2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നരകാസുരവധം


കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിനാൽ വിരചിതമായതും, 
വളരെ പ്രചാരം നേടിയിട്ടുള്ളതും, കഥകളിപ്രേമികൾ ഇഷ്ടപ്പെടുന്നതുമായ ഒരു ആട്ടകഥയാണ് നരകാസുരവധം.
കഥാസംഗ്രഹം

ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ 
അദ്ധ്യായം59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

ആട്ടക്കഥ ആരംഭിക്കുന്നത് ശ്രീകൃഷ്ണനും പത്നിമാരുമായി രമിക്കുന്ന രംഗത്തോടെയാണ്. രണ്ടാം രംഗത്തിൽ ദേവേന്ദ്രൻ നന്ദനോദ്യാനത്തിൽ ദേവസുന്ദരിമാരുമായി രമിക്കുന്നു. ഈ സമയത്ത് നരകാസുരന്റെ ആജ്ഞപ്രകാരം ദേവലോകത്തെത്തുന്ന നക്രതുണ്ഡി എന്ന ക്രൂരയായ രാക്ഷസി ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു രംഗം 3ൽ. നാലാം രംഗത്തിൽ, മാർഗ്ഗമദ്ധ്യേ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് കാമാർത്തയാകുന്ന നക്രതുണ്ഡി സ്വർഗ്ഗസ്ത്രീകളെ മായകൊണ്ടുമറച്ചിട്ട് ഒരു സുന്ദരീരൂപം കൈക്കൊണ്ട് ജന്തനെ സമീപിക്കുകയും, തന്നെ ഭാര്യയായി സ്വീകരിച്ച് ഉടനെ തന്നോടൊത്ത് കാമകേളിയാടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അച്ഛന്റെ കൽപ്പനകൂടാതെ താൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല എന്നു പറഞ്ഞ് ജയന്തൻ അവളുടെ അഭ്യർത്ഥന നിരസിക്കുന്നു. തന്റെ ആഗ്രഹം സാധിക്കുന്നില്ല എന്നുകണ്ട് ക്രുദ്ധയാവുന്ന നക്രതുണ്ഡി സ്വന്തം രൂപം ധരിച്ചിട്ട് ജയന്തനെ ബലാൽക്കാരേണ പ്രാപിക്കുവാൻ ശ്രമിക്കുന്നു. ജയന്തൻ അവളുടെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചയയ്ക്കുന്നു. തുടർന്ന്, ഉണ്ടായ സംഭവങ്ങൾ ജയന്തൻ ഇന്ദ്രസമീപം ചെന്ന് അറിയിക്കുന്നു രംഗം5ൽ. ആറാം രംഗത്തിൽ, ഈ സമയത്ത് ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു രംഗം7ൽ. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന ഭൗമൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ഠവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു. എട്ടാംരംഗത്തിൽ, ഇന്ദ്രൻ ദ്വാരകാപുരിയിലെത്തി ശ്രീകൃഷ്ണനോട് നരകാസുരന്റെ ദുഷ്ടകർമ്മങ്ങളെ അറിയിക്കുന്നു. നരകനെ താൻ ഉടനെ വധിക്കുന്നുണ്ട് എന്നറിയിച്ച് ശ്രീകൃഷ്ണൻ, ദേവേന്ദ്രനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. ഉടനെതന്നെ ശ്രീകൃഷ്ണൻ ഗരുഢനെ സ്മരിച്ചുവരുത്തി നരകാസുരവധത്തിനായി പുറപ്പെടുന്നു രംഗം9ൽ. പത്താം രംഗത്തിൽ ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഢാരൂഢനായി പ്രാഗ്ജ്യോതിഷപുരത്തെ ലക്ഷ്യമാക്കി പോകുന്നു. നരകാസുരന്റെ കോട്ടകാവൽക്കാരനായ വിവിദൻ എന്ന മർക്കടനെ ഗരുഢൻ നേരിട്ട് തോൽപ്പിക്കുന്നു രംഗം 11ൽ. പന്ത്രണ്ടാം രംഗത്തിൽ പാഞ്ചജന്യം മുഴക്കിക്കൊണ്ട് പ്രാഗ്ജ്യോതിഷത്തിൽ പ്രവേശിച്ച ശ്രീകൃഷ്ണനെ ഭൗമന്റെ സേനാനായകനായ മുരാസുരൻ വന്ന് നേരിടുന്നു. ശ്രീകൃഷ്ണൻ ചക്രായുധത്താൽ മുരനെ വധിക്കുന്നു. മുരന്റെ മരണവാർത്ത ഒരു കിങ്കരൻ വന്ന് നരകാസുരനെ അറിയിക്കുന്നു രംഗം 13ൽ. പതിനാലാം രംഗത്തിൽ നരകാസുരൻ ചതുരംഗസേനാസമേതനായി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. ഗരുഢൻ ഒറ്റയ്ക്ക് അവന്റെ ചതുരംഗസേനയേയും നശിപ്പിക്കുമ്പോൾ ശ്രീകൃഷ്ണൻ ചക്രായുധത്താൽ കഴുത്തറുത്ത് നരകനെ വധിക്കുന്നു. തുടർന്ന് നരകപുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷരാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

നരകാസുരന്റെ പൂർവ്വചരിത്രം-
ഒരിക്കൽ ലോകകണ്ടകനായ ഹിരണ്യാക്ഷൻ എന്ന അസുരൻ 
സൂകരരൂപിയായി ഭൂമീദേവിയെ തന്റെ തേറ്റകളിലെന്തിക്കൊണ്ട് പാതാളത്തിലേയ്ക്ക് പോയി. അപ്പോൾ ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പർക്കം പുലർത്തിയതിനാൽ ഭൂമി ഗർഭംധരിക്കുകയും മഹാശക്തിമാനായ ഒരു അസുരശിശുവിനെ പ്രസവിക്കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരൻ. വരുണന്റേയും ബ്രാഹ്മാവാദികളായ ദേവകളുടേയും അപേക്ഷകൾ മാനിച്ച് കൂർമ്മമായി അവതാരമെടുത്ത മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ പാതാളത്തിൽ നിന്നും തിരിച്ച് ഉയർത്തിക്കൊണ്ടുവന്നു. അപ്പോൾ അശുദ്ധിയിൽനിന്നും ജനിച്ചവനെങ്കിലും തന്റെ പുത്രനായ നരകനെ രക്ഷിക്കണമെന്ന് ഭൂമീദേവി ഭഗവാനോട് അപേക്ഷിച്ചു. മഹാവിഷ്ണു നരകന് ദിവ്യമായ നാരായണാസ്ത്രം നൽകുകയും, അത് കൈയ്യിലുള്ളിടത്തോളം കാലം താനൊഴികെ മറ്റാർക്കും നിന്നെ വധിക്കാനാവില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം ബാലനായ ഭൗമനെ മിഥിലാധിപനായ ജനകമഹാരാജാവ് എടുത്തുവളർത്തി. വളർന്ന് യുവാവായപ്പോൾ, 'ഇങ്ങിനെ പരാന്നഭോജിയായി കഴിയുന്നത് എന്റെ പൗരുഷത്തിന് ചേരുന്നതല്ല' എന്ന് വിചാരിച്ച് നരകൻ മിഥിലവിട്ടുപോയി. പിന്നീട് ദേവിയെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി വരങ്ങൾ സമ്പാദിക്കുകയും, വലിയൊരു അസുരസന്യത്തെ സംഘടിപ്പിക്കുകയും ചെയ്ത നരകാസുരൻ അനവധി രാജ്യങ്ങളെ കീഴ്പ്പെടുത്തുകയും സ്വയം സിംഹാസനാരോഹണം ചെയ്ത് ഭരണമാരംഭിക്കുകയും ചെയ്തു. പ്രാഗ്ജ്യോതിഷമെന്ന പുരം തലസ്ഥാനമാക്കി മൂന്നുലോകങ്ങളേയും വിറപ്പിച്ചുകൊണ്ട് ഭൗമാസുരൻ ദാനവചക്രവർത്തിയായി വാണു. ഒരിക്കൽ ഇയാൾ ത്വഷ്ടാവിന്റെ പുത്രിയായ കശേരുവിനെ ബലാൽക്കാരം ചെയ്യുകയുണ്ടായി. ദേവ-മനുഷ്യസ്ത്രീകളായ പതിനാറായിരത്തിൽപ്പരം സ്ത്രീകളെ നരകൻ ഭാര്യമാരാക്കി. അവരെ മണിപർവ്വതത്തിലെ ഔദകം എന്ന സ്ഥലത്ത് ബന്ധനത്തിൽ പാർപ്പിച്ചു. പർവ്വതങ്ങൾ, ശസ്ത്രങ്ങൾ, ജലം, അഗ്നി, വായു എന്നിങ്ങിനെയുള്ള ദുർഗ്ഗങ്ങളാലും, വാളുകൾ ഘടിപ്പിച്ചിട്ടുള്ളവയും, മുറിക്കുവാൻ ദുഷ്ക്കരമായവയും, മുരാസുരനാൽ കെട്ടപ്പെട്ടവയുമായ ആറായിരം മൗരവപാശങ്ങളാലും പ്രാഗ്ജ്യോതിഷപുരം സംരക്ഷിക്കപ്പെടുന്നു. നരകാസുരന്റെ പത്ത് പുത്രന്മാരാൽ അന്തപ്പുരവും, ഹയഗ്രീവൻ, നിസുന്ദൻ, പഞ്ചാനന്ദൻ, മുരൻ എന്നീ ഭയങ്കരന്മാരായ അസുരന്മാരാൽ പുരിയുടെ നാലുദ്വാരങ്ങളും സംരക്ഷിക്കപ്പെടുന്നു. അവർ ദേവയാനം വരെ വഴിയടഞ്ഞുനിൽക്കുന്നതിനാൽ പ്രാഗ്ജ്യോതിഷപുരിയിലേയ്ക്ക് ആർക്കും പ്രവേശിക്കുവാൻ ധൈര്യമുണ്ടായില്ല.

മൂലകഥയിൽ നിന്നുള്ള വെതിയാനങ്ങൾ

1. നക്രതുണ്ഡി എന്ന കഥാപാത്രം ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. നക്രതുണ്ഡി നരകന്റെ ആജ്ഞപ്രകാരം സ്വർഗ്ഗത്തിലെത്തുന്നതും ജയന്തൻ അവളുടെ കുചനാസികാകർണ്ണങ്ങൾ ഛേദിച്ചയയ്ക്കുന്നതുമായ കഥാഭാഗം മൂലത്തിൽ ഇല്ലാത്തതാണ്. കരി, ലളിത എന്നിങ്ങിനെ വേഷവൈവിദ്ധ്യവും, വിപ്രലംഭസൃഗാരപ്രധാനമായ ലളിതയുടെ ചിട്ടപ്രധാനവും മനോഹരവുമായ ഒരു രംഗവും സൃഷ്ടിക്കുകമാത്രമല്ല; നരകാസുരന്റെ ദേവലോകാക്രമണത്തിന് യുക്തമായ ഒരു കാരണത്തേയും സൃഷ്ടിക്കുകയാണ് ഈ മാറ്റത്തിലൂടെ കാർത്തികതിരുനാൾ തമ്പുരാൻ ചെയ്തിരിക്കുന്നത്.

2. പതിനൊന്നാം രംഗത്തിലെ വിവിദനും ഗരുഢനുമായുള്ള യുദ്ധവും മൂലകഥയിൽ ഇല്ലാത്തതാണ്. ഒരു താടി വേഷത്തേക്കൂടി അരങ്ങിലെത്തിച്ച് വേഷവൈവിദ്ധ്യമുണ്ടാക്കുവാനാണ് ഈ കൂട്ടിച്ചേർക്കലിലൂടെ കവി ശ്രമിച്ചിരിക്കുന്നത്.

3. നരകാസുരനുമായുള്ള യുദ്ധത്തിൽ ശ്രീകൃഷ്ണനും ഗരുഢനും തളർന്നുവീഴുകയും, അപ്പോൾ സത്യഭാമ ആയുധമേന്തി യുദ്ധത്തിനുമുതിരുകയും, ഇതുകണ്ട് കേവലം ഒരു സ്ത്രീയോട് പൊരുതുന്നത് തനിക്ക് അപമാനകരമാണ് എന്നുകരുതി നരകാസുരൻ ആയുധങ്ങൾ താഴെയിടുകയും, തൽസമയം എഴുന്നേൽക്കുന്ന കൃഷ്ണൻ വിശ്വരൂപം ധരിച്ച് സുദർശ്ശനചക്രത്താൽ നരകനെ വധിക്കുന്നതുമായാണ് അരങ്ങിൽ അവതരിപ്പിക്കുക. എന്നാൽ മൂലത്തിൽ ഇപ്രകാരമല്ല കാണുന്നത്. ആനപ്പുറത്തേറിവന്ന് ശക്തി, ശൂലം മുതലായ ആയുധങ്ങളെക്കൊണ്ട് ഗരുഢനോടും കൃഷ്ണനോടും പൊരുതിക്കൊണ്ടിരിക്കെ ഭഗവാൻ തന്റെ ചക്രായുധത്താൽ നരകന്റെ ശിരസ്സറുത്തിടുന്നതായാണ് ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്.

രംഗാവതരണത്തിലെ സവിശേഷതകൾ

ഒന്നാംതരം കത്തി(ചെറിയ നരകാസുരൻ‌), ഒന്നാംതരം സ്ത്രീ(ലളിത), 
ഒന്നാംതരം കരി(നക്രതുണ്ഡി) വേഷങ്ങൾക്കും മറ്റ് ഇടത്തരം-കുട്ടിത്തരം പച്ച, താടി, മിനുക്ക്, ഭീരു വേഷങ്ങൾക്കും നല്ല സാദ്ധ്യതയുള്ള ആട്ടകഥയാണിത്.

1. ഇന്ദ്രന്റെ സൃഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും അടങ്ങുന്ന രണ്ടാം രംഗം ചിട്ടപ്രധാനവും മനോഹരവുമാണ്.

2. നാലാം രംഗത്തിലെ ലളിതയുടെ ഭാഗം ചിട്ടയ്ക്കും ഭാവത്തിനും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

3.'കേകിയാട്ട'മെന്ന സവിശേഷ നൃത്തം ഉൾക്കൊള്ളുന്ന പതിഞ്ഞപദവും, 'ശബ്ദരൂപവർണ്ണനകൾ', 'പടപ്പുറപ്പാട്', 'സ്വർഗ്ഗവിജയം' തുടങ്ങിയ ചിട്ടപ്രധാനങ്ങളായ ആട്ടങ്ങളുമുൾക്കൊള്ളുന്ന ചെറിയനരകാസുരന്റെ ഭാഗം സവിശേഷതയാർന്നതാണ്. 6,7 രംഗങ്ങളിലായി വരുന്ന ഈ ചെറിയനരകാസുരന്റെ അവതരണം ഒരു കത്തിവേഷക്കാരന്റെ മാറ്റുരയ്ക്കപ്പെടുന്നതരത്തിലുള്ള ഒന്നാണ്.

നിലവിലുള്ള അവതരണരീതി

*1,2,5,11,12 രംഗങ്ങൾ വളരെക്കാലങ്ങളായി അവതരിപ്പിക്കുക പതിവില്ലാത്തവയാണ്.

*8,9,10,13,14 രംഗങ്ങൾ അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

*3,4,6,7 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: