2009, ഏപ്രിൽ 21, ചൊവ്വാഴ്ച

സീതാസ്വയംവരം പുറപ്പാട്

രംഗത്ത്-ശ്രീരാമന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം)

ശ്ലോകം-രാഗം:ഗൌളീപന്ത്
“പവനതനയചേത: പങ്കജാര്‍ക്കം മുനീന്ദ്രൈ-
 രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
 ദിനകരകുലദീപം ജാനകീഭാഗ്യരാശീം
 കരധൃതശരചാപം നൌമി വില്വാദ്രിനാഥം”

{ഹനുമാന്റെ മനസ്സാകുന്ന താമരയ്ക്ക് സൂര്യനായുള്ളവനും, മഹർഷിശ്രേഷ്ഠന്മാരാൽ എന്നും ധ്യാനത്തിലൂടെ അനുഭവ്യനായവനും, ലക്ഷ്മീപതിയായുള്ളവനും, ശ്യാമശരീരനും, സൂര്യവംശത്തിനു ദീപമായുള്ളവനും, സീതയുടെ ഭാഗ്യത്തിന്റെ നിറവായുള്ളവനും, കൈകളിൽ വില്ലും ശരവും ഏന്തിയവനുമായ വില്വാദ്രിനാഥനെ ഞാൻ നമസ്കരിയ്ക്കുന്നു.}

പദം-രാഗം:ഗൌളീപന്ത്, താളം:ചെമ്പട
അനുപല്ലവി:
“സമദവിമത ജനവികടമകുട പരിലും
 കരണ പടുശരചാപം”
പല്ലവി:
“കലയ സദാ രഘുനായകം രാമം
 കലയ സദാ രഘുനായകം”
ചരണം1:
“വിബുധനികരകരവിഗളിതസുമകുല
 വിലസിത നവമണിഗണചൂഡം”
(“കലയ സദാ രഘുനായകം”)
ചരണം2:
“സമരധരോപരിഗത മൃഡശേഖരലസ-
 ദുരുതരശിശുശശിഫാലം”
(“കലയ സദാ രഘുനായകം”)
ചരണം3:
“വിധുഹൃദമർഷദ മാനസനളിനീ
 കനകസരോരുഹ ദളനയനം”
(“കലയ സദാ രഘുനായകം”)

{അഹങ്കാരികളായ ശത്രുക്കളുടെ ഗളംഛേദിക്കുന്നതിൽ സമർത്ഥമായ വില്ലും ശരങ്ങളും ധരിക്കുന്നവനും രഘുനാഥനുമായ രാമനെ എല്ലായിപ്പോഴും വന്ദിയ്ക്കൂ. ദേവന്മാരുടെ കൈകളിൽ നിന്നുതിരുന്ന പൂക്കളാൽ ശോഭിയ്ക്കുന്നതും, നവരത്നങ്ങൾ പതിച്ചതുമായ കിരീടം ധരിച്ചവനും, ശിവന്റെ ശിരോഭൂഷണമായ ചന്ദ്രക്കലപോലെ ഭംഗിയുള്ള നെറ്റിത്തടമുള്ളവനും, ചന്ദ്രന്‌ അസൂയയുണ്ടാക്കുന്നതായ മാനസസരസ്സിലെ പൊൻതാമരയുടെ ഇതൾ പോലുള്ള കണ്ണുകളുള്ളവനും രഘുനാഥനുമായ രാമനെ എപ്പോഴും വന്ദിയ്ക്കൂ.}
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: