2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം


ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ ആദ്യ അദ്ധ്യായങ്ങളെ 
അടിസ്ഥാനമാക്കി അശ്വതിതിരുനാൾ തമ്പുരാൻ രചിച്ച ആട്ടക്കഥയാണ് പൂതനാമോക്ഷം.

കഥാസംഗ്രഹം

യാദവകുലശ്രേഷ്ഠനും ഭാഗവതോത്തമനും ഉഗ്രസേനപുത്രനുമായ 
വസുദേവൻ ദേവകന്റെ പുത്രിയായ ദേവകിയെ പരിണയിച്ച് അമരാപുരിസമാനമായ മഥുരാപുരിയിൽ വസിച്ചുവന്നു. ഒരു ദിനം ഇവർ സല്ലപിക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. രണ്ടാം രംഗത്തിൽ, ആ കാലത്ത് കംസാദികളായ ദുഷ്ടജനങ്ങൾ പെരുകിയതിനാൽ ഭാരം സഹിക്കാനാവാതെ ഭൂമീദേവി ബ്രഹ്മാദിദേവകളോടൊപ്പം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുന്നു. താൻ യാദവവംശത്തിൽ ദേവകീപുത്രനായി പിറന്ന് ഭൂഭാരം തീർക്കുന്നുണ്ട് എന്നു പറഞ്ഞ് മഹാവിഷ്ണു ഭൂദേവിയെ ആശ്വസിപ്പിച്ച് അയയ്ക്കുന്നു. ദേവകീസഹോദരനായ കംസൻ തന്റെ പത്നിയോടൊപ്പം രമിക്കുന്നു രംഗം മൂന്നിൽ. നാലാം രംഗത്തിൽ കംസസമീപമെത്തി ശ്രീനാരദമഹർഷി വൈകുണ്ഡത്തിൽ നടന്നതായ സംഭവങ്ങൾ ധരിപ്പിക്കുന്നു. നാരദന്റെ ഉദ്ബോധനം കേട്ട് കംസൻ അതുവരേയുണ്ടായ ദേവകിയുടെ ആറുപുത്രന്മാരെയും വധിക്കുകയും ദേവകീവസുദേവന്മാരെ  കാരാഗ്രഹത്തിലടയ്ക്കുകയും ചെയ്യുന്നു. ദേവകി ഏഴാമതും ഗർഭിണിയായി. അങ്ങിനെ ദേവകീഗർഭത്തിലുണ്ടായിരുന്ന ആദിശേഷാവതാരമായ ബലഭദ്രനെ യോഗമായാദേവിയാൽ വസുദേവന്റെ ഇതരപത്നിയായ രോഹിണീദേവിയുടെ ജഠരത്തിലേയ്ക്ക് മാറ്റിയിട്ട് മഹാവിഷ്ണു എട്ടാമത്തെ ഗർഭമായി ദേവകീജഠരത്തിൽ ആവിർഭവിച്ചു. പൂർണ്ണഗർഭിണിയായ ദേവകി ഇതുവരെയുണ്ടായ തന്റെ കുട്ടികളേപ്പോലെ കംസൻ ഇതിനേയും വധിച്ചുകളയുമല്ലോ എന്നോർത്ത് വിലപിക്കുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ ദേവകി പ്രസവിക്കുന്ന ശിശു വിഷ്ണുരൂപത്തിൽ വസുദേവന് ദർശ്ശനം നൽകുന്നു. തന്നെ വ്രജത്തിൽ നന്ദഗോപഗൃഹത്തിൽ കൊണ്ടുപോയി കിടത്തുവാനും അവിടെ നന്ദഗോപപത്നിയായ യശോദയ്ക്ക് ഇപ്പോൾ ജനിച്ചതായ പെൺശിശുവിനെ എടുത്ത് ഇങ്ങോട്ട് കൊണ്ടുപോരുവാനും വസുദേവനോട് നിർദ്ദേശിച്ചിട്ട് മഹാവിഷ്ണു ശിശുരൂപത്തിൽ കിടക്കുന്നു. കാവൽക്കാർ മായാനിദ്രയിലാവുകയും ബന്ധിച്ചിരുന്ന ചങ്ങലകൾ താനേ അഴിയുകയും കാരാഗ്രഹത്തിന്റെ കവാടങ്ങൾ താനേ തുറക്കുകയും ചെയ്തപ്പോൾ മഴപെയ്യുന്ന ആ രാത്രിയിൽ വസുദേവൻ ഭഗവാന്റെ നിദ്ദേശം അനിസ്സരിച്ച് പ്രവർത്തിച്ചു. വസുദേവൻ അമ്പാടിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ എല്ലാം പൂർവ്വസ്ഥിതിയിൽ ആകുന്നു. ദേവകി പ്രസവിച്ച വിവരം കിങ്കരന്മാരിൽ നിന്നും കംസൻ അറിയുന്നു രംഗം ഏഴിൽ. കംസൻ വന്ന് ആ പെൺശിശുവിനെ കൊല്ലുവാനായി കാലിൽ പിടിച്ച് ഉയർത്തി. ഭഗവാന്റെ നിദ്ദേശാനുസ്സരണം അവതാരമെടുത്തവളായ ആ ശിശു അപ്പോൾ പെട്ടന്ന് കംസന്റെ കൈയ്യിൽനിന്നും വഴുതി ആകാശത്തിലേയ്ക്ക് ഉയർന്നിട്ട് കാർത്യായനീരൂപം കൈക്കൊണ്ടു. നിന്റെ അന്തകൻ ഭൂമിയിൽ ജന്മമെടുത്തു കഴിഞ്ഞു എന്ന് കംസനെ അറിയിച്ചിട്ട് മായാഭഗവതി മറയുന്നു. എട്ടാം രംഗത്തിൽ, കൂടുതൽ ഭയവിഹ്വലനായിതീരുന്ന കംസൻ ഗ്രാമനഗരങ്ങളിലുള്ള എല്ലാ ശിശുക്കളേയും കൊല്ലുവാനായി പ്രലംബ ധേനുക ബകാദികളായ തന്റെ കിങ്കരന്മാരെ കൽപ്പിച്ചയയ്ക്കുന്നു. തുടർന്ന് ശിശുക്കളെ വധിക്കുവാനായി ബകസഹോദരിയായ പൂതനയെന്ന രാക്ഷസിയേയും കംസൻ നിയോഗിക്കുന്നു രംഗം ഒൻപതിൽ. പത്താം രംഗത്തിൽ, ഓരോരോ ഗ്രാമങ്ങളിൽ സഞ്ചരിച്ച് ശിശുക്കളെ വധിച്ചുകൊണ്ട് വൃന്ദാവനത്തിലെത്തുന്ന പൂതന ഗോവർദ്ധനപർവ്വതം കണ്ട് വിസ്മയപ്പെടുന്നു. നന്ദഗോപന്റെ കുട്ടിയെ കൊല്ലുവാനായി സുന്ദരീരൂപം ധരിച്ച് പൂതന അബാടിയിലെത്തുന്നു രംഗം പതിനൊന്നിൽ. അമ്പാടിയിലെ കാഴ്ച്ചകൾ കണ്ട് സഞ്ചരിച്ച് നന്ദഭവനത്തിലെത്തുന്ന പൂതന ആ നന്ദകുമാരനെ കണ്ടാസ്വദിച്ചശേഷം ആരുംകാണാതെ എടുത്ത് വിഷം പുരട്ടിയ മുലകൊടുത്ത് കൊല്ലുവാൻ ശ്രമിക്കുന്നു. ഭഗവാനാകട്ടെ രാക്ഷസിയുടെ പ്രാണവായുക്കളെത്തന്നെ സ്തനദ്വാരത്തിലൂടെ തന്നിലേയ്ക്ക് ആകർഷിച്ചെടുത്ത് അവൾക്ക് മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ദുസ്സഹമായ വേദനയാൽ അലറിക്കൊണ്ട് സ്വന്തം രൂപത്തെ ധരിച്ച് പൂതന ഭവനത്തിനുപുറത്തേയ്ക്കുവന്ന് ചത്തുവീഴുന്നു. ഗോപന്മാരും ഗോപികളും ഈ കാഴ്ച്ചകണ്ട് ഭയപ്പെട്ട് ഓടിക്കൂടുന്നു. ചത്തുമലച്ച രാക്ഷസിയുടെ ദേഹത്തിൽ ചവുട്ടികയറി ഗോപന്മാർ അവളുടെ മാറത്ത് തെല്ലും ഭയമില്ലാതെ കളിച്ചുകിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നു. അനന്തരം അമ്പാടിയിലെത്തുന്ന തങ്ങളുടെ ആചാര്യനായ ഗർഗ്ഗമുനിയെക്കൊണ്ട് നന്ദഗോപൻ ശിശുവിന് നാമകരണക്രിയ ചെയ്യിക്കുന്നു രംഗത്തോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.

അവതരണത്തിലുള്ള പ്രധാന പ്രത്യേകതകൾ

ഒന്നാംതരം കത്തി(കംസൻ), സ്ത്രീ(ലളിത) വേഷങ്ങൾക്കും, 
ഇടത്തരം പച്ച(വസുദേവൻ), മിനുക്ക്(നാരദൻ), പെൺകരി(പൂതന) വേഷങ്ങൾക്കും മറ്റു കുട്ടിത്തരം വേഷങ്ങൾക്കും ഈ ആട്ടക്കഥയുടെ അവതരണത്തിൽ നല്ല സാധ്യതയുണ്ട്.

1.1,3 രംഗങ്ങൾ പതിഞ്ഞപദങ്ങളോട് കൂടിയതും ചിട്ടപ്രധാനമായവയുമാണ്.

2.പതിനൊന്നാം രംഗത്തിൽ വരുന്ന ഒന്നാംതരം സ്ത്രീവേഷമായ ലളിത സ്വാതികാഭിനയത്തിനും മനോധർമ്മപ്രകാശനത്തിനും ഏറെ വകയുള്ള ഒന്നാണ്.

നിലവിലുള്ള അവതരണരീതി

ഉത്തരകേരളത്തിൽ ലളിതയുടെ രംഗം മാത്രമെ 
പ്രചാരത്തിലുണ്ടായിരുന്നുള്ളു എങ്കിലും, ആദ്യാവസാന കത്തിവേഷമായ കംസൻ രംഗത്തുവരുന്ന പൂർവ്വഭാഗമുൾപ്പെടെ ഈ ആട്ടക്കഥ പണ്ട് ദക്ഷിണകേരളത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ലളിതവേഷം വരുന്ന പതിനൊന്നാം രംഗം മാത്രമാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്. ഇതിൽ തന്നെ ലളിതയെ തുടർന്ന് കരി പ്രവേശക്കുക പതിവില്ല. രൂപം മാറുന്നായി നടിച്ചിട്ട് മരണവും ലളിതതന്നെ അഭിനയിക്കുകയേ പതിവുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല: