നരകാസുരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നരകാസുരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നരകാസുരവധം


കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ വിരചിതമായതും, 
വളരെ പ്രചാരം നേടിയിട്ടുള്ളതും, കഥകളിപ്രേമികൾ ഇഷ്ടപ്പെടുന്നതുമായ ഒരു ആട്ടകഥയാണ് നരകാസുരവധം.
കഥാസംഗ്രഹം

ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ 
അദ്ധ്യായം59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

ആട്ടക്കഥ ആരംഭിക്കുന്നത് ശ്രീകൃഷ്ണനും പത്നിമാരുമായി രമിക്കുന്ന രംഗത്തോടെയാണ്. രണ്ടാം രംഗത്തിൽ ദേവേന്ദ്രൻ നന്ദനോദ്യാനത്തിൽ ദേവസുന്ദരിമാരുമായി രമിക്കുന്നു. ഈ സമയത്ത് നരകാസുരന്റെ ആജ്ഞപ്രകാരം ദേവലോകത്തെത്തുന്ന നക്രതുണ്ഡി എന്ന ക്രൂരയായ രാക്ഷസി ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു രംഗം 3ൽ. നാലാം രംഗത്തിൽ, മാർഗ്ഗമദ്ധ്യേ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് കാമാർത്തയാകുന്ന നക്രതുണ്ഡി സ്വർഗ്ഗസ്ത്രീകളെ മായകൊണ്ടുമറച്ചിട്ട് ഒരു സുന്ദരീരൂപം കൈക്കൊണ്ട് ജന്തനെ സമീപിക്കുകയും, തന്നെ ഭാര്യയായി സ്വീകരിച്ച് ഉടനെ തന്നോടൊത്ത് കാമകേളിയാടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അച്ഛന്റെ കൽപ്പനകൂടാതെ താൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല എന്നു പറഞ്ഞ് ജയന്തൻ അവളുടെ അഭ്യർത്ഥന നിരസിക്കുന്നു. തന്റെ ആഗ്രഹം സാധിക്കുന്നില്ല എന്നുകണ്ട് ക്രുദ്ധയാവുന്ന നക്രതുണ്ഡി സ്വന്തം രൂപം ധരിച്ചിട്ട് ജയന്തനെ ബലാൽക്കാരേണ പ്രാപിക്കുവാൻ ശ്രമിക്കുന്നു. ജയന്തൻ അവളുടെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചയയ്ക്കുന്നു. തുടർന്ന്, ഉണ്ടായ സംഭവങ്ങൾ ജയന്തൻ ഇന്ദ്രസമീപം ചെന്ന് അറിയിക്കുന്നു രംഗം5ൽ. ആറാം രംഗത്തിൽ, ഈ സമയത്ത് ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു രംഗം7ൽ. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന ഭൗമൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ഠവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു. എട്ടാംരംഗത്തിൽ, ഇന്ദ്രൻ ദ്വാരകാപുരിയിലെത്തി ശ്രീകൃഷ്ണനോട് നരകാസുരന്റെ ദുഷ്ടകർമ്മങ്ങളെ അറിയിക്കുന്നു. നരകനെ താൻ ഉടനെ വധിക്കുന്നുണ്ട് എന്നറിയിച്ച് ശ്രീകൃഷ്ണൻ, ദേവേന്ദ്രനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. ഉടനെതന്നെ ശ്രീകൃഷ്ണൻ ഗരുഢനെ സ്മരിച്ചുവരുത്തി നരകാസുരവധത്തിനായി പുറപ്പെടുന്നു രംഗം9ൽ. പത്താം രംഗത്തിൽ ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഢാരൂഢനായി പ്രാഗ്ജ്യോതിഷപുരത്തെ ലക്ഷ്യമാക്കി പോകുന്നു. നരകാസുരന്റെ കോട്ടകാവൽക്കാരനായ വിവിദൻ എന്ന മർക്കടനെ ഗരുഢൻ നേരിട്ട് തോൽപ്പിക്കുന്നു രംഗം 11ൽ. പന്ത്രണ്ടാം രംഗത്തിൽ പാഞ്ചജന്യം മുഴക്കിക്കൊണ്ട് പ്രാഗ്ജ്യോതിഷത്തിൽ പ്രവേശിച്ച ശ്രീകൃഷ്ണനെ ഭൗമന്റെ സേനാനായകനായ മുരാസുരൻ വന്ന് നേരിടുന്നു. ശ്രീകൃഷ്ണൻ ചക്രായുധത്താൽ മുരനെ വധിക്കുന്നു. മുരന്റെ മരണവാർത്ത ഒരു കിങ്കരൻ വന്ന് നരകാസുരനെ അറിയിക്കുന്നു രംഗം 13ൽ. പതിനാലാം രംഗത്തിൽ നരകാസുരൻ ചതുരംഗസേനാസമേതനായി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. ഗരുഢൻ ഒറ്റയ്ക്ക് അവന്റെ ചതുരംഗസേനയേയും നശിപ്പിക്കുമ്പോൾ ശ്രീകൃഷ്ണൻ ചക്രായുധത്താൽ കഴുത്തറുത്ത് നരകനെ വധിക്കുന്നു. തുടർന്ന് നരകപുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷരാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

നരകാസുരന്റെ പൂർവ്വചരിത്രം-
ഒരിക്കൽ ലോകകണ്ടകനായ ഹിരണ്യാക്ഷൻ എന്ന അസുരൻ 
സൂകരരൂപിയായി ഭൂമീദേവിയെ തന്റെ തേറ്റകളിലെന്തിക്കൊണ്ട് പാതാളത്തിലേയ്ക്ക് പോയി. അപ്പോൾ ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പർക്കം പുലർത്തിയതിനാൽ ഭൂമി ഗർഭംധരിക്കുകയും മഹാശക്തിമാനായ ഒരു അസുരശിശുവിനെ പ്രസവിക്കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരൻ. വരുണന്റേയും ബ്രാഹ്മാവാദികളായ ദേവകളുടേയും അപേക്ഷകൾ മാനിച്ച് കൂർമ്മമായി അവതാരമെടുത്ത മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ പാതാളത്തിൽ നിന്നും തിരിച്ച് ഉയർത്തിക്കൊണ്ടുവന്നു. അപ്പോൾ അശുദ്ധിയിൽനിന്നും ജനിച്ചവനെങ്കിലും തന്റെ പുത്രനായ നരകനെ രക്ഷിക്കണമെന്ന് ഭൂമീദേവി ഭഗവാനോട് അപേക്ഷിച്ചു. മഹാവിഷ്ണു നരകന് ദിവ്യമായ നാരായണാസ്ത്രം നൽകുകയും, അത് കൈയ്യിലുള്ളിടത്തോളം കാലം താനൊഴികെ മറ്റാർക്കും നിന്നെ വധിക്കാനാവില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം ബാലനായ ഭൗമനെ മിഥിലാധിപനായ ജനകമഹാരാജാവ് എടുത്തുവളർത്തി. വളർന്ന് യുവാവായപ്പോൾ, 'ഇങ്ങിനെ പരാന്നഭോജിയായി കഴിയുന്നത് എന്റെ പൗരുഷത്തിന് ചേരുന്നതല്ല' എന്ന് വിചാരിച്ച് നരകൻ മിഥിലവിട്ടുപോയി. പിന്നീട് ദേവിയെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി വരങ്ങൾ സമ്പാദിക്കുകയും, വലിയൊരു അസുരസന്യത്തെ സംഘടിപ്പിക്കുകയും ചെയ്ത നരകാസുരൻ അനവധി രാജ്യങ്ങളെ കീഴ്പ്പെടുത്തുകയും സ്വയം സിംഹാസനാരോഹണം ചെയ്ത് ഭരണമാരംഭിക്കുകയും ചെയ്തു. പ്രാഗ്ജ്യോതിഷമെന്ന പുരം തലസ്ഥാനമാക്കി മൂന്നുലോകങ്ങളേയും വിറപ്പിച്ചുകൊണ്ട് ഭൗമാസുരൻ ദാനവചക്രവർത്തിയായി വാണു. ഒരിക്കൽ ഇയാൾ ത്വഷ്ടാവിന്റെ പുത്രിയായ കശേരുവിനെ ബലാൽക്കാരം ചെയ്യുകയുണ്ടായി. ദേവ-മനുഷ്യസ്ത്രീകളായ പതിനാറായിരത്തിൽപ്പരം സ്ത്രീകളെ നരകൻ ഭാര്യമാരാക്കി. അവരെ മണിപർവ്വതത്തിലെ ഔദകം എന്ന സ്ഥലത്ത് ബന്ധനത്തിൽ പാർപ്പിച്ചു. പർവ്വതങ്ങൾ, ശസ്ത്രങ്ങൾ, ജലം, അഗ്നി, വായു എന്നിങ്ങിനെയുള്ള ദുർഗ്ഗങ്ങളാലും, വാളുകൾ ഘടിപ്പിച്ചിട്ടുള്ളവയും, മുറിക്കുവാൻ ദുഷ്ക്കരമായവയും, മുരാസുരനാൽ കെട്ടപ്പെട്ടവയുമായ ആറായിരം മൗരവപാശങ്ങളാലും പ്രാഗ്ജ്യോതിഷപുരം സംരക്ഷിക്കപ്പെടുന്നു. നരകാസുരന്റെ പത്ത് പുത്രന്മാരാൽ അന്തപ്പുരവും, ഹയഗ്രീവൻ, നിസുന്ദൻ, പഞ്ചാനന്ദൻ, മുരൻ എന്നീ ഭയങ്കരന്മാരായ അസുരന്മാരാൽ പുരിയുടെ നാലുദ്വാരങ്ങളും സംരക്ഷിക്കപ്പെടുന്നു. അവർ ദേവയാനം വരെ വഴിയടഞ്ഞുനിൽക്കുന്നതിനാൽ പ്രാഗ്ജ്യോതിഷപുരിയിലേയ്ക്ക് ആർക്കും പ്രവേശിക്കുവാൻ ധൈര്യമുണ്ടായില്ല.

മൂലകഥയിൽ നിന്നുള്ള വെതിയാനങ്ങൾ

1. നക്രതുണ്ഡി എന്ന കഥാപാത്രം ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. നക്രതുണ്ഡി നരകന്റെ ആജ്ഞപ്രകാരം സ്വർഗ്ഗത്തിലെത്തുന്നതും ജയന്തൻ അവളുടെ കുചനാസികാകർണ്ണങ്ങൾ ഛേദിച്ചയയ്ക്കുന്നതുമായ കഥാഭാഗം മൂലത്തിൽ ഇല്ലാത്തതാണ്. കരി, ലളിത എന്നിങ്ങിനെ വേഷവൈവിദ്ധ്യവും, വിപ്രലംഭസൃഗാരപ്രധാനമായ ലളിതയുടെ ചിട്ടപ്രധാനവും മനോഹരവുമായ ഒരു രംഗവും സൃഷ്ടിക്കുകമാത്രമല്ല; നരകാസുരന്റെ ദേവലോകാക്രമണത്തിന് യുക്തമായ ഒരു കാരണത്തേയും സൃഷ്ടിക്കുകയാണ് ഈ മാറ്റത്തിലൂടെ കാർത്തികതിരുനാൾ തമ്പുരാൻ ചെയ്തിരിക്കുന്നത്.

2. പതിനൊന്നാം രംഗത്തിലെ വിവിദനും ഗരുഢനുമായുള്ള യുദ്ധവും മൂലകഥയിൽ ഇല്ലാത്തതാണ്. ഒരു താടി വേഷത്തേക്കൂടി അരങ്ങിലെത്തിച്ച് വേഷവൈവിദ്ധ്യമുണ്ടാക്കുവാനാണ് ഈ കൂട്ടിച്ചേർക്കലിലൂടെ കവി ശ്രമിച്ചിരിക്കുന്നത്.

3. നരകാസുരനുമായുള്ള യുദ്ധത്തിൽ ശ്രീകൃഷ്ണനും ഗരുഢനും തളർന്നുവീഴുകയും, അപ്പോൾ സത്യഭാമ ആയുധമേന്തി യുദ്ധത്തിനുമുതിരുകയും, ഇതുകണ്ട് കേവലം ഒരു സ്ത്രീയോട് പൊരുതുന്നത് തനിക്ക് അപമാനകരമാണ് എന്നുകരുതി നരകാസുരൻ ആയുധങ്ങൾ താഴെയിടുകയും, തൽസമയം എഴുന്നേൽക്കുന്ന കൃഷ്ണൻ വിശ്വരൂപം ധരിച്ച് സുദർശ്ശനചക്രത്താൽ നരകനെ വധിക്കുന്നതുമായാണ് അരങ്ങിൽ അവതരിപ്പിക്കുക. എന്നാൽ മൂലത്തിൽ ഇപ്രകാരമല്ല കാണുന്നത്. ആനപ്പുറത്തേറിവന്ന് ശക്തി, ശൂലം മുതലായ ആയുധങ്ങളെക്കൊണ്ട് ഗരുഢനോടും കൃഷ്ണനോടും പൊരുതിക്കൊണ്ടിരിക്കെ ഭഗവാൻ തന്റെ ചക്രായുധത്താൽ നരകന്റെ ശിരസ്സറുത്തിടുന്നതായാണ് ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്.

രംഗാവതരണത്തിലെ സവിശേഷതകൾ

ഒന്നാംതരം കത്തി(ചെറിയ നരകാസുരൻ‌), ഒന്നാംതരം സ്ത്രീ(ലളിത), 
ഒന്നാംതരം കരി(നക്രതുണ്ഡി) വേഷങ്ങൾക്കും മറ്റ് ഇടത്തരം-കുട്ടിത്തരം പച്ച, താടി, മിനുക്ക്, ഭീരു വേഷങ്ങൾക്കും നല്ല സാദ്ധ്യതയുള്ള ആട്ടകഥയാണിത്.

1. ഇന്ദ്രന്റെ സൃഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും അടങ്ങുന്ന രണ്ടാം രംഗം ചിട്ടപ്രധാനവും മനോഹരവുമാണ്.

2. നാലാം രംഗത്തിലെ ലളിതയുടെ ഭാഗം ചിട്ടയ്ക്കും ഭാവത്തിനും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

3.'കേകിയാട്ട'മെന്ന സവിശേഷ നൃത്തം ഉൾക്കൊള്ളുന്ന പതിഞ്ഞപദവും, 'ശബ്ദരൂപവർണ്ണനകൾ', 'പടപ്പുറപ്പാട്', 'സ്വർഗ്ഗവിജയം' തുടങ്ങിയ ചിട്ടപ്രധാനങ്ങളായ ആട്ടങ്ങളുമുൾക്കൊള്ളുന്ന ചെറിയനരകാസുരന്റെ ഭാഗം സവിശേഷതയാർന്നതാണ്. 6,7 രംഗങ്ങളിലായി വരുന്ന ഈ ചെറിയനരകാസുരന്റെ അവതരണം ഒരു കത്തിവേഷക്കാരന്റെ മാറ്റുരയ്ക്കപ്പെടുന്നതരത്തിലുള്ള ഒന്നാണ്.

നിലവിലുള്ള അവതരണരീതി

*1,2,5,11,12 രംഗങ്ങൾ വളരെക്കാലങ്ങളായി അവതരിപ്പിക്കുക പതിവില്ലാത്തവയാണ്.

*8,9,10,13,14 രംഗങ്ങൾ അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

*3,4,6,7 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്.

ആട്ടക്കഥാകാരൻ


കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ്
മികച്ച ഭരണകർത്താവ് എന്നതിനുപുറമെ ഒരു പണ്ഡിതശ്രേഷ്ഠനും 
കവിയുമായിരുന്ന കാർത്തികതിരുനാൾ രാമവർമ്മ കൊല്ലവർഷം 899 കർക്കിടകം 5നാണ് ഭൂജാതനായത്. രാജ്യവിസ്തൃതിവരുത്തി ശത്രുനിഷൂദനം ചെയ്ത് 905 കന്നിയിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ മഹാരാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭഗിനേയനായ കാർത്തികതിരുനാൾ യുവാരാജാവായിതീർന്നു. 933ൽ മാർത്താണ്ഡവർമ്മ നാടുനീങ്ങിയതോടെ മഹാരാജാവായി സ്ഥാനമേറ്റ രാമവർമ്മ തുടർന്നുള്ള നാലുപതിറ്റാണ്ടുകൾ രാജ്യഭരണം നടത്തി. ധർമ്മനിഷ്ഠനും ഭരണനിപുണനുമായ ഇദ്ദേഹം 'ധർമ്മരാജാവ്' എന്ന അപരനാമത്തിൽ പ്രശസ്തനായിതീർന്നു.
രാമവർമ്മ തമ്പുരാൻ കൊട്ടാരം കളിയോഗം സംഘടിപ്പിക്കുകയും 
വടക്കുനിന്നും കപ്ലിങ്ങാട് നമ്പൂതിരിയെ വരുത്തി, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം കഥകളിയിൽ സമുചിതമായ പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ, മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോൻ എന്നിങ്ങിനെയുള്ള അനേകം കവികേസരികൾ ഈ രാജകീയകവിയുടെ രാജസദസിനെ അലങ്കരിച്ചിരുന്നു. സംസ്കൃതത്തിൽ നാട്ട്യശാസ്ത്രസംബന്ധമായ 'ബാലരാമഭരതം' എന്നൊരു കൃതി കൽപ്പിച്ചുണ്ടാക്കിയ ധർമ്മരാജാവ്, ഭാഗവതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'നരകാസുരവധം' കൂടാതെ, ഭാരതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'ബകവധം'(തെക്കൻ), 'ഗാന്ധർവ്വവിജയം', 'പാഞ്ചാലീസ്വയംവരം', 'സുഭദ്രാഹരണം'(തെക്കൻ), 'രാജസൂയം'(തെക്കൻ) എന്നീ ആട്ടക്കഥകളും രചിക്കുകയുണ്ടായി. രാജസൂയം കഥയുടെ പുറപ്പാടിനൊപ്പം തോടയത്തിനും മേളപ്പദത്തിനും ആലപിക്കുവാനുള്ള പദങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നരകാസുരവധം ആട്ടക്കഥയെപറ്റി പ്രചരിച്ചിട്ടുള്ള ഒരു ഐതീഹ്യം
കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് നാലാം രംഗത്തിലെ ജയന്തന്റെ യുദ്ധപ്പദത്തിലെ നാലാം ചരണം, 
"അർണ്ണോജാക്ഷികളെ ഹരിച്ചൊരുനിൻ
കർണ്ണനാസികാകുചകൃന്തനമിഹ
തൂർണ്ണം ചെയ്‌വൻ കണ്ടുകൊൾക നീ" എന്ന് എഴുതി നാലാംവരി തോന്നാതെ നിർത്തിയപ്പോൾ, ഭഗിനേയനായ അശ്വതിതിരുനാൾ "നിർണ്ണയമതിനുണ്ടു മേ കരാളേ" എന്ന് പൂർത്തിയാക്കിയത്രെ. അതുകണ്ട് സന്തോഷിച്ച മഹാരാജാവ്, 'എന്നാൽ ഇനി അപ്പൻ തന്നെ അത് പൂർത്തിയാക്കട്ടെ' എന്നു് കൽപ്പിച്ചുപോലും. അങ്ങിനെ തുടർന്നുള്ള ഭാഗങ്ങൾ എഴുതി നരകാസുരവധം ആട്ടക്കഥ പൂർത്തിയാക്കിയത് അശ്വതിരിരുനാളാണ് എന്നാണ് ഐതീഹ്യം. 'അംബരീഷചരിതം', 'രുഗ്മിണീസ്വയംവരം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നീ ആട്ടക്കഥകളുടെ കർത്താവാണ് യുവരാജാവായിരുന്ന അശ്വതിതിരുനാൾ.

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നരകാസുരവധം പുറപ്പാട്

രംഗത്ത്- ശ്രീകൃഷ്ണൻ(മുടിവെച്ച ഇടത്തരം പച്ചവേഷം), കൃഷ്ണപത്നിമാർ(2കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സജലദനീലസ്സർവ്വലോകൈകനാഥോ
 നിജസുതവനിതാഭിസ്സാകമാനന്ദമൂർത്തിഃ
 അരമത പുരവര്യേ ദ്വാരകാനാമധേയേ
 നതജനസുഖദായീ വാസുദേവോ മഹാത്മ"
{കാർമേഘത്തെപ്പോലെ നീലനിറമാർന്നവനും സർവ്വലോകങ്ങൾക്കും ഏകനാഥനും ഭക്തജനങ്ങൾക്ക് സകലസുഖങ്ങളേയും പ്രദാനംചെയ്യുന്നവനും മഹാത്മാവുമായ വാസുദേവൻ പുരികളിൽ ശ്രേഷ്ഠമായ ദ്വാരകാപുരിയിൽ പതിവ്രിതകളായ സ്ത്രീകളോടോപ്പം ആനന്ദമൂർത്തിയായി രമിച്ചു.}

പദം-രാഗം:ശങ്കരാഭരണം
"അരമത നിജനഗരേ കമലാരമണൻ മധുമഥനൻ
 സരസിജദളനയനൻ സുരുചിരമരതകമണിവർണ്ണൻ
 നതജനസന്താനൻ നാരദനുതബഹുവിധലീലൻ
 ലീലാധൃതശൈലൻ നിരുപമ നീലാംബരസഹജൻ"
{ലക്ഷ്മീപതിയും മധുമഥനനും താമരക്കണ്ണനും മരതകരത്നവർണ്ണനും ഭക്തജനങ്ങൾക്ക് കല്പവൃക്ഷമായവനും നാരദാതികളാൽ വന്ദ്യനും നിരുപമനും ബലരാമസഹജനുമായ ശ്രീകൃഷ്ണൻ സ്വന്തം പുരിയിൽ രമിച്ചു.}

-----(തിരശ്ശീല)-----

2011 ജൂലൈ 27, ബുധനാഴ്‌ച

നരകാസുരവധം ഒന്നാം രംഗം

രംഗത്ത്- ശ്രീകൃഷ്ണൻ, കൃഷ്ണപത്നിമാർ

ശ്ലോകം-രാഗം:തോടി
"ആരാമമാസാദ്യ ജനാർദ്ദനസ്തദാ
 വാസന്തികൈഃ പുഷ്പഫലൈസ്സമാവൃതം
 മനോഭാവേനാഭിനിവേശിതാശയോ
 ജഗാദ വാചം ദയിതാ മുദാന്വിതഃ"
{അപ്പോൾ ശ്രീകൃഷ്ണൻ വസന്തകാലത്തിലുണ്ടാവുന്ന പുഷ്പഫലങ്ങളെക്കൊണ്ട് നിറഞ്ഞ ഉദ്യാനത്തെ പ്രാപിച്ചിട്ട് കാമാവിഷ്ടചിത്തനായി സന്തോഷത്തോടുകൂടി പത്നിമാരോട് പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള പത്നിമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് 'കിടതകധീം,താം'മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ മുന്നോട്ടുവന്ന് പത്നിമാരെ ഇരുവശങ്ങളിലുമായി നിർത്തിയിട്ട് ഇരുവരേയും പ്രത്യേകം നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:തോടി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ"
അനുപല്ലവി:
"പഞ്ചശരകേളിതന്നിൽ വാഞ്ഛ മേ വളർന്നീടുന്നു"
ചരണം1:
"ഫുല്ലകുന്ദമന്ദാരാദി പുഷ്പജാലങ്ങൾ കണ്ടിതോ
 കല്യാണശീലമാരാകും കാമിനിമാരേ സരസം"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
ചരണം2:
"കണ്ട തണ്ടലർതന്മധുവുമുണ്ടുടൻ മദംകലർന്നു
 വണ്ടുകൾ മുരണ്ടീടുന്നു തണ്ടാർശരൻ വിലസുന്നു"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
ചരണം3:
"ആനനചന്ദ്രസുധയെ സാനന്ദം തരിക നിങ്ങൾ
 സൂനശര വിലാസങ്ങൾ മാനിനിമാരേ ചെയ്യേണം"
("ചഞ്ചലാക്ഷിമാരേ വരിക സാമോദം മേ സവിധേ")
{ചഞ്ചലാക്ഷിമാരേ, മോദത്തോടുകൂടി എന്റെ അരികിൽ വരിക. എനിക്ക് കാമകേളിയിൽ ആസക്തി വർദ്ധിക്കുന്നു. സുശീലകളായ സുന്ദരിമാരേ, കുരുക്കുത്തിമുല്ല, മന്ദാരം ആദിയായ പുഷ്പക്കൂട്ടങ്ങൾ വിടർന്നുനിൽക്കുന്നത് കണ്ടില്ലേ? ചില പൂക്കളുടെ തേനുമുണ്ട് മത്തുപിടിച്ച വണ്ടുകൾ മുരളുന്നു. കാമൻ വിലസുന്നു. മുഖചന്ദ്രനിലുള്ള അമൃതിനെ ആനന്ദത്തോടെ നിങ്ങൾ എനിക്ക് തരിക. സുന്ദരികളേ, നമുക്ക് മാരലീലയാടാം.}

പദം കലാശിച്ച് ശ്രീകൃഷ്ണൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരിക്കുന്നു. ഇരുവശങ്ങളിലുമായി നിൽക്കുന്ന പത്നിമാർ ഒരുമിച്ച് പദം അഭിനയിക്കുന്നു.

കൃഷ്ണപത്നിമാടെ മറുപടിപ്പദം-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"നിശമയ വചനമിദം മൽ പ്രാണനാഥ"
അനുപല്ലവി:
"വിശദപുണ്യചരിത വിനതജനസന്താന
 ശശിസദൃശസുവദന സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
ചരണം1:
"അംഗജമാൽ കൊണ്ടിന്നു അംബുജദളനേത്ര
 അംഗം തളർന്നീടുന്നഹോ മൽ പ്രാണനാഥമ
 അംഗം പുണരുവതിനൻപോടുവരിക നീ
 അംഗജസമാനാകാര സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
ചരണം2:
"മലയമാരുതരഥേ മനസിജൻ കരയേറി
 മലർശരനിര തൂകുന്നു കലയേ ഹൃദയേ തവ
 കാരുണ്യമയി കാന്ത വലമഥനസഹോദര
 സാമോദമിന്നു"
("നിശമയ വചനമിദം മൽ പ്രാണനാഥ")
{പ്രാണനാഥാ, പുണ്യചരിതാ, വണങ്ങുന്നജനങ്ങൾക്ക് കല്പവൃക്ഷമായുള്ളവനേ, ചന്ദ്രസമാനമായ മുഖത്തോടുകൂടിയവനേ, ഞാൻ പറയുന്നത് സന്തോഷത്തോടുകൂടി ശ്രവിച്ചാലും. താമരക്കണ്ണാ, പ്രാണനാഥാ, ഹോ! കാമപീഡകൊണ്ട് എന്റെ ശരീരം തളരുന്നു. കാമസമാനാകാരാ, അവിടുന്ന് ശരീരത്തെ പുണരുവാനായി സന്തോഷത്തോടെ വന്നാലും. മലയമാരുതമാകുന്ന രഥത്തിലേറിവന്ന് കാമൻ പൂവമ്പുകൾ ചൊരിയുന്നു. കാന്താ, ഇന്ദ്രസഹോദരാ, ഇന്ന് അങ്ങയുടെ ഹൃദയത്തിൽ സന്തോഷത്തോടുകൂടി എന്നിൽ കാരുണ്യത്തെ ചെയ്താലും.}

ശേഷം ആട്ടം-
ശ്രീകൃഷ്ണൻ:(എഴുന്നേറ്റ് ഇരുവരേയും പുണർന്നിട്ട്)'അല്ലയോ പത്നിമാരേ, എന്നാൽ നമുക്കിനി ഓരോരോ കാമകേളികൾ ചെയ്യുകയല്ലേ'
പത്നിമാരുടെ അനുസരണകേട്ട് ശ്രീകൃഷ്ണൻ അവരെ ഇരുവശങ്ങിലുമായി നിർത്തി കൈകോർത്തുപിടിച്ചുകൊണ്ട് പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

നരകാസുരവധം രണ്ടാം രംഗം

രംഗത്ത്- ഇന്ദ്രൻ(കുട്ടിത്തരം പച്ചവേഷം), ദേവസ്ത്രീകൾ(2കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:നവരസം
"സുരഭില കുസുമൈർവ്വിരാജമാനം
 സുരപതിരേത്യവനം സ നന്ദനാഖ്യം
 രതിപതിസദൃശോ ജഗാദ വാണീം
 നിജരമണീസ്തരുണീ: കദാചിദേവം"
{ഒരിക്കൽ കാമസദൃശനായ ആ ദേവേന്ദ്രൻ സൗരഭ്യമാർന്ന പൂക്കളെക്കൊണ്ട് ശോഭിക്കുന്നതായ നന്ദനവനത്തിൽ പ്രവേശിച്ചിട്ട് തന്റെ കാമിനിമാരോട് ഇപ്രകാരം പറഞ്ഞു.}

ഇരുവശങ്ങളിലുമുള്ള നായികമാരുടെ കൈകോർത്തുപിടിച്ചുകൊണ്ട് പതിഞ്ഞ 'കിടതകധീം,താം'മേളത്തിനൊപ്പം രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ഇന്ദ്രൻ സാവധാനം മുന്നോട്ടുവന്ന് സ്ത്രീകളെ ഇരുവശങ്ങളിലുമായി നിർത്തിയിട്ട് ഇരുവരേയും പ്രത്യേകം നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രന്റെ സൃഗാരപ്പദം-രാഗം:നവരസം, താളം:ചെമ്പട(ഒന്നാംകാലം)
പല്ലവി:
"ദേവനിതംബിനിമാരേ കേൾപ്പിൻ സാവധാനം മമ വചനം"
അനുപല്ലവി:
"കേവലമിന്നു മമ രതികേളിചെയ്‌വാൻ
 ഭാവം വളർന്നീടുന്നു മനതാരിൽ"
ചരണം1:(രണ്ടാംകാലം)
"നന്ദനവനമിതു കണ്ടില്ലേ
 ഹൃദയാനന്ദവുമിതു കണ്ടാൽ വളരുന്നു
 ഇന്ദിരാമനോഹരിമാരേ വരികരികിൽ
 ഇന്നുപുണർന്നീടേണം വൈകാതെ"
("ദേവനിതംബിനിമാരേ
കേൾപ്പിൻ സാവധാനം മമ വചനം")
{ദേവസുന്ദരിമാരേ, സാവധാനം എന്റെ വചനം കേൾപ്പിൻ. കാമകേളികൾ ചെയ്യുവാൻ എന്റെ മനസ്സിൽ ആഗ്രഹം വളരുന്നു. ഈ നന്ദനവനത്തെ കണ്ടില്ലേ? ഇത് കണ്ടാൽ ഹൃദയത്തിൽ ആനന്ദം വളരുന്നു. ലക്ഷ്മിയെപ്പോലെ മനോഹരികളായവരേ, ഇന്ന് അരികിൽ വരിക. വൈകാതെ ആലിംഗനം ചെയ്തീടേണം.}

പദം കലാശിച്ച് ഇന്ദ്രൻ രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരിക്കുന്നു. ദേവസ്ത്രീകൾ ഒരുമിച്ച് പദം അഭിനയിക്കുന്നു.

ദേവസ്ത്രീകളുടെ മറുപടിപ്പദം-രാഗം:പുന്നാഗവരാളി, താളം:അടന്ത
പല്ലവി:
"ശൃണു ഹേ ദേവരാജ വിഭോ മാമകഗിരം"
ചരണം1:
"മനസിജസദൃശസ്വരൂപ വലമഥന 

 നിങ്കലതിമോദം  മനസി വളർന്നീടുന്നധുനാ 
 മേ മഹിതഗുണനിലയ
 മാനിത ഗുണഗണ"
ചരണം3:
"വദനകമലമധു പാനംചെയ്‌വാൻ
 വളരുന്നു ഹൃദിമോദം മദനവിശിഖതതി
 കൃതശോകം മേ മാധവസോദര
 കളകയി സമ്പ്രതി"
{ഹേ ദേവരാജാ, പ്രഭോ, എന്റെ വാക്കുകൾ ശ്രവിച്ചാലും. കാമസദൃശരൂപാ, വലമഥനാ, മഹത്തായ ഗുണഗണങ്ങൾക്ക് ഇരിപ്പിടമായവനേ, മാനിക്കപ്പെടുന്ന ഗുണങ്ങളോടുകൂടിയവനേ, സന്തോഷം ഏറ്റവും വളരുന്നു. മുഖമാകുന്ന താമരയിൽനിന്നും തേൻ കുടിക്കുവാൻ എന്റെ മനസ്സിൽ ആഗ്രഹം വളരുന്നു. മാധവസോദരാ, കാമബാണമേറ്റിട്ടുള്ള എന്റെ ശോകത്തെ അങ്ങ് തീർത്താലും.}

ഇന്ദ്രന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
"മല്ലലോചനമാർകുലതല്ലജേ ഹേ രംഭേ
 നല്ലൊരുഗാനംചെയ്താലും ഉല്ലാസേന ബാലേ"
{സുന്ദരിമാരുടെ കൂട്ടത്തിൽ ശ്രേഷ്ഠേ, ഹേ രംഭേ, ബാലികേ, ഉല്ലാസത്തോടെ നല്ലൊരു ഗാനം ആലപിച്ചാലും.}

ദേവസത്രീകളുടെ കുമ്മിപ്പദം-രാഗം:ഊശാനി,താളം:മുറിയടത
ചരണം1:
"ജയജയ ലോകാധിനാഥ വിഭോ
 ജയജയ പാകനിഷൂദന ഭോ
 ജയജയ രൂപവിനിന്ദിതമന്മഥ
 ജയ സുരനായക വന്ദാമഹേ"
ചരണം2:
"നാകനിതംബിനിമാരേ നാം
 നവരസനടനങ്ങൾ ചെയ്തീടേണം
 പാകാരിതന്നുടെ മാനസതാരിൽ
 പരിചിനൊടാനന്ദമുണ്ടാക്കേണം"
ചരണം3:
"ചിത്രമഹോ തവ നടനമിദം
 ചിത്തജമോഹനദിവ്യലീലേ
 ചിത്രലേഖേ തവ ലാസ്യമിതുപോലെ
 യിത്രിലോകത്തിങ്കലില്ല ധന്യേ"
ചരണം4:
"മേനകേ തോഴി നീ ഗാനം ചെയ്ക
 മാനിനിമാർകുലമൗലിമാലേ
 ഞാനിന്നു നിന്നുടെ ഗാനാനുകൂലമായ്
 മാനിച്ചു നർത്തനം ചെയ്തീടുന്നേൻ"
{ലോകാധിനാഥാ, പ്രഭോ, ജയിച്ചാലും ജയിച്ചാലും. അസുരനാശനാ, പ്രഭോ, ജയിച്ചാലും ജയിച്ചാലും. കാമനെവെല്ലുന്ന രൂപത്തോടുകൂടിയവനേ, ജയിച്ചാലും ജയിച്ചാലും. ദേവനായകാ, ജയിച്ചാലും. അങ്ങയെ വന്ദിക്കുന്നേൻ. ദേവസുന്ദരിമാരേ, നാം നവരസനടനങ്ങൾ ചെയ്തിടേണം. അസുരശത്രുവിന്റെ മനസ്സിൽ ആനന്ദത്തെ ഉണ്ടാക്കണം. കാമമോഹിനിയായ ദിവ്യലീലേ, ഹോ! നിന്റെ ഇപ്രകാരമുള്ള നടനം വിചിത്രമായിരിക്കുന്നു. ചിത്രലേഖേ, ധന്യേ, നിന്റെ ഈ ലാസ്യം പോലെ മറ്റൊന്ന് മൂന്നുലോകങ്ങളിലും ഇല്ല. മേനകേ, തോഴീ, സുന്ദരിമാരുടെ കൂട്ടത്തിന് ശിരോലങ്കാരമായുള്ളവളേ, നീ ഗാനമാലപിച്ചാലും. ഞാനിന്ന് നിന്റെ ഗാനത്തിന് അനുകൂലമായി നർത്തനം ചെയ്തീടാം.}

ശേഷം ആട്ടം-
ഇന്ദ്രൻ:
(എഴുന്നേറ്റ് ഇരുവരേയും പുണർന്നിട്ട്)'അല്ലയോ കാമിനിമാരേ, നിങ്ങളുടെ നടനം ഏറ്റവും കേമമായിരിക്കുന്നു. ഇനി അല്പം വിശ്രമിച്ചിട്ട് കേളികൾ തുടരാം'
ദേവസ്ത്രീകളുടെ അനുസരണകേട്ട് ദേവേന്ദ്രൻ അവരെ ഇരുവശങ്ങിലുമായി നിർത്തി കൈകോർത്തുപിടിച്ചുകൊണ്ട് സാവധാനം പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ജൂലൈ 26, ചൊവ്വാഴ്ച

നരകാസുരവധം മൂന്നാം രംഗം (നക്രതുണ്ഡി)

രംഗത്ത്- നക്രതുണ്ഡി(ഒന്നാംതരം പെൺകരിവേഷം), ദേവസ്ത്രീകൾ(കുട്ടിത്തരം സ്ത്രീവേഷങ്ങൾ)

ശ്ലോകം-രാഗം:കേദാരഗൗളം
"ക്രീഡന്തമാലോക്യ സുരാധിനായകം
 നിജാംഗനാഭിസ്സമമാത്തകൗതുകം
 സാ നക്രതുണ്ഡീ നരകപ്രചോദിതാ
 പ്രകാലയാമാസ തദാപ്സരോഗണാൻ"
{ദേവേന്ദ്രൻ ദേവസുന്ദരിമാർക്കൊപ്പം സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ നരകാസുരനാൽ അയയ്ക്കപ്പെട്ടവളായ നക്രതുണ്ഡി എന്ന രാക്ഷസി ആ അപ്സരസ്സുകളെക്കുറിച്ച് ആലോചനചെയ്തു.}

രൗദ്രഭാവത്തിലുള്ള നക്രതുണ്ഡിയുടെ തിരനോട്ടം-
നക്രതുണ്ഡിയുടെ കരിവട്ടം-
തിരനോട്ടശേഷം കൈകളിൽ തൂപ്പുകളോടുകൂടി രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന നക്രതുണ്ഡി ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)
നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം നക്രതുണ്ഡി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.

നക്രതുണ്ഡി-കലാ:ജയപ്രകാശ്
നക്രതുണ്ഡി:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. അല്പം സൗന്ദര്യം ഉണ്ടാക്കണം' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് എണ്ണപുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം കൈയ്യിലെടുത്തിട്ട്)'ഇനി വെള്ളത്തിനെന്തുചെയ്യും?' (ചുറ്റും നോക്കി, ഒരുഭാഗത്ത് ഒരുത്തിയെ കണ്ടിട്ട് അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? തരില്ലേ? ഛീ!' (അവളെ നിന്ദിച്ചിട്ട് മറ്റൊരുത്തിയെ കണ്ട്, അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? ഇല്ലേ?' (പരിഭവവും വെറുപ്പും നടിച്ചിട്ട്)'എന്നാൽ കണ്ടുകൊൾവിൻ' (മുലഞെക്കി പാലെടുത്ത് ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (കണ്മഷിയെടുത്ത് കണ്ണിലെഴുതി നീറ്റൽ നടിച്ചിട്ട് കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാർപോലും കൊതിച്ചുപോകും. ഇനി കുറച്ചുസമയം കളിക്കണം' (ചുറ്റും നോക്കുമ്പോൾ കാണുന്ന ഒരുവളോടായി)'ഹേയ്, വാ, നമുക്ക് അല്പസമയം കളിക്കാം. വാ. ഏ? വരില്ലേ?' (മറ്റൊരുവളോടായി)'വാ, നമുക്ക് അല്പം കളിക്കാം. ഏ? ഇല്ലേ?' (ക്ഷോഭിച്ച്)'എന്നാൽ ഞാൻ ഒറ്റയ്ക്കുകളിക്കുന്നത് കണ്ണുതുറിച്ച് കണ്ടുകൊൾവിൻ'
(താളം-പഞ്ചാരി)
നക്രതുണ്ഡി കുറച്ചുസമയം കുമ്മിയും തുടർന്ന് തെരുപ്പിറക്കലും^ കളിക്കുന്നു. ക്രമേണ കാലം മുറുക്കി തെരുപ്പിറക്കൽ കലാശിക്കുന്നതോടെ കളിക്കാൻ വിളിച്ചിട്ട് കൂട്ടാക്കാതിരുന്ന സ്ത്രീകളെ പരിഹസിക്കുകയും കൊഞ്ഞനംകുത്തുകയും ചെയ്തിട്ട് നക്രതുണ്ഡി രംഗമദ്ധ്യത്തിലെ പീഠത്തിലിരിക്കുന്നു.
(താളം:ചെമ്പട)
നക്രതുണ്ഡി:(ക്ഷീണം നടിച്ച് ഉത്തരീയംകൊണ്ട് വിയർപ്പ് ഒപ്പുകയും വീശുകയും ചെയ്തിരിക്കുമ്പോൾ പെട്ടന്ന് ഓർത്തിട്ട്)'ഹോ! നേരം വളരെയായി. ഇനി എന്റെ സ്വാമിയായ നരകാസുരന്റെ കൽപ്പന അനുസ്സരിച്ച് സ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി സ്വർഗ്ഗത്തിലേയ്ക്ക് വേഗം പോവുകതന്നെ' (എഴുന്നേറ്റ് 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ദേഹമാകെ ഒന്നു നോക്കിയിട്ട്)'ഇങ്ങിനെ സുന്ദരരൂപത്തിൽ പോയാൽ പോര. ഭയങ്കരമായ രൂപംതന്നെ വേണം' ('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് വനത്തിലെത്തിയതായി ഭാവിച്ചിട്ട്)'എന്നെ കണ്ട് മൃഗങ്ങൾ ഒക്കെയും ഓടുന്നു' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് തക്കം നോക്കി ഓരോ സിംഹങ്ങളെ പിടിച്ച് കാതുകളിൽ അണിഞ്ഞശേഷം വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ജീവികളെ പിടിച്ചുകടിച്ച് രക്തപാനം ചെയ്തശേഷം ദേഹമാസകലം നോക്കിയിട്ട്)'ഉം, ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാരും ഭയക്കും. ഇനി വേഗം സ്വർഗ്ഗത്തിലേയ്ക്ക് പോവുകതന്നെ'
നക്രതുണ്ഡി കൈകളിൽ തൂപ്പുകളുമേന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് രംഗമദ്ധ്യത്തിലായി ചുരുക്കിപ്പിടിച്ച തിരശ്ശീലയ്ക്കുപിന്നിലായി പദത്തിനു വട്ടംവയ്ക്കുന്നു. പദത്തിന്റെ ഓരോചരണത്തിന്റെയും മദ്ധ്യത്തിലും അന്ത്യത്തിലുമായി നക്രതുണ്ഡി തിരശ്ശീലയുടെ ഓരോഭാഗത്തേയ്ക്കുമായി ഓടിവന്ന് രൗദ്രഭാവത്തിൽ എത്തിനോക്കുന്നു.

[
^കുമ്മിയെതുടർന്ന് പന്തുകളിയും ചിലപ്പോൾ ചെയ്യാറുണ്ട്. കൈകൊട്ടിക്കളി മുതലായവയോട് അനുബന്ധിച്ച് സ്ത്രീകൾ വാശിയോടെ മത്സരിക്കുന്ന ഒരു വിനോദമാണ് തെരുപ്പിറക്കൽ]

പദം-രാഗം:കേദാരഗൗളം, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
"ക്രൂരയാകുന്ന നക്രതുണ്ഡി ഘോരദംഷ്ട്രാഭീഷണാ
 വീരവൈരികുലത്തെവിരവിൽ സംഹരിക്കുന്ന ദാനവി"
ചരണം2:
"കൊടിയ നരസുരന്മാരെക്കൊന്നു കടുനിണങ്ങൾ കുടിപ്പവൾ
 വടിവൊടു നല്ല കേസരികളെ നെടിയകാതലണിഞ്ഞവൾ"
ചരണം3:
"മന്ദംമന്ദമിന്ദ്രപുരേ നന്ദിയോടവൾ ചെന്നുടൻ
 ഇന്ദീവരലോചനമാരെക്കണ്ടുചൊന്നാളിങ്ങിനെ"
{ഭയപ്പെടുത്തുന്ന ഘോരദംഷ്ട്രങ്ങളുള്ളവളും വീരന്മാരായ ശത്രുക്കൂട്ടത്തെ അനായാസം സംഹരിക്കുന്നവളും ക്രൂരയുമായ രാക്ഷസിയാണ് നക്രതുണ്ഡി. മനുഷ്യരേയും ദേവന്മാരേയും കൊന്ന് കൊഴുത്തചോര കുടിക്കുന്ന ഭയങ്കരി, നീണ്ടകാതുകളിൽ ആഭരണമായി കൂറ്റൻ സിംഹങ്ങളെ അണിഞ്ഞവൾ. ഇങ്ങിനെയുള്ള അവൾ പതുക്കെ ദേവനഗരിയിൽ ചെന്നപ്പോൾ സുന്ദരിമാരെ കണ്ട് ഇങ്ങിനെ പറഞ്ഞു.}

"ഘോരദംഷ്ട്രാഭീഷണാ" (നക്രതുണ്ഡി-നെല്ലിയോട് വാസുദേവൻ നമ്പൂതിരി)
പദം കഴിയുന്നതോടെ തിരമാറ്റി നക്രതുണ്ഡി ഓടിപ്രവേശിക്കുന്നു. ഇടത്തുഭാഗത്തുകൂടി ദേവസ്ത്രീകൾ പ്രവേശിച്ച് പൂക്കളിറുത്തുകൊണ്ട് നിൽക്കുന്നു.
നക്രതുണ്ഡി:('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് കണ്ടിട്ട്)'ഇതാ സുന്ദരികളായ വളരെ ദേവസ്ത്രീകളെ കാണുന്നു'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് നക്രതുണ്ഡി പദം അഭിനയിക്കുന്നു.

നക്രതുണ്ഡിയുടെ പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
"അഹോ സഫലം ചിന്തിതമഖിലം"
ചരണം1:
"ഇഹമരുവീടുന്നൊരുതരുണീജന-
 നികരമശേഷം കരബലമതുകൊ-
 ണ്ടഹമരനിമിഷംകൊണ്ടു ഗമിപ്പൻ
 ബഹുബലവാനാം ഭൂസുതസവിധേ"
("അഹോ സഫലം ചിന്തിതമഖിലം")
ചരണം3:
"വരികവരിക വിരവോടെന്നരികിൽ
 സുരനാരികളായീടും നിങ്ങൾ
 കരളിലതിന്നൊരുസംശയമെന്നാൽ
 ഒരുമയിൽഞാനും കൊണ്ടിഹപോവൻ"
("അഹോ സഫലം ചിന്തിതമഖിലം")
{ഹോ! എന്റെ വിചാരമെല്ലാം സഫലമായി. കരബലം കൊണ്ട് ഇവിടെയുള്ള സുന്ദരികളെ അരനിമിഷംകൊണ്ട് കൂട്ടത്തോടെ പിടിച്ച് മഹാബലവാനായ നരകന്റെ സവിധത്തിലേയ്ക്ക് പോകുന്നുണ്ട്. സുരസ്ത്രീകളായ നിങ്ങൾ എന്റെ അരികിലേയ്ക്ക് വരൂ, വരൂ. മനസ്സിൽ അതിനൊരു സംശയമുണ്ടെങ്കിൽ ഞാൻ നിങ്ങളെ കൂട്ടത്തോടെ ഇപ്പോൾ പിടിച്ചുകൊണ്ടുപോകും.}

ശേഷം ആട്ടം-
പദം കലാശിച്ച് നക്രതുണ്ഡി ഓടിച്ചെന്ന് തടുത്തുനിർത്തി ഭയപ്പെടുത്തി ദേവസ്ത്രീകളെ പിടിക്കുന്നു. അവരെ കൈയ്യിലൊതുക്കി കൊണ്ടുപോകുന്നനിലയിൽ ഇരുവശത്തും നിർത്തിക്കൊണ്ട് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടന്നിൽക്കുന്നതോടെ ജയന്തനെ കണ്ടതായി നടിച്ച് നക്രതുണ്ഡി അത്ഭുതസ്ഥബ്ധയായി നിൽക്കുന്നു. തുടർന്ന് ദേവസ്ത്രീകളെ മറച്ചിട്ട് ജയന്തനെ നോക്കി രോമാഞ്ചം നടിക്കുന്നു. ദേവസ്ത്രീകൾ നിഷ്ക്രമിക്കുന്നു.

നക്രതുണ്ഡി(കോട്ട:സുധീർ) ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു
നക്രതുണ്ഡി:(ജയന്തനെ നോക്കിനിന്ന് സൗന്ദര്യം ആസ്വദിച്ചിട്ട്)'ഇന്ദ്രപുത്രനായ ജയന്തൻ ഇതാ. ഹോ! എന്തു സൗന്ദര്യം!' (കാമപാരവശ്യം നടിച്ച് ചുണ്ടുകൾ കടിച്ചുകൊണ്ട്)'അവനുമായി ഒന്നു രമിക്കാൻ കഴിഞ്ഞാൽ ഭാഗ്യംതന്നെ' (പുളകവും കാമപാരവശ്യവും നാണവും നടിച്ച് പെരുവിരലാൽ നിലത്തുവരച്ചുകൊണ്ട് ആലോചിച്ചിട്ട്)'ഇയാളെ കിട്ടുവാൻ വഴിയെന്ത്?' (വീണ്ടും ആലോചിച്ചിട്ട്)'ആകട്ടെ, ഉണ്ട്. ഈ വേഷം മറച്ച് ഒരു കപടസുന്ദരീവേഷം ധരിച്ച് സമീപത്തുചെന്ന് ഇയാളെ വശീകരിച്ചെടുക്കുകതന്നെ'

നക്രതുണ്ഡി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ സുന്ദരീവേഷം ധരിക്കുന്നതായി നടിച്ചിട്ട് സൃഗാരഭാവത്തിൽ സാരിനൃത്തതിന്റെ ആദ്യചുവടുകൾ വെച്ചശേഷം ജയന്തനെനോക്കി ലജ്ജയോടെ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
നക്രതുണ്ഡി(നെല്ലിയോട് വാസുദേവൻ നമ്പൂതിരി) സാരിനൃത്തതിന്റെ ആദ്യചുവടുകൾ വെയ്ക്കുന്നു

2011 ജൂലൈ 25, തിങ്കളാഴ്‌ച

നരകാസുരവധം നാലാം രംഗം (ലളിത)

രംഗത്ത്- ലളിത(ഒന്നാംതരം സ്ത്രീവേഷം), ജയന്തൻ(രണ്ടാംതരം പച്ചവേഷം), നക്രതുണ്ഡി

ശ്ലോകം-രാഗം:നീലാബരി
"ഇത്ഥം നിശ്ചിത്യ ഹൃത്വാ ത്രിദശപുരവധൂരു
ദ്ധതം പ്രസ്ഥിതാ സാ
 മദ്ധ്യേമാർഗ്ഗം ജയന്തം വലരിപുതനയം വീക്ഷ്യ കാമാതുരാഭൂൽ
 സ്വഃസ്ത്രീരാച്ഛാദ്യ മായാമയയവനികയാ പ്രാപ്യ മന്ദാക്ഷ മന്ദാ
 മുഗ്ദ്ധാപാംഗസ്മിതോദ്യൽസ്മരരസമധുരം പ്രാഹതം മോഹനാംഗീ"
{ഇപ്രകാരം നിശ്ചയിച്ചയിച്ചിട്ട് ഗർവ്വോടുകൂടി ദേവസ്ത്രീകളെ അപഹരിച്ചുകൊണ്ട് പുറപ്പെട്ടവളായ ആ നക്രതുണ്ഡി മാർഗ്ഗമദ്ധ്യത്തിൽ ഇന്ദ്രപുത്രനായ ജയന്തനെ കണ്ടിട്ട് കാമപീഡിതയായി ഭവിച്ചു. താൻ തട്ടിയെടുത്ത ദേവസ്ത്രീകളെ മായാമയമായ തിരശ്ശീലകൊണ്ട് മറച്ചിട്ട് ലജ്ജകൊണ്ട് മന്ദിച്ചവളായ ആ സുന്ദരി പുഞ്ചിരിച്ചുകൊണ്ടും മനോഹരമായി കടാക്ഷിച്ചുകൊണ്ടും അവനെ സമീപിച്ചിട്ട് കാമരസം വളർത്തുമാറ് ഇപ്രകാരം പറഞ്ഞു.}


ജയന്തൻ വലംകൈയ്യാൽ വാൾ കുത്തിപ്പിടിച്ചുകൊണ്ട് വീരഭാവത്തിൽ വലത്തുഭാഗത്ത് പീഠത്തിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി സാരിനൃത്തത്തോടെ ലളിത പ്രവേശിക്കുന്നു.  ഗായകർ താളം പിടിച്ച് രാഗവും തുടർന്ന് സാരിപ്പദവും ആലപിക്കുന്നു.

ലളിത(കലാനി:വിനോദ്)യുടെ പ്രവേശം(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ)
ലളിതയുടെ സാരിപ്പദം-രാഗം:അസാവേരി, താളം:ചെമ്പട(രണ്ടാംകാലം)
ചരണം1:
"യന്മിനീചര മാനിനി വന്നിതു
 സോമബിംബാനന ശതമന്യുസുത സവിധേ"
ചരണം2:
"പുരികുഴലിൽ നറുമലർകൾ ചൂടിയും ബാല
 സരസാതരഗാനംചെയ്തു സരസനൃത്തമാടിയും"
ചരണം3:
"സുരതരുണിപോലെ ദേഹകാന്തിയും അവൾ
 വരസുരതമോഹംപൂണ്ടു വിവിധലീല ചെയ്കയും"
ചരണം4:
"പന്തൊക്കുംകൊങ്കകൾ കണ്ടാൽ ബന്ധുരം നല്ല
 സിന്ധുരകരോരുയുഗ്മ ശോഭയെത്ര സുന്ദരം"
ചരണം5:
"ചന്തമിയലുന്ന കംബുകന്ധരം അവൾ
 ചെന്താർശര ശരനികരത്തിനൊരു പഞ്ജരം"
{ചന്ദ്രമുഖിയാകുന്ന ആ രാക്ഷസസുന്ദരി ഇന്ദ്രപുത്രന്റെ മുന്നിൽ വന്നു. തലമുടിയിൽ പുതുപൂക്കൾ ചൂടിയ ആ ബാലിക മനോഹരമായി ഗനമാലപിക്കുകയും മനോഹരമായി നൃത്തമാടുകയും ചെയ്തു. ദേവസ്ത്രീയെപ്പോലെ ദേഹകാന്തിയുള്ള അവൾ സംഭോഹമോഹത്തോടെ വിവിധ ലീലകളാടി. അവളുടെ പന്തിനൊക്കുന്ന മനോഹരമാകുന്ന മുലകളും ആനയുടെ തുമ്പിക്കൈപോലെ ശോഭിക്കുന്ന നല്ല തുടയിണകളും ശംഖിനൊത്ത ചന്തമുള്ള കഴുത്തും കണ്ടാലെത്ര മനോഹരം! അവൾ കാമദേവന്റെ ശരനികരത്തിന് ഒരു കൂടതന്നെ!}

ലളിത(കോട്ട:ഹരികുമാർ) സാരിനൃത്തം ചെയ്യുന്നു (ജയന്തൻ-കോട്ട:ബാലനാരായണൻ)

ലളിത(കോട്ട:ഹരികുമാർ) സാരിനൃത്തം ചെയ്യുന്നു (ജയന്തൻ-കോട്ട:ബാലനാരായണൻ)
സാരിനൃത്തം കലാശിക്കുന്നതോടെ ലളിതയും ജയന്തനും പരസ്പരം കാണുന്നു. ലജ്ജ നടിച്ചുകൊണ്ട് ലളിത പദാഭിനയം ആരംഭിക്കുന്നു.

ലളിതയുടെ പദം-രാഗം:നീലാംബരി, താളം:ചെമ്പട(ഒന്നാംകാലം)
ചരണം1:
"വൃത്രവൈരിനന്ദനാ കേൾ വിശ്രുതപരാക്രമ നീ
 സത്രാശനകുലമണേ സാമോദം മേ വാചം"
ചരണം2:
"അത്രനിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു
 ഭർത്തൃഭാഗ്യമിന്നു മമ വന്നിതഹോ ദൈവാൽ"
{ഇന്ദ്രനന്ദനാ, പ്രശസ്തമായ പരാക്രമത്തോടുകൂടിയവനേ, ദേവകുലത്തിലെ രത്നമേ, അവിടുന്ന് എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടാലും. ഇവിടെ ഭവാനെ കാണുകയാൽ എനിക്ക് ആനന്ദം വളരുന്നു. ഹോ! ദൈവാനുഗ്രഹത്താൽ ഇന്നെനിക്ക് ഭർത്തൃഭാഗ്യം വന്നു.}

"വൃത്രവൈരിനന്ദനാ" (ലളിത-കലാ:കേശവൻ നമ്പൂതിരി)
ജയന്തന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ആരയി ബാലികേ നീയിന്നാരെന്നുചൊൽക സുശീലേ"
ചരണം1:
"നാരിമാർമൗലിരത്നമേ നാകനാരിയോ താൻ
 ഭൂരമണകുലജയാം വാരണഗാമിനിയോ താൻ
 കാരണമെന്തിങ്ങു വരുവതിന്നു ബാലേ"
{എടോ ബാലികേ, സുശീലേ, നീ ആരെന്ന് പറഞ്ഞാലും. സ്ത്രീകളുടെ മൗലീരത്നമേ, നീ ദേവസ്ത്രീയാണോ? രാജകുലത്തിൽ ജനിച്ച ആനനടയുള്ള സുന്ദരിയാണോ? കുട്ടീ, ഇവിടെ വരുവതിന് എന്താണ് കാരണം?}

"നാരിമാർമൗലിരത്നമേ" (ജയന്തൻ-കോട്ട:ബാലനാരായണൻ, ലളിത-കോട്ട:ഹരികുമാർ)
ലളിത:
ചരണം3:
"മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ ഞാൻ
 വാനവർകുലത്തിലൊരുമാനിനി ഞാനല്ലോ"
ചരണം4:
"സൂനബാണശരമേറ്റു പാരം കേണുഴന്നീടിനോരെങ്കിൽ
 കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക"
{മനുഷ്യസ്ത്രീയുമല്ല, രാക്ഷസിയുമല്ല ഞാൻ. ദേവകുലത്തിൽപ്പെട്ട ഒരു സ്ത്രീയാണ് ഞാൻ. പൂവമ്പന്റെ ശരമേറ്റ് ഏറ്റവും അവശയായി കേഴുന്ന എന്നോടൊത്ത് ഒരു നിമിഷം പോലും വൈകാതെ ഭവാൻ കാമകേളി ചെയ്താലും.}

"മാനുഷനാരിയുമല്ല"(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)
ജയന്തൻ:
ചരണം2:
"ദാരസംഗ്രഹമിന്നു ഞാൻ താതനിയോഗം കൂടാതെ
 നാരീമണേ ചെയ്കയില്ല നാകനിതംബിനി"
{നാരീരത്നമേ, ദേവസുന്ദരീ, അച്ഛന്റെ കൽപ്പനകൂടാതെ ഞാൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല}

ലളിത:
ചരണം5:
"പ്രാണനാഥൻ നീയെന്നല്ലോ ഞാനിങ്ങു കരുതിവന്നു
 ത്രാണനം ചെയ്തീടണമെന്നെ കൈവെടിഞ്ഞീടൊല്ല"

"ത്രാണനം ചെയ്തീടണമെന്നെ"(ജയന്തന്‍-കലാ:കുട്ടികൃഷ്ണൻ, ലളിത-കലാ:കെ.ജി.വാസുദേവൻ‍)
ചരണം6:^-(രാഗം:തോടി)
 "ഏണാങ്കസമവദന ഇന്നുനിൻ വിരഹമെന്നാൽ
 നൂനം സഹിക്കാവതല്ല നാളീകായതാക്ഷ"
{പ്രാണനാഥൻ ഭവാനാണെന്ന് കരുതിയാണല്ലോ ഞാനിവിടെ വന്നത്. എന്നെ രക്ഷിച്ചീടേണമേ, കൈവെടിയരുതേ. ചന്ദ്രസമവദനാ, താമരക്കണ്ണാ, ഇന്ന് അങ്ങയുടെ വിരഹം തീർച്ചയായും എന്നാൽ സഹിക്കാൻ കഴിന്നതല്ല.}


[^ലളിത ആറാംചരണം അഭിനയിക്കുന്നതോടെ ജയന്തൻ എഴുന്നേറ്റ് ഗൗരവഭാവത്തിൽ നിൽക്കുന്നു. 'നൂനം സഹിക്കാവതല്ല' എന്നിടത്ത് ലളിത കാമാർത്തയായി ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും ഓടിച്ചെന്ന് ജയന്തനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു. ജയന്തൻ ഒഴിഞ്ഞുമാറുകയും ദേഷ്യത്തോടെ 'കടന്നുപോ' എന്നു കാട്ടുകയും ചെയ്യുന്നു. ആലിംഗനശ്രമം ഫലിക്കായ്കയാൽ ലളിത പല്ലിറുമ്മി അമർഷം പ്രകടിപ്പിക്കുകയും പെട്ടന്നുതന്നെ ഭാവംമാറി ലജ്ജനടിച്ച് പദാഭിനയം തുടരുകയും ചെയ്യുന്നു.] 

"നൂനം സഹിക്കാവതല്ല"(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)

ജയന്തൻ:
ചരണം3:-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാംകാലം)
"എത്രയുംകർണ്ണകഠോരം അത്രനിൻമൊഴികളെല്ലാം
 ചിത്രമെന്നേ പറയാവൂ കുത്രാപിനീ പോക"
{ഇവിടെ നിന്റെ വാക്കുകളെല്ലാം ഏറ്റവും കർണ്ണകഠോരമാണ്. വിചിത്രമെന്നേ പറയാനുള്ളു. നീ എങ്ങോട്ടെങ്കിലും കടന്നുപോവുക.}

നക്രതുണ്ഡി:
ചരണം7:
^-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാംകാലം)
"നിന്നെക്കൊണ്ടുപോവതിന്നായ് വന്നു ഞാനുമിവിടെ
 നിന്നെപ്പിരിഞ്ഞുടൻ പോകയില്ല കാൺക"
{നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്. നിന്നെ പിരിഞ്ഞുടൻ പോവുകയുമില്ല. കണ്ടുകൊൾക.}

[
^ഏഴാം ചരണത്തിന്റെ ആരംഭത്തിൽ "നിന്നെക്കൊണ്ടുപോവതിന്നായ്" എന്ന് ചൊല്ലിവട്ടംതട്ടുന്നതോടെ ലളിത മുഖത്തുകരിതേച്ച് രൗദ്രഭാവത്തോടെ ജയന്തനുനേരെ ഓടിച്ചെന്ന് മുഷ്ടിചുരുട്ടി ഓങ്ങിയശേഷം ഭീകരഭാവത്തിൽ ദംഷ്ടങ്ങൾകാട്ടി പല്ലുകടിച്ച് ഞെളിഞ്ഞുനിന്ന് 'ഇങ്ങോട്ടുനോക്കുക' എന്ന് കൈ മാറിനുനേരെ ചൂണ്ടിക്കാട്ടിക്കൊണ്ട് പിന്നോക്കം നീങ്ങി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. തത്സമയം ഇടത്തുഭാഗത്തുകൂടി കൈകളിൽ തൂപ്പുകളുമേന്തിക്കൊണ്ട് ഓടി പ്രവേശിക്കുന്ന നക്രതുണ്ഡി 'നിന്നെ പിടിച്ചുകൊണ്ടുപോകും' എന്നുകാട്ടി വട്ടംവച്ചുകലാശമെടുത്തിട്ട് ചരണം ആടുന്നു.]
"നിന്നെക്കൊണ്ടുപോവതിന്നായ്"(ജയന്തൻ-കോട്ട:ബാലനാരായണൻ, ലളിത-കോട്ട:ഹരികുമാർ)

"നിന്നെക്കൊണ്ടുപോവതിന്നായ്" (ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)
തുടർന്ന് ജയന്തൻ പദം ആടുന്നു.

യുദ്ധപ്പദം^-രാഗം:ബിലഹരി, താളം:ചെമ്പട(മൂന്നാംകാലം)
ജയന്തൻ:
പല്ലവി:
"രാത്രിഞ്ചരവനിതേ നീ മോചയ
 വൃത്രവൈരിപുരകാമിനിമാരേ"
അനുപല്ലവി:
"ചിത്രം തവചേഷ്ടിതമോർത്താലിഹ
 പത്രിഗണങ്ങൾക്കൂണാകും നീ^"
("രാത്രിഞ്ചരവനിതേ നീ മോചയ വൃത്രവൈരിപുരകാമിനിമാരേ")
{രാക്ഷസവനിതേ, നീ സ്വർഗ്ഗസ്ത്രീകളെ മോചിപ്പിക്കുക. നിന്റെ പ്രവൃത്തി ഓർത്താൽ വിചിത്രംതന്നെ. അസ്ത്രക്കൂട്ടങ്ങൾക്ക് ഇരയാകും നീ.}

[
^"പത്രിഗണങ്ങൾക്കൂണാകും തേ" എന്നൊരു പാഠഭേദം ഉണ്ട്]

നക്രതുണ്ഡി:
ചരണം1:
"ശക്രതനയ ഹേ ജയന്ത മൂഢ
 ശക്രലോകവൈരിയതായീടും
 വിക്രമയുതഭൗമഗിരാ വന്നൊരു
 നക്രതുണ്ഡിയെന്നറിയണമെന്നെ"
പല്ലവി:
"വിക്രമജലധേ രണധരണിയിൽ നീ
 വീര വരിക വരിക"
{ഇന്ദ്രപുത്രാ, ഹേ ജയന്താ, മൂഢാ, സ്വർഗ്ഗലോകവൈരിയും പരാക്രമിയുമായ നരകന്റെ കൽപ്പനപ്രകാരം വന്നൊരു നക്രതുണ്ഡിയാണ് ഞാനെന്ന് അറിയുക. പരാക്രമസമുദ്രമേ, വീരാ, യുദ്ധഭൂമിയിലേയ്ക്ക് വരിക, വരിക.}

"ശക്രതനയ ഹേ ജയന്ത മൂഢ" (നക്രതുണ്ഡി-കോട്ട:സുധീർ, ജയന്തൻ-കോട്ട:ബാലനാരായണൻ)
ജയന്തൻ:
ചരണം2:
"അമരാവതിയായീടും പുരിയിൽ
 അധുനാവരുവാനേവനതുള്ളു
 അമരവൈരിതരുണിയതാം നിന്നെ
 പരിചൊടു ബന്ധിച്ചീടും ഞാനും"
{ഈ അമരാവതീപുരിയിൽ ഇങ്ങിനെ കടന്നുവരുവാൻ ഇന്നാരുണ്ട്? രാക്ഷസിയായ നിന്നെ ഞാൻ പെട്ടന്ന് ബന്ധിക്കും.}

നക്രതുണ്ഡി:
ചരണം3:
"വലവിമഥന സുതനാകും നിന്നുടൽ
 ബലയുതകരഹതികൊണ്ടു തകർത്തുടൻ
 ചലമിഴിമാരെക്കൊണ്ടയി പോവൻ
 ചപലതരമതേ കാൺക നീയധുനാ"
{ഇന്ദ്രപുത്രനായ നിന്റെ ശരീരം കടുത്ത പ്രഹരംകൊണ്ട് തകർത്ത് ഉടനെ സുന്ദരിമാരെയുംകൊണ്ട് ഞാൻ പോകും. ഏറ്റവും ദുർബുദ്ധിയായവനേ, നീ ഇപ്പോൾ കണ്ടുകൊൾക.}

ജയന്തൻ:
ചരണം4:
"അർണ്ണോജാക്ഷികളെ ഹരിച്ചോരുനിൻ
 കർണ്ണനാസികാകുചകൃന്തനമിഹ
 തൂർണ്ണംചെയ്‌വൻ കണ്ടുകൊൾക നീ
 നിർണ്ണയമതിനുണ്ടു മേ കരാളേ"
{സുന്ദരികളെ ഹരിച്ച നിന്റെ കാതുകളും മൂക്കും മുലകളും ഉടനെ അറുക്കുന്നുണ്ട്. ഭയങ്കരീ, എനിക്കതിനുറപ്പുണ്ട്.}

[
^സാധാരണയുദ്ധപ്പദങ്ങളിലേതുപോലെതന്നെ ഓരോ ചരണാരംഭങ്ങളിലും ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട'വെച്ച് ഇരുവരും സ്ഥാനം മാറുന്നു. ഓരോരുത്തരും പദം അഭിനയിക്കുക രംഗത്തിന്റെ വലതുഭാഗത്ത് നിന്നായിരിക്കും.]

ശേഷം ആട്ടം-
(താളം:മുറിയടന്ത)
ആദ്യം സാവധാനത്തിലും പിന്നെ വേഗത്തിലുമായി നക്രതുണ്ഡി കാമവികാരത്തോടെ ജയന്തനെ പിടിക്കുവാൻ ഓടിയടുക്കുകയും അപ്പോൾ ജയന്തൻ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.
(താളം:ചെമ്പട)
ഇരുവരും 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ നക്രതുണ്ഡി വലതുഭാത്തുള്ള ജയന്തനെ പിടിച്ചുയർത്തുന്നു. ഉയർന്നതായി ഭാവിച്ച് പീഠത്തിലേയ്ക്ക് കയറിനിൽക്കുന്ന ജയന്തൻ വാളുകൊണ്ട് നക്രതുണ്ഡിയുടെ മൂക്കിലും മുലകളിലും വെട്ടുന്നു. 'അയ്യയ്യയ്യോ' എന്ന് നിലവിളിച്ചുകൊണ്ട് നക്രതുണ്ഡി പിന്തിരിഞ്ഞോടി നിഷ്ക്രമിക്കുന്നു.

ജയന്തൻ(കലാ:ചെമ്പക്കര വിജയൻ) തന്നെ പിടിച്ചുയർത്താൻ ശ്രമിക്കുന്ന നക്രതുണ്ഡി(കലാനി:കരുണാകരക്കുറുപ്പ്)യുടെ കുചങ്ങൾ ഛേദിക്കുന്നു
ജയന്തൻ‍:(പീഠത്തിൽ നിന്നും താഴെയിറങ്ങി 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇനി ഈ വിവരങ്ങൾ വേഗം അച്ഛനെ അറിയിക്കുകതന്നെ'
ജയന്തൻ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ വാൾ ഇളക്കിക്കൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2011 ജൂലൈ 24, ഞായറാഴ്‌ച

നരകാസുരവധം അഞ്ചാം രംഗം


ജയന്തൻ ഇന്ദ്രസമീപം ചെന്ന് നടന്ന സംഭവങ്ങൾ അറിയിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

നരകാസുരവധം ആറാം രംഗം (ചെറിയ നരകാസുരൻ)

രംഗത്ത്- (ചെറിയ)നരകാസുരൻ(ഒന്നാംതരം കത്തിവേഷം), വിഭ്രമി(കുട്ടിത്തരം സ്ത്രീവേഷം) നിണം(നിണമണിഞ്ഞ^ നക്രതുണ്ഡി)

ശ്ലോകം-രാഗം:പാടി
"നിവേദിതാ ദേവവരായ സാദരം
 യാദാ ജയന്തേന നിശാചരീകഥാ
 തതഃസ്വപുര്യാം നരകാസുരോവസൻ
 ജഗാതവാചം ദയിതാം രതോത്സുകഃ"
{രാക്ഷസിയുടെ കഥ ജയന്തനാൽ ആദരവോടുകൂടി ദേവേന്ദ്രനോട് പറയപ്പെട്ട സമയത്ത് സ്വപുരിയിൽ വസിക്കുന്ന നരകാസുരൻ കാമോത്സുകനായി പത്നിയോടു പറഞ്ഞു.}

മേലാപ്പ്, ആലവട്ടങ്ങൾ എന്നിവയോടുകൂടി നരകാസുരന്റെ സൃഗാരഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം പത്നിയെ ആലിംഗനം ചെയ്തു് രംഗമദ്ധ്യത്തിൽ നിന്നുകൊണ്ട് നരകാസുരൻ തിരതാഴ്ത്തുന്നു. മുന്നിൽ ഉദ്യാനം കണ്ട്, ഭംഗിനടിച്ചിട്ട് നരകാസുരൻ പത്നിയെ കണ്ണുകൊണ്ട് കാട്ടിക്കൊടുക്കുന്നു.
നരകാസുരൻ:(പത്നിയെ വിടർത്തിനിർത്തിയിട്ട്)'അല്ലയോ പ്രിയേ, നമുക്ക് ഉദ്യാനത്തിലേയ്ക്ക് പോവുകയല്ലേ?'
പത്നിയുടെ അനുസരണകേട്ട് തൃപ്തിനടിച്ചിട്ട് നരകാസുരൻ അവളെ ആലിംഗനം ചെയ്തുകൊണ്ട് പതിഞ്ഞ'കിടതകധിം,താം'മേളത്തിനൊപ്പം മുന്നോട്ട് നീങ്ങുന്നു. തുടർന്ന് ഉദ്യാനത്തിലെത്തിയനിലയിൽ പത്നിയെ ഇടത്തുഭാഗത്തേയ്ക്ക് വിടർത്തിനിർത്തി അവളെ നോക്കിക്കണ്ടുകൊണ്ട് നരകാസുരൻ പദാഭിനയം ആരംഭിക്കുന്നു.

നരകാസുരന്റെ സൃഗാരപ്പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാംകാലം)
പല്ലവി:
"ബാലികമാർമൗലീമാലേ ബാലചന്ദ്രഫാലേ
 ചാലവേകേൾക്ക മേഗിരം ശാതോദരി ജായേ"

"ബാലികമാർമൗലീമാലേ"(ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)

"ബാലചന്ദ്രഫാലേ"(ചെറിയനരകാസുരൻ-കീഴ്പ്പടം കുമാരൻനായർ, വിഭ്രമി-കലാ:മുകുന്ദൻ)
ചരണം1:
"കേകികളുടെ നല്ല^ കേളികൾ കണ്ടിതോ
 കോകഹംസകുരരങ്ങൾ സമ്മോദം തേടുന്നു"
{ബാലികമാരുടെ ശിരോഅലങ്കാരമായുള്ളവളേ, ബാലചന്ദ്രസമാനമായ നെറ്റിത്തടത്തോടുകൂടിയവളേ, സുന്ദരീ, പ്രിയതമേ, എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. മയിലുകളുടെ നല്ല കളികൾ കണ്ടില്ലെ? ചക്രവാകപക്ഷികൾ, ഹംസങ്ങൾ, ഞാറപ്പക്ഷികൾ എന്നിവ ആനന്ദിക്കുന്നു.}

"കേകികളുടെ നല്ല കേളികൾ" (ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)

"കേകികളുടെ നല്ല കേളികൾ" (ചെറിയനരകാസുരൻ-കോട്ട:ദേവദാസ്, വിഭ്രമി-കലാഭവൻ:ഗണേഷ്)
[^"കേകികളുടെ നല്ല കേളികൾ" എന്നഭാഗത്ത് നരകാസുരൻ മയിലുകളുടെ നൃത്തം വിസ്തരിച്ച് പകർന്നാടും. 'കേകിയാട്ടം' എന്ന ഒരു നൃത്തവിശേഷമാണിത്. *]

വിഭ്രമിയുടെ മറുപടിപ്പദം-രാഗം:എരിക്കിലകാമോദരി, താളം:അടന്ത(മൂന്നാംകാലം)
പല്ലവി:
"വാരിജേക്ഷണ ശൃണു മമ വചനം ശാരദശശിവദന"
അനുപല്ലവി:
"വാരിജശരസമ നിന്നെ കാൺകയാലേ
 മാരമാൽ പെരുകീടുന്നെന്നുടെ മാനസേ"
ചരണം1:
"ചെന്താർബാണകേളികൾ ചന്തമോടുചെയ്‌വതി-
 നന്തികേ വരികെന്റെ ബന്ധുരാകാര
 പന്തൊക്കും കുളിർമുല പുണരുക സാദരം
 ബന്ധുകാധരം നുകർന്നൻപോടു സുമതേ"
{താമരക്കണ്ണാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയോടുകൂടിയവനേ, എന്റെ വാക്കുകൾ ശ്രവിച്ചാലും. കാമതുല്യാ, ഭവാനെ കാണുകയാൽ എന്റെ മനസ്സിൽ കാമവേദന പെരുകുന്നു. സുന്ദരശരീരാ, ഭംഗിയായി കാമകേളികളാടുവാനായി എന്റെ അരുകിലേയ്ക്കു് വന്നാലും. സുമതേ, ദയയോടെ പന്തിനൊക്കുന്ന കുളിർമുല പുണർന്ന് വഴിപോലെ ചെമ്പരത്തിപ്പൂപോലുള്ള അധരം നുകർന്നാലും.}

"ചെന്താർബാണകേളികൾ" (ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, വിഭ്രമി-കലാ:അരുൺ)
ശേഷം ആട്ടം-
നരകാസുരൻ:(ആത്മഗതമായി)'ഹോ! ഈ ലോകത്തിൽ ഇവൾക്കുതുല്യം സൗന്ദര്യമുള്ളവൾ വേറെ ആര്? ഞങ്ങളെപ്പോലെ^ നടത്തത്തിന് ഭംഗിയുണ്ടായിട്ട് മറ്റാരുമില്ലെന്ന് ഹംസങ്ങൾക്ക് ഒരു ഗർവ്വുണ്ട്. ഇവളുടെ ഗമനഭംഗി വിചാരിച്ചാൽ ഹംസങ്ങളുടെ ഗർവ്വ് വൃഥാവിൽ തന്നെ. പിന്നെ, കുയിലുകൾ ഞങ്ങളെപ്പോലെ ശബ്ദഗുണം വേറെയാർക്കും ഇല്ലെന്ന് അഹങ്കരിക്കുന്നു. ഇവളുടെ ശാരീരഗുണം വിചാരിച്ചാൽ കുയിലുകൾ മൗനം ദീക്ഷിക്കണം. പിച്ചകപൂവിന് തന്നോളം മാർദ്ദവം മറ്റൊന്നിനുമില്ലെന്ന് ഗർവ്വുണ്ട്. ഇവളുടെ ദേഹമാർദ്ദവം വിചാരിച്ചാൽ പിച്ചകപ്പൂകൂടി കരിങ്കല്ലുപോലെ തോന്നും. ഇവളുടെ ദേഹകാന്തി വിചാരിച്ചാൽ ശ്രീഭഗവതി കാഷായമുടുത്ത് സംന്യസിക്കണം. ഇത്ര സൗന്ദര്യമുള്ള ഇവളെ ഭാര്യയായി ലഭിച്ചത് എന്റെ ഭാഗ്യംതന്നെ. കഷ്ടം! ലക്ഷ്മിയെജയിക്കുന്നവളായ ഇവൾ സമീപത്ത് വസിക്കുമ്പോൾ ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി ഞാൻ നക്രതുണ്ഡിയെ നിയോഗ്ഗിച്ചുവല്ലോ?' (ലജ്ജനടിച്ചിട്ട്)'ഉം, ആകട്ടെ.'

[
^ഈ ആട്ടം "അസ്യാശ്ചേൽ ഗതിസൗകുമാര്യമധുനാ ഹംസസ്യഗർവ്വെരലം
                    സല്ലാപോയദി സാദ്ധ്യതാം പരഭൃതൈർവ്വാചം യമത്വവ്രതം
                    അംഗാനാമകഠോരതാ യദിദൃഷൽ പ്രായൈവ സാ മാലതീ
                    കാന്തിശ്ചേൽ കമലാ കിമത്രബഹുനാ കാഷായമാലംബ്യതാം" എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.*]

തുടർന്ന് നരകാസുരൻ എഴുന്നേറ്റ് പത്നിയെ ആലിംഗനം ചെയ്യുന്നു. ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്ന നരകാസുരൻ 'എന്തെങ്കിലും ആകട്ടെ' എന്ന് മുഖംകൊണ്ട് ഭാവിച്ച് വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കുന്നു.
നരകാസുരൻ‍:(വീണ്ടും ശബ്ദംകേട്ട് ആത്മഗതമായി)'ഒരു ശബ്ദം കേൾക്കുന്നതെന്ത്?' (വിണ്ടും ശ്രദ്ധിച്ചശേഷം ആശ്വസിച്ചിട്ട്)'എന്തെങ്കിലും ആകട്ടെ. എനിക്കെന്ത്?' (വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കവെ അത്യുഗ്രത്തിൽ ശബ്ദം കേട്ടതായി നടച്ച് ഉടൻ പത്നിയെ വിടർത്തിനിർത്തിയിട്ട് ആത്മഗതമായി)'ഒട്ടും നിസാരമല്ല' (ഒന്നാലോചിച്ചശേഷം)'എന്തായാലും വേഗം പോയി അറിയുകതന്നെ' (ചിരിച്ചുകൊണ്ട് പത്നിയോടായി)'അല്ലയോ പ്രിയേ, ഈ കേൾക്കുന്ന ശബ്ദം എന്താണെന്ന് ഞാൻ പോയി അറിയട്ടെ. നീ അന്തപ്പുരത്തിൽ പോയി സുഖമായി ഇരുന്നാലും.'

നരകാസുരൻ(കോട്ട:കേശവൻ കുണ്ഡലായർ) ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു
നരകാസുരൻ പത്നിയെ ആലിംഗനം ചെയ്ത് അയയ്ക്കുന്നു. വിഭ്രമി വണങ്ങി നിഷ്ക്രമിക്കുന്നു. പത്നിയെ അയച്ചശേഷം വാൾധരിച്ചുകൊണ്ട് മുന്നോട്ടേയ്ക്ക് ഓടിവരുന്നു.
നരകാസുരന്റെ ശബ്ദവർണ്ണന ആട്ടം-
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)'അതിഭയങ്കരമായ ശബ്ദം കേൾക്കുന്നതെന്ത്?' (ആലോചിച്ചിട്ട്)'പർവ്വതങ്ങൾ തമ്മിൽ കൂട്ടിമുട്ടിയിട്ടുള്ള ശബ്ദമാണോ?' (ചിന്തിച്ചുറപ്പിച്ചിട്ട്)'അല്ല. പണ്ട് ഇന്ദ്രൻ തന്റെ വജ്രായുധംകൊണ്ട് പർവ്വതങ്ങളുടെ ചിറക്' (ഇന്ദ്രനായിഭാവിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട്)'എവിടെ? എവിടെ?' (തിരഞ്ഞുനോക്കി ഇരുവശങ്ങളിലുമായി പർവ്വതങ്ങളെ കണ്ട്, ഓരോന്നിനെയായി ഓടിച്ചെന്നുപിടിച്ച് ചിറകുകൾ വെട്ടിക്കളഞ്ഞ് അവയെ അവിടെത്തന്നെ സ്ഥാപിച്ചിട്ട് നരകാസുരനായി)'ഇപ്രകാരം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത് പർവ്വതങ്ങളുടെ ശബ്ദമല്ല. പിന്നെയെന്ത്?' (ചിന്തിച്ചിട്ട്)'സമുദ്രത്തിൽ ജലം നിറഞ്ഞ് തിരമാലകളോടുകൂടിയുള്ള ശബ്ദമാണോ?' (വീണ്ടും ആലോചിച്ചുറപ്പിച്ചിട്ട്)'അല്ല. പണ്ട് ഊ(ഔ)ർവ്വരൻ എന്ന മഹർഷി, സമുദ്രത്തിൽ വർദ്ധിക്കുന്ന ജലം ഭക്ഷണമാക്കി നിശ്ചയിച്ച് ബഡവാഗ്നിയെ സമുദ്രമദ്ധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ സമുദ്രത്തിന്റെ ശബ്ദമല്ല. പിന്നെ എന്ത്?' (ആലോചിച്ചുനിൽക്കെ അതികഠോരമായ ശബ്ദം കേട്ട് രൂക്ഷഭാവത്തിൽ)'ചെവിപൊട്ടിത്തെറിക്കുന്നതെന്ത്? എന്തായാലും അറിയുകതന്നെ'
നരകാസുരന്റെ രൂപവർണ്ണന ആട്ടം-
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട് വലതുവശത്തുള്ള പീഠത്തിൽ കയറി ഇടത്തുഭാഗത്ത് ദൂരേയ്ക്ക് ദൃഷ്ടിയുറപ്പിച്ച് ആലോചനയോടുകൂടി)'ദൂരെ ഒരു ശോഭകാണുന്നതെന്ത്?
*(പീഠത്തിൽ നിന്നും ചാടിയിറങ്ങി ഇടതുകോണിലേയ്ക്ക് ഓടിചെന്ന് സൂക്ഷിച്ചുനോക്കിയശേഷം വീണ്ടും പിന്നോക്കം വന്ന് ഇടംകാൽ പീഠത്തിലുയർത്തിവെച്ചുനിന്ന് ഇടത്തുഭാഗത്തേയ്ക്കുതന്നെ നോക്കിക്കൊണ്ട്)'ഒരു സ്ത്രീയുടെ മൂക്കും കാതും മുലകളും ഛേദിക്കപ്പെട്ട് നിണമണിഞ്ഞ് വരികയാണ്. ഇവൾ ആര്?' (വീണ്ടും ഓടി ഇടത്തുകോണിലേയ്ക്കുവന്ന് ഉദ്വേഗത്തോടെ നോക്കിയിട്ട്)'ഏ? എന്റെ കൽപ്പനയോടുകൂടി സ്വർഗ്ഗത്തിലേയ്ക്കുപോയ നക്രതുണ്ഡിയോ?' (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയശേഷം പെട്ടന്ന് പിന്നോട്ടുചാടിനിന്നിട്ട്)'അതെ, അതെ. കഷ്ടം! ഇവളെ ഇപ്രകാരം ചെയ്തതാര്? അറിയുകതന്നെ'

നരകാസുരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. നക്രതുണ്ഡിയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം നരകാസുരൻ വിളിക്കുമ്പോഴേക്കും, 'അയ്യയ്യയ്യോ' എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ
^ നക്രതുണ്ഡി) രംഗത്തേയ്ക്കു പ്രവേശിച്ച്^ നരകാസുരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
നരകാസുരൻ:(അനുഗ്രഹിച്ചശേഷം നക്രതുണ്ഡിയെ നന്നായി നോക്കിക്കണ്ടിട്ട്)'കഷ്ടം! ഇപ്രകാരം ചെയ്തത് ആര്? വേഗം പറഞ്ഞാലും.'
നക്രതു
ണ്ഡി ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.

[^നിണമണിയല്‍- ഉണക്കലരിയും മഞ്ഞളും അരച്ചതും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്ത് ജലത്തില്‍ കലക്കി, പാകത്തില്‍ കാച്ചിക്കുറുക്കിയെടുക്കുന്ന രക്തസമാനമായ ചാന്താണ് ‘നിണം’. പച്ചപ്പാള കുമ്പിള്‍കുത്തി അതില്‍ നിണം നിറച്ച് മാറില്‍ വെച്ചുകെട്ടിയിട്ട് അതിന്റെ കൂര്‍ത്ത അഗ്രം മുറിച്ചുവെയ്ക്കുന്നു(മുല ച്ഛേദിച്ചിക്കപ്പെട്ട മാതിരി). കുരുത്തോലയുടെ ഈര്‍ക്കിലിയോടുകൂടിയ ഭാഗം ചീന്തിയെടുത്ത് ചങ്ങലപോലെ നിര്‍മ്മിച്ച് തുണിചുറ്റി,അത് നിണത്തില്‍ മുക്കി മുലയിലും മൂക്കിലും തൂങ്ങിക്കിടക്കുന്നരീതിയില്‍ കെട്ടിയിടുന്നു(മൂക്കും മുലയും ച്ഛേദിക്കപ്പെട്ട് ഞരമ്പും കുടലും പുറത്തുചാടിയ മാതിരി). നിണത്തില്‍ മുക്കിയ കച്ചതുണികള്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. കരിയുടെ മുടിയിലും ചുവന്ന തുണിചുറ്റുന്നു.ഇങ്ങിനെയാണ് നിണമണിയുക.]

നക്രതുണ്ഡിയുടെ പദം^-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:
"ഭൂസുത വീര മഹാരഥ രിപു-
 ഭീഷണ ബഹുപരാക്രമ
 ആശുവന്നെന്നെ നീ പാലിച്ചീടേണം
 ഭാസുരവിഗ്രഹ സാദരം"
ചരണം2:
"ഇന്നു ഭാവനുടെ ശാസനം കൊണ്ടു
 ചെന്നു ഞാനിന്ദ്രപുരത്തിൽ
 കന്നൽമിഴിമാരെ കൊണ്ടുപോരുന്നേരം
 വന്നു ശതമഖസൂനുവും
 എന്നുടെ നാസാകുചയുഗങ്ങളെ
 നന്നായ് ഛേദിച്ചതും കാൺകെടോ"
{ഭൂമിപുത്രാ, വീരാ, മഹാരഥാ, ശത്രുക്കൾക്ക് ഭയമുളവാക്കുന്നവനേ, മഹാപരാക്രമാ, സുന്ദരരൂപാ, പെട്ടന്നുവന്ന് എന്നെ നീ വഴിപോലെ രക്ഷിച്ചാലും. ഇന്ന് ഭവാന്റെ ആജ്ഞയനുസ്സരിച്ച് ഞാൻ ഇന്ദ്രപുരത്തിൽ ചെന്ന് സുന്ദരിമാരെ കൊണ്ടുപോരുന്നേരം ഇന്ദ്രപുത്രൻ വന്ന് എന്റെ മൂക്കും മുലകളും നന്നായി മുറിച്ചത് കണ്ടാലും.}

നരകാസുരൻ-കലാ:രാമൻകുട്ടിനായർ, നിണം-നെല്ലിയോട് വാസുദേവൻ നമ്പൂതിരി
നരകാസുരൻ:'ആകട്ടെ, നീ വ്യസനിക്കേണ്ടാ. ഇനി ഞാൻ പറയുന്നത് കേട്ടാലും'
നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം ആടുന്നു.

നരകാസുരന്റെ പദം
^-രാഗം:ഭൈരവി, താളം:ചെമ്പട
ചരണം1:
"മാനിനിമാർമൗലിമണേ ദീനത നിനക്കുചെയ്തു
 വാനവർനാഥതനയനെ കൊല്ലുവതിനു
 മാനസേ സന്ദേഹമില്ല"
ചരണം2:
"എന്നുടയ ഭുജബലം മന്നിലും വിണ്ണവർപുരി
 തന്നിലും പാതാളമതിലും വിശ്രുതം പാർത്താൽ
 നന്നുനന്നിസ്സാഹസകർമ്മം"
ചരണം3:
"അഷ്ടദിക്ക്പാലന്മാരും ഞെട്ടുമെന്നുടയഘോര-
 മട്ടഹാസം കേട്ടീടുന്നേരം അത്രയുമല്ല
 പൊട്ടുമഷ്ടശൈലങ്ങളെല്ലാം"
ചരണം4:
"ഹന്ത തവ സന്താപം ഞാൻ അന്തരമെന്നിയേ തീർത്തു
 സന്തോഷം നൽകീടുന്നുണ്ടഹോ ആയതിന്നു
 കിന്തുതാമസം പോയീടുന്നേൻ"
{സുന്ദരിമാരുടെ ശിരോരത്നമേ, നിനക്ക് ദുഃഖത്തെചെയ്ത ദേവനാഥന്റെ പുത്രനെ കൊല്ലുന്നതിന് എന്റെ മനസ്സിൽ സന്ദേഹമില്ല. എന്റെ കരബലം ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും പ്രശസ്തമാണ്. ഇന്ന് ഓർത്താൽ ഈ കർമ്മം പ്രയാസമില്ലാത്തതാണ്. അഷ്ടദിക്ക്പാലന്മാരേയും ഞെട്ടിക്കുന്ന എന്റെ ഘോരാട്ടഹാസം കേൾക്കുമ്പോൾ അഷ്ടശൈലങ്ങളും പൊട്ടും. കഷ്ടം! ഹോ! നിന്റെ സന്താപം തടസമില്ലാതെ തീർത്ത് ഞാൻ സന്തോഷം നൽകുന്നുണ്ട്. അതിനെന്തു താമസം? പോവുകയാണ്.}

[
^നക്രതുണ്ഡിയുടേയും നരകാസുരന്റേയും ഈ പദങ്ങൾ  സാധാരണയായി ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു. അതികഠിനമായ വേദനയാല്‍ പുളയുന്നതിനിടയില്‍ എങ്ങിനെയൊക്കെയൊ വിവരമറിയിക്കുന്ന നക്രതുണ്ഡിയും, കാര്യമറിയാന്‍ വെമ്പല്‍കൊള്ളുന്ന നരകാസുരനുമാണല്ലൊ രംഗത്ത്. ഈ സന്ദര്‍ഭത്തിന്റെ ഭാവതീവ്രതക്ക് കോട്ടം തട്ടാതിരിക്കാനാണ് ഇവിടെ പദങ്ങൾ ഒഴിവാക്കുന്നത്.]

ശേഷം ആട്ടം-
നരകാസുരൻ:'എന്നാൽ മതിയോ?' (നക്രതുണ്ഡിയുടെ സമ്മതം കേട്ടിട്ട്) 'എന്നാൽ പോയാലും'
നരകാസുരൻ അനുഗ്രഹിച്ച് നക്രതുണ്ഡിയെ യാത്രയാക്കുന്നു. നക്രതുണ്ഡി നിഷ്ക്രമിക്കുന്നു. 


[^നിണം അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു. നിണമണിഞ്ഞ് നക്രതുണ്ഡി രംഗത്തുവരുന്നില്ലായെങ്കിൽ നിണംവരവ് കണ്ടതായി നടിച്ച് നരകാസുരൻ നക്രതുണ്ഡി പറയുന്നത് കേട്ടാടുകയാണ്* പതിവ്.
നരകാസുരന്റെ കേട്ടാട്ടം-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം നരകാസുരൻ 'വരുന്നു' എന്നുകാട്ടി പിന്നോട്ടുമാറി തന്റെ കാൽക്കൽ നക്രതുണ്ഡിവീണതായി നടിച്ച്, ഇടംകൈകൊണ്ട് അനുഗ്രഹിച്ചശേഷം അവളെ നോക്കിക്കാണുന്നു.
നരകാസുരൻ:'കഷ്ടം! നിന്നെ ഇപ്രകാരം ചെയ്തതതാര്? വേഗം പറഞ്ഞാലും' (അവൾ പറയുന്നത് കേൾക്കുന്നതായി നടിച്ച് ഏറ്റുപറയുന്നതുപോലെ ലഘുമുദ്രയിൽ)'ഇന്ദ്രപുത്രൻ...ജയന്തൻ...ഇങ്ങിനെ...ചെയ്തു...എന്നോ?' (പരിഹാസത്തോടെ)'ഛീ, മിണ്ടിപ്പോകരുത്. ഉം, ആകട്ടെ, നീ ഒട്ടും ഭയപ്പെടേണ്ടാ. ഞാൻ അവന്റെ കഴുത്തറുത്ത് രക്തം നിനക്ക്'(വാൾ കിഴോട്ടാക്കി പിടിച്ച് രക്തം നക്രതുണ്ടിയുടെ വായിലേയ്ക്ക് വീഴ്ത്തിക്കൊടുക്കുന്നതായി കാട്ടിയിട്ട്)'തന്നേയ്ക്കാം. എന്നാൽ പോരയോ?'
നക്രതുണ്ഡിയുടെ സമ്മതം കേട്ടതായി നടിച്ച് നരകാസുരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.]

നരകാസുരൻ:(നക്രതുണ്ഡിയെ അയച്ച് തിരിഞ്ഞുവന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്നിട്ട്)'ഇനി ശത്രുവായ ഇന്ദ്രനോട് യുദ്ധത്തിനായി ഒരുങ്ങുകതന്നെ'
ചെറിയയനരകാസുരന്റെ പടപ്പുറപ്പാട്-
നരകാസുൻ‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
നരകാസുൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം നരകാസുൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു
* . തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
നരകാസുൻ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
നരകാസുൻ‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി സ്വർഗ്ഗത്തിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നരകാസുൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ആറാം രംഗത്തിന്റെ അവതരണത്തിൽ തെക്കൻചിട്ടപ്രകാരമുള്ള പ്രധാന മാറ്റങ്ങൾ  


*  കേകിനൃത്തത്തിന്റെ അവതരണത്തിൽ ശൈലീവിത്യാസം ഉണ്ട്.

*പദാഭിനയശേഷമുള്ള നരകാസുരന്റെ  ആട്ടത്തിൽ "അസ്യാശ്ചേൽ" എന്ന ശ്ലോകം ആടുന്നതിനുപകരം വിഭ്രമിയോടായി; "നീ നടക്കുന്നത് കണ്ടിട്ട് ആനയാണോ എന്ന് സംശയിച്ചു അടുത്തുന്ന അതിന്റെ ഇണ, നിന്റെ മുടി വീണു കിടക്കുന്ന നിതംബം കണ്ടു സിംഹം ആണെന്നുതെറ്റിദ്ധരിച്ചു ഭയന്ന് ഓടുന്നു. നിന്റെ മാറിടം കണ്ടിട്ട് ചക്രവാകപ്പക്ഷി അതിന്റെ ഇണ എന്ന് കരുതി വന്നുവെങ്കിലും, നിന്റെ മുഖം കണ്ടു ചന്ദ്രന്‍ എന്ന് തെറ്റിദ്ധരിച്ചു് വിരഹവേദനയോടെ ഓടിമറഞ്ഞു. നിന്റെ മധുരമായ സ്വരം കേട്ടിട്ട് തത്തകള്‍ അതിന്റെ ഇണ എന്ന് കരുതി അടുത്തുവന്നെങ്കിലും, നിന്റെ വളകളിലെ രത്നങ്ങളുടെ തിളക്കം കണ്ടു് പൂച്ചയുടെ കണ്ണുകള്‍ എന്നുതെറ്റിധരിച്ചു് ഭയന്ന് പറന്നു കളയുന്നു. നിന്നെ പോലെ ഒരുവളെ ഭാര്യയായി കിട്ടിയ ഞാന്‍ ഭാഗ്യവാന്‍ തന്നെ" എന്നിങ്ങിനെയാൺ ആടുക.
 
*രൂപവർണ്ണന ആട്ടത്തിൽ, പീഠത്തില്‍ നിന്നു ദൂരേക്കുനോക്കി നരകാസുരൻ ‘ഒരു ശോഭകാന്നതെന്ത്?’ എന്നല്ല, ‘അതാ നീല പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്നും അരുവി ഒഴുകിവരുന്നതു പോലെ ചോരയൊലിപ്പിച്ചു കൊണ്ട് അന്റെ നേരേ ഒരു സ്വരൂപം വരുന്നു’ എന്നാണ് ആടുക.


*നിണമണിഞ്ഞ് നക്രതുണ്ഡി രംഗത്തുവരുന്നില്ലായെങ്കിൽ നരകാസുരൻ കേട്ടാടുകയല്ല ചെയ്യുക പകർന്നാടുകയാണ്. ഇങ്ങിനെ നിണം പകർന്നാടുന്നതിനെ പൊതുവേ 'ശൂർപ്പണഖാങ്കം' എന്നാണ് പറയുക.
നരകാസുരന്റെ നിണം പകർന്നാട്ടം(ശൂർപ്പണഖാങ്കം)-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം നരകാസുരൻ ‘രാക്ഷസി’എന്നു മുദ്രപിടിച്ച് നക്രതുണ്ഡിയായി ഭാവിച്ച് ഇടതുവശത്തേക്കു വന്ന്, അറ്റുകിടക്കുന്ന മുലകൾ കൈകൾകൊണ്ട് താങ്ങിക്കൊണ്ടും പാരവശ്യം നടിച്ച് ദീഘമായി നിശ്വസിച്ചുകൊണ്ടും ദീനസ്വരങ്ങൾ സ്ഫുരിപ്പിച്ചുകൊണ്ടും വിളംബമദ്ധ്യദ്രുതകാലങ്ങളിലായി മൂന്നുവട്ടംവെച്ചിട്ട് നരകാസുരനെ കണ്ട്, തളർന്നുവീണ് നിലത്തിരിക്കുന്നു. തുടർന്ന് 'അസുരൻ' എന്ന മുദ്രപിടിച്ച് വലത്തുഭാഗത്തേയ്ക്ക് മാറിനിന്ന് നക്രതുണ്ഡിയെ വീക്ഷിക്കുന്നു.
നരകാസുരൻ:'എടോ, നിന്നെ ഇപ്രകാരം ചെയ്തതാരെന്ന് വേഗം പറഞ്ഞാലും' (തിരിഞ്ഞ് ഇരുന്ന് നക്രതുണ്ഡിയായി ഭാവിച്ച് പാരവശ്യത്തോടെ)'ഞാൻ സ്വർഗ്ഗത്തുപോയി സഞ്ചരിക്കുമ്പോൾ ദേവസ്ത്രീകളെക്കണ്ട് അങ്ങേയ്ക്കുതരുന്നതിനായി അവരെ പിടിച്ചസമയം ഇന്ദ്രപുത്രനായ ജയന്തൻ എന്ന ബാലൻ എന്റെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചു' (മൂക്കും മുലയും കാട്ടിയിട്ട്)'കണ്ടാലും. ഇനി നീ പോയി അവനെക്കൊന്ന് രക്തവും മാംസവും നല്‍കി എന്നെ തൃപ്തയാക്കിയാലും’ (യാചനാഭാവത്തിൽ)'കൊണ്ടാ' (വീണ്ടും മറുവശംവന്ന് നരകാസുരനായിനിന്ന് കേട്ടതായി നടിച്ചിട്ട്)‘കഷ്ടം!' (വലത്തുഭാഗത്തേയ്ക്ക് നോക്കി ജയന്തനെ സങ്കൽപ്പിച്ച്)'കണ്ടുകൊൾക' (നക്രതുണ്ഡിയോടായി)'എടോ, ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവനെക്കൊന്ന് വയറുനിറച്ച് മാംസവും രക്തവും കൊണ്ടുവന്നു തരാം. പൊയ്ക്കൊൾക' (നോക്കി, പോയില്ല എന്നുകണ്ട്)'തൃപ്തിയായില്ലെ? എന്നാൽ അവന്റെ കഴുത്തുമുറിച്ച് രക്തം' (വാൾ കീഴ്പ്പോട്ടാക്കി രക്തം നക്രതുണ്ഡിയുടെ വായിലേയ്ക്ക് വീഴ്ത്തുന്നതായി കാട്ടിയിട്ട്)'തരാം, പോരയോ?' (അടുത്തുള്ള ഭൃത്യരോടായി)'ഇവളെ കൂട്ടിക്കൊണ്ടുപോയി വേഗം ശുശ്രൂഷകൾ ചെയ്താലും'
നക്രതുണ്ഡിയെ അനുഗ്രഹിച്ചശേഷം തിരിഞ്ഞ് ഇടതുവശം വന്ന് നക്രതുണ്ഡിയായി ഭാവിച്ച് ഇരുന്ന് പാരവശ്യത്തോടെ എഴുന്നേറ്റ് കണ്ണുകൾകൊണ്ട് 'പോകട്ടെ' എന്നുകാട്ടി തിരിയുന്നു. തുടർന്ന് നരകാസുരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.
               
* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും
നരകാസുരൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി നരകാസുരൻ പകർന്നാടുകയാണ് ചെയ്യുക.

2011 ജൂലൈ 22, വെള്ളിയാഴ്‌ച

നരകാസുരവധം ഏഴാം രംഗം

രംഗത്ത്- നരകാസുരൻ, ഇന്ദ്രൻ

ശ്ലോകം-രാഗം:ആഹരി
"ഏവാന്താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ
 ഗത്വാന്താം വിബുധേന്ദ്രപാലിതപുരീം യുദ്ധായബദ്ധോരുഷാ
 രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദൃശോ ഘോരാട്ടഹാസൈസ്തദാ
 മുഞ്ചന്നംബുദനിസ്വനം സുരപതിം വാണീദിമാം"
{ഇപ്രകാരം രാക്ഷസിയെ സമാശ്വസിപ്പിച്ചശേഷം ക്രോധത്തോടെ ദേവേന്ദ്രനാൽ പാലിക്കപ്പെടുന്ന നഗരത്തല്ലേയ്ക്ക് യുദ്ധത്തിനായി ചെന്ന വീരനായ നരകാസുരൻ തീവ്രങ്ങളായ കണ്ണുകളിൽനിന്നും പുറപ്പെടുന്ന തീക്കനൽകൊണ്ട് ദിക്കുകളെ ജ്വലിപ്പിച്ചുകൊണ്ടും ഇടിമുഴക്കം പോലെ അട്ടഹസിച്ച് ഭയം ജനിപ്പിച്ചുകൊണ്ടും ദേവേന്ദ്രനോട് ഈ വാക്കിനെ പറഞ്ഞു.}

ചാപബാണങ്ങളും വാളും ഇരുകൈകളിലായി നിവർത്തിപ്പിടിച്ച് രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് നരകാസുരൻ തിരതാഴ്ത്തുന്നു.
നരകാസുരൻ:*(ചുറ്റും നോക്കിക്കണ്ട് ആശ്ചര്യപ്പെട്ടിട്ട്)'ഹാ! സ്വർഗ്ഗം അതിമനോഹരം തന്നെ. ഇനി എന്റെ ശത്രുവായ ഇന്ദ്രൻ എവിടെയെന്ന് തിരയുകതന്നെ' (സഞ്ചരിക്കുന്നതായി നടിച്ചശേഷം വലത്തുഭാഗത്തായി കണ്ട്) 'ഛീ! ഇതാ ഇന്ദ്രൻ ഏറ്റവും പ്രതാപത്തോടെ ഇരിക്കുന്നു' (പീഠത്തിൽ നിന്നും ചാടിയിറങ്ങി മുന്നിലേയ്ക്ക് ഉറപ്പിച്ച് നോക്കിയിട്ട്)'ഇനി വേഗം പോരിനു വിളിക്കുകതന്നെ'
നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.


നരകാസുരന്റെ പോരുവിളിപ്പദം-രാഗം:ആഹരി, താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
"സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ"
ചരണം1:
"സുധാശനേന്ദ്രാ വരിക നീ പോരിനു
 സുധീരനാമെന്നൊടു രണഭൂമൗ
 വിധൂയ തവബലമഖിലം വെൽവൻ
 വിധാതൃവരബലഗർവ്വിതനാം ഞാൻ"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
ചരണം2:
"ചെനത്തകേസരി വിപിനേവന്നതി
 ഘനത്തിൽ നാദിച്ചീടും നേരം
 ക്ഷണത്തിലിതരമൃഗങ്ങളതോടും
 രണത്തിലെന്നതുപോലെ നീയും"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
ചരണം3:
"മധുമഥനൻ പോരിനുവരികിലുമിഹ
 വിധുരതനഹി മമ കേളെട മൂഢാ
 മധുകൈടഭസമനാകുന്നെന്നുടെ
 അധികതരബലം കാണെടഖേട"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
{ദേവേന്ദ്രാ, വാടാ, ദേവേന്ദ്രാ, നീ പോരിനുവരിക. സുധീരനായ എന്നോട് രണഭൂമിയിൽ നേരിട്ടാൽ, ബ്രഹ്മവരബലത്താൽ ഗർവ്വിതനായ ഞാൻ നിന്റെ സകലബലത്തേയും ജയിക്കുന്നുണ്ട്. കോപിഷ്ഠനായ സിംഹം കാട്ടിൽ വന്ന് ഘോരമായി ഗർജ്ജിക്കുമ്പോൾ ഉടനടി മറ്റുമൃഗങ്ങൾ ഭയന്നോടും. യുദ്ധത്തിൽ അതുപോലെയാണ് നീയും. എടാ, മൂഢാ, വിഷ്ണുതന്നെ ഇവിടെ പോരിനുവരുകിലും എനിക്ക് ഭയമില്ല. എടാ, നീചാ, മധുകൈടഭന്മാർക്ക് തുല്യനായ എന്റെ അപാരമായ ബലം കണ്ടുകൊൾക.}

"സുധാശനേന്ദ്രാ വാടാ" (ചെറിയനരകാസുരൻ-കലാ:രാമൻകുട്ടിനായർ)
പദാഭിനയം കലാശിച്ചശേഷം 'നോക്കിക്കോ, എന്നാൽ കണ്ടുകൊൾക' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് നരകാസുരൻ ആയുധധാരിയായി വലത്തുവശത്തായി ഒരുകാൽ പീഠത്തിൽ ഉർത്തിവെച്ച് നിൽക്കുന്നു. ഇടതുവശത്തുകൂടി അമ്പും വില്ലും ധരിച്ച് ഓടിപ്രവേശിക്കുന്ന ഇന്ദ്രൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്നിട്ട് നരകാസുരനെ കാണുന്നു. ഇന്ദ്രനെ കണ്ട് നരകാസുരൻ സമീപത്തേയ്ക്കുവന്ന് ജിജ്ഞാസയോടെ ദേഹമാസകലം നോക്കുന്നു.
ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, ഇന്ദ്രൻ-കലാ:അരുൺ
നരകാസുരൻ:'ഛീ! എടാ, നിന്റെ ദേഹമാസകലം ഇങ്ങിനെ കണ്ണുകളുണ്ടാകുവാൻ കാരണമെന്ത്?' (ഇന്ദ്രൻ മൗനം പാലിക്കുന്നതുകണ്ട്)'മിണ്ടില്ലെ?' (പരിഹസിച്ച് ചിരിച്ചിട്ട്)'എന്നാൽ ഞാൻ പറയാം. പണ്ട് നീ ഗൗതമമുനിയുടെ പത്നിയായ അഹല്യയെ കണ്ട് കാമിച്ചില്ലെ? പിന്നെ രാത്രിയിൽ ഒരു കോഴിയുടെ രൂപം ധരിച്ച് കൂവിയില്ലെ? പ്രഭാതമായി എന്നുകരുതി കുളിജപാദികൾക്ക് നദിയിലേയ്ക്ക് മഹർഷി പോയ തക്കം നോക്കി നീ അഹല്യയെ പ്രാപിച്ച് രമിച്ചില്ലെ? ആ സമയത്ത് ഉൾക്കണ്ണുകൊണ്ട് കാര്യം മനസ്സിലാക്കി ഏറ്റവും കോപത്തോടെ മുനി വന്ന്' (ഗൗതമനായി ഭാവിച്ച്)'എടാ, നിന്റെ ദേഹമാകെ ലിംഗങ്ങളായിതീരട്ടെ' (നരകാസുരനായി)'ഇങ്ങിനെ ശപിച്ചില്ലെ? പിന്നെ ദേവന്മാരോടുകൂടി നീ മഹർഷിയുടെ സമീപത്തുചെന്ന്' (ഇന്ദ്രനായി നടിച്ച് ദൈന്യതയോടെ മഹർഷിയെ കണ്ട്, വണങ്ങിയിട്ട്)'അല്ലയോ മഹർഷിശ്രേഷ്ഠാ, എനിക്ക് ശാപമോചനം തരേണമേ' (നരകാസുരനായി)'ഇപ്രകാരം യാചിച്ചില്ലെ? അപ്പോൾ മഹർഷി കോപം ശമിച്ച്' (മറുവശം തിരിഞ്ഞുനിന്ന് മഹർഷിയായി ഭാവിച്ച്)'എന്നാൽ നിന്റെ ദേഹം മുഴവൻ കണ്ണുകളായി വരട്ടെ' (അനുഗ്രഹിച്ചശേഷം തിരിഞ്ഞ് നരകാസുരനായി)'ഇല്ലേ?' (ക്ഷോഭത്തോടെ)'അങ്ങിനെ വന്നതല്ലെ?
ഇന്ദ്രൻ:(ക്ഷോഭത്തോടെ)'നിന്റെ വരബലമൊന്നും എന്നോട് പറ്റില്ല. നോക്കിക്കോ'
ഇന്ദ്രൻ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദം ആടുന്നു.


യുദ്ധപ്പദം-രാഗം:കേതാരഗൗളം, താളം:ത്രിപുട(ദ്രുതകാലം)
ഇന്ദ്രൻ:
ചരണം1:
"ദാനവാധമ വന്നതെന്തിഹപോരിനായി ദുർമ്മതേ
 ഊനമെന്നിയെനിന്നെയാക്കുവൻ ഭാനുതനയപുരത്തിൽ ഞാൻ"
പല്ലവി:
"വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ"
ചരണം2:
"ജംഭസൂദനനാകുമെന്നൊടു പൊരുവതിന്നിഹവന്നതേ
 ഡംഭമാശുകളഞ്ഞുടൻ ദംഭോളികൊണ്ടു നിഹന്മി ഞാൻ"
("വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ")
{നീചനായ അസുരാ, ദുർമ്മനസ്സേ, പോരിനായി ഇവിടെ വന്നതെന്തിന്? നിഷ്പ്രയാസം നിന്നെ ഞാൻ കാലപുരിയിലാക്കുന്നുണ്ട്. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. ജംഭാസുരനെ കൊന്ന ഈ എന്നോട് പൊരുതുവാനായി ഇവിടെവന്ന നിന്റെ അഹങ്കാരം പെട്ടന്നു കളഞ്ഞ് ഞാനുടനെ വജ്രായുധംകൊണ്ട് കൊല്ലുന്നുണ്ട്.}

നരകാസുരൻ:
ചരണം3:
"ജളമതേ തവ വചനമഖിലമിതലമലം രണഭൂമിയിൽ
 ബലമശേഷവുനിന്നു കാട്ടുക വലരിപോ വിരവോടു നീ"
പല്ലവി:
"വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ"
ചരണം4:
"ചണ്ഡഭുജബലമിന്നു നീ മമ കണ്ടുകൊൾക സുരാധമ
 കണ്ഠനാളമതിന്നു നിന്നുടെ ഖണ്ഡനം ചെയ്‌വൻ"
("വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ")
{നാണമില്ലാത്തവനേ, വലരിപോ, നിന്റെ വാക്കുകൾ മതി, മതി. നിന്റെ ബലമെല്ലാം ഇന്ന് വഴിപോലെ രണഭൂമിയിൽ കാട്ടുക. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എന്റെ ക്രൂരമായ കരബലം ഇന്ന് നീ കണ്ടുകൊൾക. സുരാധമാ, നിന്റെ കണ്ഠനാളം ഇന്ന് മുറിക്കുന്നുണ്ട്.}

ശേഷം യുദ്ധവട്ടം-
നരകാസുരനും ഇന്ദ്രനും പരസ്പരം പോരുവിളിച്ച് അസ്ത്രമെയ്ത് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കൊൾക' എന്നുകാട്ടി ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ നരകാസുരൻ വില്ലുകൊണ്ട് ഇന്ദ്രനെ പ്രഹരിക്കുന്നു. യുദ്ധത്തിൽ പരാജിതനാവുന്ന ഇന്ദ്രൻ ഓടി നിഷ്ക്രമിക്കുന്നു.
നരകാസുരൻ:(ഇന്ദ്രനെ ഓടിച്ച് തിരിഞ്ഞുവന്ന് 'അഡ്ഡിഡ്ഡിക്കിട'വെച്ചു നിന്നിട്ട്)'ഇന്ദ്രൻ യുദ്ധത്തിൽ തോറ്റോടി. ആകട്ടെ ഇനി സ്വർഗ്ഗം ജയിക്കുകതന്നെ'
നരകാസുരന്റെ സ്വർഗ്ഗജയം ആട്ടം-
നരകാസുരൻ‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിയശേഷം വലത്തുഭാഗത്തായുള്ള പീഠത്തിൽ കയറിനിന്ന് ഇടത്തുകോണിലായി കണ്ടിട്ട്)'ഹോ!' ഐരാവതം എന്ന നാൽക്കൊമ്പനാന ഇതാ വരുന്നു.' (ചാടി താഴെയിറങ്ങി ഐരാവതത്തിനുനേരെ മൂന്നുവട്ടം അസ്ത്രം പ്രയോഗിച്ചശേഷം)'ഏ? കുലുക്കമില്ലെ?' (ഓരോ കൈകൊണ്ടും മാറിമാറി അടിച്ചുനോക്കിയിട്ട്)'ഇളക്കമില്ലേ?'
തുടർന്ന് നരകാസുരൻ ഐരാവതവുമായി ബലം പിടിക്കുന്നു. മുന്നോട്ടും പിന്നോട്ടും പരസ്പരം തള്ളിനീങ്ങി ഒടുവിൽ നരകാസുരൻ ഐരാവതത്തെ പൊക്കി ചുഴറ്റി എറിയുന്നു. കറങ്ങി താഴെ വീഴുന്നതുകണ്ടിട്ട് നരകാസുരൻ ഐരാവതത്തിന്റെ മസ്തകത്തിൽ പ്രഹരിക്കുന്നു. അനന്തരം ഐരാവതം മസ്തകത്തിൽ അടിയേറ്റ് വേദനയോടും പാരവശ്യത്തോടുംകൂടി നിലത്തുവീണ് കൊമ്പുകുത്തുന്നതായി നരകാസുരൻ പകർന്നാടുന്നു.

നരകാസുരൻ(കലാ:രാമൻകുട്ടിനായർ) ഐരാവതത്തിനെ നേരിടുന്നു
നരകാസുരൻ:*('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇനി അദിതിയുടെ കർണ്ണാഭരണങ്ങൾ കൈക്കലാക്കണം' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് അദിതിയെ കണ്ടിട്ട്)'എടീ, നിന്റെ കുണ്ഡലങ്ങൾ കൊണ്ടുവാ, വെയ്ക്ക്. ഏ? ഇല്ലേ? നോക്കിക്കോ' (വാളുകൊണ്ട് രണ്ടുകുണ്ഡലങ്ങളും അറുത്തെടുത്ത് കിങ്കരനെ ഏൽപ്പിച്ചിട്ട് അവജ്ഞയോടെ അദിതിയോടായി)'പോ' (ഇന്ദ്രന്റെ വെൺകൊറ്റക്കുട, ചാമരങ്ങൾ ആദിയായ സമ്പത്തുകളെല്ലാം സംഭരിച്ച് തേരിൽ വെച്ചതിനുശേഷം ആത്മഗതമായി)'എല്ലാമായി. ഇനി മടങ്ങുകതന്നെ' (ഇടത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)'എടോ സൂതാ, രഥം തിരികെ തെളിച്ചാലും' (വലത്തേയ്ക്കു തിരിഞ്ഞ് സേനാനികളോടായി)'നിങ്ങളെല്ലാവരും തിരികെ പുറപ്പെട്ടാലും' (പീഠത്തിൽ കയറിനിന്ന് ഇരുവശവുമായി ഇളകി പുറപ്പെടുന്ന സൈന്യങ്ങളോടായി)'നടക്കുവിൻ, നടക്കുവിൻ, നടക്കുവിൻ' (പീഠത്തിൽ നിന്നും ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി)'ഇനി വേഗം പുറപ്പെടുക തന്നെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം തേരിൽ ചാടിക്കയറുന്നതായി ഭാവിച്ച് നരകാസുരൻ അഭിമാനാഹ്ലാദഭാവങ്ങളോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഏഴാം രംഗത്തിന്റെ അവതരണത്തിൽ തെക്കൻചിട്ടപ്രകാരമുള്ള പ്രധാന മാറ്റങ്ങൾ
*രംഗാരംഭത്തിലുള്ള നരകാസുരന്റെ ആട്ടം താഴെ പറയും പ്രകാരമാണ്.
ചാപബാണങ്ങളും വാളും ഇരുകൈകളിലായി നിവർത്തിപ്പിടിച്ച് നരകാസുരൻ രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്നു.
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ചുറ്റും കണ്ടിട്ട്)'അനേകം നിലകളോടുകൂടിയതും രത്നങ്ങൾ പതിച്ചിട്ടുള്ളതും സ്വർണ്ണതാഴികക്കുടങ്ങളോടുകൂടിയതുമായ സ്വർഗ്ഗത്തിന്റെ ഗോപുരം കാണുന്നു.' (സൂക്ഷിച്ചുനോക്കിയിട്ട്)'ഞാൻ വരുന്നു എന്നറിഞ്ഞ് ഇന്ദ്രാദികൾ ഗോപുരവാതിൽ അടച്ചുറപ്പിച്ച് ഭയന്നുവിറച്ചിരിക്കുകയാണ്' (വാതിൽ ഭേദിച്ച് ഉള്ളിൽ കടന്നശേഷം 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ചുറ്റും നോക്കിക്കണ്ടിട്ട്)'ഹോ! വിശേഷമായിരിക്കുന്നു' (നിസ്സാരതഭാവിച്ച് നീങ്ങവെ താഴെ കണ്ടിട്ട്)'താഴെ നിറയെ രത്നങ്ങൾ പതിച്ചിരിക്കുന്നു' (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ചുറ്റും കണ്ടിട്ട്)'പല വഴികൾ കാണുന്നു' (ആലോചിച്ചിട്ട്)'ഇതിൽ രാജപാതയിലൂടെ പോവുകതന്നെ' ('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇന്ദ്രന്റെ കൊട്ടാരമായ വൈജയന്തം മുന്നിൽ കാണുന്നു. അനവധി നിലകൾ, രത്നങ്ങൾ പതിച്ച ചുവരുകൾ, കണ്ണാടിവാതിലുകൾ, കേമം തന്നെ. കൈകളിൽ വിവിധ ആയുധങ്ങളേന്തിയ അനവധി ഭടന്മാർ ചുറ്റും കാവൽനിൽക്കുന്നുമുണ്ട്. ഇനി ഇന്ദ്രനെ പോരിനു വിളിക്കുകതന്നെ'

*നരകാസുരന്റെ സ്വർഗ്ഗജയം ആട്ടത്തിൽ ഐരാവതത്തെ തോൽപ്പിക്കുന്നതുകഴിഞ്ഞുള്ള ആട്ടം താഴെപ്പറയും പ്രകാരത്തിലാണ്.
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് അദിതിയെ കണ്ടിട്ട്)'അവൾ വിശേഷമായ ഒരു കുണ്ഡലം ധരിച്ചിരിക്കുന്നു' (തഞ്ചം നോക്കി രണ്ടുകുണ്ഡലങ്ങളും പിടിച്ചുപറിച്ച് ഒറ്റക്കൈയിലാക്കി മറ്റേ കൈയ്യാൽ അദിതിയെ കഴുത്തിൽ പിടിച്ചുതള്ളുകയും കുണ്ഡലങ്ങൾ തേരിൽ വെയ്ക്കുകയും ചെയ്തശേഷം)'ഇനി എന്ത്?' (വെൺകൊറ്റക്കുട, ചാമരാദികൾ നോക്കിക്കണ്ട് അവയെല്ലാം മുറിച്ചെടുത്ത് തേരിക്കൊണ്ടുവെച്ചശേഷം കല്പവൃക്ഷം കണ്ട്, അതിൽ ഒരെണ്ണം പിഴുതെടുക്കുമ്പോൾ വേര് പൊട്ടിപ്പോയി എന്നു നടിച്ചിട്ട് മറ്റൊന്ന് സൂക്ഷിച്ച് വേരോടുകൂടി പിഴുതെടുത്ത് തേരിൽ വെച്ച് വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്നിട്ട്)'ഇനി എന്ത്?' (ആലോചിച്ചിട്ട്)'ദേവസ്ത്രീകളെക്കൂടി കൊണ്ടുപോകണം' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ദേവസ്ത്രീകളെ കണ്ട്, അവരെ ഓടിച്ചിട്ടുപിടിച്ച് തേരികെട്ടിയിട്ടിട്ട്)'ഇനി എന്റെ പുരത്തിലേയ്ക്കു പോവുകതന്നെ' (ഇടത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)'എടോ സൂതാ, രഥം തിരികെ തെളിച്ചാലും' (വലത്തേയ്ക്കു തിരിഞ്ഞ് സേനാനികളോടായി)'നിങ്ങളെല്ലാവരും തിരികെ പുറപ്പെട്ടാലും' (പീഠത്തിൽ കയറിനിന്ന് ഇരുവശവുമായി ഇളകി പുറപ്പെടുന്ന സൈന്യങ്ങളോടായി)'നടക്കുവിൻ, നടക്കുവിൻ, നടക്കുവിൻ' (പീഠത്തിൽ നിന്നും ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി)'ഇനി വേഗം പുറപ്പെടുക തന്നെ'

നരകാസുരവധം എട്ടാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച രണ്ടാംതരം പച്ചവേഷം), ഇന്ദ്രൻ(കുട്ടിത്തരം പക്ഷിവേഷം)

ശ്ലോകം-രാഗം:മാരധനാശി
"തതഃസ ജിത്വാ നരകാസുരോരണേ
 ശതക്രതും ഛത്രമഥാസ്യ ചാമരേ
 ജഹാര തന്മാതുരുദഗ്രകുണ്ഡലേ
 തദൂചിവാൻ ശ്രീപതയേ സുരാധിപഃ"
{നരകാസുരൻ ഇന്ദ്രനെ യുദ്ധത്തിൽ ജയിച്ചിട്ട് അവന്റെ കുടയും ചാമരങ്ങളും അമ്മയുടെ ഉത്തമമായ കർണ്ണാഭരണങ്ങളും അപഹരിച്ചപ്പോൾ ദേവേന്ദ്രൻ ചെന്ന് ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു.}

ശ്രീകൃഷ്ണൻ വലതുവശത്തായി പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം ദുഃഖഭാവത്തിൽ പ്രവേശിക്കുന്നു.  പരസ്പരം കാണുന്നതോടെ ഇരുവരും അഭിവാദനം ചെയ്യുന്നു.
ശ്രീകൃഷ്ണൻ:'ഉപവിഷ്ടനായാലും. അങ്ങ് വളരെ ക്ഷീതനായും ദുഃഖിതനായും കാണുന്നുവല്ലോ? കാരണമെന്ത്?'
ഇന്ദ്രൻ:'പറയാം'
ഇന്ദ്രൻ പദാഭിനയം ആരംഭിക്കുന്നു. ശ്രീകൃഷ്ണൻ വലതുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:മാരധനാശി, താളം:അടന്ത(മൂന്നാംകാലം)
പല്ലവി:
"സരസിജവിലോചന ചരണംതാവകമഹം ശരണംഗതോസ്മി മാധവ"
അനുപല്ലവി:
"ശരണാഗതവത്സല ശശിബിംബവരാനന
 കരുണാവാരിധേ മയി കരുണയുണ്ടാകേണം"
ചരണം1:
"സുരവൈരികുലവരനാകും ഭൗമനിന്നഹോ
 സുതരാംബാധകൾ ചെയ്യുന്നു അരുവയർമണികളെ
 അധുനാകൊണ്ടുപോയല്ലോ അനവധി വിരോധങ്ങൾ
 മുനികളോടു ചെയ്യുന്നു"
ചരണം2:
"അധികം ശോഭിതമായ ഛത്രം അത്രയുമല്ല
 അദിതിതന്റെ കുണ്ഡലവും അധമചരിതനാകും
 അവനപഹരിച്ചല്ലോ വിധുകിരണസദൃശ
 ചാമരയുഗളവും"
ചരണം3:
"വീരനാമവനെയിന്നു സംഹരിക്കേണം
 വിശ്വനായക ഭവാൻ കാരണപൂരുഷ
 കമനീയതരാകൃതേ നാരദനുതലീല
 നളിനനാദ ഹേ വിഭോ"
{താമരക്കണ്ണാ, മാധവാ, അവിടുത്തെ ചരണത്തെ ഞാൻ ശരണം പ്രാപിക്കുന്നു. ആശ്രിതവത്സലാ, ചന്ദ്രബിംബാനനാ, കരുണാസമുദ്രമേ, എന്നിൽ കരുണയുണ്ടാകേണമേ. ഹോ! അസുരകുലശ്രേഷ്ഠനായ ഭൗമൻ ഇന്ന് ദേവകൾക്ക് ദുഃഖമുണ്ടാക്കുന്നു. അവൻ ദേവസ്ത്രീകളെ ഇപ്പോൾ പിടിച്ചുകൊണ്ടുപോയി. മുനികളോടും അവൻ അനവധി വിരോധങ്ങൾ ചെയ്യുന്നു. ഏറ്റവും ശോഭിതമായ വെൺകൊറ്റക്കുട മാത്രമല്ല അദിതിമാതാവിന്റെ കുണ്ഡലവും ചന്ദ്രികാഭമായ രണ്ടുചാമരങ്ങളും നീചനായ അവൻ അപഹരിച്ചു. ലോകനായകാ, കാരണപൂരുഷാ, സുന്ദരരൂപാ, നാരദാതികളാലും വന്ദിക്കപ്പെടുന്നവനേ, താമരക്കണ്ണാ, ഹേ പ്രഭോ, വീരനായ അവനെ ഇന്ന് ഭവാൻ സംഹരിക്കേണം.}

"ശരണാഗതവത്സല" (ശ്രീകൃഷ്ണൻ-കലാനി:ഗോപി, ഇന്ദ്രൻ-കലാ:സോമൻ)
പദാഭിനയം കലാശിപ്പിച്ച് ഇന്ദ്രൻ ഇടത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ശ്രീകൃഷ്ണൻ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:അസാവേരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
"നാകനായകശൃണു നലമൊടു മേഗിരം പാകശാസനവീര"
അനുപല്ലവി:
"ശോകം മാ കുരു ഹൃദി ശോഭനതരകീർത്തേ
 നാകവൈരിയായീടും ഭൗമകർമ്മങ്ങൾകൊണ്ടു"
ചരണം1:
"കഷ്ടം ഭൗമദാനവചേഷ്ടിതമഖിലവും
 ശിഷ്ടന്മാരായിടും താപസന്മാരെയും
 പെട്ടന്നു ബാധിച്ചീടുന്ന കഠോരനെ
 ഒട്ടുമെ സംശയമില്ല വധിപ്പതിനു"
ചരണം2:
"ചണ്ഡരണാങ്കണേ ശൗണ്ഡനാംനരകനെ
 ചണ്ഡസുദർശനതേജസാ ഹനിച്ചു ഞാൻ
 ദണ്ഡധരനുനൽകീടുന്നേൻ കണ്ടുകൊൾക
 പണ്ഡിതോത്തമ സുരനായക ധരിച്ചാലും"
{ദേവനായകാ, പാകാസുരനെക്കൊന്ന വീരാ, സമാധാനത്തോടെ എന്റെ വാക്കുകൾ കേട്ടാലും. ശോഭനമായ കീർത്തിയോടുകൂടിയവനേ, ദേവശത്രുവായ ഭൗമന്റെ കർമ്മങ്ങൾകൊണ്ട് മനസ്സിൽ ദുഃഖം കരുതേണ്ടാ. നരകാസുരന്റെ ചെയ്തികളെല്ലാം കഷ്ടംതന്നെ. മഹാത്മാക്കളായ താപസന്മാരേയും പെട്ടന്ന് ദണ്ഡിപ്പിക്കുന്ന ആ കഠോരനെ വധിക്കുവാൻ എനിക്ക് ഒട്ടും സംശയമില്ല. ഘോരമായ രണാങ്കണത്തിൽ വെച്ച് ഘോരമായ സുദർശനതേജസ്സാൽ അവനെ നിഗ്രഹിച്ച് ഞാൻ അന്തകനുനൽകുമെന്ന് അറിഞ്ഞാലും. പണ്ഡിതോത്തമാ, ദേവനായകാ, കണ്ടുകൊൾക.}

"ദണ്ഡധരനുനൽകീടുന്നേൻ കണ്ടുകൊൾക" (ശ്രീകൃഷ്ണൻ-കലാനി:ഗോപി, ഇന്ദ്രൻ-കലാ:സോമൻ)
ശേഷം ആട്ടം-
ശ്രീകൃഷ്ണൻ‍:'അതിനാൽ അങ്ങ് സമാധാനമായി പോയാലും'
ഇന്ദ്രൻ:'എല്ലാം അവിടുത്തെ ദയപോലെ'
ഇരുവരും അഭിവാദ്യംചെയ്ത് പിരിയുന്നു. ഇന്ദ്രനും ഇന്ദ്രനെ യാത്രയാക്കിക്കൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----