2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അംബരീഷചരിതം പത്താം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, മഹാവിഷ്ണു(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
"സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
 ശ്യാമ താമരസദാമകോമളരമാദ്ദൃഗഞ്ചലകലാഞ്ചിതം
 കാമദായകമമോഘമേഘകുലകാമനീയകഹരം പരം
 സാമജാമയഹരം ഹരിം സ മുനിരാനനാമവനമാലിനം"
{കോടി ചന്ദ്രന്മാരുടെ തേജസ്സോടുകൂടിയ ആദിശേഷനാകുന്ന മെത്തയിൽ ഇരിക്കന്നവനും നീലത്താമരപ്പൂമാലപോലെ കോമളമായവനും മഹാലക്ഷ്മിയുടെ കടാക്ഷത്താൽ അലങ്കരിക്കപ്പെടുന്നവനും ആഗ്രഹദായകനും കാർമേഘങ്ങളുടെ ഭംഗിയെ അപഹരിക്കുന്നവനും, ജഗത്മായയിൽനിന്നും ഭിന്നനായവനും ഗജേന്ദ്രന്റെ ദുഃഖത്തെ തീർത്തവനും വനമാലാധരനുമായ ഹരിയെ ആ മുനി നമസ്ക്കരിച്ചു.}
 
ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടുമെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ രംഗത്തേയ്ക്ക് കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന മഹാവിഷ്ണുവിന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. തുടർന്ന് നിലത്തിരുന്നുകൊണ്ട് ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പ(രണ്ടാം കാലം)
പല്ലവി:
"കരുണാനിധേ പാഹി കമലനാഭ
 ശരണാഗതം സപദി ദാസമേനം"
ചരണം1:
"അറിയാതെ ചെയ്തുള്ളോരപരാധമിന്നു നീ
 വിരവോടു സഹിച്ചു മയി വിതര കരുണാം വിഭോ"
ചരണം2:
"നിന്നുടയ തിരുനാമമൊന്നേകദാ ചൊൽകിൽ
 ധന്യനാം നാരകനുമെന്നഖില വിദിതം"
ചരണം3:
"നിന്നുടയ പദനളിനനിസൃതജലം കൊണ്ടു
 നിർമ്മലനായതും നീലകണ്ഠൻ"
{കരുണാനിധേ, പത്മനാഭാ, ശരണാഗതനായ ഈ ദാസനെ ഉടനെ രക്ഷിച്ചാലും. പ്രഭോ, അറിയാതെ ചെയ്തുപോയ അപരാധം പൊറുത്ത് ഇന്ന് നീ എന്നിൽ കരുണ ചെയ്താലും. അവിടുത്തെ തിരനാമം ഒന്നുമാത്രം ചൊല്ലുകയാണേങ്കിൽ നരകത്തിൽ കിടക്കുന്നവനും ധന്യനായിത്തീരും എന്ന് എല്ലാവരാലും പറപ്പെടുന്നു. അങ്ങയുടെ പാദത്താമരകളിൽ നിന്നും ഒഴുകുന്ന തീർത്ഥജലം കൊണ്ടാണല്ലോ ശ്രീപരമേശ്വരനും പവിത്രനായത്.}

"കരുണാനിധേ പാഹി" (വിഷ്ണു-ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ, കോട്ട:മനോജ്)
തുടർന്ന് മഹാവിഷ്ണു ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

മഹാവിഷ്ണുവിന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"മാമുനിതിലകമേ പോക പോക നീ ഭൂമിപാലസവിധേ"
ചരണം1:
"താമസമെന്നിയെ മമ ദാസനാം
 ഭൂമിതിലകനെക്കാണുക പോയി നീ
 ഭക്തലോകപരാധീനനെന്നെന്നെ
 ചിത്തതാരിൽ കരുതുക സമ്പ്രതി"
 ചരണം2:
"നിത്യവുമെന്നെ വിശ്വസിച്ചീടുന്ന
 ഭൃത്യന്മാരെ വെടിയുന്നതെങ്ങിനെ
 സാധുശീലരോടുള്ള വിരോധങ്ങൾ
 ആധിഹേതുവെന്നോർക്ക തപോനിധേ"
{മഹർഷിശ്രേഷ്ഠാ, അങ്ങ് പോകു, രാജാവിന്റെ സമീപത്തേയ്ക്ക് പോകൂ. ഒട്ടും താമസിയാതെ അങ്ങുപോയി എന്റെ ദാസനായ രാജശ്രേഷ്ഠനെ കാണുക. ഞാൻ ഭക്തന്മാർക്ക് അധീനനാണ് എന്ന് അവിടുത്തെ മനതളിരിൽ അറിയുക. നിത്യവും എന്നെ വിശ്വസിക്കുന്ന ഭൃത്യരെ ഉപേക്ഷിക്കുന്നതെങ്ങിനെ? തപോനിധേ, ഭക്തരോടുള്ള വിരോധങ്ങളാണ് ദുഃഖത്തിന് കാരണം എന്ന് അറിയുക.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'അയ്യോ! അങ്ങ് എന്നെ ഉപേക്ഷിക്കരുതേ'
ദുർവ്വാസാവ് വീണ്ടും വിഷ്ണുവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി വിഷ്ണു അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ഓടിഓടി വളരെ അവശസ്ഥിതിയിലുള്ള ദുർവ്വാസാവ് ചൂട് അസഹ്യമാവുമ്പോൾ പ്രാണഭയം കൊണ്ട് ഒരുവിധം എഴുന്നേറ്റ് ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: