2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ദക്ഷയാഗം പതിനെട്ടാം രംഗം

രംഗത്ത്-ശിവന്‍, സതി

ശ്ലോകം-രാഗം:മുഖാരി
“ശ്രുത്വാ പിതുശ്ശ്രുതിവിരോധി വചസ്തദാ സാ
 ഗത്വാ സതീ രജതഭൂമിധരം ജവേന
 നത്വാ ഹ്രിയാ ഹൃദി ഭിയാപിരുഷാ ശുചാ ച
 സ്ഥിത്വാ പുര: പുരഹരം ഗിരമിത്യു വാച”
{പിതാവിന്റെ വേദവിരുദ്ധമായ വാക്കുകള്‍ കേട്ട് സതീദേവി വേഗത്തില്‍ കൈലാസത്തിലെത്തി ശിവനെ നമസ്ക്കരിച്ചിട്ട് മനസ്സില്‍ ഭയകോപശോകങ്ങളോടെ ഇങ്ങിനെ പറഞ്ഞു.}

ശിവന്‍ ഉത്കണ്ഠയോടെ വലത്തുഭാഗത്തായി പീഠത്തില്‍ ഇരിക്കുന്നു. ഇടതുവശത്തുകൂടി ‘തീവ്രമായ ദു:ഖത്താല്‍ ശിരസ്സിലും മാറിലും അടിച്ചുകൊണ്ട് ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന സതി വികാരാധിക്യത്താല്‍ കാലിടറി വീഴുന്നു. അവിടെ നിന്നും എഴുന്നേല്‍ക്കുന്ന സതി ലജ്ജ, ഭയം, കോപം, സങ്കടം എന്നീ ഭാവങ്ങള്‍ മാറിമാറി നടിച്ചുകൊണ്ട് മുന്നോട്ട് വരികയും മേളാവസാനത്തോടെ ശിവനെ കണ്ട്, നമസ്ക്കരിച്ച് തേങ്ങി കരയുന്നു. ശിവന്‍ ഉടനെ സതിയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു.
ശിവന്‍:‘എന്തേ? എന്തേ?’
സതി പദാഭിനയം ആരംഭിക്കുന്നു.

സതിയുടെ പദം-രാഗം:മുഖാരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“തിങ്കള്‍മൌലേ കേള്‍ക്ക വാചം ദേവദേവ മേ”
അനുപല്ലവി:
“എങ്കലുള്ളോരപരാധം എല്ലാം നീതാന്‍ സഹിക്കേണം”
(“തിങ്കള്‍മൌലേ കേള്‍ക്ക വാചം ദേവദേവ മേ”)
ചരണം1:
“മാനനീയം തവവാക്യം മാനിയാതെ പോക മൂലം
 മാനഭംഗം വന്നിവണ്ണം മാമക വല്ലഭ ശംഭോ”
(“തിങ്കള്‍മൌലേ കേള്‍ക്ക വാചം ദേവദേവ മേ”)
ചരണം2:
“ഹന്ത താതനെന്റെ മാനഹാനി ചെയ്തതിനില്ലാര്‍ത്തി
 നിന്തിരുവടിയെക്കൂടെ നിന്ദിപ്പതു സഹിയാ ഞാന്‍‍”
(“തിങ്കള്‍മൌലേ കേള്‍ക്ക വാചം ദേവദേവ മേ”)
ചരണം3:
“താമസശീലനാകുന്ന ദക്ഷനെക്കൊല്ലുവാനേതും
 താമസിച്ചീടൊല്ലാ മമ താതനവനല്ലിനി മേല്‍”
(“തിങ്കള്‍മൌലേ കേള്‍ക്ക വാചം ദേവദേവ മേ”)
{ചന്ദ്രശേഖരാ, ദേവദേവാ, എന്റെ വാക്കുകള്‍ കേട്ടാലും. എങ്കലുള്ളൊരു അപരാധമെല്ലാം ഭവാന്‍ പൊറുക്കണം. മാനിക്കപ്പെടേണ്ടുന്ന അങ്ങയുടെ വാക്കുകള്‍ മാനിക്കാതെ പോയതുമൂലം എന്റെ വല്ലഭാ, ശംഭോ, എനിക്ക് ഈവണ്ണം മാനഭംഗം വന്നു. കഷ്ടം! അച്ഛന്‍ എന്റെ മാനഹാനി ചെയ്തതിന് സങ്കടമില്ല. നിന്തിരുവടിയെക്കുടെ നിന്ദിക്കുന്നത് ഞാന്‍ സഹിക്കുന്നില്ല. ദുഷ്ടനായ ദക്ഷനെ കൊല്ലുവാന്‍ ഒട്ടും താമസിക്കരുത്. അവന്‍ ഇനിമേലില്‍ എന്റെ അച്ഛനുമല്ല.}

ശിവന്റെ മറുപടിപ്പദം- രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
 സന്തോഷം വരുത്തുനുണ്ടു ഞാന്‍ വൈകാതെമദദന്താവളരാജഗമനേ”
അനുപല്ലവി:
“അന്തരമില്ലിതിനന്തകരിപു തവ
 ചിന്തിതഘടനേ സന്തതകുതുകി”
(“സന്താപമരുതരുതേ.........................ദന്താവളരാജഗമനേ”)
ചരണം1:
“കൊണ്ടല്‍‌വേണീ നിനക്കുള്ളില്‍
 കുണ്ഠിതമുണ്ടാമെന്നോര്‍ത്തു
 മിണ്ടാതെ കണ്ടിങ്ങു വാണു ഞാന്‍
 കണ്ടുകൊള്‍ക തല്‍ കുണ്ഠക്രന്ദനം ചെയ്യിപ്പിപ്പന്‍
 പ്രഥമഗണാനലനടുവതിലവനൊരു
 തൃണമിവ സപദി പതിപ്പതു കാണ്‍ക”
(“സന്താപമരുതരുതേ.........................ദന്താവളരാജഗമനേ”)
ചരണം2:
“ദുഷ്ടനാകുമവന്‍ ചൊന്ന
 ദുര്‍വ്വാക്കുകള്‍ കേട്ടു പാരം
 ഇഷ്ടരായ്മോദിച്ചവരുടെ ഗര്‍വ്വവുമിന്നു
 നഷ്ടമാക്കീടുവനാശു ഞാന്‍
 കുടിലനയനനൊരു
 തടവിഹ നഹി നഹി”
(“സന്താപമരുതരുതേ.........................ദന്താവളരാജഗമനേ”)
ചരണം3:
“ഉള്‍ക്കുലാഹങ്കാരം മൂലം
 ഉള്‍ക്കാമ്പില്‍ ബോധം വെടിഞ്ഞു
 ധിക്കാരം ചെയ്യുന്ന ദക്ഷന്റെ ദുര്‍മ്മദം തീര്‍പ്പാന്‍
 ഇക്കാലം സംഗതി വന്നഹോ
 ചക്ഷുശ്രവണന്‍ ചീറിവരുന്നതു
 പക്ഷിപ്രവരനു ഭക്ഷണകാലം”
(“സന്താപമരുതരുതേ.........................ദന്താവളരാജഗമനേ”)
{ചെന്താമരപോലത്തെ കണ്ണുകളോടു കൂടിയവളേ, മദിച്ച ഗജരാജനെപ്പോലെ നടക്കുന്നവളേ, സന്താപം അരുതരുതേ. നിനക്ക് ഞാന്‍ വൈകാതെ സന്തോഷം വരുത്തുന്നുണ്ട്. അതിന് മാറ്റമില്ല. അന്തകരിപു നിന്റെ ആഗ്രഹം സാധിപ്പിക്കുന്നതില്‍ എപ്പോഴും തല്‍പ്പരനാണ്. കാര്‍വേണീ, നിനക്ക് ഉള്ളില്‍ ദു:ഖമുണ്ടാകുമെന്ന് ഓര്‍ത്തിട്ടാണ് ഞാന്‍ മിണ്ടാതെയിരുന്നത്. കണ്ടുകൊള്‍ക, അവന്റെ കണ്ഠം അറുപ്പിപ്പിക്കുന്നുണ്ട്. ഭൂതഗണങ്ങളാകുന്ന അഗ്നിക്കുനടുവില്‍ ഒരു പുല്‍ക്കൊടി പോലെ അവന്‍ വീഴുന്നത് കാണ്‍ക. ദുഷ്ടനാകുന്ന അവന്‍ പറഞ്ഞ ദുര്‍വ്വാക്കുകള്‍ കേട്ട് ഏറ്റവും സന്തോഷിച്ച് ഇരുന്നവരുടെ ഗര്‍വ്വവും ഇന്ന് നഷ്ടമാക്കീടുന്നുണ്ട് ഉടനെ ഞാന്‍. ദുഷ്ടബുദ്ധികളുടെ ചെയ്തികള്‍ക്ക് അറുതിവരുത്തുവാന്‍ നിടിലനയനന് ഒട്ടും പ്രയാസം ഇല്ലേയില്ല. ഹോ! കരകവിഞ്ഞ അഹങ്കാരം മൂലം ഉള്ളില്‍ ബോധം വെടിഞ്ഞ് ധിക്കാരം ചെയ്യുന്ന ദക്ഷന്റെ ദുര്‍മ്മദം തീര്‍ക്കുവാന്‍ ഇപ്പോള്‍ സമയമായി. പാമ്പ് ചീറ്റിവരുന്നത് ഗരുഡന് ഭക്ഷണത്തിനുള്ള കാലമാണ്.}
“സന്താപമരുതരുതേ ചെന്താമരേക്ഷണേ" (ശിവന്‍-കലാനി:ബാലകൃഷ്ണന്‍, സതി-കോട്ട:വാസുദേവന്‍)
“തവ സന്തോഷം വരുത്തുനുണ്ടു ഞാന്‍“ (ശിവന്‍-കലാ:പ്രദീപ്, സതി-കലാ:ഷണ്മുഖന്‍)
ശേഷം ആട്ടം-
ശിവന്‍:‘എന്നാല്‍ ഭവതി സമാധാനത്തോടെ വസിച്ചാലും’
ശിവന്‍ സതിയെ ആലിംഗനംചെയ്ത് അയയ്ക്കുന്നു. സതി നിഷ്ക്രമിക്കുന്നു. സതിയെ അയയ്ച്ച് തിരിഞ്ഞുവരുന്ന ശിവന്‍ കോപാവേശത്തോടെ ഇടത്തുകോണിലേയ്ക്കു നോക്കി ‘എന്നാല്‍ കണ്ടുകൊള്‍ക’ എന്നുകാട്ടിയിട്ട് നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നു. അനന്തരം ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ശിവന്‍ രൌദ്രഭാവത്തോടെ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം- രാഗം:സാരംഗം
“തത്ക്കാലോദ്യത്പ്രകോപതിപുരഹര ലലാടാക്ഷിരൂക്ഷാഗ്നിജാതോ
 ബിഭ്രദ്രോര്‍ഭിര്‍മ്മഹത്ഭിസ്ത്രിശിഖമുഖമഹാശസ്ത്രജാലാന്യഭീക്ഷ്ണം
 രുദ്രാണീസൃഷ്ടയാദ്രിപ്രതിഭടവപുഷാഭദ്രകാള്യാ സമേതോ
 രൌദ്രാത്മാ വീരഭദ്ര:പ്രളയഘനരവോരുദ്രമിത്യാചചക്ഷേ”
{അപ്പോള്‍ കോപിച്ച ത്രിപുരഹരന്റെ നെറ്റിക്കണ്ണിലെ അഗ്നിയില്‍ നിന്നും ജനിച്ചവനും, നീണ്ടുരുണ്ട കൈകളില്‍ ശൂലം തുടങ്ങിയ ഘോരായുധങ്ങള്‍ വഹിച്ചുകൊണ്ട് ഭയങ്കരാകൃതി പൂണ്ടവനും, സതീദേവിയാല്‍ സൃഷ്ടിക്കപ്പെട്ട പര്‍വ്വതാകാരയായ ഭദ്രകാളിയോടുകൂടിയവനും, പ്രളയകാലത്തെ ഇടിവെട്ടിനുതുല്യമായ ശബ്ദത്തോടുകൂടിയവനുമായ വീരഭദ്രന്‍ രുദ്രനോട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകത്തിന്‍ വട്ടംവെയ്ക്കുന്ന ശിവന്‍ ‘ലലാടാക്ഷിരൂക്ഷാഗ്നിജാതോ‘ എന്നാലപിക്കുന്നതോടെ മൂന്നാം തൃക്കണ്ണില്‍നിന്നും അഗ്നിജ്വാല സ്ഫുരിക്കുന്നതായി നടിക്കുന്നു. ഈ സമയത്ത് രംഗത്തിന്റെ ഇടത്തുകോണില്‍ തിരശ്ശീല പിടിക്കുന്നു. തിരയ്ക്കുപിന്നിലായി വന്നു നില്‍ക്കുന്ന വീരഭദ്രനും ഭദ്രകാളിയും അലറുന്നു. ശ്ലോകാന്ത്യത്തോടെ വലതുവശത്തായി പീഠത്തില്‍ കയറി നില്‍ക്കുന്ന ശിവന്‍ വീരഭദ്ര-ഭദ്രകാളിമാരുടെ അലര്‍ച്ചകേട്ട് സംതൃപ്തി നടിക്കുന്നു.
-----(തിരശ്ശീല)-----

2 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

എന്താണ് ശിവന് കോട്ടക്കല്‍ക്കാരുടെ കളിക്ക് നീല ഞൊറി ഉപയോഗിക്കുന്നത്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

കോട്ടക്കല്‍ക്കാര്‍ ഇങ്ങിനെയാണ് പതിവ്. എന്താണോ? അവര്‍ക്കു പലതിനിനും ഇതുപോലെ മാറ്റങ്ങള്‍ ഉണ്ടല്ലൊ..