2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അംബരീഷചരിതം പതിനൊന്നാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, അംബരീഷൻ

ശ്ലോകം-രാഗം:ദേവഗാന്ധാരം
"ലോകത്രയൈകഗുരുണാ ഹരിണാ വിസൃഷ്ടഃ
 ശോകത്രപാപരവശീകൃതചിത്തവൃത്തിഃ
 ചക്രാതുരോ മുനിവരശ്ശരണം പ്രപേദേ
 ഭൂയോപി ഭൂരികരുണാംബുധിമംബരീഷം"
{മൂന്നുലോകങ്ങൾക്കും മുഖ്യദൈവമായിരിക്കുന്ന ഹരിയാലും ഉപേക്ഷിക്കപ്പെട്ടവനും ദുഃഖലജ്ജകളാൽ പാരവശ്യപ്പെട്ട മനോവൃത്തിയോടുകൂടിയവനും ചക്രായുധത്താൽ പീഡിതനുമായ മുനിശ്രേഷ്ഠൻ കരുണാസാഗരമായ അംബരീഷനെ ശരണം പ്രാപിച്ചു.}

ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടും പിടിച്ചെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ് ശ്ലോകം കൊട്ടിക്കലാശിച്ച് തിരശീലനീക്കുന്നതോടെ രംഗത്തേയ്ക്ക് കയറി ഇടതുഭാഗത്തായി ധ്യാനനിരതനായി നില്ക്കുന്ന അംബരീഷന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. അതുകണ്ട് അംബരീഷൻ ദയയോടെ വന്ന് ദുർവ്വാസാവിനെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നുകൊണ്ട് രംഗത്തേയ്ക്കുകയറുന്ന സുദർശനം ഇതുകോണിലായി നിൽക്കുന്നു. ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"ജയ ജയ മഹാരാജ ദീനബന്ധോ
 മയി കുരു കൃപാം വീര മനുവംശരത്നമേ"
ചരണം1:
"ചാപലംകൊണ്ടു ഞാൻ ചെയ്തതു സഹിച്ചു
 താപം നിവാരയ കൃപാലയ വിഭോ
 കോപശമനം മഹാപുരുഷന്മാർക്കു ഭുവി
 കേവലമാശ്രയം കൊണ്ടു വരുമല്ലോ"
{മഹാരാജാവേ, ദീനബന്ധോ, ജയിച്ചാലും, ജയിച്ചാലും. വീരാ, മനുവംശരത്നമേ, എന്നിൽ കൃപ ച്ചെയ്താലും. കൃപയ്ക്ക് ഇരിപ്പിടമായവനേ, പ്രഭോ, അറിവില്ലായ്മകൊണ്ട് ഞാൻ ചെയ്തതിനെ സഹിച്ച് ഭവാൻ എന്റെ ദുഃഖത്തെ തീർത്താലും. കോപശമനം മഹാന്മാർക്ക് ഭൂമിയിൽ ആശ്രയം കൊണ്ടുമാത്രം വരുമല്ലോ.}

"മയി കുരു കൃപാം വീര" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസ്)
അംബരീഷന്റെ പദം-രാഗം:ദേവഗാന്ധാരം, താളം:ചെമ്പ(മൂന്നാം കാലം)
ചരണം1:
"ഉത്തമപുമാനുടയ ഹസ്തതലമുക്തനാ-
 മെത്രയും വിലസുന്നു രണശിരസി നീ
 മത്തരിപുഗളഗളിത രക്തരക്താകൃതേ
 പ്രത്യുഷസി സമുദിതവികർത്തനൻപോലെ"
ചരണം2:
"ദുഗ്ദ്ധാബ്ധിമദ്ധ്യമതിൽ മുഗ്ദ്ധാഹിവരശയന
 മദ്ധ്യാസിതനായ പത്മനാഭൻ
 ബദ്ധാദരമെന്നിൽ പ്രീതനെന്നാകിലി-
 ന്നത്രിതനയൻ താപമുക്തനാകും"
{വിഷ്ണുഭഗവാന്റെ കൈത്തലത്തിൽനിന്നും അയയ്ക്കപ്പെട്ട് യുദ്ധക്കളത്തിൽ അഹങ്കാരികളായ ശത്രുക്കളുടെ കഴുത്തിൽനിന്നും ഒഴുകുന്ന രക്തംകൊണ്ട് തുടുത്ത ആകൃതിയോടുകൂടിയവനേ, പ്രഭാതത്തിലെ ഉദയസൂര്യനെപ്പോലെ  ഏറ്റവും ശോഭിക്കുന്നവനേ, പാലാഴിമദ്ധ്യത്തിൽ മനോഹരമായ സർപ്പമെത്തയിൽ വസിക്കുന്ന വിഷ്ണുഭഗവാൻ എന്നിൽ ഏറ്റവും സന്തുഷ്ടനാണെങ്കിൽ ഇപ്പോൾ ദുർവ്വാസാവ് ദുഃഖം ഒഴിഞ്ഞവനാകും.}

പദം കലാശിച്ച് അംബരീഷൻ കൈകൾകൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നു. സുദർശനം പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. അതുകണ്ട് ദുർവ്വാസാവ് ആശ്ചര്യപ്പെടുകയും ആശ്വസിക്കുകയും ചെയ്തിട്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവ്:
ചരണം2:
"കേശവന്തന്നുടെ ദാസജനവൈഭവം
 ആശയേ പാർക്കിലോ അത്ഭുതമഹോ
 ക്ലേശദന്മാരിലും കുശലമവർ ചിന്തിച്ചു
 കേവലം വാഴുന്നു പൂർണ്ണമോദം"
{വിഷ്ണുഭഗവാന്റെ ഭക്തജനങ്ങളുടെ മഹത്വം ആലോചിച്ചുനോക്കിയാൽ അത്ഭുതംതന്നെ. ദുഃഖമുണ്ടാക്കുന്നവരിലും സുഖം വിചാരിച്ചുമാത്രം അവർ നിറഞ്ഞ സന്തോഷത്തോടെ വസിക്കുന്നു.}

ദുർവ്വാസാവ്:അല്ലയോ മഹാരാജൻ, എന്റെ അഹങ്കാരമെല്ലാം നശിച്ചുകഴിഞ്ഞു'
അംബരീഷൻ:'അവിടുന്ന് വളരെ ദുഃഖം അനുഭവിച്ചു അല്ലേ?'
ദുർവ്വാസാവ്:'ശിവശിവ! ഒന്നും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാർപോലും എന്നെ രക്ഷിച്ചില്ല. അങ്ങിനെയുള്ള ഈ ദുർബുദ്ധിയെ എറ്റവും കരുണ്യവാനായ അങ്ങ് ഇപ്പോൾ രക്ഷിച്ചു.' (ദീർഘമായി നിശ്വസിച്ചിട്ട്)'എന്റെ ഭാഗ്യം തന്നെ'
അംബരീഷൻ:'അല്ല, ഞാൻ അല്ല, ഇപ്പോൾ അങ്ങയെ രക്ഷിച്ചത് ആ വിഷ്ണുഭഗവാൻ തന്നെയാണ്. ഇനി അങ്ങ് സാദരം പാരണകഴിച്ച് അനുഗ്രഹിച്ചാലും.'
ദുർവ്വാസാവ്:(ആശ്ചര്യപ്പെട്ട്)'ഏ! അങ്ങ് ഇതുവരേയ്ക്കും ഭക്ഷണം കഴിച്ചില്ലയോ?'
അംബരീഷൻ:'ഇല്ല, അങ്ങയെ കൂടാതെ കഴിക്കുന്നതെങ്ങിനെ?'
ദുർവ്വാസാവ്:(പശ്ചാത്താപത്തോടെ)'കഷ്ടം! എന്റെ അഹങ്കാരത്താൽ ഇങ്ങിനെ വന്നുഭവിച്ചുവല്ലോ? എന്നാൽ ഇനി വേഗം പാരണകഴിക്കുകതന്നെ'
(വലന്തലമേളം)
അംബരീഷൻ ദുർവ്വാസാവിനെ പീഠത്തിലിരുത്തി കാൽകഴുകി വണങ്ങുന്നു. അനന്തരം ദുർവ്വാസാവ് ശംഖിൽനിന്നും ജലം വീഴ്ത്തിക്കൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിയോടെ സേവിച്ച് പാരണവീടുന്നു. തുടർന്ന് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

ദുർവ്വാസാവ്:
ചരണം3:
"തൃപ്തനായേഷ ഞാൻ പാർത്ഥിവ ഭവാനിനി
 ഭുക്തിചെയ്തീടുക പുണ്യകീർത്തേ
 സത്തമ ഭവാനോടു സക്തിയുണ്ടാകയാൽ
 ശുദ്ധമായ്‌വന്നു മമ ചിത്തമധുനാ
 {ഞാൻ വളരെ തൃപതനായി. രാജാവേ, പുണ്യമായ കീർത്തിയോടുകൂടിയവനേ, അങ്ങ് ഇനി ഭക്ഷണം കഴിച്ചാലും. സജ്ജനശ്രേഷ്ഠാ, ഭവാനോട് സംസർഗ്ഗം ഉണ്ടാവുകയാൽ എന്റെ മനസ്സും പരിശുദ്ധമായിവന്നു.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'മഹാവിഷ്ണുവിലുള്ള ഭവാന്റെ ഭക്തിക്ക് സൂര്യചന്ദ്രന്മാർ ഉള്ളകാലത്തോളം ഒരു ഇളക്കവും തട്ടാതെയിരിക്കുവാൻ സന്തുഷ്ടനായിതീർന്ന ഞാൻ ഇതാ അനുഗ്രഹിക്കുന്നു.' (അനുഗ്രഹിച്ചിട്ട്)'എന്നാൽ ഇനി ഞാൻ പോകട്ടയോ?'
അംബരീഷൻ:'അവിടുത്തെ അനുഗ്രഹം പോലെ'

തൃപതനായ ദുർവ്വാസാവ്(കോട്ട:ചന്ദ്രശേഘരവാര്യർ) അംബരീഷനെ(കോട്ട:ഹരിദാസ്) അനുഗ്രഹിക്കുന്നു
അംബരീഷൻ കുമ്പിട്ടുവന്ദിക്കുന്നു. സന്തോഷത്തോടുകൂടി അനുഗ്രഹിച്ച് ദുർവ്വാസാവും, മഹർഷിയെ ബഹുമാനപൂർവ്വം യാത്രയാക്കിക്കൊണ്ട് അംബരീഷനും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

അംബരീക്ഷചരിതം കളി കാണുവാന്‍ താങ്കളുടെ ഉദ്യമം വളരെ പ്രയോജനപ്പെടും.