2009, മാർച്ച് 10, ചൊവ്വാഴ്ച

തോരണയുദ്ധം പന്ത്രണ്ടാം രംഗം

രംഗത്ത്-ഹനുമാന്‍, സീത‍, കിങ്കരന്മാര്‍

ശ്ലോകം-രാഗം: നാട്ടക്കുറിഞ്ഞി
“ത്രിജടയാം രാക്ഷസസ്ത്രീയേവമങ്ങേകുമപ്പോള്‍
 പരവശമാരായി രക്ഷോനാരികളൊക്കവേ താന്‍
 തദനു തല്‍ ഭൂരുഹത്തില്‍ വാണിടും വായുസൂനു
 ജനകജാ കേള്‍ക്കുമാറായ്ക്കനിവിനോടേവമൂചേ”
{ത്രിജടയെന്ന രാക്ഷസസ്ത്രീ ഈവിധം പറഞ്ഞപ്പോള്‍ രാക്ഷസനാരികളൊക്കെ ഭയപരവശരായിപോയി. അനന്തരം ആ വൃക്ഷത്തിനുമുകളില്‍ ഇരുന്നിരുന്ന വായുസൂനു ജനകജകേള്‍ക്കുമാറ് കനിവോടെ ഇങ്ങിനെ പറഞ്ഞു.}

മുന്‍‌രംഗത്തിലേതുപോലെതന്നെ സീത ഇടതുഭാഗത്ത് നിലത്തിരിക്കുന്നു. ഹനുമാന്‍ വലതുവശത്തുകൂടി പ്രവേശിച്ച്, പിന്നില്‍ വട്ടംവെച്ച്, സീതാസമീപം ചെന്ന് പദാഭിനയം ചെയ്യുന്നു^.

[^ഹനുമാന്റെ പ്രവേശത്തില്‍ ‘സൂര്യവംശജാതനാകും’ എന്ന ഒരു പദം ഉണ്ട്. രാമന്റെ ചരിതം ഹനുമാന്‍ പാടുന്നതായുള്ള ഈ പദം ഇപ്പോള്‍ നടപ്പിലില്ല.]

പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:അടന്ത(മൂന്നാം കാലം)
ഹനുമാന്‍:
ചരണം1:
“സീതേ നിന്‍ പദാബുജം കൈതൊഴുന്നേനഹം
 ഏതുമേയിതു മായയല്ല വൈദേഹി”
ചരണം2:
“രാമദൂതനാകുന്നു ഞാനെന്നതറിക നീ
 അത്ഭുതാംഗുലീയവുമുണ്ടടയാളം”
{സീതേ, നിന്‍ പദാബുജം ഞാന്‍ കൈതൊഴുന്നേന്‍. ദേവീ, ഒട്ടും മായയല്ലിത്. രാമദൂതനാണ് ഞാന്‍ എന്ന് ഭവതി അറിഞ്ഞാലും. അടയാളമായി അത്ഭുതാഗുലീയവുമുണ്ട്.}

സീത‍:-താളം:മുറിയടന്ത
ചരണം3:
“ആരു നീ കപിവര തരികയെന്‍ കരമതില്‍
 അത്ഭുതാംഗുലീയവും വൈകാതെ സുമതേ”
{കപിവരാ, നീ ആരാണ്? സുമതേ, അത്ഭുതാഗുലീയം വൈകാതെ എന്റെ കയ്യില്‍ തരൂക.}

ഹനുമാന്‍:
ചരണം4:
“അത്ഭുതാഗുലീയവും ഗ്രഹിക്ക വൈദേഹീ
 വായുതനയനാകും ഹനുമാനല്ലോ ഞാന്‍”
{വൈദേഹീ, അത്ഭുതാഗുലീയം വാങ്ങിയാലും. വായുതനയനാകുന്ന ഹനുമാനാണ് ഞാന്‍.}

സീത:
ചരണം5:
“അത്ര നീ വന്നതതിചിത്രമല്ലോ പാര്‍ത്താല്‍
 ഭര്‍ത്താവിനോടതിനെ വൈകാതെ പറക”
ചരണം6:
“അസ്തു നിനക്കു സ്വസ്തി പോക നീ മാരുതീ
 ആശ്ചര്യചൂഡാമണിയും വാങ്ങിക്കൊള്‍ക”
{അങ്ങിവിടെ വന്നതോര്‍ത്താല്‍ അത്യത്ഭുതമായിരിക്കുന്നു. ഭര്‍ത്താവിനോട് ഇത് വൈകാതെ പറയുക. മാരുതേ, അങ്ങേയ്ക്ക് മംഗളം ഭവിക്കട്ടെ. ആശ്ചര്യചൂഡാമണിയും വാങ്ങി പൊയ്ക്കൊളുക.}

ഹനുമാന്‍:-താളം:മുറിയടന്ത(ദ്രുതകാലം)
ചരണം7:
“ഒരുമാസത്തിനകത്തു വരുവന്‍ വൈദേഹി
 നരവരന്‍ രാമനേയും കൊണ്ടുതന്നെ”
ചരണം8
“പെരുകിന കപിവാഹിനി ജവമോടു തന്നെ
 വിരവോടിവരെകൊന്നു കൊണ്ടുപോം നിന്നെ”
{വൈദേഹീ, ഒരുമാസത്തിനകം നരവരനായ രാമനേയുംകൊണ്ട് ഞാന്‍ വരുന്നുണ്ട്. വന്‍ വാനരസന്യത്തോടോപ്പം വന്ന് വേഗത്തില്‍ തന്നെ വഴിപോലെ രാക്ഷസരെ കൊന്ന്‍ ദേവിയെ കൊണ്ടുപോകും.}
സീത(കലാ:ഷണ്മുഖന്‍) ആശ്ചര്യചൂഡാമണി ഹനുമാന്റെ (കലാ:രാമന്‍‌കുട്ടി നായര്‍) കൈവശം നല്‍കുന്നു
ശേഷം ആട്ടം-
സീത ആശ്ചര്യചൂടാമണി ഹനുമാന്റെ കയ്യില്‍ നല്‍കുന്നു. ഹനുമാന്‍ അതുവാങ്ങി ശിരസ്സില്‍ വച്ചശേഷം സീതയെ നമസ്ക്കരിക്കുന്നു.
ഹനുമാന്‍:‘ഇനി ഒട്ടും ഖേദിക്കേണ്ട. ഞാന്‍ ഉടനെതന്നെ രാമസ്വാമിയോടുകൂടി ഇവിടെ എത്തുന്നുണ്ട്.’
ഹനുമാന്‍ വീണ്ടും സീതയെ വണങ്ങി, വലംവെച്ച് തിരിയുന്നു.
ഈ സമയത്ത് രംഗത്തിന്റെ ഇടതുഭാഗം മാത്രം മറയത്തക്കരീതിയില്‍ തിരശ്ശീല പിടിക്കുന്നു. സീത നിഷ്ക്രമിക്കുന്നു. കിങ്കരന്മാര്‍ പ്രവേശിച്ച് നിലത്ത് കിടന്ന് ഉറങ്ങുന്നു. തിരശ്ശീലമാറ്റുന്നു.
ഹനുമാന്‍ തിരിഞ്ഞ് പ്രമദാവനത്തിലേക്ക് പ്രവേശിക്കുന്നു.
ഹനുമാന്‍:‘ഇനി മടങ്ങുന്നതിനു മുന്‍പ് ശത്രുവിന്റെ ബലം അറിയണം. അന്താണുവഴി?’ (ആലോചിച്ച്)‌ ‘ഈ അന്ത:പുരോദ്യാനത്തെ ഭഞ്ജിക്കുകതന്നെ.’ (നോക്കി ശ്രദ്ധിച്ച്) ‌‘അവിടെ വനപാലകര്‍ ഉറങ്ങുന്നുണ്ട്. അവരെ ഉണര്‍ത്തുകതന്നെ.’
ഹനുമാന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

ഹനുമാന്റെ പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മുന്നാം കാലം)
പല്ലവി:
“പ്രമദാ വനമിതു ഭഞ്ജിക്കുന്നേന്‍”
ചരണം1:
“മാരുതി ഹനുമാനാകുന്നു ഞാന്‍
 വരുമൊരു രാക്ഷസവരരെ വെല്‍‌വന്‍”
ചരണം2:
“രാവണനെങ്കിലുമെതിരായ് നില്പാന്‍
 കേവലമേവനിഹ വരുവാനുള്ളു”
{ഈ അന്ത:പുരോദ്യാനം ഞാനിതാ തകര്‍ക്കുന്നു. മാരുതപുത്രനാകുന്ന ഹനുമാനാകുന്നു ഞാന്‍. വരുന്ന രാക്ഷസവരരെയെല്ലാം ഞാന്‍ ജയിക്കും. എതിരായി വരുന്നത് രാവണന്‍ തന്നെയെങ്കിലും അവനെ ഞാന്‍ കരയിക്കും.}
“പ്രമദാ വനമിതു ഭഞ്ജിക്കുന്നേന്‍”(ഹനുമാന്‍-കലാ:രാമന്‍‌കുട്ടി നായര്‍)
.ശേഷം ആട്ടം^-
ഹനുമാന്‍ ഉദ്യാനപാലകരെ ഉണര്‍ത്തുകയും പ്രമദാവനം തകര്‍ക്കുകയും ചെയ്യുന്നു. ഉദ്യാനപാലകര്‍ ഹനുമാനോട് എതിരിടുന്നു. ഒടുവില്‍ കിങ്കരന്മാര്‍ ഹനുമാനെ ബന്ധിക്കുന്നു^. ബന്ധിതനായ ഹനുമാനെ രാവണസമക്ഷം ഹാജരാക്കാനുറച്ച് കിങ്കരന്മാര്‍ ഹനുമാനേയും കൂട്ടി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[^ഈ ഭാഗത്തെ ആട്ടം നടന്മാരുടെ മനോധര്‍മ്മാനുസ്സരണം വിസ്തരിക്കും.]

[^കഥാനുസ്സരണം ഉദ്യാനപാലകരെ ഹനുമാന്‍ കൊന്നുകളയുന്നു. അതറിഞ്ഞ് വന്ന് യുദ്ധംചെയ്യുന്ന രാവണപുത്രന്‍ അക്ഷകുമാരനേയും ഹനുമാന്‍ വധിക്കുന്നു. തുടര്‍ന്ന് ഹനുമാനോട് എതിരിടാനെത്തുന്ന ഇന്ദ്രജിത്താണ് ഹനുമാനെ ബന്ധിതനാക്കി കൊണ്ടുപോകുന്നത്. എന്നാല്‍ ഈ ഭാഗങ്ങളോന്നും ഇപ്പോള്‍ നടപ്പിലില്ല. കിങ്കരന്മാര്‍ തന്നെ ഹനുമാനെ ബന്ധിച്ച് കൊണ്ടുപോകുന്നതായാണ് ഇപ്പോള്‍ അവതരിപ്പിക്കുക പതിവ്.]

1 അഭിപ്രായം:

nair പറഞ്ഞു...

Very good work you are doing for Kathakali.