2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

തെക്കൻ രാജസൂയം


ഒരേ പുരാണകഥയെ അടിസ്ഥാനമാക്കിത്തന്നെ പലരും 
ആട്ടക്കഥകൾ രചിക്കുക ഉണ്ടായിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് പ്രചാരം സിദ്ധിക്കുക ഇതിൽ ഒരു ആട്ടക്കഥയ്ക്ക് മാത്രമാവും. ഒരേ പേരിൽ രചിക്കപ്പെട്ടതും ഇന്നും അവതരിപ്പിക്കപ്പെട്ടുവരുന്നതുമായ ഒരു ആട്ടക്കഥയാണ് രാജസൂയം. ദക്ഷിണകേരളത്തിൽ പ്രചാരമുള്ളതും 'തെക്കൻ രാജസൂയം' എന്ന് പറയപ്പെടുന്നതുമായ ആട്ടകഥ കാർത്തികതിരുനാൾ മഹാരാജവുകൊണ്ട് കൽപ്പിച്ചുണ്ടാക്കിയതാണ്. ഉത്തരകേരളത്തിൽ പ്രചാരത്തിവന്നതും 'വടക്കൻ രാജസൂയം' എന്ന് അറിയപ്പെടുന്നതുമായ ആട്ടക്കഥ  എളയിടത്തു നമ്പൂതിരിയാൽ രചിക്കപ്പെട്ടതാണ്.

കഥാസംഗ്രഹം
മഹാഭാഗവതം ദശമസ്ക്കന്ധം ഉത്തരാർദ്ധത്തിൽ 70 മുതൽ 74വരെയുള്ള 
അദ്ധ്യായങ്ങളിൽ പറയുന്ന കഥയാണ് ഈ ആട്ടക്കഥയ്ക്ക്  ആധാരമാക്കിയിട്ടുള്ളത്.
ശ്രീകൃഷ്ണൻ പത്നിമാരോടൊത്ത് രമിക്കുന്ന രംഗംത്തോടേയാണ് 
ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ, ജരാസന്ധനാൽ ബന്ധനത്തിലാക്കപ്പെട്ട രാജാക്കന്മാരുടെ ഒരു ദൂതൻ യാദവസഭയിലെത്തി, ദുഷ്ടനായ ജരാസന്ധനെ വധിച്ച് രാജാക്കന്മാരെ മോചിപ്പിക്കുവാൻ ശ്രീകേഷ്ണനോട് അപേക്ഷിക്കുന്നു. അപ്പോൾ സഭയിലേയ്ക്ക് എത്തുന്ന ശ്രീനാരദമഹർഷി, ധർമ്മപുത്രന് രാജസൂയയാഗം നടത്തുവാൻ മോഹമുണ്ടെന്നും, അതിനെകുറിച്ച് ആലോചിക്കുവാനായി ഉടനെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് എഴുന്നള്ളണമെന്നും ശ്രീകൃഷ്ണനോട് അപേക്ഷിക്കുന്നു. ദൂതനും നാരദരും പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ബലഭദ്രനോടും ഉദ്ധവനോടും ചർച്ചചെയ്തശേഷം ശ്രീകൃഷ്ണൻ ഇരുവരേയും മറുപടി പറഞ്ഞ് അയയ്ക്കുന്നു. തുടർന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തുന്ന ശ്രീകൃഷ്ണൻ, രാജസൂയത്തിനുമുന്നോടിയായി ജരാസന്ധവധം ആവശ്യമാണന്നും, അതിനായി ഭീമാർജ്ജുനന്മാരെ തനിക്കൊപ്പം അയയ്ക്കണമെന്നും ധർമ്മപുത്രരെ അറിയിക്കുന്നു രംഗം3ൽ. തുടർന്ന് ഭീമാർജ്ജുനന്മാരും ശ്രീകൃഷ്ണനും ബ്രാഹ്മണവേഷത്തിൽ ഗിരിവ്രജരാജധാനിയിലെത്തി, ഗോപുരദ്വാരിയിലുള്ള പെരുമ്പറ അടിച്ചുടച്ചിട്ട് കോട്ടമതിൽ ചാടി ഉള്ളിൽ കടക്കുന്നു. നാലാം രംഗത്തിൽ, ഈ സമയം ജരാസന്ധൻ പത്നിയുമായി രമിക്കുന്നു. ബ്രാഹ്മണവേഷധാരികളായ കൃഷ്ണനും ഭീമാർജ്ജുനന്മാരും ജരാസന്ധസമീപമെത്തി ദ്വന്ദയുദ്ധം ആവശ്യപ്പെടുന്നു രംഗം 5ൽ. ബ്രാഹ്മണവേഷത്തിൽ വന്നവർ ആരുക്കെയാണെന്നുള്ള സത്യം അറിയുമ്പോൾ ആശ്ചര്യസ്തബ്ധനാകുന്ന ജരാസന്ധന്‍ അവരെ പരിഹസിക്കുകയും ഭീമനുമായി യുദ്ധം ചെയ്യാനുറയ്ക്കുകയും ചെയ്യുന്നു. 15ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ കൃഷ്ണനിദ്ദേശാനുസ്സരണം ഭീമന്‍ ജരാസന്ധനെ രണ്ടായി കീറി കടതലകള്‍ വിപരീതമായി ഇട്ട് വധിക്കുന്നു. അനന്തരം ജരാസന്ധപുത്രനായ സഹദേവനെ മഗധാരാജാവായി വാഴിക്കുകയും, കാരഗ്രഹത്തില്‍ കിടന്ന 228 രാജാക്കന്മാരേയും മോചിപ്പിക്കുകയും ചെയ്യുന്നു ശ്രീകൃഷ്ണൻ.  ബന്ധമോചിതരായ രാജാക്കന്മാർ ശ്രീകൃഷ്ണനെ സ്തുതിക്കുകയും, ഭഗവാൻ അവരെ അനുഗ്രഹിച്ച് അയയ്ക്കുകയും ചെയ്യുന്നു രംഗം6ൽ. ഏഴാം രംഗത്തിൽ ഭീമാർജ്ജുനന്മാർക്കൊപ്പം മടങ്ങിയെത്തി ശ്രീകൃഷ്ണൻ ധർമ്മപുത്രനോട് രാജസൂയത്തിന് ഒരുക്കങ്ങൾ നടത്തിക്കൊള്ളുവാൻ നിർദ്ദേശിച്ചിട്ട് ദ്വാരകയിലേയ്ക്ക് മടങ്ങുന്നു. രാജസൂയയാഗത്തിന്റെ അഗ്രപൂജയ്ക്ക് ആരെ ഇരുത്തണമെന്ന് ധർമ്മപുത്രൻ ആരായുകയും, ശ്രീകൃഷ്ണൻ തന്നെയാണ് വേണ്ടതെന്ന് ഭീഷ്മപിതാമഹൻ നിർദ്ദേശിക്കുകയും, അതനുസ്സരിച്ച് കൃഷ്ണനെ ഇരുത്തി പൂജിക്കുകയും ചെയ്യുന്നു രംഗം8. ഒൻപതാം രംഗത്തിൽ, രാജസൂയ യാഗശാലയിലെത്തുന്ന ശിശുപാലന്‍ അവിടെ ശ്രീകൃഷ്ണന് അഗ്രപൂജ നല്‍കുന്നതുകണ്ട് അസൂയാഹങ്കാരോന്മത്തനായി ശ്രീകൃഷ്ണനെ അതികഠിനമായി അധിക്ഷേപിക്കുന്നു. അതുകേട്ട് പൊറുക്കാനാവാതെ അര്‍ജ്ജുനന്‍ ശിശുപാലനോട് യുദ്ധത്തിനൊരുങ്ങുന്നു. ആസമയത്ത് ശ്രീകൃഷ്ണന്‍ വിശ്വരൂപം ധരിച്ച് സുദര്‍ശ്ശനചക്രത്താല്‍ ശിശുപാലന്റെ കണ്ഠം ഛേദിച്ച് മോക്ഷം നല്‍കുന്നു. അന്ത്യരംഗത്തിൽ ശിശുപാലന്റെ സുഹൃത്തായ വേണുദാരിയും കിങ്കരന്മാരും യുദ്ധത്തിനുവരുന്നു. ബലരാമൻ അവരെയെല്ലാം വധിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

മൂലകഥയിൽനിന്നുള്ള വെതിയാനങ്ങൾ
1.ഭഗവാനെ ദുഷിച്ചുപറയുന്ന ശിശുപാലനെ അർജ്ജുനൻ പോരിനുവിളിക്കുന്നതായി ഭാഗവതത്തിൽ പറയുന്നില്ല

2.അഗ്രപൂജ സഹദേവൻ ചെയ്യുന്നതായാണ് മൂലത്തിൽ. ആട്ടകഥയുടെ അവതരണത്തിൽ ധർമ്മപുത്രൻ ബ്രാഹ്മണനെക്കൊണ്ട് ചെയ്യിക്കുന്നതായാണ് നടപ്പ്.

വടക്കൻ രാജസൂയം ആട്ടകഥയുമാള്ള പ്രധാന വെത്യാസങ്ങൾ

1.നാരദൻ ധർമ്മപുത്രനെ സന്ദർശ്ശിക്കുന്നതും, ബലരാമൻ വിവിദനെ വധിക്കുന്നതുമായ കഥാഭാഗങ്ങളും(ആദ്യത്തെ 6രംഗങ്ങൾ), ജരാന്ധവധാനന്തരം ശ്രീകൃഷ്ണൻ ദ്വാരകയിൽ മടങ്ങിയെത്തി പത്നിമാരെ സാന്ത്വനിപ്പിക്കുന്ന ഭാഗവും(രംഗം12), ശിശുപാലൻ അനുജനായ ദന്തവക്ത്രനുമായി കൂടിയാലോചിക്കുന്ന ഭാഗവും(രംഗം13), വടക്കൻ രാജസൂയത്തിൽ മാത്രമെ ഉള്ളു, തെക്കനിൽ ഇല്ല.

2.ധർമ്മപുത്രനും പാഞ്ചാലിയുമായുള്ള രംഗത്തോടെ വടക്കൻ രാജസൂയം ആരംഭിക്കുമ്പോൾ ശ്രീകൃഷ്ണനും പത്നിമാരുമായുള്ള രംഗത്തോടെയാണ് തെക്കൻ രാജസൂയം ആരംഭിക്കുന്നത്.

3.നാരദൻ ആദ്യവും തുടർന്ന് രാജാക്കന്മാരുടെ ദൂതനും യാദവസഭയിലെത്തുന്നതായാണ് വടക്കൻ രാജസൂയം ആട്ടക്കഥയിൽ. എന്നാൽ മറിച്ചാണ് തെക്കനിലുള്ളത്. തെക്കൻ രാജസൂയത്തിൽ രാജദൂതനാണ് ശ്രീകൃഷ്ണസമീപം വരുന്നത്. വടക്കനിൽ രാജാക്കന്മാരുടെ ദൂതനായി എത്തുന്നത് ഒരു ബ്രാഹ്മണനാണ്.

4.വടക്കൻ രാജസൂയത്തിൽ ജരാസന്ധൻ ചുവന്നതാടി വേഷമാണ്. എന്നാൽ തെക്കനിൽ ജരാസന്ധൻ കത്തിവേഷമാണ്.

5.ജരാസന്ധന്റെ ബന്ധനത്തിൽ നിന്നും മോചിതരാക്കപ്പെടുന്ന രാജാക്കന്മാർ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതായ രംഗം(ആറാം രംഗം) തെക്കൻ രാജസൂയത്തിൽ മാത്രമെ ഉള്ളു. വടക്കനിൽ ഇല്ല.

6.വടക്കൻ രാജസൂയത്തിൽ ശിശുപാലൻ കത്തിവേഷമാണ്. എന്നാൽ തെക്കനിൽ ശിശുപാലൻ ചുവന്നതാടി വേഷമാണ്.

7.ശിശുപാലവധാനന്തരം ഭംഗിയായി രാജസൂയയാഗം പൂർത്തീകരിച്ച് ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതോടുകൂടി വടക്കൻ രാജസൂയം പൂർണ്ണമാകുന്നു. എന്നാൽ ശിശുപാലന്റെ വധമറിഞ്ഞ് യുദ്ധത്തിനെത്തുന്ന സുഹൃത്തായ വേണൂദാരിയേയും കിങ്കരരേയും ബലരാമൻ വധിക്കുന്നതോടെയാണ് തെക്കൻ രാജസൂയം ആട്ടകഥ അവസാനിക്കുന്നത്.

അവതരണത്തിലെ സവിശേഷതകൾ

വടക്കനെക്കാൾ കാവ്യഗുണം കൂടുന്ന ഈ ആട്ടകഥയുടെ 
അവതരണത്തിൽ ഒന്നാംതരം കത്തി(ജരാസന്ധൻ), ഒന്നാംതരം താടി(ശിശുപാലൻ) വേഷക്കാർക്കും മറ്റ് അനേകം ഇടത്തരം, കുട്ടിത്തരം വേഷക്കാർക്കും നല്ല സാദ്ധ്യയുണ്ട്.

നിലവിലുള്ള അവതരണരീതി

*1,2,3,6,7,10 രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

*4,5,8,9 രംഗങ്ങൾ മാത്രമാണ് അവതരിപ്പിക്കുക പതിവ്.

അഭിപ്രായങ്ങളൊന്നുമില്ല: