2009, ജനുവരി 4, ഞായറാഴ്‌ച

തോരണയുദ്ധം പതിനെട്ടാം രംഗം

രംഗത്ത്-ഹനുമാൻ, ശ്രീരാമൻ, ലക്ഷ്മണൻ

ശ്ലോകം-രാഗം:പുറനീര
“ഇത്ഥം പറഞ്ഞു വിധി ബാലിമരുത്തനൂജാഃ
 മോദേന സേനയൊടുകൂടി നടന്നു വേഗാൽ
 താവൽ തതോ മധുവനത്തെയഴിച്ചു ഗത്വാ
 ശ്രീരാമമേത്യ ജഗദുശ്ചരിതം കപീന്ദ്രാഃ”
{അംഗദനോട് വിധിപോലെ ഇപ്രകാരം പറഞ്ഞിട്ട് ഹനുമാൻ സസന്തോഷം സേനയോടുകൂടി വേഗത്തിൽ മടങ്ങി. എല്ലാവരുംകൂടി മധുവനത്തിലെത്തി സുഖമായി ഭക്ഷണം കഴിച്ചശേഷം ഹനുമാൻ ശ്രീരാമസന്നിധിയിലെത്തി ചരിതങ്ങൾ അറിയിച്ചു.}

ശ്രീരാമൻ വലത്തുഭാഗത്ത് പീഠത്തിൽ ഇരിക്കുന്നു. ലക്ഷ്മണൻ സമീപത്ത് നിൽക്കുന്നു. ഇടതുവശത്തുനിന്നും പ്രവേശിക്കുന്ന ഹനുമാൻ കൈകൾ ശിരസ്സിനുമുകളിൽ കൂപ്പിക്കൊണ്ട് ഓടിവന്ന് ശ്രീരാമപാദത്തിൽ നമസ്ക്കരിക്കുന്നു. ശ്രീരാമൻ അനുഗ്രഹിക്കുന്നു. ഹനുമാൻ എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:പുറനീര, താളം:ചെമ്പട(രണ്ടാം കാലം)
ഹനുമാൻ:
പല്ലവി:
“കണ്ടേൻ വണ്ടാർകുഴലിയെ തണ്ടാർശരതുല്യ രാമ”
ചരണം1:
“ശ്രീരാമ നിന്നരുളാലെ പാരാവാരം കടന്നേനടിയൻ
 അന്വേഷിച്ചു ചെല്ലുന്നേരം തന്വംഗിയെക്കണ്ടേൻ ധന്യ”
ചരണം2:
“അംഗുലീയം നൽകിയടിയൻ ചൂഡാമണി തന്നേൻ കയ്യിൽ
 ചൂഡാമണീം ഗ്രഹിക്കു വീര ചാടുവീരതേജോരാശേ”
{കാമതുല്യാ, രാമാ, സുന്ദരിയെ കണ്ടു. ശ്രീരാമാ, ധന്യാ, അവിടുത്തെ അനുഗ്രഹത്താൽ അടിയൻ സമുദ്രം കടന്ന് അന്വേഷിച്ചു ചെല്ലുന്നേരം സീതാദേവിയെ കണ്ടു. അടിയൻ ദേവിക്ക് അംഗുലീയം നൽകി. ദേവി അടിയന്റെ കൈയ്യിൽ ചൂഡാമണിയും തന്നു.വീരാ, വീരതേസ്സോടുകൂടിയവനേ, ചൂഡാമണി ഗഹിച്ചാലും.}

ഹനുമാൻ ശിരസ്സിൽനിന്ന് ചൂഡാമണി എടുത്ത് ഭക്തിയോടെ ശ്രീരാമന്റെ കൈയ്യിൽ നൽകുന്നു. ശ്രീരാമൻ അതുവാങ്ങി സന്തോഷിച്ച് എഴുന്നേറ്റ് ചരണം ആടുന്നു.

ശ്രീരാമൻ:
പല്ലവി:
“വിസ്മയപ്പാടു നീ ചെയ്തു തസ്മിൻ തസ്യ മത്സഖിയേ”
{എന്റെ സുഹൃത്തേ, നീ ചെയ്തത് ഏറ്റവും അത്ഭുതകരം തന്നെയാണ്.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീരാമനെ ഹനുമാൻ കുമ്പിടുന്നു.
ശ്രീരാമൻ:(അനുഗ്രഹിച്ചിട്ട്) ‘എനിക്ക് ഏറ്റവും സമാധാനമായി. ഇനി നമുക്ക് അങ്ങോട്ട് പോകുവാനുള്ള ഉപായം എന്തെന്ന് അലോചിച്ച് നിശ്ചയിക്കാം.’
ഹനുമാൻ:‘കല്പനപോലെ’
വീണ്ടും വന്ദിച്ച് ഹനുമാൻ നിഷ്ക്രമിക്കുന്നു. അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് ശ്രീരാമനും ഒപ്പം ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

അഭിപ്രായങ്ങളൊന്നുമില്ല: