ലവണാ‍സുരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലവണാ‍സുരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ലവണാസുരവധം


ഉത്തരരാമായണത്തിലെ ‘സീതാപരിത്യാഗം’, ‘ലവണാസുരവധം’
എന്നി കഥാഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ശ്രീ പാലക്കാട് അമൃതശാസ്ത്രികള്‍ രചിച്ച ആട്ടക്കഥയാണ് ‘ലവണാസുരവധം’.
കഥാസംഗ്രഹം
രാവണനിഗ്രഹശേഷം അയോധ്യയിലെത്തി പട്ടാഭിഷിക്തനായി
ശ്രീരാമചന്ദ്രന്‍ രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം ഗര്‍ഭിണിയായ സീതാദേവി; തനിക്ക് വീണ്ടും കാനനത്തില്‍ പോയി മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ കാണ്മാന്‍ ആഗ്രമുണ്ടെന്ന് രാമനെ അറിയിക്കുന്നതാണ് ആദ്യരംഗത്തില്‍‍. രണ്ടാം രംഗത്തില്‍ അയോധ്യയിലുള്ള ഒരു രജകന്‍(മണ്ണാന്‍), ഒരു രാത്രി മറ്റെവിടെയോപോയി പാര്‍ത്തിട്ടുവന്ന അവന്റെ ഭാര്യയോട് കലഹിക്കുന്നു. ‘അന്യഗൃഹത്തില്‍ പാര്‍ത്ത പെണ്ണിനെ വീണ്ടും കൈക്കൊള്ളാന്‍ ഞാന്‍ രാമനേപ്പോലെ വെറും വിഢിയല്ല’ എന്ന് പ്രസ്താവിച്ച് മണ്ണാന്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. മണ്ണാന്റെ ഈ പ്രസ്താവന ചാരന്മാര്‍ മുഖാന്തരം അറിഞ്ഞ ശ്രീരാമന്‍, ജനഹിതത്തെ മാനിച്ച് സീതയെ കാട്ടിലാക്കി വരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നു രംഗം മൂന്നില്‍. നാലാം രംഗത്തില്‍ ലക്ഷ്മണന്‍ സീതയെ വനത്തിലാക്കി, കര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങുന്നു. സീത തന്റെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്നതാണ് രംഗം അഞ്ചില്‍. ആറാം രംഗത്തില്‍ തന്റെ ആശ്രമപ്രദേശത്തിങ്കല്‍ ഗര്‍ഭിണിയും ദു:ഖിതയുമായ സീതയെ കണ്ട വാത്മീകിമഹര്‍ഷി അവളെ സാന്ത്വനിപ്പിച്ച് തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകുന്നു. രാത്രി സമയത്ത് ഗംഗാതടത്തിലുള്ള കാനനത്തില്‍ വെയ്ച്ച് ലക്ഷ്മണന്‍ ലവണാസുരന്റെ സഹായിയായ ഗംഭീരാക്ഷന്‍ എന്ന രാക്ഷസനുമായി ഏറ്റുമുട്ടുന്നതും അവനെ വധിക്കുന്നതുമായ ഭാഗമാണ് രംഗം ഏഴ്. എട്ടാം രംഗത്തില്‍ ശിവവരപ്രസാദത്താല്‍ മത്തനായിതീര്‍ന്ന ലവണാസുരന്റെ ഉപദ്രവം സഹിയാഞ്ഞ് വനവാസികളായ മുനിവര്യന്മാര്‍ ശ്രീരാമചന്ദ്രനെ കണ്ട് സങ്കടമുണര്‍ത്തിക്കുന്നു. ഉടന്‍ തന്നെ ശ്രീരാമന്‍ അസുരനിഗ്രത്തിനായി അനുജനായ ശത്രുഘ്നനെ നിയോഗിക്കുന്നു. ഈ സമയത്ത് വാത്മീകിയുടെ സംരക്ഷണത്തില്‍ കഴിയുന്ന സീതാദേവിയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുന്നു. ഇതാണ് രംഗം ഒന്‍പതില്‍. പത്താം രംഗത്തില്‍ ഈ ബാലന്മാര്‍ക്ക് വാത്മീകി കുശലവന്മാര്‍ എന്ന് നാമകരണം ചെയ്യുന്നു. ശത്രുഘ്നന്‍ കാനനത്തിലെത്തി ലവണാസുരനെ പോരിനുവിളിക്കുന്ന രംഗമാണ് പതിനൊന്നാമത്തേത്. പന്ത്രണ്ടാം രംഗത്തില്‍ പോരുവിളി കേട്ട് എത്തുന്ന ലവണാസുരനെ യുദ്ധത്തില്‍ വധിച്ച് ശത്രുഘ്നന്‍ മടങ്ങുന്നു. ശ്രീരാമന്‍ നടത്തുന്ന അശ്വമേധയാഗത്തിനുള്ള യാഗാശ്വത്തിനൊപ്പം ദ്വിഗ്വിജയത്തിനായി, ശ്രീരാമന്‍ ശത്രുഘനനെ നിയോഗിക്കുന്നു രംഗം പതിമൂന്നില്‍. പതിനാലാം രംഗത്തില്‍ മാതാവിനോട് അനുമതിവാങ്ങി വനത്തില്‍ സഞ്ചരിച്ച് ലീലാവിനോദം ചെയ്തുകൊണ്ടിരുന്ന കുശലവന്മാര്‍, നാടുചുറ്റി വാത്മീകിയുടെ തപോവനപരിസരത്തെത്തുന്ന യാഗാശ്വത്തെ കണുന്നു. ‘ലോകത്തില്‍ ഏകവീരനായ ശ്രീരാമനുതുല്യം മറ്റൊരാളുണ്ടെങ്കില്‍ ഈ കുതിരയെ പിടിച്ചുകെട്ടണം’ എന്ന ലിഖിതം കുതിരയുടെ നെറ്റിയില്‍ കണ്ടിട്ട് നിസംശയം അതിനെ ബന്ധിക്കണമെന്ന് കുശന്‍ അഭിപ്രായപ്പെടുന്നു. ഇതു കേട്ട് ‘സാഹസം പ്രവര്‍ത്തിക്കരുത്, ആപത്ത് വരും’ എന്ന് മുനികുമാരന്മാര്‍ കുശലവന്മാരെ ഉപദേശിക്കുന്നു. ‘ഇന്ദ്രന്‍ തന്നെ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ല‘ എന്നുപറഞ്ഞ് കുശലവന്മാര്‍ മുനികുമാരന്മാരെ മടക്കുന്നു. തുടര്‍ന്ന് തുരഗത്തെ ബന്ധിക്കുവാന്‍ ലവനെ ചുമതലപ്പെടുത്തിയിട്ട് കുശന്‍ വനസഞ്ചാരം തുടരുന്നു. ലവന്‍ വാജിയെ ബന്ധിക്കുന്നു. അപ്പോഴേക്കും യാഗാശ്വത്തെ പിന്തുടര്‍ന്ന് വന്ന ശത്രുഘ്നന്‍ യുദ്ധംചെയ്ത് ലവനെ ബന്ധിക്കുന്നു. പെട്ടന്ന് മടങ്ങിയെത്തിയ കുശന്‍ അനുജനെ മോചിപ്പിക്കുകയും ശത്രുഘ്നനെ പരാജയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. അശ്വത്തെ മോചിപ്പിക്കുവാനായി രാമനിദ്ദേശാനുസ്സരണം എത്തുന്ന ലക്ഷ്മണനേയും കുശലവന്മാര്‍ പരാജയപ്പെടുത്തി അയക്കുന്നഭാഗമാണ് രംഗം പതിനഞ്ച്. പതിനാറാം രംഗത്തില്‍ വാജിയെ മോചിപ്പിക്കുവാനായി നേരിട്ടെത്തുന്ന ശ്രീരാമന്‍ കുട്ടികളെ കണ്ട് സീതാപുത്രരെന്ന് സംശയിക്കുന്നു. തുടര്‍ന്ന് കുശലവന്മാരുമായി യുദ്ധം ആരംഭിക്കുന്നുവെങ്കിലും ബാലരുമായി രണം ഉചിതമല്ല എന്നു നിനച്ച് രാമന്‍ തോറ്റഭാവത്തില്‍ മടങ്ങുന്നു. പിന്നീട് രാമാജ്ഞയെ ശിരസാവഹിച്ച് തുരഗമോചനാര്‍ദ്ധം എത്തുന്ന ശ്രീഹനുമാന്‍ ബാലരുമായി ശക്തിപരീക്ഷണം നടത്തുന്നു രംഗം പതിനേഴില്‍. യുദ്ധത്തില്‍ മഹാപരാക്രമികളും രൂപത്തില്‍ രാമസമാനന്മാരുമായ കുട്ടികള്‍ ആരെന്ന് അറിയുവാനുദ്ദേശിച്ച് ഹനുമാന്‍ സ്വയം കീഴടങ്ങുന്നു. പതിനെട്ടാം രംഗത്തില്‍ ബന്ധിതനായ ഹനുമാനെ കുശലവന്മാര്‍ സീതാസന്നിധിയില്‍ ഹാജരാക്കുന്നു. തന്റെ പ്രാണദാതാവും ജനകസമാനനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ട് അത്ഭുതപ്പെടുന്ന സീത, അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ പുത്രരോട് ആജ്ഞാപിക്കുന്നു. തെറ്റുമനസ്സിലാക്കിയ കുശലവന്മാര്‍ ശ്രീഹനുമാനെ മോചിപ്പിച്ച് ക്ഷമയാചിക്കുന്നു. വീണ്ടും സീതാദര്‍ശ്ശനം ലഭിച്ചതിനാല്‍ സന്തോഷവാനായിതീര്‍ന്ന ശ്രീഹനുമാന്‍ സീതയോട് കുശലപ്രശ്നങ്ങള്‍ ചെയ്ത ശേഷം, കുട്ടികളെ വാത്സല്യപൂര്‍വ്വം പുണര്‍ന്ന് യാഗാശ്വവുമായി മടങ്ങുന്നു. ഇപ്രകാരം ലോകവിജയിയായി യാഗം നടത്തുന്ന ശ്രീരാമചന്ദ്രന്റെ സന്നിധിയിലെത്തുന്ന ശ്രീനാരദമഹര്‍ഷി അദ്ദേഹത്തെ വാഴ്ത്തുന്നതാണ് അന്ത്യരംഗത്തില്‍.
രംഗാവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
1.മണ്ണാനും മണ്ണാത്തിയും ചാരിത്രദോഷത്തിന്റെ പേരില്‍ കലഹിച്ചു പിരിയുന്ന രണ്ടാം രംഗം രസികത്തം നിറഞ്ഞതാണ്. ആദ്യാവസാനക്കാര്‍ തന്നെ ഇത് കെട്ടിഭലിപ്പിച്ചതുമൂലം ഈ രംഗം നല്ല പ്രചാരം നേടിയെടുക്കുകയാണുണ്ടായത്.

2.പതിനേഴാം രംഗത്തിലെ ഹനുമാന്റേയും കുശലവന്മാരുടേയും യുദ്ധവും അടങ്ങുന്ന യുദ്ധവട്ടം ഉജ്ജ്വലമായി സംവിധാനം ചെയ്തിട്ടുള്ള നൃത്തരൂപമാണ്. ബാലന്മാരുടെ പരാക്രമംവീര്യവും ഹനുമാന്റെ വാത്സല്യവും പ്രകടമാക്കുന്ന തരത്തിലുള്ളതാണ് ഇത്.

3.ഹനുമത്-സീതാ സമാഗമമായ പതിനെട്ടാം രംഗം ഭാവപരമായി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ രംഗത്തിലെ; മഹാബലവാനായ ശ്രീഹനുമാനെ ബന്ധനസ്തനായി കണ്ട് അത്ഭുതപ്പെടുകയും, തനിക്ക് പിതൃതുല്യനായുള്ള അദ്ദേഹത്തിന്റെ ഈ സ്ഥിതിയില്‍ ദു:ഖിച്ച് വിധിയെ പഴിക്കുകയും ചെയ്യുന്ന “ഹന്ത ഹന്ത ഹനുമാനോ” എന്ന സീതയുടെ പദവും, രാമായണത്തിന്റെ സകല വിഷാദധ്വനികളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ “സുഖമോ ദേവീ” എന്നാരംഭിക്കുന്ന, സീതാദര്‍ശ്ശനാല്‍ ഭക്തിപരവശനായിതീര്‍ന്ന ഹനുമാന്റെ പദവും ഭവപരമായും സംഗിതപരമായും പ്രധാനപെട്ടവയാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
പണ്ട് ഈ കഥ പൂര്‍ണ്ണമായും അവതരിപ്പിച്ചിരുന്നു. 
എന്നാല്‍ ഇപ്പോള്‍ 14,17,18 രംഗങ്ങള്‍ മാത്രമേ സാധാരണമായി അവതരിപ്പിക്കപ്പെട്ടു വരുന്നുള്ളു. അപൂര്‍വ്വമായി രണ്ടാം രംഗവും അവതരിപ്പിക്കപ്പെടാറുണ്ട്. ബാക്കി രംഗങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുക പതിവില്ല.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ആട്ടകഥാകാരന്‍

പാ‍ലക്കാട് അമൃതശാസ്ത്രികള്‍

പാലക്കാട് കൊടുവായൂര്‍ ഗ്രാമത്തില്‍ ചേരയില്‍മഠത്തില്‍
ജനിച്ച ഇദ്ദേഹം പാലക്കാട് രാജാവിന്റെ ആശ്രിതനായിരുന്നു. ശാസ്ത്രികളുടെ ജീവിതകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധമാണെന്ന് പറയപ്പെടുന്നു. ‘അമൃതഘടേശ്വരന്‍’ എന്നായിരുന്നത്രെ ഇദ്ദേഹത്തിന്റെ പിതൃദത്തമായ നാമധേയം.

ലവണാസുരവധം പുറപ്പാട്


രംഗത്ത്-ശ്രീരാമന്‍‍‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), സീത‍(കുട്ടിത്തരം സ്ത്രീവേഷം), ലക്ഷമണന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
“സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്നസൌഭാഗ്യയാ
 സര്‍വ്വോല്‍കൃഷ്ടഗുണൈസ്സഹാനുജവരൈര്‍വ്വീരശ്രിയാചാന്വിത:
 സാനന്ദം വിജഹാര കോസലസുതാഹൃല്പത്മബാലാതപോ
 രാമസ്സര്‍വ്വജനാനുകൂലകൃതിമാനിന്ദീവരശ്യാമള:”‍
{കൗസല്യയുടെ ഹൃദയമാകുന്ന താമരയ്ക്ക്‌ ഉദയസൂര്യശോഭ പോലെയുള്ളവനും, സർവ്വജനങ്ങൾക്കും സന്തോഷമുണ്ടാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നവനും കരിങ്കൂവളപ്പൂപോലെ കറുപ്പുനിറമാർന്നവനുമായ ശ്രീരാമചന്ദ്രൻ സൗഭാഗ്യസമ്പന്നയും മിഥിലാധിപന്റെ പുത്രിയുമായ സീതാദേവിയോടും എല്ലാത്തിലും ഉത്കൃഷ്ടമായ ഗുണങ്ങളിണങ്ങിയവരും ശ്രേഷ്ഠരുമായ അനുജന്മാരോടും കൂടി സാകേതത്തിൽ വീരശ്രീയോടെ ആനന്ദവാനായി വിഹരിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“മംഗലഗുണസാഗരം ശൃഗാരരസനിലയം
 സംഗരജിതരാവണം ശ്രീരാമചന്ദ്രം
 ദിനകരകുലരത്നം ദീനജനാവനയത്നം
 ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
 സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണ്ണം
 വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
 സരസിജദളനേത്രം ശരദിന്ദുസമവക്ത്രം
 ശരജിതദശവക്ത്രം ശ്രീരാമചന്ദ്രം”
{സത്ഗുണസമുദ്രവും, ശ്രൃംഗാരഭാവത്തിന്‌ ആവാസസ്ഥാനവും, യുദ്ധത്തിൽ രാവണനെ ജയിച്ചവനുമായ ശ്രീരാമചന്ദ്രൻ. സൂര്യവംശരത്നവും, ദീനന്മാരെ രക്ഷിയ്ക്കാൻ പ്രയത്നിയ്ക്കുന്നവനും, ദാനത്തിൽ ചിന്താമണീരത്നത്തെ അതിശയിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രൻ. കാർമേഘനിറമാർന്നവനും, എപ്പോഴും സന്തോഷപൂർണ്ണനും, കാമനെജയിച്ച സൗന്ദര്യത്തോടുകൂടിയവനുമായ ശ്രീരാമചന്ദ്രൻ. താമരപ്പൂവിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവനും, ശരത്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവനും, ശരങ്ങളെക്കൊണ്ട് ദശമുഖനെ വെന്നവനുമായ ശ്രീരാമചന്ദ്രൻ വിളങ്ങുന്നു.}
-----(തിരശ്ശീല)-----

2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

ലവണാസുരവധം ഒന്ന്, രണ്ട് രംഗങ്ങള്‍

ഒന്നാം രംഗം

ഈ രംഗം ഇപ്പോള്‍ നടപ്പിലില്ല.

രണ്ടാം രംഗം

രംഗത്ത്-മണ്ണാന്‍‍‍(ഒന്നാംതരം മിനുക്ക് വേഷം), മണ്ണാത്തി‍(ഒന്നാംതരം സ്ത്രീ-ലോകധര്‍മ്മി-വേഷം)

ശ്ലോകം-രാഗം:ആഹരി
“കൃത്വാ ഘോരവിരോധമത്ര രജക: കശ്ചിദ്രജക്യാ സമം
 ഗത്വാ മാതൃഗൃഹം പുനര്‍ന്നിജഗൃഹം പ്രാപ്തസ്സ്വമാത്രാ സഹ
 ഭാര്യാം രോഷദ്ദൃശാ വിലോക്യ സുദൃഢം സംതാഡ്യ സന്തര്‍ജ്ജിതാം
 സന്ദഷ്ടോഷ്ഠപുട: ഖല: ഖരതരം വാചം ബഭാഷേ തദാ”‍
{മാതൃഗൃഹത്തില്‍ പോയി മടങ്ങി സ്വഗൃഹത്തിലേയ്ക്കെത്തിയ ഭാര്യയോട് ദുഷ്ടനായ അവളുടെ മണ്ണാന്‍ രോഷത്തോടെ നോക്കിക്കൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടും, നല്ലവണ്ണം താടിച്ചുകൊണ്ടും കലശലായി കലഹിച്ചുകൊണ്ടും ചുണ്ടുകടിച്ചുകൊണ്ടും ഇപ്രകാരം പറഞ്ഞു.}

മണ്ണാന്‍ ക്രുദ്ധനായി വടിയും കുത്തിപിടിച്ച് വലതുവശത്ത് നില്‍ക്കുന്നു. മണ്ണാത്തി കൈയ്യില്‍ തുണിക്കെട്ടുമായി ഇടതുഭാഗത്തുകൂടി ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. ഇരുവരും പരസ്പരം കാണുന്നതോടെ മണ്ണാന്‍ മണ്ണാത്തിയെ വടികൊണ്ട് അടിക്കുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മണ്ണാത്തി കൈയ്യിലുള്ള തുണിക്കെട്ടുകൊണ്ട് തടുക്കുകയും മണ്ണാന്‍ കാണാതെ കൊഞ്ഞനംകുത്തുകയും ചെയുന്നു.
മണ്ണാന്‍:‘എടീ, കുലടേ, നീ പുറത്തുപോ. എനിക്ക് നിന്നെ കാണണ്ട. എന്റെ മുന്‍പില്‍ നിന്നു പോ’
മണ്ണാത്തി:‘അല്ലയോ നാഥാ, എന്താണ് എന്നോട് ഇപ്രകാരമെല്ലാം പ്രവര്‍ത്തിക്കുന്നത്? ഞാന്‍ അങ്ങയോട് എന്ത് തെറ്റുചെയ്തു?
മണ്ണാന്‍:‘നീ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലാ? നീ ഇന്നലെ രാത്രി എവിടെ ആയിരുന്നു?’
മണ്ണാത്തി:‘ഞാന്‍ ഓരോരോ വീടുകളിലും പോയി വസ്ത്രങ്ങള്‍ കൊടുത്തുകഴിഞ്ഞപ്പോഴേയ്ക്കും സമയം വൈകി. തിരിച്ചുവരുവാന്‍ സാധിക്കാഞ്ഞതിനാല്‍ ഞാന്‍ എന്റെ അമ്മയുടെ വീട്ടില്‍ പോയി താമസിച്ചു.’
മണ്ണാന്‍:‘നീ പറയുന്നത് ശുദ്ധ കളവാണ്. അന്യപുരുഷനെ ആഗ്രഹിച്ച്, അവനോടുകൂടി രമിക്കാനാണ് നീ പോയത്. ഞാന്‍ അറിയും.’
മണ്ണാത്തി:‘ഒരിക്കലും അല്ല. എന്റെ അമ്മയോട് ചോദിച്ചാലും.’
മണ്ണാന്‍:‘അന്യപുരുഷനോടുചേര്‍ന്ന് രമിക്കയാല്‍ നീ രാത്രി ഉറങ്ങിയിട്ടില്ല. നിന്റെ കണ്ണിന്റെ ക്ഷീണം കണ്ടാല്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. നോക്കിക്കോ’
മണ്ണാന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദാഭിനയം ചെയ്യുന്നു.

മണ്ണാന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട
പല്ലവി:
“ആരെടീ നീയെന്റെ മുമ്പില്‍ വന്നു നിന്നവള്‍
 അതിഘോരാകാരജാരേ ദൂരെ പോക നില്ക്കാതെ”
ചരണം1:
“മാരശരപരിതാപം ചെറ്റുമില്ലാ മേ തവ
 മാരകനായ് ഭവിച്ചീടും പാരാതെ പോക”
{എന്റെ മുമ്പില്‍ വന്നുനിന്ന നീ ആരെടീ? അതിഘോരാകാരേ, ജാരനോടു കൂടിയവളേ, ഇവിടെ നില്‍ക്കാതെ ദൂരെ പോവുക. കാമതാപം ഒട്ടുമില്ല എനിക്ക്. ഞാന്‍ നിന്റെ മാരകനായി ഭവിച്ചീടും. പെട്ടന്ന് പൊയ്ക്കോ.}
“അതിഘോരാകാരജാരേ ദൂരെ”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാത്തിയുടെ മറുപടിപദം-രാഗം:പുന്നാഗവാരാളി, താളം:തൃപുട
പല്ലവി:
“കാന്ത എന്നോടേവം കോപം സ്വാന്തമതില്‍ വേണ്ടകേള്‍
 കാന്തയല്ലോ തവ ഞാനും ശാന്തനായ്ഭവിക്ക നീ‍”
{കാന്താ, കേള്‍ക്കുക. എന്നോട് ഈ വിധം കോപം മനസ്സില്‍ കരുതരുതേ. അങ്ങയുടെ കാന്തയല്ലോ ഞാന്‍. അവിടുന്ന് ശാന്തനായി ഭവിക്കുക.}

മണ്ണാന്‍‍:
ചരണം2:
“ബന്ധമെന്തു നിന്നോടെനിക്കിന്നു ദുര്‍ഭഗേ നിന്റെ
 ചന്തം കൊണ്ടുപോയാലും നീ ശാഠ്യം ചൊല്ലാതെ”
{ദുര്‍ഭഗേ, നിന്നോട് എനിക്കിന്ന് എന്തു ബന്ധം? നീ ശാഠ്യം പിടിക്കാതെ നിന്റെ ചന്തവുംകൊണ്ട് പോയാലും.}

മണ്ണാത്തി‍:
ചരണം2:
“ഹന്ത എന്തു ചെയ്തു പാപം ചിന്തയിലരുതു കോപം
 കിം തവ മാനസതാപം ചിന്തിക്ക നീയെന്റെ രൂപം”
{ഹോ! ഞാന്‍ എന്തു പാപം ചെയ്തു? മനസ്സില്‍ കോപം അരുത്. എന്താണ് അങ്ങയുടെ മനസ്സില്‍ താപം? അങ്ങ് എന്റെ രൂപം ചിന്തിച്ചാലും.}
“കിം തവ മാനസതാപം”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാന്‍‍:‘നിന്റെ സൌന്ദര്യത്തില്‍ എനിക്ക് ഒട്ടും ഭ്രമമില്ല. ഇനി നിന്നെ ഇവിടെ താമസിപ്പിച്ചാല്‍ ബന്ധുക്കള്‍ എന്നെ പരിഹസിക്കും.’
മണ്ണാത്തി‍:‘അല്ലയോ കാന്താ, കേവലം ഒരു രാത്രി മാത്രമല്ലെ ഞാന്‍ വീടുവിട്ട് താമസിച്ചുള്ളു. സീതാദേവിയെ രാവണന്‍ ഒരു വര്‍ഷം ലങ്കയില്‍ താമസിപ്പില്ലെ? എന്നിട്ട് ശ്രീരാമസ്വാമി ദേവിയെ ഭാര്യയായി തിരികെ സ്വീകരിച്ചില്ലെ?’
മണ്ണാന്‍‍:‘എടീ, രാമനേപ്പോലെ അഭിമാനമില്ലാത്ത മൂഢനല്ല ഞാന്‍. കടന്നുപോ.’
മണ്ണാന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം തുടരുന്നു.

മണ്ണാന്‍‍:
ചരണം3:
“അന്യാഗാരവാസം ചെയ്ത നിന്നെ സ്വീകരിച്ചു
 ധന്യനായീടുമോ ഞാനും രാമനെപ്പോലെ^
{അന്യഗൃഹവാസം ചെയ്ത നിന്നെ സ്വീകരിച്ച് രാമനെപ്പോലെ ഞാനും ധന്യനായിത്തീരുമോ?}

[^‘രാമനെപ്പോലെ’ എന്നു പറയുമ്പോള്‍ മണ്ണാത്തി ഓടിച്ചെന്ന് മണ്ണാന്റെ വായപൊത്തുന്നു.]

ശേഷം ആട്ടം-
മണ്ണാന്‍‍:‘എടീ, ദുഷ്ടേ, എന്റെ മുമ്പില്‍ നില്‍ക്കാതെ കടന്നുപോ’
മണ്ണാന്‍ മണ്ണാത്തിയെ കഴുത്തിനുപിടിച്ച് പുറത്താക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയീ എന്ന് നോക്കി ഉറപ്പാക്കിയിട്ട് മണ്ണാന്‍ പീഠത്തില്‍ പോയി ഇരിക്കുന്നു.
മണ്ണാന്‍:(ആത്മഗതമായി) ‘പണ്ട് ബന്ധുജനങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ വെയ്ച്ച് ഇവളെ വിവാഹം കഴിച്ചു. പിന്നെ ഇവളെ സംരക്ഷിച്ചുകൊണ്ട്, ഇവളോടുകൂടി സൌഖ്യമായി കഴിഞ്ഞുവന്നു.’ (കോപത്തോടെ കൈകള്‍ തിരുമ്മിക്കൊണ്ട്) ‘എന്നിട്ടും ഇന്ന് ഇവള്‍ എന്നോട് ഇപ്രകാരം ചതി ചെയ്തുവല്ലൊ!’
മണ്ണാത്തി വീണ്ടും പ്രവേശിച്ച് പിന്നിലൂടെ പതുങ്ങി വന്ന് കൈയ്യിലുള്ള താമ്പൂലം സൂത്രത്തില്‍ മണ്ണാന്റെ വായില്‍ കൊടുക്കുവാന്‍ ശ്രമിക്കുന്നു. മണ്ണാന്‍ പെട്ടന്ന് അവളുടെ കൈയ്യില്‍ പിടികൂടുന്നു.
മണ്ണാന്‍:‘എന്താണ് കൈയ്യില്‍? ഇവിടെ കൊണ്ടുവാ’ (കൊടുക്കുവാന്‍ മടിക്കുന്ന മണ്ണാത്തിയുടെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചുവാങ്ങി വെറ്റില നിവര്‍ത്തി പരിശോധിച്ച്, ഞെട്ടലോടെ) ‘ഹോ!’ (അതിയായ കോപത്തോടെ) ‘എടീ, കുലടേ, താമ്പൂലത്തില്‍ വശ്യംചെയ്ത് എന്നെ മയക്കാം എന്ന് നീ കരുതിയോ? ദുഷ്ടേ, ഇനി നീ എന്നോടൊപ്പം നിമിഷനേരം കൂടി വസിക്കരുത്. ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു. നീയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. നീ നിന്റെ മംഗല്യസൂത്രം അഴിച്ചുതന്നിട്ട് പോവുക’
മണ്ണാത്തി:‘അയ്യോ, അവിടുന്ന് അങ്ങിനെ പറയരുതേ. ഇല്ല, ഞാന്‍ തരില്ല.’
മണ്ണാന്‍ ബലമായി മണ്ണാത്തിയുടെ കഴുത്തില്‍ നിന്നും മംഗല്യസൂത്രം പൊട്ടിച്ചെടുക്കുന്നു.
മണ്ണാത്തി:(പെട്ടന്ന് കോപിച്ച്) ‘ഓ, അങ്ങിനെ ബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ എന്റെ വീട്ടുകാര്‍ നിനക്കു തന്നിട്ടുള്ള സ്ത്രീധനവും മടക്കി തരിക.’
മണ്ണാന്‍ വസ്ത്രത്തിന്റെ കോന്തല അഴിച്ച് പണമെടുത്ത് എണ്ണിതിട്ടപ്പെടുത്തി മണ്ണാത്തിക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നു. തുടര്‍ന്ന് മണ്ണാന്‍ മണ്ണാത്തിയെ ആട്ടിപ്പായിക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയി എന്ന് ഉറപ്പുവരുത്തിയിട്ട് മണ്ണാന്‍ പീഠത്തില്‍ ഇരിക്കുന്നു.
മണ്ണാന്‍:(സ്വഗതമായി) ‘കഷ്ടം! തന്നെ. ഇവള്‍ ഇപ്രകാരമെല്ലാം എന്നോട് പ്രവര്‍ത്തിച്ചല്ലോ! ഇനി വീട്ടില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട്?’ (ആലോചിച്ചശേഷം) ‘ങാ, ഇനി വേറോരു സ്ത്രീയെ അന്വേഷിക്കുകതന്നെ’
മണ്ണാന്‍ നാലാമിരട്ടിക്കലാശം ചവുട്ടിയിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2009 സെപ്റ്റംബർ 2, ബുധനാഴ്‌ച

ലവണാസുരവധം മുന്ന് മുതല്‍ പതിനാല് വരെ രംഗങ്ങള്‍

മൂന്നു മുതല്‍ പതിമൂന്നു വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

പതിനാലാം രംഗം

രംഗത്ത്-സീത‍(സ്ത്രീവേഷം), കുശലവന്മാര്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷങ്ങള്‍), മുനികുമാരന്മാര്‍(കുട്ടിത്തരം മിനുക്ക് വേഷങ്ങള്‍), ശത്രുഘ്നന്‍‍(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാമോദരി
“കദാചിദ്വാല്മീകൌ വരുണമഥ ദ്രഷ്ടും ഗതവതി
 സ്വമാതുസ്സീതായാ:പദയുഗസരോജം കുശലവൌ
 മുദാ തൌ ശ്രീമന്താവനുപമകുമാരാവവനതൌ
ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതു:‍”
{ഒരിക്കല്‍ വാല്മീകിമഹര്‍ഷി വരുണനെ കാണാന്‍ പോയ അവസരത്തില്‍ ശ്രീമാന്മാരും അനുപമഗുണന്മാരായ കുമാരന്മാരും സുന്ദരന്മാരുമായ കുശലവന്മാര്‍ മാതാവായ സീതാദേവിയുടെ പദപത്മങ്ങളെ വന്ദിച്ച് ഉത്സാഹത്തോടുകൂടി ശ്രുതിമധുരമായി പറഞ്ഞു.}

സീതാദേവി വലതുവശത്ത് പീഠത്തില്‍ ഇരിക്കുന്നു. കുശലവന്മാര്‍ ചാപബാണധാരികളായി ഇടതുഭാഗത്തുകൂടി പ്രവേശിച്ച് സീതയെ കെട്ടിച്ചാടി കുമ്പിടുന്നു. തുടര്‍ന്ന് ലവന്‍ തൊഴുതുമാറി നില്‍ക്കുകയും കുശന്‍ തൊഴുത് പദാഭിനയം ആരംഭിക്കുകയും ചെയ്യുന്നു.

പദം-രാഗം:കാമോദരി, താളം:അടന്ത(മൂന്നാം കാലം)
കുശന്‍:
ചരണം1:
“നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
 അംബ ദയാനിലയേ വരമമ്പൊടു നല്‍കുക
 ഡിംഭകേളിചെയ്‌വാന്‍ സംഭവിച്ചു സമയം”
{അമ്മേ, ദയാനിലയേ, അവിടുത്തെ പാദാരവിന്ദം ഞങ്ങള്‍ കുമ്പിടുന്നു‍. ദയാപൂര്‍വ്വം അനുഗ്രഹിച്ചാലും. ബാലകേളിചെയ്യാനായി സമയമായിരിക്കുന്നു.}
“നിന്‍ പാദാംഭോരുഹം കുമ്പിടുന്നു” (കുശന്‍-കലാ: രാധാകൃഷ്ണന്‍, സീത-കലാ:വിജയന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്
ലവന്‍:
ചരണം2:
“ബാലകന്മാരോടു മേളിച്ചു ഞങ്ങളും
 ലീലചെയ്‌വാനധുനാ വനജാലങ്ങള്‍ കണ്ടു
 വരുന്നുണ്ടു മാതാവേ കാലം കളഞ്ഞിടാതെ”
{ബാലകന്മാരോടുകൂടി ഞങ്ങളും ഇപ്പോള്‍ കളിക്കുവാന്‍ പോയി വനവും കണ്ടിട്ട് കാലം വൈകാതെ മടങ്ങിവന്നുകൊള്ളാം മാതാവേ}

സീതയുടെ പദം-രാഗം:എരിക്കലകാമോദരി, താളം:മുറിയടന്ത
പല്ലവി:
“അനുപമഗുണനാകും മനുകുലദീപനു
 കനിവോടു ജനിച്ചിഹ വളരുന്നു നിങ്ങള്‍”
അനുപല്ലവി:
“ദിനകരകിരണേന പരിതാപിതമായീടും
 വനതലമതിലിന്നു കഥമിതി ഗമിക്കുന്നു”
ചരണം1:
“ഗതികള്‍ കാണുന്നേരം മദഗജമൊളിച്ചീടും
 അധുനാ നിങ്ങളെപ്പിരിയുമോ ഞാനും
 മതിമുഖദ്വയംകണ്ടാല്‍ അതിമോദമിയലുന്നു
 അതിമൃദുവചനങ്ങള്‍ മതിയാകുമോ കേട്ടാല്‍”
{ഉപമിക്കാനാകാത്ത ഗുണങ്ങളോടു കൂടിയവനായ മനുകുലദീപന് മക്കളായി ജനിച്ച് ഇവിടെ വളരുന്നു നിങ്ങള്‍. സൂര്യകിരണങ്ങളേറ്റാല്‍ തളരും നിങ്ങള്‍. പിന്നെ വനത്തിലേയ്ക്ക് ഇപ്പോള്‍ എങ്ങിനെ പോകും? മത്തനായ ഗജം പോലും നാണിച്ച് ഒളിക്കുന്നത്ര സൌന്ദര്യമുള്ള സഞ്ചാരഗതിയോടു കൂടിയ നിങ്ങളെ ഞാന്‍ ഇപ്പോള്‍ പിരിഞ്ഞിരിക്കുന്നതെങ്ങിനെ? നിങ്ങളുടെ ചന്ദ്രസമാനമായ മുഖങ്ങള്‍ കണ്ടാല്‍ അതിയായ മോദം ഉണ്ടാകുന്നു. നിങ്ങളുടെ അതിമൃദുവായ വചനങ്ങള്‍ കേട്ടാല്‍ മതിയാകുമോ?}

ശേഷം ആട്ടം-
കുശലവന്മാര്‍:(സീതയെ കെട്ടിച്ചാടി കുമ്പിട്ടശേഷം) ‘എന്നാല്‍ ഞങ്ങള്‍ പോകട്ടെയോ?’
സീത:‘നില്ക്കട്ടെ, നിങ്ങള്‍ക്ക് ഇന്ന് വിദ്യാഭ്യാസം ഇല്ലയോ?’
കുശന്‍:‘ഇന്ന് മുടക്കമാണ്’
സീത:‘അതിനുകാരണം എന്ത്?’
ലവന്‍:‘ഗുരുനാഥനായ വാല്മീകിമഹര്‍ഷി ഇന്ന് വരുണനെ സന്ദര്‍ശ്ശിക്കുവാനായി പോയിരിക്കുകയാണ്’
കുശന്‍:‘അതിനാല്‍ ഇന്ന് വിദ്യാഭ്യാസമില്ല’
സീത:‘വനത്തില്‍ ചെന്നാല്‍ നിങ്ങള്‍ വെയിലില്‍ നടക്കുമോ?’
ലവന്‍:‘ഇല്ല, വെയിലില്‍ നടക്കുകയില്ല’
സീത:‘എന്നാല്‍ പോയി സ്വല്പസമയം കളിച്ചശേഷം വേഗം മടങ്ങിവരിക’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
കുശലവന്മാര്‍ സീതയെ വീണ്ടും കുമ്പിടുന്നു. സീത അനുഗ്രഹിച്ച് ഇരുവരേയും വാത്സല്യത്തോടെ ആലിംഗനം ചെയ്ത് യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. കുശലവന്മാര്‍ മാറിതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.

ശ്ലോകം^-രാഗം:ഭൈരവി
“ആജ്ഞാമാലംബ്യ മാതുര്‍ വനഭുവി ച ജവാല്‍ സഞ്ചരന്തൌ കുമാരൌ
 സാകം സമ്പ്രേക്ഷണീയൌ സകലഗുണഗണൈശ്ചന്ദ്രബിംബോപമാസൌ
 ഉല്‍‌പ്രേക്ഷ്യോല്‍‌പ്രേക്ഷ്യ വൃക്ഷാന്‍ ഫലഭരനമിതാനത്ഭുതാന്‍ പക്ഷിസംഘാന്‍
 ദൃഷ്ട്വാ തുംഗം തുരഗം സകുതുകമനുജസ്തത്രപൂര്‍വ്വം ജഗാദ”
{സുന്ദരന്മാരും സകലഗുണസമ്പന്നന്മാരും ചന്ദ്രബിംബതുല്യം മുഖകാന്തിയുള്ളവരുമായ കുമാരന്മാര്‍ മാതൃസമ്മതപ്രകാരം വനത്തിലെത്തി ഫലങ്ങള്‍ നിറഞ്ഞ് കുമ്പിട്ട് നില്‍ക്കുന്ന വൃക്ഷങ്ങളേയും അത്ഭുതകരമായ പക്ഷിസംഘങ്ങളേയും കണ്ട് കണ്ട് സഞ്ചരിക്കവെ വലിയൊരു കുതിരയെ കണ്ട്, അനുജന്‍ കൌതുകപൂര്‍വ്വം ജേഷ്ഠനോട് പറഞ്ഞു.}

[^ശ്ലോകം ആലപിക്കുന്ന സമയത്ത് കുശലവന്മാര്‍ വനത്തില്‍ സഞ്ചരിക്കുന്ന സങ്കല്പത്തില്‍ രംഗത്ത് വട്ടം വെയ്ക്കുന്നു. ‘ഉല്‍‌പ്രേക്ഷ്യോല്‍‌പ്രേക്ഷ്യ’ എന്ന് ആലപിക്കുന്നതോടെ അവര്‍ ഫലപൂരിതമായ വൃക്ഷങ്ങളേയും പക്ഷിക്കൂട്ടങ്ങളെയും കണ്ട് അത്ഭുതപ്പെടുന്നതായി നടിക്കുന്നു. ‘ദൃഷ്ട്വാ’ എന്നതിനൊപ്പം ലവന്‍ ഇടതുഭാഗത്തായി അശ്വത്തെ കാണുകയും സന്തോഷത്തോടെ കണ്ണുകള്‍കൊണ്ട് കുതിരയെ ജേഷ്ഠന് കാട്ടികൊടുക്കുകയും ചെയ്യുന്നു.]

കുശന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. ലവന്‍ പദം അഭിനയിക്കുന്നു.

പദം-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
ലവന്‍:
ചരണം1:
“അഗ്രജവീര വ്യഗ്രം കൂടാതെ
 ഉഗ്രതുരഗം അഗ്രേ കാണ്‍കെടോ”
{ജേഷ്ഠാ, വീരാ, പരിഭ്രമിക്കാതെ മുന്നില്‍ ഉഗ്രനായ കുതിരയെ കാണുക}
ഉഗ്രതുരഗം അഗ്രേ” (കുശന്‍-കലാ: രാധാകൃഷ്ണന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്)
കുശന്‍:
ചരണം2:-രാഗം:മോഹനം
“അനുജ വിസ്മയംദനുജമായയോ
 മനുജചേഷ്ടിതമജനി സാമ്പ്രതം”
ചരണം3:-രാഗം:മോഹനം(സാവേരിയിലും പതിവുണ്ട്)
“ഫാലനിബദ്ധം ലോലപത്രവും
 മൂലമെന്തെന്നു ബാലവാചയ”
{അനുജാ, വിസ്മയം തന്നെ. ഇത് രാക്ഷസമായയോ? അതോ മനുഷ്യരുടെ പ്രയോഗമോ? അതിന്റെ നെറ്റിയില്‍ കെട്ടിയിരിക്കുന്ന ഓലയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കു.}

ചരണമാടി കുശന്‍ കലാശമെടുക്കുന്നതോടെ ലവന്‍ ഇടത്തേയ്ക്കുനീങ്ങി ഓലവായിച്ച് നീരസം നടിക്കുന്നു. തുടര്‍ന്ന് ചരണം ആടുന്നു.

ലവന്‍:
ചരണം4:-രാഗം:മദ്ധ്യമാവതി
“ഏകവീരനാം കൌസല്യാസുതന്‍
 ലോകേ ഈ വണ്ണം ഏകനുണ്ടെങ്കില്‍“
ചരണം5:
“തുരഗബന്ധനം തരസാ ചെയ്യണം
 ധീരവാചകം വീര കേള്‍ക്കെടോ”
{‘ഏകവീരന്‍ കൌസല്യാസുതന്‍ മാത്രം. ലോകത്തില്‍ ഈവണ്ണം ഒരാള്‍ ഉണ്ടെങ്കില്‍ കുതിരയെ ബന്ധിക്കണം’ എന്ന ധീരവാചകം കേള്‍ക്കെടോ}

കുശന്‍:
ചരണം6:-രാഗം:സാരംഗം(മൂന്നാം കാലം)
“ഹന്തബാലക എന്തു സന്തേഹം
 സൈന്ധവം തന്നെ ബന്ധിക്കനീയും”
{ഹോ! ബാലകാ, എന്തിനു സന്തേഹം? കുതിരയെ നീ ബന്ധിക്കുക}

ലവന്‍ ബന്ധിക്കുവാനായി കുതിരയെ സമീപിക്കുന്നു. ഈ സമയം മുനികുമാരന്മാര്‍ ഇടതുഭാഗത്തുകൂടി പ്രവേശിച്ച് ‘അരുതേ, അരുതേ’ എന്ന് തടയുന്നു. കുശലവന്മാര്‍ വലത്തേയ്ക്കുനീങ്ങി വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. മുനികുമാരന്മാര്‍ പദാഭിനയം ചെയ്യുന്നു.

മുനികുമാരന്മാരുടെ പദം-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
ഒന്നാമന്‍:
പല്ലവി:
“അലമലമതി സാഹസം ചെയ്കൊല്ല നിങ്ങള്‍
 ബലമെന്തു നമുക്കധുനാ”
{മതിയാക്കു,മതിയാക്കു, നിങ്ങള്‍ സാഹസം ചെയ്യരുതേ. എന്തു ബലമാണ് നമുക്കിപ്പോള്‍ ഉള്ളത്?}

കുശന്‍:‘ബലം ഈ വില്ലുതന്നെ’

ഒന്നാമന്‍:
അനുപല്ലവി:
“ഫലമില്ലാത്തൊരുകാര്യം ബലവാനും ചെയ്കയില്ല
 കളഭമോടമര്‍ചെയ്‌വാന്‍ തുനിഞ്ഞീടുമോ ഹരിണം”
(“അലമലമതി‌‌‌‌‌‌‌‌‌‌‌ --------------------------നമുക്കധുനാ”)
{ഫലമില്ലാത്തൊരു കാര്യം ബലവാനും ചെയ്യുകയില്ല. ആനയോട് പോര്‍ചെയ്യാന്‍ തുനിയുമോ മാന്‍?}
അലമലമതി സാഹസം”
രണ്ടാമന്‍:
ചരണം1:
“രഘുവരനാകും രാമന്റെ തുരഗമിതു
 മഖവരയോഗ്യമാകുന്നു
 ലഘുവല്ല ബന്ധിപ്പാനും അഘവുമതിനാല്‍ വരും
 മഖഭുകതാധിപനെങ്കിലുമഹോ നൂനം
(“അലമലമതി‌‌‌‌‌‌‌‌‌‌‌---------------നമുക്കധുനാ”)
{രഘുവംശ്രേഷ്ഠനായ രാമന്റെ കുതിരയാണിത്. യാഗാശ്വവുമാണ്. എളുപ്പമല്ല ബന്ധിക്കാന്‍. ദേവേന്ദ്രനാണെങ്കിലും ബന്ധിച്ചാല്‍ തീര്‍ച്ചയായും പാപവും വരും}

ഒന്നാമന്‍:
ചരണം2:
“അന്യായം ചെയ്കിലഞ്ജസാ ആശ്രമവനേ
 അവനിസുരന്മാര്‍ക്കധികം
 അനുചിതമായ്‌വരും അവനീശ കോപമുണ്ടാം
 അതിനുമില്ല സന്ദേഹം അവനിജാസുതന്മാരേ”
(“അലമലമതി‌‌‌‌‌‌‌‌‌‌‌ -------------------നമുക്കധുനാ”)
{ആശ്രമവനത്തില്‍ വെച്ച് അന്യായം ചെയ്താല്‍ അത് ബ്രാഹ്മണര്‍ക്ക് വലിയ അപരാധമായിവരും. രാജകോപം ഉണ്ടാ‍കും. അതിന് സന്ദേഹമില്ല സീതാസുതന്മാരേ}

കുശന്‍:‘അതുകൊണ്ട് ഒട്ടും ഭയമില്ല’ 
കുശലവന്മാരുടെ പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
കുശന്‍:
ചരണം1:
“ഭൂസുരബാലന്മാര്‍ക്കു ഭീതിയുമധികം
 ഭാസുരവീര്യശാലികള്‍ ആകും ബാഹുജന്മാര്‍”
{ബ്രാഹ്മണബാലന്മാര്‍ക്ക് ഭീതി അധികമാണ്. എന്നാല്‍ അധികവീര്യശാലികളാണ് ക്ഷത്രിയന്മാര്‍}

ലവന്‍:
ചരണം2:
“വാസവനെങ്കിലിഹ വൈരമോടുവന്നാല്‍
 ശാസിച്ചീടുന്നുണ്ടു ഞങ്ങള്‍ സന്ദേഹം കൂടാതെ”
{ഇന്ദ്രനെങ്കിലുമിവിടെ വൈരമോടു വന്നാല്‍ സന്ദേഹം കൂടാതെ ജയിക്കും ഞങ്ങള്‍}

കുശന്‍:
ചരണം3:
“ഘോരമായ ശരംകൊണ്ടു പാരിടം ജയിപ്പാന്‍
 ഭാരമില്ല ഞങ്ങള്‍ക്കേതും പോക പോക നിങ്ങള്‍”
{ഘോരമായ ശരം കൊണ്ട് പാരിടം ജയിക്കുവാന്‍ ഞങ്ങള്‍ക്കൊട്ടും പ്രയാസമില്ല. നിങ്ങള്‍ പോയാലും}

ശേഷം ആട്ടം-
ഇതുകേട്ട് മുനികുമാരന്മാര്‍ പോകുന്നു(നിഷ്ക്രമിക്കുന്നു). ലവന്‍ ഇടത്തേയ്ക്കുനീങ്ങി കുശനെ കെട്ടിച്ചാടികുമ്പിട്ടിട്ട് അടുത്ത് നില്‍ക്കുന്നു.
കുശന്‍:‘നീ വേഗം കുതിരയെ പിടിച്ചുകെട്ടിയാലും. ഞാന്‍ ഈ കാട്ടില്‍ അല്പനേരം സഞ്ചരിച്ചു വരാം’
ലവന്‍:‘അങ്ങിനെ തന്നെ’
ലവന്‍ കുമ്പിട്ട് യാത്രയാകുന്നു. യാത്രയയച്ചുകൊണ്ട് കുശന്‍ നിഷ്ക്രമിക്കുന്നു. ലവന്‍ തിരിഞ്ഞ് രംഗത്തേയ്ക്ക് വരുന്നു.
ലവന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന്, കണ്ട്, ആശ്ചര്യം നടിച്ചിട്ട് ആത്മഗതമായി) ‘ഇതാ കുതിരക്കുചുറ്റും അനവധി ഭടന്മാര്‍ നില്‍ക്കുന്നു. ഇവരെ ജയിക്കുന്നതെങ്ങിനെ?’ (വിചാരിച്ച് ഉറപ്പിച്ച്) ‘ആ, വഴിയുണ്ട്. സ്തംഭനാസ്ത്രംകൊണ്ട് ഇവരെ നിശ്ചലരാക്കി നിര്‍ത്തുകതന്നെ’ (വില്ലെടുത്ത് ഞാണ്‍‌ വലിച്ചുവിട്ട് ശസ്ത്രാഭിവന്ദനം നടത്തിയിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കെട്ടിച്ചാടി ഇടത്തേയ്ക്ക് അസ്ത്രമയച്ചിട്ട് സൈന്യം നിശ്ചലമായതുകണ്ട് സന്തോഷിച്ച്) ‘സൈന്യങ്ങള്‍ നിശ്ചലരായിരിക്കുന്നു. ഇനി വേഗം കുതിരയെ പിടിച്ചുകെട്ടുക തന്നെ’
ലവന്‍ നാലാമിരട്ടിചവുട്ടി കലാശിക്കുന്നതോടെ ഇടതുഭാഗത്തേയ്ക്ക് കുതിരപ്പുറത്തേയ്ക്ക് ചാടികയറി അതിനെ ബന്ധിച്ച് ഇടതുകയ്യില്‍ വില്ലുകുത്തിപ്പിടിച്ച് ഗൌരവത്തില്‍ നില്‍ക്കുന്നു.

ശ്ലോകം-രാഗം:കേദാരഗൌഡം
“ഇത്ഥം നിയുജ്യ ലവമത്ര കുശേ പ്രയാതേ
 ലീലാവിനോദഹൃദയേ വിപിനം തദാനീം
 ബാലം സ കോമളതനും ശരചാപപാണിം
 രാമാനുജസ്തദനു തത്ര വാചോ ബഭാഷേ”
{ഇപ്രകാരം ലവനെ നിയോഗിച്ച് ക്രീഡാവിനോദപ്രിയനായി കുശന്‍ വനത്തിലേയ്ക്ക് പോയപ്പോള്‍ ശരചാപപാണിയായി അവിടെയെത്തിയ രാമാനുജനായ ശത്രുഘ്നനന്‍ കോമളശരിനായ ലവനോട് ഇങ്ങിനെ പറഞ്ഞു}

ശത്രുഘ്നന്‍ ശരചാപപാണിയായി വലതുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുനീങ്ങി ലവനെ കാണുന്നു.
ശത്രുഘ്നന്‍:(ലവനെ ആപാദചൂടം വീക്ഷിച്ചിട്ട്) ‘എടാ, ഈ കുതിരയെ പിടിച്ചുകെട്ടിയത് എന്തിന്?’
ലവന്‍:‘കുതിരയുടെ നെറ്റിയില്‍ ഈവിധം അഹങ്കാരം എഴുതിവെച്ചിട്ടുതന്നെ’
ശത്രുഘ്നന്‍:‘ങാഹാ? വേഗം കെട്ടഴിച്ച് വിട്ട് പോ’
ലവന്‍:‘ഇല്ല, ഇല്ല.’
ശത്രുഘനന്‍:‘ഇല്ലെ? നോക്കിക്കോ’
ശത്രുഘ്നന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

യുദ്ധപദം-രാഗം:സുരുട്ടി, താളം:ചെമ്പട(മൂന്നാം കാലം)
ശത്രുഘനന്‍:
പല്ലവി:
“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”
ചരണം1:
“വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ
 കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു
 ഹേളയിന്നു തവ തു കിന്നു സപദി നന്നു”
(“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”)
{നില്‍ക്കെടാ ബാലാ. നല്ലതിനല്ല ഈ നിന്ദിക്കല്‍. വില്ലാളികളുടെകൂട്ടമെല്ലാം വല്ലാത്ത ഭീതിയോടെ യോഗ്യനായ നൃപശ്രേഷ്ഠന്റെ പാദതളിരുകള്‍ തൊഴുന്നു. എന്നിരിക്കെ ഈ നിന്ദ നിനക്ക് നല്ലതോ?}

ലവന്‍:
ചരണം2:
“പോരും പോരും നിന്നുടെ വീരവാദം ചൊന്നതു
 പാരിടത്തിലൊരു വീരനെന്നു ചില ലേഘനങ്ങള്‍ കണ്ടു
 കടുതകൊണ്ടു പടുതപൂണ്ടുയെന്തുവേണ്ടു”
പല്ലവി:
“നില്ലു നില്ലടാ ഭൂപാ നല്ലതിനല്ല ഹേളനം”
{മതി, മതി നിന്റെ വീരവാദം പറച്ചില്‍. പാരിടത്തിലെ ഏകവീരനെന്ന് ചില ലേഘനങ്ങള്‍ കണ്ടു. കോപം കൊണ്ട് ബലം പ്രയോഗിച്ചു. അതിന് എന്തുവേണം?}

ശത്രുഘ്നന്‍:
ചരണം3:
“ദാശരഥിയുടയവാജിയെ ബന്ധിപ്പതിനാശയെന്തു തവ
 കീശകൃത്യമിതു പോക്കുമെന്നതോര്‍ക്ക
 കരുതിനില്ക്ക ഹൃദി ധരിക്ക സമരമേല്ക്ക”
(“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”)
{ദാശരഥിയുടെ വാജിയെ ബന്ധിക്കുവാന്‍ ആശയെന്താണ് നിനക്ക്? ഈ വാനരചാപല്യം നശിപ്പിക്കുമെന്ന് മനസ്സിലാക്കി കരുതലോടെ നിന്ന് സമരത്തെ നേരിടുക}

ലവന്‍:
ചരണം4:
“ബാലനെന്നുള്ള നാമം ചൊല്ലീടരുതേ നീയും
 ബാലനല്ലോ ബലിയാഗവാടമതിലോകമാനകല്യന്‍
 അവനു തുല്യന്‍ അഹമശല്യന്‍ അമരബല്യന്‍”
(“നില്ലു നില്ലെടാ ഭൂപാ നല്ലതിനല്ല ഹേളനം”)
{ബാലനെന്ന് നീ വിളിക്കരുത്. പണ്ട് ഒരു ബാലനാണല്ലൊ ബലിയുടെ യാഗശാലയില്‍ മൂന്നുലോകങ്ങളേയും കവിഞ്ഞ് യോഗ്യനായവന്‍. അവനു തുല്യനും, ധീരനും, ദേവശക്തിയുള്ളവനുമാണ് ഞാന്‍}

ശേഷം യുദ്ധവട്ടം-
ഇരുവരും പരസ്പരം പോരിനുവിളിച്ച് അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം നാലാമിരട്ടിയെടുത്ത് അമ്പയച്ച് വട്ടം തിരിയുന്ന ലവനെ ശത്രുഘ്നന്‍ ബന്ധിച്ച് ഇടതുവശത്തായി നിര്‍ത്തുന്നു.

ശ്ലോകം-രാഗം:പന്തുവരാളി
“ഏവം മോഹമുപാഗതം ലവമസൌ ജ്ഞാത്വാഗ്രജാത്മജം
 ബാഹുഭ്യാം പരിരഭ്യ തുംഗതുരഗം സംഗൃഹൃ യാത: പഥി
 തദ്ഭ്രാതാപി കുശോഥ വേദിതകഥോ യുദ്ധായ ബഭ്രദ്ധനു
 സ്തുര്‍ണ്ണം തത് പുരതോ നിവാര്യഗമനം ശത്രുഘ്നമൂചേ തദാ”
{ഇപ്രകാരം മോഹാലസ്യപ്പെട്ട ലവന്‍ ജേഷ്ഠപുത്രനാണെന്ന് അറിഞ്ഞിട്ട് ശത്രുഘ്നന്‍ ആലിംഗനം ചെയ്തശേഷം, ആ വലിയ കുതിരയെ കൈക്കലാക്കി തന്റെ വഴിക്ക് പോകാന്‍ തുടങ്ങി. വഴിക്ക് ജേഷ്ഠനായ കുശന്‍ ഇക്കഥയറിഞ്ഞ് യുദ്ധത്തിനായി വില്ലുമേന്തി ശത്രുഘ്നന്റെ മുമ്പില്‍ വന്ന് വഴിതടഞ്ഞിട്ട് ഇങ്ങിനെ പറഞ്ഞു.}
കുശന്‍-കലാ: രാധാകൃഷ്ണന്‍, ശത്രുഘനന്‍-സദനം മോഹനന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്
കുശന്‍ വലതുഭാഗത്തുകൂടി ഓടി പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന് ബന്ധനസ്ഥനായ അനുജനേയും ശത്രുഘ്നനേയും കാണുന്നു.
കുശന്‍:(ക്ഷോഭിച്ച്) ‘എടാ, എന്റെ അനുജനെ ബന്ധിക്കുവാന്‍ കാരണമെന്ത്?’
ശത്രുഘ്നന്‍:‘കുതിരയെ പിടിച്ചുകെട്ടിയതു തന്നെ കാരണം’
കുശന്‍:‘ഉടനെ കെട്ടഴിച്ചുവിട്ട് പോ’
ശത്രുഘ്നന്‍:‘ഇല്ല’
കുശന്‍:‘ഇല്ലെ?’
കുശന്‍ ബലമായി ലവനെ ബന്ധവിമുക്തനാക്കി വലതുവശത്തേയ്ക്ക് കൊണ്ടുവരുന്നു. ലവന്‍ കുശനെ കുമ്പിട്ട് പിന്നോട്ട്മാറി നിഷ്ക്രമിക്കുന്നു. ലവനെ അനുഗ്രഹിച്ച് അയച്ചശേഷം കുശന്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് പദം ആടുന്നു.

യുദ്ധപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
കുശന്‍:
പല്ലവി:
“ആരെടാ ബാലനെപ്പിടിച്ചു കൊണ്ടുപോകുന്ന-
 താരെടാ നില്ലു നില്ലടാ”
ചരണം1:
“ധൈര്യമോടു നീ എന്നുടെ
 നേരെ നില്‍ക്കുമെന്നാല്‍
 ഘോരമായ സമരേ മമ സായക
 മേല്ക്കുമെന്നതോര്‍ക്ക കരുതിനില്ക്ക”
(“ആരെടാ ബാലനെ-------നില്ലു നില്ലടാ”)
{ബാലനെ പിടിച്ചുകൊണ്ടുപോകുന്നതാരെടാ? നില്ലടാ, നില്‍ക്ക്. ധൈര്യമോടെ നീ എനോട് നേരിട്ടുവെന്നാല്‍ ഘോരമായ സമരത്തില്‍ എന്റെ അസ്ത്രമേല്‍ക്കുമെന്ന് മനസ്സിലാക്കുക. കരുതി നില്‍ക്കുക}

ശത്രുഘ്നന്‍:
ചരണം2:
“ചിന്തനംകൂടാതെ നീ സൈന്ധവമിതുതന്നെ
 ബന്ധിപ്പതിനുമെന്തെടാ മന്ദമതേ നീയും
 ബന്ധിച്ചു കൊണ്ടുപോകും വന്ദനീയജന നിന്ദനമിതു
 തവ യോഗ്യമല്ല ബാല ചപലശീല”
പല്ലവി:
“ആരെടാ വാജിയെപ്പിടിച്ചുകൊണ്ടുപോകുന്ന-
 താരെടാ നില്ലു നില്ലടാ”
{ചിന്തനം കൂടാതെ നീ കുതിരയെ ബന്ധിച്ചതെന്തിന്? മന്ദബുദ്ധീ, നിന്നെയും പിടിച്ചുകെട്ടി കൊണ്ടുപോകും. വന്ദനീയരായവരെ ഇങ്ങിനെ നിന്ദിക്കുന്നത് നിനക്ക് യോഗ്യമല്ല ചപലശീലനായ ബാലകാ. കുതിരയെ പിടിച്ചുകൊണ്ടുപോകുന്നത് ആരെടാ? നില്ലടാ, നില്‍ക്ക്}

കുശന്‍:
ചരണം3:
“കഷ്ടമാകിയ കര്‍മ്മം ചെയ്തതിനിഹ തവ
 കിട്ടുമടുത്തുഫലവും കെട്ടുപെട്ട വാജിയെ
 വിട്ടുകൊണ്ടു പോകുമോ തിഷ്ഠതിഷ്ഠ രണനാടക-
 മാടുവതിന്നു ധൃതി കലര്‍ന്നു സമയമതിനന്നു”
(“ആരെടാ ബാലനെ-------------നില്ലു നില്ലടാ”)
{കഷ്ടമായുള്ള ഈ കര്‍മ്മം ചെയ്തതിനുള്ള ഫലം നിനക്ക് ഇപ്പോള്‍ തന്നെ കിട്ടും. കുതിരയെ കെട്ടഴിച്ച് കൊണ്ടുപോകുമോ? രണമാടുവാന്‍ ധീരതയോടെ നില്‍ക്കുക. ഏറ്റവും നല്ല സമയമാണിത്}

ശേഷം യുദ്ധവട്ടം-
ശത്രുഘ്നനും കുശനും ക്രമത്തില്‍ പോരുവിളിച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം ശത്രുഘ്നന്‍ പരാജയപ്പെട്ട് പിന്‍‌വാങ്ങുന്നു. ശത്രുഘ്നന്‍ നിഷ്ക്രമിക്കുന്നു. കുശന്‍ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി മുന്നോട്ടുവരുന്നു.
കുശന്‍:‘അവന്‍ യുദ്ധത്തില്‍ തോറ്റ് ഓടിപോയി. ഇനി അനുജനോടുകൂടി ഇവിടെ ഇരിക്കുകതന്നെ’
കുശന്‍ നാലാമിരട്ടിയെടുത്ത് പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ലവണാസുരവധം പതിനഞ്ച് മുതല്‍ പതിനേഴ് വരെ രംഗങ്ങള്‍

പതിനഞ്ച്, പതിനാറ് രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

പതിനേഴാം രംഗം

രംഗത്ത്-ഹനുമാന്‍‍(ഒന്നാംതരം വെള്ളത്താടിവേഷം), കുശന്‍, ലവന്‍

ശ്ലോകം-രാഗം:മദ്ധ്യമാവതി
“ആയോധനേ വിജിതമാശരരാജപുത്ര
 ശത്രും വിബുദ്ധ്യബലിനാ കുശനാമകേന
 സീതാപതിസ്സതതഗാത്മജമദ്യയുങ്ക്ത
 സമ്പ്രാപ്യ വത്സനികടം ജഗദേ ഹനൂമാന്‍”
{ബലവാനായ കുശനാല്‍ ലക്ഷണനും യുദ്ധത്തില്‍ പരാജയപ്പെട്ടു എന്നറിഞ്ഞ സീതാപതി വാതാത്മജനെ നിയോഗിച്ചു. ഹനുമാന്‍ കുട്ടികളുടെ അടുത്തുവന്ന് പറഞ്ഞു.}

ഹനുമാന്റെ തിരനോട്ടം-
തിരനോട്ടശേഷം ഹനുമാന്‍ വലതുകോണില്‍ പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തുന്നു. കുശലവന്മാര്‍ ഇടതുവശത്ത് വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഹനുമാന്‍:‘അഹോ! ഈ കാട്ടില്‍വന്ന എന്റെ സ്വാമിയുടെ യാഗാശ്വത്തെ രണ്ടു ബാലന്മാര്‍ പിടിച്ചുകെട്ടിയിരിക്കുന്നുവത്രെ. അതു തന്നെയല്ല, സ്വാമിയുടെ അനുജന്മാരെപ്പോലും ആ വീരന്മാര്‍ ജയിക്കുകയും ചെയ്തുവത്രെ. ഇപ്പോള്‍ കുതിരയെ വീണ്ടെടുത്ത് കൊണ്ടുചെല്ലുവാന്‍ ശ്രീരാമസ്വാമി എന്നോട് കല്പിച്ചിരിക്കുന്നു. അതിനാല്‍ ഇനി ആ കുട്ടികളും കുതിരയും എവിടെ എന്ന് തേടുകതന്നെ.’(ഇരുവശങ്ങളിലേയ്ക്കും മാറിമാറിനോക്കി തിരഞ്ഞുനടക്കുന്നതായി നടിച്ചശേഷം കുശലവന്മാരെ ദൂരെ കണ്ട് കൌതുകത്തോടെ നോക്കിക്കൊണ്ട്) ‘അസ്ത്രശസ്ത്രങ്ങള്‍ ധരിച്ച് ഒട്ടും കൂസലില്ലാതെ നില്‍ക്കുന്ന ഈ ബാലന്മാര്‍ ആരാണ്? മുഖത്ത് ക്ഷാത്രപൌരുഷം വിലസുന്നുണ്ട്. എന്നാല്‍ ഇവര്‍ മുനികുമാരന്മാരെ പോലെ മരവുരി ഉടുത്ത് ജടകെട്ടിവെച്ചിരിക്കുന്നു.‘ (വിചാരിച്ചിട്ട്) ‘പണ്ട് ഞാന്‍ സുഗ്രീവാജ്ഞപ്രകാരം വടുവേഷം ധരിച്ച് രാമലക്ഷമണന്മാരെ ചെന്നുകണ്ടപ്പോള്‍ അവരുടെ രൂപം ഈവിധംതന്നെ ആയിരുന്നു. ഇവര്‍ക്ക് ശ്രീരാമസ്വാമിയുടെ ഛായതോന്നുന്നുണ്ട്.’ (ഓര്‍ത്തിട്ട്) ‘അന്ന് സീതാദേവിയെ കാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍ പൂര്‍ണ്ണഗര്‍ഭിണി ആയിരുന്നു. ഇവര്‍ ദേവിയുടെ പുത്രന്മാര്‍ ആയിരിക്കുമോ? ഇനി സത്യം അറിയുകതന്നെ. ഇവരെ അല്പമൊന്ന് ഭയപ്പെടുത്തി നോക്കാം.‘
ഹനുമാന്‍ ഒരു മരച്ചില്ല ഒടിച്ച് ചുഴറ്റി കുട്ടികളുടെ നേരേ എറിയുന്നു. പെട്ടന്ന് കുശലവന്മാര്‍ ഹനുമാന്റെ നേരെ ശരങ്ങള്‍ ഉതിര്‍ക്കുന്നു. ഹനുമാന്‍ തടുത്തുകൊണ്ട് ‘അരുതേ, അരുതേ’ എന്ന് തുടരെ അപേക്ഷിക്കുന്നു. കുശലവന്മാര്‍ അമ്പെയ്ത്ത് നിര്‍ത്തുന്നു.
ഹനുമാന്‍:‘ഹോ! എന്തൊരു ശൌര്യം. രണ്ടു സിംഹക്കുട്ടികള്‍ തന്നെ’
ഹനുമാന്‍ ഇലകള്‍ ഉതിര്‍ത്തെടുത്ത് ബാലന്മാരുടെ നേരെ എറിയുന്നു. ലവകുശന്മാര്‍ പൂര്‍വ്വാധികം വാശിയോടെ ശരമുതിര്‍ക്കുന്നു. പൊറുതിമുട്ടിയ ഹനുമാന്‍ അവരുടെ മദ്ധ്യത്തിലേയ്ക്ക് ചാടിയിറങ്ങുന്നു. ലവകുശന്മാര്‍ ഇരുവശത്തും നിന്ന് തിരക്കുന്നു. ഹനുമാന്‍ വലത്തേയ്ക്കുമാറി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
ലവകുശന്മാര്‍(കലാ:ബാലസുബ്രഹ്മണ്യനും കോട്ട:കേശവനും) ഹനുമാന്റെ(കലാ:രാമന്‍‌കുട്ടിനായര്‍) ഇരുവശത്തും നിന്ന് തിരക്കുന്നു
പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
ഹനുമാന്‍:
 പല്ലവി:
“സാഹസികളാരിവിടെ പോരിനു തുനിഞ്ഞതും
 മോഹേന ചാകുലിത ഹൃദയരോവാ”
അനുപല്ലവി:
“അനിലസുതനഹമെന്നു ധരിച്ചീടുവിന്‍ ബാലരെ
 ജലനിധി കടന്നോരു വാനരനഹം”
ചരണം1:(നാലാം കാലം)
“ഘനതരപരാക്രമികളായ നിശിചാരികളെ
 രണഭുവി സമൂഹേന മര്‍ദ്ദനകരന്‍ ഞാന്‍”
{ഇവിടെ പോരിനു തുനിഞ്ഞ സാഹസികളാര്? മോഹത്താല്‍ ആകുലമായ ഹൃദയത്തോടുകൂടിയവരോ? വായുസുതനാണ് ഞാന്‍ എന്ന് ധരിച്ചീടൂ ബാലരേ. സമുദ്രം കടന്നൊരു വാനരനാണ് ഞാന്‍. കനത്ത പരാക്രമികളായ നിശിചാരികളെ രണഭുമിയില്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചവനാണ് ഞാന്‍.}

കുശന്‍:
ചരണം2:(രണ്ടാം കാലം)
“വാചാലവാനര വരിക വരികാശു നീ
 ആചാമിതാശേഷധാര്‍ഷ്ട്യംനികരം”
{വാചാലനായ വാനരാ, സകലവിധമായ ധാര്‍ഷ്ട്യവും ഉള്‍ക്കൊണ്ട് വരിക നീ വേഗം വരിക}

ലവന്‍:
ചരണം3:
“ഉചിതമുചിതം കപേ ശ്രുതിപഥകുതൂഹലം
 വചനമുരചെയ്യുമോ കപികളുമഹോ”
{കൊള്ളാം, കൊള്ളാം, കപേ. ഹോ! കാതിനിമ്പമേകുന്ന തരത്തില്‍ വാക്കുകള്‍ പറയുമോ കപികളും?}

കുശന്‍:
ചരണം4:
“വീരവരനെങ്കിലിഹ ഘോരസമരാങ്കണേ
 ധീരത കലര്‍ന്നിവിടെ നിന്നീടുക”
{വീരശ്രേഷ്ഠനെങ്കില്‍ ഘോരമായ സമരാങ്കണത്തില്‍ ധീരതയോടെ ഇവിടെ നിന്നീടുക}

ഹനുമാന്‍:
ചരണം5:
“ചേരുമിതു ചേരുമിതു ചാരുതവ സാഹസം
 നേരിടുവതിനു മമ പോരുമോ നീ”
{നന്നായി, നന്നായി. കേമം തന്നെ നിന്റെ സാഹസം. എന്നെ നേരിടുവാന്‍ നീ മതിയാകുമോ?}

കുശന്‍:
ചരണം6:
“ചൊല്‍കൊണ്ടവിക്രമമിതൊക്കെയുമഹോ തവ
 പോക്കുന്നതുണ്ടിവിടെ കണ്ടുകൊള്‍ക”
{കേള്‍വികേട്ട നിന്റെ വിക്രമമൊക്കെയും ഇവിടെ കളയുന്നുണ്ട്. കണ്ടുകൊള്‍ക}

ലവന്‍:
ചരണം7:(നാലാം കാലം)
“മര്‍ക്കട മഹാചപല നില്ക്ക രണഭൂമിയില്‍
 ധിക്കാരമെന്നോടു ചൊല്ലിടാതെ”
{മഹാചപലനായ മര്‍ക്കട എന്നോട് ധിക്കാരം ചൊല്ലീടാതെ രണഭൂമിയില്‍ നില്‍ക്കുക}
“ധിക്കാരമെന്നോടു ചൊല്ലിടാതെ” (ഹനുമാന്‍:കലാ:രാമന്‍‌കുട്ടിനായര്‍, കുശന്‍:സദനം ഭാസി)

ശേഷം യുദ്ധവട്ടം-
ഹനുമാനും കുശലവന്മാരും പരസ്പരം പോരിനുവിളിച്ച് യുദ്ധവട്ടം ചവുട്ടുന്നു.
തുടര്‍ന്ന് ശക്തിപ്രകടനം-
(മേളം:ചെമ്പ മൂന്നാം കാലം)
കുശന്‍:‘വാനരാ, എന്റെ ആയുധശക്തി കണ്ടാലും’ (വില്ലുതയ്യാറാക്കി ബാണമയച്ച് നിലത്ത് ഗര്‍ത്തമുണ്ടാക്കിയിട്ട്) ‘ഇത് കണ്ടാലും’
ലവന്‍:‘ഇനി എന്റെ ശക്തി കണ്ടാലും’ (വില്ലുതയ്യാറാക്കി ബാണമയച്ച് നിലത്ത് ഗര്‍ത്തമുണ്ടാക്കിയിട്ട്) ‘ഇത് കണ്ടാലും’
ഹനുമാന്‍:(കെട്ടിച്ചാടി താണുനിന്ന് പിളര്‍ന്ന നിലം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഹോ എന്തൊരു ശക്തി’ (ബാലരോടായി) ‘ഇത് വളരെ നിസ്സാരം. ഇനി എന്റെ കരബലം കണ്ടുകൊള്‍വിന്‍’ (മുഷ്ടികള്‍ കൊണ്ട് നിലം ഇടിച്ച് പിളര്‍ത്തിയിട്ട്) ‘ഇതാ ഇതുകാണുവിന്‍’
കുശലവന്മാര്‍:(കെട്ടിച്ചാടി നിന്ന് ഗര്‍ത്തം പരിശോധിച്ചശേഷം, പുച്ഛത്തോടെ) ‘ഇത് ഏറ്റവും നിസ്സാരം തന്നെ’
വീണ്ടും കുശലവന്മാരും ഹനുമാനും പരസ്പരം പോരിനുവിളിക്കുന്നു. കുശലവന്മാര്‍ മാറിമാറി ഹനുമാന്റെ നേരെ അസ്ത്രങ്ങളയക്കുന്നു. പീഠത്തില്‍ കാല്‍ചവുട്ടി നില്‍ക്കുന്ന ഹനുമാന്‍ വിനോദഭാവത്തില്‍ അസ്ത്രങ്ങള്‍ പിടിച്ചെടുത്ത് പൊട്ടിച്ചുകളയുന്നു.
(മേളം:ചെമ്പ നാലാം കാലം)
കുശലവന്മാര്‍ അസ്ത്രമയക്കല്‍ തുടരുന്നു.
(മേളം:ചെമ്പ അഞ്ചാം കാലം)
കുശലവന്മാര്‍ അസ്ത്രമയക്കല്‍ തുടരുന്നു.
(മേളം:ചെമ്പട താളം)
കുശലവന്മാര്‍ ഇടതടവില്ലാതെ വീറോടെ അസ്ത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു. പൊറുതിമുട്ടിയ ഹനുമാന്‍ തടുത്തുകൊണ്ട് വട്ടംതിരിഞ്ഞ് പീഠത്തില്‍ കയറി നില്‍ക്കുകയും, തുടര്‍ന്ന് വിഷമിച്ച് നിലം‌പതിക്കുകയും ചെയ്യുന്നു. കുശലവന്മാര്‍ ഹനുമാനെ ബന്ധിക്കുന്നു.
കുശന്‍:‘ഇനി നമുക്ക് ഇവനേയും കൊണ്ട് മാതൃസമീപത്തേയ്ക്ക് പോകാം?’
ലവന്‍:‘അങ്ങിനെ തന്നെ’
ലവകുശന്മാര്‍ ഇരുവശങ്ങളിലുമായി നിന്ന് ഹനുമാനെ പിടിച്ചുകൊണ്ട് പിന്നോട്ട്മാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ലവണാസുരവധം പതിനെട്ട്,പത്തൊന്‍പത് രംഗങ്ങള്‍

പതിനെട്ടാം രംഗം

രംഗത്ത്-സീത, ഹനുമാന്‍, കുശന്‍, ലവന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“ബദ്ധ്വാതം സമരേ സമീരണസുതം സീതാസുതൌ സാഹസാല്‍
 സമ്യക്ക്ജ്ഞാനവതാം വരം കപിവരം മാതുസ്സമീപം ഗതൌ
 സീതാ ചാത്ഭുതവിക്രമ സ്വദയിത പ്രഖ്യാതഭക്തമ്മുദാ
 മുഗ്ദ്ധം ബദ്ധമവേക്ഷ്യ വാചമവദന്മന്ദാക്ഷമന്ദാക്ഷരം”
{ജ്ഞാനികളില്‍ മുന്‍പനും വായുസുതനുമായ ആ കപിശ്രേഷ്ഠനെ സീതാസുതന്മാര്‍ സാഹസത്താല്‍ സമരത്തില്‍ ബന്ധിച്ച് മാതൃസമീപത്ത് കൊണ്ടുചെന്നു. സീതയാകട്ടെ അത്ഭുതവിക്രമനും സ്വന്തം പതിയുടെ പ്രഖ്യാതഭക്തനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ടിട്ട് അപരാധബോധത്തോടെ മന്ദം പറഞ്ഞു.}

സീത വലതുവശത്ത് പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി കുശലവന്മാര്‍ ഹനുമാനേയും കൊണ്ട് പ്രവേശിക്കുന്നു. ഹനുമാനെ ഇടതുഭാഗത്ത് നിലത്തിരുത്തിയിട്ട് ഇരുവരും മാതാവിനെ വണങ്ങി, സന്തോഷത്തോടെ ഹനുമാനെ കാട്ടികൊടുക്കുന്നു. സീത എഴുന്നേറ്റ് ഹനുമാനെ സൂക്ഷിച്ചുനോക്കിയിട്ട് അത്ഭുതത്തോടും ദു:ഖത്തോടും കൂടി പദാഭിനയം ചെയ്യുന്നു.

സീതയുടെ പദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“ഹന്ത ഹന്ത ഹനുമാനേ ബന്ധിതനായതു പാര്‍ത്താല്‍
 എന്തീവണ്ണം വന്നീടുവാന്‍ ചിന്തിക്കില്‍ ദൈവചേഷ്ടിതം”
ചരണം2:
“പ്രാണനെപ്പാലിച്ച നിന്നെ കാണിനേരം മറക്കുമോ
 പ്രാണികളില്‍ നിന്നെപ്പോലെ കാണുമോ വാനരവീര”
ചരണം3:
“ജനകന്‍ മേ താതനെന്നു ജനങ്ങളുരചെയ്യുന്നു
 കനിവോടെന്‍ പ്രാണനേയും ജനിപ്പിച്ച ജനകന്‍ നീ”
ചരണം4:^
“സുന്ദര മമ തനയ വന്ദനീയന്‍ ശ്രീഹനൂമാന്‍
 ബന്ധിച്ചതു മഹാപാപം ബന്ധമോചനം ചെയ്താലും”
{കഷ്ടം! കഷ്ടം! ഹനുമാനേ, അങ്ങ് ബന്ധിതനായി കാണുന്നല്ലോ. എന്താണ് ഈവിധം വരുവാന്‍? ചിന്തിക്കില്‍ ദൈവഹിതമെന്നേ പറയേണ്ടൂ. പ്രാണനെ രക്ഷിച്ച അങ്ങയെ നിമിഷനേരം പോലും മറക്കുമോ? പ്രാണികളില്‍ വാനരവീരനായ അങ്ങയെപ്പോലെ ഒരാളെ കണ്ടെത്താനാകുമോ? ജനകമഹാരാജാവാണ് എന്റെ താതനെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ കനിവോടെ എന്റെ പ്രാണനെ കാത്ത ജനകന്‍ അങ്ങാണ്. സുന്ദരാ, എന്റെ പുത്രാ, വന്ദനീയനാണ് ശ്രീഹനുമാന്‍. ബന്ധിച്ചത് മഹാപാപമായി. ബന്ധമോചനം ചെയ്താലും.}

[^“സുന്ദര മമ തനയ” എന്ന ചരണം രണ്ടാംചരണമായും ആലപിക്കാറുണ്ട്.]
“ഹന്ത ഹന്ത ഹനുമാനേ“ സീത-കലാ:വിജയകുമാര്‍, ഹനുമാന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്

പദാഭിനയശേഷം സീത ഇടതുവശത്ത് പീഠത്തിലിരിക്കുന്നു. മാതൃവചനം കേട്ട് കുശലവന്മാര്‍ ഹനുമാനെ ബന്ധമോചനം ചെയ്ത് വന്ദിക്കുന്നു. ഹനുമാന്‍ സീതാസമീപത്തേയ്ക്ക് നിരങ്ങി നിങ്ങിക്കൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ഹനുമാന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“സുഖമോ ദേവി സാമ്പ്രതമിഹതേ
 സുകൃതനിധേ ജാതം സുദിനം”
ചരണം1:
“പാദയുഗം തവ ഞാനും പരിചോടെ വന്ദിക്കുന്നേന്‍
 ആദരേണ പരിപാഹി ദാസനല്ലോ ഹനുമാന്‍ ഞാന്‍”
(“സുഖമോ ദേവി .......................................... സുദിനം”)
{ദേവീ, അവിടുത്തേയ്ക്ക് ഇവിടെ സുഖം തന്നെയല്ലെ? സുകൃതനിധിയായുള്ളവളേ, എനിക്കിത് ഒരു സുദിനമായ് വന്നു. അവിടുത്തെ പാദങ്ങള്‍ ഞാന്‍ സാദരം വന്ദിക്കുന്നു. സ്നേഹത്തോടെ പരിപാലിച്ചാലും. ഹനുമാനായ ഞാന്‍ അവിടുത്തെ ദാസനാണല്ലോ}
സുഖമോ ദേവി“ ഹനുമാന്‍-കീഴ്പ്പടം കുമാരന്‍ നായര്‍, സീത-കോട്ടക്കല്‍ ശിവരാമന്‍

ഹനുമാന്‍:(കുശലവന്മാരോടായി) ‘നോക്കിക്കോള്‍വിന്‍ ഞാനിപ്പോള്‍ എല്ലാം അമ്മയോട് പറയുന്നുണ്ട്’
കുശലവന്മാര്‍:(ഓടിവന്ന് ഹനുമാന്റെ ദേഹം തലോടിക്കൊടുത്തുകൊണ്ട്) ‘അയ്യോ അരുതേ. പറയരുതേ’
ഹനുമാന്‍:(വാത്സല്യപൂര്‍വ്വം കുശവലവന്മാരേ ആലിംഗനം ചെയ്തിട്ട്) ‘ഏയ് ഇല്ല. ഞാന്‍ പറയുന്നില്ല’
ഹനുമാന്‍ ആശ്ചര്യഭാവത്തോടെ പദാഭിനയം തുടരുന്നു.

ചരണം2:
“പുത്രരുടെ പരാക്രമം എത്രയുമദ്ഭുതം പാര്‍ത്താല്‍
 ഇത്രിലോകം പാലിപ്പാനും യോഗ്യരായി വരും നുനം”
{പുത്രരുടെ പരാക്രമം കണ്ടാല്‍ എത്രയും അത്ഭുതം തന്നെ. ഈ ത്രിലോകം പാലിക്കുവാന്‍ ഇവര്‍ യോഗ്യരായ് വരും, തീര്‍ച്ച.}
പുത്രരുടെ പരാക്രമം“ സീത-കലാ:വിജയന്‍, ഹനുമാന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഹനുമാന്‍ സീതയെ വന്ദിച്ച് സമീപം നിക്കുന്നു.
സീത:(അനുഗ്രഹിച്ചശേഷം) ‘സ്വാമിക്കും അനുജാദികള്‍ക്കും സുഖം തന്നെയല്ലെ?’
ഹനുമാന്‍:‘സുഖം തന്നെ’
സീത:‘അങ്ങ് ഈ കാട്ടില്‍ വന്നതെന്തിന്?’
ഹനുമാന്‍:‘ശ്രീരാമസ്വാമി ഒരു യാഗം നടത്തുന്നു. അതിന്റെ ഭാഗമായി ദിഗ്വിജയത്തിനായി ഒരു അശ്വത്തെ അയച്ചു. ആ കുതിരയെ ഇവര്‍ ബന്ധിച്ചു. സ്വാമീനിയോഗത്താല്‍ വാജിയെ തേടി ഈ കാട്ടില്‍ വന്ന ഞാന്‍ ഇവരെ കണ്ടു. ലേശം യുദ്ധം ചെയ്തു. അങ്ങിനെ ഇവിടെ വരാനും അവിടുത്തെ കാണാനും സംഗതി വന്നു.
സീത:‘ഭാര്യ സമീപമില്ലാതെ സ്വാമി യാഗം നടത്തുന്നതെങ്ങിനെ?’
ഹനുമാന്‍:‘സ്വര്‍ണ്ണംകൊണ്ട് ദേവിയുടെ രൂപം നിര്‍മ്മിച്ച് സമീപത്തുവെച്ചുകൊണ്ടാണ് സ്വാമി യാഗം നടത്തുന്നത്. ഏതായാലും ദേവിയെ ദര്‍ശ്ശിക്കുവാന്‍ എനിക്ക് യോഗമുണ്ടായല്ലൊ. ഇനി അധികം താമസിയാതെ സ്വാമിക്കും ദേവിക്കും യോജിക്കുവാനുള്ള സംഗതിവരട്ടെ. പണ്ട് ഒരു രാമനെ മാത്രമല്ലെ ദേവിയ്ക്ക് കാണുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ രണ്ടു രാമന്മാരുടെ മുഖം കാണാമല്ലോ. ദേവി ഭാഗ്യവതിതന്നെ. അതിനാല്‍ ദു:ഖിക്കേണ്ട. ഇനി വേഗം കുതിരയെ ബന്ധം മോചിപ്പിച്ച് നല്‍കുവാന്‍ കുമാരന്മാരോട് കല്‍പ്പിച്ചാലും.’
സീത:‘അല്ലയോ കുമാരന്മാരേ കുതിരയെ ബന്ധമോചനം ചെയ്ത് ഹനുമാന് നല്‍കിയാലും.’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
ഹനുമാന്‍:(സീതയെ നമസ്ക്കരിച്ച്, പാദധൂളി ശിരസ്സിലണിഞ്ഞ ശേഷം) ‘ഇപ്പോള്‍ ഞാന്‍ പോകട്ടെയോ. താമസിയാതെ കണ്ടുകൊള്ളാം.‘
സീത:‘അങ്ങിനെ തന്നെ’
ഹനുമാന്‍ കുശലവന്മാരെ ഇരുവശങ്ങളിലായി നിര്‍ത്തി കൈകോര്‍ത്തുപിടിച്ച് പിന്നിലേയ്ക്കു മാറുന്നു. യാത്രയാക്കിക്കൊണ്ട് സീത നിഷ്ക്രമിക്കുന്നു. ഹനുമാന്‍ കുശലവന്മാരോടൊപ്പം തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
കുശലവന്മാര്‍:‘ആളറിയാതെ ചെയ്ത തെറ്റുകള്‍ പൊറുക്കേണമേ’
ഹനുമാന്‍:‘നിങ്ങളുടെ ബാണങ്ങള്‍ പുഷ്പസമാനമായെ ഞാന്‍ കണക്കാക്കിയിട്ടുള്ളു.’
കുശന്‍ കുതിരയെ കെട്ടഴിച്ച് പിടിച്ചുകൊണ്ടുവന്ന് ഹനുമാനെ ഏല്‍പ്പിക്കുന്നു. ഹനുമാന്‍ കുതിരയെ വാങ്ങി വലത്തേയ്ക്ക് നിര്‍ത്തുന്നു.
ഹനുമാന്‍:‘എന്നാല്‍ ഇനി ഞാന്‍ പോകട്ടെയോ?’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
ഹനുമാന്‍ കുട്ടികളെ ആലിംഗനം ചെയ്തശേഷം വലംകൈയ്യില്‍ കുതിരയെപിടിച്ചുകൊണ്ട് പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് കുശലവന്മാരും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

പത്തൊന്‍പതാം രംഗം

അന്ത്യരംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.