2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം പുറപ്പാട്


രംഗത്ത്-വസുദേവൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
"ദിവ്യോദ്യാനമഹീമിവാഗ്ര്യകുസുമസ്തോമൈസ്സദാ ഭൂഷിതാം
 പ്രൗഢോദാരഗുണോജ്ജ്വലാം രതിപതേഃ കോദണ്ഡവല്ലീമിവ
 പാണൗകൃത്യ സ ദേവകീമനുപമാമാശേഭകാന്താമിവ
 ശ്രീമാനാനകദുന്ദുഭി: ശുഭമതീ രമ്യേ പുരേ രംരമീൽ"
{ഐശ്വര്യവാനും സദ്ബുദ്ധിയാർന്നവനുമായ ആ വസുദേവൻ സ്വർഗ്ഗോദ്യാനതലം പോലെ ഋതുഭേദമില്ലാതെ എപ്പോഴും ധാരാളം വിശിഷ്ടമായ പൂക്കളാൽ അലങ്കരിയ്ക്കപ്പെട്ടവളും, മനോഹരമായ ഞാൺ കൊണ്ട് ഉജ്ജ്വലമാമായ കാമദേവന്റെ വലിയ വില്ലുപോലെ വർദ്ധിച്ച മനോഹരഗുണഗുണങ്ങളാൽ ശോഭിയ്ക്കുന്നവളും, അതുല്യയുമായ ദേവകിയെ സ്വീകരിച്ചിട്ട്‌ രമ്യമായ നഗരിയിൽ അത്യധികം സുഖമായി താമസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
"യാദവകുലകമലജാതവനസൂര്യൻ
 യാമിനീശകാന്തിവിശദാമേയകീർത്തിമാൻ"

 "ശ്രീമത്ഭാഗവതോത്തമസീമാതിശായിയാം
 ശ്രീമാനനകദുന്ദുഭി സാമനിധി ധീരൻ"

"ദേവനാരായണപാദസേവാപരയാകും
 ദേവകനന്ദിനിയായ ദേവകിതന്നോടും"

 "ഇന്ദ്രസമാനപൗരുഷൻ ഇന്ദീവരനേത്രൻ
 വൃന്ദരകപുരോപമമന്ദിരേ വസിച്ചു"

 "ശൂരസേനകുമാരകൻ സൂനശരാകാരൻ
 സൂരിജനമാനനീയൻ ഭൂരിഗുണാലയൻ"
{യാദവകുലമാകുന്ന താമരപ്പൊയ്കക്ക് സൂര്യസമാനമായുള്ളവനും, ചന്ദ്രനെപ്പോലെ കാന്തിയോടുകൂടിയവനും, അപാരമായ കീർത്തിയോടുകൂടിയവനും, ഭാഗവതോത്തമനും, അതിരുറ്റ ഐശ്വര്യത്തോടുകൂടിയവനും, സാമനിധിയും, ധീരനും, ഇന്ദ്രസമാനനും, താമരക്കണ്ണനും, ശൂരസേനന്റെ പുത്രനും, കാമശരീരനും, സജ്ജനങ്ങളാൽ മാനിക്കപ്പെടുന്നവനും, ഗുണങ്ങളുടെ ഇരിപ്പിടമായുള്ളവനുമായ വസുദേവൻ വിഷ്ണുപാദസേവനത്തിൽ തൽപ്പരയും, ദേവകന്റെ പുത്രിയും, തന്റെ പത്നിയുമായ ദേവകിയോടുകൂടി സ്വർഗ്ഗതുല്യമായ തന്റെ മന്ദിരത്തിൽ വസിച്ചു.}
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: