2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

അംബരീഷചരിതം എട്ടാം രംഗം

രംഗത്ത്-ദുർവ്വാസാവ്, സുദർശനം, ബ്രഹ്മാവ്(കുട്ടിത്തരം പഴുപ്പുവേഷം)

ശ്ലോകം-രാഗം:ആഹരി
"രണേ ദാരുണ താം കൃതാന്തസ്യ ഗേഹം
 പ്രണിയാനുയാതം ഭയോൽക്കമ്പിതാംഗഃ
 സമുദ്വീക്ഷ്യ ചക്രം നിജക്ഷേമകാംക്ഷീ
 ജവാൽ ബ്രഹ്മലോകം ജഗാഹേ മുനീന്ദ്രഃ"
{ഘോരയുദ്ധത്തിൽ കൃത്യയെ കാലപുരിയിലയച്ചിട്ട് തന്നെ അനുഗമിച്ചുകൊണ്ടിരിക്കുന്ന സുദർശനചക്രത്തെ  നല്ലവണ്ണം കണ്ടിട്ട് ദുർവ്വാസാവ് ഭയത്താൽ വിറയ്ക്കുന്ന ശരീരത്തോടുകൂടിയവനായിട്ട് ആത്മരക്ഷയ്ക്കായി ബ്രഹ്മലോകത്തെ പ്രാപിച്ചു.}

സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടികൊണ്ടിരിക്കുന്ന ദുർവ്വാസാവ്, ശ്ലോകം കൊട്ടിക്കലാശിച്ചശേഷം 'അഡ്ഡിഡ്ഡിക്കിട'മേളത്തിനൊപ്പം രംഗത്തേയ്ക്ക് ഓടിക്കയറി വലതുഭാഗത്തായി പകുതിതാഴ്ത്തിയ തിരശ്ശീലക്കുള്ളിലായി പീഠത്തിലിരിക്കുന്ന ബ്രഹ്മാവിനെ വീണുനമസ്ക്കരിച്ചിട്ട് ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ആഹരി, താളം:ചെമ്പ(മൂന്നാം കാലം)
പല്ലവി:
"ലോകേശ പാലയ കൃപാലയ വിഭോ
 പാകാരിമുഖവിനുത പാദപതിതം മാം"
ചരണം1:
"ഔർവാഗ്നിസദൃശാരിദുർവാരതേജസാ
 ദുർവ്വാസസം സപദി ദൂയമാനം വിധേ"
{ലോകനാഥാ, ദയാലോ, ഇന്ദ്രാദികളാൽ സ്തുതിക്കപ്പെടുന്നവനേ, പ്രഭോ, കാൽക്കൽ വീണ എന്നെ രക്ഷിക്കേണമേ. ബ്രഹ്മദേവാ, ബഡവാഗ്നിക്കു തുല്യമായ ചക്രത്തിന്റെ തടുക്കാനാവാത്ത തേജസ്സുകൊണ്ട് ദുഃഖിക്കുന്ന ഈ ദുർവ്വാസാവിനെ രക്ഷിക്കേണമേ}

"ലോകേശ പാലയ കൃപാലയ വിഭോ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഘരവാര്യർ)
തുടർന്ന് ബ്രഹ്മാവ് ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ബ്രഹ്മാവിന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
"നാരായണം ഭജ മുനീന്ദ്ര ശരണം
 ശരണാഗതാർത്തജനഭരണനിപുണം മുനേ"
ചരണം1:
"ചാരുചില്ലീലതാചാലനംകൊണ്ടഖില-
 പാലനാദി ചെയ്യുന്ന പരമകല്യാണം"
 ചരണം2:
"പരമപൂരുഷനുടെ പാണിധൃതമസ്ത്രമിതു
 പരിചിനൊടടങ്ങുവാൻ പരമകല്യാണം"
{മുനിശ്രേഷ്ഠാ, ശരണം പ്രാപിക്കുന്ന ദുഃഖിതരായ ജനങ്ങളെ രക്ഷിക്കുന്നതിൽ നിപുണനായ നാരായണനെ ഭജിക്കു. മനോഹരമായ പുരികക്കൊടികളുടെ ചലനങ്ങളെക്കൊണ്ട് എല്ലാവരേയും പരിപാലിക്കുന്ന സർവ്വമംഗളനാണ് അദ്ദേഹം. ആ പരമപൂരുഷന്റെ കൈയ്യിൽ ശോഭിക്കുന്നതായ ഈ ആയുധം വേണ്ടുംവണ്ണം ശാന്തമാവാൻ മറ്റുവഴികളൊന്നും ഇല്ല.}

ശേഷം ആട്ടം-
ദുർവ്വാസാവ്:'അങ്ങ് എന്നെ രക്ഷിക്കേണമേ'
ദുർവ്വാസാവ് വീണ്ടും ബ്രഹ്മാവിനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ബ്രഹ്മദേവൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയികയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: