2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

അംബരീഷചരിതം ഒൻപതാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, ശിവൻ(കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ഇന്ദളം
"ദധതം കളായകുസുമോപമം ഗളം
 നിജവാമഭാഗധൃതസർവ്വമംഗളം
 ശരണം ജഗാമ ജഗതാം ശിവശങ്കരം
 ശശിഖണ്ഡമൗലിമൃഷിരേഷ ശങ്കരം"
{കാശാവിൻപൂപോലെ നീലനിറത്തിലുള്ള കഴുത്തോടുകൂടിയവനും തന്റെ ഇടത്തുഭാഗത്ത് സർവ്വമംഗളയായ ശ്രീപാർവ്വതീദേവിയെ ധരിച്ചവനും ലോകത്തിന് മംഗളമേകുന്നവനും ചന്ദ്രക്കലാധരനുമായ ശങ്കരനെ മഹർഷി ശരണം പ്രാപിച്ചു.}

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ശിവനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ഇന്ദളം, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"പാഹി ശംഭോ മയി ദേഹി ശംഭോ
 ദേഹികൾക്കു നീയല്ലോ ദൈവമാകുന്നു"
ചരണം1:
"ദുർവ്വാരസുദർശനദൂയമാനമാനസം
 ദുർവാസസം പാഹി പാർവതീനാഥ"
{ശംഭോ, ശംഭോ, എനിക്ക് രക്ഷനൽകിയാലും. ജീവികൾക്ക് ഇവിടുന്നാണല്ലോ ദൈവമായുള്ളത്. പാർവ്വതീവല്ലഭാ, തടുക്കാനാവാത്ത സുദർശനത്താൽ ക്ലേശിക്കുന്ന മനസ്സോടുകൂടിയ ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ}

തുടർന്ന് ശിവൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശിവന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
അനുപല്ലവി:
"സത്യസ്വരൂപിതന്മായാശക്തികളറിവാൻ
 സിദ്ധന്മാർ വയമപി മുഗ്ദ്ധന്മാരല്ലോ"
പല്ലവി:
"കഞ്ജനാഭം കലയാഞ്ജനാഭം അഞ്ജസാ തവ ഭയഭഞ്ജനചതുരം"
ചരണം1:
"വിഷ്ണുകരതലരോചിഷ്ണുവാമായുധം
 വിഷ്ണുഭക്തവൈരസഹിഷ്ണുവല്ലറിക"
 ചരണം2:
"ചെന്താർമാനിനിതന്റെ കാന്തനല്ലാതെ
 സന്താപമകറ്റുവാൻ ബന്ധുവാരിഹ തേ"
ചരണം3:
"കേവലാനന്ദരൂപി കേശവൻ നിജപദ-
 സേവകജനത്തിനിന്നേവമധീനൻ"
{സത്യസ്വരൂപനായ വിഷ്ണുവിന്റെ മായാശക്തികൾ അറിയുവാൻ സിദ്ധന്മാരായ ഞങ്ങൾക്കുകൂടി കഴിവില്ല. അഞ്ജനവർണ്ണനും പെട്ടന്ന് അങ്ങയുടെ ഭയത്തെ ഇല്ലാതെയാക്കുവാൻ സാമർത്ഥ്യമുള്ളവനുമായ പത്മനാഭനെ ആശ്രയിച്ചാലും. വിഷ്ണുവിന്റെ കരത്തിൽ ശോഭിക്കുന്നതായ ചക്രായുധം വിഷ്ണുഭക്തരിലുള്ള വൈരം സഹിക്കുന്നവനല്ല എന്ന് അറിഞ്ഞാലും. നിന്റെ ദുഃഖമകറ്റുവാൻ ലക്ഷ്മീകാന്തനല്ലാതെ ബന്ധുവായി മറ്റാരാണിവിടെ നിനക്കുള്ളത്? കേവലാനന്ദസ്വരൂപിയായ കേശവൻ, തന്റെ പാദസേവകരായ ജനങ്ങൾക്ക് ഇന്ന് ഇപ്രകാരം അധീനനാണ്.}

ശേഷം ആട്ടം-
ദുർവ്വാസാവ്:
'അയ്യോ! അങ്ങ് എന്നെ രക്ഷിക്കേണമേ'
ദുർവ്വാസാവ് വീണ്ടും ശിവനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ശ്രീപരമേശ്വരൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: