2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അംബരീഷചരിതം

ശ്രീമദ്ഭാഗവതം നവമസ്കന്ധത്തിലെ 4,5 അദ്ധ്യായങ്ങളിലായി വരുന്ന 
അംബരീഷമഹാരാജാവിന്റെ കഥയെ അടിസ്ഥാനമാക്കി അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാൻ രചിച്ച ആട്ടക്കഥയാണ് 'അംബരീഷചരിതം'.
കഥാസംഗ്രഹം
സൂര്യവംശജനും നഭഗപുത്രനും മഹാജ്ഞാനിയുമായിരുന്ന നാഭാഗന്റെ 
പുത്രനായിരുന്നു അംബരീഷൻ. അളവറ്റ ഭൂമിക്കും ധനത്തിനും അധിപനായിരുന്നു എങ്കിലും മഹാവിഷ്ണുവിലുള്ള അചഞ്ചലമായ ഭക്തി മൂലം വിരക്തിവന്ന ഇദ്ദേഹം ധർമ്മനിഷ്ടയോടെ രാജ്യം ഭരിച്ചുവന്നു. യാതൊന്നിലും ആഗ്രഹമില്ലാത്തവനായ തന്റെ ഭക്തനിൽ പ്രീതനായ മഹാവിഷ്ണു ശത്രുസംഹാരത്തിന് സമർത്ഥമായ തന്റെ ചക്രായുധത്തെ നൽകി അംബരീഷനെ അനുഗ്രഹിച്ചു.
അംബരീഷൻ പത്നിമാരുമായി സല്ലപിക്കുന്ന രംഗത്തോടുകൂടിയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ, ആശ്രമത്തിൽ വന്നുകണ്ട് വന്ദിക്കുന്ന അംബരീഷരാജാവിനോട് വിഷ്ണുപ്രീതിയ്ക്കായി 'ദ്വാദശിവ്രതം' അനുഷ്ടിക്കുവാൻ കുലഗുരുവായ വസിഷ്ഠമഹർഷി നിർദ്ദേശിക്കുന്നു. എല്ലാ ഏകാദശിദിവസവും ശുദ്ധോപവാസമായും അതിനു തലേന്നാളും(ദശമി) പിറ്റേന്നാളും(ദ്വാദശി) ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടും വിഷ്ണുവിനെ ഭജിച്ചുകഴിയണം. അറുപതുകോടി നല്ല പശുക്കളേയും ഭോജനവും ബ്രാഹ്മണർക്കായി നൽകിക്കൊണ്ട് ഇപ്രകാരം ഒരുവർഷക്കാലം ഏകാദശി നോൽക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത്. ഗുരുവിന്റെ നിദ്ദേശാനുസ്സരണം അംബരീഷൻ ദ്വാദശിവ്രതം അനുഷ്ടിച്ചുതുടങ്ങി. നാസ്തികരായ ഒരുകൂട്ടം യവനന്മാർ വിഷ്ണുവിനെ പരിഹസിക്കുന്നതായി തന്റെ മന്ത്രിയിൽനിന്നും അറിഞ്ഞ് അംബരീഷൻ അവരെ നശിപ്പിക്കുവാനായി പുറപ്പെടുന്നു രംഗം മൂന്നിൽ. നാലാം രംഗത്തിൽ, യവനരുടെ നഗരദ്വാരിയിൽ ചെന്ന് അംബരീഷൻ അവരെ പോരിനുവിളിക്കുന്നു. നേരിടാൻ വരുന്ന യവനന്മാരെ എല്ലാവരേയും അംബരീഷൻ വധിക്കുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ, യമുനാതീരത്തെ മധുവനത്തിൽ വന്ന് വ്രതമനുഷ്ടിച്ച് വിഷ്ണുധ്യാനത്തിൽ ഏർപ്പെട്ടിരിക്കുന്ന അംബരീഷൻ ദ്വാദശിവ്രതം പാരണവീടി അവസാനിപ്പിക്കുവാൻ തയ്യാറാകുന്നവേളയിൽ ദുർവ്വാസാവുമഹർഷി അവിടെ എത്തുന്നു. അദ്ദേഹത്തെ സ്വീകരിക്കുന്ന അംബരീഷൻ അന്നത്തെ ഭിക്ഷ ഇവിടെനിന്നും കഴിക്കുവാൻ മഹർഷിയോട് അപേക്ഷിക്കുന്നു. അത് സമ്മതിച്ച ദുർവ്വാസാവ് കുളിയും മദ്ധ്യാഹ്നക്രിയകളും കഴിച്ച് ഉടൻവരാം എന്നുപറഞ്ഞ് യമുനാതീരത്തേയ്ക്ക് പോകുന്നു. പാരണവീടി വ്രതം പൂർത്തീകരിക്കുവാനുള്ള സമയം അതിക്രമിച്ചിട്ടും മഹർഷി മടങ്ങിയെത്താത്തതിനാൽ അംബരീഷൻ ചിന്താപരവശനാകുന്നു രംഗം ഏഴിൽ. സമയത്ത് പാരണവീടിയില്ലെങ്കിൽ വ്രതഭംഗം വരും. മഹർഷിയെക്കൂടാതെ പാരണവീടിയാൽ അദ്ദേഹത്തിന് അപ്രീതിയുണ്ടാകും. എന്തുചെയ്യണമെന്നറിയാതെ അംബരീഷൻ വിഷ്ണുവിനെ പ്രാർത്ഥിക്കുന്നു. വെറും ജലം കുടിച്ച് പാരണവീടാമെന്നും അതുകൊണ്ട് ഭക്ഷിച്ചു എന്ന് വരുകയുമില്ലെന്നും വേദത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണർ രാജാവിനോട് നിർദ്ദേശിക്കുന്നു. അതനുസരിച്ച് അംബരീഷൻ തുളസീതീർത്ഥം സേവിച്ച് പാരണവീടുന്നു. അനന്തരം മടങ്ങിയെത്തുന്ന ദുർവ്വാസാവ് അംബരീഷൻ തന്നെക്കൂടാതെ പാരണവീടി എന്നറിഞ്ഞ് ക്രുദ്ധനാകുന്നു. തന്നെ അപമാനിച്ച രാജാവിനെ ദണ്ഡനം ചെയ്യുവാനായി മഹർഷി തന്റെ ജടയിൽനിന്നും പ്രളയാഗ്നിക്കുസമാനം സംഹാരശക്തിയുള്ള ഒരു കൃത്യയെ സൃഷ്ടിച്ച് അയയ്ക്കുന്നു. അംബരീഷന്റെ രക്ഷയ്ക്കായി മഹാവിഷ്ണുവിനാൽ മുൻപുതന്നെ നിയോഗിക്കപ്പെട്ടവനും, സർവ്വസംഹാരദക്ഷനുമായ സുദർശനചക്രം പെട്ടന്ന് അവിടെ ആവിർഭവിച്ച്, അംബരീഷനെ സംഹരിക്കുവാനൊരുങ്ങുന്ന കൃത്യയെ ദഹിപ്പിക്കുന്നു. തുടർന്ന് ചക്രായുധം ദുർവ്വാസാവിനുനേരെ ചെല്ലുന്നു. മഹാശക്തയായ കൃത്യയെ നശിപ്പിച്ച് തന്റെ നേരെ അടുക്കുന്ന സുദർശത്തിനെ ഭയന്ന് ഋഷി ഓടിത്തുടങ്ങി. ഏട്ടാം രംഗത്തിൽ, ത്രൈലോക്യങ്ങളിലും തന്നെ പിന്തുടർരുന്ന സുദർശനത്താൽ തപിതനായ ദുർവ്വാസാവ് ബ്രഹ്മലോകത്തെ പ്രാപിച്ച് ബ്രഹ്മദേവനോട് രക്ഷയ്ക്കായി അപേക്ഷിക്കുന്നു. മഹാവിഷ്ണുവിനല്ലാതെ മറ്റാർക്കും ഇതിൽ നിന്നും രക്ഷിക്കാൻ കഴിയുകയില്ല എന്നുപറഞ്ഞ് ബ്രഹ്മാവ് ദുർവ്വാസാവിനെ കൈയ്യൊഴിയുന്നു. വീണ്ടും ഭയന്നോടിയ ദുർവ്വാസാവ് നേരെ കൈലാസത്തിൽ ചെന്ന് ശ്രീപരമേശ്വരനെ അഭയം പ്രാപിക്കുന്നു രംഗം ഒൻപതിൽ. പത്താം രംഗത്തിൽ ശിവന്റെ നിദ്ദേശാനുസ്സരണം ദുർവ്വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുന്നു. താൻ ഭക്തപരാധീനനാണെന്നും, അങ്ങ് അംബരീഷനെത്തന്നെ അഭയം പ്രാപിച്ചാലെ ഈ ആപത്തിൽ നിന്നും മുക്തനാകുവാൻ സാധിക്കുകയുള്ളു എന്നും നിദ്ദേശിച്ച് മഹാവിഷ്ണു മഹർഷിയെ അയയ്ക്കുന്നു. ത്രിമൂർത്തികളാലും കൈയ്യൊഴിയപ്പെട്ടവനായ ദുർവ്വാസാവ് നിവൃത്തിയില്ലാതെ അംബരീഷന്റെ സമീപം മടങ്ങിയെത്തി ക്ഷമാപണം ചെയ്യുന്നു. അന്ത്യരംഗത്തിൽ അംബരീഷന്റെ പ്രാർത്ഥന മാനിച്ച് സുദർശനം ഋഷിയെ വിട്ടൊഴിയുന്നു. വിഷ്ണുഭക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി, അഹങ്കാരം ശമിച്ച മഹർഷി അംബരീഷരാജാവിന്റെ സല്ക്കാരം സ്വീകരിച്ചിട്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് യാത്രയാകുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

മൂലകഥയിൽനിന്നുള്ള വെതിയാനങ്ങൾ

1.അംബരീഷൻ യവനന്മാരെ നേരിട്ട് ഉന്മൂലനം ചെയ്യന്നതായി മൂലത്തിൽ പ്രസ്ഥാവനയില്ല.         ഈ കഥാഭാഗം ആട്ടക്കഥാകാരന്റെ സൃഷ്ടിയാണ്. പ്രാചീനകൃതികളിൽ അനാര്യന്മാരായ          വിദേശികളെ പൊതുവേയും, വിശിഷ്യ ഗ്രീക്കുകാരെയുമാണ് യവനർ എന്ന് സൂചിപ്പിച്ചുകാണുന്നത്. കഥകളിയിൽ യവനരെ മാപ്പിളമാരായാണ്(മുഹമ്മദീയർ) അവതരിപ്പിക്കുക പതിവ്.

2.വളരെസ്തുതിച്ചിട്ടും സുദർശനം ദുർവ്വാസാവിനെ വിട്ടുപോകാഞ്ഞതിനാൽ അംബരീഷൻ തന്നാൽ ആർജ്ജിതമായ സകല പുണ്യങ്ങളും അർപ്പിച്ചാണ് സുദർശനത്തെ മടക്കുന്നത് എന്നാണ് ഭാഗവതത്തിൽ പറയുന്നത്. ആട്ടക്കഥയിലാകട്ടെ അംബരീഷൻ സുദർശനത്തെ സ്തുതിച്ച്, 'വിഷ്ണുഭഗവാൻ എന്നിൽ പ്രീതനാണേങ്കിൽ മഹർഷി മുക്തനാകട്ടെ' എന്ന് അപേക്ഷിക്കുന്നതോടെ സുദർശനം മറയുന്നു.

അവതരണത്തിലെ സവിശേഷതകൾ
ഒന്നാന്തരം പച്ച(അംബരീഷൻ), മിനുക്ക്(ദുർവ്വാസാവ്) വേഷങ്ങൾക്കും, 
രണ്ടാംതരം മിനുക്ക്, താടി, കരി വേഷങ്ങൾക്കും, മറ്റനവധി കുട്ടിത്തരം വേഷങ്ങൾക്കും സാധ്യതയുള്ളതാണ് ഈ ആട്ടക്കഥ.

1.അംബരീഷനും പത്നിമാരുമായുള്ള ആദ്യരംഗം സൃഗാരപ്പദത്തോടുകൂടിയതും ചിട്ടപ്രധാനമായതുമാണ്.

2.കഥകളിയിൽ അപൂർവ്വമായിമാത്രം ഉപയോഗിക്കുന്ന വാചികാഭിനയം ഈ കഥയിലെ യവനന്മാർക്ക് പതിവുണ്ട്. മാപ്പിളഭാഷയും പാട്ടുമാണ് ഇവരുടെ വാചികം.

നിലവിലുള്ള അവതരണരീതി
*ആദ്യത്തെ അഞ്ച് രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ദുർവ്വാസാവിന്റെ പ്രവേശം മുതലുള്ള ഭാഗങ്ങളാണ്(ആറാം രംഗം മുതൽ) അവതരിപ്പിക്കുക പതിവുള്ളവ.

അഭിപ്രായങ്ങളൊന്നുമില്ല: