2009, മാർച്ച് 3, ചൊവ്വാഴ്ച

സീതാസ്വയംവരം 1മുതല്‍ 11വരേയുള്ള രംഗങ്ങള്‍

ഒന്നുമുതല്‍ പത്തുവരേയുള്ള രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

രംഗം പതിനൊന്ന് (സ്വയംവരം)

രംഗത്ത്-വിശ്വാമിത്രന്‍‍(രണ്ടാംതരം മഹര്‍ഷിവേഷം), ജനകന്‍‍(വെളുത്തമനയോലതേച്ച് വെളുത്തതാടി കെട്ടിയ വേഷം), ശ്രീരാമന്‍‍(കുട്ടിത്തരം മുടിവെച്ചവേഷം), ലക്ഷ്മണന്‍‍(കുട്ടിത്തരം മുടിവെച്ചവേഷം), ദൂതന്മാര്‍, സീത(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:മുഖാരി
“ഗൌതമന്‍ രാമനോടേഏവമങ്ങേവുമപ്പോള്‍
 ഗാഥിസൂനുസ്സമോദം യാത്രയും ചൊല്ലിവേഗാല്‍
 സാദരം ഭൂമിപന്‍ യാഗശാലാം വിവേശ
 സാധുശീലസ്സരാജാ ഗാഥിസൂനും ബഭാഷേ”
{ഗൌതമമുനി ശ്രീരാമനോട് ഇങ്ങിനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഗാഥിസൂനുവായ വിശ്വാമിത്രന്‍ യാത്രചൊല്ലി വേഗത്തില്‍ ജനകഭൂമിപന്റെ യാഗശാലയിലേയ്ക്ക് എത്തിചേര്‍ന്നു.}

ഇരുവശങ്ങളിലും രാമലക്ഷ്മണമാരോടുകൂടി വിശ്വാമിത്രന്‍ ഇടതുവശത്തുനിന്നും ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. വലതുഭാഗത്തിരിക്കുന്ന ജനകന്‍ വിശ്വാമിത്രനെ കണ്ട്, വണങ്ങി, വലതുവശത്തേയ്ക്ക് ക്ഷണിക്കുന്നു. വിശ്വാമിത്രന്‍ അനിഗ്രഹിച്ച് വലതുവശം വന്ന് പീഠത്തില്‍ ഇരിക്കുന്നു. രാമലക്ഷ്മണന്മാര്‍ ഇടതുവശത്ത് നില്‍ക്കുന്നു. ജനകന്‍ വിശ്വാമിത്രനെ കുമ്പിട്ട് പദാഭിനയം ആരംഭിക്കുന്നു.
വിശ്വാമിത്രന്‍‍(കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍) രാമ(കലാ:ബാലസുബ്രഹ്മണ്യന്‍)‌ലക്ഷ്മണന്മാരോടുകൂടി ജനക(കലാ:കുട്ടന്‍)സമീപത്തേക്ക് വരുന്നു
പദം-
ജനകന്‍:-രാഗം:മുഖാരി, താളം:ചമ്പ
ചരണം1:
“ഗാഥിസുത മുനിതിലക സാധുഹിത നിന്നുടെ
 പാദയുഗളം കാണ്‍കകൊണ്ടു
 മോദമിയലുന്നു മാനസേ കണ്ണിണയു-
 മതിതരാം സഫലമായ് വന്നുവല്ലോ മുനേ”
ചരണം2:
“ബാലരിവരേവര്‍ മുനേ ബലകുലനികേതനൌ
 കലിതതൂണീര കോദണ്ഡൌ
 വിലസദസി ഭാസുരൌ കളഭവരഗാമിനൌ
 ഗളലസിത സിതരുചിര ഹാരശോഭാവിമൌ”
{ഗാഥിസുതാ, മുനിതിലകാ, സന്മാനസനായ അങ്ങയുടെ പാദയുഗളം കാണ്‍കയാല്‍ മനസ്സില്‍ സന്തോഷം വളരുന്നു. മുനേ, എന്റെ കണ്ണിണയും ഏറ്റവും സഫലങ്ങളായിതീര്‍ന്നു. ബലശാലികളുടെ കൂട്ടത്തിന് ഭൂഷണമായുള്ളവരും, അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയും വില്ലുമേന്തിയവരും, സദസില്‍ ഏറ്റവും ശോഭയോടെ വര്‍ത്തിക്കുന്നവരും, ആനനടയോടുകൂടിയവരും, ഗളത്തില്‍ മനോഹരമായി വിലസുന്ന മാലയോടുകൂടിയവരുമായ ഈ ബാലന്മാര്‍ ആരാണ് മുനേ?}

വിശ്വാമിത്രന്‍:-രാഗം:മോഹനം
ചരണം3:
“ദശരഥനരേന്ദ്രനുടെ തനയരില്‍ ഭൂപതേ
 വിശദഗുണ യാഗരക്ഷയ്ക്കു
 കുശലമോടു ഞാനിങ്ങു കൊണ്ടുപോന്നിവരെയും
 നിശിചരരെ കൊന്നിവരും രക്ഷിച്ചു യാഗവും”
ചരണം4:
“വരുമളവിലദ്ധ്വനി വിശാലപുരത്തില്‍
 സുമതിയാം ഭൂപതിയെ കണ്ടു
 വരഗൌതമാശ്രമേ ശിലയായി മേവീടു-
 മഹല്യതന്‍ ശാപവും പോക്കിയല്ലോ”
ചരണം5:
“പുനരിവിടെ വന്നതും കാണ്മതിനു നിന്നേയും
 മനസിജാരാതിയുടെ വില്ലും
 മനുതിലകനാകിയൊരു രാമനു കാണ്മതിന്നു
 മോഹമുണ്ടതിനെ നീ കാട്ടേണമല്ലോ”
{ഭൂപതേ, ദശരഥനരേന്ദ്രന്റെ തനയരാണിവര്‍. സത്ഗുണശീലാ, ഇവരെ ഞാന്‍ യാഗരക്ഷയ്ക്കായി കൊണ്ടുവന്നതാണ്. ഇവര്‍ രാത്രീഞ്ചരരെ കൊന്ന് എന്റെ യാഗത്തെ രക്ഷിച്ചു. വരും വഴിയില്‍ വിശാലപുരത്തില്‍ സുമതിരാജാവിനെ കണ്ടു. ഗൌതമാശ്രമത്തില്‍ ശിലയായികിടന്നിരുന്ന അഹല്യയ്ക്ക് ശാപമോക്ഷവും നല്‍കി രാ‍മന്‍. പിന്നെ നിന്നെയും ശൈവചാപത്തേയും കാണാനായി ഇവിടെ വന്നു‍. മനുതിലകനായ രാമന് ശിവന്റെ വില്ല് കാണുവാന്‍ മോഹമുണ്ട്. അതിനെ നീ കാട്ടിടേണം.}
“മനസിജാരാതിയുടെ വില്ലും‍” വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍, ശ്രീരാമന്‍- കലാ:ബാലസുബ്രഹ്മണ്യന്‍
ജനകന്‍:(വിശ്വാമിത്രനോട്) ‘ചാപം ഉടനെതന്നെ വരുത്താം’
ഇടതുവശത്തുകൂടി ഭൃത്യര്‍ പ്രവേശിച്ച് ജനകനെ കുമ്പിടുന്നു.
ജനകന്‍:(അനുഗ്രഹിച്ചിട്ട്, ഭൃത്യരോട്) ‘ഉടന്‍ ശൈവചാപം ഇവിടെയ്ക്ക് കൊണ്ടുവരിക’
ഭൃത്യര്‍ അനുസ്സരിച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു. യാഗകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:പന്തുവരാളി
“ജനകനഥ സഭായാന്ത്ര്യം‌ബകം പള്ളിവില്ലെ-
 ജ്ജനിതകുതുകലീലം ദൂതസംഘൈരസംഖ്യൈ:
 ദിനമണിഗണതുല്യം കൊണ്ടരിച്ചാശു ഭൂപന്‍
 മുനികുലവരനോടങ്ങാദരാദാബഭാഷേ”
{ജനകന്‍ കൌതുകത്തോടെ വേഗം അസംഖ്യം ദൂതന്മാരേക്കൊണ്ട് സൂര്യതുല്യം പ്രകാശിക്കുന്നതായ ത്ര്യംബകം പള്ളിവില്ല് സഭയിലേയ്ക്ക് കൊണ്ടുവരീച്ചശേഷം ആദരവോടെ മുനിശ്രേഷ്ഠനോട് പറഞ്ഞു.}

[^ശ്ലോകംചൊല്ലുന്ന സമയത്ത് ദൂതന്മാര്‍ ത്ര്യംബകംവില്ല് കൊണ്ടുവന്ന് രംഗമദ്ധ്യത്തില്‍ വെച്ചിട്ട് വന്ദിച്ച് നിഷ്ക്രമിക്കുന്നു.]

പദം-രാഗം:പന്തുവരാളി, താളം:ചമ്പ
ജനകന്‍:
ചരണം1:
“കുശികസുത മുനിതിലക മഹിതചരിത
 കുശലനയനിലയ കലി കലുഷരഹിത”
ചരണം2:
“ത്രിപുരഹരമഹിത കാര്‍മ്മുകമിതല്ലോ
 നൃപനികരമിതിനെയെടുത്തതിവിവശമായി”
ചരണം3:
“ബാലനെങ്കിലുമിവന്‍ ചതുരനെങ്കില്
 കുലയേറ്റി മുറിച്ചീടേണമിതിനെയധുനാ”
{കുശികസുതനായ മുനിതിലകാ‍, മഹിതമായചരിതമുള്ളവനേ, കുശലനയങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, കലി കലുഷ രഹിതനായുള്ളവനേ, ത്രിപുരഹരമായുള്ള പള്ളിവില്ല് ഇതാണ്. വളരേ രാജാക്കന്മാര്‍ ഇത് എടുക്കുവാന്‍ ശ്രമിച്ച് വിവശരായിതീര്‍ന്നിട്ടുണ്ട്. ബാലനെങ്കിലും ഇവന്‍ മിടുക്കനെങ്കില്‍ ഇപ്പോള്‍ ഇതിനെ കുലയേറ്റി മുറിച്ചീടേണം.‍}

വിശ്വാമിത്രന്‍:
ചരണം4:
“ബാലനെങ്കിലുമിവന്‍ ദശരഥസുതന്‍
 ചാലമതിയാകുമിതു മുറിചെയ്‌വതിനായി”
ചരണം5:
“നിന്മനോരഥമിന്നു കരയേറിടും
 നന്മതിയതുള്ള നൃപനായക നൃപ”
ചരണം6:(രാമനോട്)
“രഘുതിലക പുരമഥനകാര്‍മ്മുകമിതു
 സകലജനതരുണ കുലയേറ്റിമുറിക്കു”
{സന്മനസ്സുള്ള നൃപനായകാ, ബാലനെങ്കിലും ദശരഥസുതനായ ഇവന്‍ ധാരാളം മതിയാകും ഇതുമുറിക്കുവാനായി. നൃപാ, നിന്റെ മനോരഥം ഇന്ന് സാധ്യമാവും. രഘുവംശത്തിന് അലങ്കാരമായുള്ളവനേ, ശിവന്റെ ചാപമായ ഇതിനെ കുലയേറ്റി മുറിക്കു.}

ശ്രീരാമന്റെ പദം- രാഗം:ആനന്ദഭൈരവി
പല്ലവി:
“കുശികസുത നിന്‍ കടാക്ഷത്തിനാലെ
 പശുപതിശരാസനം ഖണ്ഡയാമി”
ചരണം1:
“ത്രൈലോക്യനാഥനാം ദേവദേവന്‍
 കാലാരിതന്നുടെ ചരണയുഗളം
 ചേലോടു നൌമിനതഭാഗ്യപുഞ്ജം
 മാലാശയന്തന്നിലേലായ്‌വതിന്നായ്”
ചരണം9:
“അംബകുരുമയികൃപാം ശൈലതനയേ
 അംബുജവിലോചനേ കംബുകണ്ഠീ
 ത്രൈയംബകം ഖണ്ഡയാമി തരസാ
 ത്രൈലോക്യനാഥന്‍ കടാക്ഷത്തിനാലെ”
{കുശികസുതാ, അവിടുത്തെ അനുഗ്രഹത്താല്‍ പശുപതിയുടെ ചാപം ഞാന്‍ ഖണ്ഡിക്കാം. എന്റെ മനസ്സില്‍ ദു:ഖം ഉണ്ടാകാതിരിക്കുവാനായി ത്രൈലോക്യനാഥനും ദേവന്മാരുടെദേവനുമായ കാലാരിയുടെ ചരണയുഗളം വഴിപോലെ നമിക്കുന്നേന്‍. ഇതിനു കഴിഞ്ഞത് എന്റെ സൌഭാഗ്യം. അമ്മേ, ശൈലതനയേ, എന്നില്‍ കൃപചെയ്താലും. അംബുജവിലോചനേ, ശംഖിനുസമാനമായ കഴുത്തഴകോടുകൂടിയവളേ, ത്രൈലോക്യനാഥന്റെ അനുഗ്രഹത്താല്‍ ഞാന്‍ ത്ര്യംബകം ഖണ്ഡിക്കാനൊരുങ്ങുന്നു.}
“അംബകുരുമയികൃപാം”വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍, ശ്രീരാമന്‍- കലാ:ബാലസുബ്രഹ്മണ്യന്‍
ശേഷം ആട്ടം-
ശ്രീരാമന്‍ ശ്രീപരമേശ്വരനെ സ്മരിച്ച്, വിശ്വാമിത്രമുനിയേയും ജനകനേയും വണങ്ങി അനുവാദം വാങ്ങി, ത്ര്യൈബകത്തിനെ മൂന്നുവട്ടം പ്രദക്ഷിണം ചെയ്ത് വണങ്ങി, വില്ലെടുത്ത് ഞാണ്‍ വലിച്ചുമുറുക്കി, കുലച്ച് ഖണ്ഡിക്കുന്നു.
ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) ത്ര്യൈബകം ഖണ്ഡിക്കുന്നു. വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍
(വലന്തലമേളം)
ഇടതുവശത്തുനിന്നും സീത പ്രവേശിച്ച് ജനകപാര്‍ശ്വത്തില്‍ വന്നു നില്‍ക്കുന്നു. ജനകന്‍ സീതയെകൊണ്ട് ശ്രീരാമന്റെ കഴുത്തില്‍ വരണമാല്യമിടീക്കുന്നു. ശ്രീരാമന്‍ സീതയെ പാണിഗ്രഹണം ചെയ്ത് സ്വീകരിക്കുന്നു. രാമനും സീതയും ജനകനേയും വിശ്വാമിത്രനേയും കുമ്പിട്ട് അനുഗ്രഹം വാങ്ങുന്നു. എല്ലാവരും നിഷ്ക്രമിക്കുന്നു.
സീത(കലാ:മുകുന്ദന്‍) ശ്രീരാമന്റെ(കലാ:ബാലസുബ്രഹ്മണ്യന്‍) കഴുത്തില്‍ വരണമാല്യമിടുന്നു
ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) സീതയെ(കലാ:മുകുന്ദന്‍) പാണിഗ്രഹണം ചെയ്ത് സ്വീകരിക്കുന്നു
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: