2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

അംബരീഷചരിതം ഏഴാം രംഗം

രംഗത്ത്-അംബരീഷൻ, ബ്രാഹ്മണൻ(കുട്ടിത്തരം മിനുക്കുവേഷം), ദുർവ്വാസാവ്, കൃത്യ(ഇടത്തരം ചുവന്നകരിവേഷം), സുദർശനം(ഇടത്തരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:ആനന്ദഭൈരവി
"മുനീന്ദ്രേ കാളിന്ദീതടമടതി മാദ്ധ്യന്ദിനവിധിം
 വിധാതും സ്വച്ഛന്ദം ചിരയതി മുഹൂർത്താർദ്ധവിരതൗ
 നൃപേന്ദുർദ്വാദശ്യം രചയിതുമനാഃ പാരണവിധിം
 നൃഗാദീദേകാന്തേ നിരവധികചിന്താപരവശഃ"
{മദ്ധ്യാഹ്നകർമ്മം ചെയ്യുവാനായി കാളിന്ദീതടത്തിലേയ്ക്കുപോയ മുനീന്ദ്രൻ യഥേഷ്ടം താമസിക്കുമ്പോൾ ദ്വാദശിനാൾ പാരണവീടുവാൻ ആഗ്രഹിക്കുന്നവനായ രാജശ്രേഷ്ഠൻ അതിനുള്ള മുഹൂർത്തം പകുതി കഴിഞ്ഞതിനാൽ വളരെ ചിന്താപരവശനായി ഒറ്റയ്ക്കിരുന്നു.}

രംഗമദ്ധ്യത്തിലെ പീഠത്തിൽ ഇരുന്നുകൊണ്ട് അംബരീഷൻ പദം അഭിനയിക്കുന്നു.

അംബരീഷന്റെ വിചാരപ്പദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"എന്തഹോ ചെയ്‌വതെന്തഹോ"
അനുപല്ലവി:
"ഹന്ത മാമുനിന്ദ്രനിങ്ങു കിന്തുമൂലം വന്നീടായ്‌വാൻ"
ചരണം1:
"ഭോജനംചെയ്‌വതിനിഹ പൂജിതനായവനെന്നാൽ
 പാദനാഡികാപാർക്കിലോ ദ്വാദശി കഴിയുമല്ലോ"
ചരണം2:
"പാരണചെയ്യായ്കിൽ വ്രതപൂരണമെങ്ങനെ കൂടും
 താപസാതിക്രമം ചെയ്കിൽ പാപവുമുണ്ടല്ലോ പാരം"
ചരണം3:
"നിന്തിരുവടിയല്ലാതെ എന്തൊരാലംബം മമ
 പാഹി മാം ശൗരേ പാഹി മാം"
{ഹോ! കഷ്ടം! എന്താണ് ചെയ്യുക? കഷ്ടം! മഹർഷിശ്രേഷ്ഠൻ വരാതെയിരിക്കുവാൻ എന്താണ് കാരണം? ഇവിടെ ഭക്ഷണം കഴിക്കുവാനായി ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. കാൽ നാഴികകൂടി കഴിഞ്ഞാൽ ദ്വാദശി കഴിയുമല്ലോ. പാരണ ചെയ്തില്ലായെങ്കിൽ വ്രതം പൂർത്തീകരിക്കുന്നതെങ്ങിനെ? താപസനെ ധിക്കരിച്ചാൽ വലിയ പാപവും ഉണ്ടാകുമല്ലോ. നിന്തിരുവടി അല്ലാതെ എനിക്ക് അന്താണാശ്രയം? എന്നെ രക്ഷിച്ചാലും, വിഷ്ണുഭഗവാനേ, എന്നെ രക്ഷിച്ചാലും.}
പദാഭിനയം കഴിഞ്ഞ് അംബരീഷൻ ദുഃഖിതനായി വിഷ്ണുപാദങ്ങളെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നു. ഗായകർ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:മദ്ധ്യമാവതി
"ഹാ കൃഷ്ണ ത്വച്ചരണയുഗളാന്നൈവ ലോകേ വിലോകേ
 സന്തപ്താനാം ശരണമപരം സങ്കടേ ഷ്വീദൃശേഷു
 ഇത്ഥം ചിന്താശബളിതമതിസ്താവദഭ്യേത്യ സഭ്യൈ-
 ർദ്ധർമ്മ്യാംവാചം സ ഖലു ജഗദേ ഭൂസുരൈർഭാസുരാംഗൈഃ"
{'അല്ലയോ കൃഷ്ണാ, ഇങ്ങിനെ സങ്കടങ്ങളിൽ ദുഃഖിക്കുന്നവർക്ക് അവിടുത്തെ കാലിണകളല്ലാതെ മറ്റൊരാശ്രയം ലോകത്തിൽ ഞാൻ കാണുന്നില്ല' ഇപ്രകാരം ചിന്താകുലമാനസനായിരിക്കെ അദ്ദേഹത്തിന്റെ സഭാവാസികളും പരിശുദ്ധരുമായ ബ്രാഹ്മണർ വന്ന് ധർമ്മത്തിനൊത്തവിധം പറഞ്ഞു.}

ശ്ലോകമവസാനിക്കുന്നതോടെ ജലപൂരിതമായ ശംഖ് കൈയ്യിലേന്തിക്കൊണ്ട് 'കിടതകധീം,താം' മേളത്തിനൊപ്പം വലത്തുഭാഗത്തുകൂടി ബ്രാഹ്മണൻ പ്രവേശിക്കുന്നു. ബ്രാഹ്മണനെ കാണുന്നതോടെ അംബരീഷൻ എഴുന്നേറ്റ് കുമ്പിടുന്നു. ബ്രാഹ്മണൻ ശംഖ് താഴെവെച്ചിട്ട് രാജാവിനെ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ"
അനുപല്ലവി:
"തെളിവിനൊടു വിലസും തവ മുഖമിതു വിളറിവിവശമാവാൻ കിമു മൂലം"
ചരണം1:
"അത്രിമാമുനിതന്നുടെ നന്ദനൻ ഗർവ്വേണ സർവ്വനിന്ദനൻ
 കോപശപ്തസംക്രന്ദനൻ അറിക പറവതെന്തിഹ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
 ചരണം2:
"എന്തിനവനെ വരിച്ചു ഭോജനേ സാഹസകർമ്മശീലനേ
 താപസന്മാരിലന്യേനേ ചൊൽകിലില്ല താപം"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം3:
"അന്യദുഃഖമിവനുണ്ടോ മാനസേ വട്ടംക്കൂട്ടി മഹാനസേ
 ഭോജനത്തിന്നു താമസേ ഹേതുരേഷ ജരഠൻ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം4:
"ആശ്വസിച്ചു വാഴുക നീ ഭൂപതേ ഉണ്ടൊരുപായമാശു തേ
 ഞങ്ങൾ ചൊല്ലാം രമാപതേരംഘ്രിസേവകോത്തമ"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
ചരണം5:
"കേവലമംഭസ്സുകൊണ്ടു പാരണം രണ്ടിന്നുമതു ഭൂഷണം
 ഇല്ലതിനൊരു ഭൂഷണം വിരവിലറിക വീര"
("കളക കളക കലുഷത ഹൃദി ഭൂപ കലമബന്ധുകുലദീപ")
{സൂര്യവംശത്തിന് വിളക്കായുള്ളവനേ, രാജാവേ, മനസ്സിലെ കലുഷത കളഞ്ഞാലും. തെളിവുറ്റ അങ്ങയുടെ ഈ മുഖം വിളറി വിവശമാവാൻ എന്തു കാരണം? അത്രിമഹർഷിയുടെ പുത്രൻ അഹങ്കാരം കൊണ്ട് എല്ലാവരാലും നിന്ദിക്കപ്പെടുന്നവനാണ്. ഇവിടെ എന്തു പറയട്ടെ? ഇവൻ കോപത്താൽ ഇന്ദ്രനേയും ശപിച്ചവനാണ്. കോപശീലനായ അവനെ എന്തിനാണ് ഭക്ഷണത്തിനായി ക്ഷണിച്ചത്? താപസന്മാരിൽ മറ്റാരെയെങ്കിലും ക്ഷണിച്ചിരുന്നുവെങ്കിൽ ദുഃഖിക്കേണ്ടിവരുമായിരുന്നില്ല. അന്യരുടെ ദുഃഖമുണ്ടൊ ഇദ്ദേഹം മനസ്സിലാക്കുന്നു? പാചകശാലയിൽ എല്ലാം വട്ടംകൂട്ടിയിരിക്കുന്നു. ഈ വയസനാണ് ഭക്ഷണം താമസിക്കുന്നതിന് കാരണം. രാജാവേ, അങ്ങ് ആശ്വസിച്ചിരുന്നാലും. ഒരു ഉപായമുണ്ട്. വിഷ്ണുപാദസേവകരിൽ ഉത്തമനായുള്ളവനേ, ഞങ്ങൾ അങ്ങേയ്ക്കത് ഉടനെ പറഞ്ഞുതരാം. വെറും ജലംകൊണ്ട് പാരണചെയ്യുക. അത് രണ്ടുപക്ഷത്തിനും യോജിക്കും.വീരാ, അതിനൊരു തെറ്റുമില്ലെന്ന് നന്നായി മനസ്സിലാക്കിയാലും.}

"ഒളിവിനൊടു വിലസും തവ മുഖമിതു" (അംബരീഷൻ-കോട്ട:ഹരിദാസൻ)
ശേഷം ആട്ടം-
അംബരീഷൻ:'അതുകൊണ്ട് ഒട്ടും ദോഷമില്ലെന്ന് തീർച്ചയല്ലേ?'
ബ്രാഹ്മണൻ:'തീർച്ചയാണ്. വേദശാസ്ത്രപ്രകാരം അതിന് ഒട്ടും ദോഷമില്ല'
ബ്രാഹ്മണൻ ശംഖിൽനിന്നും ജലം ഒഴിച്ചുകൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിപുരസരം സേവിക്കുന്നു. അനന്തരം ബ്രാഹ്മണനെ വന്ദിച്ചിട്ട് അംബരീഷൻ ഇടത്തുഭാഗത്തേയ്ക്കുനീങ്ങി കൈകൂപ്പി ധ്യാനനിരതനായി നിൽക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ബലഹരി
"അതിരൂഢമജം ഗരുഢം ജഗതാം
 ശരണം സ മഹീനമഹീനഭുജം
 വിമൃശം തമവോചദുപേത്യമുനി-
 ശ്ശരണം സമഹീനമഹീനഭുജം"
{അതുല്യനും ജന്മമില്ലാത്തവനും സർപ്പശ്രേഷ്ഠന്മാരെ ഭക്ഷിക്കുന്നവനായ ഗുരുഢനിൽ കയറിയിരിക്കുന്നവനും ലോകങ്ങൾക്ക് ആശ്രയമായുള്ളവനുമായ മഹാവിഷ്ണുവിനെ ധ്യാനിച്ചിരിക്കുന്നവനും ബലിഷ്ഠങ്ങളായ കൈകളോടുകൂടിയവനുമായ അംബരീഷരാജാവിന്റെ വാസസ്ഥലത്തുവന്ന് ആ ദുർവ്വാസാവ് മഹർഷി ഇപ്രകാരം പറഞ്ഞു.}

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ ക്രുദ്ധനായ ദുർവ്വാസാവ് വലത്തുഭാഗത്തുകൂടി ഓടി പ്രവേശിക്കുന്നു.
ദുർവ്വാസാവ്:('അഡ്ഡിഡ്ഡിക്കിട' ചവുട്ടി നിന്നിട്ട്)'എവിടെ? ഞാൻ വരുമ്മുൻപ് പാരണകഴിച്ച ആ രാജാവ് എവിടെ?' (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് അംബരീഷനെ കണ്ട് അത്യന്തം ക്രുദ്ധിച്ച്)'എടാ, ഞാൻ വരുമ്മുൻപ് നീ ബ്രാഹ്മണർക്ക് ഭോജനവും നൽകി പാരണയും കഴിച്ചു അല്ലേ? ഇപ്രകാരം ചതി ചെയ്യുന്നത് സൂര്യവംശരാജാക്കന്മാർക്ക് ചേർന്നതാണോ? എന്നാൽ കണ്ടുകൊൾക'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ദുർവ്വാസാവ് പദം അഭിനയിക്കുന്നു.

ദുർവ്വാസാവിന്റെ പദം-രാഗം:ബലഹരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
"പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം"
അനുപല്ലവി:
"അത്രിമഹാമുനിപുത്രനഹം തവ ചിത്തേ കരുതുക കുടിലതരമതേ"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം1:
"അതിഥിയായ് വന്നീടിനൊരെന്നെ ആതിഥ്യേന നിമന്ത്രിച്ചുടനേ
 ഹന്ത വെടിഞ്ഞു ഭുജിച്ചതിനുടെ ഫലമാലോകയ വിരവോടു ദുരാത്മൻ"
 ("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം2:
"വിപ്രന്മാരുടെ ഹേളനകൃത്യം വിഷ്ണുവിനോർത്താൽ സമ്മതമാമോ
 അപ്രതിഹതമദമത്തന്മാരിൽ ക്ഷിപ്രം ദണ്ഡമതുചിതം നിയതം"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
ചരണം3:
"കാലപ്രമഥനഫാലവിലോചന ലോലഹുതാശവിലാസവിലാസി
 കരാളകളേബരമാകിയ കൃത്യാ കാലാനലമിഹ കല്പയാമ്യഹം"
("പാർത്ഥിവഹതക നീ സമ്പ്രതി ചെയ്തതു പാർക്കിലെത്ര ചിത്രം")
{രാജാധമാ, നീ ഇപ്പോൾ ചെയ്തത് എറ്റവും വിചിത്രമായി തോന്നുന്നു. മഹാവഞ്ചകാ, ഞാൻ അത്രിമാമുനിയുടെ പുത്രനാണന്ന് മനസ്സിലാക്കുക. ദുഷ്ടാത്മാവേ, കഷ്ടം! അതിഥിയായി വന്ന എന്നെ സൽക്കാരത്തിനായി ക്ഷണിച്ചിട്ട് എന്നെ കൂടാതെ ഭക്ഷിച്ചതിന്റെ ഫലം ഉടനെ കണ്ടുകൊൾക. ബ്രാഹ്മണരെ അവഹേളിക്കുന്നത് വിഷ്ണുവിന് സമ്മതമാകുമോ എന്ന് ആലോചിക്കു. എതിരില്ലാത്ത അഹങ്കാരത്തോടുകൂടിയവരെ പെട്ടന്ന് ശിക്ഷിക്കുന്നതാണ് ഉചിതമെന്നുറപ്പ്. കാലാന്തകനായ ശിവന്റെ നെറ്റിക്കണ്ണിൽ ചലിച്ചുകൊണ്ടിരിക്കുന്ന അഗ്നിജ്വാലപോലെ ശോഭിക്കുന്നവളും ഭയങ്കര ശരീരിയുമാകുന്ന കൃത്യയാകുന്ന പ്രളയാഗ്നിയെ ഞാനിപ്പോൾ സൃഷ്ടിക്കുന്നുണ്ട്.}

പദം കാലാശിച്ചിട്ട് ദുർവ്വാസാവ് 'കണ്ടുകൊൾക' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചശേഷം ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം^-രാഗം:സാരംഗം
"തത്ക്കാലേ തേന രോഷാദ്വികടതരജടാതാഡിതാൽ ഭൂമിപൃഷ്ഠാ-
 ദുത്തിഷ്ഠന്തീ കരാളാ പദയുഗളഭരാൽ കമ്പയന്തീ ജഗന്തീ
 ഉന്നമ്രാതാമ്രകേശൈർന്നഭസി ഘനഘടം ഘട്ടയന്തീ നദന്തീ
 ഖഡ്ഗം തീവ്രം വഹന്തീ സവിധമഥ മുനേരേത്യ കൃത്യാ ബഭാഷേ"
{അപ്പോൾ മുനിയാൽ കോപത്തോടെ വളഞ്ഞുകെട്ടുപിണഞ്ഞ ജടകൊണ്ട് അടിച്ച ഭൂമിയിൽ നിന്ന് പുറപ്പെട്ടവളും ഭയങ്കരിയും ഭാരിച്ച കാൽവെപ്പുകളെക്കൊണ്ട് ലോകത്തെ വിറപ്പിക്കുന്നവളും മേൽപ്പോട്ടുനിൽക്കുന്ന ചെമ്പിച്ച തലമുടിയാൽ മേഘങ്ങളെ അടിക്കുന്നവളും അട്ടഹസിക്കുന്നവളും മൂർച്ചയേറിയ വാൾ ഏന്തിയവളുമായ കൃത്യ മുനിയുടെ മുന്നിൽവന്ന് വണങ്ങിയിട്ട് പറഞ്ഞു.}

[
^വട്ടംവെയ്ക്കുന്ന ദുർവ്വാസാവ് ശ്ലോകത്തിൽ 'ജടാതാഡിത' എന്നാലപിക്കുന്നതിനൊപ്പം വലംകൈകൊണ്ട് തന്റെ മുടിപിടിച്ച് മുന്നിലേയ്ക്ക് ആഞ്ഞടിക്കുകയും ഭൂമിപിളർന്നതായി കാട്ടുകയും ഭൂമിയിൽ നിന്നും കൃത്യയോട് ഉയർന്നുവരുവാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ദുർവ്വാസാവ് വീണ്ടും വട്ടം വച്ചശേഷം വലതുവശം പീഠത്തിൽ കയറിനിൽക്കുന്നു. ഈ സമയത്ത് പിന്നിലായി പിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് കൃത്യ അലറുന്നു. കൃത്യയുടെ അലർച്ചകേട്ട് ദുർവ്വാസാവ് തൃപ്തിനടിക്കുന്നു.
(ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
-----(തിരശ്ശീല)-----
കൃത്യയുടെ രൗദ്രഭാവത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോൾ മുന്നേപ്പോലെ ദുർവ്വാസാവ് വലതുവശം പീഠത്തിനുമേൽ നിൽക്കുന്നു. വലംകൈയ്യിൽ വാൾ ധരിപ്പിച്ചുകൊണ്ട് രംഗമദ്ധ്യത്തിലൂടെ എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കൃത്യ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ദുർവ്വാസാവിനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് വണങ്ങി നിൽക്കുന്നു. ദുർവ്വാസാവ് അനുഗ്രഹിച്ച് താഴെയിറങ്ങി പീഠത്തിൽ വലംകാൽ ഉയർത്തിവെച്ച് നിൽക്കുന്നു.
കൃത്യ:'അല്ലയോ സ്വാമിൻ, എന്റെ വാക്കു് കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ പദം ആടുന്നു.

പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
കൃത്യ:
പല്ലവി:
"കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ"
അനുപല്ലവി:
"എങ്കലൊരു കൃപ നിനക്കുണ്ടെങ്കിലലം കമലാസനമാഹരാമ്യഹം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം1:
"അമരാരണചതുരാബലനികരാരവമുഖരാ
 സമിതി ഝടിതി നിശിതഹേതിപാത-
 വിപിന്നരായി മന്നിൽ മുന്നിൽ വാണീടും
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം2:
"ഗിരികൾ സുരകരികൾ തരുനിരകൾ വരുമരികൾ
 വിരവൊടു കരതലവിരചിതവിനിഹതി
 പിഷ്ടരായി നഷ്ടരായിടും ദൃഢം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
ചരണം3:
"അതലേ വദ വിതലേ ഫണിബഹുലേ ബത സുതലേ
 അതുലബലപടല ചലിതവിലേശയ-
 ജാലമപി ച തൂലയാമി നിഖലം"
("കിം കരവൈ ഭഗവൻ മുനീശ്വര കിങ്കരി ഞാനധുനാ")
{ഭഗവാനേ, മുനീശ്വരാ, കിങ്കരിയായ ഞാനിപ്പോൾ എന്തുചെയ്യണം? എന്നിൽ അവിടുത്തെയുടെ കൃപ അല്പമെങ്കിലും ഉണ്ടെങ്കിൽ, ബ്രഹ്മാവിനെ പിടിച്ചുകൊണ്ടുവരുവാനും ഞാൻ മതി. യുദ്ധനിപുണരും സൈന്യസമൂഹത്തിന്റെ ശബ്ദം കൊണ്ട് വലിയ ഘോഷത്തോടുകൂടിയവരുമായ ദേവന്മാർ യുദ്ധത്തിൽ പെട്ടന്ന് മൂർച്ചയേറിയ ആയുധമേറ്റ് മുന്നിൽ നിലത്തുവീഴും. മലകളും അഷ്ടദിഗജങ്ങളും വൃക്ഷങ്ങളും വരുന്ന ശത്രുക്കളും കരത്താലുള്ള കനത്തപ്രഹരമേറ്റ് ഉറപ്പായും തകരും. ഹോ! പറഞ്ഞാലും, അതലത്തിലോ വിതലത്തിലോ സുതലത്തിലോ നാഗലോകത്തിലോ അതിബലവാന്മാരായി സഞ്ചരിക്കുന്ന ശത്രുക്കൂട്ടത്തെ എല്ലാംകൂടി നശിപ്പിക്കുന്നുണ്ട്.}

ദുർവ്വാസാവ്:
ചരണം4:
"സഹസാ മമ വചസാൽ ഭുതയശസാ ഭുജമഹസാ
 അഹിതമിഹ നിഹതമാഹവസീമനി
 വിധേഹി യാഹി കാഹിതേ ഹി ചിന്താ"
പല്ലവി:
"കരധൃതകരവാളേ രണത്തിനു പോക നീ കരാളേ"
{ഉടനെ എന്റെ കല്പനയാൽ അസാധാരണയശസ്സുള്ള കൈയ്യൂക്കുകൊണ്ട് യുദ്ധത്തിൽ ശത്രുവിനെ നിഗ്രഹിക്കുക. പോ, ശത്രുവിനെകുറിച്ച് ചിന്തിക്കുന്നതെന്തിന്? കൈയ്യിൽ കരവാളേന്തിയവളേ, ഭയങ്കരസ്വരൂപിണീ, നീ യുദ്ധത്തിന് പോവുക.}


"സഹസാ മമ വചസാൽ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, കൃത്യ-കോട്ട:ഹരീശ്വരൻ)
ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ അംബരീഷൻ പ്രവേശിച്ച് ഇടത്തുഭാഗത്തായി മുന്നേപ്പോലെ ധ്യാനിച്ച് നിൽക്കുന്നു. കൃത്യ ദുർവ്വാസാവിനെ കുമ്പിടുന്നു.
ദുർവ്വാസാവ്:(അംബരീഷനെ ചൂണ്ടികാട്ടിയിട്ട്) 'അവനെ ഉടനെ പോയി നശിപ്പിച്ചാലും'
കൃത്യ:'കല്പനപോലെ'
വീണ്ടും കുമ്പിടുന്ന കൃത്യയെ അനിഗ്രഹിച്ച് ദുർവ്വാസാവ് നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ വണങ്ങി അയച്ചുതിരിഞ്ഞ് കൃത്യ രംഗത്തേയ്ക്ക് ഓടി വരുന്നു.
കൃത്യ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് അംബരീഷനെ കണ്ട് കുപിതയായി വാളോങ്ങിയിട്ട്)'എടാ, ദുഷ്ടാ, എന്റെ സ്വാമിയെ അപമാനിച്ച നിന്നെ ഉടനെ വെട്ടിക്കൊല്ലുന്നുണ്ട്. നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കൃത്യ അംബരീഷനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു. ശ്ലോകം ആരംഭിക്കുന്നതോടെ പിന്നിലായിപിടിച്ച തിരശ്ശീലയ്ക്കുള്ളിൽ നിന്നുകൊണ്ട് സുദർശ്ശനം അലറുന്നു.

ശ്ലോകം-രാഗം:ഘണ്ടാരം
"സംഗ്രാമോത്ഭടദൈത്യപുംഗവചമൂചക്രച്ഛിദാലമ്പടം
 ചക്രം ചക്രകുടുംബബാന്ധവഘനജ്യോതിച്ഛടാഡംബരം
 സന്ദിഷ്ടം നൃപരക്ഷണായ ഹരിണാ ദുർവാസസാ നിർമ്മിതാം
 നിർമ്മാന്തീം ജഗദട്ടഹാസമുഖരം ബാധാ ബബാധേതരാം"
{യുദ്ധത്തിൽ പരാക്രമികളായ അസുരശ്രേഷ്ഠന്മാരുടെ സേനാസമൂഹത്തെ നശിപ്പിക്കുന്നതിൽ സാമർദ്ധ്യമുള്ളതായും സൂര്യന്റെ കടുത്ത പ്രകാശപ്രസരത്തിനൊപ്പം തീഷ്ണമായും രക്ഷയ്ക്കായി അംബരീഷരാജാവിന് മഹാവിഷ്ണുവിനാൽ നൽകപ്പെട്ടതായുമിരിക്കുന്ന സുദർശനചക്രം ദുർവ്വാസാവിനാൽ സൃഷ്ടിക്കപ്പെട്ടവളും അട്ടഹാസംകൊണ്ട് ലോകത്തെ മുഴക്കുന്നവളുമായ ആ കൃത്യയെ ഏറ്റവും ഉപദ്രവിച്ചു.}

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ പിന്നിലെ തിരനീക്കി സുദർശ്ശനം പ്രത്യക്ഷനാകുന്നു. ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി എടുത്തുകലാശത്തോടെ മുന്നോട്ടുവരുന്ന സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് അംബരീഷനെ ഉപദ്രവിക്കാൻ തുനിയുന്ന കൃത്യയെ കണ്ട്, കോപത്തോടെ എതിർക്കുന്നു. സുദർശനത്തെ കണ്ട്, വണങ്ങിയശേഷം അംബരീഷൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് സുദർശനം പദത്തിന് ചുവടുവയ്ക്കുന്നു.

കൃത്യ-കോട്ട:ഹരീശ്വരൻ, അംബരീഷൻ-കോട്ട:ഹരിദാസ്
സുദർശനത്തിന്റെ പദം-രാഗം:ഘണ്ടാരം, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
"ആരഹോ ഹരിദാസവിപ്രിയമാചരിപ്പതിനിന്നിഹ
 ഘോരവീര്യമദേന മാമവിചാര്യ ഝടിതി അടുത്തതും
 പ്രളയദിനകരനികരുചിഭരഭാസുരാരഹുതാശനേ
 വിലയമവനുപയാതി ലോലപലാലകുലമതുപോലവേ"
ചരണം2:
"പുണ്ഡരീകദളാക്ഷനുടെ ഭുജദണ്ഡമണ്ഡിതമായുധം
 ചണ്ഡവിമതശിരോധിഷണ്ഡകദുഷ്ണശോണിതരൂഷിതം
 ഖണ്ഡപരശുവിധാതൃമുഖസുരമണ്ഡലേന നിഷേവിതം
 ഖണ്ഡയതി തവ കണ്ഠമിഹ വിസകാണ്ഡഖണ്ഡമതറിക നീ"
{എന്നെ വിചാരിക്കാതെ വിഷ്ണുദാസനെ ഉപദ്രവിക്കുവാനായി അഹങ്കാരത്തോടെയും ഘോരവീര്യത്തോടേയും പാഞ്ഞടുത്തതാര്? അവൻ പ്രളയകാലസൂര്യന്റെ തേജസ്സോടുകൂടിയ ചക്രമുനകളിലെ അഗ്നിയിൽ വൈക്കോൽത്തുരുമ്പുപോലെ നശിച്ചുപോകും. മഹാവിഷ്ണുവിന്റെ ബലിഷ്ഠമായ കരത്തിൽ കറങ്ങുന്നതും ക്രൂരന്മാരായ ശത്രുക്കളുടെ കഴുത്തുകളിൽനിന്നും ഒഴുകുന്ന ചുടുരക്തം പുരണ്ട് നിറമ്മാറ്റം വന്നതും ബ്രഹ്മാവ്, മഹേശ്വരൻ തുടങ്ങിയ ദേവസമൂഹത്താൽ സേവിക്കപ്പെടുന്നതുമായ ചക്രായുധം താമരത്തണ്ടുമുറിക്കുന്നതുപോലെ ഉടനെ നിന്റെ കഴുത്തറുക്കുമെന്ന് അറിയുക.}

ശേഷം ആട്ടം-
പദം കലാശിക്കുന്നതോടെ സുദർശനം കൃത്യയെ നേരിടുന്നു. കുറച്ചുസമയം എതിർത്തുനോക്കുന്നു. എങ്കിലും സുദർശനത്തിന്റെ അസഹ്യമായ ചൂടേറ്റ് എരിപൊരികൊണ്ട് കൃത്യ വീണുചാകുന്നു. ഈ സമയത്ത് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ദുർവ്വാസാവ് കൃത്യയുടെ നാശം കണ്ട്, അത്ഭുതപ്പെട്ട് നിൽക്കുന്നു. കൃത്യയെ നശിപ്പിച്ചശേഷം സുദർശനം 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ദുർവ്വാസാവിനെ കണ്ട്, അദ്ദേഹത്തിന്റെനേരെ ചെല്ലുന്നു.
ദുർവ്വാസാവ്:(ചൂടുസഹിക്കായ്കയാൽ ക്ഷോഭിച്ച്)'പോ, പോ'
തന്റെ ആജ്ഞ വകവെയ്ക്കുന്നില്ലെന്നുകണ്ട് അരിശം മുഴുത്ത് 'എന്നാൽ കാണട്ടെ' എന്നഭാവത്തിൽ കൈകെട്ടിനിൽക്കുന്നു. ചൂട് സഹിക്കാനാവാതെവരുമ്പോൾ ദുർവ്വാസാവ് സുദർശനത്തെ ശപിക്കുന്നു. ശാപവും ഏൽക്കുന്നില്ല എന്നുകാണുന്നതോടെ ദുർവ്വാസാവിന്റെ വാശിയും ശുണ്ഠിയും ഇല്ലാതാകുന്നു. ചൂടും ഒപ്പം ഭയവും ഏറിവരുന്നതിനാൽ ദുർവ്വാസാവ് ഇരുവശങ്ങളിലേയ്ക്കും ഒഴിഞ്ഞുമാറുന്നു.

ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ
ദുർവ്വാസാവ്:(കൈകൂപ്പി തൊഴുതിട്ട്)'അരുതേ, അരുതേ'
തൊഴുത് ഏത്തമിട്ടിട്ടും സുർശനം തന്നെവിട്ടുമാറുന്നില്ല എന്നുകണ്ട് പ്രാണഭയത്താൽ ഓടി ദുർവ്വാസാവ് ഇടതുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നോടുന്ന സുദർശ്ശനവും പുറകെ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: