അംബരീഷചരിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അംബരീഷചരിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അംബരീഷചരിതം

ശ്രീമദ്ഭാഗവതം നവമസ്കന്ധത്തിലെ 4,5 അദ്ധ്യായങ്ങളിലായി വരുന്ന 
അംബരീഷമഹാരാജാവിന്റെ കഥയെ അടിസ്ഥാനമാക്കി അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാൻ രചിച്ച ആട്ടക്കഥയാണ് 'അംബരീഷചരിതം'.
കഥാസംഗ്രഹം
സൂര്യവംശജനും നഭഗപുത്രനും മഹാജ്ഞാനിയുമായിരുന്ന നാഭാഗന്റെ 
പുത്രനായിരുന്നു അംബരീഷൻ. അളവറ്റ ഭൂമിക്കും ധനത്തിനും അധിപനായിരുന്നു എങ്കിലും മഹാവിഷ്ണുവിലുള്ള അചഞ്ചലമായ ഭക്തി മൂലം വിരക്തിവന്ന ഇദ്ദേഹം ധർമ്മനിഷ്ടയോടെ രാജ്യം ഭരിച്ചുവന്നു. യാതൊന്നിലും ആഗ്രഹമില്ലാത്തവനായ തന്റെ ഭക്തനിൽ പ്രീതനായ മഹാവിഷ്ണു ശത്രുസംഹാരത്തിന് സമർത്ഥമായ തന്റെ ചക്രായുധത്തെ നൽകി അംബരീഷനെ അനുഗ്രഹിച്ചു.
അംബരീഷൻ പത്നിമാരുമായി സല്ലപിക്കുന്ന രംഗത്തോടുകൂടിയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ, ആശ്രമത്തിൽ വന്നുകണ്ട് വന്ദിക്കുന്ന അംബരീഷരാജാവിനോട് വിഷ്ണുപ്രീതിയ്ക്കായി 'ദ്വാദശിവ്രതം' അനുഷ്ടിക്കുവാൻ കുലഗുരുവായ വസിഷ്ഠമഹർഷി നിർദ്ദേശിക്കുന്നു. എല്ലാ ഏകാദശിദിവസവും ശുദ്ധോപവാസമായും അതിനു തലേന്നാളും(ദശമി) പിറ്റേന്നാളും(ദ്വാദശി) ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടും വിഷ്ണുവിനെ ഭജിച്ചുകഴിയണം. അറുപതുകോടി നല്ല പശുക്കളേയും ഭോജനവും ബ്രാഹ്മണർക്കായി നൽകിക്കൊണ്ട് ഇപ്രകാരം ഒരുവർഷക്കാലം ഏകാദശി നോൽക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത്. ഗുരുവിന്റെ നിദ്ദേശാനുസ്സരണം അംബരീഷൻ ദ്വാദശിവ്രതം അനുഷ്ടിച്ചുതുടങ്ങി. നാസ്തികരായ ഒരുകൂട്ടം യവനന്മാർ വിഷ്ണുവിനെ പരിഹസിക്കുന്നതായി തന്റെ മന്ത്രിയിൽനിന്നും അറിഞ്ഞ് അംബരീഷൻ അവരെ നശിപ്പിക്കുവാനായി പുറപ്പെടുന്നു രംഗം മൂന്നിൽ. നാലാം രംഗത്തിൽ, യവനരുടെ നഗരദ്വാരിയിൽ ചെന്ന് അംബരീഷൻ അവരെ പോരിനുവിളിക്കുന്നു. നേരിടാൻ വരുന്ന യവനന്മാരെ എല്ലാവരേയും അംബരീഷൻ വധിക്കുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ, യമുനാതീരത്തെ മധുവനത്തിൽ വന്ന് വ്രതമനുഷ്ടിച്ച് വിഷ്ണുധ്യാനത്തിൽ ഏർപ്പെട്ടിരിക്കുന്ന അംബരീഷൻ ദ്വാദശിവ്രതം പാരണവീടി അവസാനിപ്പിക്കുവാൻ തയ്യാറാകുന്നവേളയിൽ ദുർവ്വാസാവുമഹർഷി അവിടെ എത്തുന്നു. അദ്ദേഹത്തെ സ്വീകരിക്കുന്ന അംബരീഷൻ അന്നത്തെ ഭിക്ഷ ഇവിടെനിന്നും കഴിക്കുവാൻ മഹർഷിയോട് അപേക്ഷിക്കുന്നു. അത് സമ്മതിച്ച ദുർവ്വാസാവ് കുളിയും മദ്ധ്യാഹ്നക്രിയകളും കഴിച്ച് ഉടൻവരാം എന്നുപറഞ്ഞ് യമുനാതീരത്തേയ്ക്ക് പോകുന്നു. പാരണവീടി വ്രതം പൂർത്തീകരിക്കുവാനുള്ള സമയം അതിക്രമിച്ചിട്ടും മഹർഷി മടങ്ങിയെത്താത്തതിനാൽ അംബരീഷൻ ചിന്താപരവശനാകുന്നു രംഗം ഏഴിൽ. സമയത്ത് പാരണവീടിയില്ലെങ്കിൽ വ്രതഭംഗം വരും. മഹർഷിയെക്കൂടാതെ പാരണവീടിയാൽ അദ്ദേഹത്തിന് അപ്രീതിയുണ്ടാകും. എന്തുചെയ്യണമെന്നറിയാതെ അംബരീഷൻ വിഷ്ണുവിനെ പ്രാർത്ഥിക്കുന്നു. വെറും ജലം കുടിച്ച് പാരണവീടാമെന്നും അതുകൊണ്ട് ഭക്ഷിച്ചു എന്ന് വരുകയുമില്ലെന്നും വേദത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണർ രാജാവിനോട് നിർദ്ദേശിക്കുന്നു. അതനുസരിച്ച് അംബരീഷൻ തുളസീതീർത്ഥം സേവിച്ച് പാരണവീടുന്നു. അനന്തരം മടങ്ങിയെത്തുന്ന ദുർവ്വാസാവ് അംബരീഷൻ തന്നെക്കൂടാതെ പാരണവീടി എന്നറിഞ്ഞ് ക്രുദ്ധനാകുന്നു. തന്നെ അപമാനിച്ച രാജാവിനെ ദണ്ഡനം ചെയ്യുവാനായി മഹർഷി തന്റെ ജടയിൽനിന്നും പ്രളയാഗ്നിക്കുസമാനം സംഹാരശക്തിയുള്ള ഒരു കൃത്യയെ സൃഷ്ടിച്ച് അയയ്ക്കുന്നു. അംബരീഷന്റെ രക്ഷയ്ക്കായി മഹാവിഷ്ണുവിനാൽ മുൻപുതന്നെ നിയോഗിക്കപ്പെട്ടവനും, സർവ്വസംഹാരദക്ഷനുമായ സുദർശനചക്രം പെട്ടന്ന് അവിടെ ആവിർഭവിച്ച്, അംബരീഷനെ സംഹരിക്കുവാനൊരുങ്ങുന്ന കൃത്യയെ ദഹിപ്പിക്കുന്നു. തുടർന്ന് ചക്രായുധം ദുർവ്വാസാവിനുനേരെ ചെല്ലുന്നു. മഹാശക്തയായ കൃത്യയെ നശിപ്പിച്ച് തന്റെ നേരെ അടുക്കുന്ന സുദർശത്തിനെ ഭയന്ന് ഋഷി ഓടിത്തുടങ്ങി. ഏട്ടാം രംഗത്തിൽ, ത്രൈലോക്യങ്ങളിലും തന്നെ പിന്തുടർരുന്ന സുദർശനത്താൽ തപിതനായ ദുർവ്വാസാവ് ബ്രഹ്മലോകത്തെ പ്രാപിച്ച് ബ്രഹ്മദേവനോട് രക്ഷയ്ക്കായി അപേക്ഷിക്കുന്നു. മഹാവിഷ്ണുവിനല്ലാതെ മറ്റാർക്കും ഇതിൽ നിന്നും രക്ഷിക്കാൻ കഴിയുകയില്ല എന്നുപറഞ്ഞ് ബ്രഹ്മാവ് ദുർവ്വാസാവിനെ കൈയ്യൊഴിയുന്നു. വീണ്ടും ഭയന്നോടിയ ദുർവ്വാസാവ് നേരെ കൈലാസത്തിൽ ചെന്ന് ശ്രീപരമേശ്വരനെ അഭയം പ്രാപിക്കുന്നു രംഗം ഒൻപതിൽ. പത്താം രംഗത്തിൽ ശിവന്റെ നിദ്ദേശാനുസ്സരണം ദുർവ്വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുന്നു. താൻ ഭക്തപരാധീനനാണെന്നും, അങ്ങ് അംബരീഷനെത്തന്നെ അഭയം പ്രാപിച്ചാലെ ഈ ആപത്തിൽ നിന്നും മുക്തനാകുവാൻ സാധിക്കുകയുള്ളു എന്നും നിദ്ദേശിച്ച് മഹാവിഷ്ണു മഹർഷിയെ അയയ്ക്കുന്നു. ത്രിമൂർത്തികളാലും കൈയ്യൊഴിയപ്പെട്ടവനായ ദുർവ്വാസാവ് നിവൃത്തിയില്ലാതെ അംബരീഷന്റെ സമീപം മടങ്ങിയെത്തി ക്ഷമാപണം ചെയ്യുന്നു. അന്ത്യരംഗത്തിൽ അംബരീഷന്റെ പ്രാർത്ഥന മാനിച്ച് സുദർശനം ഋഷിയെ വിട്ടൊഴിയുന്നു. വിഷ്ണുഭക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി, അഹങ്കാരം ശമിച്ച മഹർഷി അംബരീഷരാജാവിന്റെ സല്ക്കാരം സ്വീകരിച്ചിട്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് യാത്രയാകുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

മൂലകഥയിൽനിന്നുള്ള വെതിയാനങ്ങൾ

1.അംബരീഷൻ യവനന്മാരെ നേരിട്ട് ഉന്മൂലനം ചെയ്യന്നതായി മൂലത്തിൽ പ്രസ്ഥാവനയില്ല.         ഈ കഥാഭാഗം ആട്ടക്കഥാകാരന്റെ സൃഷ്ടിയാണ്. പ്രാചീനകൃതികളിൽ അനാര്യന്മാരായ          വിദേശികളെ പൊതുവേയും, വിശിഷ്യ ഗ്രീക്കുകാരെയുമാണ് യവനർ എന്ന് സൂചിപ്പിച്ചുകാണുന്നത്. കഥകളിയിൽ യവനരെ മാപ്പിളമാരായാണ്(മുഹമ്മദീയർ) അവതരിപ്പിക്കുക പതിവ്.

2.വളരെസ്തുതിച്ചിട്ടും സുദർശനം ദുർവ്വാസാവിനെ വിട്ടുപോകാഞ്ഞതിനാൽ അംബരീഷൻ തന്നാൽ ആർജ്ജിതമായ സകല പുണ്യങ്ങളും അർപ്പിച്ചാണ് സുദർശനത്തെ മടക്കുന്നത് എന്നാണ് ഭാഗവതത്തിൽ പറയുന്നത്. ആട്ടക്കഥയിലാകട്ടെ അംബരീഷൻ സുദർശനത്തെ സ്തുതിച്ച്, 'വിഷ്ണുഭഗവാൻ എന്നിൽ പ്രീതനാണേങ്കിൽ മഹർഷി മുക്തനാകട്ടെ' എന്ന് അപേക്ഷിക്കുന്നതോടെ സുദർശനം മറയുന്നു.

അവതരണത്തിലെ സവിശേഷതകൾ
ഒന്നാന്തരം പച്ച(അംബരീഷൻ), മിനുക്ക്(ദുർവ്വാസാവ്) വേഷങ്ങൾക്കും, 
രണ്ടാംതരം മിനുക്ക്, താടി, കരി വേഷങ്ങൾക്കും, മറ്റനവധി കുട്ടിത്തരം വേഷങ്ങൾക്കും സാധ്യതയുള്ളതാണ് ഈ ആട്ടക്കഥ.

1.അംബരീഷനും പത്നിമാരുമായുള്ള ആദ്യരംഗം സൃഗാരപ്പദത്തോടുകൂടിയതും ചിട്ടപ്രധാനമായതുമാണ്.

2.കഥകളിയിൽ അപൂർവ്വമായിമാത്രം ഉപയോഗിക്കുന്ന വാചികാഭിനയം ഈ കഥയിലെ യവനന്മാർക്ക് പതിവുണ്ട്. മാപ്പിളഭാഷയും പാട്ടുമാണ് ഇവരുടെ വാചികം.

നിലവിലുള്ള അവതരണരീതി
*ആദ്യത്തെ അഞ്ച് രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ദുർവ്വാസാവിന്റെ പ്രവേശം മുതലുള്ള ഭാഗങ്ങളാണ്(ആറാം രംഗം മുതൽ) അവതരിപ്പിക്കുക പതിവുള്ളവ.

ആട്ടക്കഥാകാരൻ


അശ്വതിതിരുനാൾ രാമവർമ്മ തമ്പുരാൻ


1748‌‌‌ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 
കോലത്തുനാട് പള്ളിക്കോവിലകത്തുനിന്നും രണ്ടു തമ്പുരാട്ടിമാരെ വഞ്ചിരാജവംശത്തിലേയ്ക്ക്  ദെത്തെടുക്കുകയുണ്ടായി. അതിൽ മൂത്തറാണിയായ പൂയംതിരുനാളിനെ കവിയും പണ്ഡിതനുമായ കിളിമാനൂർ രവിവർമ്മ തമ്പുരാനാണ്('കംസവധം' ആട്ടക്കഥയുടെ കർത്താവ്) പരിണയിച്ചത്. ആ ദമ്പതികളുടെ പുത്രനാണ് രാമവർമ്മ. കൊല്ലവർഷം 931ൽ ഭൂജാതനായ ഇദ്ദേഹത്തിന്റെ ഗുരുനാഥൻ ശങ്കരനാരായണൻ എന്നൊരു പണ്ഡിതനായിരുന്നു. അമ്മാവനായ കാർത്തികതിരുനാൾ(ധർമ്മരാജാവ്) രാജ്യഭാരമേറ്റതോടെ അശ്വതി തിരുവിതാംകൂറിന്റെ ഇളയതമ്പുരാനായിതീർന്നു. മാതുലനെപ്പോലെതന്നെ സരസകവിയും, സംഗീതസാഹിത്യാദികലകളിൽ അസാമാന്യമായ വാസനയും അഭ്യാസവും സിദ്ധിച്ചയാളുമായ അശ്വതിതിരുനാൾ ധർമ്മരാജാവിന്റെ പ്രൗഢമായ വിദ്വൽസദസ്സിന് അലങ്കാരമായി സമുല്ലസിച്ചു. ഉള്ളൂർ ഉഴിയാഴത്തുറയിലെ അയ്യറത്തലവീട്ടിൽ നിന്നും പാൽക്കുളങ്ങര അമ്മവീട്ടിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഒരു വനിതാരത്നമായിരുന്നു തമ്പുരാന്റെ ധർമ്മദാരങ്ങൾ. കൊല്ലവർഷം 969-ൽ തന്റെ മുപ്പത്തിയെട്ടാമത് വയസ്സിൽ നാടുനീങ്ങിയതുമൂലം ഈ കവികുമാരൻ സിംഹാസനാരൂഢനായില്ല. എങ്കിലെന്ത്, വഞ്ചിരാജവംശത്തിലെ കവിരാജനായി അദ്ദേഹം അറിയപ്പെട്ടു.
സംസ്കൃതത്തിലും മലയാളത്തിലുമായി ഏതാണ്ട് 
12ഓളം കൃതികൾ അശ്വതിതിരുനാളിന്റേതായിട്ടുണ്ട്. അമ്മാവനെപ്പോലെതന്നെ കഥകളിയിലും അഭിനിവേശമുണ്ടായിരുന്ന രാമവർമ്മ 'രുഗ്മിണീസ്വയംവരം', 'അംബരീഷചരിതം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നിങ്ങിനെ 4 ആട്ടക്കഥകൾ രചിക്കുകയുണ്ടായി. ഇവയിൽ ആദ്യത്തെ മൂന്നെണ്ണവും അരങ്ങിൽ വളരെ പ്രചാരം നേടിയിട്ടുള്ളവയാണ്. 'നരകാസുരവധം' ആട്ടക്കഥയുടെ ഉത്തരഭാഗമാണ് അശ്വതിയുടെ ആദ്യകൃതിയെന്ന് ഐതീഹ്യമുണ്ട്.

2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

അംബരീഷചരിതം പുറപ്പാട്

രംഗത്ത്-അംബരീഷൻ(കുട്ടിത്തരം പച്ചവേഷം)
ശ്ലോകം-രാഗം:ശങ്കരാഭരണം
"ത്രൈലോക്യാങ്കണജാംഘികോദ്ഭടഭുജാടോപേന യേനാജനി
 സ്വർഗ്ഗസ്ത്രീകുചകുംഭപത്രരചനാവൈജ്ഞാനികോ വാസവഃ
 സോയം ഭാനുകുലാബ്ധികൗസ്തുഭമണിർന്നാഭാഗഭാഗ്യോദയ-
 സ്സൗജന്യാബുധിരംബരീഷന്യപതിശ്ശ്രീമാനഭൂദ്വിശ്രുതഃ"

{സൂര്യവംശമാകുന്ന സമുദ്രത്തിൽനിന്നുയർന്ന കൗസ്തുഭരത്നം എന്നപോലെ നാഭാഗരാജാവിന്റെ ഭാഗ്യോദയമായുള്ളവനും ഔദാര്യനിധിയും അംബരീഷനെന്നു പ്രസിദ്ധനുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിഗംഭീരമായ കൈക്കരുത്ത് ത്രൈലോക്യം മുഴുവൻ വ്യാപരിച്ച്‌ ധർമ്മരക്ഷണം ചെയ്തതുകൊണ്ടിരുനതിനാൽ ഇന്ദ്രന്‌ മറ്റു ചുമതലകളൊന്നുമില്ലാതെവരുകയും സ്വർഗസ്ത്രീകളുടെ മാറിൽ അലങ്കാരക്കുറി വരയ്ക്കുന്ന കാര്യത്തിൽ വൈദഗ്ധ്യം നേടാനാനാവുകയും ചെയ്തു!}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
"ഭാനുകുലകുമുദിനീഭാസുരശശാങ്കൻ
 മാനനീയഹരിപദമാനനതല്പരൻ
 വാരിധിമേഖലയാകും പാരിടമഖിലം
 സ്വൈരം പാലിച്ചു തന്നുടെ സാകേതസമാനം
 അംബരചരതരുണീ ആനനപങ്കജ-
 ചുംബിതകീർത്തികലാപരൻ അംബരീഷഭൂപൻ
 പല്ലവാഗിമാരാം നിജവല്ലഭമാരോടുംകൂടി
 കല്യരാമമാത്യരോടും കൗതുകേന വാണൂ"
{സൂര്യവംശമാകുന്ന ആമ്പൽപ്പൊയ്കയിൽ വിളങ്ങുന്ന ചന്ദ്രനും, മാനിക്കപ്പെടേണ്ടുന്നവനും, വിഷ്ണുപാദസേവാതൽപ്പരനും, ദേവസ്ത്രീകളാൽ പാടിപ്പുകഴ്ത്തപ്പെടുന്നതും ആകാശത്തോളം ഉയർന്നതുമായ കീർത്തിയുള്ളവനുമായ അംബരീഷമഹാരാജാവ് തന്റെ സാകേതരാജ്യം എന്നതുപോലെതന്നെ സമുദ്രാതിർത്തിയായ ഭൂമിയെ മുഴുവനും പാലിച്ചുകൊണ്ട് തളിർമേനികളായ തന്റെ വല്ലഭമാരോടും ശ്രേഷ്ഠരായ മന്ത്രിമാരോടും കൂടി സസുഖം വാണു.}

-----(തിരശ്ശീല)-----

അംബരീഷചരിതം ഒന്നാം രംഗം


രംഗത്ത്-അംബരീഷൻ(ഒന്നാംതരം പച്ചവേഷം), പത്നിമാർ(രണ്ട് കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:തോടി
"ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
 സദ്യസ്സ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
 ഇത്യാലാപിനി കോകിലാരവമിഷാൽ കേളീവനേ ജാതുചി-
 ദ്രാജാ നിർജ്ജിതരാജരാജ വിഭവഃപ്രോചേ വചഃ പ്രേയസീഃ"
{തീവ്രമായ അനുരാഗത്തോടുകൂടിയ കാമുകീസമൂഹത്തിന്റെ വിവിധതരം ക്രീഡകൾക്ക് നിമിത്തമായിരിക്കുന്ന ഒരു വസന്തകാലദിനത്തിൽ 'ലോകത്തിൽ ഏവരും ഉടനെ കാമവികാരത്തോടുകൂടിയവരായി ഭവിക്കുന്നില്ലേ?' എന്നു് കുയിൽശബ്ദമാകുന്ന വ്യാജത്താൽ വിളിച്ചുപറയുന്ന ഉദ്യാനത്തിൽ വെച്ച് ഐശ്വര്യം കൊണ്ട് കുബേരനെപ്പോലും പിന്നിലാക്കിയ അംബരീഷരാജാവ് വല്ലഭമാരോട് പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള പത്നിമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് സൃഗാരഭാവത്തിൽ പതിഞ്ഞ 'കിടതധീം,താം' മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന അംബരീഷൻ മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലായി നിർത്തിയിട്ട് ഇരുവരേയും വെവ്വേറെ നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ സൃഗാരപ്പദം-രാഗം:തോടി, താളം:ചമ്പ(ഒന്നാം കാലം)
പല്ലവി:
"കനകരുചിരാംഗിമാരേ കനിവൊടു കണ്ടിതോ കാനനവിലാസം"
ചരണം1:
"മല്ലികാമൃദുമുകുളമിന്നു കാൺക മധുപരവശാലി വിലസുന്നു
 മുല്ലശരജയശംഖം എന്നു തോന്നുന്നൂ"
ചരണം2:
"ചന്ദ്രമണിശയനമതികാന്തം മൃദുലചാരുകിസലയലസദുപാന്തം
 മന്ദേതരം വന്നു മാനയ നിതാന്തം"
{സ്വർണ്ണനിറവും ഭംഗിയുമുള്ള ശരീരത്തോടുകൂടിയവരേ, ഉദ്യാനഭംഗി നന്നായി കണ്ടില്ലേ? മൃദുവായ മുല്ലമൊട്ടുകൾ ഇന്ന് കണ്ടാലും. വണ്ടുകൾ പറക്കുന്ന ശബ്ദം കേട്ടിട്ട് കാമന്റെ വിജയശംഖനാദം എന്നു തോന്നുന്നു. മൃദുലവും, സുന്ദരമായി ശോഭിക്കുന്നതുമായ തളിരുകളുടെ സാമീപ്യത്തോടുകൂടിയതും ഏറ്റവും ശോഭിക്കുന്നതുമായ ചന്ദ്രകാന്തശയനം പതുക്കെവന്ന് നമ്മേ വളരെ വിളിക്കുന്നു.}

അംബരീഷപത്നിമാരുടെ മറുപടിപ്പദം-രാഗം:എരിക്കിലകാമോദരി, താളം:അടന്ത
പല്ലവി:
"നരവരശിഖാമണേ നിശമയ ഗിരം മേ
 വിരവിനോടാറിക നീ വിപിനമതിവിജനം"
അനുപല്ലവി:
"മല്ലികാക്ഷാവലിവല്ലഭകളോടുമിതാ
 കൽഹാരകാനനേ കാൺക വിലസുന്നു"
ചരണം1:
"കമലാകരം ചാരു കാനനമഹീതന്റെ
 വിമലമുകുരമ്പോലെ വിലസുന്നു പാരം"
ചരണം2:
"ചൂതങ്ങളിൽ മധുപോതങ്ങൾ വാഴുന്നു
 ചൂതശരനാമലിപിജാതമതുപോലെ"
ചരണം3:
"കളകണ്ഠഗീതമിതു കാമനുടെ ചാപഗുണ-
 കളശിഞ്ജിതമ്പോലെ കാനനേ കേൾക്കുന്നു"
ചരണം4:
"മഞ്ജുതരകുഞ്ജമിതു മദനകേളിചെയ്‌വതിന്നു
 അഞ്ജസാപോക നാം അംബുജവിലോചന"
{രാജശ്രേഷ്ഠരുടെ ശിരോരത്നമേ, എന്റെ വാക്കുകേട്ടാലും. ഉദ്യാനം വളരെ വിജനമാണന്ന് അവിടുന്ന് നന്നായി അറിഞ്ഞാലും. സൗഗന്ധികങ്ങൾ ഉള്ളതായ ഈ ഉദ്യാനത്തിൽ ഇതാ രാജഹംസങ്ങൾ പത്നിമാരുമായി രമിക്കുന്നത് കണ്ടാലും. സുന്ദരമായ താമരപ്പൊയ്ക ഉദ്യാനഭൂമിയിലെ അഭ്രക്കണ്ണാടിപോലെ ഏറ്റവും വിലസുന്നു. കാമന്റെ പേരിലെ ലിപികളുടെ മാലപോലെ മാമ്പൂക്കളിൽ വണ്ടിൻകുഞ്ഞുങ്ങൾ വസിക്കുന്നു. കാമന്റെ വില്ലിലെ ഞാണിന്റെ മധുരനാദം പോലെ ഉദ്യാനത്തിൽ നിന്നും കുയിൽനാദം കേൾക്കുന്നു. താമരക്കണ്ണാ, ഏറ്റവും മനോഹരമായ വള്ളിക്കുടിൽ ഇതാ. കാമകേളിചെയ്യുന്നതിനായി നമുക്ക് പെട്ടന്ന് പോകാം.}

ശേഷം ആട്ടം-
പത്നിമാരെ ഇരുവരേയും ആലിംഗനം ചെയ്ത് സ്വൽപ്പസമയംസുഖമായി ഇരുന്നതിനുശേഷം അംബരീഷൻ അവരെ അന്തപ്പുരത്തിലേയ്ക്ക് അയയ്ക്കുന്നു. പത്നിമാർ രാജാവിനെ വണങ്ങി നിഷ്ക്രമിക്കുന്നു.
അംബരീഷൻ:(പത്നിമാരെ അനുഗ്രഹിച്ച് അയച്ചശേഷം ആത്മഗതമായി)'ഈ ലൗകീകസുഖങ്ങൾ എല്ലാം എത്ര നിസാരങ്ങളാണ്. ലോകനാഥനായ വിഷ്ണുഭഗവാന്റെ പാദഭക്തി തന്നെയാണ് മനുഷ്യർക്ക് ഏറ്റവും ഉത്തമമായുള്ളത്. കുലഗുരുവായുള്ള വസിഷ്ഠമഹർഷിയെ കണ്ടിട്ട് വളരെ നാളുകളായി. നാളെത്തന്നെ ആശ്രമത്തിൽ ചെന്ന് അദ്ദേഹത്തെ ദർശ്ശിച്ച് അനുഗ്രഹം വാങ്ങുകതന്നെ.'
അംബരീഷൻ സാവധനം പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

അംബരീഷചരിതം രണ്ടാം രംഗം

രംഗത്ത്-അംബരീഷൻ, വസിഷ്ഠൻ(രണ്ടാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കാമോദരി
"നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണം
 നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബം
 സപ്രശ്രയം നൃപതിരാശ്രമമേത്യ ശാന്തം
 സ പ്രസ്തുതസ്തുതി വസിഷ്ഠമൃഷിം വവന്ദേ"
{വൈരം ഉപേക്ഷിച്ച മൃഗങ്ങളാൽ ആശ്രയിക്കപ്പെടുന്നതായും ഇടതൂർന്നുനിൽക്കുന്ന വൃക്ഷങ്ങളാൽ സൂര്യരശ്മികൾ മറയ്ക്കപ്പെടുന്നതായും ശാന്തമായുമിരിക്കുന്ന ആശ്രമത്തെ പ്രാപിച്ചിട്ട് അംബരീഷരാജാവ് വസിഷ്ഠമഹർഷിയെ സവിനയം വന്ദിച്ച് സ്തുതിച്ചു.}

ഇടത്തുഭാഗത്തുകൂടി 'കിടതധീം,താം' മേളത്തിനൊപ്പം പ്രവേശിക്കുന്ന അംബരീഷൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
"പത്മജന്മനന്ദന ഗുരോ പരമാത്മരൂപചിന്തന"
അനുപല്ലവി:
"പത്മബന്ധുകുലത്തിനു നിൻപാദ-
 പത്മങ്ങളല്ലോ ദൈവതം മഹാമുനേ"
ചരണം1:
"ഭൂരിപുണ്യവസതേ നീയല്ലോ പുരോഹിതനായ് വാഴുന്നു
 പാരിലെന്തതിദുർല്ലഭം ഞങ്ങൾക്കു
 പാർത്തുകാൺകിലധുനാ കൃപാലോ"
ചരണം2:
"ഭാഗധേയനിലയൻ ഭഗീരഥഭൂമിപാലതിലകൻ
 നാകവാഹിനിയെ തപസാ നര-
 ലോകമാനയിച്ചതും കൃപ തവ"
ചരണം3:
"പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായി വരുവാൻ
 കിന്നു കാര്യമതെന്തെന്നടിയനോടി-
 ന്നരുൾചെയ്ക വിഭോ മഹാമുനേ"
{ബ്രഹ്മപുത്രാ, ഗുരോ, പരമാത്മസ്വരൂപത്തിനെ ഉപാസിക്കുന്നവനേ, മഹാമുനേ സൂര്യവംശത്തിന് അങ്ങയുടെ പാദപത്മങ്ങളാണല്ലൊ ദൈവമായുള്ളത്. പുണ്യങ്ങളുടെ ഇരിപ്പിടമായവനേ, കൃപാലോ, അങ്ങാണല്ലോ പുരോഹിതനായി വാഴുന്നത്. പിന്നെ ഇവിടെ ചിന്തിച്ചുനോക്കിയാൽ ഞങ്ങൾക്ക് ലോകത്തിൽ ഏറ്റവും ദുർലഭ്യമായിട്ടെന്ത്? ഭാഗ്യശാലിയും രാജതിലകനുമായ ഭഗീരഥൻ സ്വർഗംഗയെ തപസ്സുചെയ്ത് ഭൂമിയിലേയ്ക്ക് കൊണ്ടുവന്നതും അങ്ങയുടെ കൃപമൂലമാണല്ലോ. പ്രഭോ, മഹാമുനേ, അനന്തശായിയായ മുകുന്ദൻ പ്രസന്നനായിത്തീരുവാൻ ചെയ്യേണ്ട കാര്യം എന്താണേന്ന് അടിയനോട് അരുൾചെയ്താലും}

വസിഷ്ഠന്റെ പദം-രാഗം:സുരുട്ടി, താളം:മുറിയടന്ത
പല്ലവി:
"ഭാനുവംശാവതംസ ഭാഷിതം ശൃണു മേ"
ചരണം1:
"സത്തമ ഭവാനുടയ സപ്താംഗങ്ങളാകവേ
 നിത്യമുദിതങ്ങളായി നിവസിച്ചീടുകയല്ലീ"
{സൂര്യവംശശ്രേഷ്ഠാ, എന്റെ വാക്കുകൾ ശ്രവിച്ചാലും. ഉത്തമാ, ഭവാന്റെ സപ്താംഗങ്ങൾ(രാജാവ്, മന്ത്രി, സഖാവ്, ഭണ്ഡാരം, സൈന്യം, കോട്ട, രാജ്യം) എല്ലാം എന്നും സന്തോഷമായിരിക്കുന്നില്ലെ?}
അംബരീഷൻ:'അപ്രകാരം തന്നെ'

വസിഷ്ഠൻ:
 ചരണം2:
"ലോകരഞ്ജനം നിങ്ങൾക്കേകമാകിയ ധർമ്മം
 വ്യാകുലതയെന്നിയേ വിരവിലതു ചെയ്യുന്നോ"
{ലോകത്തെ സന്തോഷിപ്പിക്കലാണ് നിങ്ങളുടെ ഒരേഒരു ധർമ്മം. വിഷമമില്ലാതെ ഭംഗിയായി അത് ചെയ്യുന്നില്ലേ?}
അംബരീഷൻ:'അങ്ങയുടെ കൃപകൊണ്ട് ഒരു വിഷമവുമില്ലാതെ ചെയ്യുന്നു'

വസിഷ്ഠൻ:
ചരണം3:
"ആദിപുരുഷൻ തന്റെ മോദമാശു വരുവാൻ
 ദ്വാദശീവ്രതമതു സാദരം ചരിക്ക നീ"
ചരണം4:
"ഛത്മമെന്നിയേ പാദപത്മസേവചെയ്കിലോ
 പത്മനാഭൻ തന്നുടെ ആത്മാനമപി നൽകും"
{ആദിപുരുഷനായ മഹാവിഷ്ണുവിനെ സന്തോഷിപ്പിക്കുവാനായി നീ സാദരം ദ്വാദശീവ്രതം ആചരിക്കുക. കളവില്ലാതെ പാദപത്മത്തെ സേവചെയ്താൽ പത്മനാഭൻ തന്റെ പരമാത്മസ്വരൂപത്തേക്കൂടി നൽകും.}

ശേഷം ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന വസിഷ്ഠനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു. അനുഗ്രഹിച്ചശേഷം വസിഷ്ഠൻ ദ്വാദശീവ്രതം അനുഷ്ഠിക്കേണ്ടവിധം അംബരീഷന് ഉപദേശിക്കുന്നു. മഹർഷിയെ വീണ്ടും വണങ്ങി അംബരീഷനും, അംബരീഷനെ യാത്രയാക്കിക്കൊണ്ട് വസിഷ്ഠനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അംബരീഷചരിതം മൂന്നാം രംഗം


നാസ്തികരായ ഒരുകൂട്ടം യവനന്മാർ വിഷ്ണുവിനെ പരിഹസിക്കുന്നതായി മന്ത്രിയിൽ നിന്നും അംബരീഷൻ അറിയുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അംബരീഷചരിതം നാലാം രംഗം


യവനർ വസിക്കുന്ന നഗരത്തിന്റെ കവാടത്തിലെത്തി അംബരീഷൻ പോരിനുവിളിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അംബരീഷചരിതം അഞ്ചാം രംഗം


യവനരുമായി അംബരീഷൻ യുദ്ധം ചെയ്യുന്നതായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അംബരീഷചരിതം ആറാം രംഗം

രംഗത്ത്-അംബരീഷൻ, ദുർവ്വാസാവ്(ഒന്നാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കല്യാണി
"ഭാസ്വദ്ഭസ്മപരാഗപാണ്ഡുരതനും ബ്രിഭ്രാണമോണാജിനം
 മൗഞ്ജീമാകലന്തമുന്നതജടാഭാരം ഹിരണ്യദ്യുതിം
 സാക്ഷാൽ ത്ര്യക്ഷമിവാപരം ക്ഷിതിപതിർദുർവാസസം താപസം
 സമ്പ്രാപ്തം പ്രണിപത്യ തം മധുവനേ വ്യാചിഷ്ട ഹൃഷ്ടാശയഃ"
{പ്രകാശിക്കുന്ന ഭസ്മധൂളിയാൽ വെളുത്തശരീരമുള്ളവനും മാൻതോലുടുത്തവനും പുൽച്ചരട് ധരിച്ചവനും ഉയർന്ന ജടാഭാരത്തോടുകൂടിയവനും സ്വർണ്ണകാന്തി ഉള്ളവനും പ്രത്യക്ഷത്തിൽ മറ്റൊരു ശിവനെപ്പോലെ ഉള്ളവനും മധുവനത്തിൽ വന്നവനുമായ ദുർവ്വാസാവ് മഹർഷിയെ പ്രണമിച്ചിട്ട് അംബരീഷരാജാവ് സന്തോഷത്തോടുകൂടി പറഞ്ഞു.}

അംബരീഷൻ വലതുവശത്തായി പീഠത്തിൽ ധ്യാനനിരതനായി ഇരിക്കുന്നു. കൈകൾ ശിരസ്സിനുമീതെ കൂപ്പി സ്തുതിപദത്തിന് ചുവടുകൾ വെച്ചുകൊണ്ട് ദുർവ്വാസാവ് ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു.

ദുർവ്വാസാവിന്റെ സ്തുതിപ്പദം-രാഗം:ബലഹരി, താളം:മുറിയടന്ത
ചരണം1:
"ചന്ദ്രചൂഡ പാഹി ശംഭോ ശങ്കര ദേഹി മേ ശംഭോ
 ചന്ദ്രികാഗൗരപ്രകാശ ശാശ്വത ഹേ ഗിരീശാ"
ചരണം2:
"ശൈവതത്വമറിവോർക്കു കൈവരും കൈവല്യസൗഖ്യം
 ദൈവതാന്തരഭജനംചെയ്‌വതോർത്താലഹോ മൗഢ്യം"
ചരണം3:
"ശ്രീമഹാദേവന്റെ ദുവ്യനാമമ്മാത്രം ജപിപ്പോനു
 ക്ഷേമമേറ്റം വരുത്തീടും കാമദൻ പാർവ്വതീകാന്തൻ"
ചരണം4:
"മുപ്പുരാരി ഭക്തന്മാർക്കു കല്പവൃക്ഷതുല്യനല്ലോ
 നല്പദം വേണമെന്നുള്ളോർ തല്പദം സേവിച്ചുകൊൾവിൻ"
{ചന്ദ്രക്കലാധരാ, ശംഭോ, ശങ്കരാ, നിലാവുപോലെ വെളുത്ത പ്രകാശത്തോടുകൂടിയവനേ, ഹേ ഗിരീശാ, രക്ഷിച്ചാലും, സുഖമേകിയാലും. ശിവതത്വം അറിയുന്നവർക്ക് മോക്ഷസൗഖ്യം കൈവരും. ചിന്തിച്ചാൽ, മറ്റുദേവതകളെ ഭജിക്കുന്നത് മൂഢത്വമാണ്. ശ്രീമഹാദേവന്റെ ദിവ്യനാമം മാത്രം ജപിക്കുന്നവന് ഇഷ്ടവരദായകനായ ആ പാർവ്വതീകാന്തൻ ഏറ്റവും സുഖം വരുത്തീടും. ത്രിപുരാന്തകൻ ഭക്തന്മാർക്ക് കല്പവൃക്ഷത്തെപ്പോലെയാണ്. മോക്ഷം വേണമെന്നുള്ളവർ അദ്ദേഹത്തിന്റെ പാദത്തെ സേവിച്ചുകൊള്ളുക.}

സ്തുതിപ്പദം കലാശിച്ച് ദുർവ്വാസാവ് 'കിടതകധീം,താം'മേളത്തിനൊപ്പം മുന്നോട്ട് വരുന്നു.
ദുർവ്വാസാവ്:(ആത്മഗതമായി)'ഇനി രാജാവിനെ കാണുകതന്നെ'
ദുർവ്വാസാവിനെ കാണുന്നതോടെ ആശ്ചര്യപ്പെട്ട് എഴുന്നേൽക്കുന്ന അംബരീഷൻ ഭക്തിയോടെ മഹർഷിയെ വണങ്ങി, ബഹുമാനപൂർവ്വം വലതുഭാഗത്തേയ്ക്ക് ആനയിച്ചിരുത്തുന്നു. അനുഗ്രഹിച്ച് വലതുവശത്തേയ്ക്ക് വരുന്ന ദുർവ്വാസാവ് പീഠത്തിൽ ഇരിക്കുന്നു. മഹർഷിയെ കെട്ടിച്ചാടികുമ്പിട്ടശേഷം അംബരീഷൻ പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
"അത്രിമാമുനിനന്ദനാ അത്ര നിന്നെക്കാൺക മൂലം
 എത്രയും പവിത്രനായ് ഞാൻ ഇത്രിലോകിതന്നിൽ"
 ചരണം2:
"മംഗലാംഗന്മാരാം മുനിപുംഗവന്മാരുടെ സംഗം
 ഗാംഗവാരിധിപോലെ പാപഭംഗകരമല്ലോ"
ചരണം3:
"എന്തു കരണീയമെന്നാൽ നിന്തുരുവടിയരുൾക
 അന്തരംഗേ അതു ചെയ്‌വാൻ ഹന്ത കൗതുകം മേ"
ചരണം4:(രണ്ടാം കാലം)
"ദ്വാദശിയാംദിനമതിൽ സാദരം നീ വരികയാൽ
 മോദം വളരുന്നു മമ ചേതസി മുനീന്ദ്രാ"
ചരണം5:
"പാരണചെയ്‌വതിനായ് നിൻ പാദയുഗം കൈതൊഴുന്നേൻ
 കാരുണ്യനിധേ നീ കാമകല്പതരുവല്ലോ"
ചരണം6:
"കാളിന്ദീതടിനിതന്നിൽ കാല്യകർമ്മങ്ങൾ ചെയ്തുടൻ
 കാലം വൈകീടാതെ മമ ചാലവേ വന്നാലും"
{അത്രിമഹാമുനിയുടെ പുത്രാ, ഇവിടെ അങ്ങയെ കാണുകകാരണം ഞാൻ ഈ ത്രിലോകത്തിൽവെച്ച് ഏറ്റവും പവിത്രനായിതീർന്നു. മംഗളസ്വരൂപന്മാരായുള്ള മഹർഷിശ്രേഷ്ഠന്മാരുടെ സംഗം ഗംഗാജലം പോലെ പാപനാശകരമാണല്ലോ. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിന്തുരുവടി അരുൾചെയ്താലും. ഹോ! അതുചെയ്യുവാൻ എന്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്. മുനീന്ദ്രാ, അവിടുന്ന് ദ്വാദശിയായ ഈ ദിനത്തിൽ കനിവോടെ വന്നതിനാൽ എന്റെ മനസ്സിൽ സന്തോഷം വളരുന്നു. പാരണചെയ്യുന്നതിനായി അവിടുത്തെ പാദങ്ങൾ കൈതൊഴുതീടുന്നു. കാരുണ്യസമുദ്രമേ, അവിടുന്ന് ആഗ്രഹം സാധിപ്പിക്കുന്ന കല്പവൃക്ഷമാണല്ലോ. ഉടനെ കാളിന്ദീനദിയിൽ കാലോചിതമായ കർമ്മങ്ങൾ കഴിച്ച് വൈകാതെ എന്റെ സമീപത്തേയ്ക്ക് വന്നാലും.}

"പാരണചെയ്‌വതിനായ് നിൻ പാദയുഗം കൈതൊഴുന്നേൻ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
ദുർവ്വാസാവിന്റെ പദം-രാഗം:വേകട, താളം:മുറിയടന്ത
പല്ലവി:
"ദിനമണികുലദീപമേ രാജേന്ദ്രാ നീ നിശമയ വചനം മേ"
അനുപല്ലവി:
"മനുകുലമതിലുള്ള മന്നവർ ചെയ്തൊരു
 മഹിതപുണ്യഫലമെന്നു മന്യേ നിന്നെ"
ചരണം1:
"പാരിടമഖിലം നീ പാലിക്കയാൽ നിജ
 ഭാരമൊഴിഞ്ഞുള്ളിൽ പരമാനന്ദേന
 നാരായണനഹിശയനതലേ പര-
 മതിമൃദുലേ രമയൊടു സുഖമമലേ വിഹരതി"
ചരണം2:
"ഓരോരോ മഖങ്ങളിൽ വീരാ ഭവാന്തന്നാൽ
 പരമർപ്പിതഹവിരാസ്വദിച്ചധുനാ
 സ്വൈരമിന്ദ്രനു ദേഹം തടിച്ചുപോൽ വലികൾ
 ഭവിച്ചുപോൽ അക്ഷികളടച്ചുപോൽ വസിക്കുന്നു"
ചരണം3:^
"ഇത്ര വീര്യവാനായി ധാത്രിമണ്ഡലംതന്നിൽ
 പാർത്ഥിവരാരുള്ളു പാർത്തുകാണുമ്പോൾ
 കൃത്യങ്ങളഖിലവും ചെയ്തുടനെ വീര തവ
 ഭവനേ വരുമഹമതിതെ അറിക നീ"
("ദിനമണികുലദീപമേ രാജേന്ദ്രാ നീ നിശമയ വചനം മേ")
{സൂര്യവംശത്തിന്റെ വിളക്കേ, രാജശ്രേഷ്ഠാ, നീ എന്റെ വാക്കുകൾ കേട്ടാലും. മനുവംശത്തിലുള്ള രാജാക്കന്മാർ ചെയ്ത മഹത്തായപുണ്യത്തിന്റെ ഫലമായി ഞാൻ നിന്നെ കരുതുന്നു. ലോകം മുഴുവൻ അങ്ങ് പരിപാലിക്കുന്നതുകൊണ്ട് തന്റെ ആ ഭാരം ഒഴിവായ നാരായണൻ പരമാനന്ദത്തോടെ നിർമ്മലവും അതിമൃദുലവുമായ അനന്തമെത്തയിൽ ലക്ഷ്മിയോടൊത്ത് സസുഖം വിഹരിക്കുന്നു. വീരാ, ഓരോരോ യാഗങ്ങളിൽ ഭവാനാൽ അർപ്പിക്കപ്പെട്ട ഹവിസ്സ് യഥേഷ്ടം ആസ്വദിച്ച് ഭക്ഷിച്ചതിനാൽ ഇപ്പോൾ ദേവേന്ദ്രന്റെ ദേഹം തടിച്ചുപോൽ. ദേഹംവീർത്ത് മടക്കുകൾ വന്നതിനാൽ കണ്ണുകൾ തുറക്കാൻ കഴിയാതെ ആയിരിക്കുന്നുപോലും. ആലോചിച്ചുനോക്കുമ്പോൾ ഇത്ര വീര്യവാനായി ഈ ഭൂമണ്ഡലത്തിൽ രാജാക്കന്മാർ ആരാണുള്ളത്? വീരാ, സന്ധ്യാവന്ദനാദി കൃയകളെല്ലാം ചെയ്ത് ഉടനെ അങ്ങയുടെ ഈ വാസസ്ഥലത്തേയ്ക്ക് വരുമെന്ന് അറിഞ്ഞാലും.}

[
^മൂന്നാം ചരണത്തിന്റെ അവസാനത്തെ രണ്ടുവരികൾ മാത്രം രണ്ടാംകാലത്തിലേയ്ക്ക് ഉയർത്തിയാണ് ആലപിക്കുക.]
"പാരിടമഖിലം നീ പാലിക്കയാൽ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
ശേഷം ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു.
ദുർവ്വാസാവ്:(അനിഗ്രഹിച്ചശേഷം അംബരീഷനെ നോക്കി ആശ്ചര്യപ്പെട്ടിട്ട് ആത്മഗതമായി) 'ഹോ! ഇവൻ വിഷ്ണുഭക്തരിൽ ഉത്തമൻ തന്നെ. ഇപ്രകാരം വിഷ്ണുഭക്തിയോടെ സത്യത്തിൽ ഉറച്ചുനിന്നാൽ ഇവനുതുല്യം രാജാക്കന്മാർ മറ്റാരും ഉണ്ടാവുകയില്ല. എന്നുമാത്രമല്ല, ഇവൻ യശസ്സുകൊണ്ട് ഇന്ദ്രനെക്കൂടി ജയിച്ചുകളയും.' (സന്തോഷം നടിച്ച് അംബരീഷനോടായി)'^അല്ലയോ മഹാരാജാവേ, അങ്ങയുടെ കീർത്തിയാകുന്ന വെളുപ്പ് ലോകമെല്ലാം നിറഞ്ഞിരിക്കുന്നു. അതിനാൽ വിഷ്ണു തന്റെ ഇരിപ്പിടമായ പാൽക്കടൽ എവിടെ എന്നറിയാതെ തിരഞ്ഞുഴലുന്നു. ശിവൻ തന്റെ ആസ്ഥാനമായ കൈലാസം കാണാഞ്ഞ് തിരഞ്ഞുഴലുന്നു. ദേവേന്ദ്രൻ തന്റെ വാഹനമായ ഐരാവതത്തെ കണ്ടറിയാതെ ഉഴലുന്നു. രാഹു ചന്ദ്രനെ തിരഞ്ഞുഴലുന്നു. ബ്രഹ്മാവ് തന്റെ വാഹനമായ അരയന്നത്തെ അറിയാതെ ഉഴലുന്നു. ഇത്ര കീർത്തിമാനായ അങ്ങയുടെ ദർശ്ശനം മൂലം ഞാൻ വളരെ സന്തുഷ്ടനായി.'
അംബരീഷൻ:'സ്വാമിൻ, എങ്ങ് ഇങ്ങിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയമാകുന്നു.'
ദുർവ്വാസാവ്:'ഏയ്, പ്രശംസയല്ല. ഈ പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ ഞാൻ വേഗം സ്നാനാദികർമ്മങ്ങൾ കഴിച്ചു വരട്ടെയോ?'
അംബരീഷൻ:'അങ്ങിനെതന്നെ. ഞാൻ അങ്ങയെ കാത്തിരിക്കുന്നതാണ്. അങ്ങുകൂടി വന്നിട്ടുവേണം പാരണകഴിക്കുവാൻ'
ദുർവ്വാസാവ്:(ആത്മഗതമായി)'സ്നാനം കഴിച്ചുവരാൻ താമസിപ്പിച്ച് ഇവന്റെ വ്രതം മുടക്കാം' (അംബരീഷനോടായി)'ഞാൻ പെട്ടന്നുതന്നെ വരാം'
അംബരീഷൻ വന്ദിച്ച് മഹർഷിയെ യാത്രയാക്കിയശേഷം ഭക്തിയോടെ കൈകൂപ്പി നിൽക്കുന്നു. ദുർവ്വാസാവ് സന്തോഷം നടിച്ച് അനുഗ്രഹിച്ച് പിന്നിലേയ്ക്കുമാറിയിട്ട് കുടിലതയോടെ അംബരീഷനെ നോക്കി അമർഷം നടിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
[^ഈ ആട്ടം "മഹാരാജശ്രീമാൻ ജഗതിയശസാ തേ ധവളിതേ
                       പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
                       കപർദീകൈലാസം കുലിശഭ്യദഭൗമം കരിവരം
                       കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ" എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

അംബരീഷചരിതം ഏഴാം രംഗം

രംഗത്ത്-അംബരീഷൻ, ബ്രാഹ്മണൻ(കുട്ടിത്തരം മിനുക്കുവേഷം), ദുർവ്വാസാവ്, കൃത്യ(ഇടത്തരം ചുവന്നകരിവേഷം), സുദർശനം(ഇടത്തരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:ആനന്ദഭൈരവി
"മുനീന്ദ്രേ കാളിന്ദീതടമടതി മാദ്ധ്യന്ദിനവിധിം
 വിധാതും സ്വച്ഛന്ദം ചിരയതി മുഹൂർത്താർദ്ധവിരതൗ
 നൃപേന്ദുർദ്വാദശ്യം രചയിതുമനാഃ പാരണവിധിം
 നൃഗാദീദേകാന്തേ നിരവധികചിന്താപരവശഃ"
{മദ്ധ്യാഹ്നകർമ്മം ചെയ്യുവാനായി കാളിന്ദീതടത്തിലേയ്ക്കുപോയ മുനീന്ദ്രൻ യഥേഷ്ടം താമസിക്കുമ്പോൾ ദ്വാദശിനാൾ പാരണവീടുവാൻ ആഗ്രഹിക്കുന്നവനായ രാജശ്രേഷ്ഠൻ അതിനുള്ള മുഹൂർത്തം പകുതി കഴിഞ്ഞതിനാൽ വളരെ ചിന്താപരവശനായി ഒറ്റയ്ക്കിരുന്നു.}

രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരുന്നുകൊണ്ട് അംബരീഷൻ പദം അഭിനയിക്കുന്നു.

അംബരീഷന്റെ വിചാരപ്പദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"എന്തഹോ ചെയ്‌വതെന്തഹോ"
അനുപല്ലവി:
"ഹന്ത മാമുനിന്ദ്രനിങ്ങു കിന്തുമൂലം വന്നീടായ്‌വാൻ"
ചരണം1:
"ഭോജനംചെയ്‌വതിനിഹ പൂജിതനായവനെന്നാൽ
 പാദനാഡികാപാർക്കിലോ ദ്വാദശി കഴിയുമല്ലോ"
ചരണം2:
"പാരണചെയ്യായ്കിൽ വ്രതപൂരണമെങ്ങനെ കൂടും
 താപസാതിക്രമം ചെയ്കിൽ പാപവുമുണ്ടല്ലോ പാരം"
ചരണം3:
"നിന്തിരുവടിയല്ലാതെ എന്തൊരാലംബം മമ
 പാഹി മാം ശൗരേ പാഹി മാം"
{ഹോ! കഷ്ടം! എന്താണ് ചെയ്യുക? കഷ്ടം! മഹർഷിശ്രേഷ്ഠൻ വരാതെയിരിക്കുവാൻ എന്താണ് കാരണം? ഇവിടെ ഭക്ഷണം കഴിക്കുവാനായി ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കാൽ നാഴികകൂടി കഴിഞ്ഞാൽ ദ്വാദശി കഴിയുമല്ലോ. പാരണ ചെയ്തില്ലായെങ്കിൽ വ്രതം പൂർത്തീകരിക്കുന്നതെങ്ങിനെ? താപസനെ ധിക്കരിച്ചാൽ വലിയ പാപവും ഉണ്ടാകുമല്ലോ. നിന്തിരുവടി അല്ലാതെ എനിക്ക് അന്താണാശ്രയം? എന്നെ രക്ഷിച്ചാലും, വിഷ്ണുഭഗവാനേ, എന്നെ രക്ഷിച്ചാലും.}
പദാഭിനയം കഴിഞ്ഞ് അംബരീഷൻ ദുഃഖിതനായി വിഷ്ണുപാദങ്ങളെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നു. ഗായകർ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:മദ്ധ്യമാവതി
"ഹാ കൃഷ്ണ ത്വച്ചരണയുഗളാന്നൈവ ലോകേ വിലോകേ
 സന്തപ്താനാം ശരണമപരം സങ്കടേ ഷ്വീദൃശേഷു
 ഇത്ഥം ചിന്താശബളിതമതിസ്താവദഭ്യേത്യ സഭ്യൈ-
 ർദ്ധർമ്മ്യാംവാചം സ ഖലു ജഗദേ ഭൂസുരൈർഭാസുരാംഗൈഃ"
{'അല്ലയോ കൃഷ്ണാ, ഇങ്ങിനെ സങ്കടങ്ങളിൽ ദുഃഖിക്കുന്നവർക്ക് അവിടുത്തെ കാലിണകളല്ലാതെ മറ്റൊരാശ്രയം ലോകത്തിൽ ഞാൻ കാണുന്നില്ല' ഇപ്രകാരം ചിന്താകുലമാനസനായിരിക്കെ അദ്ദേഹത്തിന്റെ സഭാവാസികളും പരിശുദ്ധരുമായ ബ്രാഹ്മണർ വന്ന് ധർമ്മത്തിനൊത്തവിധം പറഞ്ഞു.}

ശ്ലോകമവസാനിക്കുന്നതോടെ ജലപൂരിതമായ ശംഖ് കൈയ്യിലേന്തിക്കൊണ്ട് 'കിടതകധീം,താം' മേളത്തിനൊപ്പം വലത്തുഭാഗത്തുകൂടി ബ്രാഹ്മണൻ പ്രവേശിക്കുന്നു. ബ്രാഹ്മണനെ കാണുന്നതോടെ അംബരീഷൻ എഴുന്നേറ്റ് കുമ്പിടുന്നു. ബ്രാഹ്മണൻ ശംഖ് താഴെവെച്ചിട്ട് രാജാവിനെ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ"
അനുപല്ലവി:
"തെളിവിനൊടു വിലസും തവ മുഖമിതു വിളറിവിവശമാവാൻ കിമു മൂലം"
ചരണം1:
"അത്രിമാമുനിതന്നുടെ നന്ദനൻ ഗർവ്വേണ സർവ്വനിന്ദനൻ
 കോപശപ്തസംക്രന്ദനൻ അറിക പറവതെന്തിഹ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
 ചരണം2:
"എന്തിനവനെ വരിച്ചു ഭോജനേ സാഹസകർമ്മശീലനേ
 താപസന്മാരിലന്യേനേ ചൊൽകിലില്ല താപം"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം3:
"അന്യദുഃഖമിവനുണ്ടോ മാനസേ വട്ടംക്കൂട്ടി മഹാനസേ
 ഭോജനത്തിന്നു താമസേ ഹേതുരേഷ ജരഠൻ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം4:
"ആശ്വസിച്ചു വാഴുക നീ ഭൂപതേ ഉണ്ടൊരുപായമാശു തേ
 ഞങ്ങൾ ചൊല്ലാം രമാപതേരംഘ്രിസേവകോത്തമ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം5:
"കേവലമംഭസ്സുകൊണ്ടു പാരണം രണ്ടിന്നുമതു ഭൂഷണം
 ഇല്ലതിനൊരു ഭൂഷണം വിരവിലറിക വീര"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
{സൂര്യവംശത്തിന് വിളക്കായുള്ളവനേ, രാജാവേ, മനസ്സിലെ കലുഷത കളഞ്ഞാലും. തെളിവുറ്റ അങ്ങയുടെ ഈ മുഖം വിളറി വിവശമാവാൻ എന്തു കാരണം? അത്രിമഹർഷിയുടെ പുത്രൻ അഹങ്കാരം കൊണ്ട് എല്ലാവരാലും നിന്ദിക്കപ്പെടുന്നവനാണ്. ഇവിടെ എന്തു പറയട്ടെ? ഇവൻ കോപത്താൽ ഇന്ദ്രനേയും ശപിച്ചവനാണ്. കോപശീലനായ അവനെ എന്തിനാണ് ഭക്ഷണത്തിനായി ക്ഷണിച്ചത്? താപസന്മാരിൽ മറ്റാരെയെങ്കിലും ക്ഷണിച്ചിരുന്നുവെങ്കിൽ ദുഃഖിക്കേണ്ടിവരുമായിരുന്നില്ല. അന്യരുടെ ദുഃഖമുണ്ടൊ ഇദ്ദേഹം മനസ്സിലാക്കുന്നു? പാചകശാലയിൽ എല്ലാം വട്ടംകൂട്ടിയിരിക്കുന്നു. ഈ വയസനാണ് ഭക്ഷണം താമസിക്കുന്നതിന് കാരണം. രാജാവേ, അങ്ങ് ആശ്വസിച്ചിരുന്നാലും. ഒരു ഉപായമുണ്ട്. വിഷ്ണുപാദസേവകരിൽ ഉത്തമനായുള്ളവനേ, ഞങ്ങൾ അങ്ങേയ്ക്കത് ഉടനെ പറഞ്ഞുതരാം. വെറും ജലംകൊണ്ട് പാരണചെയ്യുക. അത് രണ്ടുപക്ഷത്തിനും യോജിക്കും.വീരാ, അതിനൊരു തെറ്റുമില്ലെന്ന് നന്നായി മനസ്സിലാക്കിയാലും.}

"ഒളിവിനൊടു വിലസും തവ മുഖമിതു" (അംബരീഷൻ-കോട്ട:ഹരിദാസൻ)
ശേഷം ആട്ടം-
അംബരീഷൻ:'അതുകൊണ്ട് ഒട്ടും ദോഷമില്ലെന്ന് തീർച്ചയല്ലേ?'
ബ്രാഹ്മണൻ:'തീർച്ചയാണ്. വേദശാസ്ത്രപ്രകാരം അതിന് ഒട്ടും ദോഷമില്ല'
ബ്രാഹ്മണൻ ശംഖിൽനിന്നും ജലം ഒഴിച്ചുകൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിപുരസരം സേവിക്കുന്നു. അനന്തരം ബ്രാഹ്മണനെ വന്ദിച്ചിട്ട് അംബരീഷൻ ഇടത്തുഭാഗത്തേയ്ക്കുനീങ്ങി കൈകൂപ്പി ധ്യാനനിരതനായി നിൽക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ബലഹരി
"അതിരൂഢമജം ഗരുഢം ജഗതാം
 ശരണം സ മഹീനമഹീനഭുജം
 വിമൃശം തമവോചദുപേത്യമുനി-
 ശ്ശരണം സമഹീനമഹീനഭുജം"
{അതുല്യനും ജന്മമില്ലാത്തവനും സർപ്പശ്രേഷ്ഠന്മാരെ ഭക്ഷിക്കുന്നവനായ ഗുരുഢനിൽ കയറിയിരിക്കുന്നവനും ലോകങ്ങൾക്ക് ആശ്രയമായുള്ളവനുമായ മഹാവിഷ്ണുവിനെ ധ്യാനിച്ചിരിക്കുന്നവനും ബലിഷ്ഠങ്ങളായ കൈകളോടുകൂടിയവനുമായ അംബരീഷരാജാവിന്റെ വാസസ്ഥലത്തുവന്ന് ആ ദുർവ്വാസാവ് മഹർഷി ഇപ്രകാരം പറഞ്ഞു.}

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ ക്രുദ്ധനായ ദുർവ്വാസാവ് വലത്തുഭാഗത്തുകൂടി ഓടി പ്രവേശിക്കുന്നു.
ദുർവ്വാസാവ്:('അഡ്ഡിഡ്ഡിക്കിട' ചവുട്ടി നിന്നിട്ട്)'എവിടെ? ഞാൻ വരുമ്മുൻപ് പാരണകഴിച്ച ആ രാജാവ് എവിടെ?' (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് അംബരീഷനെ കണ്ട് അത്യന്തം ക്രുദ്ധിച്ച്)'എടാ, ഞാൻ വരുമ്മുൻപ് നീ ബ്രാഹ്മണർക്ക് ഭോജനവും നൽകി പാരണയും കഴിച്ചു അല്ലേ? ഇപ്രകാരം ചതി ചെയ്യുന്നത് സൂര്യവംശരാജാക്കന്മാർക്ക് ചേർന്നതാണോ? എന്നാൽ കണ്ടുകൊൾക'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ബലഹരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം"
അനുപല്ലവി:
"അത്രിമഹാമുനിപുത്രനഹം തവ ചിത്തേ കരുതുക കുടിലതരമതേ"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം1:
"അതിഥിയായ് വന്നീടിനൊരെന്നെ ആതിഥ്യേന നിമന്ത്രിച്ചുടനേ
 ഹന്ത വെടിഞ്ഞു ഭുജിച്ചതിനുടെ ഫലമാലോകയ വിരവോടു ദുരാത്മൻ"
 ("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം2:
"വിപ്രന്മാരുടെ ഹേളനകൃത്യം വിഷ്ണുവിനോർത്താൽ സമ്മതമാമോ
 അപ്രതിഹതമദമത്തന്മാരിൽ ക്ഷിപ്രം ദണ്ഡമതുചിതം നിയതം"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം3:
"കാലപ്രമഥനഫാലവിലോചന ലോലഹുതാശവിലാസവിലാസി
 കരാളകളേബരമാകിയ കൃത്യാ കാലാനലമിഹ കല്പയാമ്യഹം"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
{രാജാധമാ, നീ ഇപ്പോൾ ചെയ്തത് എറ്റവും വിചിത്രമായി തോന്നുന്നു. മഹാവഞ്ചകാ, ഞാൻ അത്രിമാമുനിയുടെ പുത്രനാണന്ന് മനസ്സിലാക്കുക. ദുഷ്ടാത്മാവേ, കഷ്ടം! അതിഥിയായി വന്ന എന്നെ സൽക്കാരത്തിനായി ക്ഷണിച്ചിട്ട് എന്നെ കൂടാതെ ഭക്ഷിച്ചതിന്റെ ഫലം ഉടനെ കണ്ടുകൊൾക. ബ്രാഹ്മണരെ അവഹേളിക്കുന്നത് വിഷ്ണുവിന് സമ്മതമാകുമോ എന്ന് ആലോചിക്കു. എതിരില്ലാത്ത അഹങ്കാരത്തോടുകൂടിയവരെ പെട്ടന്ന് ശിക്ഷിക്കുന്നതാണ് ഉചിതമെന്നുറപ്പ്. കാലാന്തകനായ ശിവന്റെ നെറ്റിക്കണ്ണിൽ ചലിച്ചുകൊണ്ടിരിക്കുന്ന അഗ്നിജ്വാലപോലെ ശോഭിക്കുന്നവളും ഭയങ്കര ശരീരിയുമാകുന്ന കൃത്യയാകുന്ന പ്രളയാഗ്നിയെ ഞാനിപ്പോൾ സൃഷ്ടിക്കുന്നുണ്ട്.}

പദം കാലാശിച്ചിട്ട് ദുർവ്വാസാവ് 'കണ്ടുകൊൾക' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചശേഷം ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം^-രാഗം:സാരംഗം
"തത്ക്കാലേ തേന രോഷാദ്വികടതരജടാതാഡിതാൽ ഭൂമിപൃഷ്ഠാ-
 ദുത്തിഷ്ഠന്തീ കരാളാ പദയുഗളഭരാൽ കമ്പയന്തീ ജഗന്തീ
 ഉന്നമ്രാതാമ്രകേശൈർന്നഭസി ഘനഘടം ഘട്ടയന്തീ നദന്തീ
 ഖഡ്ഗം തീവ്രം വഹന്തീ സവിധമഥ മുനേരേത്യ കൃത്യാ ബഭാഷേ"
{അപ്പോൾ മുനിയാൽ കോപത്തോടെ വളഞ്ഞുകെട്ടുപിണഞ്ഞ ജടകൊണ്ട് അടിച്ച ഭൂമിയിൽ നിന്ന് പുറപ്പെട്ടവളും ഭയങ്കരിയും ഭാരിച്ച കാൽവെപ്പുകളെക്കൊണ്ട് ലോകത്തെ വിറപ്പിക്കുന്നവളും മേൽപ്പോട്ടുനിൽക്കുന്ന ചെമ്പിച്ച തലമുടിയാൽ മേഘങ്ങളെ അടിക്കുന്നവളും അട്ടഹസിക്കുന്നവളും മൂർച്ചയേറിയ വാൾ ഏന്തിയവളുമായ കൃത്യ മുനിയുടെ മുന്നിൽവന്ന് വണങ്ങിയിട്ട് പറഞ്ഞു.}

[
^വട്ടംവെയ്ക്കുന്ന ദുർവ്വാസാവ് ശ്ലോകത്തിൽ 'ജടാതാഡിത' എന്നാലപിക്കുന്നതിനൊപ്പം വലംകൈകൊണ്ട് തന്റെ മുടിപിടിച്ച് മുന്നിലേയ്ക്ക് ആഞ്ഞടിക്കുകയും ഭൂമിപിളർന്നതായി കാട്ടുകയും ഭൂമിയിൽ നിന്നും കൃത്യയോട് ഉയർന്നുവരുവാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ദുർവ്വാസാവ് വീണ്ടും വട്ടം വച്ചശേഷം വലതുവശം പീഠത്തിൽ കയറിനിൽക്കുന്നു. ഈ സമയത്ത് പിന്നിലായി പിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് കൃത്യ അലറുന്നു. കൃത്യയുടെ അലർച്ചകേട്ട് ദുർവ്വാസാവ് തൃപ്തിനടിക്കുന്നു.
(ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
-----(തിരശ്ശീല)-----
കൃത്യയുടെ രൗദ്രഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ മുന്നേപ്പോലെ ദുർവ്വാസാവ് വലതുവശം പീഠത്തിനുമേൽ നിൽക്കുന്നു. വലംകൈയ്യിൽ വാൾ ധരിപ്പിച്ചുകൊണ്ട് രംഗമദ്ധ്യത്തിലൂടെ എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കൃത്യ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ദുർവ്വാസാവിനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് വണങ്ങി നിൽക്കുന്നു. ദുർവ്വാസാവ് അനുഗ്രഹിച്ച് താഴെയിറങ്ങി പീഠത്തിൽ വലംകാൽ ഉയർത്തിവെച്ച് നിൽക്കുന്നു.
കൃത്യ:'അല്ലയോ സ്വാമിൻ, എന്റെ വാക്കു് കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ പദം ആടുന്നു.

പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
കൃത്യ:
പല്ലവി:
"കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ"
അനുപല്ലവി:
"എങ്കലൊരു കൃപ നിനക്കുണ്ടെങ്കിലലം കമലാസനമാഹരാമ്യഹം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം1:
"അമരാരണചതുരാബലനികരാരവമുഖരാ
 സമിതി ഝടിതി നിശിതഹേതിപാത-
 വിപിന്നരായി മന്നിൽ മുന്നിൽ വാണീടും
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം2:
"ഗിരികൾ സുരകരികൾ തരുനിരകൾ വരുമരികൾ
 വിരവൊടു കരതലവിരചിതവിനിഹതി
 പിഷ്ടരായി നഷ്ടരായിടും ദൃഢം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം3:
"അതലേ വദ വിതലേ ഫണിബഹുലേ ബത സുതലേ
 അതുലബലപടല ചലിതവിലേശയ-
 ജാലമപി ച തൂലയാമി നിഖലം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
{ഭഗവാനേ, മുനീശ്വരാ, കിങ്കരിയായ ഞാനിപ്പോൾ എന്തുചെയ്യണം? എന്നിൽ അവിടുത്തെയുടെ കൃപ അല്പമെങ്കിലും ഉണ്ടെങ്കിൽ, ബ്രഹ്മാവിനെ പിടിച്ചുകൊണ്ടുവരുവാനും ഞാൻ മതി. യുദ്ധനിപുണരും സൈന്യസമൂഹത്തിന്റെ ശബ്ദം കൊണ്ട് വലിയ ഘോഷത്തോടുകൂടിയവരുമായ ദേവന്മാർ യുദ്ധത്തിൽ പെട്ടന്ന് മൂർച്ചയേറിയ ആയുധമേറ്റ് മുന്നിൽ നിലത്തുവീഴും. മലകളും അഷ്ടദിഗജങ്ങളും വൃക്ഷങ്ങളും വരുന്ന ശത്രുക്കളും കരത്താലുള്ള കനത്തപ്രഹരമേറ്റ് ഉറപ്പായും തകരും. ഹോ! പറഞ്ഞാലും, അതലത്തിലോ വിതലത്തിലോ സുതലത്തിലോ നാഗലോകത്തിലോ അതിബലവാന്മാരായി സഞ്ചരിക്കുന്ന ശത്രുക്കൂട്ടത്തെ എല്ലാംകൂടി നശിപ്പിക്കുന്നുണ്ട്.}

ദുർവ്വാസാവ്:
ചരണം4:
"സഹസാ മമ വചസാൽ ഭുതയശസാ ഭുജമഹസാ
 അഹിതമിഹ നിഹതമാഹവസീമനി
 വിധേഹി യാഹി കാഹിതേ ഹി ചിന്താ"
പല്ലവി:
"കരധൃതകരവാളേ രണത്തിനു പോക നീ കരാളേ"
{ഉടനെ എന്റെ കല്പനയാൽ അസാധാരണയശസ്സുള്ള കൈയ്യൂക്കുകൊണ്ട് യുദ്ധത്തിൽ ശത്രുവിനെ നിഗ്രഹിക്കുക. പോ, ശത്രുവിനെകുറിച്ച് ചിന്തിക്കുന്നതെന്തിന്? കൈയ്യിൽ കരവാളേന്തിയവളേ, ഭയങ്കരസ്വരൂപിണീ, നീ യുദ്ധത്തിന് പോവുക.}


"സഹസാ മമ വചസാൽ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, കൃത്യ-കോട്ട:ഹരീശ്വരൻ)
ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ അംബരീഷൻ പ്രവേശിച്ച് ഇടത്തുഭാഗത്തായി മുന്നേപ്പോലെ ധ്യാനിച്ച് നിൽക്കുന്നു. കൃത്യ ദുർവ്വാസാവിനെ കുമ്പിടുന്നു.
ദുർവ്വാസാവ്:(അംബരീഷനെ ചൂണ്ടികാട്ടിയിട്ട്) 'അവനെ ഉടനെ പോയി നശിപ്പിച്ചാലും'
കൃത്യ:'കല്പനപോലെ'
വീണ്ടും കുമ്പിടുന്ന കൃത്യയെ അനിഗ്രഹിച്ച് ദുർവ്വാസാവ് നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ വണങ്ങി അയച്ചുതിരിഞ്ഞ് കൃത്യ രംഗത്തേയ്ക്ക് ഓടി വരുന്നു.
കൃത്യ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് അംബരീഷനെ കണ്ട് കുപിതയായി വാളോങ്ങിയിട്ട്)'എടാ, ദുഷ്ടാ, എന്റെ സ്വാമിയെ അപമാനിച്ച നിന്നെ ഉടനെ വെട്ടിക്കൊല്ലുന്നുണ്ട്. നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ അംബരീഷനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു. ശ്ലോകം ആരംഭിക്കുന്നതോടെ പിന്നിലായിപിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് സുദർശ്ശനം അലറുന്നു.

ശ്ലോകം-രാഗം:ഘണ്ടാരം
"സംഗ്രാമോത്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം
 ചക്രം ചക്രകുടുംബബാന്ധവഘനജ്യോതിച്ഛടാഡംബരം
 സന്ദിഷ്ടം നൃപരക്ഷണായ ഹരിണാ ദുർവാസസാ നിർമ്മിതാം
 നിർമ്മാന്തീം ജഗദട്ടഹാസമുഖരം ബാധാ ബബാധേതരാം"
{യുദ്ധത്തിൽ പരാക്രമികളായ അസുരശ്രേഷ്ഠന്മാരുടെ സേനാസമൂഹത്തെ നശിപ്പിക്കുന്നതിൽ സാമർദ്ധ്യമുള്ളതായും സൂര്യന്റെ കടുത്ത പ്രകാശപ്രസരത്തിനൊപ്പം തീഷ്ണമായും രക്ഷയ്ക്കായി അംബരീഷരാജാവിന് മഹാവിഷ്ണുവിനാൽ നൽകപ്പെട്ടതായുമിരിക്കുന്ന സുദർശനചക്രം ദുർവ്വാസാവിനാൽ സൃഷ്ടിക്കപ്പെട്ടവളും അട്ടഹാസംകൊണ്ട് ലോകത്തെ മുഴക്കുന്നവളുമായ ആ കൃത്യയെ ഏറ്റവും ഉപദ്രവിച്ചു.}

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ പിന്നിലെ തിരനീക്കി സുദർശ്ശനം പ്രത്യക്ഷനാകുന്നു. ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി എടുത്തുകലാശത്തോടെ മുന്നോട്ടുവരുന്ന സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് അംബരീഷനെ ഉപദ്രവിക്കാൻ തുനിയുന്ന കൃത്യയെ കണ്ട്, കോപത്തോടെ എതിർക്കുന്നു. സുദർശനത്തെ കണ്ട്, വണങ്ങിയശേഷം അംബരീഷൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് സുദർശനം പദത്തിന് ചുവടുവയ്ക്കുന്നു.

കൃത്യ-കോട്ട:ഹരീശ്വരൻ, അംബരീഷൻ-കോട്ട:ഹരിദാസ്
സുദർശനത്തിന്റെ പദം-രാഗം:ഘണ്ടാരം, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
"ആരഹോ ഹരിദാസവിപ്രിയമാചരിപ്പതിനിന്നിഹ
 ഘോരവീര്യമദേന മാമവിചാര്യ ഝടിതി അടുത്തതും
 പ്രളയദിനകരനികരുചിഭരഭാസുരാരഹുതാശനേ
 വിലയമവനുപയാതി ലോലപലാലകുലമതുപോലവേ"
ചരണം2:
"പുണ്ഡരീകദളാക്ഷനുടെ ഭുജദണ്ഡമണ്ഡിതമായുധം
 ചണ്ഡവിമതശിരോധിഷണ്ഡകദുഷ്ണശോണിതരൂഷിതം
 ഖണ്ഡപരശുവിധാതൃമുഖസുരമണ്ഡലേന നിഷേവിതം
 ഖണ്ഡയതി തവ കണ്ഠമിഹ വിസകാണ്ഡഖണ്ഡമതറിക നീ"
{എന്നെ വിചാരിക്കാതെ വിഷ്ണുദാസനെ ഉപദ്രവിക്കുവാനായി അഹങ്കാരത്തോടെയും ഘോരവീര്യത്തോടേയും പാഞ്ഞടുത്തതാര്? അവൻ പ്രളയകാലസൂര്യന്റെ തേജസ്സോടുകൂടിയ ചക്രമുനകളിലെ അഗ്നിയിൽ വൈക്കോൽത്തുരുമ്പുപോലെ നശിച്ചുപോകും. മഹാവിഷ്ണുവിന്റെ ബലിഷ്ഠമായ കരത്തിൽ കറങ്ങുന്നതും ക്രൂരന്മാരായ ശത്രുക്കളുടെ കഴുത്തുകളിൽനിന്നും ഒഴുകുന്ന ചുടുരക്തം പുരണ്ട് നിറമ്മാറ്റം വന്നതും ബ്രഹ്മാവ്, മഹേശ്വരൻ തുടങ്ങിയ ദേവസമൂഹത്താൽ സേവിക്കപ്പെടുന്നതുമായ ചക്രായുധം താമരത്തണ്ടുമുറിക്കുന്നതുപോലെ ഉടനെ നിന്റെ കഴുത്തറുക്കുമെന്ന് അറിയുക.}

ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ സുദർശനം കൃത്യയെ നേരിടുന്നു. കുറച്ചുസമയം എതിർത്തുനോക്കുന്നു. എങ്കിലും സുദർശനത്തിന്റെ അസഹ്യമായ ചൂടേറ്റ് എരിപൊരികൊണ്ട് കൃത്യ വീണുചാകുന്നു. ഈ സമയത്ത് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ദുർവ്വാസാവ് കൃത്യയുടെ നാശം കണ്ട്, അത്ഭുതപ്പെട്ട് നിൽക്കുന്നു. കൃത്യയെ നശിപ്പിച്ചശേഷം സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ദുർവ്വാസാവിനെ കണ്ട്, അദ്ദേഹത്തിന്റെനേരെ ചെല്ലുന്നു.
ദുർവ്വാസാവ്:(ചൂടുസഹിക്കായ്കയാൽ ക്ഷോഭിച്ച്)'പോ, പോ'
തന്റെ ആജ്ഞ വകവെയ്ക്കുന്നില്ലെന്നുകണ്ട് അരിശം മുഴുത്ത് 'എന്നാൽ കാണട്ടെ' എന്നഭാവത്തിൽ കൈകെട്ടിനിൽക്കുന്നു. ചൂട് സഹിക്കാനാവാതെവരുമ്പോൾ ദുർവ്വാസാവ് സുദർശനത്തെ ശപിക്കുന്നു. ശാപവും ഏൽക്കുന്നില്ല എന്നുകാണുന്നതോടെ ദുർവ്വാസാവിന്റെ വാശിയും ശുണ്ഠിയും ഇല്ലാതാകുന്നു. ചൂടും ഒപ്പം ഭയവും ഏറിവരുന്നതിനാൽ ദുർവ്വാസാവ് ഇരുവശങ്ങളിലേയ്ക്കും ഒഴിഞ്ഞുമാറുന്നു.

ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ
ദുർവ്വാസാവ്:(കൈകൂപ്പി തൊഴുതിട്ട്)'അരുതേ, അരുതേ'
തൊഴുത് ഏത്തമിട്ടിട്ടും സുർശനം തന്നെവിട്ടുമാറുന്നില്ല എന്നുകണ്ട് പ്രാണഭയത്താൽ ഓടി ദുർവ്വാസാവ് ഇടതുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നോടുന്ന സുദർശ്ശനവും പുറകെ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

അംബരീഷചരിതം എട്ടാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, ബ്രഹ്മാവ്(കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ആഹരി
"രണേ ദാരുണ താം കൃതാന്തസ്യ ഗേഹം
 പ്രണിയാനുയാതം ഭയോൽക്കമ്പിതാംഗഃ
 സമുദ്വീക്ഷ്യ ചക്രം നിജക്ഷേമകാംക്ഷീ
 ജവാൽ ബ്രഹ്മലോകം ജഗാഹേ മുനീന്ദ്രഃ"
{ഘോരയുദ്ധത്തിൽ കൃത്യയെ കാലപുരിയിലയച്ചിട്ട് തന്നെ അനുഗമിച്ചുകൊണ്ടിരിക്കുന്ന സുദർശനചക്രത്തെ  നല്ലവണ്ണം കണ്ടിട്ട് ദുർവ്വാസാവ് ഭയത്താൽ വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായിട്ട് ആത്മരക്ഷയ്ക്കായി ബ്രഹ്മലോകത്തെ പ്രാപിച്ചു.}

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ബ്രഹ്മാവിനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ആഹരി, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"ലോകേശ പാലയ കൃപാലയ വിഭോ
 പാകാരിമുഖവിനുത പാദപതിതം മാം"
ചരണം1:
"ഔർവാഗ്നിസദൃശാരിദുർവാരതേജസാ
 ദുർവ്വാസസം സപദി ദൂയമാനം വിധേ"
{ലോകനാഥാ, ദയാലോ, ഇന്ദ്രാദികളാൽ സ്തുതിക്കപ്പെടുന്നവനേ, പ്രഭോ, കാൽക്കൽ വീണ എന്നെ രക്ഷിക്കേണമേ. ബ്രഹ്മദേവാ, ബഡവാഗ്നിക്കു തുല്യമായ ചക്രത്തിന്റെ തടുക്കാനാവാത്ത തേജസ്സുകൊണ്ട് ദുഃഖിക്കുന്ന ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ}

"ലോകേശ പാലയ കൃപാലയ വിഭോ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ)
തുടർന്ന് ബ്രഹ്മാവ് ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ബ്രഹ്മാവിന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"നാരായണം ഭജ മുനീന്ദ്ര ശരണം
 ശരണാഗതാർത്തജനഭരണനിപുണം മുനേ"
ചരണം1:
"ചാരുചില്ലീലതാചാലനംകൊണ്ടഖില-
 പാലനാദി ചെയ്യുന്ന പരമകല്യാണം"
 ചരണം2:
"പരമപൂരുഷനുടെ പാണിധൃതമസ്ത്രമിതു
 പരിചിനൊടടങ്ങുവാൻ പരമകല്യാണം"
{മുനിശ്രേഷ്ഠാ, ശരണം പ്രാപിക്കുന്ന ദുഃഖിതരായ ജനങ്ങളെ രക്ഷിക്കുന്നതിൽ നിപുണനായ നാരായണനെ ഭജിക്കു. മനോഹരമായ പുരികക്കൊടികളുടെ ചലനങ്ങളെക്കൊണ്ട് എല്ലാവരേയും പരിപാലിക്കുന്ന സർവ്വമംഗളനാണ് അദ്ദേഹം. ആ പരമപൂരുഷന്റെ കൈയ്യിൽ ശോഭിക്കുന്നതായ ഈ ആയുധം വേണ്ടുംവണ്ണം ശാന്തമാവാൻ മറ്റുവഴികളൊന്നും ഇല്ല.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'അങ്ങ് എന്നെ രക്ഷിക്കേണമേ'
ദുർവ്വാസാവ് വീണ്ടും ബ്രഹ്മാവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ബ്രഹ്മദേവൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

അംബരീഷചരിതം ഒൻപതാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, ശിവൻ(കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ഇന്ദളം
"ദധതം കളായകുസുമോപമം ഗളം
 നിജവാമഭാഗധൃതസർവ്വമംഗളം
 ശരണം ജഗാമ ജഗതാം ശിവശങ്കരം
 ശശിഖണ്ഡമൗലിമൃഷിരേഷ ശങ്കരം"
{കാശാവിൻപൂപോലെ നീലനിറത്തിലുള്ള കഴുത്തോടുകൂടിയവനും തന്റെ ഇടത്തുഭാഗത്ത് സർവ്വമംഗളയായ ശ്രീപാർവ്വതീദേവിയെ ധരിച്ചവനും ലോകത്തിന് മംഗളമേകുന്നവനും ചന്ദ്രക്കലാധരനുമായ ശങ്കരനെ മഹർഷി ശരണം പ്രാപിച്ചു.}

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ശിവനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ഇന്ദളം, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"പാഹി ശംഭോ മയി ദേഹി ശംഭോ
 ദേഹികൾക്കു നീയല്ലോ ദൈവമാകുന്നു"
ചരണം1:
"ദുർവ്വാരസുദർശനദൂയമാനമാനസം
 ദുർവാസസം പാഹി പാർവതീനാഥ"
{ശംഭോ, ശംഭോ, എനിക്ക് രക്ഷനൽകിയാലും. ജീവികൾക്ക് ഇവിടുന്നാണല്ലോ ദൈവമായുള്ളത്. പാർവ്വതീവല്ലഭാ, തടുക്കാനാവാത്ത സുദർശനത്താൽ ക്ലേശിക്കുന്ന മനസ്സോടുകൂടിയ ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ}

തുടർന്ന് ശിവൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശിവന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
അനുപല്ലവി:
"സത്യസ്വരൂപിതന്മായാശക്തികളറിവാൻ
 സിദ്ധന്മാർ വയമപി മുഗ്ദ്ധന്മാരല്ലോ"
പല്ലവി:
"കഞ്ജനാഭം കലയാഞ്ജനാഭം അഞ്ജസാ തവ ഭയഭഞ്ജനചതുരം"
ചരണം1:
"വിഷ്ണുകരതലരോചിഷ്ണുവാമായുധം
 വിഷ്ണുഭക്തവൈരസഹിഷ്ണുവല്ലറിക"
 ചരണം2:
"ചെന്താർമാനിനിതന്റെ കാന്തനല്ലാതെ
 സന്താപമകറ്റുവാൻ ബന്ധുവാരിഹ തേ"
ചരണം3:
"കേവലാനന്ദരൂപി കേശവൻ നിജപദ-
 സേവകജനത്തിനിന്നേവമധീനൻ"
{സത്യസ്വരൂപനായ വിഷ്ണുവിന്റെ മായാശക്തികൾ അറിയുവാൻ സിദ്ധന്മാരായ ഞങ്ങൾക്കുകൂടി കഴിവില്ല. അഞ്ജനവർണ്ണനും പെട്ടന്ന് അങ്ങയുടെ ഭയത്തെ ഇല്ലാതെയാക്കുവാൻ സാമർത്ഥ്യമുള്ളവനുമായ പത്മനാഭനെ ആശ്രയിച്ചാലും. വിഷ്ണുവിന്റെ കരത്തിൽ ശോഭിക്കുന്നതായ ചക്രായുധം വിഷ്ണുഭക്തരിലുള്ള വൈരം സഹിക്കുന്നവനല്ല എന്ന് അറിഞ്ഞാലും. നിന്റെ ദുഃഖമകറ്റുവാൻ ലക്ഷ്മീകാന്തനല്ലാതെ ബന്ധുവായി മറ്റാരാണിവിടെ നിനക്കുള്ളത്? കേവലാനന്ദസ്വരൂപിയായ കേശവൻ, തന്റെ പാദസേവകരായ ജനങ്ങൾക്ക് ഇന്ന് ഇപ്രകാരം അധീനനാണ്.}

ശേഷം ആട്ടം-
ദുർവ്വാസാവ്:
'അയ്യോ! അങ്ങ് എന്നെ രക്ഷിക്കേണമേ'
ദുർവ്വാസാവ് വീണ്ടും ശിവനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ശ്രീപരമേശ്വരൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അംബരീഷചരിതം പത്താം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, മഹാവിഷ്ണു(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
"സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
 ശ്യാമ താമരസദാമകോമളരമാദ്ദൃഗഞ്ചലകലാഞ്ചിതം
 കാമദായകമമോഘമേഘകുലകാമനീയകഹരം പരം
 സാമജാമയഹരം ഹരിം സ മുനിരാനനാമവനമാലിനം"
{കോടി ചന്ദ്രന്മാരുടെ തേജസ്സോടുകൂടിയ ആദിശേഷനാകുന്ന മെത്തയിൽ ഇരിക്കന്നവനും നീലത്താമരപ്പൂമാലപോലെ കോമളമായവനും മഹാലക്ഷ്മിയുടെ കടാക്ഷത്താൽ അലങ്കരിക്കപ്പെടുന്നവനും ആഗ്രഹദായകനും കാർമേഘങ്ങളുടെ ഭംഗിയെ അപഹരിക്കുന്നവനും, ജഗത്മായയിൽനിന്നും ഭിന്നനായവനും ഗജേന്ദ്രന്റെ ദുഃഖത്തെ തീർത്തവനും വനമാലാധരനുമായ ഹരിയെ ആ മുനി നമസ്ക്കരിച്ചു.}
 
ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടുമെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ രംഗത്തേയ്ക്ക് കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന മഹാവിഷ്ണുവിന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. തുടർന്ന് നിലത്തിരുന്നുകൊണ്ട് ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പ(രണ്ടാം കാലം)
പല്ലവി:
"കരുണാനിധേ പാഹി കമലനാഭ
 ശരണാഗതം സപദി ദാസമേനം"
ചരണം1:
"അറിയാതെ ചെയ്തുള്ളോരപരാധമിന്നു നീ
 വിരവോടു സഹിച്ചു മയി വിതര കരുണാം വിഭോ"
ചരണം2:
"നിന്നുടയ തിരുനാമമൊന്നേകദാ ചൊൽകിൽ
 ധന്യനാം നാരകനുമെന്നഖില വിദിതം"
ചരണം3:
"നിന്നുടയ പദനളിനനിസൃതജലം കൊണ്ടു
 നിർമ്മലനായതും നീലകണ്ഠൻ"
{കരുണാനിധേ, പത്മനാഭാ, ശരണാഗതനായ ഈ ദാസനെ ഉടനെ രക്ഷിച്ചാലും. പ്രഭോ, അറിയാതെ ചെയ്തുപോയ അപരാധം പൊറുത്ത് ഇന്ന് നീ എന്നിൽ കരുണ ചെയ്താലും. അവിടുത്തെ തിരനാമം ഒന്നുമാത്രം ചൊല്ലുകയാണേങ്കിൽ നരകത്തിൽ കിടക്കുന്നവനും ധന്യനായിത്തീരും എന്ന് എല്ലാവരാലും പറപ്പെടുന്നു. അങ്ങയുടെ പാദത്താമരകളിൽ നിന്നും ഒഴുകുന്ന തീർത്ഥജലം കൊണ്ടാണല്ലോ ശ്രീപരമേശ്വരനും പവിത്രനായത്.}

"കരുണാനിധേ പാഹി" (വിഷ്ണു-ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ, കോട്ട:മനോജ്)
തുടർന്ന് മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

മഹാവിഷ്ണുവിന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"മാമുനിതിലകമേ പോക പോക നീ ഭൂമിപാലസവിധേ"
ചരണം1:
"താമസമെന്നിയെ മമ ദാസനാം
 ഭൂമിതിലകനെക്കാണുക പോയി നീ
 ഭക്തലോകപരാധീനനെന്നെന്നെ
 ചിത്തതാരിൽ കരുതുക സമ്പ്രതി"
 ചരണം2:
"നിത്യവുമെന്നെ വിശ്വസിച്ചീടുന്ന
 ഭൃത്യന്മാരെ വെടിയുന്നതെങ്ങിനെ
 സാധുശീലരോടുള്ള വിരോധങ്ങൾ
 ആധിഹേതുവെന്നോർക്ക തപോനിധേ"
{മഹർഷിശ്രേഷ്ഠാ, അങ്ങ് പോകു, രാജാവിന്റെ സമീപത്തേയ്ക്ക് പോകൂ. ഒട്ടും താമസിയാതെ അങ്ങുപോയി എന്റെ ദാസനായ രാജശ്രേഷ്ഠനെ കാണുക. ഞാൻ ഭക്തന്മാർക്ക് അധീനനാണ് എന്ന് അവിടുത്തെ മനതളിരിൽ അറിയുക. നിത്യവും എന്നെ വിശ്വസിക്കുന്ന ഭൃത്യരെ ഉപേക്ഷിക്കുന്നതെങ്ങിനെ? തപോനിധേ, ഭക്തരോടുള്ള വിരോധങ്ങളാണ് ദുഃഖത്തിന് കാരണം എന്ന് അറിയുക.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'അയ്യോ! അങ്ങ് എന്നെ ഉപേക്ഷിക്കരുതേ'
ദുർവ്വാസാവ് വീണ്ടും വിഷ്ണുവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി വിഷ്ണു അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ഓടിഓടി വളരെ അവശസ്ഥിതിയിലുള്ള ദുർവ്വാസാവ് ചൂട് അസഹ്യമാവുമ്പോൾ പ്രാണഭയം കൊണ്ട് ഒരുവിധം എഴുന്നേറ്റ് ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

അംബരീഷചരിതം പതിനൊന്നാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, അംബരീഷൻ

ശ്ലോകം-രാഗം:ദേവഗാന്ധാരം
"ലോകത്രയൈകഗുരുണാ ഹരിണാ വിസൃഷ്ടഃ
 ശോകത്രപാപരവശീകൃതചിത്തവൃത്തിഃ
 ചക്രാതുരോ മുനിവരശ്ശരണം പ്രപേദേ
 ഭൂയോപി ഭൂരികരുണാംബുധിമംബരീഷം"
{മൂന്നുലോകങ്ങൾക്കും മുഖ്യദൈവമായിരിക്കുന്ന ഹരിയാലും ഉപേക്ഷിക്കപ്പെട്ടവനും ദുഃഖലജ്ജകളാൽ പാരവശ്യപ്പെട്ട മനോവൃത്തിയോടുകൂടിയവനും ചക്രായുധത്താൽ പീഡിതനുമായ മുനിശ്രേഷ്ഠൻ കരുണാസാഗരമായ അംബരീഷനെ ശരണം പ്രാപിച്ചു.}

ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടും പിടിച്ചെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ് ശ്ലോകം കൊട്ടിക്കലാശിച്ച് തിരശീലനീക്കുന്നതോടെ രംഗത്തേയ്ക്ക് കയറി ഇടതുഭാഗത്തായി ധ്യാനനിരതനായി നില്ക്കുന്ന അംബരീഷന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. അതുകണ്ട് അംബരീഷൻ ദയയോടെ വന്ന് ദുർവ്വാസാവിനെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നുകൊണ്ട് രംഗത്തേയ്ക്കുകയറുന്ന സുദർശനം ഇതുകോണിലായി നിൽക്കുന്നു. ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"ജയ ജയ മഹാരാജ ദീനബന്ധോ
 മയി കുരു കൃപാം വീര മനുവംശരത്നമേ"
ചരണം1:
"ചാപലംകൊണ്ടു ഞാൻ ചെയ്തതു സഹിച്ചു
 താപം നിവാരയ കൃപാലയ വിഭോ
 കോപശമനം മഹാപുരുഷന്മാർക്കു ഭുവി
 കേവലമാശ്രയം കൊണ്ടു വരുമല്ലോ"
{മഹാരാജാവേ, ദീനബന്ധോ, ജയിച്ചാലും, ജയിച്ചാലും. വീരാ, മനുവംശരത്നമേ, എന്നിൽ കൃപ ച്ചെയ്താലും. കൃപയ്ക്ക് ഇരിപ്പിടമായവനേ, പ്രഭോ, അറിവില്ലായ്മകൊണ്ട് ഞാൻ ചെയ്തതിനെ സഹിച്ച് ഭവാൻ എന്റെ ദുഃഖത്തെ തീർത്താലും. കോപശമനം മഹാന്മാർക്ക് ഭൂമിയിൽ ആശ്രയം കൊണ്ടുമാത്രം വരുമല്ലോ.}

"മയി കുരു കൃപാം വീര" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസ്)
അംബരീഷന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചെമ്പ(മൂന്നാം കാലം)
ചരണം1:
"ഉത്തമപുമാനുടയ ഹസ്തതലമുക്തനാ-
 മെത്രയും വിലസുന്നു രണശിരസി നീ
 മത്തരിപുഗളഗളിത രക്തരക്താകൃതേ
 പ്രത്യുഷസി സമുദിതവികർത്തനൻപോലെ"
ചരണം2:
"ദുഗ്ദ്ധാബ്ധിമദ്ധ്യമതിൽ മുഗ്ദ്ധാഹിവരശയന
 മദ്ധ്യാസിതനായ പത്മനാഭൻ
 ബദ്ധാദരമെന്നിൽ പ്രീതനെന്നാകിലി-
 ന്നത്രിതനയൻ താപമുക്തനാകും"
{വിഷ്ണുഭഗവാന്റെ കൈത്തലത്തിൽനിന്നും അയയ്ക്കപ്പെട്ട് യുദ്ധക്കളത്തിൽ അഹങ്കാരികളായ ശത്രുക്കളുടെ കഴുത്തിൽനിന്നും ഒഴുകുന്ന രക്തംകൊണ്ട് തുടുത്ത ആകൃതിയോടുകൂടിയവനേ, പ്രഭാതത്തിലെ ഉദയസൂര്യനെപ്പോലെ  ഏറ്റവും ശോഭിക്കുന്നവനേ, പാലാഴിമദ്ധ്യത്തിൽ മനോഹരമായ സർപ്പമെത്തയിൽ വസിക്കുന്ന വിഷ്ണുഭഗവാൻ എന്നിൽ ഏറ്റവും സന്തുഷ്ടനാണെങ്കിൽ ഇപ്പോൾ ദുർവ്വാസാവ് ദുഃഖം ഒഴിഞ്ഞവനാകും.}

പദം കലാശിച്ച് അംബരീഷൻ കൈകൾകൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നു. സുദർശനം പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. അതുകണ്ട് ദുർവ്വാസാവ് ആശ്ചര്യപ്പെടുകയും ആശ്വസിക്കുകയും ചെയ്തിട്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവ്:
ചരണം2:
"കേശവന്തന്നുടെ ദാസജനവൈഭവം
 ആശയേ പാർക്കിലോ അത്ഭുതമഹോ
 ക്ലേശദന്മാരിലും കുശലമവർ ചിന്തിച്ചു
 കേവലം വാഴുന്നു പൂർണ്ണമോദം"
{വിഷ്ണുഭഗവാന്റെ ഭക്തജനങ്ങളുടെ മഹത്വം ആലോചിച്ചുനോക്കിയാൽ അത്ഭുതംതന്നെ. ദുഃഖമുണ്ടാക്കുന്നവരിലും സുഖം വിചാരിച്ചുമാത്രം അവർ നിറഞ്ഞ സന്തോഷത്തോടെ വസിക്കുന്നു.}

ദുർവ്വാസാവ്:അല്ലയോ മഹാരാജൻ, എന്റെ അഹങ്കാരമെല്ലാം നശിച്ചുകഴിഞ്ഞു'
അംബരീഷൻ:'അവിടുന്ന് വളരെ ദുഃഖം അനുഭവിച്ചു അല്ലേ?'
ദുർവ്വാസാവ്:'ശിവശിവ! ഒന്നും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാർപോലും എന്നെ രക്ഷിച്ചില്ല. അങ്ങിനെയുള്ള ഈ ദുർബുദ്ധിയെ എറ്റവും കരുണ്യവാനായ അങ്ങ് ഇപ്പോൾ രക്ഷിച്ചു.' (ദീർഘമായി നിശ്വസിച്ചിട്ട്)'എന്റെ ഭാഗ്യം തന്നെ'
അംബരീഷൻ:'അല്ല, ഞാൻ അല്ല, ഇപ്പോൾ അങ്ങയെ രക്ഷിച്ചത് ആ വിഷ്ണുഭഗവാൻ തന്നെയാണ്. ഇനി അങ്ങ് സാദരം പാരണകഴിച്ച് അനുഗ്രഹിച്ചാലും.'
ദുർവ്വാസാവ്:(ആശ്ചര്യപ്പെട്ട്)'ഏ! അങ്ങ് ഇതുവരേയ്ക്കും ഭക്ഷണം കഴിച്ചില്ലയോ?'
അംബരീഷൻ:'ഇല്ല, അങ്ങയെ കൂടാതെ കഴിക്കുന്നതെങ്ങിനെ?'
ദുർവ്വാസാവ്:(പശ്ചാത്താപത്തോടെ)'കഷ്ടം! എന്റെ അഹങ്കാരത്താൽ ഇങ്ങിനെ വന്നുഭവിച്ചുവല്ലോ? എന്നാൽ ഇനി വേഗം പാരണകഴിക്കുകതന്നെ'
(വലന്തലമേളം)
അംബരീഷൻ ദുർവ്വാസാവിനെ പീഠത്തിലിരുത്തി കാൽകഴുകി വണങ്ങുന്നു. അനന്തരം ദുർവ്വാസാവ് ശംഖിൽനിന്നും ജലം വീഴ്ത്തിക്കൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിയോടെ സേവിച്ച് പാരണവീടുന്നു. തുടർന്ന് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

ദുർവ്വാസാവ്:
ചരണം3:
"തൃപ്തനായേഷ ഞാൻ പാർത്ഥിവ ഭവാനിനി
 ഭുക്തിചെയ്തീടുക പുണ്യകീർത്തേ
 സത്തമ ഭവാനോടു സക്തിയുണ്ടാകയാൽ
 ശുദ്ധമായ്‌വന്നു മമ ചിത്തമധുനാ
 {ഞാൻ വളരെ തൃപതനായി. രാജാവേ, പുണ്യമായ കീർത്തിയോടുകൂടിയവനേ, അങ്ങ് ഇനി ഭക്ഷണം കഴിച്ചാലും. സജ്ജനശ്രേഷ്ഠാ, ഭവാനോട് സംസർഗ്ഗം ഉണ്ടാവുകയാൽ എന്റെ മനസ്സും പരിശുദ്ധമായിവന്നു.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'മഹാവിഷ്ണുവിലുള്ള ഭവാന്റെ ഭക്തിക്ക് സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ഒരു ഇളക്കവും തട്ടാതെയിരിക്കുവാൻ സന്തുഷ്ടനായിതീർന്ന ഞാൻ ഇതാ അനുഗ്രഹിക്കുന്നു.' (അനുഗ്രഹിച്ചിട്ട്)'എന്നാൽ ഇനി ഞാൻ പോകട്ടയോ?'
അംബരീഷൻ:'അവിടുത്തെ അനുഗ്രഹം പോലെ'

തൃപതനായ ദുർവ്വാസാവ്(കോട്ട:ചന്ദ്രശേഘരവാര്യർ) അംബരീഷനെ(കോട്ട:ഹരിദാസ്) അനുഗ്രഹിക്കുന്നു
അംബരീഷൻ കുമ്പിട്ടുവന്ദിക്കുന്നു. സന്തോഷത്തോടുകൂടി അനുഗ്രഹിച്ച് ദുർവ്വാസാവും, മഹർഷിയെ ബഹുമാനപൂർവ്വം യാത്രയാക്കിക്കൊണ്ട് അംബരീഷനും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----