2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ആട്ടക്കഥാകാരൻ


അശ്വതിതിരുനാൾ രാമവർമ്മ തമ്പുരാൻ


1748‌‌‌ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 
കോലത്തുനാട് പള്ളിക്കോവിലകത്തുനിന്നും രണ്ടു തമ്പുരാട്ടിമാരെ വഞ്ചിരാജവംശത്തിലേയ്ക്ക്  ദെത്തെടുക്കുകയുണ്ടായി. അതിൽ മൂത്തറാണിയായ പൂയംതിരുനാളിനെ കവിയും പണ്ഡിതനുമായ കിളിമാനൂർ രവിവർമ്മ തമ്പുരാനാണ്('കംസവധം' ആട്ടക്കഥയുടെ കർത്താവ്) പരിണയിച്ചത്. ആ ദമ്പതികളുടെ പുത്രനാണ് രാമവർമ്മ. കൊല്ലവർഷം 931ൽ ഭൂജാതനായ ഇദ്ദേഹത്തിന്റെ ഗുരുനാഥൻ ശങ്കരനാരായണൻ എന്നൊരു പണ്ഡിതനായിരുന്നു. അമ്മാവനായ കാർത്തികതിരുനാൾ(ധർമ്മരാജാവ്) രാജ്യഭാരമേറ്റതോടെ അശ്വതി തിരുവിതാംകൂറിന്റെ ഇളയതമ്പുരാനായിതീർന്നു. മാതുലനെപ്പോലെതന്നെ സരസകവിയും, സംഗീതസാഹിത്യാദികലകളിൽ അസാമാന്യമായ വാസനയും അഭ്യാസവും സിദ്ധിച്ചയാളുമായ അശ്വതിതിരുനാൾ ധർമ്മരാജാവിന്റെ പ്രൗഢമായ വിദ്വൽസദസ്സിന് അലങ്കാരമായി സമുല്ലസിച്ചു. ഉള്ളൂർ ഉഴിയാഴത്തുറയിലെ അയ്യറത്തലവീട്ടിൽ നിന്നും പാൽക്കുളങ്ങര അമ്മവീട്ടിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഒരു വനിതാരത്നമായിരുന്നു തമ്പുരാന്റെ ധർമ്മദാരങ്ങൾ. കൊല്ലവർഷം 969-ൽ തന്റെ മുപ്പത്തിയെട്ടാമത് വയസ്സിൽ നാടുനീങ്ങിയതുമൂലം ഈ കവികുമാരൻ സിംഹാസനാരൂഢനായില്ല. എങ്കിലെന്ത്, വഞ്ചിരാജവംശത്തിലെ കവിരാജനായി അദ്ദേഹം അറിയപ്പെട്ടു.
സംസ്കൃതത്തിലും മലയാളത്തിലുമായി ഏതാണ്ട് 
12ഓളം കൃതികൾ അശ്വതിതിരുനാളിന്റേതായിട്ടുണ്ട്. അമ്മാവനെപ്പോലെതന്നെ കഥകളിയിലും അഭിനിവേശമുണ്ടായിരുന്ന രാമവർമ്മ 'രുഗ്മിണീസ്വയംവരം', 'അംബരീഷചരിതം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നിങ്ങിനെ 4 ആട്ടക്കഥകൾ രചിക്കുകയുണ്ടായി. ഇവയിൽ ആദ്യത്തെ മൂന്നെണ്ണവും അരങ്ങിൽ വളരെ പ്രചാരം നേടിയിട്ടുള്ളവയാണ്. 'നരകാസുരവധം' ആട്ടക്കഥയുടെ ഉത്തരഭാഗമാണ് അശ്വതിയുടെ ആദ്യകൃതിയെന്ന് ഐതീഹ്യമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: