2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ദക്ഷയാഗം പത്തൊന്‍പതാം രംഗം

രംഗത്ത്-ശിവന്‍, വീരഭദ്രന്‍‍(ഒന്നാംതരം ചുവന്നതാടിവേഷം), ഭദ്രകാളി(പ്രത്യേകതരം മുഖത്തെഴുത്തോടുകൂടി ചുവന്ന ഞൊറിയും കിരീടവും ധരിച്ചവേഷം), ഭൂതഗണങ്ങല്‍‍(കുട്ടിത്തരം മിനുക്കുവേഷങ്ങള്‍)

വീരഭദ്രന്റെ രൌദ്രാധിക്യത്തോടെയുള്ള തിരനോട്ടം-

വീരഭദ്രന്റെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) തിരനോട്ടം
ഭദ്രകാളിയുടെ തിരനോട്ടം-
ഭൂതഗണങ്ങളുടെ തിരനോട്ടം-
തിരനോട്ടങ്ങള്‍ക്കുശേഷം വീണ്ടും തിരനീക്കുമ്പോള്‍ ശിവന്‍ മുന്നേപ്പോലെ വലതുഭാഗത്തുള്ള പീഠത്തില്‍ നില്‍ക്കുന്നു. ഇടത്തുഭാഗത്തുകൂടി അമ്പ്,വില്ല്,മഴു എന്നിവ ധരിച്ചുകൊണ്ട് വീരഭദ്രനും വാളും ചിലമ്പും ധരിച്ചുകൊണ്ട് ഭദ്രകാളിയും പലവിധ ആയുധങ്ങളേന്തിക്കൊണ്ട് ഭൂതഗണങ്ങളും ചേര്‍ന്ന് എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു. തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ട് വരുന്ന ഇവര്‍ ശിവനെ കണ്ട് കെട്ടിച്ചാടി കുമ്പിടുന്നു. ശിവന്‍ ഇവരെ കണ്ട്, അനുഗ്രഹിച്ച ശേഷം താഴെയിറങ്ങി വലംകാല്‍ പീഠത്തില്‍ ഉയര്‍ത്തിവെച്ച് നില്‍ക്കുന്നു.
വീരഭദ്രന്‍:‘അല്ലയോ സ്വാമിന്‍, ഞാന്‍ പറയുന്നത് വഴിപോലെ ശ്രവിച്ചാലും’
വീരഭദ്രന്‍ നാലാമിരട്ടികലാശമെടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.
ശിവ(കലാ:പ്രദീപ്)സമീപത്തേയ്ക്ക് വീരഭദ്രനും(കലാ:വാസുണ്ണി)  ഭദ്രകാളിയും(കലാ:ശുചീന്ദ്രന്‍) ഭൂതഗണങ്ങളും ചേര്‍ന്ന് എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു.
പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
വീരഭദ്രന്‍:
പല്ലവി:
“ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ”
“ശങ്കര ജയ ഭഗവന്‍“ (ശിവന്‍-കലാനി:ബാലകൃഷ്ണന്‍, വീരഭദ്രന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
അനുപല്ലവി:
“കിങ്കരനായിടുമെന്നാലധുനാ കിങ്കരണീയമതരുള്‍ചെയ്യേണം”
(“ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ”)
ചരണം1:
“ദനുജാദിതിതനുജാഖില-
 മനുജാദി ഭുവനജനാന്‍
 ഗിരിശ നിങ്കലരിശമുള്ളവരെയിഹ
 കണ്ടുകൊള്‍ക കൊണ്ടുവരുവനചിരാല്‍”
(“ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ”)
ചരണം2:
“സ്ഥലമാം കടല്‍ വിലമാം ഗിരി
 ജലമാം ക്ഷിതിതലവും
 അടിയനോര്‍ക്കിലുടനശേഷജഗദപി
 തടവതില്ല ഝടിതി പൊടിപൊടിപ്പന്‍”
(“ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ”)
ചരണം3:
“പുരശാസന വരശോണിത-
 പരിശോഭിത പരശോ
 ഹര ഗിരീശ കുരു നിദേശമെന്തധുനാ
 മയാ വിധേയമായതീശ്വര”
(“ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ”)
{ശങ്കരാ, ഭഗവന്‍ ജയിച്ചാലും. അവിടുത്തെ പാദപത്മത്തെ ഞാനിതാ വന്ദിക്കുന്നു. കിങ്കരനാകുന്ന ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് കല്പിച്ചരുളേണം. അസുരര്‍, ദേവകള്‍, മനുജര്‍ തുടങ്ങി ഭുവനവാസികളാരായാലും അങ്ങയോട് അരിശമുള്ളവരെ ഉടനെ ഇവിടെ പിടിച്ചു കൊണ്ടുവരാം. കണ്ടുകൊള്‍ക. അടിയന്‍ വിചാരിച്ചാല്‍ കടല്‍ കരയാകും, പര്‍വ്വതം ഗുഹയാകും, ഭൂമി കടലാകും. ഞൊടിയിടകൊണ്ട് സകല ലോകങ്ങളും തകര്‍ത്തുതരിപ്പണമാക്കുവാന്‍ ഒട്ടും പ്രയാസമില്ല. ത്രിപുരസംഹാരേ, ശത്രുരക്തമണിഞ്ഞ മഴുവോടുകൂടിയവനേ, ഹരാ, ഗിരിശാ, അങ്ങയുടെ കല്പന എന്തെന്നറിയിച്ചാലും. ഈശ്വരാ, ഞാനെന്താണ് ചെയ്യേണ്ടത്?}
"മനുജാദി ഭുവനജനാന്‍" (ശിവന്‍-കോട്ട:സുധീര്‍, വീരഭദ്രന്‍-കോട്ട:ദേവദാസ്, ഭദ്രകാളി-കോട്ട:സുനില്‍)
ശിവന്‍:
ചരണം4:
“നളിനാസനസുതനാകിയ
 ജളനെന്‍ മഖഭാഗം
 തന്നിടായ്കില്‍ നിന്ദ്യനായ ദക്ഷനെ-
 യിന്നു ചെന്നു കൊന്നു വന്നീടേണം”
പല്ലവി:
“വീരഭദ്ര ഭദ്രേ നിങ്ങള്‍ക്കിഹ ഭൂരിഭദ്രമുളവാം”
{ബ്രഹ്മപുത്രനായ ജളന്‍ എന്റെ യാഗഭാഗം തന്നില്ലെങ്കില്‍ ആ നിന്ദ്യനായ ദക്ഷനെ ഇന്ന് ചെന്ന് കൊന്നുവന്നിടേണം. വീരഭദ്രാ, ഭദ്രേ, നിങ്ങള്‍ക്ക് വേണ്ടുവോളം മംഗളമുണ്ടാകും.}

ശേഷം ആട്ടം-
വീരഭദ്രന്‍:(ശിവനെ വന്ദിച്ച് അടുത്തുചെന്നുനിനിട്ട്) ‘അല്ലയോ സ്വാമിന്‍, ദേവിയെ അപമാനിച്ചതുകണ്ട് രസിച്ചിരുന്ന ദേവന്മാരേയും ഋഷിമാരേയും എന്തുചെയ്യണം?’
ശിവന്‍:‘എല്ലാവരുടേയും അഹങ്കാരം തീര്‍ത്തുവിടണം മറ്റാരേയും വധിക്കരുത്. പിന്നെയെല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്തുകൊള്‍ക’
വീരഭദ്രന്‍:‘എല്ലാവരുടേയും അഹങ്കാരം കളഞ്ഞ് ദക്ഷനെ വധിച്ച് യാഗശാലയും തകര്‍ത്ത് വന്നേക്കാം’
ശിവന്‍:‘അങ്ങിനെതന്നെ’
വീരഭദ്രാദികള്‍ വീണ്ടും കുമ്പിട്ട് വന്ദിക്കുന്നു. ശിവന്‍ എല്ലാവരേയും അനുഗ്രഹിച്ച് യാത്രയാക്കുന്നു. എല്ലാവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: