2009, മേയ് 4, തിങ്കളാഴ്‌ച

രാവണോത്ഭവം പതിനേഴാം രംഗം

രംഗത്ത്-രാവണന്‍, മണ്ഡോദരി(കുട്ടിത്തരം സ്ത്രീവേഷം), വിദ്യുജ്ജിഹ്വന്‍‍(ഭീരു വേഷം), ശൂര്‍പ്പണഖ

ശ്ലോകം- രാഗം:ഭൂപാളം
“വിദ്യുജ്ജിഹ്വമുപേത്യ രാക്ഷസ പതേര്‍ല്ലങ്കേശ്വരസ്യാജ്ഞയാ
 സദ്യേസ്സോപി വിഭീഷണസ്തമനയല്‍ ഭ്രാതുശ്ച തസ്യാന്തികം
 ദൃഷ്ട്വാ ഹൃഷ്ടമനാ: പ്രഹൃഷ്ടഹൃദയം പുഷ്ടശ്രിയാമ്മൌലിനാ
 ശിഷ്ടം പാദയുഗേ ദശാനന ഇതി പ്രോചേ ഗിരം സാദരം”
{ജേഷ്ഠന്റെ ആജ്ഞയുമായിപോയ വിഭീഷ്ണനാല്‍ ആനയിക്കപ്പെട്ട വിദ്യുജ്ജിഹ്വന്‍ രാക്ഷസേശ്വരനായ ദശാനന്റെ സമീപം വന്നു. വിദ്യുജ്ജിഹ്വന്‍ തന്റെ പാദങ്ങളില്‍ തലകുമ്പിട്ടതുകണ്ട് സന്തുഷ്ടനായ ലങ്കേശ്വരന്‍ സാദരം ഇങ്ങിനെ പറഞ്ഞു.}

വിദ്യുജ്ജിഹ്വന്റെ തിരനോട്ടം-

വിദ്യുജ്ജിഹ്വന്റെ(ചാത്തനൂര്‍ കൊച്ചുനാരായണപിള്ള) തിരനോട്ടം
വീണ്ടും തിരശ്ശീല താഴ്ത്തുമ്പോള്‍ രാവണനും മണ്ഡോദരിയും വലതുവശത്ത് പീഠത്തില്‍ ഇരിക്കുന്നു.
(പഞ്ചാരിമേളം)
രംഗത്തിനു മുന്‍‌വശത്തുകൂടി(സദസ്യരുടെ മദ്ധ്യത്തിലൂടെ) വിദ്യുജ്ജിഹ്വന്‍ ആഡബരത്തോടെ എഴുന്നള്ളുന്നു. രാവണന്‍ നോക്കി രസിച്ച് ഇരിക്കുന്നു. വിദ്യുജ്ജിഹ്വന്‍ രംഗത്തേയ്ക്ക് പ്രവേശിച്ച് രാവണനെ കുമ്പിടുന്നു. വിദ്യുജ്ജിഹ്വനെ വന്ദിച്ച് ഇരുത്തിയിട്ട് രാവണന്‍ പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:ഭൂപാളം, താളം:അടന്ത 
ചരണം1:
“വിദ്യുജ്ജിഹ്വ വീരരണിയുന്ന മൌലേ അഹ-
 മദ്യ ഭവാനെക്കണ്ടു കൃതാര്‍ത്ഥനായി”
 ചരണം2:
“ഉദ്യോഗം നിനക്കുണ്ടെങ്കില്‍ ചൊല്ലീടാം ഞാന്‍ പര-
 മദ്യ ഭവാന്‍ ചെയ്യേണ്ടുന്നൊരു കാര്യമുണ്ടു”
ചരണം3:
“മദ്ഭഗിനിതന്നുടെ പാണിഗ്രഹണം പര-
 മത്ഭുതവിക്രമനാം നീ ചെയ്തീടേണം”
ചരണം4:
“യോഗ്യത നിന്നോളമോര്‍ത്താല്‍ ആര്‍ക്കുമില്ല മമ
 ഭാഗ്യമേവം വന്നതിപ്പോള്‍ എന്നു നൂനം”
ചരണം5:
“മിത്രഭാവവും നമ്മിലുളവാകിലോ കേള്‍ ഒരു
 ശത്രുവുമുണ്ടായ്‌വരാ ജഗത്തിലെങ്ങും”
{വിദ്യുജ്ജിഹ്വാ, വീരരണിയുന്ന കിരീടമേ, ഞാന്‍ ഇപ്പോള്‍ ഭവാനെ കണ്ടതിനാല്‍ കൃതാര്‍ത്ഥനായി. അങ്ങേയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ പറയാം. ഭവാന്‍ ഇപ്പോള്‍ ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്. എന്റെ ഭഗിനിയുടെ പാണിഗ്രഹണം ഏറ്റവും അത്ഭുതവിക്രമനായ അങ്ങ് ചെയ്തീടേണം. ഓര്‍ത്താല്‍ അതിന് യോഗ്യത അങ്ങയോളം മറ്റാര്‍ക്കുമില്ല. ഇപ്രകാരം ഭാഗ്യം വന്നിരിക്കുന്നു എന്ന് ഇപ്പോള്‍ ഉറപ്പ്. കേള്‍ക്കുക, നമ്മള്‍ മിത്രങ്ങളായിതീര്‍ന്നാല്‍ പിന്നെ ലോകത്തില്‍ നമുക്കൊരു ശത്രുവും ഉണ്ടാകില്ല.}

വിദ്യുജ്ജിഹ്വന്റെ മറുപടി പദം- രാഗം:ഭൂപാളം, താളം:മുറിയടന്ത
ചരണം1:
“ആശരവംശാധിപ ദശാനന കേള്‍ എനി-
 ക്കാശയതിനില്ലന്നല്ല ചൊല്ലീടാം ഞാന്‍“
ചരണം2:
“ആശു ഞാനതിനുത്സാഹം ചെയ്തീടായ്‌വന്‍ തവ
 ആശയറിയായ്കകൊണ്ടത്രെ കാരണം കേള്‍”
ചരണം3:
“ഇന്നിനാമിതേവമെങ്കില്‍ ശൌര്യരാശേ ഇങ്ങു
 തന്നാലും ത്വത്സോദരിയെ വൈകിടാതെ”
{രാക്ഷസവംശാധിപാ, ദശാനനാ, കേള്‍ക്കുക. എനിക്ക് ആശയതിന് ഇല്ലെന്നല്ല. കാരണം ഞാന്‍ പറയാം. അങ്ങയുടെ മനോഗതം അറിയായ്ക കൊണ്ടാണ് പെട്ടന്ന് ഞാന്‍ അതിന് ഉത്സാഹിക്കാഞ്ഞത്. ശൌര്യരാശേ, ഇന്ന് ഇപ്രകാരമാണെങ്കില്‍ അങ്ങയുടെ സോദരിയെ വൈകാതെ ഇങ്ങു തന്നാലും.}

രാവണന്‍: 
ചരണം6:-രാഗം:പുറന്നീര, താളം:ചെമ്പട 
“തന്നു ഞാന്‍ മത്സോദരിയെ മാന്യരാശേ ഇനി
 നന്നായ് വാഴ്കെടോ ഇവളോടുകൂടെ”
{എന്റെ സോദരിയെ ഞാന്‍ തരുന്നു. മാന്യരാശേ, ഇനി ഇവളോടുകൂടി നന്നായി വാണാലും.}

വിദ്യുജ്ജിഹ്വന്‍ രാവണസമീപമുള്ള മണ്ഡോദരിയെ കണ്ട് ശൂര്‍പ്പണഖയാണെന്ന് തെറ്റിധരിച്ചാണ് പാണിഗ്രണത്തിന് ഉദ്യമിക്കുന്നത്. പെട്ടന്ന് പിന്നിലൂടെ പ്രവേശിക്കുന്ന ശൂര്‍പ്പണഖയുടെ കരം രാവണന്‍ വിദ്യുജ്ജിഹ്വന്റെ കൈയ്യില്‍ പിടിപ്പിക്കുന്നു(പാണിഗ്രഹണം ചെയ്യിക്കുന്നു). രാവണനും മണ്ഡോദരിയും നിഷ്ക്രമിക്കുന്നു. വിദ്യുജ്ജിഹ്വന്‍ ശൂര്‍പ്പണഖയെ കൈയ്യില്‍ പിടിച്ച് തന്നിലേയ്ക്ക് അടുപ്പിച്ച് അവളെ ആലിംഗനംചെയ്യാന്‍ മുതിരുന്നു. അപ്പോഴാണ് തനിക്ക് ആളുമാറിപ്പോയതായി വിദ്യുജ്ജിഹ്വന്‍ മനസ്സിലാക്കുന്നത്. പെട്ടന്ന് വിദ്യുജ്ജിഹ്വന്‍ പരിഭ്രമിച്ച്, ശൂര്‍പ്പണഖയെ വിട്ട് ഓടി നിഷ്ക്രമിക്കുന്നു. ശൂര്‍പ്പണഖയും വിദ്യുജ്ജിഹ്വന്റെ പിറകെ ഓടി നിഷ്ക്രമിക്കുന്നു.
രാവണന്‍(കലാ:കൃഷ്ണകുമാര്‍) ശൂര്‍പ്പണഖയെ(കോട്ട:സുനില്‍) വിദ്യുജ്ജിഹ്വനെ
(ചാത്തനൂര്‍ കൊച്ചുനാരായണപിള്ള)ക്കൊണ്ട് പാണിഗ്രഹണം ചെയ്യിക്കുന്നു.
രാവണവേഷമിട്ട നടന്‍ പ്രവേശിച്ച് ധനാശികലാശം ഏടുക്കുന്നു.
-----(ധനാശി)-----

അഭിപ്രായങ്ങളൊന്നുമില്ല: