2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

രുഗ്മിണീസ്വയംവരം


അശ്വതിതിരുനാൾ തമ്പുരാന്റെ പ്രസിദ്ധമായ ഒരു ആട്ടക്കഥയാണ് രുഗ്മിണീസ്വയംവരം.

കഥാസംഗ്രഹം
ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ 
52,53,54 അദ്ധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

വിദർഭരാജ്യത്തിലെ രാജാവും മഹാഗുണശാലിയുമായ 
ഭീഷ്മകൻ തലസ്ഥാനമായ കുണ്ഡിനപുരിയിലെ തന്റെ ഉദ്യാനത്തിൽ പത്നിമാരുമായി രമിക്കുന്ന രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗത്തിൽ, ഒരു ദിവസം കുണ്ഡിനപുരിയിലെത്തുന്ന നാരദമഹർഷി, സാക്ഷാൽ ശ്രീനാരായണന്റെ അവതാരമായ ശ്രീകൃഷ്ണനെ പുത്രിയായ രുഗ്മിണിക്ക് വരനാക്കുവാൻ ഭീഷ്മകനോട് നിർദ്ദേശിക്കുന്നു. ഭീഷ്മകൻ ഈ നിർദ്ദേശത്തെ മാനിക്കുന്നു എങ്കിലും പുത്രനായ രുഗ്മി ഇതിനെ എതിർക്കുകയും രുഗ്മിണിയെ തന്റെ സുഹൃത്തും ചേദിരാജാവുമായ ശിശുപാലന് നൽകുവാൻ ഉറപ്പിക്കുകയും ചെയ്യുന്നു രംഗം 3ൽ. നാലാം രംഗത്തിൽ, മഹാലക്ഷ്മിയുടെ അംശാവതാരവും കുട്ടിക്കാലം മുതൽക്കുതന്നെ ശ്രീകൃഷ്ണനെ മനസ്സിലുറപ്പിച്ചവളുമായ രുഗ്മിണീദേവി ജേഷ്ഠന്റെ തീരുമാനം അറിഞ്ഞ് കടുത്തദുഃഖത്താൽ വിലപിക്കുന്നു. ആശ്രിതവത്സലനായ ഭഗവാൻ തന്നെ രക്ഷിക്കുമെന്നും ഈ അവസരത്തിൽ ലജ്ജയെ ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കരുതി രുഗ്മിണി യോഗ്യനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ വരുത്തി, തന്റെ വിവരങ്ങൾ അറിയിക്കുവാനായി ശ്രീകൃഷ്ണസമീപത്തേയ്ക്ക് അയയ്ക്കുന്നു രംഗം 5ൽ. ആറാം രംഗത്തിൽ ശ്രീകൃഷ്ണസമീപമെത്തി ബ്രാഹ്മണൻ രുഗ്മിണിയുടെ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നു. തന്റെ പ്രിയതമയെ ഉടനെ തന്നെ കൊണ്ടുപോരുന്നുണ്ടന്ന് പ്രതിവചിച്ച് ഭഗവാൻ ഉടൻ തന്നെ ബ്രാഹ്മണനേയും കൂട്ടി കുണ്ഡിനത്തിലേയ്ക്ക് ഗമിക്കുന്നു. ഭഗവാൻ തനിക്കൊപ്പം ഇവിടെ എത്തിയിട്ടുണ്ട് എന്ന് കുണ്ഡിനത്തിലേയ്ക്ക് മടങ്ങിയെത്തിയ ബ്രാഹ്മണൻ രുഗ്മിണിയെ അറിയിക്കുന്നു രംഗം 7ൽ. എട്ടാം രംഗത്തിൽ, പുത്രന്റെ അഭിപ്രായപ്രകാരം രുഗ്മിണിയെ ചേദിരാജാവിന് നൽകുവാൻ നിർബന്ധിതനിതീർന്ന ഭീഷ്മകരാജാവ് വിവാഹത്തിന് കാഴ്ച്ചക്കാരായി രാമകൃഷ്ണന്മാരും വന്നിരിക്കുന്നു എന്നറിഞ്ഞ് സന്തുഷ്ടനായി ഓടിച്ചെന്ന് അവരെ സ്വീകരിക്കുന്നു. രുഗ്മിണിയെ തട്ടിക്കൊണ്ടുപോകുവാൻ തയ്യാറായി ശ്രീകൃഷ്ണൻ വന്നിരിക്കുന്നു എന്നുകേട്ട് ക്രുദ്ധനായ ശിശുപാലൻ കലിംഗാദി രാജാക്കന്മാരോട് കൂടിയാലോചിക്കുന്നു രംഗം9ൽ. പത്താം രംഗത്തിൽ രുഗ്മിണീസ്വയംവരത്തിൽ പങ്കെടുക്കുവാൻ വരുന്ന ചില ബ്രാഹ്മണർ രുഗ്മിയുടെ നിശ്ചയത്തേയും ശ്രീകൃഷ്ണന്റെ ആഗമനത്തേയുംകുറിച്ച് പരസ്പരം ചർച്ചചെയ്യുന്നു. സ്വയംവരത്തിനു മുൻപായി അണിഞ്ഞൊരുങ്ങിയ രുഗ്മിണി ക്ഷേത്രത്തിൽ എത്തി ശ്രീപാർവ്വതിയെ വന്ദിക്കുന്നു രംഗം11ൽ. ദർശ്ശനശേഷം പൂജിച്ചുവാങ്ങിയ വരണമാല്യവുമേന്തി മടങ്ങുന്ന രുഗ്മിണിയുടേ മുന്നിലേയ്ക്ക് ശ്രീകൃഷ്ണൻ തേരിലേറി എത്തുന്നു. രുഗ്മിണി വരണമാല്യമിട്ട് ശ്രീകൃഷ്ണനെ വരിക്കുന്നു. രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി ശ്രീകൃഷ്ണൻ പോകവേ ശിശുപാലാദികൾ വന്ന് തടുക്കുന്നു. അവരെയെല്ലാം യുദ്ധത്തിൽ പരാജിതരാക്കി ശ്രീകൃഷ്ണൻ യാത്രതുടരുന്നു. പന്ത്രണ്ടാം രംഗത്തിൽ രുഗ്മിണീഹരണവാർത്ത കലിംഗൻ വന്ന് രുഗ്മിയെ അറിയിക്കുന്നു. ക്രുദ്ധനായ രുഗ്മി വന്ന് ശ്രീകൃഷ്ണനെ തടുക്കുന്നു രംഗം 13ൽ. യുദ്ധത്തിൽ പരാജിതനായ രുഗ്മിയെ രുഗ്മിണിയുടെ അപേക്ഷമാനിച്ച് ഭഗവാൻ വധിക്കാതെ വിട്ടയയ്ക്കുന്നു. പതിനാലാം രംഗത്തിൽ, ശ്രീകൃഷ്ണനെ ചില രാജാക്കന്മാർ വഴിക്ക് തടുത്തതറിഞ്ഞ് ക്രുദ്ധനാകുന്ന ബലഭദ്രനെ സാത്യകി സമാധാനിപ്പിക്കുന്നു. അതിനിടെ യുദ്ധത്തിനായി വന്ന ജരാസന്ധനേയും തോൽപ്പിച്ചശേഷം ശ്രീകൃഷ്ണൻ രുഗ്മിണീസമേതനായി ദ്വാരകയിലേയ്ക്ക് ഗമിക്കുന്നു രംഗം 15ൽ. ദ്വാരകാപുരിയിലെത്തി വിധിപ്രകാരം വിവാഹിതരായശേഷം ശ്രീകൃഷ്ണനും രുഗ്മിണിയും സല്ലപിക്കുന്ന അന്ത്യരംഗത്തോടെ ആട്ടക്കഥ പൂണ്ണമാകുന്നു.

മൂലകഥയിൽ നിന്നുള്ള വെതിയാനങ്ങൾ
*ബലരാമനും സാത്യകിയുമായുള്ള പതിനാലാം രംഗം മൂലത്തിൽ ഇല്ലാത്തതാണ്. ശ്രീകൃഷ്ണനൊപ്പം ബലരാമനുൾപ്പെടെയുള്ള യാദവസേനയും എതിരിടാൻ വരുന്ന ജരാസന്ധാദികളായ രാജാക്കന്മാരോട് പൊരുതുന്നതായാണ് മൂലത്തിലുള്ളത്.

രംഗാവതരണത്തിലെ സവിശേഷതകൾ
ഒന്നാംതരം മിനുക്കുവേഷത്തിനും(സുന്ദരബ്രാഹ്മണൻ‌) 
മറ്റ് ഇടത്തരം പച്ച, കത്തി, മിനുക്ക്, ഭീരു വേഷങ്ങൾക്കും നല്ല സാദ്ധ്യതയുള്ള ആട്ടകഥയാണിത്.

1. 5,6,7 രംഗങ്ങളിൽ വരുന്ന 'സുന്ദരബ്രാഹ്മണൻ' എന്ന് വിവക്ഷിക്കപ്പെടുന്ന മിനുക്കുവേഷം ചിട്ടപ്രധാനമായ ചൊല്ലിയാട്ടങ്ങൾ കൊണ്ടും മനോധർമ്മാനുസ്സരണമുള്ള ആട്ടങ്ങൾ കൊണ്ടും സവിശേഷമായതാണ്.

2. ഇതര കഥകളിലേതുപോലെ യുദ്ധഭീരുവായ ഒരു രാജഭടൻ അല്ല രുഗ്മിണീസ്വയംവരത്തിലേത്. ഇതിൽ ഭീരുവേഷത്തിലെത്തുന്നത് ശിശുപാലപക്ഷക്കാരനായ കലിംഗരാജാവാണ്. 9,11,12 രംഗങ്ങളിൽ അരങ്ങിലെത്തുന്ന ഈ ഭീരു കാമവികാരത്താലും ഭീരുത്വത്താലും കാട്ടുന്ന വിവിധ ചേഷ്ടകൾ രസകരങ്ങളാണ്.

നിലവിലുള്ള അവതരണരീതി
* 1,2,3,8,10,12,13,14,15,16 രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

* ഒൻപതാം രംഗം അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

* 4,5,6,7 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്. പതിനൊന്നാം രംഗവും പതിവുണ്ടെങ്കിലും ഇതിൽ ശിശുപാലൻ, ഭീരു വേഷങ്ങളും, ഇവർ കൃഷ്ണനുമായി യുദ്ധത്തിലേർപ്പെടുന്നഭാഗവും അപൂർവ്വമായി മാത്രമെ ഉണ്ടാകാറുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല: