2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ദക്ഷയാഗം ഇരുപതാം രംഗം

രംഗത്ത്-ദക്ഷന്‍‍, പുരോഹിതന്മാര്‍‍(കുട്ടിത്തരം മിനുക്കുവേഷങ്ങള്‍), വീരഭദ്രന്‍, ഭദ്രകാളി, ഭൂതഗണങ്ങള്‍

ശ്ലോകം-രാഗം:ഘണ്ടാരം
“സഹസ്രമൂര്‍ദ്ധാ ദ്വിസഹസ്രബാഹു:
 സ വീരഭദ്രസ്സഹ ഭദ്രകാള്യാ
 തദാത്വസൃഷ്ടൈര്‍വ്വിവിധൈര്‍ഗണൌഘൈ:
 സമാവൃതോ ദക്ഷപുരിം രുരോധ“
{ആയിരം ശിരസ്സുകളോടും രണ്ടായിരം കൈകളോടും കൂടിയ ആ വീരഭദ്രന്‍ ഭദ്രകാളിയോടും അപ്പോള്‍ സൃഷ്ടിക്കപ്പെട്ട പലതരം ഭൂതഗണങ്ങളോടും കൂടി ദക്ഷന്റെ പുരിയെ ആക്രമിച്ചു.}

രംഗത്ത് വലത്തുഭാഗത്തായി യാഗശാലയുടെ പ്രതീകമായി വാഴപ്പിണ്ടി, കുരുത്തോല എന്നിവയാല്‍ നിര്‍മ്മിച്ച അമ്പലവും കത്തിച്ച നിലവിളക്കും ചെറുദീപങ്ങളും വെച്ചിരിക്കും. ഇതിന്റെ സമീപത്ത് നിലത്തിരുന്ന് പുരോഹിതര്‍ യാഗകര്‍മ്മങ്ങള്‍ ചെയ്യുന്നു. യാഗാദ്ധ്യക്ഷനായ ദക്ഷന്‍ വലത്തുഭാഗത്തായി അമ്പും വില്ലും ധരിച്ചുകൊണ്ട് പീഠത്തില്‍ കാല്‍ വെച്ച് നില്‍ക്കുന്നു.
(വലന്തലയില്‍ ത്രിപുടമേളം)
ദക്ഷന്‍ വണങ്ങുന്നു. പുരോഹിതര്‍ ദക്ഷനു പ്രസാദം നല്‍കുന്നു.
(ഇടന്തലയില്‍ ‘അഡ്ഡിഗിഡിഗിഡി’ മേളം)
ഈ സമയത്ത് വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ആര്‍ത്തട്ടഹസിച്ചുകൊണ്ട് സദസ്സിനു നടുവിലൂടെ അരങ്ങിനുനേരേ വരുന്നു. കോലാഹലങ്ങള്‍ കേട്ട് ദക്ഷന്‍ എന്താണെന്ന് അറിയുവാനായി പീഠത്തില്‍ കയറിനിന്ന് വീക്ഷിക്കുന്നു. ശിവഭൂതങ്ങളുടെ വരവുകണ്ട് ദക്ഷന്‍ അവരെ തടയുവാനായി തുടരെ അസ്ത്രങ്ങള്‍ അയയ്ക്കുന്നു. പുരോഹിതര്‍ ഭയവിഹ്വലരാകുന്നു. പുരോഹിതരെ സമാധാനപ്പെടുത്തിയിട്ട് ദക്ഷന്‍ രംഗത്തുനിന്നും മുന്നോട്ട് ഇറങ്ങിവന്ന് ഭൂതഗണങ്ങളുടെ വഴി തടയുവാന്‍ ശ്രമിക്കുന്നു. ഒറ്റക്കൊറ്റയ്ക്ക് രംഗത്തുവരെ വന്ന് പിന്മാറിയ ശേഷം വീരഭദ്രാദികള്‍ കൂട്ടത്തോടെ ദക്ഷനെ ഓടിച്ചുകൊണ്ട് രംഗത്തേയ്ക്ക് കയറുന്നു. വീരഭദ്രനും ഭദ്രകാളിയും ദക്ഷന്റെ ഇരുവശങ്ങളിലായി തിരക്കിനിന്ന് കരുത്തും കോപവും പ്രകടിപ്പിക്കുന്നു.
വീരഭദ്രന്‍:‘എടാ, ദുഷ്ടാ, എന്റെ സ്വാമിയ്ക്ക് ഹവിര്‍ഭാഗം നല്‍കാത്ത നിന്നെ യാഗശാലയോടുകൂടിത്തന്നെ ഉടനടി തകര്‍ക്കുന്നുണ്ട്. കണ്ടുകൊള്‍ക.’
വീരഭദ്രന്‍ നാലാമിരട്ടി എടുത്തുകലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
വീരഭദ്രനും(കലാ:വാസുണ്ണി) ഭദ്രകാളിയും(കലാ:ശുചീന്ദ്രന്‍) ദക്ഷന്റെ(സദനം കൃഷ്ണന്‍‌കുട്ടി) ഇരുവശങ്ങളിലായി തിരക്കിനിന്ന് കരുത്തും കോപവും പ്രകടിപ്പിക്കുന്നു.
പദം-രാഗം:ഘണ്ടാരം, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“അന്തകാന്തകവൈഭവം ഹൃദി ചിന്തിയാതെമദാന്ധനായ്
 ഹന്ത നിന്ദിതസപ്തതന്തുവിധം തുടര്‍ന്നവനാരടാ”
ചരണം2:
“നിടിലനയനനു വിഹിതമിഹ മഖഭാഗമിന്നു തരായ്കിലോ
 കുടില നിന്നുടെ മഖമൊടുടലപി വടിവൊടിഹപൊടിയാക്കുവന്‍”
{കഷ്ടം! അന്തകാന്തകന്റെ മാഹാത്മ്യം ഉള്ളില്‍ ചിന്തിക്കാതെ അഹങ്കാരത്താല്‍ പ്രജ്ഞയറ്റ് ഹീനമായവിധം യാഗം നടത്തുന്നവനാരടാ? നിടിലനയനന് അവകാശപ്പെട്ട ഹവിര്‍ഭാഗം തരായ്കില്‍ ദുഷ്ടാ, നിന്റെ യാഗത്തോടോപ്പം നിന്റെ ഉടലും ഞാന്‍ പൊടിയാക്കും.}

ദക്ഷന്‍:
ചരണം3:
“ദക്ഷഭുജബലമക്ഷതം ഗ്രഹിയാതെവന്നിതു ചെയ്കിലോ
 ഇക്ഷണം ബഹുപക്ഷികള്‍ക്കിഹ ഭക്ഷ്യമായ്‌വരുമറിക നീ”
ചരണം4:
“ചുടയതില്‍ നടമാടി നീളെ നടന്നിടുന്നകപാലിയാം
 കുടിലനദ്ധ്വരഭാഗമിന്നു കൊടുക്കയില്ലിഹ നിര്‍ണ്ണയം”
{ദക്ഷന്റെ ക്ഷയിക്കാത്ത കരബലത്തെ അറിയാതെ വന്നിത് ചെയ്കില്‍ ഇക്ഷണം നീ പല പക്ഷികള്‍ക്ക് ആഹാരമായിത്തീരുമെന്ന് അറിയുക. ചുടലയില്‍ നൃത്തമാടുകയും തലയോട്ടിയേന്തി എല്ലായിടവും ഭിക്ഷയെടുത്ത് നടക്കുകയും ചെയ്യുന്ന ആ ദുഷ്ടന് ഇന്ന് യാഗഭാഗം കൊടുക്കുകയില്ല. ഇവിടെ നിശ്ചയം.}

ഭദ്രകാളി:
ചരണം5:
“രുദ്രവല്ലഭ സതിയയച്ചൊരു ഭദ്രകാളിയതായ ഞാന്‍
 വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ”
ചരണം6:
“സതിയൊടവമതി പലതുമിങ്ങു പറഞ്ഞതുംചില കുമതികള്‍
 സദസി കേട്ടു രസിച്ചതും ബത സാധു ശിവശിവ നന്നഹോ”
{രുദ്രന്റെ വല്ലഭയായ സതി അയയ്ച്ചൊരു ഭദ്രകാളിയായ ഞാന്‍ താമസിക്കാതെ നിന്റെ രക്തം കുടിക്കാതെ അടങ്ങുമോ? കഷ്ടം! സതീദേവിയെ അപമാനിച്ചുകൊണ്ട് ഇവിടെ സദസില്‍ പലതും പറഞ്ഞതും ചില ദുര്‍ബുദ്ധികള്‍ അതുകേട്ട് രസിച്ചതും ശിവ! ശിവ! വിശേഷമായി.}

ശേഷം ആട്ടം-
വീരഭദ്രന്‍:‘എടാ, നീ സ്വാമിയുടെ ഹവിര്‍ഭാഗം തരികയില്ലെ?’
ദക്ഷന്‍:‘ഇല്ല, തരികയില്ല’
വീരഭദ്രന്‍:‘തീര്‍ച്ച?’
ദക്ഷന്‍:‘തീര്‍ച്ച തന്നെ’
വീരഭദ്രാദികള്‍ യാഗശാല തകര്‍ക്കുന്നു. പുരോഹിതരെ അടിച്ചോടിക്കുന്നു. പുരോഹിതര്‍ ഭയന്ന് ഓടി നിഷ്ക്രമിക്കുന്നു.
ശേഷം യുദ്ധവട്ടം-
ക്രമത്തില്‍ പോരിനുവിളിച്ച് വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനുമായി യുദ്ധം ആരംഭിക്കുന്നു. ആദ്യത്തെ ചുവടുകള്‍ക്കുശേഷം അസ്ത്രങ്ങളയച്ചും തുടര്‍ന്ന് മുഷ്ടികളാലും യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ നാലാമിരട്ടി എടുത്ത് കലാശിപ്പിക്കുന്നതിനൊപ്പം വീരഭദ്രന്‍ ദക്ഷനെ കഴുത്തറുത്ത് വധിക്കുന്നു. ദക്ഷനെ പിന്നിലേയ്ക്കയച്ചിട്ട് അറുത്തെടുത്ത ദക്ഷശിരസ്സിനെ സങ്കല്‍പ്പിച്ച് ഒരു കിരീടവും കൈയ്യിലേന്തിക്കൊണ്ട് വിരഭദ്രന്‍ തിരിഞ്ഞ് വീണ്ടും മുന്നോട്ട് വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു. രക്തപാനോത്സുകരായി ഭദ്രകാളിയും ഭൂതഗണങ്ങളും വായപിളര്‍ന്ന് ചെല്ലുന്നു. വീരഭദ്രന്‍ ദക്ഷശിരസ്സില്‍ നിന്നും ഒഴുകുന്ന രക്തം നല്‍കി തൃപതരാക്കി ഭദ്രകാളിയേയും ഭൂതഗണങ്ങളേയും അയയ്ക്കുന്നു. ഭദ്രകാളിയും ഭൂതഗണങ്ങളും നിഷ്ക്രമിക്കുന്നു.
വീരഭദ്രന്‍(കോട്ട:ദേവദാസ്) ദക്ഷനെ(കോട്ട:കേശവന്‍) കഴുത്തറുത്ത് വധിക്കുന്നു
വീരഭദ്രന്‍:(വീണ്ടും മുന്നോട്ട് വന്ന്) ‘ഇനി ഈ ശിരസ്സ് യാഗാഗ്നിയില്‍ ഹോമിക്കുകതന്നെ’
വീരഭദ്രന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതോടെ ശിരസ്സ് യാഗകുണ്ഡത്തിലേയ്ക്ക് എറിയുന്നു.
(ത്രിപുട മേളം-നാലാം കാലം)
വീരഭദ്രന്‍ പരുന്തുകാല്‍ ചവുട്ടിക്കൊണ്ട് ശിരസ്സ് പൊട്ടുന്നത് കാണുന്നതായും, ഇരുഭാഗത്തും കാണപ്പെട്ടതെല്ലാം എടുത്ത് കുണ്ഡത്തിലേയ്ക്ക് ഇടുന്നതായും, പൂര്‍വ്വാധികം അഗ്നി ജ്വലിപ്പിക്കുന്നതായും നടിക്കുന്നു.
(‘അഡ്ഡിഗിഡിഗിഡി’ മേളം)
 വീരഭദ്രന്‍:‘ഇനി വേഗം പോയി സ്വാമിയെ വിവരങ്ങള്‍ ധരിപ്പിക്കുക തന്നെ’
വീണ്ടും നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പിന്നിലേയ്ക്ക് കാല്‍ കുത്തിമാറി വിരഭദ്രന്‍ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-
“ക്രുദ്ധ: ശ്രീവീരഭദ്രസ്ത്രിഭുവനമഖിലം കമ്പയന്നട്ടഹാസൈര്‍-
 ദക്ഷസ്യാഹൃത്യ ശീര്‍ഷം കരലസദസിനാ ദക്ഷിണാഗ്നൌ ജുഹാവ
 ത്രക്ഷാധിക്ഷേപവാദശ്രുതിസമയധൃതാനന്ദവൃന്ദാരകാണാം
 ചക്രേ വൈകല്യമംഗേഷ്വധികമതിജവാദദ്ധ്വരം ചാപഭാങ്ക്ഷീത്”
{ക്രുദ്ധനായ ശ്രീവീരഭദ്രന്‍ മൂന്നുലോകങ്ങളേയും കുലുക്കുന്ന അട്ടഹാസത്തോടെ തന്റെ കരത്തില്‍ തിളങ്ങുന്ന വാളിനാല്‍ ദക്ഷന്റെ ശിരസ്സ് ഛേദിച്ച് യാഗാഗ്നിയില്‍ ഹോമിക്കുകയും, ശിവനിന്ദനം കേട്ട് ആനന്ദിച്ചിരുന്ന ദേവാദികള്‍ക്ക് അംഗവൈകല്യങ്ങള്‍ വരുത്തി അതിവേഗത്തില്‍ യാഗത്തെ തകര്‍ക്കുകയും ചെയ്തു.}

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

ദക്ഷന്റെ യാഗശാലയില്‍ വീരഭദ്രനും ഭദ്രകാളിയും ഭൂത ഗണങ്ങളും അരങ്ങില്‍ എ ത്തുന്നത് വരെ ദക്ഷന്‍ അരങ്ങില്‍ തന്നെ ഉണ്ടാകും. അവരെ കണ്ട ഉടന്‍ വില്ലുകുലക്കുകയോ നേരിടുകയോ ചെയ്യുന്ന രീതി പണ്ട് ദക്ഷിണ കേരളത്തില്‍ ഇല്ലായിരുന്നു ( അവരോടു യാഗത്തിന്റെ ഹവിര്‍ഭാഗം നല്‍കില്ല എന്ന് പറയുന്നതിന് ശേഷം മാത്രമേ യുദ്ധം ചെയ്യുക ഉള്ളൂ.). ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ ദക്ഷനില്‍ കൂടി ആണ് ആദ്യമായി വീരഭദ്രന്‍, ഭദ്രകാളി, ഭൂത ഗണങ്ങള്‍ ഇവരെ കണ്ട ഉടന്‍ ദക്ഷന്‍ ചാടി ഇറങ്ങി അവരെ നേരിടുന്നത് കണ്ടത്. അന്ന് വീരഭദ്രന്‍, ഭദ്രകാളി നടന്മാര്‍ക്ക് ഈ രീതി പരിചയം ഇല്ലാത്തതിനാല്‍ കളി കഴിഞ്ഞു അതെ പറ്റി അണിയറയില്‍ ചര്‍ച്ച ഉണ്ടായി. അന്ന് ശ്രീ. രാമകൃഷ്ണന്‍ അവരോടു കലാമണ്ഡലം രീതിയെ പറ്റി പറഞ്ഞു കൊടുത്തത് ഓര്‍ക്കുന്നുണ്ട്.