2009, ജനുവരി 4, ഞായറാഴ്‌ച

തോരണയുദ്ധം പതിനാറാം രംഗം

രംഗത്ത്-രാവണന്‍, ഹനുമാന്‍, പ്രഹസ്തന്‍, കിങ്കരന്മാര്‍

ഈ രംഗത്തിന്റെ ആരംഭത്തിലുള്ള ശ്ലോകവും പദവും ഇപ്പോള്‍ നാടപ്പിലില്ല. ഇന്ദ്രജിത്ത് ഹനുമാനെ രാവണസമക്ഷം ഹാജരാക്കുകയും, രാവണന്‍ ഹനുമാനെ വധിക്കുവാന്‍ നിശ്ചയിക്കുകയും, വിഭീഷണന്‍ ദൂതവധം തടയുകയും ചെയ്യുന്നതായ കഥാഭാഗമാണിത്. ഇതിനെ തുടര്‍ന്നുള്ള ശ്ലോകം മുതലാണ് ഇപ്പോള്‍ ഈ രംഗം അവതരിപ്പിക്കുക പതിവ്.

ശ്ലോകം-രാഗം: വേകട
“വിഭീഷണന്‍ ചൊന്നതു കേട്ടനേരം
 സഭാന്തരാളെ ദശകണ്ഠനാരാല്‍
 വിഭിന്നലോകശ്രുതിശബ്ദമോടി-
 ങ്ങഭീതമിത്ഥം ഹനുമന്തമൂചേ”
{വിഭീഷണന്‍ പറഞ്ഞത് കേട്ടപ്പോള്‍ രാവണന്‍ സഭയില്‍ വെച്ച് ലോകരുടെ കര്‍ണ്ണം‌പിളര്‍ക്കുമാറുച്ചത്തില്‍ നിര്‍ഭീതനായ ഹനുമാനോട് ഇങ്ങിനെ പറഞ്ഞു}

ഇടതുഭാഗത്തുകൂടി ബന്ധനസ്ഥനായ ഹനുമാനേയും കൊണ്ട് കിങ്കരന്മാര്‍ പ്രവേശിച്ച്, ഹനുമാനെ ഇടതുഭാഗത്ത് നിലത്ത് ഇരുത്തി, വലതുവശത്തിരിക്കുന്ന രാവണനെ വന്ദിച്ച്, ‘ഇതാ’ എന്ന് കാട്ടിക്കൊടുക്കുന്നു. ഹനുമാനെ കണ്ട്, കോപത്തോടെ രാവണന്‍ പദാഭിനയം ചെയ്യുന്നു.
ബന്ധനസ്ഥനായ ഹനുമാനെ(കലാ:രാമന്‍‌കുട്ടിനായര്‍) കിങ്കരന്മാര്‍ രാവണ(കലാ:വാസുപ്പിഷാരോടി)സമീപം ഹാജരാക്കുന്നു
പദം-രാഗം:വേകട, താളം:മുറിയടന്ത(ദ്രുതകാലം)
രാവണന്‍:
ചരണം1:
“ലങ്കയില്‍ വന്നേവം ചിത്തേ ശങ്കിയാതെ എന്നുടയ
 കിങ്കരാദികളെകൊന്നതെന്തു മര്‍ക്കടമൂഢ”
ചരണം2:
“ഹന്ത രാവണനാകും ഞാന്‍ വൈരി രാവണനെന്നതും
 കിന്തു നീ അറിയായ്കയോ ഏവം ചെയ്തു രേ രേ”
{എടാ, മര്‍ക്കടമൂഢാ, ലങ്കയില്‍ വന്ന് ഇങ്ങിനെ മന:ശങ്കയില്ലാതെ എന്റെ കിങ്കരാദികളെ കൊന്നതെന്തിന്? അഹോ! രാവണനാകുന്ന ഞാന്‍ വൈരികളെ കരയിക്കുന്നവനാണ്. എടാ, എടാ, ഇത് അറിയാഞ്ഞിട്ടാണോ ഈ വിധം ചെയ്തത്?}
“ഹന്ത രാവണനാകും ഞാന്‍”(രാവണന്‍-കലാ:കൃഷ്ണന്‍‌നായര്‍, ഹനുമാന്‍-കലാ:കരുണാകന്‍)

ഹനുമാന്‍ ചാടിയെഴുന്നേറ്റ് അഞ്ചാറുതവണ വട്ടംതിരിഞ്ഞ് സ്വന്തം വാല്‍ വളച്ചുവെച്ച് പീഠമൊരുക്കി, അഹങ്കാരത്തോടെ അതില്‍ ഇരുന്നിട്ട് പദാഭിനയം ചെയ്യുന്നു.

ഹനുമാന്‍:
ചരണം3:
“പങ്ക്തികണ്ഠാ കേളേടാ നീ ബന്ധുരമെന്‍ വചനത്തെ
 ചിന്തതെളിവോടുതന്നെ ഉരചെയ്തീടാം”
ചരണം4:
“കേളടായെന്‍ ബാഹുവീര്യം മല്കരതാഡനത്തിങ്കല്‍
 നില്‍ക്കയില്ലമേരുപോലും ലങ്കയോ പിന്നെ”
{പങ്ക്തികണ്ഠാ, നീ എന്റെ നല്ലവചനത്തെ കേള്‍ക്കെടാ. മന:ശുദ്ധതയോടെ പറയാം. എന്റെ ബാഹുവീര്യത്തെ കേള്‍ക്കെടാ. എന്റെ കരതാഡനമേറ്റാല്‍ മേരുപോലും നില്‍ക്കയില്ല. പിന്നയോ ഈ ലങ്ക?}
“പങ്ക്തികണ്ഠാ കേളേടാ”(രാവണന്‍-കലാ:പത്മനാഭന്‍‌നായര്‍, ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍‍)
രാവണന്‍:
ചരണം5:
“നിസ്തുലഹസ്ത ബലവാനാം പ്രഹസ്ത കേള്‍
 ഹസ്തീന്ദ്ര സമവീര്യ നിസ്തുലകായ”
ചരണം6:
“മര്‍ക്കടകീടത്തെ ഇക്ഷണം വാലില്‍
 വസ്ത്രം ചുറ്റി തീ കൊളുത്തുക ചെറ്റും വൈകാതെ”
{തുല്യതയില്ലാത്ത കരബലവാനായ പ്രഹസ്താ, കേള്‍ക്കുക. ഗജേന്ദ്രന് സമമായ വീര്യത്തോടു കൂടിയ കിടയറ്റ കായബലമുള്ളവനേ, മര്‍ക്കടകീടത്തെ ഈക്ഷണം വാലില്‍ വസ്ത്രംചുറ്റി തീകൊളുത്തുക. ഒട്ടും വൈകരുത്.}
“തീ കൊളുത്തുക ചെറ്റും വൈകാതെ” (രാവണന്‍-കലാ:പത്മനാഭന്‍‌നായര്‍)
ശേഷം ആട്ടം-
പ്രഹസ്തന് കല്‍പ്പനകൊടുത്ത് രാവണന്‍ നിഷ്ക്രമിക്കുന്നു. അതനുസ്സരിച്ച് പ്രഹസ്തന്റെ നേതൃത്വത്തില്‍ കിങ്കരന്മാര്‍ ഹനുമാന്റെ വാലില്‍ തുണികള്‍ കൊണ്ടുവന്നുചുറ്റി, എണ്ണയൊഴിച്ച് തീകത്തിക്കുന്നു. കിങ്കരന്മാര്‍ ആഹ്ലാദത്തോടേ ആര്‍ത്തുവിളിക്കുന്നു. തീ ആളികത്തുന്നതോടെ ഹനുമാന്‍ വാലിന്റെ അഗ്രം കയ്യിലെടുക്കുന്നു(കൊളുത്തിയ പന്തം കൈയ്യില്‍ വാങ്ങുന്നു). ഹനുമാന്‍ പ്രഹസ്താദികിങ്കരന്മാരെ കരിച്ച്, ഓടിക്കുന്നു. പ്രഹസ്തനും കിങ്കരന്മാരും ഓരോരുത്തരായി ഓടി നിഷ്ക്രമിക്കുന്നു. ഈ സമയം രാവണന്‍ പ്രവേശിച്ച്, വലതുഭാഗത്ത് ഇരിക്കുന്നു. ഹനുമാന്‍ കിങ്കരരെ ഓടിച്ചശേഷം തിരിഞ്ഞുവന്ന് രാവണസമീപം ചെന്ന് അഗ്നി കാട്ടുന്നു. രാവണന്‍ കുറച്ചു സമയം ചെറുത്തുനില്‍ക്കുന്നുവെങ്കിലും ക്രമേണ ചൂടുസഹിക്കാനാകാതെ പരാജയപ്പെട്ട് ഓടി നിഷ്ക്രമിക്കുന്നു. ഹനുമാന്‍ വീണ്ടും തിരിഞ്ഞ് രംഗത്തേക്കുവന്ന് ലങ്കാദഹനം നടത്തുന്നു.
ഹനുമാന്റെ (കലാ:രാമന്‍‌കുട്ടിനായര്‍) ലങ്കാദഹനം
ഹനുമാന്‍:(അഗ്നിയില്‍ മുങ്ങിയ ലങ്കാനഗരത്തെ കൃതാര്‍ത്ഥതയോടെ നോക്കിയിട്ട്) ‘ഇനി വേഗം സമുദ്രം തിരിച്ചുകടന്ന് പോയി സ്വാമിയെ വിവരങ്ങള്‍ ധരിപ്പിക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടുകൂടി ഇടതുവശത്തുള്ള പീഠത്തില്‍ കയറി വലത്തേയ്ക്ക് കെട്ടിച്ചാടി നിഷ്ക്രമിക്കുന്നു.
-----(തിരശീല)-----

2 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ “^^-“ ഇത്തരം എക്സ്ട്രാ സാ‍ധനങ്ങൾ ധാരാളം വരുന്നുണ്ടല്ലോ. അതെന്താ കാരണം? എല്ലാറ്റിലും ഇങ്ങനെ കുത്തും കോമയും ധാരാളം വെറുതെ കാണാം ഹോൾ‌സേലായി!
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ -സു-,
“^^”, “*” ഇത്തരം സാധനങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ ഇടുന്നതാണ്. അവ ഇട്ടിരിക്കുന്ന ഭാഗത്തെ കുറിച്ച് പ്രത്യേകമായി എന്തെങ്കിലും കുറിക്കാനുണ്ടാവും. ആ കുറിപ്പുകള്‍ താഴെ “[]” ഉള്ളില്‍ നല്‍കുന്നുമുണ്ട്.