാമന്‍:
ചരണം4:
“അവള്‍ മമ മാതാവല്ല മുനീന്ദ്ര
 ശുഭതര ചരിത മഹാത്മന്‍”
(“ഭാര്‍ഗ്ഗവമുനിവര രാമ”)
{നല്ല ചരിതമുള്ള മഹാത്മാവേ, മുനീന്ദ്രാ, അവള്‍ എന്റെ മാതാവല്ല}
“അവള്‍ മമ മാതാവല്ല“ പരശുരാമന്‍-കലാ:രാമന്‍‌കുട്ടിനായര്‍,
ശ്രീരാമന്‍-കലാ:ബാലസുബ്രഹ്മണ്യന്‍
പരശുരാമന്‍:
ചരണം5:
“ക്ഷത്രിയവംശമശേഷം കൃത്തം
 ചെയ്തവനഹമിതി കേട്ടില്ലേ നീ”
(“രേ രേ രാഘവ രാമാ”)
{ക്ഷത്രിയവംശം അശേഷം നശിപ്പിച്ചവനാണ് ഞാന്‍. നീയിത് കേട്ടിട്ടില്ലെ?}

ശ്രീരാമന്‍:
ചരണം6:
“സത്യമഹോ നീ ചൊന്നതു ഭാര്‍ഗ്ഗവ
 ഉത്തമ ഞാനെവനാകുന്നു മുനേ”
(“ഭാര്‍ഗ്ഗവമുനിവര രാമ”)
{ഭാര്‍ഗ്ഗവരാമാ, ഹോ! അങ്ങുപറഞ്ഞതു സത്യം തന്നെ. ഉത്തമനായമുനേ, പിന്നെ ഞാന്‍ ആരാകുന്നു?}

പരശുരാമന്‍:
ചരണം7:
“പരിചൊടു നീ എന്നുടെ ചാപത്തെ
 തരസാ കുലയേറ്റീടണമല്ലോ”
(“രേ രേ രാഘവ രാമാ”)
{ നീ പെട്ടന്ന് എന്റെ ചാപത്തെ വഴിപോലെ കുലയേറ്റണം}

പരശുരാമന്‍ വൈഷ്ണവചാപം പിടിച്ച് നില്‍ക്കുന്നു. ശ്രീരാമന്‍ വില്ല് പലവട്ടം തരുവാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. തുടര്‍ന്ന് ശ്രീരാമന്‍ പരശുരാമന്റെ കൈയ്യില്‍നിന്നും ചാപം ബലമായി പിടിച്ചുവാങ്ങി കുലയ്ക്കുന്നു. പരശുരാമന്‍ അതുകണ്ട് അത്ഭുതപെട്ട് നില്‍ക്കുന്നു. വില്ല് കുലച്ചുപിടിച്ചുകൊണ്ട് ശ്രീരാമന്‍ പദാഭിനയം തുടരുന്നു.
പരശുരാമ(കലാ:രാമന്‍‌കുട്ടിനായര്‍)നില്‍നിന്നും ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) ചാപം പിടിച്ചുവാങ്ങുന്നു
ശ്രീരാമന്‍:
ചരണം8:
“വില്ലുകുലച്ചു തൊടുത്തൊരു ബാണം
 ചൊല്ലുക എവിടെ അയയ്ക്കണമെന്നു”
ചരണം9:
“ധരണീസുരനാം നിന്നെ കൊല്‍‌വാ-
 നരുതെന്നിഹ ഞാന്‍ കരുതീടുന്നേന്‍”
ചരണം10:
“പുണ്യകുലം വാ മാനസ വേഗം
 ഖണ്ഡിപ്പതിനുരചെയ്ക”
{വില്ലുകുലച്ച് തൊടുത്ത ഈ ബാണം എവിടെ അയയ്ക്കണമെന്ന് പറയുക. ബ്രാഹ്മണനായ നിന്നെ കൊല്ലുന്നത് ശരിയല്ലാ എന്ന് ഞാന്‍ കരുതുന്നു. പുണ്യകുലത്തേയോ മാനസവേഗത്തേയോ ഖണ്ഡിക്കേണ്ടത്? പറയൂ?}

ശ്ലോകം-രാഗം:മദ്ധ്യമാവതി
“ശ്രീരാമനേവമരുള്‍ചെയ്തതു കേട്ടുടന്താ-
 നാലോക്യ രാമമധികം ഭൃഗുനന്ദനോപി
 നാരായണം നയനഗോചരമാശു ദൃഷ്ട്വാ
 പാരന്തെളിഞ്ഞു ഹൃദയേ നിജഗാദ രാമം”
{ശ്രീരാമന്‍ ഇപ്രകാരം അരുള്‍ചെയ്തതു കേട്ടയുടന്‍ ഭൃഗുനന്ദനന്‍ ശ്രീരാമനെ നല്ലവണ്ണം നോക്കി. മഹാവിഷ്ണുവിനെ ശ്രീരാമനില്‍ പ്രത്യക്ഷമായി കണ്ടിട്ട് സന്തുഷ്ടനായ ഭൃഗുരാമന്‍ പറഞ്ഞു.}

(വലന്തലമേളം)
പരമാര്‍ത്ഥം ബോദ്ധ്യമായ പരശുരാമന്‍ ശാന്തനായി, ഭക്തിപൂര്‍വ്വം ശ്രീരാമനെ പുണര്‍ന്നശേഷം പദാഭിനയം ആരംഭിക്കുന്നു.

പരശുരാമന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“ജയ ജയ രാമചന്ദ്ര ജാനകീപതേ”
ചരണം1:
“നാരായണ പാപഹര പാരായണ ജഗദീശ
 പാരാവാരശായിന്‍ ദേവ നാരദാദിമുനിഗേയ”
ചരണം2:
“ചെയ്തു ഞാന്‍ പ്രതിജ്ഞ മുന്നം ക്ഷിതിയില്‍ മുഹുര്‍ത്തനേര-
 മല്ലാതെ നില്ക്കയില്ലെന്നു കല്യ വൈകുന്നു പോവാനായ്”
ചരണം3:
“എന്നുടെ മനോവേഗത്തെ എന്നതിനാല്‍ കളയൊല്ല
 പുണ്യരാശേ ഞാനാര്‍ജ്ജിച്ച പുണ്യലോകങ്ങളെ ഖണ്ഡിക്ക”
{രാമചന്ദ്രാ, വിജയിച്ചാലും. ജാനകീപതേ വിജയിച്ചാലും. നാരായണാ, പാപങ്ങളെ ഹരിക്കുന്നവനേ, ജഗദീശാ, അനന്തശായിയായുള്ളദേവാ, നാരദാദിമുനികളാല്‍ പുകഴ്ത്തപ്പെടുന്നവനേ, നിന്നെ ഭജിക്കുന്നേന്‍. ഭൂമിയില്‍ ഒരു മുഹുര്‍ത്ത നേരത്തിലധികം ഒരിടത്തും നില്‍ക്കുകയില്ലെന്ന് ഞാന്‍ മുന്‍പേ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സമര്‍ത്ഥനായവനേ, പോവാനായി വൈകുന്നു. അതിനാല്‍ എന്റെ മനോവേഗത്തെ കളയരുതേ. പുണ്യരാശേ, ഞാന്‍ ആര്‍ജ്ജിച്ചിട്ടുള്ള പുണ്യലോകങ്ങളെ ഖണ്ഡിച്ചാലും.}

ശ്രീരാമന്‍ ബാണമയക്കുന്നു.
(വലന്തലമേളം അവസാനിപ്പിക്കുന്നു)
ശ്രീരാമന്‍(കോട്ട:കേശവന്‍) ബാണമയക്കുന്നു. (പരശുരാമന്‍-കോട്ട:ഹരിദാസന്‍)
പരശുരാമന്‍:
ചരണം4:-രാഗം:പുറന്നീര
“നിന്നോടിളപ്പെട്ടതിനാ ലിന്നെനിക്കില്ലവമാനം
 മന്നവ തപസ്സുചെയ്‌വാനിന്നി ഞാന്‍ പോകുന്നു രാമ”
{ഇന്ന് നിന്നോട് പരാജയപ്പെട്ടതിനാല്‍ എനിക്ക് അപമാനമില്ല. മന്നവാ, രാമാ, ഞാനിനി തപസ്സുചെയ്യുവാനായി പോകുന്നു.}
“ജയ ജയ രാമചന്ദ്ര” പരശുരാമന്‍-കലാ:രാമന്‍‌കുട്ടിനായര്‍, ശ്രീരാമന്‍-കലാ:ബാലസുബ്രഹ്മണ്യന്‍
ശേഷം ആട്ടം-
പരശുരാമന്‍:‘ഭൂമിയില്‍ വന്നവതരിച്ച അങ്ങയുടെ വൈഷ്ണവതേജസ്സ് കാണുവാന്‍ ആഗ്രഹിച്ചിട്ടാണ് ഞാന്‍ അങ്ങയോടു കയര്‍ത്തത്. ഇനി ഞാന്‍ തപസ്സുചെയ്യുവാനായി പോകട്ടെ’
അന്യോന്യം വന്ദിച്ചശേഷം പരശുരാമന്‍ നിഷ്ക്രമിക്കുന്നു.
ദശരഥന്‍:(ശ്രീരാമനെ ആശ്ലേഷിച്ചിട്ട്) ‘ഇനി നമുക്ക് അയോദ്ധ്യയിലേക്ക് പോവുകതന്നെ’
ദശരഥനും രാമന്‍ലക്ഷ്മണന്‍മാരും സീതയും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

പതിനഞ്ചാം രംഗത്തില്‍ കോട്ടക്കല്‍ ചിട്ടപ്രകാരമുള്ള പ്രധാന വത്യാസം

കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം കളരിയില്‍ 
പത്മശ്രീ വാഴേങ്കിട കുഞ്ചുനായര്‍ ചിട്ടപ്പെടുത്തിയതനുസ്സരിച്ച് പതിനഞ്ചാം രംഗാരംഭത്തില്‍, ശ്ലോകത്തിനുശേഷം തിരശ്ശീലതാഴ്ത്തി പരശുരാമന്റെ കുറച്ച് ആട്ടം ഉണ്ട്. ഈ ആട്ടം കഴിഞ്ഞ് തിരശ്ശീല ഉയര്‍ത്തിയിട്ട് വീണ്ടും താഴുത്തുമ്പോഴാണ് ദശരഥാദികള്‍ രംഗത്തുവരുന്നത്.

പരശുരാമന്റെ ആട്ടം-
തിരശ്ശീല നീക്കുമ്പോള്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ പരശുരാമന്‍ തപസ്സില്‍ ഇരിക്കുന്നു. പെട്ടന്ന്‍ ഘോരമായ ഒരു ശബ്ദം കേട്ട് പരശുരാമന്‍ തപസ്സില്‍ നിന്നും ഞെട്ടിയുണരുന്നു.
പരശുരാമന്‍:‘അതിഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?’ (ശ്രദ്ധിച്ച്, ആകാശത്തില്‍ കണ്ട്) ‘അതാ ദേവകള്‍ പുഷ്പവൃഷ്ടി നടത്തുന്നു. കാരണമെന്ത്?’ (ഇരുവശവും ശ്രദ്ധിച്ച്, കേട്ടിട്ട്) ‘എന്ത്? ശ്രീരാമന്‍ ജയിക്കട്ടെ, ശ്രീരാമന്‍ ജയിക്കട്ടെ എന്നോ? ഞാനല്ലാതെ മറ്റൊരു രാമനോ?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘ദേവകള്‍ പറയുന്നതെന്ത്? ദാശരഥിയായ ശ്രീരാമന്‍ ശൈവചാപം ഖണ്ഡിച്ചു‘ (പെട്ടന്ന് വളരെ കോപാവിഷ്ടനായി) ‘എന്ത്? എന്റെ ഗുരുനാഥന്റെ പൂജനീയമായ ശൈവചാപം കേവലം ഒരു രാജകുമാരന്‍ ഖണ്ഡിച്ചുകളഞ്ഞുവെന്നോ? ഇത് ഞാന്‍ സഹിക്കില്ല. അഹങ്കാരിയായ അവനെ ഞാന്‍ നശിപ്പിക്കുന്നുണ്ട്.’ (ദൂരെ എന്തോ കോലാഹലം കണ്ട് പീഠത്തില്‍ കയറി വീക്ഷിച്ചിട്ട്) ‘രാമനുള്‍പ്പെടെ നാലുരാജകുമാരന്മാരും പത്നിമാരോടും രാജപരിവാരങ്ങളോടും കുടി ഘോഷത്തോടേ വരികയാണ്. ഇവരെ വെറുതെവിട്ടുകൂടാ. ഇനി ഇവരുടെ വഴിതടുത്ത് രാമനെ എതിരിടുകതന്നെ’
പരശുരാമന്‍ നാലാമിരട്ടി എടുത്തിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: