2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ആട്ടക്കഥാകാരൻ


കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ്
മികച്ച ഭരണകർത്താവ് എന്നതിനുപുറമെ ഒരു പണ്ഡിതശ്രേഷ്ഠനും 
കവിയുമായിരുന്ന കാർത്തികതിരുനാൾ രാമവർമ്മ കൊല്ലവർഷം 899 കർക്കിടകം 5നാണ് ഭൂജാതനായത്. രാജ്യവിസ്തൃതിവരുത്തി ശത്രുനിഷൂദനം ചെയ്ത് 905 കന്നിയിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ മഹാരാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭഗിനേയനായ കാർത്തികതിരുനാൾ യുവാരാജാവായിതീർന്നു. 933ൽ മാർത്താണ്ഡവർമ്മ നാടുനീങ്ങിയതോടെ മഹാരാജാവായി സ്ഥാനമേറ്റ രാമവർമ്മ തുടർന്നുള്ള നാലുപതിറ്റാണ്ടുകൾ രാജ്യഭരണം നടത്തി. ധർമ്മനിഷ്ഠനും ഭരണനിപുണനുമായ ഇദ്ദേഹം 'ധർമ്മരാജാവ്' എന്ന അപരനാമത്തിൽ പ്രശസ്തനായിതീർന്നു.
രാമവർമ്മ തമ്പുരാൻ കൊട്ടാരം കളിയോഗം സംഘടിപ്പിക്കുകയും 
വടക്കുനിന്നും കപ്ലിങ്ങാട് നമ്പൂതിരിയെ വരുത്തി, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം കഥകളിയിൽ സമുചിതമായ പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ, മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോൻ എന്നിങ്ങിനെയുള്ള അനേകം കവികേസരികൾ ഈ രാജകീയകവിയുടെ രാജസദസിനെ അലങ്കരിച്ചിരുന്നു. സംസ്കൃതത്തിൽ നാട്ട്യശാസ്ത്രസംബന്ധമായ 'ബാലരാമഭരതം' എന്നൊരു കൃതി കൽപ്പിച്ചുണ്ടാക്കിയ ധർമ്മരാജാവ്, ഭാഗവതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'നരകാസുരവധം' കൂടാതെ, ഭാരതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'ബകവധം'(തെക്കൻ), 'ഗാന്ധർവ്വവിജയം', 'പാഞ്ചാലീസ്വയംവരം', 'സുഭദ്രാഹരണം'(തെക്കൻ), 'രാജസൂയം'(തെക്കൻ) എന്നീ ആട്ടക്കഥകളും രചിക്കുകയുണ്ടായി. രാജസൂയം കഥയുടെ പുറപ്പാടിനൊപ്പം തോടയത്തിനും മേളപ്പദത്തിനും ആലപിക്കുവാനുള്ള പദങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നരകാസുരവധം ആട്ടക്കഥയെപറ്റി പ്രചരിച്ചിട്ടുള്ള ഒരു ഐതീഹ്യം
കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് നാലാം രംഗത്തിലെ ജയന്തന്റെ യുദ്ധപ്പദത്തിലെ നാലാം ചരണം, 
"അർണ്ണോജാക്ഷികളെ ഹരിച്ചൊരുനിൻ
കർണ്ണനാസികാകുചകൃന്തനമിഹ
തൂർണ്ണം ചെയ്‌വൻ കണ്ടുകൊൾക നീ" എന്ന് എഴുതി നാലാംവരി തോന്നാതെ നിർത്തിയപ്പോൾ, ഭഗിനേയനായ അശ്വതിതിരുനാൾ "നിർണ്ണയമതിനുണ്ടു മേ കരാളേ" എന്ന് പൂർത്തിയാക്കിയത്രെ. അതുകണ്ട് സന്തോഷിച്ച മഹാരാജാവ്, 'എന്നാൽ ഇനി അപ്പൻ തന്നെ അത് പൂർത്തിയാക്കട്ടെ' എന്നു് കൽപ്പിച്ചുപോലും. അങ്ങിനെ തുടർന്നുള്ള ഭാഗങ്ങൾ എഴുതി നരകാസുരവധം ആട്ടക്കഥ പൂർത്തിയാക്കിയത് അശ്വതിരിരുനാളാണ് എന്നാണ് ഐതീഹ്യം. 'അംബരീഷചരിതം', 'രുഗ്മിണീസ്വയംവരം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നീ ആട്ടക്കഥകളുടെ കർത്താവാണ് യുവരാജാവായിരുന്ന അശ്വതിതിരുനാൾ.

അഭിപ്രായങ്ങളൊന്നുമില്ല: